ബി ജെ പി കോൺഗ്രസിന്റെ വഴിക്കോ?
ബിജെപിയുടേയും കോൺഗ്രസിന്റെയും പരമോന്നത സമിതികളാണ് പാർലമെന്ററി ബോർഡും, പ്രവർത്തക സമിതിയും. ഇതിൽ പാർലമെന്ററി ബോർഡ് ബിജെപി കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചു. ജെ.പി.നഡ്ഡ പാർട്ടി അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ പുനഃസംഘടന. ഈ പുനഃസംഘടനയോടെ കോൺഗ്രസിന്റെ പ്രവർത്തകസമിതിയിലേക്കെന്ന പോലെ ബിജെപിയുടെ പാർലമെന്ററി ബോർഡിലേക്കും പ്രവേശനം അടുക്കള വാതിലിലൂടെയായി. നെറ്റി ചുളിക്കേണ്ട. ഇങ്ങനെ പറയേണ്ടി വന്ന കാരണം വിശദമാക്കാം.
അധികാരത്തിലെത്തി എട്ടു വർഷം കൊണ്ട് മോദി-അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തുണ്ടാക്കിയ മാറ്റങ്ങൾ ഏറെയാണ്. കള്ളപണം തടയാനുദ്ദേശിച്ച് കൊണ്ട് വന്ന നോട്ട് നിരോധനം മുതൽ ദേശീയ പതാക ആഘോഷം വരെ ഇതിൽ പെടും. സബ് കാ സാത് സബ് കാ വികാസ് മുതൽ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യങ്ങളും ഇതിനിടയിൽ പറഞ്ഞ് പതിപ്പിക്കുകയും ചെയ്തു സർക്കാരും പാർട്ടിയും. രാജ്യത്തുള്ള പാർട്ടികളിൽ നിന്ന് വ്യത്യാസമുള്ള പാർട്ടി, അതാണ് ബിജെപി ഇത് വരെ അവകാശപ്പെട്ടിരുന്നത്. ഇതിനായി രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ പല നയങ്ങളും നടപടികളും അവർ കൊണ്ട് വരുകയും ചെയ്തു. അദ്വാനിയും വാജ്‌പേയും നയിച്ച പാർട്ടിയല്ല ഇപ്പോഴുള്ളത് എന്ന് വരുത്തി തീർക്കാനായിരുന്നു ആദ്യ ശ്രമം. പാർട്ടിയുടെ അവസാന വാക്കായിരുന്ന അദ്വാനിക്ക് തന്നെ ആദ്യം മൂക്കുകയറിട്ടു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാർത്ഥിയാക്കി അധികാരത്തിലെത്തിച്ചു. പൂർണപിന്തുണയുമായി സംഘപരിവാർ നേതൃത്വം ഒപ്പം തന്നെയുണ്ടായിരുന്നു. അദ്വാനിയേയും, മനോഹർ ജോഷിയേയും മാറ്റി നിർത്താൻ കണ്ടെത്തിയ മാർഗമായിരുന്നു സജീവരാഷ്ട്രീയത്തിന് പ്രായ പരിധി നിശ്ചയിക്കുക എന്നത്. ഇതിലൂടെ ഒരു തലമുറയെ തന്നെ മാറ്റിനിർത്താൻ അന്ന് പാർട്ടിക്ക് കഴിഞ്ഞു. പക്ഷെ എട്ടുവർഷത്തിനിപ്പുറം, ആ നിലപാടുകളും നയങ്ങളും മാറുകയാണ്. പാർട്ടിയുടെ പരമോന്നത സമിതിയായി പാർലമെന്ററി ബോർഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും കൊണ്ട് വന്ന അഴിച്ചുപണി നൽകുന്ന സൂചന അതാണ്. ഇരുസമിതികളിലും അംഗമായ കർണാടക മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പ്രായം എഴുപത്തിയേഴാണ്. സത്യനാരായൺ ജതിയയുടെ പ്രായം എഴുപത്തിയാറും. എഴുപത്തഞ്ച് കഴിഞ്ഞവർക്ക് മാർഗദർശക് മണ്ഡൽ എന്ന നിർദ്ദേശം കൊണ്ട് വന്നവർ തന്നെയാണ് യെദ്യൂരപ്പയേയും സത്യനാരായൺ ജതിയയേയും പാർട്ടിയുടെ ഏറ്റവും ഉന്നതാധികാര സമിതികളായ പാർലമെന്ററി ബോർഡിലേക്കും കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയിലേക്കും കൊണ്ട് വന്നത്. ഈ രണ്ട് നേതാക്കളും ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലോ സംസ്ഥാന രാഷ്ട്രീയത്തിലോ സജീവമല്ല. പിന്നെ എന്ത് കൊണ്ട്? അതിലേക്ക് വരാം. അതിന് മുമ്പ് ആദ്യം പാർലമെന്ററി ബോർഡിലും തിരഞ്ഞെടുപ്പ് സമിതിയിലും അഴിച്ചുപണിയിലൂടെ വന്ന മാറ്റങ്ങൾ കൂടി നോക്കാം.
