TMJ
searchnav-menu
post-thumbnail

Outlook

പോളിക്രൈസിസിന്റെ കാലത്തെ മുതലാളിത്തം

06 Jan 2023   |   1 min Read
K P Sethunath

പാശ്ചാത്യ ലോകത്തെ ഒരു മാതിരി ലിബറല്‍-പുരോഗമന ബുദ്ധിജീവികള്‍ക്കിടയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കാണ്‌ പോളിക്രൈസിസ്‌. പുതിയ വാക്കുകള്‍ മെനയുന്നതിനുള്ള പാശ്ചാത്യ ബുദ്ധിജീവികളുടെ വൈഭവത്തിന്റെ മറ്റൊരു ഏനക്കേടെന്ന നിലയില്‍ അവഗണിക്കാനാവാത്ത വിധം പ്രചാരം നേടിയിരിക്കുന്നു പോളിക്രൈസിസ്‌. പാശ്ചാത്യലോകത്തെ നയകര്‍ത്താക്കളും, മാധ്യമങ്ങളും തലങ്ങും, വിലങ്ങും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ താമസിയാതെ ഇവിടെയും അതിന്റെ അനുരണനങ്ങള്‍ എത്തുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. മുഖ്യധാരയില്‍ ഈ വാക്കിന്‌ ഇത്രയധികം പ്രചാരം ലഭിക്കുന്നതിനുള്ള ഒരു കാരണം ആദം ടൂസെന്ന വിഖ്യാത സാമ്പത്തിക ചരിത്രകാരനാണ്‌. നാസി ജര്‍മ്മനിയുടെ സാമ്പത്തിക ചരിത്രം മുതല്‍ 2008 ലെ സാമ്പത്തിക തകര്‍ച്ചവരെയുള്ള വിഷയങ്ങളില്‍ വിശദമായ ഗ്രന്ഥങ്ങളുടെ രചയിതാവും ഫൈനാന്‍ഷ്യല്‍ ടൈംസ്‌ മുതല്‍ ന്യൂ ലെഫ്‌റ്റ്‌ റിവ്യൂ വരെയുള്ള നിരവധി മുന്‍നിര പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനുമായ ടൂസ്‌ കുറച്ചുകാലമായി ഉപയോഗിക്കുന്ന വാക്കാണ്‌ പോളിക്രൈസിസ്‌. ബഹുമുഖ പ്രതിസന്ധികള്‍ ഒരേ സമയം പരസ്‌പരബന്ധിതമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തെയാണ്‌ പോളിക്രൈസിസ്‌ എന്നു വിളിക്കപ്പെടുന്നത്‌. സിസ്റ്റമിക്‌ ക്രൈസിസ്സ്‌ അഥവാ വ്യവസ്ഥയുടെ പ്രതിസന്ധിയെന്നു ലളിതമായി പറയുന്നത്‌ തന്നെയല്ലേ ഇതെന്ന ചോദ്യത്തിലേക്ക്‌ പിന്നീട്‌ വരുന്നതാണ്‌. സാമ്പത്തിക-പാരിസ്ഥിതിക-രാഷ്ട്രീയ പ്രതിസന്ധികള്‍ ഒരുമിച്ച്‌ ചേരുന്നതാണ്‌ ഇപ്പോഴത്തെ സാഹചര്യത്തെ ലക്ഷണയുക്തമായ പോളിക്രൈസിസായി വിശേഷിപ്പിക്കുന്നതിനുള്ള യുക്തി. സാമ്പത്തിക മേഖലയില്‍ നാണയപ്പെരുപ്പവും, മാന്ദ്യവും ഒന്നു ചേരുമ്പോള്‍ കാലാവസ്ഥ മാറ്റവും, മഹാമാരിയും പാരിസ്ഥിതിക മേഖലയിലും, ആഗോളതലത്തിലെ വന്‍ശക്തി ഭിന്നതകളും, യുദ്ധങ്ങളും രാഷ്ട്രീയത്തിന്റെ തലങ്ങളിലും ഒരുമിച്ച്‌ ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ്‌ പോളിക്രൈസിസിന്റെ ഉപജ്ഞാതാക്കളുടെ വാദം. മേല്‍പ്പറഞ്ഞ പ്രതിസന്ധികള്‍ 2023 ല്‍ കൂടുതല്‍ രൂക്ഷത പ്രാപിക്കുന്നതിനുള്ള സാധ്യതകള്‍ അവര്‍ തള്ളിക്കളയുന്നില്ല. ലോകം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന കാര്യം ലിബറല്‍ പണ്ഡിതര്‍ സമ്മതിക്കുമെങ്കിലും അതിനെ എങ്ങനെ മറികടക്കാമെന്ന കാര്യത്തില്‍ അവര്‍ക്ക്‌ ധാരണയില്ലെന്നാണ്‌ പൊതുവെയുള്ള വിമര്‍ശനം.

