സറോഗസിയുടെ കാണാപ്പുറങ്ങൾ
PHOTO: Vicki Nerino
സറോഗസി എന്ന പദം മലയാളത്തിൽ ഏറെക്കുറെ പരിചിതമായി തുടങ്ങി. മറ്റൊരാൾക്കു വേണ്ടി പ്രത്യുല്പാദന സാങ്കേതിക വിദ്യയുടെ സഹായത്താൽ ഗർഭം ധരിക്കാനാവുന്നു എന്നത് നൈതികമായും നിയമപരമായും സദാചാരപരമായും നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിൽ തുറക്കുന്നുണ്ട്. എന്നാൽ നമ്മുടെ പൊതു മണ്ഡലത്തിൽ സറോഗസി ചർച്ചാ വിഷയമാകുന്നത് താരങ്ങൾ ഈ സമ്പ്രദായം വഴി കുഞ്ഞുങ്ങളെ ഉണ്ടാക്കുമ്പോഴാണ്. ഒരു ഭാഗത്ത് പുരുഷകേന്ദ്രീകൃത സമൂഹം നിർമ്മിക്കുന്ന സാമൂഹ്യ - സദാചാര ബോധങ്ങളിൽ അധിഷ്ഠിതമായി ഇത് "ഭാരതീയ സംസ്കാരത്തിനെതിരാണ്, കുടുംബത്തിന്റെ പവിത്രതയെ തകർക്കും " എന്ന വാദമാണ്. ഈ വാദത്തിന്റെ വക്താക്കൾ സറോഗസിയെ പോണോഗ്രഫിയും ലൈംഗിക തൊഴിലുമായി താരതമ്യപെടുത്താനാണ് ശ്രമിക്കുന്നത്. നിയമപരമായി നിരോധിക്കണം എന്നാണ് ഇക്കൂട്ടരുടെ ആവശ്യം. മറുവശത്താകട്ടെ, സാമ്പത്തിക അസമത്വം ആക്കം കൂട്ടൂന്ന തൊഴിൽ ചൂഷണത്തിന്റെ ഇടമായി, സവിശേഷമായി സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിയുടെ ഉപയോഗ യുക്തിയോടുള്ള വിയോജിപ്പാണ്. നിയമം മൂലമുള്ള നിരോധനം തന്നെയാണ് ഈ വിഭാഗവും ആവശ്യപ്പെടുന്നത്. ഈ രണ്ട് വാദമുഖങ്ങളും പരിശോധിക്കുകയാണ് ഈ ലേഖനം. നിരോധനം അല്ല പ്രശ്നപരിഹാരം, ഇന്ത്യയുടെ സവിശേഷമായ പൊളിറ്റിക്കൽ ഇക്കണോമിയിൽ നിരോധനം ചൂഷണം വർദ്ധിപ്പിക്കാനേ ഉതകു എന്ന് സറോഗേറ്റുകൾക്കിടയിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ അടിവരയിടുന്നു.
ഇന്ത്യയിൽ ദില്ലി, ബോംബൈ നഗരങ്ങളിലെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവരെ (സറോഗേറ്റ്സ്) കുറിച്ചുളള പഠനം ദേശീയ മനുഷ്യാവകാശ കമ്മീഷനു വേണ്ടിയാണ് നടത്തിയത്. രണ്ട് നഗരങ്ങളിലായി 46 സറോഗേറ്റ്സിനെയാണ് പത്ത് മാസത്തെ ( 2016-17) ഈ പഠനത്തിൽ ഇന്റർവ്യൂ ചെയ്തത്.
