TMJ
searchnav-menu
post-thumbnail

Outlook

തിളക്കുന്ന ചെമ്പും നടന്നു വിണ്ട പാദങ്ങളും

20 Dec 2022   |   1 min Read
ഡോ: ഇ ഉണ്ണികൃഷ്ണൻ

PHOTOS : PRASOON KIRAN

ഫോർട്ട് കൊച്ചി ജൂതത്തെരുവിൽ നടക്കുന്ന ആഴി: സീ എ ബോയ്ലിങ് വെസ്സൽ എന്ന കലാപ്രദർശനത്തിലെ പരാഗ് സോണാഗരെയുടെ ദി ഫൂട്ട് എന്ന ചിത്രത്തെ മുൻനിർത്തി എഴുതിയത്.

കലാ സൗന്ദര്യത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും ആന്തരിക വൈരുധ്യത്തെക്കുറിച്ചുള്ള ചിന്ത മലയാളത്തിൽ ഒരു ലേഖന വിഷയമാകുന്നത് ഏഴരപ്പതിറ്റാണ്ട് മുമ്പ് എഴുതപ്പെട്ട എം.പി.പോളിന്റെ സൗന്ദര്യ നിരീക്ഷണമെന്ന ഗ്രന്ഥത്തിലായിരിക്കണം. അപ്രകൃതവും അസംസ്കൃതവുമായ അംശങ്ങൾ ഉപേക്ഷിച്ച് സൗന്ദര്യ സാരം മാത്രം ആവിഷ്ക്കരിക്കാനാണ് കലാകാരൻ ശ്രമിക്കുക എന്നും അതുമൂലം കലാ സൗന്ദര്യത്തിന്റെ പ്രതീതി ഏകാഗ്രവും അഭംഗുരവുമായിരിക്കുമെന്നും പോൾ പറയുന്നു. ബീഭത്സവും ചിലപ്പോൾ ശോകമയമായതുമായ ചിലതും കലാവിഷ്ക്കാരത്തിൽ സൗന്ദര്യാത്മകമായിരിക്കും. എം.പി.പോൾ പറയുന്ന കലാ നിർമാണത്തിലെ ഈ വിരോധാഭാസത്തെ തീർത്തും ഓർമിപ്പിക്കുന്നു പരാഗ് സോണാഗ്ര ആവിഷ്ക്കരിച്ച വിണ്ടുകീറിയ കാലുകളുടെ ഈ പെയിന്റിംഗ്. നാഗ്പൂർ സ്വദേശിയായ പരാഗ് ബറോഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു യുവ ചിത്രകാരനാണ്. 2018 ലെ കൊച്ചിൻ മുസിരിസ് ബിനാലെയിൽ ഈ ചിത്രകാരൻ സന്നിഹിതനായിരുന്നു. ഫോർട്ട് കൊച്ചി മട്ടാഞ്ചേരി ജൂതത്തെരുവിലെ ഒഴിഞ്ഞു പോയ അവസാന ജൂതകുടുംബമായ ജൂലിയറ്റ് കാഷി ഹെല്ലെഗേയുടെ വീട് വേദിയായി ഡിസംബർ 13 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന തിളക്കുന്ന ചെമ്പാണ് കടൽ എന്ന ആശയപരിമണ്ഡലത്തിൽ ഒരുക്കിയ ആഴി : സീ എ ബോയ്ലിങ്ങ് വെസ്സൽ എന്ന കലാ -ചരിത്രയാനത്തിന്റെ ഒന്നാം അധ്യായത്തിലാണ് ഫൂട്ട് എന്ന ഈ ചിത്രം കാണാനാവുന്നത്. വിണ്ടുപൊറ്റയടർന്ന് കുഴിനഖം നൊന്ത് ചെളി പുരണ്ട കാൽപ്പാദത്തിന്റെ യഥാതഥമായ ഒരു ചിത്രമാണ് ഫൂട്ട്. സന്ദർശകർതൊട്ടു നോക്കുമെന്നതിനാൽ, ഇതൊരു ചിത്രമാണ് ഫോട്ടോ അല്ലെന്ന് ബോധ്യപ്പെടുത്താൻ ചിത്രത്തിനു മുന്നിൽ സ്ഥിരം ആളെ നിർത്തേണ്ടി വരുന്നു സംഘാടകർക്ക് എന്നയിടത്തോളം യഥാതഥത്വമുണ്ട് ഇവിടെ വസ്തുബിംബങ്ങൾക്ക് തമ്മിൽ.

