മെറ്റ-വയർ പോരിന്റെ പിന്നാമ്പുറങ്ങൾ
സോഷ്യൽ മീഡിയ അഥവാ സാമൂഹ്യ മാധ്യമങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വാർത്ത-വിവര വിനിമയ സൗകര്യങ്ങൾ തല്പരകക്ഷികൾ തങ്ങളുടെ അജണ്ടകൾക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വളരെക്കാലമായി നിലനിൽക്കുന്നു. രാഷ്ട്രീയ പ്രചാരണത്തിന്റെ മേഖലയിലാണ് ഈ കൃത്രിമം ഏറ്റവുമധികം അരങ്ങേറുന്നെതെന്ന ആക്ഷേപങ്ങളും വ്യാപകമാണ്. ഡൊണാൾഡ് ട്രമ്പും, നരേന്ദ്ര മോഡിയും, ബോത്സനരോയും അടക്കമുള്ള നേതാക്കൾ ഉയർന്നു വന്നതിൽ സാമൂഹ്യ മാധ്യമങ്ങളുടെ പങ്ക് സവിശേഷമായ പഠനങ്ങൾക്ക് തന്നെ വിധേയമായിട്ടുണ്ട്. ബോധപൂർവ്വമായ നുണകൾ, രാഷ്ട്രീയ എതിരാളികളെ പൂർണ്ണമായും അപഹാസ്യരും പൈശാചികരുമാക്കുന്ന ഉള്ളടക്ക നിർമിതികൾ തുടങ്ങിയ നിരവധി മാർഗങ്ങൾ ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതിന്റെ രീതികളും ആസൂത്രണങ്ങളും ഇപ്പോൾ പരക്കെ അറിയുന്നതാണ്. ഇന്ത്യയിലെ ബദൽ മാധ്യമ പ്രവർത്തനത്തിന്റെ ശക്തമായ സ്ഥാപനങ്ങളിൽ ഒന്നായ ദ വയർ (THE WIRE) ഫേസ്ബുക്കിന്റെ പുതിയ രൂപമായ മെറ്റ (meta) അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന ഉള്ളടക്കത്തിൽ നടത്തുന്ന മാനിപ്പുലേഷനെയും സെൻസർഷിപ്പിനെയും പറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആഗോളതലത്തിൽ ചർച്ചയായിരിക്കുന്നു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയും ബിജെപി ഐ ടി സെല്ലും തമ്മിലുള്ള രഹസ്യബന്ധം വെളിപ്പെടുത്തി ദ വയർ നല്കിയ വാർത്ത ചോദ്യങ്ങളിൽ കുരുങ്ങിനിൽക്കുകയാണ്. ഇന്ത്യൻ മാധ്യമസ്ഥാപനവും അമേരിക്കൻ സാമൂഹ്യ മാധ്യമ ഭീമനായ മെറ്റയും തമ്മിലുള്ള തുറന്ന പോരുകൾക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമ നിരീക്ഷകർ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന് പുറത്തും ഇക്കാര്യം ശ്രദ്ധയാകർഷിച്ചു. ബിജെപി ഐ ടി സെൽ തലവൻ അമിത് മാളവ്യ മെറ്റയുടെ രഹസ്യ ഗ്രൂപ്പുകളുടെ ഭാഗമാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നുമാണ് പുറത്ത് വന്ന ആദ്യ റിപ്പോർട്ടുകൾ. മാളവ്യ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ അവ സോഷ്യൽ മീഡിയ മാർഗനിർദേശങ്ങൾക്ക് ചേരുന്നതല്ലെങ്കിലും നീക്കം ചെയ്യുകയില്ലെന്നും എന്നാൽ അദ്ദേഹം ഒരു പോസ്റ്റ് റിപ്പോർട്ട് ചെയ്താൽ മറ്റൊരു ചോദ്യങ്ങളുമുന്നയിക്കാതെ അവ നീക്കം ചെയ്യുമെന്നുമാണ് ആരോപണങ്ങളിലുള്ളത്. മെറ്റയുടെ 'എക്സ് ചെക്ക് അഥവാ ക്രോസ് ചെക്ക്' എന്ന പ്രത്യേക ആനുകൂല്യം മാളവ്യക്ക് ലഭിക്കുന്നുവെന്നാണ് ദ വയർ റിപ്പോർട്ടുകളിലൂടെ ആരോപിക്കുന്നത്. വാൾ സ്ട്രീറ്റ് ജേർണൽ സെപ്റ്റംബർ 2021 ൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് ലോകവ്യാപകമായി രാഷ്ട്രീയക്കാരും സിനിമാ സെലിബ്രിറ്റികളുമടക്കം ഏകദേശം 58 ലക്ഷം പേർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ്. ഇതിലൂടെ തങ്ങളുടെ പോസ്റ്റുകൾ അവ കമ്പനിയുടെ നയങ്ങൾക്കെതിരാണെങ്കിലും അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്യുന്നതിനും അവ തുടരുന്നതിനും സാധിക്കുന്നു.
ആരോപണങ്ങൾക്ക് തുടക്കം കുറിച്ച സംഭവം പരിശോധിച്ചാൽ, 'സൂപ്പർഹ്യൂമൻസ് ഓഫ് ക്രിഞ്ച്ടോപ്പിയ' എന്ന ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ട് ആക്ഷേപഹാസ്യങ്ങളിലൊന്നായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിമ നിർമ്മിച്ച് പൂജ ചെയ്യുന്ന ഒരു വ്യക്തിയുടെ ചിത്രമായിരുന്നു. എന്നാൽ ചിത്രം നീക്കം ചെയ്തപ്പോൾ മെറ്റയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് 'ലൈംഗീകച്ചുവയുള്ള സന്ദേശം' എന്ന കാരണമായിരുന്നു നല്കിയത്. എന്നാൽ ഈ കാരണങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള പോസ്റ്റുകളൊന്നും അക്കൗണ്ടിൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതും പിന്നീട് പോസ്റ്റ് വീണ്ടെടുത്തു എന്നുള്ളതും ആരോപണങ്ങളെ ശരിവയ്ക്കുന്ന കാരണങ്ങളാണ്.
ദ വയർ പരാമർശിക്കുന്നതനുസരിച്ച് ഈ പോസ്റ്റ് റിപ്പോർട്ട് ചെയ്തത് മാളവ്യയായിരുന്നു. അതിനെത്തുടർന്ന് ഉടനടി പോസ്റ്റ് നീക്കം ചെയ്യുകയുമുണ്ടായി. ഇത്തരത്തിൽ ഏകദേശം 705 പോസ്റ്റുകൾ മാളവ്യ റിപ്പോർട്ട് ചെയ്തിരുന്നതെന്നും അവയെല്ലാം നീക്കം ചെയ്തെന്നുമാണ്. മാധ്യമസ്ഥാപനം നല്കിയ വിവരങ്ങൾ ശരിയല്ലെന്നും ജനങ്ങളിൽ തെറ്റായ ധാരണ നല്കാൻ ഇടവരുത്തുന്നുമെന്നാണ് മെറ്റയുടെ മറുപടി. എക്സ് ചെക്ക് സംവിധാനത്തിലൂടെ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ലെന്നും പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുടെ സഹായത്തോടെയാണെന്നും മെറ്റയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ആൻഡി സ്റ്റോൺ വ്യക്തമാക്കി. എന്നാൽ ഇതിനുശേഷം ആൻഡി സ്റ്റോൺ കമ്പനിയിലെ ജീവനക്കാർക്ക് എങ്ങനെയാണ് ഇൻസ്റ്റഗ്രാം റിപ്പോർട്ടുകൾ ചോർന്നതെന്ന് ചോദിച്ചുകൊണ്ടുള്ള ഇ-മെയിൽ അയച്ചതിന്റെ പകർപ്പുകൾ ദ വയർ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ വെബ്സൈറ്റിന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജ് ഡെപ്യൂട്ടി എഡിറ്റർ ജാൻവി സെൻ എന്നിവരുടെ അക്കൗണ്ടുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും (വാച്ച്ലിസ്റ്റ്) നിർദേശങ്ങൾ നല്കുന്ന മെയിലിന്റെ കോപ്പിയും തങ്ങളുടെ വെബ്സൈറ്റിലൂടെ തന്നെ പുറത്ത് വിട്ടിരുന്നു. പിന്നീട് ഈ വെളിപ്പെടുത്തലുകൾക്കുള്ള മറുപടിയായി മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൺ ഇന്ത്യൻ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ തെറ്റാണെന്നും ആദ്യം നല്കിയ വാർത്ത കെട്ടിച്ചമച്ചതാണെന്നും ആരോപിച്ച് രംഗത്ത് വന്നു.
കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റോണിന്റെ മെയിലിൽ നിന്ന് അയച്ചിരിക്കുന്നു എന്ന് ആരോപിക്കുന്ന മെയിൽ ഐഡിയും സന്ദേശം സ്വീകരിച്ച മെയിൽ ഐഡിയും ഉപയോഗത്തിലുള്ളതല്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, വാച്ച്ലിസ്റ്റ് എന്ന് പരാമർശിക്കുന്നതും മെറ്റയുടെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അറിവോടുകൂടിയല്ല ദ വയർ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്നും അവയുടെ ആധികാരികത എത്രത്തോളമെന്ന് തനിക്കറിയില്ലെന്നും കനിഷ്‌ക് കരൺ എന്ന സ്വതന്ത്ര ഐ ടി വിദഗ്ധൻ വെളിപ്പെടുത്തുകയുണ്ടായി. മാധ്യമ സ്ഥാപത്തിന്റെ സാങ്കേതിക തെളിവുകൾ പരിശോധിക്കുന്ന വിദഗ്ധരിലൊരാളാണ് അദ്ദേഹം. തന്റെ പേരിലുള്ള വ്യാജ ഐഡി ഉണ്ടാക്കി മാധ്യമസ്ഥാപനത്തിന്റെ വിശ്വാസ്യത മറ്റൊരാൾ പിടിച്ചുപറ്റാൻ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ ആരോപണങ്ങൾ മറ്റൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്.