ഇരുകൈയുകൾ വിടർത്തി അർദ്ധ വൃത്തമുണ്ടാക്കി അവർ പറഞ്ഞു " ഈ കാണുന്നതെല്ലാം ഞാനുണ്ടാക്കിയതാണ്; ഇത് ചെയ്തതു കൊണ്ട് മാത്രം ". ആ അർദ്ധവൃത്തത്തെ പിന്തുടർന്ന കണ്ണുകൾ ഉടക്കി നിന്നത് ടിൻ ഷീറ്റുകൊണ്ട് മറച്ച മേൽക്കൂരയും ചെത്തി തേക്കാത്ത ചുമരുമുള്ള ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളിലാണ്. ഒരു മൂലയിൽ സാരി കൊണ്ട് വളച്ച് കെട്ടി ഒരു കുളിമുറി. അതിനോട് ചേർന്ന മേശപ്പുറത്ത് ഒരു ഗ്യാസടുപ്പ്, ചായപ്പൊടി, പഞ്ചസാര ഡപ്പികൾ, അത്യാവശ്യ പാചക സാമഗ്രികൾ, ഭിത്തിയിലെ പാത്രങ്ങൾ വയ്ക്കാനുള്ള റാക്കിൽ വൃത്തിയായി അടുക്കി വച്ച സ്റ്റിൽ പാത്രങ്ങൾ; സെക്കന്റ് ഹാന്റ് വാഷിംഗ് മെഷീൻ, സ്റ്റീൽ അലമാര, രണ്ട് പ്ലാസ്റ്റിക് കസേരകൾ. ഇത്രയുമാണ് അവിടുണ്ടായിരുന്നത്. ഇത്രയും കുഞ്ഞു സ്ഥലത്ത് ഇത്ര സാധനങ്ങൾ വൃത്തിയിൽ ഒതുക്കി വച്ചിരിക്കുന്നു. സംസാരിച്ചു തുടങ്ങാനായി നിലത്തിരിക്കാൻ നോക്കിയപ്പോൾ തടഞ്ഞു. " വേണ്ട, പായ തരാം. ഇത് ആദ്യ ഗഡു കിട്ടിയപ്പോൾ വാങ്ങിയത് " പായ നിവർത്തിക്കൊണ്ട് അഭിമാനത്തോടെ അവർ പറഞ്ഞു.
ബോംബെ - പൂനെ ദേശീയപാതയോരത്തെ ഇന്റസ്ട്രിയൽ ടൗൺഷിപ്പിനരികിലെ ഒരു ഇടുങ്ങിയ വഴിയിലേയ്ക്ക് കയറുമ്പോൾ തന്നെ ഉടുപ്പിടാത്ത കുട്ടികൾ ഓടി നടക്കുന്നു; ആടുകൾ, വാഹനങ്ങളെ കൂസാതെ റോഡ് മുറിച്ച് കടക്കുന്നു. ആ വഴി അവസാനിക്കുന്നത് ഒരു മാലിന്യ നിക്ഷേപ യാർഡിലാണ്. അതെത്തും മുൻപേ ഉള്ള ഒറ്റമുറി വീടുകൾക്ക് ഇടയിലുള്ള കുഞ്ഞ് ഗലിയിലേക്ക് കയറി. അവർ വഴികാട്ടിക്കൊണ്ട് മുന്നിൽ നടന്നു. മെലിഞ്ഞിരുണ്ട ശരീരം, കാൽപാദങ്ങൾ വിണ്ട് കീറിയിട്ടുണ്ട്. ചൊടിയോടെ, വേഗതയിൽ നടക്കുമ്പോൾ കാലിലെ കൊലുസിന്റെ താളം, വിരലുകളിൽ വെള്ളി മീഞ്ചികൾ തിളങ്ങുന്നു.
25 വയസ്സ്. സ്കൂളിൽ പോയിട്ടില്ല. വിവാഹിതയായിട്ട് 10 വർഷം. അതിനിടയിൽ മൂന്ന് കുഞ്ഞുങ്ങൾ. മുൻപ് വീടുകളിൽ പണിക്ക് പോയിരുന്നു; ഇപ്പോഴില്ല. ഭർത്താവ് നിർമ്മാണ തൊഴിലാളി; എന്നാൽ എല്ലാ ദിവസവും ജോലിയില്ല.
