ലോയലിസ്റ്റ് റിബലായി... വരുമോ രാഹുൽ ?
രാജസ്ഥാനിൽ കോൺഗ്രസ്സ് എംഎൽഎമാരുടെ കൂട്ട രാജിയും ഹൈക്കമാൻഡ് പ്രതിനിധികളെ കാണാൻ വിസമ്മതിച്ചതും നാടകം തന്നെ. ഈ നാടകത്തിന് പിന്നിൽ ആരാണെന്നതിലും എന്തിന് വേണ്ടിയാണ് എന്നതിലും ആർക്കും സംശയവുമില്ല. പക്ഷെ ഈ പ്രതിസന്ധി മറികടക്കാൻ രാഹുലും സോണിയയും എന്ത് ചെയ്യും? അവർക്ക് എന്ത് ചെയ്യാനാകും? അശോക് ഗെലോട്ടിന്റെ ആവശ്യം അംഗീകരിച്ച് 2018 ൽ ചെയ്തത് പോലെ സച്ചിൻ പൈലറ്റിനെ വീണ്ടും തള്ളുക എളുപ്പമാവില്ല. ഗെലോട്ടിന്റെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങൽ മാത്രമാകില്ല അത്. സച്ചിൻ പൈലറ്റിനെ പോലൊരു യുവനേതാവിനെ പാർട്ടി ഉപേക്ഷിച്ച് പോകാൻ നിർബന്ധിക്കുന്നത് കൂടിയാകും. സച്ചിൻ പാർട്ടി വിട്ടാൽ മുമ്പ് ഗെലോട്ടിനെതിരെ പടനയിച്ചപ്പോൾ ഒപ്പം നിന്ന പതിനെട്ടോളം എംഎൽഎമാരും കൂടെ പോകും. അത്തരമൊരു സാഹചര്യമുണ്ടായാലും സ്വതന്ത്ര എംഎൽഎമാരെ ഒപ്പം നിർത്തി അധികാരത്തിൽ തുടരാൻ ഗെലോട്ടിന് സാധിച്ചേക്കുമെങ്കിലും മാസങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അത് കനത്ത തിരിച്ചടിയാകും.
ലോയലിസ്റ്റിന്റെ റിബൽ പ്ളേ
ഏത് സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന വിശ്വസ്തൻ. അതായിരുന്നു ഇന്നലെ വരെ അശോക് ഗെലോട്ട്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പകരം പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഗെലോട്ടിനെ തീരുമാനിച്ചതും ആർക്ക് വേണമെങ്കിലും എതിർത്ത് മത്സരിക്കാമെന്ന് വീമ്പ് പറഞ്ഞതും. പക്ഷെ വീമ്പ് പറച്ചിലും തന്ത്രം മെനയലുമെല്ലാം തുടക്കത്തിലെ പാളി. ഡൽഹിയിൽ സോണിയ ഗാന്ധിയുമായും കൊച്ചിയിൽ രാഹുലുമായും ചർച്ച നടത്തി തീരുമാനങ്ങൾ അംഗീകരിച്ച ഗെലോട്ട് ജയ്‌പൂരിലെത്തുമ്പോൾ ഇങ്ങനെ നിറം മാറുമെന്ന് ഇവർ മാത്രമല്ല ഒപ്പം നടക്കുന്നവരും പ്രതീക്ഷിച്ചില്ല. ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ രാജി ഭീഷണിയിൽ ഈ വിലപേശൽ ഒതുങ്ങിയെങ്കിൽ ‘കുടുംബ ലോയലിസ്റ്റിന്റെ’ ‘റിബൽ പ്ളേ’ കുരുക്ക് ഗുരുതരമാകില്ലായിരുന്നു. ഹൈക്കമാൻഡ് പ്രതിനിധികളായി എത്തിയ അജയ് മാക്കനേയും മല്ലികാർജ്ജുന ഖാർഗയേയും കാണാൻ പോലും ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ കൂട്ടാക്കിയില്ല. രാഹുലിന്റെയും സോണിയയുടേയും നേതൃത്വത്തെയും, തീരുമാനത്തേയും ചോദ്യം ചെയ്യുക മാത്രമല്ല അവരെ പരിഹസിക്കുക കൂടിയാണ് അശോക് ഗെലോട്ടും ഒപ്പമുള്ളവരും ചെയ്തത്. അതും നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുമ്പ് തന്നെ. പ്രശ്നപരിഹാരത്തിനായി