ലാഭത്തിന്റെ തോതിലുള്ള കുറവും, കുറഞ്ഞ ലാഭവും ഉല്‍പ്പാദനക്ഷമമായ മൂലധന നിക്ഷേപത്തിന്റെ വളര്‍ച്ചക്ക്‌ വിഘാതമാവുന്നു. അത്‌ മൊത്തം സാമ്പത്തികമേഖലയുടെ മുരടിപ്പിന്‌ കാരണമാവുന്നു. ഉല്‍പ്പാദനക്ഷമമായ മൂലധന നിക്ഷേപത്തിന്‌ പകരം ഊഹക്കച്ചവടത്തിന്റെ മായികലോകത്തില്‍ നിക്ഷേപത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിക്കുന്നതിനുള്ള സാഹചര്യത്തിന്റെ പശ്ചാത്തലമിതാണ്‌.

നിയോലിബറല്‍ മുതലാളിത്തത്തിന്റെ അസഹനീയമായ ചൂഷണങ്ങളെ കെയ്‌നീഷ്യന്‍ ക്ഷേമ മുതലാളിത്തത്തിന്റെ പുനഃസ്ഥാപനത്തിലൂടെ മറികടക്കാമെന്ന വ്യാമോഹങ്ങളാണ്‌ ടൂസിനെ പോലുള്ള പോളിക്രൈസിസിന്റെ ഉപജ്ഞാതാക്കള്‍ മുന്നോട്ടുവയ്‌ക്കുന്നതെന്ന വിമര്‍ശനം ഗൗരവ പരിഗണന ആവശ്യപ്പെടുന്നു. സിസ്റ്റമിക്‌ പ്രതിസന്ധിയുടെ ആഴങ്ങളെപ്പറ്റി ദീര്‍ഘകാലമായി മുന്നറിയിപ്പു തരുന്ന മൈക്കല്‍ റോബര്‍ട്ട്‌സിനെ പോലുള്ള സാമ്പത്തിക ശാസത്രജ്ഞര്‍ കെയ്‌നീഷ്യന്‍ പരിഹാരം മിഥ്യയാണെന്ന്‌ കാര്യകാരണസഹിതം വിശദീകരിയ്‌ക്കുന്നു. സാമ്പത്തിക മാന്ദ്യവും, സാമ്പത്തിക തളര്‍ച്ചയും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യം ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിഭാസമാണെങ്കില്‍ സാമ്പത്തിക തളര്‍ച്ച ഹ്ര്വസ്വകാലയളവിലാവും അനുഭവപ്പെടുക. തളര്‍ച്ചയുടെ ഹ്രസ്വകാലയളവില്‍ സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയും, തളര്‍ച്ചയും ഇടവിട്ട്‌ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. മാന്ദ്യത്തിന്റെ സ്ഥിതി അതല്ല. തളര്‍ച്ചയില്‍ നിന്നും കരകയറുന്നതിന്‌ പകരം നിക്ഷേപം, തൊഴിലവസരങ്ങളുടെ വളര്‍ച്ച, ഉല്‍പ്പാദന വര്‍ദ്ധന തുടങ്ങിയ മേഖലകളെയെല്ലാം ദീര്‍ഘകാലം വേട്ടയാടുന്ന മുരടിപ്പാണ്‌ മാന്ദ്യത്തിന്റെ മുഖമുദ്ര. ആഗോള മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ മുന്നു മാന്ദ്യങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയെന്നാണ്‌ റോബര്‍ട്ട്‌സിന്റെ വിലയിരുത്തല്‍. 1873-1897 കാലഘട്ടത്തിലാണ്‌ ആദ്യത്തെ മാന്ദ്യം. 1850-73 കാലഘട്ടത്തിലെ സാമ്പത്തിക രംഗത്തെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപ വര്‍ദ്ധനയും, ഉല്‍പ്പാദന വര്‍ദ്ധനയും പിന്നീട്‌ വന്ന മാന്ദ്യ കാലഘട്ടത്തില്‍ മൊത്തത്തില്‍ കുറവായിരുന്നു. ഗ്രേറ്റ്‌ ഡിപ്രഷന്‍ എന്നറിയപ്പെടുന്ന 1929-41 കാലഘട്ടത്തിലാണ്‌ രണ്ടാമത്തെ മാന്ദ്യകാലം. 2007-08 കാലഘട്ടത്തിലെ സാമ്പത്തിക തകര്‍ച്ചയോടെ തുടങ്ങിയതാണ്‌ മൂന്നാമത്തെ മാന്ദ്യം. മാന്ദ്യത്തിന്റെ അവസ്ഥ മറികടന്നുവെന്ന ചില ലാഞ്ചനകള്‍ 2019 ല്‍ കാണാനായെങ്കിലും പ്രമുഖ സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ മൂലധന നിക്ഷേപത്തിന്റെ തോതിലും, ഉല്‍പ്പന്ന വര്‍ദ്ധനയുടെ വളര്‍ച്ചയും കണക്കിലെടുക്കുകയാണെങ്കില്‍ 2007 നു മുമ്പത്തെ വളര്‍ച്ചയേക്കാള്‍ വളരെ താഴ്‌ന്ന നിരക്കിലാണ്‌ അവ പ്രകടിതമായതെന്ന്‌ കാണാനാവും. കോവിഡ്‌ മഹാമാരിയോടെ അത്‌ വീണ്ടും കൂപ്പികുത്തി.

