TMJ
searchnav-menu
post-thumbnail

Outlook

നിയമ വ്യവസ്ഥകളുടെ പൊളിച്ചടുക്കലുകൾ

21 Apr 2022   |   1 min Read
K P Sethunath

ഹാംഗീര്‍പുരിയിലെ പൊളിച്ചടുക്കല്‍ സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞതിന്റെ ആശ്വാസം അധികം നീണ്ടില്ല. 'പാതകങ്ങള്‍ പെരുമഴ പോലെ പെയ്യുന്ന' (1) കാലത്ത് ആശ്വാസങ്ങള്‍ നൈമിഷികമായിരിക്കുമെന്ന ഉത്ക്കണ്ഠകളെ ശരി വെയ്ക്കുന്നതായിരുന്നു കഴിഞ്ഞ രാത്രിയുണ്ടായ മറ്റു രണ്ടു സംഭവങ്ങള്‍. ദളിത് നേതാവും എംഎല്‍എ യുമായ ജിഗ്നേഷ് മേവാനിയെ ആസ്സാം പോലീസ് ഗുജറാത്തിലെത്തി അറസ്റ്റു ചെയ്തതായിരുന്നു ഒന്നാമത്തെ സംഭവം. അതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വിക്കിലീക്‌സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാന്‍ജയെ അമേരിക്കക്ക് കൈമാറുവാന്‍ അനുവദിച്ച ബ്രിട്ടീഷ് കോടതി വിധി. ഭരണഘടനാപരമായ അവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുന്നതിന് പകരം ആസൂത്രിതമായി നിഷേധിക്കപ്പെടുന്ന ഒന്നായി രാഷ്ട്രീയ-ഭരണകൂട സംവിധാനം ലോകമാകെ പരിവര്‍ത്തനപ്പെടുന്നതിന്റെ വെളിപ്പെടലുകളാണ് മേവാനിയുടെ അറസ്റ്റും, അസാന്‍ജയെ കൈമാറ്റം ചെയ്യാമെന്ന കോടതി വിധിയും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന സന്ദേശം ട്വിറ്ററില്‍ ഇട്ടതിനാണ് രാത്രി 11.30 മണിയോടെ ആസ്സാമില്‍ നിന്നുള്ള പൊലീസ് സംഘം മേവാനിയെ ഗുജറാത്തിലെ പലന്‍പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. നിയമസഭാംഗമെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് നിയമസഭ സ്പീക്കറുടെ മുന്‍കൂർ അനുമതി പൊലീസ് തേടിയിരുന്നോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഇനി അഥവാ തേടിയെങ്കില്‍ എന്തടിസ്ഥാനത്തിലാണ് സ്പീക്കര്‍ അനുമതി നല്‍കിയതെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ആസ്സാമില്‍ നിന്നുള്ള അനുപ് കുമാര്‍ ദേ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അർധരാത്രിയിൽ അറസ്റ്റു ചെയ്യാന്‍ മാത്രം അര്‍ഹതയുള്ള കുറ്റവാളിയാണോ മേവാനിയെന്ന ചോദ്യമാണ് ഈ അവസരത്തില്‍ ഉയരുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പരാതിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും മേവാനിക്ക് ലഭ്യമാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞതായി മാധ്യമ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. ഒരാളെ അറസ്റ്റു ചെയ്യുന്നതിന് മുമ്പായി പൊലീസ് പാലിക്കേണ്ട ചട്ടങ്ങളെ പറ്റിയുള്ള സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മേവാനിയെ പോലുള്ള ജനപ്രതിനിധികളുടെ കാര്യത്തില്‍ പോലും പൂര്‍ണ്ണമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താവുമെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളു. ആസ്സാമില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് മേവാനിയെ അറസ്റ്റു ചെയ്യുമ്പോള്‍ ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന ഫെഡറല്‍ സംവിധാനത്തിന്റെ അവസ്ഥ എന്താണെന്ന ഗഹനമായ ചോദ്യവും ബാക്കി നില്‍ക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും, സുരക്ഷയെയും അപകടപ്പെടുത്തുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കുമെതിരെ ഫെഡറല്‍ തത്വങ്ങള്‍ മാനിക്കാതെ നടപടി സ്വീകരിക്കുവാന്‍ പൊലീസിന് അധികാരം നല്‍കുന്ന നിയമത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് മേവാനിയുടെ അറസ്റ്റെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

