TMJ
searchnav-menu
post-thumbnail

Outlook

കമ്യൂണിസ്റ്റുകാര്‍ക്ക് പോംവഴികള്‍ കാട്ടിത്തരാനാവുമോ?

17 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

PHOTO : WIKI COMMONS

 

ധുനികോത്തരതയെ ‘പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക ന്യായവാദം’(The cultural logic of late capitalism) എന്നാണ് ഫ്രെഡറിക് ജെയിംസണ്‍ നിര്‍വ്വചിച്ചിട്ടുള്ളത്. ബഹുജനങ്ങള്‍ക്ക് ചരിത്രബോധം നഷ്ടപ്പെടുക, അവര്‍ക്ക് ഒന്നിലും ആഴമേറിയ താല്‍പര്യം ഇല്ലാതിരിക്കുക, അവരുടെ സാഹിത്യം ഗൗരവപൂര്‍ണമായ ജീവിത സന്ധികളെ അഭിമുഖീകരിക്കുന്നതില്‍ അലംഭാവം കാണിക്കുക, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ സങ്കല്‍പത്തിന്റെ ആധാരം ലാഭചിന്ത മാത്രമായിത്തീരുക ഇതൊക്കെ ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആവശ്യമാണ്. മാര്‍ക്കറ്റിനെ സ്നേഹിക്കുന്ന, ഒരു പ്രതിരോധചിന്തയും ഉള്ളില്‍ സൂക്ഷിക്കാതെ മാര്‍ക്കറ്റില്‍ സമ്പൂര്‍ണ്ണമായ വിധേയത്വത്തോടെ വ്യാപരിക്കുന്ന, ഭൂതവും ഭാവിയും തങ്ങളുടെ ചിന്തയുടെ പരിധിക്കുള്ളില്‍ വരേണ്ട എന്നു തീരുമാനിച്ചുറച്ചപോലെ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കുന്ന, സൂക്ഷ്മരാഷ്ട്രീയമാണ് രാഷ്ട്രീയം എന്ന വാദം ഉയര്‍ത്തിപ്പിടിച്ച് വര്‍ഗ്ഗം, വര്‍ഗ്ഗസംഘര്‍ഷം, സമൂഹത്തിലെ മുഖ്യവൈരുദ്ധ്യങ്ങള്‍ ഇവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്ന നിലപാടിനെ എതിരിടുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന ആളുകളാണ് ലോകം മുഴുക്കെ ഉണ്ടാവേണ്ടതെന്ന് മുതലാളിത്തം സ്വാഭാവികമായും ആഗ്രഹിക്കും. തങ്ങളുടെ ആഗ്രഹം സഫലമാക്കാനാവശ്യമായ പുതിയ യുക്തികളും അടവുകളും തന്ത്രങ്ങളും ബഹുരാഷ്ടമുതലാളിത്ത ശക്തികള്‍ ഉപയോഗിക്കും. ലോകം മുഴുക്കെയുള്ള മനുഷ്യരില്‍ മഹാഭൂരിപക്ഷവും കനം കൂടിയ ചിന്തകളെയും ആശയങ്ങളെയും ഉപേക്ഷിച്ച് അനുഭവങ്ങളുടെ ഉപരിതലത്തിനു മാത്രം മൂല്യം കല്‍പ്പിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിന്റെ മുഖ്യകാരണം ഇതുതന്നെയാണ്. പക്ഷേ, ഈയൊരു കാര്യം ആവര്‍ത്തിച്ചുരുവിട്ട് തങ്ങളുടെ പരിമിതികളെയും ആഭ്യന്തര പ്രശ്നങ്ങളെയും കമ്യൂണിസ്റ്റുകാര്‍ എത്രകാലം മൂടിവെക്കും?

 

കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ (ഈ ലക്ഷ്യം സാക്ഷാത്കരിക്കുക തലമുറകള്‍ നീളുന്ന ഒരു ദീര്‍ഘകാല പ്രക്രിയയായിരിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ) അധികാരത്തിലേറിയ കമ്യൂണിസ്റ്റുകാര്‍ ലോകത്തെല്ലായിടത്തും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമൂഹത്തെ അടിമുടി മാറ്റിമറിക്കാനുദ്ദേശിച്ച് തങ്ങള്‍ തുടങ്ങിവെച്ച വിപ്ലവാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം പിന്മാറുകയാണുണ്ടായത്. വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഭരണം ആരംഭിച്ച് ചെറിയ ഒരു കാലയളവില്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തിച്ചേരാനുള്ള വഴികളെക്കുറിച്ചും ഉള്ള സ്വപ്നങ്ങള്‍ കരുതലോടെ സൂക്ഷിച്ചത്. പതുക്കെപ്പതുക്കെ പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ടായി. നേതൃത്വത്തിലെ പരമാധികാരിക്കെതിരെ പരസ്യമായും രഹസ്യമായും കലാപശ്രമങ്ങളുണ്ടായി. അവയൊക്കെയും അടിച്ചമര്‍ത്തപ്പെട്ടു. പൊതുജീവിതത്തില്‍ നിലനിന്ന അനീതികളെയും അസമത്വങ്ങളെയും കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച എഴുത്തുകാര്‍ നിശ്ശബ്ദരാക്കപ്പെട്ടു. അവരില്‍ പലരും കൊല്ലപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കാലാപം തുടര്‍ന്നുകൊണ്ടിരുന്നു. രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്ററ് ഉത്പാദനക്രമവും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണത്തിനുള്ള ശ്രമങ്ങളുമൊന്നും വേണ്ടത്ര വിജയിക്കുന്നില്ല, പല മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നുണ്ട് എന്നൊക്കെ ഭരണകര്‍ത്താക്കള്‍ക്കും സാധാരണജനങ്ങള്‍ക്കു തന്നെയും ബോധ്യമായിത്തുടങ്ങി. മുതലാളിത്ത ഉത്പാദനക്രമം ചെറിയ അളവിലെങ്കിലും സ്വീകരിക്കാതെയും മാര്‍ക്കറ്റിനെ കുറച്ചെങ്കിലും സജീവമാക്കാതെയും മുന്നോട്ടുപോകാനാവില്ലെന്ന തീര്‍പ്പില്‍ അധികാരികള്‍ എത്തിച്ചേരാന്‍ പിന്നെ കാലതാമസമുണ്ടായില്ല. ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റു രാജ്യങ്ങളും ഏറിയും കുറഞ്ഞും ഇന്ന് വിദേശമൂലധനം പ്രയോജനപ്പെടുത്തുന്നുണ്ട്. മുതലാളിത്ത വികസന സങ്കല്‍പ്പത്തെ ഭാഗികമായെങ്കിലും അംഗീകരിക്കാത്ത ഒരു കമ്യൂണിസ്റ്റ് രാഷ്ടവും ഇന്നില്ല. ഈ മാറ്റം ലജ്ജാകരമായിപ്പോയി എന്നൊന്നും പറയാനില്ല. എങ്കിലും എവിടെയാണ് തങ്ങള്‍ക്ക് പിഴച്ചതെന്ന് കമ്യൂണിസ്റ്റുകാര്‍ ആഴത്തില്‍ പരിശോധിക്കുക തന്നെ വേണം.

 

ഫ്രെഡറിക് ജെയിംസണ്‍ | PHOTO : WIKI COMMONS

 

മാര്‍ക്സിയന്‍ ദര്‍ശനത്തെയും ചരിത്രത്തിന്റെ വികാസഗതിയെക്കുറിച്ച് ആ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വരൂപിക്കപ്പെട്ട ധാരണകളെയും മുറുകെ പിടിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പല പിഴവുകളും പറ്റി. മനുഷ്യചരിത്രം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെക്കുറിച്ച് പ്രവചനസ്വഭാവമുള്ള ചില ധാരണകള്‍ (തീര്‍ച്ചയായും അവ വളരെ പ്രധാനപ്പെട്ടവ തന്നെ) അവതരിപ്പിക്കുകയായിരുന്നു മാര്‍ക്സും ഏംഗത്സും. ലെനിനും മറ്റു നേതാക്കളും അവയെ വ്യാഖ്യാനിക്കാനും വിപുലീകരിക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. സ്ഥിതിസമത്വത്തിലേക്ക് സ്വന്തം ജനതയെ നയിക്കുന്നതിനുള്ള പല ആസൂത്രിത ശ്രമങ്ങളിലും അവര്‍ ആത്മാര്‍ത്ഥമായി വ്യാപൃതരാവുകയും ചെയ്തു. അവയുടെയെല്ലാം പ്രാധാന്യം അംഗീകരിച്ചേ പറ്റൂ. പക്ഷേ, മുതലാളിത്തം കുഴപ്പത്തില്‍ നിന്ന് കുഴപ്പത്തിലേക്ക് മുതലക്കൂപ്പുകൂത്തിക്കൊണ്ടിരിക്കുകയാണെന്നും മുതലാളിത്ത സമ്പദ്ഘടന ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ച് തകരാതിരിക്കില്ല എന്നുമുള്ള അവരുടെ ധാരണകളെ ശരിവെക്കും വിധത്തിലല്ല ചരിത്രം മുന്നോട്ടുപോയത്.