നിത്യജീവിത വ്യവഹാരത്തിൽ ജുഗുപ്സയും ബീഭത്സതയുമുണ്ടാക്കുന്നവ കലാവസ്ഥയിലേക്ക് പുനർജ്ജനിക്കുമ്പോൾ ആനന്ദദായകമാവാം എന്ന ആ പരമ്പരാഗത സങ്കല്പത്തിനപ്പുറത്തേക്ക് പൊള്ളിയടർന്ന ഈ കാല്പാദം വളരുന്നത് അത് മനുഷ്യ ചരിത്രത്തിൽ നടന്നു തീർത്ത വഴികളെയും കാലങ്ങളെയും കൂടി അടയാളപ്പെടുത്തിയതിനാലാണ്. ഞാൻ ഞാനെന്ന മഹാപ്രജാപതികളുടെ അഹങ്കാരങ്ങൾക്കും മനുഷ്യാഹന്തയുടെ തറവാടിത്ത ഘോഷങ്ങൾക്കും വിലങ്ങിക്കിടക്കുന്നു പഴയ മൂളിക്കുരങ്ങന്റെ വാലുപോലെ ഈ ബൃഹദാകാരം. കുട്ടനാടൻ ചേർനിലങ്ങളിൽ നിന്ന് ആഫ്രിക്കൻ തോട്ടച്ചതുപ്പുകളിലേക്ക് അറവ് മാടുകളെപ്പോലെ കടൽകടത്തിക്കൊണ്ടുപോയ അടിമ ജീവിതത്തിന്റെ ഉയിരടയാളമായാണ് ക്യാൻവാസിനെ വിലങ്ങി ഈ പാദം കിടക്കുന്നത്. അരൂക്കാക്കപ്പെട്ടവന്റെ ജീവിതത്തിന്റെ നാനാർത്ഥങ്ങൾ വേറെയും പല സന്ദർഭങ്ങളിൽ നാം കാണുന്നുണ്ട്. കാൽ വെള്ള വെന്തുകൊണ്ട് മരുഭൂമിയിലൂടെയും ഉരുകുന്ന താർ റോഡിലൂടെയും കരിങ്കൽച്ചീളും മനുഷ്യമലവും ഇഴുകിച്ചേർന്ന ഉരുക്കു പാതകളിലൂടെയും എളുപ്പമെത്താൻ പുറപ്പെട്ട് ഒരിക്കലുമെത്താതെ പോകുന്ന പലായനങ്ങളുടെ ഈ അനുസ്യൂതി വർത്തമാന ഇന്ത്യയിൽ നാം എത്രയോ കണ്ടു കഴിഞ്ഞതാണ്. കേരളത്തിലെ അടിമജീവിത അനുഭവവാങ്മയങ്ങളുടെ അടിയടരിലേക്ക് നമ്മെ കൊണ്ടു പോകണമെന്ന് ഈ ചിത്രപ്രദർശനം ലക്ഷ്യമിടുന്നുണ്ട്. സനൽമോഹന്റെയും വിനിൽ പോളിന്റെയുമൊക്കെ അക്കാദമിക പഠനങ്ങളുടെ അകക്കാമ്പ് ആനുകാലിക ലേഖനങ്ങളിലൂടെ വെളിപ്പെട്ടു തുടങ്ങിയിടത്തു മാത്രമാണ് ജാതീയ അടിമത്തത്തിന്റെ മഞ്ചാടിക്കരുകളിലെ മുതലവായ്കളെക്കുറിച്ച് കേരള സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്തു തുടങ്ങിയത്. വയൽ ആവാസത്തിനപ്പുറത്തേക്ക് നീളാത്ത മാടായിലെയും വള്ളിയൂർകാവിലെയും പ്രാദേശിക അടിമച്ചന്തകളിലെ ഉരുക്കളായി കൈമാറ്റം ചെയ്യപ്പെട്ട വിരുന്തന്മാരുടെയും കൈപ്പാടന്മാരുടെയും കേരളീയഅടിമ ജീവിതത്തിന്റെ "സൗമ്യത " യൊന്നുമുള്ളതല്ല തിരുവിതാംകൂറിലെ ക്രിസ്ത്യൻ നരേറ്റീവുകളിലെ കൊളോനിയൽ കാലഅനുഭവസാക്ഷ്യങ്ങൾ.

നടന്നേടമെല്ലാം തന്റേതാവുന്ന ടോൾസ്റ്റോയ് കഥയിലെ അത്യാഗ്രഹിയുടെതു പോലൊരു ആന്തരിക ചോദനയല്ല ഈ കാലുകളിലെ തൊലിയടർത്തിയത്. മനുഷ്യപാദത്തിന്റെ ആയിരം മടങ്ങ് വലുപ്പത്തിൽ ഒരു സിനിമാസ്ക്രീനിലെന്ന പോലെ ദൃശ്യമാകുന്നു പരാഗ് ചിത്രത്തിലെ പാദം.