ബോംബൈ നഗരത്തിലെ പ്രധാനപ്പെട്ട വന്ധ്യതാ ചികിത്സാ ആശുപത്രിയിലാണ് പേജ് ത്രീയിൽ നിറഞ്ഞ ആമിർ ഖാന്റെയും ഷാരൂഖ് ഖാന്റെയും ഉൾപ്പടെ പല സെലിബ്രിറ്റി സറോഗസി കുഞ്ഞുങ്ങളും പിറന്നത്. ആ ആശുപത്രിയിൽ ഒരുപാട് നേരത്തെ കാത്തിരിപ്പിനും ബോധ്യപ്പെടുത്തലുകൾക്കും അപേക്ഷകൾക്കുമൊടുക്കമാണ് ഈ ഫോൺ നമ്പർ കിട്ടുന്നത്. പേജ് ത്രീയിൽ നിറഞ്ഞുനിന്ന ആരുടെയോ കുഞ്ഞിനെ പത്ത് മാസം വാടകയ്ക്ക് താമസിപ്പിച്ച ഗർഭാശയത്തിനുടമയെ തേടിയുള്ള യാത്ര എത്തി നിന്ന ഇടമാണ് തുടക്കത്തിലടയാളപ്പെടുത്തിയ ഒറ്റമുറി വീടും ആ ജീവിതചുറ്റുപാടും.
• ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തീരുമാനിക്കുമ്പോൾ യഥാർത്ഥത്തിൽ അവരെന്ത് ചെയ്യുന്നു എന്ന് അവർ മനസ്സിലാക്കുന്നതെങ്ങിനെ?
• മെഡിക്കൽ വിപണിയുടെ, പൊതു പൊളിറ്റിക്കൽ ഇക്കോണമിയുടെ, ആണധികാര കുടുംബത്തിന്റെ; അത്തരത്തിൽ ഏതൊക്കെ തലത്തിലുള്ള ചൂഷണമാണ് അവരെ അത്തരത്തിലൊരു തീരുമാനത്തിൽ എത്തിക്കുന്നത്?
• ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് നിയമരംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളും സംശയങ്ങളും അവരെ എങ്ങിനെയാണ് ബാധിക്കുന്നത്?
ഇങ്ങനെ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ് ദേശീയ മനുഷ്യാവകാശ കമീഷനു വേണ്ടി ദില്ലി കൗൺസിൽ ഫൊർ സോഷ്യൽ ഡിവലപ്പ്മെന്റ് നടത്തിയ ആ പഠനം മുന്നോട്ട് വച്ചത്.
"സ്വന്തം മൂന്നു മക്കളെയും പെറ്റത് വീട്ടിൽ തന്നെ; നാലാമത്തെ ആണ് ആശുപത്രിയിൽ പോകേണ്ടി വന്നത്". എന്തെങ്കിലും ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നോ എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ചിരിയൊതുങ്ങിയപ്പോൾ പറഞ്ഞു. "ഒരു പണിയും ചെയ്യാതിരുന്നതിന്റെ മടുപ്പുണ്ടായിരുന്നു. എന്റെ മൂന്ന് മക്കളെയും പ്രസവിക്കുന്നതിന്റെ അന്ന് വരേയും പണിക്ക് പോയിട്ടായിരുന്നു. ഈ ഒമ്പത് മാസം കുറേ മരുന്നുകളും റെസ്റ്റും. ബോറടിച്ചു. പിന്നെ ഒരു കാര്യം, ജീവിതത്തിലാദ്യമായിട്ടാണ് ഞാൻ ഭക്ഷണം കഴിച്ചോ എന്നൊക്കെ ആരെങ്കിലും അന്വേഷിക്കുന്നത്. അത് രസമായി തോന്നി. ഞാനുമൊരു മനുഷ്യനാണ് എന്നാദ്യമായി തോന്നി… ഇത്ര വലിയ ആശുപത്രിയായിട്ടും ഡോക്ടർമാരൊക്കെ നല്ല സ്നേഹത്തിലാണ് പെരുമാറിയത്". അവസരമുണ്ടെങ്കിൽ വീണ്ടുമിത് ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന് "കുറച്ച് കൂടി കാശ് കൂട്ടി കിട്ടണം എന്നാൽ ചെയ്യും; സ്വന്തമായി ഒരു വീടുണ്ടാക്കണം. കഴിഞ്ഞ തവണ കിട്ടിയ പൈസ കൊണ്ടാണ് കുട്ടികളെ സ്കൂളിൽ ചേർക്കാനായത് " എന്നാണവര്‍ മറുപടി പറഞ്ഞത്.