വിളിച്ച രാഹുലിനോട് തനിക്കൊന്നും ചെയ്യാനില്ലെന്ന ഗെലോട്ടിന്റെ പ്രതികരണം കൂടിയായപ്പോൾ മലർന്ന് കിടന്ന് തുപ്പിയതിന് തുല്യമായി മാസങ്ങൾ നീണ്ട കൂടിയാലോചനയ്ക്ക് ശേഷം എടുത്ത തീരുമാനം. ഇതാണ് തുടക്കമെങ്കിൽ പ്രസിഡണ്ടായാൽ എന്തായിരിക്കും. സോണിയ-രാഹുൽ അടുക്കള സമിതിയിലെ നേതാക്കളുടെ ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്.
സോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും തന്ത്രങ്ങൾക്കേറ്റ തിരിച്ചടിക്കപ്പുറം ചില നിലപാടുകൾ കൂടി പുറത്ത് കൊണ്ടുവന്ന നാടകമാണ് ജയ്‌പൂരിൽ നടന്നത്. കോൺഗ്രസ്സ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി എന്ത് വില കൽപ്പിക്കുന്നു എന്നതാണ് അതിലൊന്ന്. രാജസ്ഥാനിലെ മാത്രമല്ല കോൺഗ്രസ്സിന് ഇനി എവിടെ അധികാരം കിട്ടിയാലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തീരുമാനിക്കുക പാർട്ടി പ്രസിഡണ്ടാണ്. അങ്ങനെയാണ് നാളിതുവരെ നടന്നിട്ടുള്ളത്. നെഹ്റു കുടുംബത്തിന്റെ ആശീർവാദത്തോടെ മത്സരിക്കാനിറങ്ങുന്നത് ആരായാലും വിജയിക്കും. എന്നിട്ടും പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം മുഖ്യമന്ത്രി സ്ഥാനം കൂടി വേണമെന്നാണ് അശോക് ഗെലോട്ട് വാശി പിടിക്കുന്നത്. പാർട്ടിയെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്താനാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പും അതിനിടയിലെ ജോഡോ യാത്രയുമൊക്കെ. അതിന് കണ്ടെത്തിയ പ്രസിഡണ്ട് സ്ഥാനാർത്ഥിക്ക് പോലും ആ പദവിയിൽ വിശ്വാസമില്ലായെന്നല്ലെ ഈ നാടകം വ്യക്തമാക്കുന്നത്. പ്രസിഡണ്ട് സ്ഥാനവും മുഖ്യമന്ത്രി പദവും ഒന്നിച്ച് വഹിക്കാനായില്ലെങ്കിൽ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി പദം ഏൽപ്പിക്കണമെന്ന് ഗെലോട്ട് വാശി പിടിക്കുന്നത് സച്ചിൻ പൈലറ്റിനെ അകറ്റി നിർത്താൻ മാത്രമല്ല. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്ന ബാലികേറാമല കൂടി കണ്ടാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നില മെച്ചപ്പെട്ടില്ലെങ്കിൽ വീണ്ടും രാഹുൽ ഗാന്ധിക്കായോ പ്രിയങ്ക വാധ്രയ്ക്കായോ മുറവിളി ഉയരും. ഗെലോട്ടിനെ ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് ആനയിക്കാൻ മുന്നിൽ നിൽക്കുന്നവർ തന്നെ അന്ന് മുറിയിൽ പൂട്ടിയിടാനും മുന്നിൽ തന്നെയുണ്ടാകും. 1998 ൽ സീതാറാം കേസരിക്കുണ്ടായ അനുഭവം ഗെലോട്ട് മറക്കാനിടയില്ല. അന്ന് തിരികെ പോകാൻ ഒരിടം വേണ്ടി വരും. അതിനാണ് ഈ പിടിവാശി. ഈ റിബൽ പ്ളേ.