 

സാമൂഹ്യജീവിതം, സംസ്കാരം, രാഷ്ട്രീയം ഇവയുടെയെല്ലാം വികാസപരിണാമങ്ങളുടെ സാധ്യതകള്‍ മുഴുവന്‍ രണ്ടോ മൂന്നോ വ്യക്തികള്‍ക്ക് പ്രവചിക്കാനാവില്ല. ചരിത്രഗതിയെക്കുറിച്ച് അങ്ങനെ തെറ്റുപറ്റാത്ത ഒരു പ്രവചനം സാധ്യമാവുമെന്നു പറയുന്നത് ചരിത്രത്തിന് ഒരു മിസ്റ്റിക് സ്വഭാവമുണ്ടെന്നു സമ്മതിക്കലാണെന്ന് മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്.

 

സ്വന്തം അധ്വാനശേഷി വിറ്റു ജീവിക്കുന്നവര്‍ക്കിടയില്‍ത്തന്നെ വലിയ തോതിലുള്ള സാമ്പത്തിക അന്തരം വന്നുകഴിഞ്ഞിരിക്കുന്നു. തൊഴിലിന്റെ പരിസരങ്ങളിലും തൊഴിലാളികളുടെ സാംസ്കാരിക വ്യവഹാരങ്ങളിലുമെല്ലാം ഗണ്യമായ വ്യത്യാസം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു.

 

മുതലാളിത്തത്തിന് മാര്‍ക്സും ഏംഗത്സും വിഭാവനം ചെയ്തതില്‍ നിന്ന് ഒട്ടും നിസ്സാരമല്ലാത്ത അളവില്‍ വ്യത്യസ്തമായ വളര്‍ച്ചയാണ് പിന്നീടുണ്ടായതെന്ന് ഇന്നു നമുക്കറിയാം. ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ച് മുതലാളിത്തം തകര്‍ന്നില്ല. താന്‍ ജന്മം നല്‍കുന്ന ശത്രുക്കളെ തന്റെ വരുതിയില്‍ നിര്‍ത്താനുള്ള ഉപായങ്ങള്‍ ഓരോ കാലത്തും മുതലാളിത്തം കണ്ടെത്തി. ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതാണ് വാസ്തവം. ഇങ്ങനെ പറയുന്നതിലൂടെ മുതലാളിത്തം എല്ലാ അര്‍ത്ഥത്തിലും ഭദ്രമായ ഒരു സംവിധാനമാണെന്നും അത് തകരുകയേയില്ലെന്നും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നു കരുതരുത്. മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസണ്‍ തന്നെ ചൂണ്ടിക്കാണിച്ച ‘ഇലാസ്റ്റികതയുംഅനുകൂലനശേഷിയും’(elasticity and adaptation) മുതലാളിത്തത്തിനുണ്ട്. ഒരു പുതിയ സാഹചര്യം രൂപപ്പെട്ടുകഴിഞ്ഞാല്‍ അതിനെ തനിക്ക് അപകടരമല്ലാത്ത വിധത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന വിധത്തില്‍ സ്വന്തം ഘടനയിലും പ്രവര്‍ത്തനരീതിയിലും ചില മാറ്റങ്ങള്‍ അല്ലെങ്കില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ മുതലാളിത്തത്തിന് കഴിയുന്നുണ്ട്. അതിനു പുറമെയാണ് ലോകത്തിലെ എല്ലാ ഭരണകൂടങ്ങളെയും വരുതിയില്‍ കൊണ്ടുവരാന്‍ സഹായിക്കും വിധത്തില്‍ വികസനസങ്കല്‍പ്പത്തിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം ഇടപെടാന്‍ സഹായിക്കുന്നതും കമ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കുമൊന്നും മുന്‍കൂട്ടി കാണാനാവാത്തതുമായ പുതിയ പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ലോകം മുഴുക്കെ അവ സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള അതിന്റെ അത്ഭുതകരമായ ശേഷി. ജനങ്ങളില്‍ തീരെ ചെറുതെന്നു പറയാനാവാത്ത ഒരു വിഭാഗം മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ ഇവ അന്വേഷിച്ചും ലോകം ചുറ്റിക്കാണാനുമായി സഞ്ചരിച്ചു തുടങ്ങിയ ആഗോളവല്‍ക്കരണത്തിന്റെ കാലം ഈ ശേഷിയെ പല മടങ്ങ്
വര്‍ധിപ്പിച്ചിട്ടുണ്ട്.

