TMJ
searchnav-menu
post-thumbnail

Outlook

ഭാരത് ജോഡോ യാത്ര - നഷ്ടപ്രതാപത്തിലേക്ക് നടന്നെത്തുമോ കോണ്‍ഗ്രസ്സ് ?

12 Sep 2022   |   1 min Read
Dr. Ashraf Valoor

PHOTO: WIKI COMMONS

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയെന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് പ്രയാണം തുടങ്ങിയിരിക്കുകയാണ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്സിനെയും കോണ്‍ഗ്രസ് ആശയാദര്‍ശങ്ങളെയും പുനഃരുജ്ജീവിപ്പിക്കാനുള്ള മഹാ ദൗത്യവുമായാണ് 3570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത പര്യടനം. ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്കുള്ള രാഹുലിന്റെ യാത്ര. ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിട്ട് രാജ്യത്തിന്റെ ഭരണാധികാരത്തിലേക്ക് കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് ഈ യാത്ര വഴിയൊരുക്കുമോ എന്നത് കാത്തിരുന്ന് കാണണം. പക്ഷേ കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവന ദൗത്യത്തിലെ ഒരു സുപ്രധാന ഘട്ടമായിരിക്കും ഭാരത് ജോഡോ യാത്ര എന്നതില്‍ തര്‍ക്കത്തിനിടയില്ല.

പ്രതിസന്ധികളുടെ നടുക്കടല്‍

2014 മുതല്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഉറപ്പായതോടെ അധികാരത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയുള്ള നേതാക്കളുടെ ഒന്നിനു പിറകെ ഒന്നായുള്ള കൊഴിഞ്ഞുപോക്ക്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അതിഭീകരമായ കടന്നു കയറ്റത്തിന് മുന്നില്‍ ദുര്‍ബലമായ പ്രത്യയശാസ്ത്ര ഭദ്രത, അനുദിനം ദുര്‍ബലമാകുന്ന സംഘടനാ സംവിധാനം, എല്ലാറ്റിനും പിറകെ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വ യോഗ്യതപോലും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്ന ഉള്‍പ്പാര്‍ട്ടി ഭിന്നതകള്‍. ഇങ്ങനെ പ്രതിസന്ധികളുടെ നടുക്കയത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ചെറിയ ഇടവേളകളൊഴിച്ചാല്‍ 1947 മുതല്‍ 2014 വരെ കേന്ദ്രഭരണവും രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളുടെ അധികാരവും കയ്യാളിയ പാര്‍ട്ടി ശോഷിച്ച് ശോഷിച്ച് രണ്ടേ രണ്ട് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഛത്തീസ് ഗഡും രാജസ്ഥാനുമപ്പുറം ഒരിടത്തും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്ല. ഡല്‍ഹിയും കടന്ന് പഞ്ചാബില്‍ കൂടി ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചതോടെ രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന പദവി പോലും ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ലോക്‌സഭയില്‍ കേവലം 53 എം പിമാര്‍ മാത്രമാണ് കോണ്‍ഗ്രസ്സ് ബെഞ്ചിലുള്ളത്. രാജ്യസഭയിലും രണ്ടാം കക്ഷിയായി മാറി.

