TMJ
searchnav-menu
post-thumbnail

Outlook

'ബിജെപിയും, ആര്‍എസ്സ്എസ്സും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി'

25 Sep 2021   |   1 min Read
K P Sethunath

യോഗേന്ദ്ര യാദവ് / PTI

അഭിമുഖം : യോഗേന്ദ്ര യാദവ് | കെ പി സേതുനാഥ്

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും, കര്‍ഷക പ്രസ്ഥാനത്തിന്റെയും നേതൃനിരയില്‍ വരുന്നതിനും മുമ്പ് യോഗന്ദ്ര യാദവ് അറിയപ്പെട്ടിരുന്നത് ഇന്ത്യയിലെ സമുന്നതനായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ എന്ന പേരിലായിരുന്നു. തെരഞ്ഞെടുപ്പ് വിശകലന മേഖലയില്‍ നിന്നും ഏതാണ്ട് ഒരു ദശകക്കാലമായി മെല്ലെ പിന്മാറിയ യാദവിന്റെ പ്രകടമായ സാന്നിദ്ധ്യം പിന്നീട് കാണാനായത് ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ജനകീയമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളിലായിരുന്നു. അതിന്റെ ആദ്യത്തെ മൂര്‍ത്തമായ രാഷ്ട്രീയ ആവിഷ്‌ക്കാരമായിരിന്നു ആം ആദ്മി പാര്‍ട്ടി. AAP ല്‍ നിന്നും വളരെ വേഗം വഴി പിരിഞ്ഞ യാദവ് സ്വരാജ് ഇന്ത്യ പാര്‍ട്ടിക്ക് രൂപം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃപാടവവും, വിശകലനശേഷിയും രാജ്യവ്യാപകമായ ശ്രദ്ധ കൈവരിക്കുന്നത് കഴിഞ്ഞ 10 മാസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃനിരയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങളെ പറ്റി യാദവുമായി മലബാര്‍ ജേര്‍ണലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെപി സേതുനാഥും, ചലോ ടിവിയുടെ എഡിറ്റര്‍ കെ രാജഗോപാലും സംയുക്തമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.   

തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ എന്ന നിലയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ പറ്റിയുള്ള, പ്രത്യേകിച്ചും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്, ഒരു സംഭാഷണത്തിന് താങ്കള്‍ക്ക് താല്‍പര്യമില്ലെങ്കിലും യുപി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആകാംക്ഷ ഒഴിവാക്കാനാവില്ല. എന്താണ് താങ്കളുടെ വിലയിരുത്തല്‍?

തെരഞ്ഞെടുപ്പ് വിശകലനം പൂര്‍വാശ്രമത്തില്‍ കഴിഞ്ഞ അദ്ധ്യായമാണ്. ഭാവി പ്രവചിക്കുന്നതിന് പകരം ഭാവി രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ എന്റെ ദൗത്യം ലളിതമാണ്. അതായത് ഉത്തര്‍പ്രദേശില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ ആ പരാജയം പരമാവധി വലുതാക്കുക. ഇനി അഥവാ അവര്‍ ജയിക്കുന്ന പക്ഷം അവരുടെ വിജയം കഴിയുന്നത്ര ദുര്‍ബലമാക്കുക. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ അതിലാണ്. അല്ലാതെ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നു ആലോചിച്ച് ആകുലപ്പെടല്‍ അല്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുപി യിലെ മുസഫര്‍ നഗറില്‍ കര്‍ഷകരുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാസമ്മേളനം ഒരു വഴിത്തിരിവായിരുന്നു എന്നു വിശേഷിപ്പിക്കപ്പെടുന്നു. എന്താണ് അതിന്റെ രാഷ്ട്രീയ പ്രസക്തി?