"ആ കുഞ്ഞിനെ ഓർക്കാറുണ്ടോ" എന്ന ചോദ്യം അല്പം ബുദ്ധിമുട്ടോടെ ചോദിച്ചപ്പോൾ തെളിഞ്ഞ ചിരിയിൽ മറുപടി . "നമ്മുടേതല്ലല്ലോ കുഞ്ഞ്; അവരുടേതല്ലേ. പത്ത് മാസം സുരക്ഷിതമായി നോക്കി. അമേരിക്കക്കാർ ആയിരുന്നു എന്നെ വാടകയ്ക്ക് എടുത്തത്. നല്ല വെളുത്ത കുട്ടി ആയിരുന്നു. വേണമെങ്കിൽ കണ്ടോളാൻ ഡോക്ടർ പറഞ്ഞു. കണ്ടിട്ടെന്തിനാ? എവിടെങ്കിലും സന്തോഷായി ജീവിക്കട്ടെ ". പെട്ടെന്ന് എന്തോ ഓർത്ത് അലമാര തുറന്നു. വിലപ്പെട്ട പേപ്പറുകൾക്കൊപ്പം സൂക്ഷിക്കുന്ന ഒരു താങ്ക്സ് കാർഡ് കാണിച്ചു തന്നു. "താങ്ക് യു വെരി മച്ച് " എന്നെഴുതി വരിയുടെ താഴെ രണ്ട് അടിവരകളോടെ അധിക നന്ദി അടയാളപ്പെടുത്തിയിരിക്കുന്നു. (ആമിർ ഖാനും കിരൺ റാവുവും സറോഗേറ്റ് കുഞ്ഞ് ജനിച്ചതിനു ശേഷം ഇറക്കിയ പ്രസ്താവനയിൽ ശാസ്ത്ര സാങ്കേതിക വിദ്യക്കും ഡോക്ടർമാർക്കും ഒപ്പം നിന്ന വീട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ നന്ദി രേഖപ്പെടുത്തിയിരുന്നു; വിട്ടു പോയ ഒരേ ഒരാൾ ആ കുഞ്ഞിനെ ഗർഭത്തിൽ ചുമന്ന സറോഗേറ്റായിരുന്നു!), നയൻതാരയും വിഘ്നേഷും സറോഗസി വഴിയാണ് കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. അത്രമേൽ അദൃശ്യരാണിവർ, ഈ പുതിയ പ്രത്യുല്പാദന സങ്കേതിക വിദ്യയുടെ പ്രയോഗതലത്തിൽ.
നവലിബറൽ രാഷ്ട്രീയം ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെ തകിടം മറിച്ചപ്പോൾ വിദ്യാഭ്യാസം, ആരോഗ്യം എല്ലാം ചെലവേറിയതായി മാറിയ ലോകത്ത് ചുരുങ്ങിയ കാലത്ത് കിട്ടുന്ന മോശമല്ലാത്ത ഒറ്റത്തുക എന്ന നിലയിലാണ് ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രികൾ പലരുമിതിനെ കണക്കാക്കുന്നത്. ലൈംഗിക തൊഴിൽ പോലെ " മോശമായ കാര്യം " അല്ല എന്നും കുഞ്ഞുങ്ങളില്ലാത്ത മറ്റൊരു കുടുംബത്തിന് ആശ്വാസമാകുന്നു തുടങ്ങിയ സ്വയം ന്യായീകരണങ്ങൾ. മൂന്ന് മുതൽ നാല് ലക്ഷം വരെയുള്ള തുകയാണ് സറോഗേറ്റ്സിന് ലഭിക്കുക; ഇടനിലക്കാർ കൊടിയ ലാഭം ഉണ്ടാക്കിയതിന്റെ ശിഷ്ടം. ഇന്ത്യയിൽ സറോഗസി സർവ്വീസ് ലഭ്യമാക്കുന്ന ഐവിഎഫ് ചികിസ്താ കേന്ദ്രങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് ഐവിഎഫ് വ്യവസായം എന്നാണ് ! അത്രമേൽ ലാഭേച്ഛയിൽ പ്രവർത്തിക്കുന്ന ഇടങ്ങളാണ് ഇൻഫർട്ടിലിറ്റി ചികിത്സാ കേന്ദ്രങ്ങൾ.