 

വര്‍ഗ്ഗം, വര്‍ഗ്ഗസംഘര്‍ഷം എന്നീ പരികല്പനകളെ തീര്‍ത്തും കാലഹരണപ്പെട്ടതാക്കിത്തീര്‍ക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞില്ലെങ്കിലും അവയെ വലിയ അളവില്‍ നിര്‍വീര്യമാക്കുന്നതില്‍ അത് വിജയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മുതലാളിത്തത്തെ അതിന് വലിയ തോതില്‍ സഹായിച്ചിട്ടുമുണ്ട്. പുത്തന്‍ സാങ്കേതികവിദ്യകള്‍ പല മേഖലകളിലും മനുഷ്യാധ്വാനത്തിന്റെ ആവശ്യകതയിലും സ്വഭാവത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പഴയ ഫാക്ടറികളില്‍ നൂറോ അതിലധികമോ തൊഴിലാളികള്‍ ഒരുമാസമോ അതില്‍ കൂടുതലോ സമയമെടുത്ത് തങ്ങളുടെ ബുദ്ധിവൈഭവവും അതിലേറെ അധ്വാനശേഷിയും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചിരുന്ന ഒരു സാധനം ഇന്നിപ്പോള്‍ ടെക്നോളജിയുടെ സഹായത്തോടെ രണ്ടോ മൂന്നോ ദിവസംകൊണ്ട് ഏതാനും തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കാമെന്നായിട്ടുണ്ട്. നിര്‍മ്മാണ പ്രക്രിയക്ക് ആവശ്യമായി വരുന്ന സ്ഥലവും സൗകര്യവും ഒരു പ്രദേശത്തു തന്നെ ആയിരിക്കണമെന്നുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി പോലും കംപ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യന്ത്രം ചെയ്തുകൊള്ളും. മനുഷ്യര്‍ ചെയ്തിരുന്ന പല തൊഴിലുകളും ഇങ്ങനെ യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന അവസ്ഥ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യാധ്വാനത്തെ മറ്റൊന്നുകൊണ്ടും പകരം വെക്കാനാവില്ല എന്നു കരുതപ്പെട്ടിരുന്ന കാര്‍ഷികമേഖലയിലും വിത്തുവിതയ്ക്കല്‍ മുതല്‍ വിളകൊയ്യുന്നതും വിളവിനെ മനുഷ്യന് പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ പാകപ്പെടുത്തുന്നതുമുള്‍പ്പെടെയുള്ള ജോലികളെല്ലാം യന്ത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. എല്ലാതരം കൃഷിയുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടില്ല. പരമ്പരാഗത വ്യവസായങ്ങള്‍ മുഴുവന്‍ യന്ത്രങ്ങളുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ വന്നിട്ടുമില്ല. പല തൊഴില്‍ മേഖലകളിലും മനുഷ്യന് ചെറിയ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന റോളേ യന്ത്രത്തിന് ഉള്ളൂതാനും. എങ്കിലും അടിസ്ഥാനവര്‍ഗ്ഗം എന്ന് പഴയ ഉറപ്പോടെ തൊഴിലാളികളെപ്പറ്റി പറയാനാവാത്ത വിധത്തില്‍ ചില ഇളക്കങ്ങള്‍ എല്ലാ മേഖലകളിലും സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് വസ്തുതയാണ്.

 

കാറൽ മാർക്സ് | PHOTO : flickr

 

സ്വന്തം അധ്വാനശേഷി വിറ്റു ജീവിക്കുന്നവര്‍ക്കിടയില്‍ത്തന്നെ വലിയ തോതിലുള്ള സാമ്പത്തിക അന്തരം വന്നുകഴിഞ്ഞിരിക്കുന്നു. തൊഴിലിന്റെ പരിസരങ്ങളിലും തൊഴിലാളികളുടെ സാംസ്കാരിക വ്യവഹാരങ്ങളിലുമെല്ലാം ഗണ്യമായ വ്യത്യാസം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. തൊഴിലെടുക്കുന്ന എല്ലാവരും ഒരേ വര്‍ഗത്തില്‍പ്പെടുന്നവരാണെന്നു പറഞ്ഞാല്‍ അവര്‍ തന്നെ അസ്വസ്ഥരാവും. തൊഴിലാളികളില്‍ ഒരു വിഭാഗത്തിന്റെ വാങ്ങല്‍ ശേഷിയില്‍ ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ കാലത്ത് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അത്രയും വര്‍ധനവുണ്ടായിട്ടില്ലാത്തവര്‍ പോലും സമീപഭാവിയില്‍ത്തന്നെ തങ്ങള്‍ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലെത്തുമെന്നും ഉപരിവര്‍ഗ്ഗത്തിന് ലഭ്യമാവുന്ന പല ജീവിതസൗകര്യങ്ങളും തങ്ങള്‍ക്കും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നവരാണ്. മര്‍ദ്ദനത്തിനും കൊടിയ ചൂഷണത്തിനും വിധേയരായിക്കൊണ്ടിരിക്കുന്നവരായി അവര്‍ സ്വയം കരുതുകയില്ല.