രാഹുല്‍ ഗാന്ധി | PHOTO: PTI

ഇതിനെല്ലാം അപ്പുറത്താണ് സംഘടനാ പ്രതിസന്ധി. പാര്‍ട്ടിക്ക് ഒരു സ്ഥിരം അധ്യക്ഷനില്ലാതായിട്ട് വര്‍ഷങ്ങളായി. എ.ഐ.സി.സി. ആസ്ഥാനം നാഥനില്ലാക്കളരിയായെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. നേതൃത്വ പ്രതിസന്ധി പരിഹരിക്കാനുള്ള മാരത്തോണ്‍ ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. ഈ പതിതാവസ്ഥയില്‍ മനം മടുത്ത് മുതിര്‍ന്ന നേതാക്കള്‍പോലും പാര്‍ട്ടിയെ കൈവിട്ട് മറ്റിടങ്ങളിലേക്ക് കൂടുമാറുന്നു. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ നേതൃവൈഭവം പരസ്യമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിക്കെല്ലാമുള്ള ദിവ്യ ഔഷധം തേടിയാണ് കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ മഹായാനമെന്നാണ് വലിയൊരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ഭാരത് ജോഡാ യാത്ര കോണ്‍ഗ്രസ്സ് ജോഡോ യാത്ര കൂടിയാണെന്ന മുതിര്‍ന്ന നേതാവ് ശശി തരൂരിന്റെ വാക്കുകളിലുണ്ട് ഈ പ്രതീക്ഷയുടെ ആകെത്തുക.

തിരിച്ചുവരവ് ബാലികേറാമലയല്ല

ഇനിയൊരു തിരിച്ചുവരവിന് വിദൂരസാധ്യത പോലുമില്ലാത്ത വിധം ഇന്ത്യന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസ്സ് അപ്രസക്തമായിട്ടുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ഇല്ല എന്ന് തന്നെയാണ് ഉത്തരം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രകടനവും നിയമനിര്‍മ്മാണ സഭകളിലെ അംഗബലവും മാത്രം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ സംഘടനയുടെയോ ചരമക്കുറിപ്പെഴുതാന്‍ കഴിയില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന നിലയിലേക്ക് രാജ്യം കടന്നെന്നുമുള്ള സംഘപരിവാറിന്റെയും അവരുടെ ദാസ്യവലയത്തിലുള്ള മാധ്യമങ്ങളുടെയും ആഖ്യാനങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും വീണ് പോയെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം ആഴത്തില്‍ അപഗ്രഥനം ചെയ്താല്‍ ഈ സംഘടിത പ്രചാരണത്തിന്റെ പൊളളത്തരം പുറത്ത് വരും.

ബിജെപിക്ക് കിട്ടിയ വോട്ടും അവര്‍ വിജയിപ്പിച്ച ലോക്‌സഭാ അംഗങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചാല്‍ ഓരോ ഒരു ശതമാനം വോട്ടിനും 9 എംപിമാരെ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് മനസിലാകും.

ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷവും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിലേക്ക് വീണെന്നും കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്ന മതേതരത്വ ജനാധിപത്യ ലിബറല്‍ രാഷ്ട്രീയത്തിന് ഇനി വോട്ടര്‍മാരെ സ്വാധീനിക്കാനാകില്ലെന്നുമുള്ള പ്രചാരണത്തിന് വ്യാപക സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞടുപ്പുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഏറ്റ തിരിച്ചടി മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹിന്ദുത്വരാഷ്ട്രീയം വിഴുങ്ങിക്കഴിഞ്ഞുവെന്ന പൊതുബോധ രൂപീകരണം സാധ്യമാക്കിയത്. ഈ രണ്ട് ലോക്‌സഭകളിലെയും അംഗബലം പരിഗണിച്ചാല്‍ പ്രത്യക്ഷത്തില്‍ ഈ നിരീക്ഷണം ശരിയാണെന്ന് തോന്നും. എന്നാല്‍ വോട്ടുശതമാനത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ പൂര്‍ണമായും ഇളകി ഒലിച്ചു പോയെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം മനസിലാകും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് നേടിയ ബിജെപിക്ക് 31 ശതമാനം വോട്ടാണ് ലഭിച്ചത്. 44 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് 19.31 ശതമാനം വോട്ട് കിട്ടി. ബിജെപിക്ക് കിട്ടിയ വോട്ടും അവര്‍ വിജയിപ്പിച്ച ലോക്‌സഭാ അംഗങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചാല്‍ ഓരോ ഒരു ശതമാനം വോട്ടിനും 9 എംപിമാരെ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് മനസിലാകും. വോട്ട്-സീറ്റ് അനുപാതം 1: 9. അതേസമയം ഒരു ശതമാനം വോട്ടിന് രണ്ട് എംപിമാരെ വീതം മാത്രം വിജയിപ്പിക്കാനേ കോണ്‍ഗ്രസ്സിന് കഴിഞ്ഞുള്ളൂ. വോട്ട്-സീറ്റ് അനുപാതം 1:2 മാത്രം. 2019ലും സമാനമായ ചിത്രമാണ് കണ്ടത്. 37.6 ശതമാനം വോട്ടും 303 എംപിമാരെയും ലഭിച്ച ബിജെപിക്ക് ഓരോ ഒരു ശതമാനം വോട്ടിനും 8 പേര്‍ വീതം ലോക്‌സഭയിലെത്തി. അതേ സമയം 2014 ലെ അതേ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സ്. അതായാത് കോണ്‍ഗ്രസ്സിന് ലഭിച്ച ഓരോ ശതമാനം വോട്ടിനും രണ്ട് പേര്‍ മാത്രമാണ് പാര്‍ലമെന്റിലെത്തിയത്.