ആദം ടൂസ് | photo : wki commons

മഹാമാരിയുടെ കെടുതികളില്‍ നിന്നും പുറത്തുവരുന്നതിനെക്കുറിച്ചുള്ള ശ്രമങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട റഷ്യ-യുക്രൈന്‍ യുദ്ധം മൊത്തം സ്ഥിതിഗതികളെ കൂടുതല്‍ പരുങ്ങലിലാക്കി. ഒറ്റനോട്ടത്തില്‍ പരസ്‌പരബന്ധമില്ലെന്നു തോന്നിപ്പിക്കുന്ന ഈ സംഭവങ്ങള്‍ ഒരേ പ്രക്രിയയുടെ ഭിന്നങ്ങളായ ഫലങ്ങളാണെന്ന്‌ റോബര്‍ട്ട്‌സ്‌ വിലയിരുത്തുന്നു. മൂലധനത്തിന്റെ ലാഭത്തിന്റെ തോത്‌ കുറയുന്നതാണ്‌ ഈ സ്ഥിതിവിശേഷത്തിന്റെ മൂലകാരണം. കാള്‍ മാര്‍ക്‌സിന്റെ മുതലാളിത്ത വിമര്‍ശനത്തിന്റെ മൗലികവും, ഏറ്റവും സുപ്രധാനവുമായ കണ്ടെത്തലുകളില്‍ ഒന്നാണ്‌ മൂലധനത്തിന്‌ ലഭിക്കുന്ന ലാഭത്തിന്റെ തോത്‌ കുറയുന്നതിനുള്ള പ്രവണതയെന്ന സിദ്ധാന്തം. ലാഭത്തിനായുള്ള മൂലധനത്തിന്റെ അവസാനമില്ലാത്ത ആസക്തിയില്‍ അന്തസ്ഥിതമായ ഒന്നായ ഈ പ്രവണതയാണ്‌ മുതലാളിത്ത പ്രതിസന്ധിയുടെ മൂലകാരണം. ടെന്‍ഡന്‍സി ഓഫ്‌ റേറ്റ്‌ ഓഫ്‌ പ്രോഫിറ്റ്‌ റ്റു ഫാള്‍ (ടിആര്‍പിഎഫ്‌) എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്‌സിന്റെ ഈ നിഗമനം മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിശകലനത്തില്‍ തന്നെ വിവാദമായ ഒന്നാണ്‌. മാര്‍ക്‌സിസ്റ്റുകളെന്നു സ്വയം വിശേഷിപ്പിക്കുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞരില്‍ ഒരു വിഭാഗം ഈയൊരു നിഗമനത്തെ അംഗീകരിക്കുന്നില്ല. ആ വിവാദത്തിലേക്കു തല്‍ക്കാലം കടക്കുന്നില്ല. മൂലധന ലാഭത്തിന്റെ തോത്‌ കുറയുന്നതിനുള്ള പ്രവണതയാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്ന കാര്യത്തില്‍ റോബര്‍ട്ട്‌സിന്‌ സംശയങ്ങളില്ല. മൂലധനത്തില്‍ നിന്നുള്ള ശരാശരി ലാഭത്തിന്റെ തോത്‌ മുഖ്യ മുതലാളിത്ത രാജ്യങ്ങളിലെല്ലാം കുറയുന്ന പ്രവണത 1997 മുതല്‍ പ്രകടമാണെന്നും അത്‌ രൂക്ഷമായതിന്റെ ഫലമാണ്‌ 2007-08 ലെ തകര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ മാന്ദ്യവുമെന്നും റോബര്‍ട്ടസ്‌ ചൂണ്ടിക്കാണിക്കുന്നു.