 

തൊഴിലാളികളില്‍ വലിയൊരു വിഭാഗം അസംഘടിത മേഖലയിലായിക്കഴിഞ്ഞു എന്നതാണ് മറ്റൊരു വസ്തുത. അവരില്‍ പലരും ഏതെങ്കിലും സംഘടനയുടെ ഭാഗമാവാന്‍ തയ്യാറാവില്ല. വിശേഷിച്ചും താരതമ്യേന ഉയര്‍ന്ന വരുമാനം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍. അവരെ ഒരു സംഘടനയുടെ ചട്ടക്കൂടിനകത്തേക്ക് കൊണ്ടുവരിക ഏറെക്കുറെ അസാധ്യമാണ്. ഒരു സാഹസത്തിനും അവര്‍ ഇറങ്ങിപ്പുറപ്പെടില്ല. തങ്ങളുടെ തൊഴില്‍ ദാതാക്കള്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും അവര്‍ തയ്യാറാവില്ല. അത്തരത്തിലുള്ള ഏത് നടപടിയും തങ്ങളുടെ നില അപകടത്തിലാക്കും എന്ന് അവര്‍ക്കറിയാം. ‘പഴയ ഫാക്ടറിത്തൊഴിലാളികള്‍ക്കും ഈ ഭീതി ഉണ്ടായിരുന്നില്ലേ; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവരെ ഒരു സംഘടിതശക്തിയാക്കി മാറ്റാന്‍ കഴിഞ്ഞില്ലേ, പുതിയ കാലത്തും ഏത് തൊഴില്‍ മേഖലയിലുള്ളവരെയും ഒരു കൊടിക്കീഴില്‍ കൊണ്ടുവരാന്‍ കഴിയും’എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ : കാലം മാറിയിരിക്കുന്നു. മാറിയ കാലം തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുന്നു.

 

ബി.ജെ.പിയില്‍ നിന്ന് അത്തരത്തിലുള്ള യാതൊരു ശ്രമവും പ്രതീക്ഷിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ ചിന്താജീവിതത്തെ പല നൂറ്റാണ്ടുകള്‍ പിറകിലേക്ക് വലിക്കുന്ന പദ്ധതികളില്‍ മാത്രമേ ആ പാര്‍ട്ടി താല്‍പര്യം പുലര്‍ത്തുകയുള്ളൂ എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

 

താരതമ്യേന ഉയര്‍ന്ന വരുമാനമുള്ള തൊഴിലാളികളില്‍ വര്‍ഗ്ഗബോധം വളര്‍ന്നു വരിക എളുപ്പമല്ല. തങ്ങള്‍ ജീവിച്ചു വരുന്ന സാഹചര്യങ്ങള്‍ അതേപടി നിലനില്‍ക്കണമെന്നോ അവയില്‍ ചെറിയ ചില പരിഷ്കരണങ്ങള്‍ സംഭവിക്കണമെന്നോ മാത്രമേ അവര്‍ ആഗ്രഹിക്കുകയുള്ളൂ. ഇത് ഉയര്‍ന്ന വരുമാനം പറ്റുന്ന തൊഴിലാളികളുടെ കാര്യം. അല്ലാതുള്ളവരിലും ഗണ്യമായ ഒരു വിഭാഗം വ്യവസ്ഥാനുകൂലമായ നിലപാട് സ്വീകരിക്കുന്നവരായി മാറിയിരിക്കുന്നു. അത്രയുമേറെ വ്യാജ പ്രതീക്ഷകള്‍ സൃഷ്ടിക്കപ്പെടുന്ന, പ്രലോഭനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ആത്മനിഷ്ഠാ സാഹചര്യത്തിലാണ് അവരും ജീവിക്കുന്നത്. നമ്മുടെ കാലത്ത് സാംസ്കാരിക വിപണയിലെത്തുന്ന നാനാതരം നിര്‍മ്മിതികളും ആശയങ്ങളും ജനങ്ങളെ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കിത്തീര്‍ക്കുന്നതിനു പകരം അവരെ ആഴം കുറഞ്ഞ ഒരുപാട് താല്‍പര്യങ്ങള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നവരാക്കി മാറ്റുകയാണ് ചെയ്യുന്നത്.

 

