TMJ
searchnav-menu
post-thumbnail

Outlook

ബ്രഹ്മപുരം; മുഖ്യമന്ത്രി സംസാരിക്കാത്തതെന്ത്‌?

14 Mar 2023   |   4 min Read
സനീഷ് ഇളയടത്ത്

കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ഇപ്പോഴും ഭാവിയിലും വിലയിരുത്തുമ്പോള്‍ അവരെക്കുറിച്ചുള്ള ഏറ്റവും വലിയ കുറ്റമായിട്ട് നമ്മള്‍ പറയേണ്ട കാര്യമാണ് ബ്രഹ്മപുരത്തെ തീപ്പിടുത്തവും അനുബന്ധ സംഭവങ്ങളും. ഇക്കാലത്തിനിടെ അവരുടെ മേലേക്ക് വന്ന ഏറ്റവും വലിയ കളങ്കമാണ് അത്. ബ്രഹ്മപുരത്ത് ഇങ്ങനെയൊരു അപകടം ഉണ്ടായതിന് കാരണക്കാര്‍ ആരാണ് എന്ന ചോദ്യത്തിന് ഇവിടെ ഭരിച്ച  എല്ലാ രാഷ്ട്രീയക്കാരും എന്ന് മറുപടി പറയാവുന്നതേയുള്ളൂ. ഈ സര്‍ക്കാര്‍ മാത്രമല്ല അതില്‍ കുറ്റക്കാര്‍, പക്ഷെ, ഇപ്പോള്‍ ഈ തീപിടുത്തമുണ്ടായതിനും, അതിന് ശേഷമുണ്ടായ നടപടികളിലെ അപര്യാപ്തയ്ക്കും പിന്നില്‍ ഈ സര്‍ക്കാരിന്റെ  ഉത്തരവാദിത്തമില്ലായ്മ ഉണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണം, ഖേദപ്രകടനവും നടത്തേണ്ടതുണ്ട്. 

ഇതെഴുതുന്ന ദിവസവും നിയമസഭയില്‍ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ബ്രഹ്മപുരത്ത് ഉണ്ടായത് പോലെ ഇത്ര വലിയൊരു അപകടാവസ്ഥ ഉണ്ടായതിന് ശേഷവും അതേക്കുറിച്ച് മിണ്ടാതിരിക്കാനുള്ള അവകാശം തനിക്കുണ്ട് എന്നാകണം അദ്ദേഹം വിചാരിക്കുന്നത്. ജനാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ആ തോന്നല്‍ ഉണ്ടാകാന്‍ പാടില്ലാത്തത്. നാട്ടിലൊരു വലിയ അപകടമുണ്ടായിട്ട് മിണ്ടാതിരിക്കാനുള്ള അവകാശം ഒരു ഭരണാധിപന് ഇല്ല തന്നെ. അതും പ്രതിപക്ഷം ഇങ്ങനെ ശക്തമായിട്ട് ആവശ്യപ്പെട്ടിട്ട് പോലും. 