പ്രസിഡണ്ടും മുഖ്യമന്ത്രിയും ഗെലോട്ട് തന്നെ. അല്ലെങ്കിൽ കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഒക്ടോബർ 19 വരെ ഗെലോട്ടിന്റെ പിൻഗാമിയെ തീരുമാനിക്കുന്നത് നീട്ടിവയ്ക്കണം. ഇതാണ് ജയ്‌പൂരിലെ ഗെലോട്ട് പിന്തുണക്കാരുടെ ആവശ്യം. നാടകക്കാരെ കൊണ്ട് ഗെലോട്ട് തന്നെ ഉന്നയിപ്പിക്കുന്ന ആവശ്യം. ഈ ആവശ്യമുന്നയിക്കുന്നതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തേത് ഗെലോട്ട് പ്രസിഡണ്ടായാൽ പിന്നെ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം തന്റെ പിൻഗാമി ആരാകണമെന്ന്. അതായത് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണമെന്ന് രാഹുലും സോണിയയും ആഗ്രഹിച്ചാലും ‘പ്രസിഡണ്ട് ഗെലോട്ട്’ അത് ചെയ്യണമെന്നില്ലെന്ന് ഇപ്പോഴെ വ്യക്തമാക്കുന്നു. രണ്ടാമത്തേത്, ഹൈക്കമാൻഡ് പ്രതിനിധിയായിട്ടാണ് മത്സരിക്കുന്നതെങ്കിലും വിജയിക്കുമെന്ന് ഉറപ്പില്ല. സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഹൈക്കമാൻഡിന് കഴിയാത്തത് കൊണ്ടല്ല മറിച്ച് തെരഞ്ഞെടുപ്പിനിടെ പാലം വലിയുണ്ടാകുമെന്ന ഭയം. ഇതാണ് രാഹുലിനെ പിന്നോട്ട് വലിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുൽ തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ അത്ര വലിയ നാടകങ്ങൾ വരും ദിവസങ്ങളിൽ ഡൽഹിയിൽ അരങ്ങേറണം. സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ എഐസിസി ആസ്ഥാനത്ത് നടന്നത് പോലെ പ്രവർത്തകരെ കൂട്ടി നാടകം കളിച്ചാലൊന്നും പുതിയ കാലത്ത് ഏൽക്കില്ല.
മാറുമോ തന്ത്രം
അശോക് ഗെലോട്ടിന്റെ വിലപേശൽ രാഹുൽ ക്യാമ്പിലുണ്ടാക്കിയിരിക്കുന്ന മുറുമുറുപ്പും ആശങ്കയും കടുത്തതാണ്. ലോയലിസ്റ്റാണെങ്കിലും റബ്ബർ സ്റ്റാമ്പാകില്ലെന്ന് പറയാതെ പറയുകയാണ് ഗെലോട്ടെന്നാണ് ഇതിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. അതായത് ഗെലോട്ട് പ്രസിഡണ്ടായാൽ ഇപ്പോഴത്തെ ഉപദേശകരിൽ ചിലരെങ്കിലും പടിക്ക് പുറത്താകുമെന്ന് ഉറപ്പ്. നിലവിലെ സാഹചര്യം മുതലാക്കി ഗെലോട്ടിനെ ഔദ്ദ്യോഗിക സ്ഥാനാർത്ഥിയാക്കാനുളള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നതും അതുകൊണ്ടു തന്നെ. ഗെലോട്ടിന് പകരക്കാരനല്ല രാഹുൽ ഗാന്ധി തന്നെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാകും ഇവർ ഉന്നയിക്കുക. വെള്ളിയാഴ്ചയാണ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പത്രിക നൽകേണ്ട അവസാന ദിവസം. എത്ര സമ്മർദ്ദം ചെലുത്തിയാലും പ്രസിഡണ്ടാകാനില്ലെന്ന തീരുമാനം രാഹുൽ മാറ്റാൻ സാധ്യതയില്ല. അതിന് കാരണവും ലോക്‌സഭ തെരഞ്ഞെടുപ്പ് തന്നെ.