REPRESENTATIONAL IMAGE: PTI

രാഷ്ട്രീയാടിത്തറ വോട്ടാക്കി മാറ്റുന്നതിലും വോട്ട് സീറ്റാക്കി മാറ്റുന്നതിലും കോണ്‍ഗ്രസ്സ് വന്‍ പരാജയമായെന്ന് ചുരുക്കം. അതായത് ജനസമ്മതിയിലോ സമ്മതിദാനാടിത്തറയിലോ ഉണ്ടായ വീഴ്ചയേക്കാള്‍ സംഘടനാ ദൗര്‍ബല്യവും തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിലെ വീഴ്ചയുമാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് ആഴം കൂട്ടിയത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കാര്യക്ഷമമായിരുന്നെങ്കില്‍ നൂറ് സീറ്റിന് മുകളിലെത്താന്‍ കോണ്‍ഗ്രസ്സിന് വിഷമമുണ്ടാകുമായിരുന്നില്ല. ഇന്ത്യയുടെ നിലവിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (First Past the Post System) ഈ കണക്കുകള്‍ പ്രസക്തമല്ലെങ്കിലും പാര്‍ലമെന്റിലെ അംഗബലം മാത്രം പരിഗണിച്ച് രാഷ്ട്രീയാടിത്തറയുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തുന്നത് ശരിയല്ലെന്ന് മനസിലാക്കാന്‍ ഈ വിശകലനം സഹായിക്കും. നിലവിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍ തന്നെ കോണ്‍ഗ്രസ്സിന് അതിശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യങ്ങളുണ്ടെന്ന പാഠം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ത്തന്നെയുണ്ട്.

പ്രാദേശിക രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മസില്‍പെരുക്കത്തിന്റെ പൊളളത്തരം കാണാന്‍ കഴിയും. ഉത്തര്‍പ്രദേശും ഗുജറാത്തും ഒഴികെ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നും ബിജെപി അനിഷേധ്യ ശക്തിയല്ല. മാത്രമല്ല പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഒഡീഷ, ബിഹാര്‍, ഛത്തീസ് ഗഡ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ പന്ത്രണ്ട് വലിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിന് പുറത്താണ്. മഹാരാഷ്ട്ര, കര്‍ണാടക, മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ നാല് വലിയ സംസ്ഥാനങ്ങളില്‍ ജനവിധി അവര്‍ക്ക് എതിരായിരുന്നു. പക്ഷേ കേന്ദ്രഭരണ സ്വാധീനം ഉപയോഗിച്ച്, ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും മറ്റു കക്ഷികളിലെ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരുകളെ അട്ടിമറിച്ചാണ് ഈ നാല് സംസ്ഥാനങ്ങളിലും അവര്‍ ഭരണത്തിലെത്തിയത്. ഗോവയിലും മേഘാലയയിലും ബിജെപി സര്‍ക്കാരുകള്‍ ഉണ്ടായതും വളഞ്ഞ വഴിയിലൂടെയാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ മാത്രമാണ് തെളിഞ്ഞ ജനവിധി നേടി ബിജെപി അധികാരത്തിലെത്തിയത്.