തകരുന്ന കാർഷിക മേഖല കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും പുറന്തള്ളുന്ന അനേകായിരങ്ങളുണ്ട്; അതിൽ ആയിരക്കണക്കിന് സ്ത്രീകൾ. നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ കൊടിയ ചൂഷണത്തിൽ; കുറഞ്ഞ കൂലിക്ക് പണിയെടുക്കേണ്ടി വരുന്നു. ഈ സ്ത്രീകളെ തേടിയാണ് പ്രത്യുൽപ്പാദന രംഗത്തെ നവീന ശാസ്ത്ര സാങ്കേതിക വിദ്യ എത്തുന്നത്. അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനല്ല; സമ്പന്നരായ ഒരു ചെറു വിഭാഗത്തിന്റെ കുഞ്ഞുങ്ങളുണ്ടാവാനുള്ള തടസ്സങ്ങൾ പരിഹരിക്കുന്ന ടെക്നോളജിയുടെ ഭാഗമാവാൻ. നവമുതലാളിത്തം തുറന്ന പുതിയ "തൊഴിലിടങ്ങളിലൊന്ന് ". ശരീരഭാഗങ്ങൾ ചികിത്സയ്ക്കായി വിൽക്കാനും വാടകയ്ക്ക് നൽകാനുമാകും; നൈതികതയുടെ ചോദ്യങ്ങളില്ലാതെ. ഇവിടെ നടക്കുന്ന ചൂഷണത്തെ അതിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് തിരിച്ചറിയാനാവാതെ, അതൊരു മാനവ സേവനമായി തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ പരിഹരിക്കാനുള്ള ഉപാധിയായാണ് സറോഗസി അവതരിക്കപ്പെടുന്നത്.
മറ്റെല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ചൂഷണത്തിന്റെ മറ്റൊരു തലം മാത്രമായി നമ്മുക്ക് സറോഗസിയേയും കാണാനാവാത്തത് എന്തുകൊണ്ടാവും ? ചൂഷണത്തെ കുറിച്ചുള്ള ചർച്ചയിലും സദാചാരപരമായ ധാരണകൾ കടന്നു വരുന്നുണ്ടോ ? സ്ത്രീകളുടെ പ്രത്യുല്പാദന ശേഷി വിനിമയ സാധ്യതയുള്ള ചരക്കായി മാറുമ്പോൾ കേവല ചൂഷണ സാധ്യത മാത്രമായി അതിനെ വായിക്കാനാവുമോ? അതിൽ ഉൾച്ചേർന്ന വിമോചന സാദ്ധ്യതകൾ എന്താണ് ?