ജോഡോ യാത്രയിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയെങ്കിലും അത് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായിട്ടില്ല. കേരളത്തിലടക്കം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിച്ചില്ലെങ്കിൽ നില മോശമാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ ചരിത്ര പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചത്. ആ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരാത്ത സ്ഥിതിക്ക് ഇപ്പോൾ വീണ്ടും കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്താൽ ഒന്നര വർഷം കഴിയുമ്പോൾ ഒരുപക്ഷെ 2019 ലെ തീരുമാനം ആവർത്തിക്കേണ്ടി വരും. പൈലറ്റിനെ പോലൊരു യുവനേതാവിനെ പാർട്ടി ഉപേക്ഷിച്ച് പോകാൻ നിർബന്ധിക്കുന്നത് കൂടിയാകും. സച്ചിൻ പാർട്ടി വിട്ടാൽ മുമ്പ് ഗെലോട്ടിനെതിരെ പടനയിച്ചപ്പോൾ ഒപ്പം നിന്ന പതിനെട്ടോളം എംഎൽഎമാരും കൂടെ പോകും. അത്തരമൊരു സാഹചര്യമുണ്ടായാലും സ്വതന്ത്ര എംഎൽഎമാരെ ഒപ്പം നിർത്തി അധികാരത്തിൽ തുടരാൻ ഗെലോട്ടിന് സാധിക്കുമെങ്കിലും മാസങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അത് കനത്ത തിരിച്ചടിയാകും.
പുതിയ സാഹചര്യവും തരൂരിന്റെ സാധ്യതയും
സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശശി തരൂർ എംപി കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അഞ്ച് സെറ്റ് പത്രിക അദ്ദേഹത്തിനായി എഐസിസി തെരഞ്ഞെടുപ്പ് അധികാരി മധുസൂദൻ മിസ്ത്രിയിൽ നിന്ന് വാങ്ങുകയും ചെയ്തു. പത്തു ഡെലിഗേറ്റുകളുടെ കൈയ്യൊപ്പോടെയാണ് ഓരോ സെറ്റ് പത്രികയും സമർപ്പിക്കേണ്ടത്. അതായത് അഞ്ച് സെറ്റ് പത്രിക നൽകാൻ ശശി തരൂരിന് അമ്പത് പേരുടെ പിന്തുണ വേണം. അത് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് തരൂർ ക്യാമ്പ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 9000ത്തിലധികം വരുന്ന ഡെലിഗേറ്റുകളാണ് കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വോട്ടർമാർ. സോണിയ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നിന്നുള്ള നേതാവ് ജിതേന്ദ്ര പ്രസാദ മത്സരിച്ചത് പോലെയാകില്ല ശശിതരൂരിന്റെ മത്സരം. ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത് 94 വോട്ട് മാത്രമായിരുന്നു. 7448 വോട്ട് നേടിയാണ് സോണിയ ഗാന്ധി അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് നെഹ്റു കുടുംബത്തിൽ നിന്ന് ആരുമില്ലാത്തതും ശശി തരൂരിന് രാജ്യത്താകെ ചെറുപ്പക്കാർക്കിടയിലുള്ള സ്വീകാര്യതയും മത്സരത്തിന് ചൂടു പകരും. എങ്കിലും ഔദ്ദ്യോഗിക സ്ഥാനാർത്ഥിയെ മലർത്തിയടിക്കാൻ തരൂരിന് സാധിക്കുമെന്ന് കരുതുന്നില്ല.