ഒരു കാര്യം ഉറപ്പാണ്. മുസഫഫര്‍നഗറില്‍ നടന്ന കര്‍ഷക സമ്മേളനത്തിനു ശേഷം ബിജെപി-ആര്‍എസ്സ്എസ്സ് നേതൃത്വത്തിന് ഹാലിളകയിരിക്കുന്നു. ഹിന്ദുക്കളും, മുസ്ലീമുകളും ഐക്യപ്പെടണമെന്ന് പറയുന്നതിനെ എങ്ങനെയാണ് എതിര്‍ക്കാനാവുക. ബിജെപിയും, ആര്‍എസ്സ്എസ്സുമാണ് ഇന്ത്യയുടെ ജനങ്ങളുടെ ഐക്യത്തിന് നേരെയുള്ള ഏറ്റവും വലിയ ഭീഷണി. അങ്ങേയറ്റം ഉത്തരവാദിത്തത്തോടു കൂടിയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. മുസാഫര്‍നഗര്‍ സമ്മേളനത്തിന് ശേഷമുള്ള അവരുടെ പ്രചാരണം അതിന്റെ വ്യക്തമായ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമല്ല കര്‍ഷകരുടെ പരിപാടി. അത് വളരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.  

മുസാഫർ നഗറിൽ നടന്ന കർഷക പ്രോക്ഷോഭം / Photo : PTI

കഴിഞ്ഞ 10 മാസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ദിശാബോധത്തിന് വഴി തെളിച്ചുവെന്നു പറയുന്നു. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ വിലയിരുത്തല്‍?

കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്നു നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നതായിരുന്നു കര്‍ഷക പ്രക്ഷോഭം തുടങ്ങുന്നതിന്റെ കാരണം. ഇപ്പോള്‍ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു. കാര്‍ഷിക നിയമ ഭേദഗതികള്‍ സത്യത്തില്‍ മരിച്ചതിന് തുല്യമാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ ധൈര്യപ്പെടുമെന്നു എനിക്കു തോന്നുന്നില്ല. ഞാന്‍ പറയാന്‍ വന്ന വിഷയം അതല്ല. ലെനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തുടക്കത്തില്‍ സാമ്പത്തിക സമരം മാത്രമായിരുന്ന കര്‍ഷക സമരം ഇപ്പോള്‍ ആ അതിര്‍വരമ്പുകള്‍ പിന്നിട്ടിരിക്കുന്നു. ഒന്നാമത്തെ കാര്യം ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള ഒന്നായി ഈ പ്രക്ഷോഭം മാറിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമായ കൃഷിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് നിയമമുണ്ടാക്കുന്നതെന്ന ചോദ്യം ഞങ്ങള്‍ ഉന്നയിക്കുന്നു. രണ്ടാമത്തെ വിഷയം കര്‍ഷകര്‍ എന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ കൈവരിച്ച ഐക്യമാണ്. മുസഫര്‍ നഗര്‍ നിങ്ങള്‍ക്കറിയാമല്ലോ. ഏറ്റവും ഹീനമായ വര്‍ഗീയ കലാപം നടന്ന സ്ഥലമാണ്. അവിടെയാണ് കര്‍ഷകരായ ഹിന്ദുക്കളും, മുസ്ലീങ്ങളും ഒരുമിച്ച് വന്നിട്ടുള്ളത്. അതുപോലെ തന്നെ പഞ്ചാബില്‍ കര്‍ഷകരുടെ ഇടയിലുള്ള ജാതി വൈരുദ്ധ്യങ്ങളെ ഒരു പരിധിവരെ മറിടക്കുവാന്‍ ഈ സമരം വഴിയൊരുക്കി. രാജസ്ഥാനിലെ മീണ, ഗുജ്ജര്‍ വിഭാഗങ്ങള്‍ തമ്മിലുളള വൈരുദ്ധ്യം പോലും മറികടക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ണ്ണാടകയിലും, തമിഴ്‌നാട്ടിലുമെല്ലാം ഇതു പോലെയുള്ള നിരവധി പ്രവണതകള്‍ കാണാനാവും. ചുരുക്കത്തില്‍ മതപരവും, ജാതിപരവും, ഭാഷാപരവും, പ്രാദേശികവുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ മറികടക്കുന്നതിനുള്ള ഉപാധിയായി കര്‍ഷകപ്രക്ഷോഭം മാറിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കര്‍ഷകന്‍ കൈവരിച്ച ആത്മാഭിമാന ബോധമാണ് ഏറ്റവും പ്രധാനമായ നേട്ടം. സര്‍വകലാശാലകളിലും, കോളേജുകളിലും പഠിക്കുന്ന കര്‍ഷകരുടെ മക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരാണെന്നു് ഇപ്പോള്‍ അഭിമാനത്തോടെ പറയുന്ന ഒരവസ്ഥയുണ്ടായിട്ടുണ്ട്. കര്‍ഷകരുടെ മേക്കിട്ടു കയറാമെന്ന മോഹം ഇനി ആര്‍ക്കും വേണ്ട. കര്‍ഷക പ്രക്ഷോഭത്തിന്റെ സവിശേഷതകള്‍ ഇവയാണ്.