പുരുഷ കേന്ദ്രീകൃത സമൂഹം അനുസ്യൂതം വലിയ കേടുപാടുകളില്ലാതെ മുന്നോട്ട് പോകുന്നത് പലതരം കള്ളങ്ങളിലും ഊതി വീർപ്പിക്കലുകളിലും കൂടിയാണ്. അതിൽ ഏറ്റവും പോപ്പുലറും സ്വാധീനശേഷിയുള്ളതുമായ ഒന്നാണ് മാതൃത്വത്തിന്റെ മഹത്വവത്കരണം. ആ കുമിളയിലാണ് സറോഗസി ഒരു കുഞ്ഞ് മൊട്ടുസൂചി കുത്ത് നൽകുന്നത്. നവ പ്രത്യുല്പാദന സാങ്കേതിക വിദ്യയിലൂടെ മറ്റൊരാൾക്ക് കൂലി വ്യവസ്ഥയിൽ ചെയ്യാവുന്ന/ചെയ്യിക്കാവുന്ന ഒന്നായി ഗർഭധാരണവും പ്രസവവും മാറുമ്പോൾ , നൂറ്റാണ്ടുകളായി നിർമ്മിച്ചെടുത്ത ചില മൂല്യബോധങ്ങളും സങ്കല്പങ്ങളും തകരുന്നുണ്ട്. പത്തു മാസം ചുമന്ന്, നൊന്ത് പെറാതെയും അമ്മയാവാം എന്നത് തുറക്കുന്ന പലതരം സാധ്യതകളുണ്ട്. പങ്കിട്ടെടുക്കാവുന്ന ഒന്നായി മാതൃത്വത്തെ അത് മാറ്റുന്നു . ഗർഭധാരണത്തിന്റെ , പ്രസവത്തിന്റെ സറോഗസിയിലൂടെയുളള ഈ വിനിമയ സാധ്യത അങ്കലാപ്പിലാക്കുന്നത് പാട്രിയാർക്കിയുടെ തന്നെ ലോജിക്കുകളെയാണ്. അതുകൊണ്ടു തന്നെയാണ് സറോഗസി ചർച്ച ചെയ്യുമ്പോൾ ചൂഷണം മാത്രം ചർച്ച ചെയ്യുക എന്നത് പ്രതിലോമകരമായി മാറുന്നതും. തൊഴിൽ മേഖലകളിലെ ചൂഷണത്തെക്കുറിച്ചുള്ള ചർച്ച മറ്റൊരു തലത്തിൽ ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്. സറോഗേറ്റുകളുടെ അവകാശങ്ങൾ - ചൂഷണരഹിതമായി സറോഗസിയിൽ ഏർപ്പെടാൻ -നിയമപരമായി തന്നെ സംരക്ഷണം നൽകാനാവണം. അതോടൊപ്പം എങ്ങനെയും സ്വന്തം കുഞ്ഞ് എന്ന ആഗ്രഹത്തിൽ (സാമൂഹ്യ സമ്മർദ്ദത്തിലും അല്ലാതെയും )സറോഗസി തിരഞ്ഞെടുക്കുന്ന മനുഷ്യരുടെ താത്പര്യങ്ങളും അവകാശങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്. സറോഗസിയിലൂടെ പിറന്ന കുഞ്ഞിന്റെ അവകാശങ്ങളും പ്രാധാന്യത്തോടെ തന്നെ പരിഗണിക്കപ്പെടണം. ഈ ത്രികോണ ബന്ധത്തിൽ പരമാവധി ചൂഷണം കുറഞ്ഞ , ജനാധിപത്യ മര്യാദകൾ സാധ്യമായ , നൈതികത . ഉറപ്പുവരുത്തുന്ന ഒരു നിയമമാണ് ഇന്ത്യയ്ക്ക് ആവശ്യം.
എന്താണ് ഇന്ത്യൻ സറോഗസി നിയമം ?
2007 മുതൽ പാർലമെന്റിൽ ഈ നിയമത്തിന്റെ നിരവധി രൂപങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ബേബി മാഞ്ചി കേസിൽ (ജപ്പാനിൽ നിന്നുള്ള ദമ്പതികൾ ഇന്ത്യയിൽ വന്ന് സറോഗസി വഴി കുഞ്ഞിനെ ഉണ്ടാക്കുന്നതിനിടയിൽ അവർ വിവാഹ ബന്ധം വേർപിരിയുകയും കുട്ടിയുടെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന പ്രശ്നം കോടതിയിൽ എത്തി) സുപ്രീം കോടതിയാണ് സറോഗസി നിയന്ത്രിക്കുന്ന നിയമം ഇന്ത്യയിൽ വേണം എന്ന് അഭിപ്രായപ്പെടുന്നത്. പ്രൊഫ. രാം ഗോപാൽ യാദവ് ചെയർമാനായ പാർലമെന്ററി കമ്മിറ്റി(2016)യിൽ സറോഗസിയെ കുറിച്ച് പഠിക്കുകയും നിയമത്തിന്റെ കരട് നിർദ്ദേശിക്കുകയും ചെയ്തു.