വോട്ടർ പട്ടികയിലെ ഹൈക്കമാൻഡ് സ്വാധീനം മറികടക്കുക തരൂരിന് അത്ര എളുപ്പമാവില്ല. കേരളത്തിലെ വോട്ടർപട്ടികയിലടക്കം വോട്ടർമാരുടെ ഫോട്ടോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. പിസിസി ആസ്ഥാനങ്ങളാണ് പോളിങ് കേന്ദ്രങ്ങൾ. എല്ലാ പിസിസി ഓഫീസിലും പോളിങ് ഏജന്റ്മാരെ വച്ചാലും യഥാർത്ഥ ഡെലിഗേറ്റാണോ വോട്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക എളുപ്പമല്ല. ഫോട്ടോ ഇല്ലെങ്കിലും കേരളത്തിൽ വോട്ടർമാരെ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. പക്ഷെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. ഡെലിഗേറ്റുകളെ തീരുമാനിച്ച ഔദ്ദ്യോഗികപക്ഷത്തിന് മാത്രമേ അവരെ തിരിച്ചറിയാനാകൂ. മാത്രവുമല്ല സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാനായി എഐസിസി ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള വോട്ടർ പട്ടികയിൽ പേരു മാത്രം രേഖപ്പെടുത്തിയ വോട്ടർമാരാണ് ഏറെയും. ഇവരുടെ വിലാസമോ മറ്റ് വിവരങ്ങളോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരക്കാരെ കണ്ടെത്തി വോട്ട് ചോദിക്കുക എന്നത് അസാധ്യം. മുഴുവൻ പേര് പോലുമില്ലാതെ മിശ്രയെന്നും യാദവെന്നും ഗുപ്തയെന്നും മാത്രം രേഖപ്പെടുത്തിയ വോട്ടർമാരുമുണ്ട് പട്ടികയിൽ. ഉത്തർപ്രദേശിലും ബീഹാറിലും ഗുജറാത്തിലും വെറുതെ തെരുവിൽ നിന്നാൽ എതിരെ വരുന്ന പത്ത് പേരിൽ എട്ടുപേർ മിശ്രയോ യാദവോ ഗുപ്തയോ ആയിരിക്കും. പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലെ ഈ ഹൈക്കമാൻഡ് സ്വാധീനം മറികടക്കാൻ സാക്ഷാൽ ശരത് പവാറിനും രാജേഷ് പൈലറ്റിനും പോലും കഴിഞ്ഞിട്ടില്ല. 1997 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തെളിയിച്ചതും അതാണ്. സീതാറാം കേസരിയെന്ന ജനസ്വാധീനം ഇല്ലാത്ത എൺപതുകാരൻ ശരത് പവാറിനെയും രാജേഷ് പൈലറ്റിനേയും തകർത്താണ് 97 ൽ കോൺഗ്രസ്സ് പ്രസിഡണ്ടായത്. ജനപ്രീതിയിലും കോൺഗ്രസ്സ് പ്രവർത്തകർക്കിടയിലെ സ്വാധീനത്തിലും ശരത് പവാറിന്റെ ഏഴ് അയലത്ത് എത്തുന്ന നേതാവായിരുന്നില്ല അന്ന് സീതാറാം കേസരി. എന്നിട്ടും പവാറിനേയും യുവതുർക്കിയായി അറിയപ്പെട്ടിരുന്ന പൈലറ്റിനേയും കേസരി വീഴ്ത്തി. ശരത് പവാറിന് 882 വോട്ടും രാജേഷ് പൈലറ്റിന് 350 വോട്ടും ലഭിച്ചപ്പോൾ 6227 വോട്ടിനായിരുന്നു കേസരിയുടെ ജയം.