മുതലാളിത്ത പ്രതിസന്ധിയുടെ ഈ മൂലകാരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കൂടുതല്‍ രൂക്ഷമാകുന്നതിന്റെ ലക്ഷണങ്ങളെ പോളിക്രൈസി സ്സായി ലിബറല്‍ പുരോഗമന ബുദ്ധിജീവികള്‍ വിശേഷിപ്പിക്കുന്നു. രോഗത്തിനെ ചികിത്സിക്കുന്നതിന്‌ പകരം രോഗലക്ഷണത്തെ ചികിത്സിക്കുന്നതിന്‌ തുല്യമാണ്‌ ഈ സമീപനമെന്നാണ്‌ അവര്‍ക്കെതിരയുള്ള വിമര്‍ശനം. പോളിക്രൈസിസെന്ന ഊന്നുവടിയുടെ പിന്‍ബലമില്ലാതെ തന്നെ 2022 മാര്‍ച്ചില്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ബഹുമുഖ സ്വഭാവത്തെ പറ്റി റോബര്‍ട്ട്‌സ്‌ വ്യക്തമായ വിലയിരുത്തലുകള്‍ മുന്നോട്ടു വച്ചിരുന്നു. സാമ്പത്തിക മാന്ദ്യം, പരിസ്ഥിതി, ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷം എന്നിവ ഒരേ സമയം പ്രത്യക്ഷമാകുന്നതിന്റെ രൂക്ഷത അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുതലാളിത്തത്തില്‍ മൂലധന നിക്ഷേപത്തിന്റെ സുപ്രധാന പ്രേരണ ലാഭമാണ്‌. ലാഭത്തിന്റെ തോതിലുള്ള കുറവും, കുറഞ്ഞ ലാഭവും ഉല്‍പ്പാദനക്ഷമമായ മൂലധന നിക്ഷേപത്തിന്റെ വളര്‍ച്ചക്ക്‌ വിഘാതമാവുന്നു. അത്‌ മൊത്തം സാമ്പത്തികമേഖലയുടെ മുരടിപ്പിന്‌ കാരണമാവുന്നു. ഉല്‍പ്പാദനക്ഷമമായ മൂലധന നിക്ഷേപത്തിന്‌ പകരം ഊഹക്കച്ചവടത്തിന്റെ മായികലോകത്തില്‍ നിക്ഷേപത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിക്കുന്നതിനുള്ള സാഹചര്യത്തിന്റെ പശ്ചാത്തലമിതാണ്‌. ധനമൂലധനത്തിന്റെ അപ്രമാദിത്വമായി ഈ സാഹചര്യത്തെ പൊതുവെ വിലയിരുത്താറുണ്ടെങ്കിലും അതിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്‌ നേരത്തെ സൂചിപ്പിച്ച ലാഭത്തിന്റെ തോത്‌ കുറയുന്നതിനുള്ള പ്രവണതയാണ്‌. അതൊരു അടിസ്ഥാന പ്രശ്‌നമാണ്‌. അതിനെ അഭിമുഖീകരിയ്‌ക്കുന്നതിന്‌ പകരം ഓഹരി കമ്പോളങ്ങളടക്കമുള്ള ഊഹ വിപണികളിലെ കുമിളകള്‍ (ബബിള്‍സ്‌) വളര്‍ച്ചയുടെ നേര്‍ചിത്രമാണെന്ന മിഥ്യകളില്‍ മുഴുകുന്നവരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക രംഗത്തിന്റെ യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയുന്നതിനുള്ള വിവേകം പോലും ഇല്ലാതാവുന്നു. ഊഹക്കച്ചവട വിപണികളെ നിരന്തരം ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള നയങ്ങള്‍ നടപ്പിലാക്കുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ ഒത്താശ ചെയ്യുന്നതോടെ സമൃദ്ധിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ വ്യാപകമായ സ്വീകാര്യത നേടുന്നു.

സാമ്പത്തികവും, പാരിസ്ഥിതികവും, ജിയോപൊളിറ്റക്കലുമായ പ്രതിസന്ധികളുടെ കാരണങ്ങളും അവയുടെ പരിഹാരവും അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സംവിധാനത്തെ വിശകലനവിധേയമാക്കാതെ മുന്നോട്ടു പോവാനാവില്ല. പോളിക്രൈസിസ്‌ പോലുള്ള പുതിയ പേരുകള്‍ ഈ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുന്നതിനാകും പ്രയോജനപ്പെടുകയെന്ന വിമര്‍ശനം അതുകൊണ്ടു തന്നെ ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നു.