മോദി ഭരണകാലത്ത് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ശക്തമായ രാജ്യമായി ഇന്ത്യയെ അവതരിപ്പിക്കാനുള്ള വെമ്പലിൽ തടസ്സം നിൽക്കുന്ന ഒന്നായിരുന്നു വാടകയ്ക്ക് ഗർഭപാത്രം വിൽക്കുന്ന സ്ത്രീകളുടെ നാട് എന്ന "ചീത്തപ്പേര് " . വാണിജ്യ അടിസ്ഥാനത്തിലുള്ള സറോഗസി നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനവും അത് തന്നെ. അടുത്ത ബന്ധുക്കൾക്ക് മാത്രം സറോഗേറ്റ്സാവാം എന്ന് പരിമിതപ്പെടുത്തുന്ന നിയമത്തിന്റെ കരട് പാർലമെന്റിൽ വരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിലെ ഫെമിനിസ്റ്റ് നിയമ വിദഗ്ധരും ആരോഗ്യ പ്രവർത്തകരും ഇന്ത്യൻ സാഹചര്യത്തിൽ ഈ തീരുമാനം കൂടുതൽ സങ്കീർണ്ണവും പുതിയ തരം ചൂഷണ സാധ്യതകൾ തുറക്കുകയും ചെയ്യും എന്ന് ചൂണ്ടിക്കാട്ടി. ഭൂപേന്ദ്ര യാദവ് ചെയർമാനായ പാർലമെന്ററി സെലക്റ്റ് കമ്മിറ്റി (2019 ) കൂടി ആ വാദമുഖങ്ങൾ ആവർത്തിച്ചു. അങ്ങിനെയാണ് 2021 ഡിസംബറിൽ ഇന്ത്യയിൽ സറോഗസി നിയന്ത്രിക്കാൻ നിയമം പ്രാബല്യത്തിൽ വരുന്നത്.
സറോഗസി (റെഗുലേഷൻ ) ആക്റ്റ്, 2021 പ്രകാരം വാണിജ്യ അടിസ്ഥാനത്തിലുള്ള സറോഗസി നിരോധിക്കുകയും പകരം മെഡിക്കൽ ഇൻഷുറൻസ് മാത്രം ആണ് ഗർഭം ധരിക്കുന്ന സ്ത്രീക്ക് ലഭ്യമാവുക. കുട്ടികൾ ഇല്ലാത്ത ഇന്ത്യക്കാരായ വിവാഹിതരായ ആളുകൾക്ക് മാത്രം സറോഗസി വഴി കുട്ടികളെ ഉണ്ടാക്കാം. ഇതിനായി ഇരുകൂട്ടരുടേയും പ്രായ പരിധി ഉൾപ്പടെ നിയന്ത്രിക്കുന്നുണ്ട് നിയമം. കൂടാതെ സംസ്ഥാനാടിസ്ഥാനത്തിൽ സറോഗസി ബോർഡുകൾ നിലവിൽ വന്നു. നിയമത്തിന്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ചുമതല അവർക്കാണ്.