കര്‍ഷക പ്രക്ഷോഭം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ വേണ്ടത്ര ശുഷ്‌ക്കാന്തി പ്രകടിപ്പിക്കുന്നില്ല എന്ന നിരീക്ഷണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഭരണപക്ഷവും, പ്രതിപക്ഷവും ഇന്ത്യയില്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കാലം മുതലുള്ള ചരിത്രം മാത്രം പരിശോധിക്കാം. കോണ്‍ഗ്രസ്സായിരുന്നു ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാക്കള്‍. ബിജെപി അതിന്റെ പിന്തുണക്കാരായിരുന്നു. വര്‍ഗീയതയുടെ കാര്യത്തില്‍ അതിന്റെ മറ്റൊരു രൂപമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ബിജെപിയാണ് വര്‍ഗീയതയുടെ ചാലകശക്തി. കേണ്‍ഗ്രസ്സും അതിന്റെ നടത്തിപ്പുകാരായി മാറുന്നു. അതായത് ഉദാരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട അഭിപ്രായ സമന്വയം വര്‍ഗീയതയുടെ കാര്യത്തിലും സംഭവിക്കുന്നുവെന്ന് ഞാന്‍ ഭയപ്പെടുന്നു. ജനാധിത്യത്തിന്റെ കാര്യത്തിലും ഇതേ പ്രവണത കാണാനാവും. പ്രതിപക്ഷത്തെ മുഖ്യകക്ഷിയെന്ന നിലയിലുള്ള കോണ്‍ഗ്രസ്സിന്റെ ദയനീയമായ പ്രവര്‍ത്തനത്തില്‍ മനംമടുത്താണ് കോണ്‍ഗ്രസ്സ് മരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് പറയേണ്ടി വന്നത്. അത്രയധികം ദുഖകരമാണ് സ്ഥിതി. ബിജെപി നടത്തുന്ന ജനാധിപത്യ ധ്വംസനം നാളെ മറ്റു കക്ഷികളും മാതൃകയാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെ എടുക്കുക. ഡെല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്നു ആവശ്യപ്പെടുന്ന കക്ഷിയാണ് AAP. എന്നാല്‍ ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. കിഴക്കന്‍ ഡെല്‍ഹിയില്‍ അഴിച്ചുവിട്ട വര്‍ഗീയ ആക്രമണത്തിന്റെ സമയത്തുള്ള ഡെല്‍ഹി സര്‍ക്കാരിന്റെ പ്രതികരണം തികച്ചും നിരാശജനകമായിരുന്നു. മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികള്‍ നിരാശയുടെ പതാകവാഹകരാവുന്ന സാഹചര്യത്തിലാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയബോധം പ്രത്യാശയുടെയും, പ്രതീക്ഷയുടെയും പ്രതീകമാവുന്നത്. സെപ്തംബര്‍ 27 നു നടക്കാനരിക്കുന്ന ഭാരത ബന്ദിന്റെ വിജയം അതിന് കൂടുതല്‍ ഉത്തേജനം നല്‍കും.   

Leave a comment