കോര്‍പ്പറേറ്റുകളുടെ അകമഴിഞ്ഞ സഹായം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ, കുത്തക മാധ്യമങ്ങളുടെ കുഴലൂത്ത്, സംഘപരിവാറിന്റെ സംഘടനാ ശക്തി, എല്ലാറ്റിനും ഉപരി ഹിന്ദ്വുത്വ പ്രചാരണങ്ങളുടെ സ്വാധീന ശേഷി തുടങ്ങി വിവിധ ഘടകങ്ങളുടെ ആസൂത്രിത സംഘാടനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി തങ്ങളുടെ അപ്രമാദിത്വം തുടരുന്നത്.

ചുരുക്കത്തില്‍ ഗോഡി മീഡിയ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പിന്‍ബലം രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിനില്ല. പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ഹിന്ദുത്വ രാഷ്ട്രീയ സംവിധാനത്തിന് കഴിയുന്നതിനാലാണ് പരിമിതമായ സാധ്യതകള്‍ പോലും വന്‍ തെരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റാന്‍ ബിജെപിക്ക് ആവുന്നത്. കോര്‍പ്പറേറ്റുകളുടെ അകമഴിഞ്ഞ സഹായം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ, കുത്തക മാധ്യമങ്ങളുടെ കുഴലൂത്ത്, സംഘപരിവാറിന്റെ സംഘടനാ ശക്തി, എല്ലാറ്റിനും ഉപരി ഹിന്ദ്വുത്വ പ്രചാരണങ്ങളുടെ സ്വാധീന ശേഷി തുടങ്ങി വിവിധ ഘടകങ്ങളുടെ ആസൂത്രിത സംഘാടനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി തങ്ങളുടെ അപ്രമാദിത്വം തുടരുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലവും ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളുടെ ഉരുള്‍പൊട്ടല്‍ കാലമായ കോണ്‍ഗ്രസ്സാകട്ടെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിരായുധരായി നില്‍ക്കുകയാണ് പതിവ്. ഈ ദൗര്‍ബല്യം മുതലെടുത്താണ് പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് പോലും പാര്‍ലമെന്റിലേക്ക് കൂടുതല്‍ അംഗങ്ങളെയെത്തിക്കാന്‍ ബിജെപിക്ക് കഴിയുന്നത്.

നെഹ്‌റു കുടുംബത്തിന് പുറത്തെ നേതൃത്വം

ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് മറ്റാര് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്താലും നിലവിലെ അവസ്ഥയക്കേള്‍ പരിതാപകരമായ രാഷ്ട്രീയ അനിശ്ചതത്വത്തിലേക്കാകും പാര്‍ട്ടിയുടെ പോക്ക്. കാരണം ഇപ്പോഴും ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളില്‍ അവശേഷിക്കുന്ന ഗാന്ധി-നെഹ്‌റു കുടുംബത്തോടുള്ള വൈകാരിക ബന്ധം മാത്രമാണ് ആറ് പതിറ്റാണ്ട് കാലം രാജ്യം ഭരിച്ച ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ മൂലധനം. അതിന് അപ്പുറത്തേക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്നത് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം മാത്രമാണ്. അതില്‍ കവിഞ്ഞ മറ്റൊരു ദിവ്യാത്ഭുതവും തല്‍കാലം കോണ്‍ഗ്രസിന്റെ കൈവശമില്ല. നെഹ്‌റു മുതല്‍ സോണിയ ഗാന്ധി വരെയുള്ള നേതാക്കളോടുള്ള ഹൃദയബന്ധം മാത്രമാണ് രാജ്യം ആസകലമുള്ള കോണ്‍ഗ്രസ്സുകാരെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ഏകീകരണശക്തി. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഭിന്ന ദേശങ്ങളില്‍ ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സ് സംവിധാനത്തെ കൂട്ടിയിണക്കാനുള്ള മറ്റൊരു കണ്ണിയും കോണ്‍ഗ്രസ്സിനില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു വേണം ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തേക്ക് നേതൃത്വത്തെ അന്വേഷിക്കല്‍.