തങ്ങളുടെ ജീവിതസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും ശരിയായ രാഷ്ട്രീയ നിലപാടുകളില്‍ എത്തിച്ചേരാനും അവരെ സഹായിക്കുന്ന ഒരാശയലോകം സജീവമായി അവര്‍ക്കു ചുറ്റിലും ഉണ്ടെങ്കിലേ അവര്‍ മാറി ചിന്തിക്കാന്‍ തയ്യാറാവുകയുള്ളൂ. എഴുത്തുകാരുടെയും കൃതികളുടെയും ചിഹ്നമൂല്യങ്ങളെ മാത്രം മാനിക്കാന്‍ പ്രേരിതരായിക്കൊണ്ടേയിരിക്കുന്ന വായനക്കാര്‍, കൊച്ചു കൊച്ചു ദൃശ്യവിസ്മയങ്ങളിലും ഇതിവൃത്തത്തിലെ ചെറിയ ചില ട്വിസ്റ്റുകളിലും ഭ്രമിച്ചുപോകുന്ന സിനിമാപ്രേക്ഷകര്‍, സൂക്ഷ്മതല രാഷ്ട്രീയമാണ് യഥാര്‍ത്ഥ രാഷ്ട്രീയം എന്നു വാദിക്കുന്ന നവ രാഷ്ട്രീയചിന്തകര്‍, ബൗദ്ധികജീവിതത്തെ തീര്‍ത്തും പ്രൊഫഷണലായി മാത്രം സമീപിക്കുന്നതിലൂടെയോ ഏതെങ്കിലുമൊരു പുതിയ ആശയത്തിന് രൂപം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്നതുകൊണ്ടു മാത്രമോ അപൂര്‍ണവും മനുഷ്യന്റെ ചിന്താജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് പ്രാപ്തമാവുമെന്ന് ഉറപ്പില്ലാത്തതും കേവലം ബാഹ്യമോടിമാത്രം അവകാശപ്പെടാവുന്നവയുമായ പുതിയ ആശയങ്ങളുമായി എത്തുന്ന പല വൈദേശിക ചിന്തകരെയും വിവേചനശേഷിയില്ലാതെ കൊണ്ടാടുന്ന ബുദ്ധിജീവികള്‍ ഇവരെയൊക്കെയാണ് നാം ചുറ്റിലും കാണുന്നത്.

 

വ്ലാഡിമിർ ലെനിൻ | PHOTO : FLICKR

 

ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തും സാംസ്കാരികമേഖലയിലും അടിസ്ഥാനപരമായ പല മാറ്റങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പിക്കാനാവുന്ന ഒരു കര്‍മപദ്ധതിക്ക് രൂപം നല്‍കി ഇടതുപക്ഷം ഉടന്‍ രംഗത്തിറങ്ങണം. ബി.ജെ.പിയില്‍ നിന്ന് അത്തരത്തിലുള്ള യാതൊരു ശ്രമവും പ്രതീക്ഷിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ ചിന്താജീവിതത്തെ പല നൂറ്റാണ്ടുകള്‍ പിറകിലേക്ക് വലിക്കുന്ന പദ്ധതികളില്‍ മാത്രമേ ആ പാര്‍ട്ടി താല്‍പര്യം പുലര്‍ത്തുകയുള്ളൂ എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെയുള്ളത് കോണ്‍ഗ്രസ്സാണ്. വളരെ ദുര്‍ബലമായ ഒരു സംഘടനാസംവിധാനം, സാഹചര്യം അനുകൂലമായാല്‍ ബി.ജെ.പിയിലേക്ക് ചേക്കാറാന്‍ കാത്തുനില്‍ക്കുന്ന അനേകം നേതാക്കള്‍, ചരിത്രബോധവും സാംസ്കാരികവ്യവഹാരങ്ങളിലുള്ള താല്‍പര്യവും രാഷ്ട്രീയവിശകനത്തിനുള്ള ശേഷിയും വലിയ അളവില്‍ കൈമോശം വന്ന അനുയായികള്‍-കോണ്‍ഗ്രസ്സിനെ സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഇവയൊക്കെയാണ്. അവശേഷിക്കുന്ന പാര്‍ട്ടികളും കാര്യമായ പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. ഈ സാഹചര്യമാണ് ഇടതുപക്ഷത്തിനുതന്നെയേ എന്തെങ്കിലും ചെയ്യാനാവൂ എന്ന തോന്നലില്‍ നമ്മെ എത്തിക്കുന്നത്.

 