നിയമം വഴി വാണിജ്യ സറോഗസി നിരോധിച്ചാൽ നിങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യത്തിന് കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നാണ് സറോഗേറ്റുകൾ മറുപടി നൽകുന്നത്. അവർ ഉന്നയിക്കുന്ന മറുചോദ്യം അവർ സറോഗസി തിരഞ്ഞെടുക്കേണ്ടി വന്ന സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നാണ്. "നിങ്ങളുടെ സർക്കാർ ഞങ്ങളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തിയാൽ ; എല്ലാവർക്കും ആരോഗ്യരക്ഷാ സംവിധാനങ്ങൾ സൗജന്യമായി നൽകിയാൽ ; ഭൂപരിഷ്കരണം നടപ്പിലാക്കി ഞങ്ങൾക്ക് ഭൂ അവകാശം ലഭിച്ചാൽ ;പാർപ്പിടം ലഭ്യമായാൽ ; കൃത്യമായി സ്ത്രീധന നിരോധനം നടപ്പിലാക്കിയാൽ ; മിനിമം വേതനവും തൊഴിലും ഉറപ്പ് വരുത്തിയാൽ പിന്നെ ഞങ്ങൾ സറോഗസി ചെയ്യില്ല. അത് ചെയ്യാതെ സറോഗസി നിരോധിച്ചാൽ ഒരു പക്ഷെ ഇതിലും പ്രയാസമേറിയ പലതും ഞങ്ങൾക്ക് ചെയ്യേണ്ടി വരും". ഇന്ത്യൻ ഭരണകൂടം ഒരു ജനതയുടെ പ്രാഥമികവും അടിസ്ഥാനവുമായ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാതെ നിരോധനം എന്ന എളുപ്പ വഴി തിരഞ്ഞെടുക്കുമ്പോൾ പ്രശ്നം പരിഹരിക്കുകയല്ല സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.
സറോഗസി പൊതുമണ്ഡലത്തിൽ ചർച്ചാ വിഷയമാകേണ്ടത് താരങ്ങൾ അതിലൂടെ കുഞ്ഞുങ്ങളെയുണ്ടാക്കുമ്പോൾ മാത്രമല്ല, ദൈനംദിന ജീവിതം മുന്നോട്ട് പോകാൻ സമകാലിക ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിലും അധഃസ്ഥിത വിഭാഗത്തിലും പെട്ട സ്ത്രീകൾക്ക് ഏറ്റെടുക്കേണ്ടി വരുന്ന ഒരു ബാധ്യതയോ സാധ്യതയോ കൂടി ആയാണ്. പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധയായിരുന്ന അൽപ്പന സാഗർ തന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ എഴുതുന്നുണ്ട്; കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ സ്ത്രീകൾ ഒരു സേഫ്റ്റിപിന്ന് പോലെ നിന്ന് ജീവിതത്തിന്റെ പല ഏടുകൾ എങ്ങിനെ ചേർത്തു നിർത്തുന്നു എന്ന്. അവർ തൊഴിൽ രംഗത്തേക്ക് കടന്നു വരുമ്പോൾ, അവരെ കാത്തിരിക്കുന്ന നവലിബറൽ കാലത്തെ തൊഴിലുകൾ നാം സാധാരണ പറയാറുള്ള 3D ജോബുകൾ തന്നെയാണ് - ഡെയ്ഞ്ചറസും ഡിഫിക്കൽറ്റും ഡേർട്ടിയും ആയവ-. ചുറ്റിലുമുള്ള സമൂഹത്തെ ബോധ്യപ്പെടുത്തി; അവളവളെ തന്നെ സമാധാനിപ്പിച്ച്; അതിജീവനത്തിനായി സ്വന്തം ശരീരവും ആരോഗ്യവും പണയപ്പെടുത്തുന്നവളാണ് തൊഴിലാളി വർഗ്ഗത്തിന്റെ ഇന്നത്തെ മുഖം. പേരറിയാത്ത, ചരിത്രത്തിൽ അടയാളപ്പെടുത്താത്ത ഇത്തരം അനേകം സ്ത്രീകൾ ചിരിതൂകി നിൽക്കുന്നതു കൊണ്ട്; അത് ഒന്നു കൊണ്ട് മാത്രം തെളിയുന്ന ലോകമാണ് നമ്മുടേത് എന്ന ഓർമ്മ കൂടി സറോഗസി ചർച്ചകളിൽ ഉണ്ടാവണം.