ആരാകും പ്രസിഡണ്ട്
സോണിയ-രാഹുൽ ക്യാമ്പിന് അനഭിമതരായ ആരും പ്രസിഡണ്ടാകില്ല എന്നതാണ് ആരാകും പ്രസിഡണ്ട് എന്ന ചോദ്യത്തിനുള്ള എളുപ്പ മറുപടി. ഉദാഹരണം സീതാറാം കേസരി തന്നെ. 97 ൽ എങ്ങനെയാണ് സീതാറാം കേസരി കോൺഗ്രസ്സ് പ്രസിഡണ്ടായത് എന്നത് ഈ തെരഞ്ഞെടുപ്പിലും പ്രസക്തം തന്നെ. സീതാറാം കേസരിക്കെതിരെ ശരത് പവാറും രാജേഷ് പൈലറ്റും മത്സരത്തിനിറങ്ങിയപ്പോൾ അന്നത്തെ ഹൈക്കമാണ്ടിന്റെ ഭാഗമായ നേതാക്കൾ കേസരിക്കൊപ്പം നിന്നു. അത് സീതാറാം കേസരിക്ക് കോൺഗ്രസിനെ അധികാരത്തിൽ തിരികെ കൊണ്ട് വരാനുള്ള ജനസ്വാധീനമുള്ളത് കൊണ്ടോ സംഘടനയെ ഒന്നിച്ച് കൊണ്ട് പോകാനുള്ള അമാനുഷിക ശേഷിയുള്ളത് കൊണ്ടോ അല്ല. മത്സരിച്ചവരിൽ കഴിവും ജനസ്വാധീനവും ഏറ്റവും കുറഞ്ഞ നേതാവായത് കൊണ്ട് മാത്രമാണ്. അങ്ങനെയൊരു നേതാവ് തലപ്പത്തെത്തിയാൽ മാത്രമേ അന്നത്തെ ഹൈക്കമാൻഡ് നേതാക്കൾക്ക് അവരുടെ പ്രാധാന്യം ഉറപ്പാക്കാനാകുമായിരുന്നുള്ളു. പ്രണബ് മുഖർജിയും അർജ്ജുൻ സിങും അന്ന് അത് ഉറപ്പാക്കി. ശരത് പവാറോ രാജേഷ് പൈലറ്റോ ജയിച്ചിരുന്നെങ്കിൽ പ്രണബും അർജ്ജുൻ സിങുമൊക്കെ മൂലയ്ക്കാകുമായിരുന്നു.
കേസരിയെ എഐസിസി ആസ്ഥാനത്തെ മുറിയിൽ പൂട്ടിയിട്ട ശേഷം സോണിയഗാന്ധിയെ കോൺഗ്രസ്സ് പ്രസിഡണ്ടാക്കിയതും 2000ത്തിലെ തെരഞ്ഞെടുപ്പിൽ ജിതേന്ദ്ര പ്രസാദയെ തറ പറ്റിച്ചതും ഈ തന്ത്രത്തിന്റെ ഭാഗം തന്നെ. സോണിയ വിസമ്മതിച്ചപ്പോൾ പ്രണബിനെ വീഴ്ത്തി മൻമോഹൻ സിങിനെ പ്രധാനമന്ത്രിയാക്കിതിന്റെ അളവ് കോലും ഇത് തന്നെ. ശരത് പവാറിനെ വീഴ്ത്തിയത് പ്രണബ് മുഖർജിയും സംഘവുമാണെങ്കിൽ, പ്രണബിനെ വീഴ്ത്തിയത് അഹമ്മദ് പട്ടേലും കൂട്ടരുമാണെന്ന് മാത്രം. ഈ ഫോർമുല തന്നെയാണ് ഇത്തവണയും പരീക്ഷിച്ചത്. രാജസ്ഥാൻ നാടകം കാരണം തുടക്കം പാളിയെങ്കിലും അണിയറ സജീവമാണ്. വരുന്ന മണിക്കൂറുകളിൽ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങും.