TMJ
searchnav-menu
post-thumbnail

Outlook

വിശ്വാസം, സമൂഹം, ധീരോദാത്തമായ ജനകീയ സമരങ്ങള്‍

13 Dec 2022   |   1 min Read
എന്‍ പ്രഭാകരന്‍

 

 

ടക്കന്‍ കേരളത്തിലെ അമ്മദേവതമാരില്‍ പലരും ആര്യത്തുനാട്ടില്‍ നിന്ന് മരക്കലമേറി വന്നവരാണ്. ചെറുകുന്നിലെ അന്നപൂര്‍ണേശ്വരി ദേവിയും മാടായിക്കാവിലച്ചിയും കളരിവാതുക്കല്‍ ഭഗവതിയുമെല്ലാം ഒന്നിച്ച് ഒരു മരക്കലത്തില്‍ വന്നവരാണ്. ചുഴലി ഭഗവതി വന്നതും അന്നപൂര്‍ണേശ്വരിയോടൊപ്പം തന്നെ. മരക്കലത്തിന് ഇന്നത്തെ നിലയ്ക്ക് കപ്പല്‍ എന്ന് അര്‍ത്ഥം പറയാം. ഇവരില്‍ മാടായിക്കാവിലച്ചി കോലത്തിരിമാരുടെ തായ്പരദേവതയാണ്. അതുകൊണ്ട് കോലത്തുനാട്ടിലെ മറ്റുകാവുകളില്‍ പലതും മാടായിക്കാവുമായി ഔപചാരികമായി അല്ലെങ്കില്‍ ആചാരപരമായി ബന്ധപ്പെട്ടാണ് അവിടങ്ങളിലെ മിക്ക ചടങ്ങുകളും തീരുമാനിക്കുന്നത്.

 

ആര്യത്തുനാടിന് കാശി എന്നും മറ്റും അര്‍ത്ഥം പറയാറുണ്ടെങ്കിലും ഉത്തരേന്ത്യ എന്ന് സാമാന്യമായി പറയുന്നതാവും കൂടുതല്‍ ശരി. മാടായിക്കാവിലും കളരിവാതുക്കലും മാമാനത്തമ്പലത്തിലുമെല്ലാം പിടാരന്മാരാണ് പൂജാരിമാര്‍. അവര്‍ ബ്രാഹ്മണരുടെ ഒരു വിഭാഗമായിട്ടാണ് കരുതപ്പെടുന്നത്. മത്സ്യവും മാംസവും മദ്യവും നിഷിദ്ധമല്ലാത്ത ഈ ബ്രാഹ്മണരുടെ പൂര്‍വ്വികര്‍ ആന്ധ്രയില്‍ നിന്ന് വന്നവരാണെന്നും, അല്ല ബംഗാളില്‍ നിന്നു വന്നവരാണെന്നും പറഞ്ഞുകേള്‍ക്കാറുണ്ട്. പിടാരന്മാര്‍ പൂജാദികര്‍മങ്ങള്‍ ചെയ്യുന്ന മാടായിക്കാവില്‍ കൗളാചാര പ്രകാരമാണ്പൂജ നിര്‍വ്വഹിക്കപ്പെടുന്നത്. ദേവിക്ക് മദ്യവും മാംസവും നിവേദിക്കും. ദിവസവും ദേവീവിഗ്രഹത്തില്‍ മദ്യത്തിലും മാംസത്തിലും വിരല്‍ മുക്കി തര്‍പ്പണം ചെയ്യും. കോഴിയറവ് കാവില്‍ പ്രധാനമാണ്. കോഴിയെയും തൂക്കി വരുന്ന ഭക്തന്മാര്‍ പണ്ടൊക്കെ പതിവു കാഴ്ചയായിരുന്നു. ഒരു ഘട്ടം വരെ ഇവിടെ ആടിനെയും അറുത്തിരുന്നു.

 

മാടായിക്കാവ് | Photo : prasoon kiran

 

ആര്യത്തുനാട്ടില്‍ നിന്നുവന്ന മത്സ്യമാംസങ്ങള്‍ കഴിക്കുന്ന ഏതോ വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണര്‍ പൂജാരികളായുള്ള കാവ് വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഭഗവതിക്കാവാണെന്നത് സംസ്കാരപഠിതാക്കളെ സംബന്ധിച്ചിടത്തോളം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന വസ്തുതയാണ്. നായര്‍, നമ്പ്യാര്‍, നമ്പൂതിരി, നമ്പീശന്‍, ഉണിത്തിരി, അമ്പലവാസി, പിടാരന്‍, മാരാര്‍, നായനാര്‍, തീയന്‍, അടിയോടി, മണിയാണി(കോലയാന്‍ മണിയാണി, എരുവാന്‍ മണിയാണി എന്നു രണ്ട് വിഭാഗം), വാണിയന്‍, വണ്ണത്താന്‍, ചാലിയന്‍, മലയന്‍, പുലയന്‍, വണ്ണാന്‍, വളിഞ്ചന്‍, കാദിയന്‍, നാദിയന്‍, പുള്ളുവന്‍, കൊല്ലന്‍, ആശാരി, ചക്കിളിയന്‍, കുശവന്‍, ചിങ്കത്താന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മുകയര്‍, കണിശന്‍, പൊതുവാള്‍, പള്ളിച്ചന്‍ നായര്‍, യോഗി, വള്ളുവര്‍, വേട്ടുവര്‍, കമ്മത്ത്, ഷേണായി, പൈ, മൂവാരി, കൊറഗര്‍, മറാട്ടികള്‍, മഡിഗ, കരിമ്പാലന്‍ എന്നിങ്ങനെ അനേകം ജാതിവിഭാഗങ്ങള്‍ വടക്കന്‍ കേരളത്തിലുണ്ട്. വയനാട് ജില്ലയെക്കൂടി കണക്കിലെടുത്താല്‍ ചെട്ടി, ആദിവാസി വിഭാഗങ്ങളായ പണിയര്‍, അടിയര്‍, കുറിച്യര്‍, കുറുമര്‍ (മുള്ളക്കുറുമര്‍, തേന്‍കുറുമര്‍ എന്നു രണ്ട് വിഭാഗം), കാട്ടുനായ്ക്കര്‍, ഊരാളി, നായാടി, തച്ചനാടന്‍ എന്നിങ്ങനെയുള്ളവര്‍ വേറെയും. പിന്നെ മുസ്ലീം, ക്രിസ്ത്യന്‍, ജൈന മതവിശ്വാസികളും. ഇവര്‍ക്കു പുറമെ ദളിത് ക്രൈസ്തവരും ആംഗ്ളോ ഇന്‍ഡ്യന്‍സും. ഇവരില്‍ ആദിവാസികളെയും പട്ടികജാതി വിഭാഗങ്ങളില്‍ പെടുന്നവരെയും പുള്ളുവര്‍ പോലുള്ളവരെയും മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും എവിടെ നിന്നു വന്നു, ഏതൊക്കെ ജാതികളുടെ മിശ്രണത്തില്‍ നിന്നുണ്ടായി എന്നീ കാര്യങ്ങളെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട്. കോലത്തിരിമാര്‍ പോലും ജാതിമിശ്രണത്തിലൂടെ ഉണ്ടായവരാണ് എന്ന് പറയപ്പെടുന്നുണ്ട്. തുളുനാട്ടില്‍ ഭൂതക്കോല (ഉത്തരകേരളത്തിലെ തെയ്യക്കോലവുമായി ഏറെ സാദൃശ്യമുള്ളത്) കെട്ടിയിരുന്നവരെ ‘കോലന്‍’എന്നാണ് പറഞ്ഞിരുന്നത്. പഴയ അള്ളട സ്വരൂപത്തിന്റെ ഭരണത്തിലായിരുന്ന രാജ്യത്തേക്ക് (കാഞ്ഞങ്ങാടിനടുത്തുള്ള മടിയന്‍ കൂലോം ആസ്ഥാനമായുള്ള നാട്ടുരാജ്യം) ഇവരില്‍ കുറേപേര്‍ കുടിയേറി. ബണ്ടുകളിലെ ‘കോല’വിഭാഗവും നായന്മാരിലെ കാലിമേയ്ക്കല്‍ തൊഴിലായുള്ള വിഭാഗവും (ഇടച്ചേരി) വിഭാഗവും ഏറെക്കുറെ തുല്യരാണ്. കോലത്തിരിമാരുടെ പൂര്‍വ്വികന്മാര്‍ ഇവര്‍ തന്നെയാകാം എന്ന സി.എം.എസ് ചന്തേരയുടെ അഭിപ്രായം ഉദ്ധരിച്ച ശേഷം ഈ നിഗമനം വംശങ്ങളുടെ താരതമ്യപഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫോക് ലോര്‍ സ്വന്തം നിലയില്‍ ഇതിനെ ശരിവെക്കുന്നുണ്ടെന്നും എ അയ്യപ്പന്‍ പറയുന്നുണ്ട് (The Personality of Kerala).

 

തലശ്ശേരിയില്‍ ഭരണത്തിന്റെ ആസ്ഥാനവും കണ്ണൂരില്‍ മിലിട്ടറി ആസ്ഥാനവുമുണ്ടായിരുന്ന ഇംഗ്ലീഷുകാര്‍ ഈ പ്രദേശങ്ങളിലെ ഒന്നിലധികം ജാതിവിഭാഗങ്ങളിലുള്ള പല സ്ത്രീകളുമായും ബന്ധപ്പെട്ട് അതില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. പല ആംഗ്ളോ ഇന്‍ഡ്യന്‍സിന്റെയും അമ്മമാര്‍ ഇന്ന സ്ഥലത്ത് ഇന്ന ജാതിയില്‍ ഉള്ള ഇന്നിന്ന ആളുകളായിരുന്നു എന്ന് ഓര്‍മ്മിച്ചു പറയുന്ന ചിലരെങ്കിലും ഇപ്പോള്‍ എണ്‍പത് പിന്നിട്ടവര്‍ക്കിടയിലുണ്ട്.

 

ഉത്തര കേരളത്തിലെ മണിയാണി എന്ന ജാതിയില്‍ പെട്ടവരിലെ കോലയാന്‍ മണിയാണി എന്ന വിഭാഗം നായന്മാരുടെ ഒരു ഉപജാതിയായിട്ടാണ് തങ്ങളെ കാണുന്നത്. തങ്ങള്‍ യാദവ വംശത്തില്‍പ്പെട്ടവരാണെന്നും തങ്ങളുടെ പൂര്‍വ്വികര്‍ ഉത്തരേന്ത്യയില്‍ നിന്ന് ആദ്യം തുളുനാട്ടിലും പിന്നീട് അല്ലടദേശത്തും പിന്നെ കോലത്തു നാട്ടിലും എത്തിയതാണ് എന്നുമുള്ള വിശ്വാസം അവരില്‍ ചിലര്‍ സൂക്ഷിക്കുന്നുണ്ട്. നമ്പൂതിരിമാരുടെ പൂര്‍വ്വികര്‍ പുറത്തുനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. (തന്റെ പൂര്‍വ്വ പിതാമഹന്മാര്‍ അഹിച്ഛത്രത്തില്‍ നിന്ന് ആദ്യം കര്‍ണാടക നാട്ടിലും പിന്നെ കേരളത്തിലും എത്തിയവരാണെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ‘പിതൃയാനം’ എന്ന കവിതയില്‍ പറയുന്നത് സാന്ദര്‍ഭികമായി ഓര്‍മ്മിക്കാം). നമ്പൂതിരിമാര്‍ക്ക് പണ്ട് സംബന്ധം അനുവദനീയമായിരുന്നതുകൊണ്ട് മറ്റ് ഉയര്‍ന്ന ജാതിക്കാരില്‍ അവര്‍ക്ക് സന്തതികളുണ്ടായിരുന്നു എന്ന് ന്യായമായും കരുതുകയും ചെയ്യാം. തലശ്ശേരിയില്‍ ഭരണത്തിന്റെ ആസ്ഥാനവും കണ്ണൂരില്‍ മിലിട്ടറി ആസ്ഥാനവുമുണ്ടായിരുന്ന ഇംഗ്ലീഷുകാര്‍ ഈ പ്രദേശങ്ങളിലെ ഒന്നിലധികം ജാതിവിഭാഗങ്ങളിലുള്ള പല സ്ത്രീകളുമായും ബന്ധപ്പെട്ട് അതില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. പല ആംഗ്ളോ ഇന്‍ഡ്യന്‍സിന്റെയും അമ്മമാര്‍ ഇന്ന സ്ഥലത്ത് ഇന്ന ജാതിയില്‍ ഉള്ള ഇന്നിന്ന ആളുകളായിരുന്നു എന്ന് ഓര്‍മ്മിച്ചു പറയുന്ന ചിലരെങ്കിലും ഇപ്പോള്‍ എണ്‍പത് പിന്നിട്ടവര്‍ക്കിടയിലുണ്ട്. വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ തീയന്മാരെ കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു കാര്യം നോക്കുക: “യൂറോപ്യന്മാരോടൊത്ത് താമസിക്കുന്ന തിയ്യ സ്ത്രീകള്‍ക്ക് സമുദായം ഭ്രഷ്ട് കല്‍പിക്കാറില്ല. ഇതിന്റെ ഫലമായി തീയ്യര്‍ക്കിടയില്‍ യൂറോപ്യന്‍ രക്തത്തിലുണ്ടായ സങ്കര സന്താനങ്ങളുടെ എണ്ണം ധാരാളമാണ്.” ഇപ്പോഴത്തെ തീയന്മാര്‍ ദ്വീപില്‍ നിന്ന് അതായത് ശ്രീലങ്കയില്‍ നിന്ന് വന്നവരുടെ പല തലമുറകള്‍ക്കിപ്പുറമുള്ളവരാണെന്നും ‘ദ്വീപന്‍’ എന്ന വാക്കാണ് തീയന്‍ എന്നായിത്തീര്‍ന്നതെന്നും പറയുന്നവരുണ്ട്. തീയരുടെ ഉല്‍പത്തി ആര്യവംശത്തിലാണെന്നും ഇപ്പോഴത്തെ കിര്‍ഗിസ്ഥാനില്‍ നിന്ന് വന്നവരാണ് തീയരുടെ ആദിമാതാപിതാക്കളെന്നുമാണ് ഡോ.ശ്യാമളന്‍ നെല്ലിയാട്ടിന്റെ അഭിപ്രായം.

 

വില്ല്യം ലോഗന്‍, 1951 ൽ പ്രസിദ്ധീകരിക്കപ്പെട്ട മലബാർ മാന്വലിന്റെ പുറംതാൾ | wiki commons

 

ക്രീറ്റ് ദ്വീപ്, പോളിനേഷ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മലയാളികളുടെ വിശേഷിച്ചും മലബാര്‍ മലയാളികളുടെ പൂര്‍വ്വികരില്‍ ഉണ്ടെന്ന് പലരും കരുതുന്നുണ്ട്. ഇതില്‍ ഒമാനിലുള്ളവര്‍ ചില ഫോക് ആരാധനാ രീതികളുടെയും നാടന്‍പാട്ടുകളുടെയും കാര്യത്തില്‍ വടക്കരുമായും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുടകരുമായും അടുത്ത സാദൃശ്യം പുലര്‍ത്തുന്നുണ്ടെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. നരവംശ ശാസ്ത്രം, സാംസ്കാരപഠനം, ഫോക് ലോര്‍, ചരിത്രം ഈ ജ്ഞാനശാഖകളിലെ പഠനത്തിന്റെ രീതിശാസ്ത്രങ്ങളെ സമന്വയിപ്പിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ ആ സാദൃശ്യം ഏതളവു വരെ ഉണ്ടെന്ന് കൃത്യമായി പറയാനാവൂ.

 

കാസർഗോഡ് ‘സപ്തഭാഷാ സംഗമ ഭൂമി’ എന്നാണ് അറിയപ്പെടുന്നത്. മലയാളം, തുളു, കന്നട, മറാഠി, ബ്യാരി, കൊങ്കണി, ഉര്‍ദു ഭാഷകളെല്ലാം സംസാരിക്കപ്പെടുന്ന ഇടമാണിത്. കാസര്‍ഗോഡിന്റെ വലിയൊരു ഭാഗവും മഞ്ചേശ്വരവും മാത്രമാണ് സപ്തഭാഷാ സംഗമഭൂമി എന്നു പറയാവുന്ന ഇടം. കാഞ്ഞങ്ങാടെത്തുമ്പോഴേക്കും ഈ ഭാഷാവൈവിധ്യം നാമമാത്രമായിത്തീരും. എങ്കിലും തുളുവിനെ കൂടി തങ്ങളുടെ ഭാഷയായി കരുതുന്ന മലയാളികള്‍ കാസര്‍ഗോഡ് മാത്രമല്ല കാഞ്ഞങ്ങാടും ഉണ്ട്. ആദ്യത്തെ തുളു-മലയാളം നിഘണ്ടു തയ്യാറാക്കിയതും അനേകം തുളുനാടന്‍ പാട്ടുകള്‍ സമാഹരിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ‘ഭൂജികെമ്മൈരാ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും കണ്ണൂര്‍ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ്സിലെ മലയാള വകുപ്പ് മേധാവിയായിരുന്ന ഡോ. എം എം ശ്രീധരന്‍ ആണ്.

 

ഒരു ഘട്ടം വരെ വടക്കന്‍ കേരളത്തില്‍ വിവിധജാതിമതവിഭാഗങ്ങളും അന്യദേശക്കാരും തമ്മില്‍ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. അതിന്റെ ഗുണം പൊതുവെ വടക്കുള്ളവരിലുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനബോധം കൊണ്ടുനടക്കുന്നവര്‍ ഇവിടെ വളരെ കുറവാണ്. ചുരുക്കം ചിലര്‍ക്കൊക്കെ അതുണ്ടായാലും മറ്റുള്ളവര്‍ അത് വകവെച്ചുകൊടുക്കാറില്ല.

 

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ആദ്യമായി പോയിത്തുടങ്ങിയത് കണ്ണൂര്‍, കാസർഗോഡ്, മലപ്പുറം ജില്ലക്കാരാണ്. മറ്റു ജില്ലകളിലുള്ളവരും ഈ കാലത്തു തന്നെ ഗള്‍ഫ് നാടുകളുമായുള്ള ബന്ധം ആരംഭിച്ചിരിക്കാം. പക്ഷേ, എണ്ണത്തില്‍ അവര്‍ വളരെ പുറകെയായിരിക്കാനേ സാധ്യതയുള്ളൂ. ആറുദശകത്തോളം മുമ്പ് ആരംഭിച്ച വടക്കന്‍മാരുടെ ബന്ധം ഗള്‍ഫ് നാടുകള്‍ക്ക് പലതും സംഭാവന ചെയ്തിട്ടുണ്ട്. തിരിച്ചിങ്ങോട്ട് ഉത്തരകേരളത്തിന്റെ ജീവിതത്തില്‍ വലിയ ഇടപെടലുകള്‍ നടത്താനുള്ള സാമ്പത്തികശേഷി ഗള്‍ഫ് മലയാളികള്‍ക്ക് കൈവരികയും ചെയ്തു. കേരളത്തിന്റെയാകെ സാമ്പത്തികശേഷിയില്‍തന്നെ ഗള്‍ഫ് പണം വരുത്തിയ അനുകൂലമാറ്റങ്ങള്‍ വളരെ വലുതാണ്.

 

ഗള്‍ഫ് മലയാളികളുടെ സാംസ്കാരിക ജീവിതത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ചിലരെ ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കാം. എ കെ മൂസമാസ്റ്റര്‍, കെ കെ മൊയ്തീന്‍ കോയ, ഭാരതീദേവി, കെ പി കെ വെങ്ങര, സത്യഭാമ എന്നിവരാണവര്‍. ഇപ്പോള്‍ പ്രവാസി വെല്‍ഫെയര്‍ ആന്‍റ ഡവലപ്മെന്റ് കോ ഓപ്പറേറീവ് സൊസൈറ്റിയുടെ പ്രസിഡന്റും കൈരളി ടി.വിയുടെ ഡയറക്ടര്‍മാരിലൊരാളും അബുദാബി ശക്തി അവാര്‍ഡിന്റെ കണ്‍വീനര്‍മാരിലൊരാളുമായ എ കെ മൂസമാസ്റ്റര്‍ വര്‍ഷങ്ങളോളം അബൂദാബിയിലെ വിദ്യാഭ്യാസമേഖലയിലും അവിടത്തെ മലയാളികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും വലിയ പങ്കുവഹിച്ചയാളാണ്. പരേതയായ ഭാരതീദേവി ഒമാനില്‍ സലാല പാക്കിസ്ഥാന്‍ കോളേജ് പ്രിന്‍സിപ്പാളായും ഒമാന്‍ എഫ്.എം.റേഡിയോയിലെ ഇംഗ്ലീഷ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. റാസല്‍ഖൈമ റേഡിയോയിലെ മലയാളം പ്രക്ഷേപകരെന്ന നിലയ്ക്ക് ഗള്‍ഫ് മലയാളികള്‍ക്ക് സുപരിചിതരായിരുന്നു മൊയ്തീന്‍ കോയയും കെ.പി.കെ.വെങ്ങരയും സത്യഭാമയും. കെ.പി.കെയുടെ ശബ്ദത്തിന്റെ ഗാംഭീര്യത്തെയും സത്യഭാമയുടെ ശബ്ദത്തിന്റെ മാധുര്യത്തെയും ഗള്‍ഫ് മലയാളികള്‍ ആവേശപൂര്‍വ്വമാണ് ഇപ്പോഴും ഓര്‍മ്മിക്കുന്നത്. വടക്കന്‍ മലയാളത്തിന്റെ ലാളിത്യവും അനൗപചരികതയുമാണ് റാസല്‍ഖൈമ റേഡിയോയിലെ മലയാളം പ്രക്ഷേപണത്തെ ഏറെ ആകര്‍ഷകമാക്കിയത് എന്നാണ് അവരില്‍ ചിലര്‍ പറഞ്ഞത്.

 

കെ കെ മൊയ്തീന്‍ കോയ | photo : facebook

 

ഒരു കാലത്ത് ഫോറിന്‍ എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളായിരുന്നു വടക്കന്‍ മലയാളികള്‍ക്ക്. ഫോറിന്‍ സാധനങ്ങള്‍ എന്നാല്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവര്‍ കൊണ്ടുവരുന്ന സാധനങ്ങളും. അത്രയുമേറെ ആളുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി അന്നേ എത്തിക്കഴിഞ്ഞിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിയുമ്പോഴേക്കു തന്നെ പലരെയും ഗള്‍ഫ് മോഹം പിടികൂടും. വളരെ ഭേദപ്പെട്ട വരുമാനമാണ് എല്ലാവരെയും അങ്ങോട്ടാകര്‍ഷിച്ചത്. ഗള്‍ഫ് ഭരണകൂടങ്ങള്‍ മലയാളികളോട് പൊതുവെ വളരെ സൗഹാര്‍ദ്ദപൂര്‍ണമായ സമീപനം സ്വീകരിച്ചിരുന്നതുകാരണം അങ്ങോട്ട് പോയവര്‍ക്ക് പ്രയാസങ്ങളൊന്നും ഉണ്ടായില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോവും മുമ്പ് പല വടക്കന്മാരും പോയിരുന്നത് മലേഷ്യ, സിംഗപ്പൂര്‍, പേര്‍ഷ്യ എന്നിവിടങ്ങളിലേക്കാണ്. ഈ വിദേശബന്ധവും വടക്കന്മാര്‍ക്കു മാത്രം അവകാശപ്പെടാവുന്നതല്ല. പക്ഷേ, വര്‍ഷങ്ങളായുള്ള അവിടത്തെ താമസത്തിനു ശേഷം നാട്ടിൽ വന്ന് മടങ്ങിപ്പോവുന്നവരും ദീര്‍ഘകാലം അവിടെ കഴിഞ്ഞ് സ്ഥിരതാമസം നാട്ടില്‍ത്തന്നെയാക്കാനായി തിരിച്ചു നാട്ടില്‍ വന്നവരും താരതമ്യേന വടക്കന്‍ കേരളത്തില്‍ത്തന്നെയായിരിക്കാം കൂടുതല്‍. വിദേശരാജ്യങ്ങള്‍ക്കു പുറമെ അന്യസംസ്ഥാനങ്ങളിലേക്കും ധാരാളം വടക്കന്മാര്‍ നേരത്തെ തന്നെ തൊഴില്‍ തേടി പോയിരുന്നു. മംഗലാപുരം, ഷിമോഗ, ബാംഗ്ളൂര്‍, മദിരാശി (ചെന്നൈ), കോയമ്പത്തൂര്‍, സേലം, ബോംബെ (മുംബൈ), കല്‍ക്കത്ത (കൊല്‍ക്കത്ത) എന്നീ നഗരങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പോയത്. പതിനഞ്ച് വര്‍ഷം മുമ്പ് കല്‍ക്കൊത്തയിലെ ബെഹാലെ എന്ന് സ്ഥലത്ത് മലയാളികളുടെ ഒരു സാംസ്കാരിക പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. തളിപ്പറമ്പുകാരുടെ ഒരു കൂട്ടായ്മ കല്‍ക്കത്തയിലുണ്ടെന്ന കാര്യം അവിടെ നിന്നാണ് മനസ്സിലായത്.

 

ഒരു ഘട്ടം വരെ വടക്കന്‍ കേരളത്തില്‍ വിവിധജാതിമതവിഭാഗങ്ങളും അന്യദേശക്കാരും തമ്മില്‍ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. അതിന്റെ ഗുണം പൊതുവെ വടക്കുള്ളവരിലുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനബോധം കൊണ്ടുനടക്കുന്നവര്‍ ഇവിടെ വളരെ കുറവാണ്. ചുരുക്കം ചിലര്‍ക്കൊക്കെ അതുണ്ടായാലും മറ്റുള്ളവര്‍ അത് വകവെച്ചുകൊടുക്കാറില്ല. വളപട്ടം പുഴക്കപ്പുറം പോയാല്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ ചെറുപട്ടണങ്ങളും വാഹനത്തിരക്കും വ്യാപാരത്തിരക്കും മറ്റും കുറച്ചൊക്കെ ഉണ്ടെങ്കിലും പട്ടണത്തിന്റെ സ്വഭാവം കൈവരിക്കാന്‍ മടിച്ചു നില്‍ക്കുന്ന പഴയങ്ങാടി, വളപട്ടണം, പിലാത്തറ, കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളും ഉണ്ട്. മൊത്തത്തില്‍ അവിടങ്ങളിലെല്ലാം ഗ്രാമസംസ്കാരത്തിന്റെ സ്വഭാവവിശേഷങ്ങള്‍ തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമീണ ജീവതത്തിന്റെ അടിസ്ഥാന തത്വം അന്യോന്യത (reciprocity)യാണെന്ന് എം എന്‍ ശ്രീനിവാസ് പറയുന്നുണ്ട്. അന്യോന്യത എന്നാല്‍ പരസ്പരാശ്രിതത്വം തന്നെ. ജാതി നിലനില്‍ക്കെത്തന്നെ, പല തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ അന്യോന്യം സഹകരിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടുപോവൂ എന്ന് എല്ലാ ജാതിക്കാര്‍ക്കും മുമ്പേ തന്നെ അറിയാമായിരുന്നു. എല്ലാവരുടെയും മനസ്സില്‍ ആ അറിവ് ആഴത്തില്‍ വേരോടിയിരുന്നു. വ്യത്യസ്ത ജാതികള്‍ക്കിടയിലും മതവിഭാഗങ്ങള്‍ക്കിടയിലും സാധാരണഗതിയില്‍ സംഘര്‍ഷമുണ്ടാകാതിരിക്കുന്നത് പരസ്പരാശ്രിതത്വത്തെക്കുറിച്ചുള്ള ഈ ബോധം കൊണ്ടു തന്നെ.

 

മാര്‍ച്ച് 28 ന് പോലീസ് മര്‍ദ്ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ചുകൊണ്ട് അവര്‍ നടത്തിയ ജാഥയുടെ മുന്നില്‍ പെട്ടുപോയ മര്‍ദ്ദകവീരനായ സുബ്രായന്‍ എന്ന പോലീസുകാരനെ അവര്‍ ചെങ്കൊടിയും കയ്യില്‍ പിടിപ്പിച്ച് കുറച്ചു ദൂരം ജാഥയ്ക്കൊപ്പം നടത്തിച്ചു. ഒടുവില്‍ രക്ഷപ്പെടാനായി അയാള്‍ പുഴയില്‍ ചാടി. അടുത്ത ദിവസം മുതല്‍ പോലീസിന്റെ അതിഭീകരമായ മര്‍ദ്ദനവും മറ്റു നടപടികളും ആരംഭിച്ചു.

 

വടക്കന്‍ കേരളത്തിന്റെ സാംസ്കാരികജീവിതത്തിന്റെ രൂപീകരണത്തില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത് അവിസ്മരണീയമായ ചില സമരങ്ങളും രാഷ്ട്രീയ സംഭവങ്ങളുമാണ്. അധ്യാപക സംഘനയുടെയും ഓരോ കാലത്ത് രൂപപ്പെട്ട് കുറച്ചുകാലം പ്രവര്‍ത്തിച്ച് പിന്നെ ഇല്ലാതായ സാംസ്കാരികക്കൂട്ടായ്മകളുടെയും യുക്തിവാദി സംഘത്തിന്റെയുമെല്ലാം സംഭാവനകളും വലുതാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആധ്യക്ഷ്യം വഹിച്ചതും ആദ്യമായി പൂര്‍ണസ്വരാജ് പ്രമേയം അവതരിപ്പിച്ചതുമായ കോണ്‍ഗ്രസ്സിന്റെ പയ്യന്നൂര്‍ സമ്മേളനം (1928),1930 ല്‍ കേളപ്പജി നേതൃത്വം നല്‍കി പയ്യന്നൂരിലെ ഉളിയത്തു കടവില്‍ നടന്ന ഉപ്പുസത്യഗ്രഹം, 1934 ജനവരി 12 ന് ഗാന്ധിജി പയ്യന്നൂരില്‍ പ്രസംഗിച്ചത്, സ്വാമി ആനന്ദതീര്‍ത്ഥന്റെ ആശ്രമത്തില്‍ മഹാത്മജി മാവ് നട്ടത്, 1942 ഒക്ടോബര്‍ 2 ന് ടി സി വി കുഞ്ഞിക്കണ്ണപ്പൊതുവാളും സഹായികളും ചേര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തില്‍ കെട്ടിയിരുന്ന യൂനിയന്‍ ജാക്ക് വലിച്ചുനീക്കി പകരം ത്രിവര്‍ണപതാകയുയര്‍ത്തിയത് എല്ലാം ദേശീയ പ്രസ്ഥാനത്തിന് വടക്കന്‍ കേരളത്തില്‍ ജനപിന്തുണയുണ്ടാവുന്നതിന് വലിയ തോതില്‍ സഹായിച്ച സംഭവങ്ങളാണ്.

 

നാല്പതുകളുടെ ആദ്യവര്‍ഷങ്ങളില്‍ ജന്മിത്വത്തിനും സാമ്രാജ്യത്തിനുമെതിരായി നടന്ന സമരങ്ങളാണ് പിന്നാലെ വരുന്നത്. കര്‍ഷകരെയും ബഹുജനങ്ങളെയും ഈ സമരങ്ങളില്‍ അണിനിരത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചത് കര്‍ഷകസംഘം നേതാക്കളും കമ്യൂണിസ്റ്റു നേതാക്കളുമാണ്. മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍കുന്ന്, കാവുമ്പായി എന്നിവിടങ്ങളിലെല്ലാം ജന്മിമാര്‍ക്കും അധികാരികള്‍ക്കും എതിരായ വമ്പിച്ച ജനമുന്നേറ്റങ്ങളുണ്ടായി. ഈ ജനകീയ പ്രക്ഷോഭങ്ങളെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഏടുകള്‍ തന്നെയാണെങ്കിലും രാജ്യവ്യാപകമായി ഏറ്റവുമധികം ജനശ്രദ്ധ നേടിയത് മൊറാഴ സംഭവവും കയ്യൂര്‍ സമരവുമാണ്. 1940 സപ്തംബര്‍ 15 നാണ് മൊറാഴ സംഭവം. ഈ ദിവസം മലബാറില്‍ സാമ്രാജ്യത്വവിരുദ്ധദിനമായി ആചരിക്കാന്‍ കെപിസിസി ആഹ്വാനം ചെയ്തു. ഹൈക്കമാന്റ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയില്ലെങ്കിലും കമ്യൂണിസ്റ്റുകാരും കര്‍ഷകസംഘം പ്രവര്‍ത്തകരും അവരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ജനങ്ങളും അത് വകവെക്കാതെ മൊറാഴയില്‍ വിഷ്ണുഭാരതീയന്‍, കെപിആര്‍ ഗോപാലന്‍, അറാക്കല്‍ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഥയായി എത്തി. അപ്പോഴേക്കും പോലീസ് പാര്‍ട്ടിയും അവിടെ എത്തിയിരുന്നു. വിഷ്ണുഭാരതീയന്‍ അധ്യക്ഷനായി പ്രതിഷേധ സമ്മേളനം ആരംഭിക്കുമ്പോഴേക്കുതന്നെ എസ്.ഐ. കുട്ടികൃഷ്ണമേനോന്‍ ആളുകളോട് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു. നേതാക്കളും ജനങ്ങളും നിര്‍ഭയരായി നിന്ന് പരിപാടി തുടരുകയാണെന്ന് കണ്ടതോടെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. തിരിച്ച് ആള്‍ക്കൂട്ടം പോലീസിനു നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജ് പോലെത്തന്നെ കല്ലേറും രൂക്ഷമായിരുന്നു. എന്താണ് സംഭവിക്കുന്നുവെന്ന് ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നതിനു മുമ്പു തന്നെ കു‍ട്ടികൃഷ്ണമേനോന്‍ കൊല്ലപ്പെട്ടു. കല്ലേറില്‍ സാരമായ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ ഗോപാലന്‍ അന്നുരാത്രി ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. 38 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. മദ്രാസ് ഹൈക്കോടതി കെ പി ആറിനെ തൂക്കിക്കൊല്ലാനും അറാക്കല്‍ കുഞ്ഞിരാമന്‍, ടി രാഘവന്‍ നമ്പ്യാര്‍, എം ഇബ്രാഹിം, പി വി അച്യുതന്‍ നമ്പ്യാര്‍, വി പി നാരായണന്‍ എന്നിവരെ ജീവപര്യന്തത്തിനും ശിക്ഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല ഉന്നത രാഷ്ട്രീയനേതാക്കളും ഒടുവില്‍ മഹാത്മാഗാന്ധി തന്നെയും കെ പി ആറിനെ വധശിക്ഷയ്ക്കു വിധിക്കാന്‍ തീരുമാനിച്ചതിനെതിരെ രംഗത്തു വന്നു. അങ്ങനെ ആ വധശിക്ഷാവിധി പിന്‍വലിക്കേണ്ടി വന്നു.

 

കെ പി ആര്‍ ഗോപാലന്‍ (ഇടത്)

 

1941 മാര്‍ച്ച് 28 നാണ് കയ്യൂര്‍ സംഭവം നടന്നത്. ബ്രിട്ടീഷ് ഭരണത്തിനും ജന്മത്വത്തിനും എതിരെ ഉണര്‍ന്നു കഴിഞ്ഞിരുന്ന കയ്യൂരിലെ കര്‍ഷകര്‍ ജന്മിമാരില്‍ നിന്നും ഭരണകൂടത്തിന്റെ കാവല്‍ക്കാരായ പോലീസുകാരില്‍ നിന്നും പല വിധത്തിലുള്ള ഉപദ്രവങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. മാര്‍ച്ച് 28 ന് പോലീസ് മര്‍ദ്ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ചുകൊണ്ട് അവര്‍ നടത്തിയ ജാഥയുടെ മുന്നില്‍ പെട്ടുപോയ മര്‍ദ്ദകവീരനായ സുബ്ബരായന്‍ എന്ന പോലീസുകാരനെ അവര്‍ ചെങ്കൊടിയും കയ്യില്‍ പിടിപ്പിച്ച് കുറച്ചു ദൂരം ജാഥയ്ക്കൊപ്പം നടത്തിച്ചു. ഒടുവില്‍ രക്ഷപ്പെടാനായി അയാള്‍ പുഴയില്‍ ചാടി. അടുത്ത ദിവസം മുതല്‍ പോലീസിന്റെ അതിഭീകരമായ മര്‍ദ്ദനവും മറ്റു നടപടികളും ആരംഭിച്ചു. ഒരു മാസത്തിനുശേഷം 61 പേരെ പ്രതികളാക്കി പോലീസ് കേസ് ചാര്‍ജ് ചെയ്തു. ഈ കേസില്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബൂബക്കര്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ എന്നിവരെ വധശിക്ഷിക്കു വിധിച്ചു. മൈനര്‍ ആയിരുന്നതുകൊണ്ട് കൃഷ്ണന്‍ നായരെ ബോസ്റ്റല്‍ സ്കൂളിലേക്കയച്ചു. മറ്റുള്ള നാലുപേരെയും 1943 മാര്‍ച്ച് 29 ന് രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അപ്പോള്‍ മൂവായിരത്തോളം പേര്‍ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ തടിച്ചുകൂടിയിരുന്നു. വധശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി സി ജോഷി കൃഷ്ണപിള്ളയ്ക്കൊപ്പം ജയിലില്‍ പോയി കയ്യൂര്‍ സഖാക്കളെ കാണുകയുണ്ടായി.

 

മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍ സംഭവങ്ങള്‍ക്കും നേരത്തെ പരാമര്‍ശിച്ച മറ്റു സംഭവങ്ങള്‍ക്കും പുറമേ ഉദിനൂര്‍, തിമിരി, മടിക്കൈ ബേളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വിളകൊയ്ത്ത് സമരങ്ങളും കാടകം വനസത്യഗ്രഹം ഉള്‍പ്പെടെയുള്ള അനേകം ജനകീയ പ്രക്ഷോഭങ്ങളുമാണ് വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വലിയൊരു രാഷ്ട്രീയ ശക്തിയാക്കി വളര്‍ത്തിയത്. ഈ സമരങ്ങളില്‍ പലതിലും കോണ്‍ഗ്രസ്സുകാര്‍ ജന്മിമാരുടെയും ഭരണകൂടത്തിന്റെയും പക്ഷം ചേര്‍ന്നു നില്‍ക്കുകയോ സൂത്രത്തില്‍ ഒഴിഞ്ഞുമാറുകയോ ആണ് ചെയ്തത്. 1950 മെയ് നാലിന് പാടിക്കുന്നില്‍ കര്‍ഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരായിരുന്ന കെ കുട്ട്യപ്പ, കെ കെ രൈരുനമ്പ്യാര്‍, എം വി ഗോപാലന്‍ നമ്പ്യാര്‍ എന്നിവരെ പോലീസ് വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ്സുകാരുടെ ഒത്താശയോടെയാണ്. ഇത്തരം സംഭവങ്ങളാണ് വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ജനവികാരമുയരാന്‍ കാരണമായത്. ജന്മിമാര്‍ അവരുടെ കുടുംബത്തിന്റെ ആവശ്യത്തിനായി പത്തായത്തില്‍ സൂക്ഷിച്ചിരുന്ന നെല്ല് കുറേപേര്‍ കൂട്ടമായി വന്ന് എടുത്തുകൊണ്ടുപോയ സംഭവങ്ങളെയാണ് കയ്യൂര്‍, കരിവെള്ളൂര്‍ എന്നൊക്കെ പറഞ്ഞ് മഹത്വവല്‍ക്കരിക്കുന്നത് എന്ന് പറയാന്‍ മടിയില്ലാത്തവരായി പലരും ഇന്നും കോണ്‍ഗ്രസ്സിലുണ്ട്.

 

ജനങ്ങള്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുന്നതിലും അവരുടെ ചരിത്രബോധം സജീവമാക്കി നിര്‍ത്തുന്നതിലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുലര്‍ത്തിയ അലംഭാവം അത്രയും തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലക്കാലത്തിനിടയിലാണ് രാഷ്ട്രീയ മറവിരോഗം ജനങ്ങളെ രൂക്ഷമായി ബാധിച്ചു തുടങ്ങിയത്. ഇതുണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരും മറ്റു പുരോഗമനവാദികളും അത് തീര്‍ച്ചയായും മനസ്സിലാക്കുക തന്നെ വേണം.

 

അനേകം പേര്‍ ജീവന്‍ കൊടുത്തും മറ്റുള്ളവര്‍ ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയും നടത്തിയ ഐതിഹാസികമായ സമരങ്ങളുടെ ഓര്‍മയ്ക്ക് വടക്കന്‍ കേരളത്തിന്റെ ജനമനസ്സില്‍ വല്ലാതെ നിറം കെട്ടുപോയിരിക്കയാണ്. കയ്യൂര്‍ സംഭവത്തെ വിഷയമാക്കി നിരഞ്ജന എഴുതിയതും ഒരു കാലത്ത് യുവജനങ്ങള്‍ ആവേശപൂര്‍വ്വം വായിച്ചിരുന്നതുമായ ‘ചിരസ്മരണ’ എന്ന ഗംഭീരമായ നോവല്‍ പോലും പുതുതലമുറയുടെ സാഹിത്യചര്‍ച്ചകളില്‍ ഇപ്പോള്‍ ഇടം നേടാറില്ല. ജനനേതാക്കളില്‍ എ കെ ജി, എ വി കുഞ്ഞമ്പു എന്നിങ്ങനെ ഏതാനും പേരേ ഓര്‍മ്മയില്‍ ജീവസ്സോടെ നില്‍ക്കുന്നുള്ളൂ. കവി ടി എസ് തിരുമുമ്പിനെയും ആളുകള്‍ ഏതാണ്ട് മറന്ന മട്ടാണ്. ആഗോളവല്‍ക്കരണം വഴി വന്നെത്തിയ പുതിയ ജീവിതബോധവും മൂല്യസങ്കല്‍പങ്ങളും തീര്‍ച്ചയായും അതിന് കാരണമായിട്ടുണ്ട്. ജനങ്ങള്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുന്നതിലും അവരുടെ ചരിത്രബോധം സജീവമാക്കി നിര്‍ത്തുന്നതിലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുലര്‍ത്തിയ അലംഭാവം അത്രയും തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലക്കാലത്തിനിടയിലാണ് രാഷ്ട്രീയ മറവിരോഗം ജനങ്ങളെ രൂക്ഷമായി ബാധിച്ചു തുടങ്ങിയത്. ഇതുണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരും മറ്റു പുരോഗമനവാദികളും അത് തീര്‍ച്ചയായും മനസ്സിലാക്കുക തന്നെ വേണം.

 

 

 

 

 

 

 

 

Leave a comment
RELATED