നിയമസംവിധാനങ്ങളുടെ ദുരുപയോഗം മൂന്നാംലോക രാജ്യങ്ങളിലെ അവികസിത ജനാധിപത്യങ്ങളുടെ മാത്രം പോരായ്മയാണെന്ന ധാരണകളെ തിരുത്തുന്നതാണ് വിക്കിലീക്‌സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാന്‍ജെ ലണ്ടന്‍ കോടതികളില്‍ നിന്നും നേരിടുന്ന ദുരന്തം. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ അധിനിവേശവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച കുറ്റത്തിനുള്ള വിചാരണ നേരിടുന്നതിന് അസാന്‍ജയെ അമേരിക്കക്ക് വിട്ടുനല്‍കാമെന്ന് (extradite) സെന്‍ട്രല്‍ ലണ്ടനിലെ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച്ച വിധിച്ചു. അസാന്‍ജെയും വിക്കിലീക്ക്‌സും നടത്തിയത് മാധ്യമപ്രവര്‍ത്തനമല്ല ചാരവൃത്തിയാണെന്ന വാദമായിരുന്നു അമേരിക്ക ഉന്നയിച്ചത്. 2012 ആഗസ്റ്റില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിന് ശേഷം കഴിഞ്ഞ 10 വര്‍ഷമായി പുറംലോകം കാണാതെ ജീവിക്കുകയാണ് ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വിപ്ലവകരമായ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ 51കാരന്‍. ഇക്വഡോര്‍ എംബസ്സിയില്‍ നിന്നും പുറത്തായതിന് ശേഷം 2019 ഏപ്രില്‍ മുതല്‍ ബെല്‍മാര്‍ഷ് മാക്‌സിമം ഹൈസക്യൂരിറ്റി ജയിലില്‍ തടവുകാരനാണ് അസാന്‍ജെ. അമേരിക്കയില്‍ വിചാരണ നേരിടുവാന്‍ കൈമാറുന്നത് അസാന്‍ജയെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് കരുതപ്പെടുന്നു. ചാരവൃത്തി ആരോപണങ്ങള്‍ ശരിവെക്കുന്ന പക്ഷം കുറഞ്ഞത് 175 വര്‍ഷത്തെ ജയില്‍ ശിക്ഷ അദ്ദേഹത്തെ അമേരിക്കയില്‍ കാത്തിരിക്കുന്നു. ഇപ്പോഴത്തെ കോടതി വിധിക്കെതിരായ നിയമനടപടികള്‍ അസാന്‍ജെയും, അദ്ദേഹത്തിനെ പിന്തുണക്കുന്നവരും സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ തന്റെ കഴിവുകള്‍ക്കും, വിശ്വാസങ്ങള്‍ക്കും അനുസൃതമായി ജീവിക്കുവാനുള്ള അസാന്‍ജെയുടെ അവകാശം കഴിഞ്ഞ 10 വര്‍ഷമായി നിരന്തരം നിഷേധിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഭരണ സംവിധാനങ്ങള്‍ക്കും, കോടതികള്‍ക്കും ഒഴിഞ്ഞു മാറാനാവില്ല.

ജൂലിയന്‍ അസാന്‍ജെ | Photo: wikicommons

മേവാനിയെ അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം എന്താണെന്ന് വ്യക്തമായി വെളിപ്പെടുത്തുവാന്‍ പൊലീസ് തയ്യാറല്ലായിരുന്നു. പൊലീസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും അവ അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുവാന്‍ ഇതുവരെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും നീതിന്യായ സംവിധാനത്തിനും കഴിഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുടെയും നീതിന്യായ സംവിധാനത്തിന്റെയും പ്രത്യക്ഷവും, പരോക്ഷവുമായ പിന്തുണ ലഭിക്കുന്നുവെന്നാണ്. ഭരണകൂട സംവിധാനത്തിന്റെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രയോഗം നാട്ടു നടപ്പാവുന്ന കാലത്താണ് ജഹാംഗീര്‍പുരിയിലെ പൊളിച്ചടുക്കല്‍ താല്‍ക്കാലികമായെങ്കിലും തടയുന്ന കോടതിയുടെ ഇടപെടല്‍ ആശ്വാസമായി തോന്നുക. അത്തരം ഇടപെടലുകള്‍ അധികപക്ഷവും താല്‍ക്കാലികം മാത്രമായിരിക്കുമെന്ന ജാഗ്രതയില്‍ നിന്നാവും രാഷ്ട്രീയത്തിന്റെ പുതിയ ഭാവനകള്‍ ഒരു പക്ഷെ രൂപപ്പെടുക.

(1): ബ്രെറ്റോള്‍ഡ് ബ്രഹത്

Leave a comment