നടന്ന വഴികളെ പാട്ടുകളിലൂടെ അടയാളപ്പെടുത്തുകയും അതൊരു വാങ്മയ ഭൂപടമായി പിൻമുറക്കാർക്ക് കൈമാറുകയും ചെയ്യുകയെന്നത് ആദിമനിവാസികളുടെ അതിജീവന തന്ത്രമാണ്. വടക്കൻ കേരളത്തിലെ കീഴാള ദൈവങ്ങളായ കുറത്തിയുടെയും പരതാളിയുടെയുമൊക്കെ തോറ്റംപാട്ടുകൾ ഇരിക്കാനൊരു പീഠമില്ലാതെ കാലുപൊള്ളി നടന്ന സഹനപാതകളുടെ അടയാളക്കല്ലുകളായത് അങ്ങനെയാണ്. നടന്നേടമെല്ലാം തന്റേതാവുന്ന ടോൾസ്റ്റോയ് കഥയിലെ അത്യാഗ്രഹിയുടെതു പോലൊരു ആന്തരിക ചോദനയല്ല ഈ കാലുകളിലെ തൊലിയടർത്തിയത്. മനുഷ്യപാദത്തിന്റെ ആയിരം മടങ്ങ് വലുപ്പത്തിൽ ഒരു സിനിമാസ്ക്രീനിലെന്ന പോലെ ദൃശ്യമാകുന്നു പരാഗ് ചിത്രത്തിലെ പാദം. അതൊരു ഭൂപടം കൂടിയാകുന്നു. പ്രകൃതിയും കാലവുമേല്പിച്ച മുറിവുകളും ചുളിവുകളും മുളിയും കലയും എല്ലാം ചേർന്ന് രൂപപ്പെടുത്തിയ ശരീരത്തിൽ നിവർത്തി വെച്ച ഒരു ടെറേയ്ൻ ഭൂപടം . ഒരു ഭൂപടത്തിനു മുന്നിൽ നിന്ന് നോക്കുന്നവന്റെ ഇടതു വശം പടിഞ്ഞാറാണ്. മാപ് റീഡിങ്ങിന്റെ അടിസ്ഥാന തത്വമാണിത്. അഞ്ചു കാൽവിരലുകളുടെ ദിശാസൂചികൾ നീട്ടിക്കാണിക്കുന്നത് കടലിലേക്കാണ്. കരയിൽ നിന്നും കടലിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ഓർമയായി ഈ ചിത്രപാദം മാറുന്നത് അങ്ങനെ കൂടിയാണ്.

ലേഖകൻ | PHOTO : PRASOON KIRAN

ആഴിയെന്നാൽ കടലെന്നും നെരിപ്പോടെന്നും അർത്ഥമുണ്ട്. കവികളുടെ മഷിപ്പാത്രമായിടുന്നിടത്തു നിന്നും തിളച്ചുമറിയുന്ന ചെമ്പായി കടലിനെ ആവിഷ്ക്കരിക്കുന്നതിൽ വലിയ രാഷ്ട്രീയ ബോധ്യവുമുണ്ട്. ചവിട്ടുനാടക കലാകാരന്മാർ കൂടിയായ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളെ കടലെടുത്തു കൊണ്ടിരിക്കുന്ന അവരുടെ വീടുകൾക്കു മുമ്പിൽ വെള്ളത്തിന്റെ നെരിപ്പോടിൽ നിർത്തി കെ.ആർ സുനിൽ പകർത്തിയ ചിത്രങ്ങൾ ആഴി ആർക്കൈവിൽ പ്രദർശിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെ മണ്ണടരുകൾ ചികഞ്ഞ് എ.മുഹമ്മദ് പകർത്തിയ നന്നങ്ങാടിച്ചിത്രങ്ങളുടെ മറ്റൊരു സംഘാതവുമുണ്ട്. മരണത്തിൽ നിന്നും കൈ നീട്ടി വാങ്ങിയ ഒരു ജീവിതം കൊണ്ട് ചായം തേച്ച കെ.പി. കൃഷ്ണകുമാറിന്റെ നീലിച്ചുപോയ ഒരു ശില്പം റിയാസ് കോമുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ ആർക്കൈവിന്റെ തുടക്കത്തിൽ തന്നെയുണ്ട്. മലയാളക്കരയിലേക്ക് രണ്ടായിരത്തിൽ പരം വർഷം മുമ്പെ കടലിലൂടെ പായ്ക്കപ്പലോടിച്ചെത്തിയ ജൂതരുടെ വർത്തക സംഘങ്ങളിൽ നിന്നും രണ്ടായിരാമാണ്ടോടെ കേരളം വിട്ടു ജറുസലേമെന്ന വാഗ്ദത്തഭൂമിയിലേക്ക് പൂർണമായും കുടിയേറിയ ഒരു ജനതയുടെ കടലോർമകൾക്കൊപ്പം സഞ്ചരിക്കുന്ന ആഴി എന്ന ഈ ആർക്കൈവ് ഒരുക്കിയിരിക്കുന്നത് ആ ഓർമകൾ ഉറങ്ങുന്ന ഒരു ജൂത ഭവനത്തിൽ, കാഷിഹൗസിൽ തന്നെയാണെന്നത് കടലോട്ടത്തിന്റെ ചരിത്രത്തെത്തന്നെ ഒരു പ്രതിഷ്ഠാപന കലയാക്കിത്തീർക്കുന്നു.

Leave a comment