അഴിച്ചും മുറുക്കിയും കൊടുത്ത പണി
ജെ പി നഡ്ഡ ബിജെപി അധ്യക്ഷനായ ശേഷം ആദ്യമായിട്ടാണ് പാർലമെന്ററി ബോർഡിലും തിരഞ്ഞെടുപ്പ് സമിതിയിലും അഴിച്ചുപണി നടത്തുന്നത്. രണ്ട് വർഷത്തിലധികം നീട്ടികൊണ്ട് പോയശേഷമാണ് ബിജെപിയുടെ പരമോന്നത സമിതികളിൽ നഡ്ഡ അഴിച്ചുപണി നടത്തിയത്. എ.ബി വായ്‌പേയുടേയും എൽ.കെ. അദ്വാനിയുടേയും കാലത്തെ കമ്മിറ്റിയിൽ നിന്ന് മോദി-അമിത്ഷാ യുഗത്തിലേക്ക് പാർട്ടി കടന്നപ്പോൾ തുടർച്ച കിട്ടിയ ഏകനേതാവ് രാജ്‌നാഥ് സിങാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ഈ ഠാക്കൂർ നേതാവിനെ അത്രവേഗം തള്ളിക്കളയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടന ചുമതലയുള്ള ജനറൽസെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർക്ക് പുറമെ കഴിഞ്ഞ സമിതിയിൽ നിന്ന് പുനഃസംഘടനയിൽ ഇടം നേടി ഏക നേതാവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തന്നെ. പുതിയ സമിതിയിൽ ആരൊക്കെ ഇടം നേടി എന്നതിനെക്കാൾ പ്രാധാന്യം ആരൊക്കെ പുറത്തായി എന്നതാണ്. മുൻ പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമാണ് പുറത്തായ പ്രമുഖർ. ബിജെപിയുടെ രണ്ടാം തവണ ഉത്തർപ്രദേശിൽ അധികാരത്തിലെത്തിച്ച യോഗി ആദിത്യനാഥ് പരമോന്നത സമിതിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായതുമില്ല. എന്തുകൊണ്ടാണ് ഇവർ പുറത്തായത്?
ചിലപ്പോഴെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിലെ വിമതസ്വരമാണ് നിതിൻ ഗഡ്കരി. അതിന് അദ്ദേഹത്തിന് ഊർജ്ജം ലഭിക്കുന്നത് എല്ലാ ആഴ്ചയിലുമുള്ള നാഗ്പൂർ സന്ദർശനവും. സ്വദേശമായ നാഗ്പൂരിലെത്തിയാൽ നിതിൻ ഗഡ്കരി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കാതെ മടങ്ങില്ല. ഈ അടുപ്പം ഉണ്ടാക്കാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കണ്ടു പാർട്ടി നേതൃത്വം. മഹാരാഷ്ട്രയിൽ നിന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പകരക്കാരനാക്കി ഇരുസമിതികളിലും കൊണ്ടു വന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്കായി ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നപ്പോൾ പണം പറയാതിരുന്ന ഫഡ്‌നാവിന്റെ പാർട്ടി അച്ചടക്കത്തിന് നൽകിയ അംഗീകാരമായി ഇതിനെ വ്യാഖ്യാനിക്കുക കൂടി ചെയ്തതോടെ നിതിൻ ഗഡ്കരിയെ മാറ്റിയതിന് വിശദീകരണവും വേണ്ടാതെയായി. നിതിൻ ഗഡ്കരിയെ പോലെ സംഘപരിവാറിനോട് അടുത്ത വ്യക്തിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. എന്നാൽ മോദി-ഷാ അച്ചുതണ്ടുമായി അടുപ്പത്തിലുമല്ല. മൂന്ന് തവണ തുടർച്ചയായി മധ്യപ്രദേശ് പിടിച്ചതോടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന വിശേഷണം വന്നതിന് പിന്നാലെ സമവാക്യങ്ങളിൽ മാറ്റം വന്നിട്ടിലെന്ന് പുനഃസംഘടന വ്യക്തമാക്കുന്നു. പിന്നാക്കവിഭാഗം നേതാവും മുൻകേന്ദ്രമന്ത്രിയുമായ സത്യനാരായൺ ജതിയയെയാണ് പകരക്കാരനായി മധ്യപ്രദേശിൽ നിന്ന് കൊണ്ട് വന്നത്. 2020ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷനായ ജതിയയെ, ഇപ്പോഴുള്ള നേതൃത്വം തന്നെ കൊണ്ട് വന്ന പ്രായപരിധി മറികടന്ന് പരമോന്നത സമിതിയിൽ കൊണ്ട് വന്നത് ചൗഹാനുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നുണ്ട്.