തുടർന്ന്, ദ വയർ എഡിറ്റർ വരദരാജ് കൂടുതൽ തെളിവുകളുമായി രംഗത്ത് വരുമെന്നും സത്യം എന്താണെന്ന് ജനങ്ങളെ അറിയിക്കുമെന്നും ഉറപ്പ് നല്കുകയുണ്ടായി. ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളുടെയും അവയുടെ ഉറവിടങ്ങളുടെയും അടിസ്ഥാനം കൃത്യമായി വിലയിരുത്തുമെന്നും തങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് സ്ഥാപനത്തിന്റെ വിശ്വസ്തരായിട്ടുള്ളവരിൽ നിന്നാണെന്നും അതിനാൽ യാഥാർത്ഥ്യം മനസിലാക്കുന്നതുവരെ ഈ വാർത്ത ചർച്ച ചെയ്യുന്നത് നിർത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ അവർ പുറത്ത് വിട്ട ഇ-മെയിലിന്റെ സാങ്കേതിക രേഖകളുടെ വിശ്വാസ്യത വെളിപ്പെടുത്തുന്ന ഒന്നും വാർത്തയിലില്ലെന്ന് മാത്രമല്ല, ഈ രേഖകളും ഇ-മെയിൽ സന്ദേശങ്ങളും കെട്ടിച്ചമച്ചുകൊണ്ട് മാധ്യമ സ്ഥാപനത്തിനെ കബളിപ്പിച്ചതാണെന്ന ആരോപണവും സജീവമാണ്. മുൻകാലങ്ങളിൽ മെറ്റയ്ക്ക് നേരെയുണ്ടായിട്ടുള്ള ഗുരുതര ആരോപണങ്ങളും ദ വയറിന്റെ ക്രഡിബിലിറ്റിയും നേർക്കുനേർ വരുമ്പോൾ ആരുടെ ഭാഗത്താകാം ന്യായമെന്നുള്ളതിന് ഇനിയും ഉത്തരമായിട്ടില്ല.
ഈ രംഗത്തെ വിദഗ്ധർ രണ്ട് പക്ഷത്തുനിന്നും പ്രതികരിക്കുകയുണ്ടായി. ആൻഡി സ്റ്റോണിന്റെ ഇ-മെയിൽ ഐഡി @meta എന്നായിരിക്കുമെന്നും എന്നാൽ ഇന്ത്യൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നതുപോലെ @fb എന്നായിരിക്കില്ലെന്നും മെറ്റയിലെ മുൻ സാങ്കേതിക വിദഗ്ധരിൽ ചിലർ ചൂണ്ടിക്കാട്ടി. കൂടാതെ റിപ്പോർട്ടിൽ പരാമർശിക്കുന്നപോലെ 'internal' എന്നറിയപ്പെടുന്ന ഇ-മെയിൽ ഗ്രൂപ്പ് കമ്പനിക്കില്ലെന്നും പരാമർശിച്ചു. ഒക്ടോബർ 2021ൽ ഫേസ്ബുക്ക് മെറ്റ എന്ന കോർപ്പറേറ്റ് ഐഡന്റിറ്റി സ്വീകരിച്ചിരുന്നു. മറ്റ് വിമർശനങ്ങളായി ഇ-മെയിലിൽ ഉപയോഗിച്ച ഭാഷ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചുവയുണ്ടെന്നും ഒപ്പം വരദരാജ് എന്നുള്ള പേര് വരദരാൻ എന്ന് എഴുതിയതായും പരാമർശിച്ചു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളുടെ വിശ്വാസ്യതയും അവർ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് നടത്തുന്ന സൈലൻസ് സെൻസർഷിപ്പും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് തന്നെയാണ്. അതിനാൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ കുറച്ചെങ്കിലും ശരിയാണ് എന്ന പക്ഷക്കാരും ഏറെയാണ്.
ഇന്ത്യയിലെ റിപ്പോർട്ടേഴ്സ് കളക്റ്റിവ് എന്ന സ്വതന്ത്ര സംഘടനയുടെ കണ്ടെത്തലുകൾ പ്രകാരം 2019 ലെ പാർലമെന്റ് ഇലക്ഷനിലുൾപ്പെടെ ബിജെപി നേതാക്കളുടെ മത്സര പ്രചാരത്തിനായി കുറഞ്ഞ ചെലവിൽ ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്നതിന് അനുവദിച്ചുവെന്ന ആക്ഷേപം നിലനിൽക്കെയാണ് അടുത്ത വിവാദം പുറത്ത് വന്നത്. അതോടൊപ്പം തന്നെ ഇ-മെയിലിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ശ്രമം പോലും മാധ്യമസ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നത് വലിയ പിഴവായിട്ടാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സൈബർ സെക്യൂരിറ്റി വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് എന്താണ് യാഥാർത്ഥ്യം എന്ന് മനസിലാക്കാൻ സാധിക്കാത്തിടത്തോളം ഈ റിപ്പോർട്ടുകൾ മുഖവിലയ്ക്ക് എടുക്കാനാവില്ല എന്നതാണ് വസ്തുത.