തീപ്പിടിത്തവും ഭയാശങ്കകളും പ്രതിഷേധവും ഉണ്ടായിട്ട് പത്തോ പതിനൊന്നോ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ അദ്ദേഹം പക്ഷെ ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. തീയണയ്ക്കാന്‍ പ്രവര്‍ത്തിച്ച ഫയര്‍ഫോഴ്‌സ്, പൊലീസ് സേനാംഗങ്ങളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു അത്. അത്രയെങ്കിലും നല്ലത്. ബ്രഹ്മപുരത്ത് കഠിനാധ്വാനം ചെയ്തവര്‍ക്ക് മുഖ്യമന്ത്രി മാത്രമല്ല നമ്മള്‍ കേരളമാകെ നന്ദി പറയേണ്ടതാണല്ലോ. കൊച്ചി കോര്‍പ്പറേഷനിലെ ജീവനക്കാര്‍, ഉദ്ദ്യോഗസ്ഥര്‍, വാഹന ഡ്രൈവര്‍മാര്‍, ഹോം ഗാര്‍ഡുകള്‍, പോലീസുകാര്‍, ഒപ്പം പ്രവര്‍ത്തിച്ച നാട്ടുകാര്‍ എന്നിവരെല്ലാം വലിയ നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നു. കേരളം കണ്ട രണ്ട് പ്രളയങ്ങളെയും, കോവിഡ് കാലത്തെയും പോലെ തന്നെ വളരെ വലിയൊരു അപകട സാഹചര്യമാണ് ബ്രഹ്മപുരത്ത് ഉണ്ടായത്. എന്നാല്‍ ഇത്തവണ ഉണ്ടായ ഒരു വ്യത്യാസം അതോട് സര്‍ക്കാര്‍ സ്വീകരിച്ച നിസ്സംഗത സമീപനമാണ്. മേലെ പറഞ്ഞ മുഖ്യമന്ത്രിയുടെ മൗനവും കൂടെ ഭാഗമായുള്ള നിസ്സംഗതാ മനോഭാവം. പ്രളയ-കോവിഡ് കാലങ്ങളില്‍ നാട് ഭരിക്കുന്നവര്‍ കൊടുത്ത ജാഗ്രതയോ, നിര്‍ദ്ദേശങ്ങളോ, ശ്രദ്ധയോ, പ്രചോദനമോ ഈ കഠിനാധ്വാനികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തവണ കിട്ടിയതേയില്ല. ചീഫ് മിനിസ്റ്റര്‍ ഓഫ് കേരള എന്ന ഫെയ്‌സ്ബുക്ക് പേജ് നോക്കുക, ഇന്നലെ വന്ന അഭിനന്ദന പോസ്റ്റിന് മുമ്പ് ഒരേയൊരു പോസ്റ്റ് മാത്രമേ അവിടെയുള്ളൂ. ഇതൊരു ഗൗരവപ്പെട്ട വിഷയമായിട്ടേ താന്‍ കാണുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കൃത്യമായി അറിയാനാകുന്ന വിധത്തിലാണ് ഫെയ്‌സ്ബുക്കിലെ നിസ്സംഗത.  പിണറായി വിജയന്‍ എന്ന മറ്റൊരു പേജും അദ്ദേഹത്തിന് ഉണ്ട്. അവിടെയാണെങ്കില്‍ ഒറ്റ പോസ്റ്റ് ഇതുമായി ബന്ധപ്പെട്ട് ഉള്ളത് ഇല്ല. കോവിഡ് കാലത്തൊക്കെ ദിനം പ്രതി വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഒരു തവണ പോലും മാധ്യമങ്ങളെ കണ്ടില്ല, നാട്ടിലെ ജനങ്ങളോട് സംസാരിച്ചില്ല എന്നത് അത്ഭുതകരമായി തോന്നുന്നില്ലേ. വലിയ ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളോട് ഭരണാധിപര്‍ വന്ന്  സംസാരിക്കുന്നത് പോസിറ്റീവായ കാര്യമാണ് എന്നതിന് ലോകമാകെനിന്ന് തെളിവുകള്‍ കിട്ടിയ കോവിഡ് കാലം കടന്നയുടനെയാണ് ഇത് എന്ന് ഓര്‍ക്കണം. ജെസീന്താ ആര്‍ഡേണ്‍ തൊട്ട് കെ കെ ശൈലജ വരെയുള്ളവര്‍ അക്കാലത്ത് അഭിനന്ദിക്കപ്പെട്ടത് ഈയൊരു കാര്യം കൂടെ ചെയ്തതിന്റെ പേരിലായിരുന്നു. പിണറായി വിജയനും അതെ. എന്നാൽ ഈ ബ്രഹ്മപുരം ദിവസങ്ങളിൽ പിണറായി മൗനിയായിരുന്നു, അത് ശരിയായില്ല എന്ന് കേരളം അദ്ദേഹത്തോട് പറയേണ്ടതുണ്ട്. മാലിന്യ നിയന്ത്രണമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കൂടെയാണ് അദ്ദേഹമെന്നോര്‍ക്കണം. ആരോഗ്യമന്ത്രിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെതന്നെയായിരുന്നു. പൊതുജനത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മുന്നില്‍ വന്നുപെട്ട വലിയൊരു പ്രശ്‌നത്തോട് അതിന്റെ ഗൗരവത്തിലല്ല ആ വകുപ്പും പ്രതികരിച്ചത്. ഇപ്പോള്‍ സഭയില്‍ ആരോഗ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ സ്വീകരിക്കുന്ന സമീപനം, പ്രതിപക്ഷ വിമര്‍ശനത്തോട് അവര്‍ സ്വീകരിക്കുന്ന എതിര്‍നിലപാട് ഇതെല്ലാം നമുക്ക് കാണിച്ച് തരുന്ന ചിത്രം ഒന്നാണ്. അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്ന നിസ്സംഗ സമീപനമാണ് ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ തുടക്കം മുതലുണ്ടായത് എന്ന്.

മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വിമര്‍ശിക്കാന്‍ മാത്രം ഗൗരവമുള്ളതാണോ ഇപ്പോള്‍ ബ്രഹ്മപുരത്തുണ്ടായ പ്രശ്‌നം എന്ന് വിചാരിക്കുന്നവരുമുണ്ടാകും. അവര്‍, വിദഗ്ദര്‍ ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കണം, പത്തോ പന്ത്രണ്ടോ ദിവസം നീണ്ടുനിന്ന ഈ മാലിന്യക്കൂമ്പാരത്തിലെ തീയും പുകയും എന്നെന്നേക്കുമായി അന്തരീക്ഷത്തിലേക്ക് ഇറക്കി വിട്ടത് ദീര്‍ഘകാലത്തേക്ക് മനുഷ്യരെ ബാധിക്കുന്ന സൂക്ഷ്മ വിഷകണങ്ങളെയാണ് എന്ന് അവര്‍ പറയുന്നുണ്ട്. ഡയോക്‌സിന്‍ എന്ന് വിദഗ്ദര്‍ വിളിക്കുന്ന  ഇത്തരം വിഷകണങ്ങള്‍ വലിയ രോഗങ്ങളെയാണ് അതിനിരയായവര്‍ക്ക് സമ്മാനിക്കുക. ഒരു മാസ്‌കിനും തടയാനാകാത്ത നാനോ വിഷകണങ്ങളുണ്ട് ഇപ്പോള്‍ കൊച്ചിയുടെ അന്തരീക്ഷത്തില്‍. അവ ഗര്‍ഭസ്ഥ ശിശുക്കളിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ വരെ ബാധിക്കുന്നതുമാണ്. ( ഈ മേഖലയിലെ വിദഗ്ദനായ, കാനഡ മക്ഗില്‍ സര്‍വ്വകലാശാലയിലെ ഡോ. സജി ജോര്‍ജ്ജ് ഇക്കാര്യത്തെക്കുറിച്ച് നേരത്തെ ദ മലബാര്‍ ജേണലിനോട് സംസാരിച്ചിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു, അത് കേട്ടാലറിയാം, ഉണ്ടായ സംഭവത്തിന്റെ തീവ്രത എത്രയെന്ന്). 

അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍, ആകാവുന്നവര്‍ സ്ഥലം വിട്ട് പോകണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ചുമതല സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതവര്‍ ചെയ്തില്ല. ഇപ്പോഴും ഇനിയങ്ങോട്ടും ഇതിനിരയായവരുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ള മുന്‍കരുതല്‍ നടപടികള്‍ പൊതുപണം ചെലവഴിച്ച് ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടായിരുന്നു, ആദ്യത്തെ പത്ത് ദിവസങ്ങളിലൊന്നും വേണ്ട ഗൗരവത്തോടെയുള്ള ആ തരം ഇടപെടലും ഉണ്ടായിട്ടില്ല. ഇതിങ്ങനെ ഗൗരവം കുറഞ്ഞ് അങ്ങ് തീര്‍ന്ന് പോവുകയാണെങ്കില്‍ പോകട്ടെ എന്നാണ് സര്‍ക്കാര്‍ വിചാരിച്ചത്, വിചാരിക്കുന്നത് എന്ന് തോന്നും. ഇത്രയ്ക്ക് ഗുരുതരമായൊരു സാഹചര്യം വന്നിട്ടുണ്ട്, ശ്രദ്ധിക്കണം എന്ന് പൗരരോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ ഭരണകൂട മനോഭാവം, പ്രളയകാലത്തും കോവിഡ് കാലത്തും ഇടത് സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചതിന്റെ മറുവശമാണ്. പാടില്ലാത്തതുമാണ്.



ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം ഇടത് സര്‍ക്കാര്‍ മാത്രമായി ഉണ്ടാക്കിയതല്ല. യുഡിഎഫ് പക്ഷത്തെ രാഷ്ട്രീയക്കാര്‍ക്കും അതില്‍ ധാരാളമായ പങ്ക് ഉണ്ട്. പക്ഷെ, ഈ ഘട്ടത്തില്‍ നമ്മള്‍ കൂടുതല്‍ കുറ്റപ്പെടുത്തേണ്ടത് സര്‍ക്കാരിനെ തന്നെയാണ്, കോര്‍പ്പറേഷനിലെയും നിയമസഭയിലെയും ഭരണപക്ഷത്തെ തന്നെയാണ്. നൂറ്റിപ്പത്ത് ഏക്കര്‍ ഭൂമി, ആവശ്യത്തിലേറെ പണം, മനുഷ്യശേഷി, സാങ്കേതികവിദ്യാ ഗ്രാഹ്യശേഷി , ആവശ്യത്തിന് ബുദ്ധിയും കഴിവുമുള്ള നേതൃപദവികളിലെ വ്യക്തികള്‍ ഇവയെല്ലാം ഉണ്ടായിട്ടും ഈ ഏഴ് വര്‍ഷത്തെ ഭരണകാലത്തിനിടെ ഇങ്ങനൊരു വലിയ മാലിന്യ പ്രശ്‌നം പരിഹരിക്കാനായില്ല പിണറായി വിജയന്‍ സര്‍ക്കാരിന് എന്നത് അവരുടെ വലിയ പരാജയമാണ്. ഏഴ് വര്‍ഷമാണ്, ഓര്‍ക്കണം. ഇക്കാലത്തിനിടെ നിറയെ റോഡുകളും പാലങ്ങളും നാട്ടില്‍ വന്നു. അവയുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും. പക്ഷെ ബ്രഹ്മപുരത്തെ നൂറ്റിപ്പത്തേക്കറിലെ മാലിന്യക്കുന്നുകള്‍ ഈ കാലത്തിനിടെ കൂടുതല്‍ വലുതായിട്ടേ ഉള്ളൂ. ഇപ്പോഴത് കത്തി കൊടുംവിഷം വായുവില്‍ പരക്കുന്നത് വരെ ആ ഭാഗത്തേക്ക് വേണ്ട ശ്രദ്ധയേ ഉണ്ടായതുമില്ല. ഈ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ അതിന് പിന്നിലുണ്ട്. അസാധ്യമെന്ന് കരുതിയിരുന്ന പാലങ്ങളും ഹൈവേകളും ഉണ്ടാക്കാന്‍ സാധിക്കുന്ന സര്‍ക്കാരാണല്ലോ, എന്നിട്ടുമെന്താണ് കൊച്ചി മഹാനഗരത്തിന്റെ മാലിന്യപ്രശ്‌നം മാത്രം പരിഹരിക്കാന്‍ പറ്റാത്ത വിധം ഇവര്‍ ദുര്‍ബ്ബലരായിപ്പോയത് എന്ന് നാട്ടുകാര്‍ ചോദിക്കില്ലേ. ആ ചോദ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. അതിന് മുന്നില്‍ മൗനികളായിരുന്നിട്ടെന്താണ്. 

ഈ സര്‍ക്കാരിനെ പോസിറ്റീവായി കാണുന്ന ഒരാളാണ് ഞാന്‍. ഇവരുടെ പ്രശ്‌നപരിഹാര രീതികളില്‍ വിശ്വാസമുള്ളയാളുമാണ്. അത് കൊണ്ട് തന്നെ, ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍  ബ്രഹ്മപുരം പ്രശ്‌നം പരിഹരിക്കപ്പെടും എന്ന് ഞാന്‍ വിചാരിക്കുന്നുണ്ട്. പോസിറ്റീവായ ഇടപെടല്‍ ഉണ്ടാകും എന്ന് കരുതുന്നു.  പക്ഷെ ഇതിനകം ഉണ്ടായിക്കഴിഞ്ഞ ഈ ദുരന്തവും, അതിലെ ഇടപെടലുകളിലെ കുറ്റകരമായ അപര്യാപ്തതയും വെച്ച് ഞാന്‍ ഒന്ന് കൂടെ പറയട്ടെ, ഈ സര്‍ക്കാരിന്റെ  അനാസ്ഥ ശക്തമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. 

ഒരു കാര്യം കൂടെ. ഇന്നാട്ടിലെ പ്രതിപക്ഷം ഇക്കാര്യത്തില്‍ ഭരണപക്ഷത്തെക്കാള്‍ ഒട്ടും മെച്ചമല്ല എന്ന് കൂടെ നാട്ടുകാരറിഞ്ഞിട്ടുണ്ട്. ഇത്ര വലിയൊരു വിഷയമുണ്ടായിട്ട് അതിന്റെ ഗൗരവത്തിലുള്ള പ്രതികരണമോ ഇടപെടലോ ആ പക്ഷത്തിന്റെ ഭാഗത്ത് ആദ്യദിവസങ്ങളില്‍ ഉണ്ടായതേ ഇല്ല. അവര്‍ക്ക് കൂടെ കുറ്റകരമായ പങ്കാളിത്തം ഉള്ളത് കൊണ്ടായിരിക്കാം, അവരും ഗൗരവം കുറച്ച് കാണിക്കാനാണ് യഥാര്‍ത്ഥത്തില്‍ ശ്രമിച്ചത്. എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതി പരീക്ഷാഹാളില്‍ നിന്നിറങ്ങി വേഗം വീട്ടിലേക്കോടി പോകുന്ന കുട്ടികളെപ്പോലെയായിരുന്നു ആ ദിവസങ്ങളില്‍ പ്രതിപക്ഷം.  അവര്‍ അവര്‍ക്ക് ഏറ്റവുമെളുപ്പമുള്ള സ്വപ്‌ന, സ്വര്‍ണക്കടത്ത് വിഷയങ്ങളില്‍ മാത്രം ആ നിര്‍ണായക ദിവസങ്ങളില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. നമ്മള്‍ ആ മാലിന്യ പുക കൂടെ ശ്വസിച്ച് കൊണ്ടുമിരുന്നു.

Leave a comment