വിദ്യാഭ്യാസമേഖലയില്‍ത്തന്നെയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ ആദ്യമായി വേണ്ടത്. കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനുള്ളില്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ പല പരിഷ്ക്കരണശ്രമങ്ങളും നടന്നിട്ടുണ്ട്. പ്രശ്നാധിഷ്ഠിത പഠനം, ജ്ഞാനനിര്‍മാണം, നൈപുണ്യ വികസനം, ഫലാധിഷ്ഠിതപഠനം ഇവയുടെ പരീക്ഷണം പലപ്പോഴായി ആരംഭിച്ച് ഇപ്പോഴും പലരൂപത്തില്‍ തുടര്‍ന്നുവരുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. വിവിധ ജ്ഞാനമേഖലകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ച, സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയിലൂടെ ആശയവിനിമയ മാധ്യമങ്ങളില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്ന പുതുമകള്‍, ആഗോളതലത്തില്‍ത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയസാമൂഹ്യമാറ്റങ്ങള്‍, പുതിയ ജീവിതാവശ്യങ്ങള്‍, പുതിയ തൊഴില്‍ സാധ്യതകള്‍ ഇവയൊക്കെ പരിഗണിച്ചുകൊണ്ടുതന്നെ വേണം മാറ്റങ്ങള്‍ കൊണ്ടുവരാന്‍. അതിനു പകരം ചില വൈദേശിക ജീവിതസാഹചര്യങ്ങള്‍ ജന്മം നല്‍കിയ വിദ്യാഭ്യാസസങ്കല്‍പങ്ങള്‍ക്കും ജ്ഞാനത്തിന്റെ സ്വഭാവത്തെയും ആവശ്യകതയെയും പറ്റി ആധുനികോത്തരകാലത്ത് രൂപപ്പെട്ട ചില ആശയങ്ങള്‍ക്കും എന്തിനെന്നറിയാതെ കീഴടങ്ങിക്കൊടുക്കുന്നത് തീര്‍ത്തും അപകടകരമാണ്. ഏത് പരിഷ്കരണനടപടികളിലേക്കു നീങ്ങുമ്പോഴും വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വ്യക്തിത്വവികസനത്തിന് ഉതകണം എന്ന അടിസ്ഥാനാശയം മറന്നുകളയരുത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുമായി നന്നായി പരിചയപ്പെടുക, മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ ആവശ്യമായ വൈദഗ്ധ്യം നേടുക, ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരശേഖരണം അനായാസമായി സാധിക്കാന്‍ കഴിയുക, നവസാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനാവുക, ജീവിതത്തിന്റെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ചെല്ലാം അറിയുക ഇവയെല്ലാം തീര്‍ച്ചയായും പ്രധാനപ്പെട്ട കാര്യങ്ങളാണ്. പക്ഷേ, ഇവ സാധ്യമാക്കുന്നതിനായി ഏത് വിഷയത്തെയും നേരിട്ട് തൊഴിലുമായി ബന്ധിപ്പിക്കുക, മാനവികവിഷയങ്ങളോടാകെ പുച്ഛം വളര്‍ത്തുക, വിദ്യാഭ്യാസത്തില്‍ അധ്യാപകന്റെ റോള്‍ നിസ്സാരമാണ്, ജ്ഞാനാര്‍ജനം സ്വന്തമായിത്തന്നെ സാധിക്കാനുള്ള ഉപായങ്ങള്‍ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വിദ്യാര്‍ത്ഥിയുടെ സഹായിയായി പ്രവര്‍ത്തിക്കുക എന്നിവയ്ക്കപ്പുറം അധ്യാപകന്‍/അധ്യാപിക ഒന്നും ചെയ്യേണ്ടതില്ല എന്ന് സ്ഥാപിച്ചെടുക്കുക ഇവയൊക്കെ ചെയ്യുന്നത് സംശയരഹിതമായും തെറ്റാണ്. അത് തെറ്റാണെന്ന് ബോധ്യപ്പെടുന്നതിന് നീണ്ടുനീണ്ടുപോകുന്ന ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയുമൊന്നും ആവശ്യമില്ല. ഹൈസ്കൂള്‍ തലം മുതല്‍ കോളേജ് /യൂനിവേഴ്സിറ്റി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിശോധിച്ചാല്‍ മതി. തങ്ങള്‍ ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോലും ചരിത്രവും ആശയലോകവും മനസ്സിലാക്കുന്നതില്‍ തികഞ്ഞ ആലസ്യം പുലര്‍ത്തുന്നവരില്‍ നിന്ന് എന്താണ് നമുക്ക് പ്രതീക്ഷിക്കാനാവുക?

 

തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ മറച്ചുപിടിക്കുന്നതിനായി ദെറീദ, ഫൂക്കോ, ലക്കാന്‍, ലിയോട്ടാര്‍ഡ്, ബോദ്രിയാഡ്, ദെല്യൂസ്, ഗത്താരി എന്നിങ്ങനെ പലരെയും അവര്‍ ഉദ്ധരിക്കും. ഇവരുടെയൊക്കെ ആശയങ്ങളില്‍ പലതും അപൂര്‍ണ്ണവും ആവശ്യത്തിലേറെ വക്രീകരിച്ച് അവതരിപ്പിച്ചവയും അല്പമായി മാത്രം പുതുമ അവകാശപ്പെടാനാവുന്നവയുമാണെന്ന വിമര്‍ശനം വിദേശത്തു തന്നെ ഉണ്ട്.

