TMJ
searchnav-menu
post-thumbnail

Outlook

വിധിയെ തോല്‍പ്പിക്കുന്ന പോരാട്ടങ്ങള്‍ അനിവാര്യം

14 Jan 2022   |   1 min Read
Felix J Pulludan

ന്യാസ്ത്രീയെ ബലാല്‍സംഘം ചെയ്ത കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി തികച്ചും നിരാശജനകമാണ്. സ്ഥാനത്തും, അസ്ഥാനത്തും ഉപയോഗപ്പെടുത്തി തേഞ്ഞു പോയതാണെങ്കിലും വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നു പറയാതെ വയ്യ. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷമേ അതിന്റെ നിയമപരമായ വശങ്ങളെ പറ്റി വിശദമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുകയുള്ളു. സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാങ്കോക്കെതിരായ സമരത്തില്‍ മുന്നണിപ്പോരാളികളായിരുന്ന കന്യാസ്ത്രീകളുടെ 'നീതിക്കായുള്ള പോരാട്ടം മരണം വരെ തുടരുമെന്ന' പ്രഖ്യാപനം ആവേശകരമായ ഒരു സന്ദേശമാണ് നല്‍കുന്നത്. നീതിക്കായി പ്രാര്‍ത്ഥിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളിലും ആത്മവിശ്വാസം വളര്‍ത്തുന്നതാണ് അവരുടെ നിശ്ചയദാര്‍ഢ്യം. അവരുടെ പ്രഖ്യാപനത്തിന്റെ ഊര്‍ജ്ജം ലോകമാകെ പ്രസരിക്കുമെങ്കിലും കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സ്ത്രീകള്‍ക്കെതിരായ ലൈംഗികവും, അല്ലാത്തതുമായ അക്രമങ്ങളുടെ ഒരു പ്രഭവകേന്ദ്രമായി കന്യാസ്ത്രീ മഠങ്ങള്‍ മാറിയ സാഹചര്യങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിലും അവിടുങ്ങളിലെ അന്തേവാസികള്‍ പ്രകടിപ്പിക്കുന്ന അസാധാരണമായ ധൈര്യത്തിനും, അര്‍പ്പണബോധത്തിനും താല്‍ക്കാലികമായെങ്കിലും തടയിടുന്നതിന് ഈ വിധി നിമിത്തമാകുന്നു. സിസ്റ്റര്‍ അഭയ മുതല്‍ ഫ്രാങ്കോയുടെ ആക്രമണത്തിന് വിധേയയായ കന്യാസ്ത്രീ വരെയുള്ളവര്‍ സ്വജീവിതം തന്നെ പണയപ്പെടുത്തി നേടിയെടുത്ത ധൈര്യവും, അര്‍പ്പണബോധവും ഒരു തരത്തിലും പുറകോട്ടുപോകാന്‍ അനുവദിക്കരുതെന്നതാണ് നമ്മുടെ മുന്നിലുള്ള പ്രഥമ കടമ. ഫ്രാങ്കോക്കെതിരായ സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച സേവ് ഔര്‍ സിസ്റ്റേഴ്സിന്റെ (SOS) അടിയന്തിര യോഗം ഇന്നു വൈകുന്നേരം എറണാകുളത്ത് ചേരുന്നതാണ്. യോഗത്തിലെ തീരുമാനങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കുന്നത് അര്‍ത്ഥശൂന്യമായതിനാല്‍ അതിന് മുതിരുന്നില്ല. അതിനേക്കാള്‍ ഇപ്പോള്‍ പ്രസക്തം കന്യാസ്ത്രീ സമരത്തിന്റെ ധന്യമായ അനുഭവത്തെ വരാനിരിക്കുന്ന ദിവസങ്ങളിലെ പോരാട്ടങ്ങള്‍ക്കായി ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകളാണ്.