ജവഹർലാൽ നെഹ്‌റു | PHOTO: WIKI COMMONS

അതുകൊണ്ടു തന്നെ എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയല്ലാതെ തല്‍കാലം മറ്റൊരു അധ്യക്ഷനെ സ്വപ്നം കാണാന്‍ കോണ്‍ഗ്രസ്സിനാകില്ല. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ പാന്‍ ഇന്ത്യാ അപ്പീലുള്ള മറ്റൊരു നേതാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ ആ ചുമതല പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണം. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ജനാധിപത്യരീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്സ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നതൊക്കെ അതിരുകവിഞ്ഞ ആഗ്രഹങ്ങളാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ അറിയാം. കാരണം അത്തരത്തില്‍ ഒരു സംഘടനാ തെരഞ്ഞെടുപ്പ് നടത്തി നേതൃത്വത്തെ കണ്ടെത്തി ആ നേതൃത്വത്തിന് കീഴില്‍ യോജിച്ച് പോകാനുള്ള സംഘടനാ ഭദ്രതയോ ആശയ വ്യക്തതയോ ഉള്ള ആള്‍ക്കൂട്ടമല്ല കോണ്‍ഗ്രസ്സ്. അതുകൊണ്ടു തന്നെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം മാത്രമേ ഇക്കാര്യത്തില്‍ സാധ്യമാവുകയുള്ളൂ. ഗാന്ധി-നെഹ്‌റു കുടുംബം തലപ്പത്തിരുന്ന് ജനാധിപത്യ രീതിയില്‍ കോണ്‍ഗ്രസ്സിനെ പുനസംഘടിപ്പിക്കുക മാത്രമാണ് വഴി. സംഘടനാ ഭദ്രതയും ആശയ വ്യക്തതയുമുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറുന്ന ഘട്ടത്തില്‍ മാത്രം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അപ്പുറത്തേക്ക് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനെ തേടുന്നതാകും പ്രായോഗിക രാഷ്ട്രീയം.

ചുരുക്കത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച, രാജ്യത്തെ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള രാഷ്ട്രീയപ്രതലം, ഗാന്ധിയന്‍-നെഹ്‌റുവിയന്‍ മൂല്യങ്ങളുടെ പിന്തുടര്‍ച്ച, സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുറത്ത് നില്‍ക്കുന്ന അവശ പിന്നോക്ക ജനവിഭാഗങ്ങളുടെ സ്വാഭാവിക അനുഭാവം തുടങ്ങി ഇന്ത്യയില്‍ ഇപ്പോഴും കോണ്‍ഗ്രസ്സിന് മാത്രമായുള്ള ചില ചരിത്ര-സാംസ്‌കാരിക മൂലധനനിക്ഷേപമുണ്ട്; ഇതെല്ലാം അവയുടെ അവസാന ഘട്ടത്തിലെത്തിയെങ്കിലും. ഈ ചരിത്ര-സാംസ്‌കാരിക മൂലധനത്തെ രാഷ്ട്രീയ മൂലധനമായി പരിവര്‍ത്തനം ചെയ്യാനുള്ള സംഘടനാശക്തിയും പ്രവര്‍ത്തന പദ്ധതിയും പ്രത്യയശാസ്ത്ര വ്യക്തതയും നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ എന്നതാണ് ചോദ്യം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിലേക്കുള്ള സുപ്രധാന ചുവടായി ഭാരത് ജോഡോ യാത്ര മാറുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനം. അതിലുമുപരിയായി മതേതര ജനാധിപത്യ ലിബറല്‍ മൂല്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ തിരുച്ചുവരവും.

Leave a comment