 

വിദ്യാഭ്യാസത്തിനു പുറമേ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലുകള്‍ അടിയന്തരമായി വേണ്ടത് സാംസ്കാരികമേഖലയിലാണ്. ചിന്താസ്വാതന്ത്ര്യത്തിന്റെ ആള്‍രൂപങ്ങളെന്നു ഭാവിച്ചുകൊണ്ട് വലതുപക്ഷാനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ഇന്ന് ഈ മേഖലയില്‍ മേല്‍ക്കൈയുള്ളത്. അവര്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയശക്തികളുടെ പക്ഷത്തു നില്‍ക്കില്ല. കാലഹരണപ്പെട്ടത് എന്ന തോന്നലുളവാക്കുന്ന ആശയങ്ങളൊന്നും അവതരിപ്പിക്കില്ല. പക്ഷേ,അവരുടെ ശ്രമം സാഹിത്യം ഉള്‍പ്പെടെയുള്ള എല്ലാ സാംസ്കാരിക വ്യവഹാരങ്ങളെയും അരാഷ്ട്രീയവല്‍ക്കരിച്ച് വ്യവസ്ഥാനുകൂലമാക്കിത്തീര്‍ക്കലാണെന്നു തിരിച്ചറിയാന്‍ പ്രയാസമേ ഇല്ല. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാവുന്നതിനെ തടസ്സപ്പെടുത്തുക, സാഹിത്യകൃതികളെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതിനെ പരമാവധി നിരുത്സാഹപ്പെടുത്തുക, ചരിത്രത്തില്‍ ആകാവുന്നത്ര അവിശ്വാസം ജനിപ്പിക്കുക, വരേണ്യതയുടെ ആശയലോകത്തെ പലരൂപത്തില്‍ ഒളിച്ചു കടത്തുക, സ്വത്വരാഷ്ട്രീയത്തെയും സൂക്ഷ്മരാഷ്ട്രീയത്തെയും കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്ന് രാജ്യത്താകമാനം സാമ്പത്തികമായ അസമത്വം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു എന്ന വാസ്തവത്തെയും ബഹുരാഷ്ട്രഭീമന്മാരുടെ വിവിധ മേഖലകളിലെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പുതിയ പ്രശ്നങ്ങളെയും ഓരത്തേക്ക് തള്ളിമാറ്റുക എന്നിങ്ങനെയുള്ള തീര്‍ത്തും പ്രതിലോമപരമായ പ്രവൃത്തികളിലാണ് അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ മറച്ചുപിടിക്കുന്നതിനായി ദെറീദ, ഫൂക്കോ, ലക്കാന്‍, ലിയോട്ടാര്‍ഡ്, ബോദ്രിയാഡ്, ദെല്യൂസ്, ഗത്താരി എന്നിങ്ങനെ പലരെയും അവര്‍ ഉദ്ധരിക്കും. ഇവരുടെയൊക്കെ ആശയങ്ങളില്‍ പലതും അപൂര്‍ണ്ണവും ആവശ്യത്തിലേറെ വക്രീകരിച്ച് അവതരിപ്പിച്ചവയും അല്പമായി മാത്രം പുതുമ അവകാശപ്പെടാനാവുന്നവയുമാണെന്ന വിമര്‍ശനം വിദേശത്തു തന്നെ ഉണ്ട്. പക്ഷേ, നമ്മുടെ ബുദ്ധിജീവികള്‍ പൊതുവെ ആശയങ്ങളെ സ്നേഹിക്കുന്നതിനോ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്നതിനോ പകരം അവയോടുള്ള ഭ്രമത്തെ ആഘോഷമാക്കിത്തീര്‍ക്കുന്നവരാണ്. അവരെ ധൈഷണികമായി നേരിടണമെങ്കില്‍ ഇടതുപക്ഷം ഉപരിഘടനയെക്കുറിച്ചുള്ള പഴയ പല ധാരണകളും ഉപേക്ഷിച്ച് സ്വയം നവീകരിക്കുകയും സുസജ്ജരാവുകയും വേണം. അതിന്റെ ഭാഗമായി തങ്ങള്‍ക്ക് ഇതിനകം ആഗോളതലത്തില്‍ പറ്റിയ പിഴവുകളും മുന്‍കാലങ്ങളില്‍ സാമൂഹ്യസാംസ്കാരിക വിശകലനത്തിനു ശ്രമിച്ചപ്പോഴൊക്കെയും വര്‍ഗ്ഗം ഒഴിച്ചുള്ള ഒന്നും തങ്ങളുടെ പരിഗണനയില്‍ വന്നിരുന്നില്ലെന്നത് ഒരു പരിമിതിയായിരുന്നു എന്ന വാസ്തവവും അവര്‍ ഏറ്റുപറയണം. എങ്കില്‍ മാത്രമേ അവര്‍ പുതുതായി പറയുന്ന കാര്യങ്ങള്‍ക്കും അവര്‍ നടത്തുന്ന ധൈഷണികപ്പോരാട്ടങ്ങള്‍ക്കും വിശ്വാസ്യത കൈവരികയുള്ളൂ.

 

 

 

 

 

 

 

 

Leave a comment
RELATED