കേരളത്തിന്റെ സമരചരിത്രത്തിലെ ഐതിഹാസികമായ അദ്ധ്യായങ്ങളിലൊന്നാണ് കന്യാസ്ത്രീ സമരം. എറണാകുളത്തെ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുമായി സമരത്തിന് ഇരിക്കുമ്പോള്‍ അതിന്റെ മുന്നോട്ടുള്ള പോക്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ സത്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സഹനത്തിന്റേയും, പശ്ചാത്താപത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും കനല്‍വഴികളിലൂടെ സഞ്ചരിച്ച ഈശോയുടെ പേരുപോലും ഉച്ചരിക്കുവാന്‍ യോഗ്യതയില്ലാത്തവണ്ണം ജീര്‍ണ്ണിച്ചു പോയ പൗരോഹത്യത്തിന് എതിരായ അസഹനീയമായ ഖേദവും, അമര്‍ഷവും ആയിരുന്നു ആകെയുള്ള കൈമുതല്‍. എന്നാല്‍ എന്നെ അമ്പരിപ്പിക്കുന്ന തരത്തില്‍ ദൈവികവും, ദിവ്യവുമെന്നു പറയാവുന്ന തരത്തിലുള്ള ഊര്‍ജ്ജസ്വലത ഏതാനും ദിവസങ്ങള്‍ക്കകം സമരവേദി കൈവരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുവാനായത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ സമരവേദിയിലേക്ക് ദിവസേന ഒഴുകിയെത്തുകയായിരുന്നു. നാനാജാതി മതസ്ഥര്‍ അതിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികളുടെയും, സമുദായ സംഘടനകളുടെയും അസാന്നിദ്ധ്യമായിരുന്നു സമരത്തിന്റെ സവിശേഷത. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ സമരവേദിയെ ഓരോ ദിവസവും ഒരു പുതിയ പൊതുബോധത്തിന്റെ വേദിയാക്കി മാറ്റുകയായിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റും, മറ്റുള്ള നിയമനടപടികളും ഭരണാധികാര സംവിധാനത്തിന് ഒഴിവാക്കാനാവില്ലെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ സമരം നിര്‍ണ്ണായകമായിരുന്നു. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ കന്യാസ്ത്രീ സമരം ഒരു കാര്യം കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. നീതിക്കായുള്ള പോരാട്ടത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ ഐക്യവും, നിശ്ചയദാര്‍ഢ്യവുമാണ് നിര്‍ണ്ണായകമെന്ന സത്യം. അധികാരത്തിന്റെ സിംഹാസനങ്ങളില്‍ വിരാജിക്കുന്ന 'വലിയ' മനുഷ്യരെക്കാള്‍ തെരുവില്‍ അലയുന്ന സാധാരണ മനുഷ്യരില്‍ നിന്നാണ് നീതിയുടെ പുതിയ പാതകള്‍ രൂപപ്പെടുന്നതെന്ന തിരിച്ചറിവ് മുന്നോട്ടുള്ള യാത്രയില്‍ സുപ്രധാനമാണ്.

ഇന്നത്തെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീ സമരത്തിന്റെ അനുഭവത്തെ വിലയിരുത്തുമ്പോള്‍ തോന്നുന്ന ഒരു കാര്യം സ്വയം വിമര്‍ശനപരമായി തന്നെ രേഖപ്പെടുത്തേണ്ടതാണെന്നു പറയേണ്ടിയിരിക്കുന്നു. വഞ്ചി സ്‌ക്വയറിലെ സമരം പ്രദാനം ചെയ്ത അസാധാരണമായ കൂട്ടായ്മയുടെ ഊര്‍ജ്ജത്തെ അതേ ചടുലതയോടെ മുന്നോട്ടുകൊണ്ടു പോകുവാന്‍ കഴിഞ്ഞില്ല. സ്വന്തം അധികാരം ഉറപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഏതുതരത്തിലുള്ള ഹീനതയും ചെയ്യുന്നതിന് തിന്മയുടെ ശക്തികള്‍ക്ക് മടിയുണ്ടാവില്ലെന്ന കാര്യത്തില്‍ ബോധ്യമുണ്ടായിരുന്നുവെങ്കിലും അതിനെ തടയുന്നതിന് ആവശ്യമായ ജാഗ്രത പുലര്‍ത്തുവാന്‍ നമുക്കായില്ല എന്നെനിക്ക് തോന്നുന്നു. ഈ ഘട്ടത്തില്‍ നാമോരോരുത്തരും സ്വയം ഈ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത കൈവരിക്കുന്നതിന് അത് സഹായകമാകും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. വിധിയെ തോല്‍പ്പിക്കുന്ന സമരങ്ങളിലൂടെയാണ് ദൈവികത്വം മനുഷ്യരില്‍ പുതിയ പ്രതീക്ഷകളുടെ കിരണങ്ങളും, മൂല്യബോധങ്ങളും സൃഷ്ടിക്കുകയെന്ന് ചരിത്രം പഠിപ്പിക്കുന്നു.

Leave a comment