രണ്ടാം തവണ ബിജെപിയെ ഉത്തർപ്രദേശിൽ അധികാരത്തിലെത്തിച്ച യോഗി ആദിത്യനാഥാണ് ഹിന്ദി ഹൃദയ ഭൂമിയുടെ ഹീറോ. മോദിക്കൊപ്പം താര പ്രചാരകൻ. രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതോടെ യോഗി ഹിന്ദു ഹീറോ കൂടിയാകും. അത്തരമൊരു നേതാവിന് പാർലമെന്ററി ബോർഡിലും കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയിലും ഇടം കിട്ടാതെ പോയത് മുതിർന്ന നേതാക്കളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടാമതും അധികാരത്തിലെത്തിയതോടെ ഉത്തർപ്രദേശിന്റെ കാര്യത്തിൽ, സംഘടനകാര്യമായാലും സർക്കാരുകാര്യമായാലും യോഗി വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടിരുന്നു. ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തിയ സുനിൽ ബൻസലായിരുന്നു ഉത്തർപ്രദേശിൽ മോദി-ഷാ നേതൃത്വത്തിന്റെ കണ്ണും കാതും മനഃസാക്ഷിയും. എന്നാൽ കഴിഞ്ഞ ആഴ്ച സുനിൽ ബൻസലിനെ പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറിയാക്കി ഉത്തർപ്രദേശിൽ നിന്ന് മാറ്റി. യോഗിയുടെ സമ്മർദ്ദപ്രകാരം ആർഎസ്എസ് ഇടപെട്ടതാണ് എട്ടുവർഷമായി ഉത്തർപ്രദേശിന്റെ ചുമതലക്കാരനായിരുന്ന ബൻസലിന്റെ സ്ഥാനചലനത്തിന് കാരണമായതെന്നാണ് പരക്കെ കരുതപ്പെടുന്നത്. യോഗിക്ക് ഉന്നതാധികാര സമിതിയിൽ കസേര കിട്ടാത്തതിന് കാരണങ്ങൾ വേറെയും ചൂണ്ടികാണിക്കപ്പെടുന്നു. പാർലമെന്ററി ബോർഡിലെ അംഗങ്ങളെല്ലാം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗങ്ങളാണ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൺപത് സീറ്റുകളുള്ള ഉത്തർപ്രദേശ് പരമപ്രധാനമാണ്. അതുപൊലെ തന്നെയാണ് ഈ എൺപത് സീറ്റുകളിലും മത്സരിക്കുന്നവരെ ആര് തിരഞ്ഞെടുക്കുന്നുവെന്നതും. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എംപിമാരേയും എംഎൽഎമാരേയും കൂട്ടത്തോടെ കൂറുമാറുന്ന ഓപ്പറേഷൻ നടത്തി താമര വിരിയിക്കുന്ന നേതാക്കൾക്ക് അത് വളരെ പ്രധാനമാണ്.
