ബില്‍ക്കീസ് ബാനു കേസ്; ശിക്ഷാ ഇളവ് കേന്ദ്രസർക്കാർ അനുമതിയോടെ
PHOTO: WIKI COMMONS
ബിൽക്കീസ് ബാനു കേസിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് പ്രതികളെ വിട്ടയച്ചതെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വെളിപ്പെടുത്തി. സിബിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് 'നല്ല നടപ്പി'ന്റെ പേരിൽ സർക്കാർ പ്രതികൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്.
2008 ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു. 15 വര്‍ഷത്തിലേറെയായി ജയിലിലായിരുന്ന പ്രതികളിലൊരാൾ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയത്. പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇതോടെയാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ ശക്തമായ എതിർപ്പുകൾ എല്ലാ ഭാഗത്തുനിന്ന് ഉയർന്നപ്പോഴും തീരുമാനം പുനഃപരിശോധിക്കാൻ ഗുജറാത്ത് സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല പ്രതികളെ വിട്ടയക്കുന്നത് നല്ലനടപ്പിനാണെന്നുള്ള വാദവും ഉയർത്തി. എന്നാൽ ജയിലിൽ പ്രതികൾ നല്ല സ്വഭാവക്കാരായിരുന്നെന്ന ബിജെപി നേതാക്കളുടെ വാദം അംഗീകരിക്കാനാവില്ല. ശിക്ഷാകാലയളവിൽ പ്രതികൾക്ക് ആയിരത്തിലധികം ദിവസങ്ങൾ പരോളായി ലഭിച്ചതായും ഈ കാലയവിൽ ബിൽക്കീസ് ബാനുവിന് പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായും തെളിവുകളുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിനെതിരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
പ്രതികളുടെ മോചനം ഹിന്ദുത്വത്തിന്റെ മറവിലാണ് ആഘോഷിക്കപ്പെട്ടത്. മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതികൾ ബ്രാഹ്മണരാണെന്നും ഹിന്ദുത്വത്തിന്റെ പേരിൽ നല്ലവരാണെന്നുമുള്ള വാദം ഹീനമാണ്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ കൊടിയ പീഡനങ്ങള്‍ക്കും മരണത്തിനും വിധേയരാവേണ്ടിവന്ന കേസിൽ അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങളുടെ തുറന്ന ലംഘനമാണ് കാണാൻ കഴിയുന്നത്. ഐ സി സി ചട്ടപ്രകാരം വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, ആക്രമണക്കുറ്റം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയും. നിയമപ്രകാരം എക്‌സിക്യൂട്ടീവ് വിവേചനാധികാരം ഉപയോഗിച്ച് ശിക്ഷാ ഇളവിന് വ്യവസ്ഥയില്ല. ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ പെരുമാറ്റത്തില്‍ കുറ്റകൃത്യവുമായി ബന്ധം തോന്നാത്തവിധം വ്യത്യാസം കാണുക, ശിക്ഷിക്കപ്പെട്ട വ്യക്തിയെ നേരത്തെ വിട്ടയക്കുന്നത് സാമൂഹ്യ അസ്ഥിരതയ്ക്ക് കാരണമാകുക, ശിക്ഷിക്കപ്പെട്ട വ്യക്തിയെ നേരത്തെ വിട്ടയക്കുന്നത് മൂലം ഇരയാക്കപ്പെട്ട വ്യക്തിക്കോ, കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള പ്രയോജനം ലഭിക്കുമെങ്കില്‍, ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യ നിലയിലോ, വാര്‍ധക്യസഹചമായ കാരണങ്ങളാലോ റുള്‍ 223 പ്രകാരം ശിക്ഷ ഇളവ് ചെയ്യാം. എന്നാല്‍ ശിക്ഷാഇളവ് നല്‍കാന്‍ ഏകപക്ഷീയമായി അധികാരക്രമം ഉപയോഗിക്കാന്‍ പാടില്ല എന്ന വ്യക്തമായ മാനദണ്ഡമാണ് നിയമം ഊന്നിപ്പറയുന്നത്.
പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, കുറ്റവാളികളെ എങ്ങനെ മോചിപ്പിച്ചുവെന്നതിന്റെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ഗുജറാത്തിനോട് ആവശ്യപ്പെട്ടിരുന്നു. "worse form of hate crime" എന്നാണ് സ്പെഷ്യൽ ജഡ്‌ജി കേസിനെ വിലയിരുത്തിയത്. എന്നാൽ എല്ലാ എതിർപ്പുകളും മറികടന്ന് പ്രതികളെ സംരക്ഷിച്ച ഗുജറാത്ത് സർക്കാർ നടപടി ബിജെപി പിന്തുടരുന്ന ഹിന്ദുത്വ അജണ്ടകളുടെ പ്രതിഫലനമാണ്. ഇരകൾ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെന്നുളള കാരണത്താലാണ് പീഡനങ്ങൾക്ക് വിധേയരാവേണ്ടിവന്നത്. ചില പ്രാദേശിക നേതാക്കളാണ് ഗോധ്ര ജയിലിനു മുന്നിൽ പ്രതികളെ ആരതിയുഴിഞ്ഞു സ്വീകരിക്കാൻ നേതൃത്വം നൽകിയതെന്ന റിപ്പോർട്ടുകളും ബിജെപി യുടെ തുറന്ന പിന്തുണ വ്യക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ബലാത്സംഗികൾക്കൊപ്പമാണെന്ന കടുത്ത വിമർശനം രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഉയർത്തി.
ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വരികയാണ്. സിബിഐയുടെയും പ്രത്യേക ജഡ്ജിയുടെയും ശക്തമായ എതിർപ്പുകൾ പരിഗണിക്കാതെയാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയക്കാനുള്ള നിർദ്ദേശം നൽകിയതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നടപടികൾ വേഗത്തിലാക്കിയ സർക്കാർ നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ദ്രുതഗതിയിൽ കേവലം രണ്ടാഴ്ച കൊണ്ടാണ് സർക്കാർ നിർദ്ദേശം സമർപ്പിച്ചത്. സർക്കാർ നിർദ്ദേശത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നിരുന്നു.