സുഷ്മസ്വരാജും, അരുൺജെയ്റ്റ്‌ലിയും, അനന്ത്കുമാറും അന്തരിച്ചതിനെ തുടർന്നുണ്ടായ മൂന്നും, വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയാകുന്നതിന് രാജിവച്ചപ്പോഴുണ്ടായ ഒരു ഒഴിവും ചേർത്ത് നാല് ഒഴിവുകളാണ് ബിജെപി പാർലമെന്ററി ബോർഡിലുണ്ടായിരുന്നത്. സുഷ്മസ്വരാജിന് പകരം വനിത പ്രതിനിധിയായി പാർലമെന്ററി ബോർഡിലെത്തിയത് അൻപത്തിയേഴ് വയസ് മാത്രമുള്ള പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ സുധ യാദവാണ്. കരസേനയിൽ ഡപ്യൂട്ടി കമാണ്ടറായിരുന്ന ഭർത്താവ് സുഖ്ബീർസിങ് യാദവ് വീരമൃത്യു വരിച്ചതിന് ശേഷമാണ് സുധായാദവ് ബിജെപി രാഷ്ട്രീയത്തിലെത്തുന്നത്. 99ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലുമെത്തി. പിന്നീട് ബിജെപിയുടെ ന്യൂനപക്ഷമോർച്ചയുടെ ചുമതലക്കാരിയായി ദേശീയ സെക്രട്ടറിയായി. ധനമന്ത്രി നിർമ്മല സീതാരാമനേയും, വസുന്ധര രാജെയും അടക്കം നാല് വനിത ഉപാധ്യക്ഷമാരേയും ഒരു വനിത ജനറൽസെക്രട്ടറിയേയും മറികടന്നാണ് ദേശീയ സെക്രട്ടറിയായ സുധായാദവ് പരമോന്നത സമിതിയിലെത്തിയത്.
അഴിമതിക്കെതിരെ ആഭ്യന്തരകലാപമുണ്ടായപ്പോഴാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ പുറത്താകുന്നത്. അഴിമതിക്കെതിരെ പടവെട്ടാൻ ഇപ്പോൾ പരമോന്നത സമിതിയിലേക്ക് എഴുപത്തിഏഴാം വയസിൽ പാർട്ടി കൊണ്ടുവന്നിരിക്കുന്നതും അതേ യെദ്യൂരപ്പയെ തന്നെ. കാരണം കർണാടകയിലെ പ്രബലരായ ലിങ്കായത്ത് സമുദായത്തെ പിണക്കാനാകില്ല. അതിന് യെദ്യൂരപ്പയ്ക്ക് ഉചിത പദവി നൽകണം. സർബാന്ദ സോനേവാൾ സമിതിയിലെത്തിയതും ഇതുപോലൊരു സമ്മർദ്ദത്തിന്റെ ഭാഗമായി തന്നെ. അസം മുഖ്യമന്ത്രി സ്ഥാനം എതിർപ്പൊന്നും കൂടാതെ ഹിമന്ത ബിശ്വശർമയ്ക്ക് ഒഴിഞ്ഞു കൊടുത്തതിനുള്ള സമ്മാനം.
പാർലമെന്ററി ബോർഡും പ്രവർത്തക സമിതിയും തമ്മിൽ ദൂരം കുറയുന്നു
ബിജെപി പാർലമെന്ററി ബോർഡും കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയും അഴിച്ചുപണിതപ്പോൾ ചില നേതാക്കൾക്ക് കിട്ടിയ പണിയും ചില നേതാക്കൾക്ക് ഭാഗ്യമുദിച്ചതും എങ്ങനെയെന്നാണ് പറഞ്ഞ് വന്നത്. പരമോന്നത സമിതിയിൽ അഴിച്ചും മുറുക്കിയും ഇഷ്ടക്കാരെ എത്തിക്കുകയും അനിഷ്ടക്കാരെ പുറത്താക്കുകയും ചെയ്യുന്ന ഈ പണി രാഷ്ട്രീയ പാർട്ടികളിൽ പുത്തരിയല്ല. ഇതിന് മുമ്പ് എത്രയോ തവണ നടന്നിട്ടുള്ളതാണ്. പക്ഷെ കൂട്ടികിഴിച്ചുള്ള ഈ പണി ബിജെപിയിൽ ഇതിന് മുമ്പ് ഇത്രയധികം പേരുടെ കാര്യത്തിലുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. പുനഃസംഘടന ഇങ്ങനെ മാത്രം നടന്നിരുന്നത് കോൺഗ്രസ് പാർട്ടിയിലാണ്. അവിടെ പരമോന്നത സമിതിയായ പ്രവർത്തക സമിതി മുതൽ എല്ലാ തട്ടിലും കാലങ്ങളായി പണിയും അഴിച്ചുപണിയുമൊക്കെ ഇങ്ങനെ തന്നെയാണ്. പ്രവർത്തകസമിതിയിലെ 23 പേരിൽ 12 പേരെ തിരഞ്ഞെടുക്കുകയും ബാക്കിയുള്ള 11 പേരെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുക്കുകയും ചെയ്യണമെന്നാണ് പാർട്ടി നിയമം. കഴിഞ്ഞ 50 വർഷത്തിനിടയിൽ ആകെ തിരഞ്ഞെടുപ്പ് നടന്നത് രണ്ട് തവണ മാത്രം. ആദ്യത്തേത് 92ൽ. നരസിംഹ റാവുവിന്റെ കാലത്ത്. അന്ന് ശത്രുപക്ഷത്തെ അർജ്ജുൻസിംഗും, ശരത്പവാറും, രജേഷ് പൈലറ്റും വിജയിച്ചതോടെ റാവു തിരഞ്ഞെടുപ്പ് അസാധുവാക്കി. പിന്നെ നടന്നത് സീതാറാം കേസരി കോൺഗ്രസ് പ്രസിഡന്റായിരിക്കുമ്പോഴാണ്, 1997ൽ. അടുത്തവർഷം കേസരിയെ തന്നെ താഴെയിറക്കി സോണിയഗാന്ധി കോൺഗ്രസ് പ്രസിഡന്റായി. പിന്നീടിങ്ങോട്ട് പ്രവർത്തസമിതിയിലേക്ക് ആശ്രിതനിയമനം മാത്രമേ ഉണ്ടായിട്ടുള്ളു. അത് തന്നെയല്ലേ ഇപ്പോൾ ബിജെപിയും ചെയ്തിരിക്കുന്നത്. നേതൃത്വത്തിലെ അച്ചുതണ്ടിന് അനഭിമതരായവർ പുറത്ത്. ഒപ്പം നിൽക്കുന്നവരും അധികാരത്തിൽ തുടരാൻ ആവശ്യമായവരും അകത്ത്. ഈ സ്വജനപക്ഷപാദമാണ് ഇരുപാർട്ടികളുടേയും പരമോന്നത സമിതികൾ തമ്മിലുള്ള താരതമ്യത്തിന് കാരണമായിരിക്കുന്നതും. ഒപ്പം നിൽക്കുന്നവർക്ക് അധികാരം നൽകി കൂടെക്കൂട്ടി എന്നതിനപ്പുറം ഈ രണ്ട് പാർട്ടികളും തമ്മിൽ ഒരു താരതമ്യവുമില്ല. കോൺഗ്രസിൽ ഒപ്പം കൂടിയവർ പറയുന്നത് നേതൃത്വം നടത്തികൊടുക്കുന്നു. ബിജെപിയിൽ ഒപ്പം കൂട്ടിയവരെ കൊണ്ട് നേതൃത്വം അവരുടെ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നു.
കേരളത്തിലെ പാർട്ടിക്ക് അഭിമാനിക്കാം
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരു സീറ്റിൽ പോലും പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിലും ഒരു കാര്യത്തിൽ സംസ്ഥാന ബിജെപിക്ക് അഭിമാനിക്കാം. ഈ അഴിച്ചു പണികൂടി കഴിഞ്ഞതോടെ ബിജെപി ദേശീയ ഭാരവാഹിയായി അവശേഷിക്കുന്ന ഏകന്യൂനപക്ഷ നേതാവ് മലയാളി ഉപാധ്യക്ഷനായ അബ്ദുള്ള കുട്ടിയാണ്.( ന്യൂനപക്ഷ മോർച്ച നേതാവ് ജമാൽ സിദ്ദിഖിയെ മാറ്റി നിറുത്തിയാൽ). കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന മുക്താർ അബ്ബാസ് നഖ്വി ഇത്തവണത്തെ അഴിച്ചുപണിയിൽ പുറത്തായി. രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നിഷേധിച്ചതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. എം.ജെ.അക്ബറിന്റെയും, സയ്യദ് സഫർ ഇസ്ലാമിന്റെയും രാജ്യസഭ കാലാവധി അവസാനിച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളിലുമായി ബിജെപിക്കുണ്ടായിരുന്ന ഏക മുസ്ലീം അംഗമായിരുന്നു മുക്താർ അബ്ബാസ് നഖ്വി. മത്സരിപ്പിച്ച് തോറ്റു പോയത് കൊണ്ടല്ല പാർലമെന്റിൽ ബിജെപിക്ക് മുസ്ലീം എംപിമാരില്ലാതെ പോയത്. മത്സരിപ്പിക്കാത്തത് കൊണ്ടാണ്.