അമേരിക്കയിലെ ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും നിന്നും ഏതാണ്ട്‌ പൂജ്യം നിരക്കില്‍ ലഭിച്ചിരുന്ന വായ്‌പ അമേരിക്കയില്‍ മാത്രമല്ല ലോകമാകെയുള്ള ധനകാര്യ വിപണികളില്‍ വന്‍തോതിലുള്ള ഊഹനിക്ഷേപത്തിന്റെ സാധ്യതകള്‍ക്ക്‌ വഴിയൊരുക്കിയിരുന്നു. അമേരിക്കയിലെ നയകര്‍ത്താക്കള്‍ കഴിഞ്ഞ കുറച്ചുകാലമായി പലിശനിരക്ക്‌ ഉയര്‍ത്താന്‍ തുടങ്ങിയതോടെ ഇന്ത്യയടക്കമുള്ള ധനവിപണികളില്‍ നിന്നും വിദേശമൂലധനം പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. 2022 ന്റെ ആദ്യപകുതിയില്‍ മാത്രം വിദേശധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 16.25 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) പിന്‍വലിച്ചിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍ലിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഒരു പക്ഷെ ഇനിയും വ്യക്തമായി തെളിഞ്ഞിട്ടില്ല. വിദേശനിക്ഷേപകര്‍ കളമൊഴിഞ്ഞപ്പോള്‍ ആഭ്യന്തരനിക്ഷേപകര്‍ രക്ഷകരായെന്ന വിലയിരുത്തലുകള്‍ എത്രത്തോളം ശരിയാണെന്നു വരുദിനങ്ങളിലാവും കൂടുതല്‍ വ്യക്തമാവുക. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മൂലധനത്തില്‍ നിന്നുള്ള ലാഭത്തിന്റെ തോതില്‍ വരുന്ന ശോഷണത്തെ മറികടക്കുന്നതിന്‌ മൂന്നാംലോക രാജ്യങ്ങളില്‍ ഇപ്പോഴും അരങ്ങേറുന്ന ചൂഷണത്തിന്റെ തീവ്രത കഠിനമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവ കൂടുതല്‍ രൂക്ഷമാകുന്നു. അമേരിക്കന്‍ ചേരിയിലുള്ള പഴയ ജി-സെവന്‍ അംഗങ്ങള്‍ക്കിടയിലുള്ള കിടമത്സരങ്ങള്‍ ഒരു ഭാഗത്ത്‌ മൂര്‍ച്ഛിക്കുമ്പോള്‍ തന്നെ ചൈനയെന്ന പൊതുശത്രുവിന്‌ എതിരായ സഖ്യങ്ങളും രൂപപ്പെടുന്നു. പുതിയ രൂപഭാവങ്ങളിലുള്ള ജിയോപൊളിറ്റിക്കല്‍ കൂട്ടായ്‌മകളുടെയും സംഘര്‍ഷങ്ങളുടെയും വേദിയായി സാര്‍വദേശീയ രംഗം മാറുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്‌ യുക്രൈന്‍-റഷ്യ യുദ്ധം.

കാലാവസ്ഥ മാറ്റം പാരിസ്ഥിതിക മേഖലയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള വിനാശങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്ന മുന്നറിയിപ്പുകളെ ശരിവെക്കുന്നതായിരുന്നു കോവിഡ്‌ മഹാമാരിയുടെ വ്യാപനം. മുതലാളിത്ത വികസനത്തിന്റെ കടന്നുകയറ്റും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായ നിലയില്‍ അസ്ഥിരപ്പെടുത്തുന്നതിന്റെ ഫലമാണ്‌ മഹാമാരിയെന്ന വിലയിരുത്തലുകള്‍ അവഗണിക്കാവുന്നതല്ല. ഭൂമിയുടെ അപ്രാപ്യമായ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ജീവികളില്‍ കഴിഞ്ഞുകൂടിയിരുന്ന അപകടകാരികളായ രോഗാണുക്കള്‍ മനുഷ്യരിലേക്കു പകരുന്നതിന്റെ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഈ കടന്നുകയറ്റം കാരണമാവുന്നുവെന്ന നിഗമനം പുതിയതല്ല. പക്ഷിപ്പനിയുടെ കാലം മുതല്‍ അവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഏറെ ലഭ്യമാണ്‌. എന്നാല്‍ ലാഭത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുന്ന മുതലാളിത്ത ഉത്പാദന സംവിധാനം ഈ മുന്നറിയിപ്പുകളെ മനഃപ്പൂര്‍വ്വം മറച്ചു പിടിക്കുകയും, അവഗണിക്കുകയും ചെയ്യുന്നു.

representational image : pixabay

സാമ്പത്തികവും, പാരിസ്ഥിതികവും, ജിയോപൊളിറ്റക്കലുമായ പ്രതിസന്ധികളുടെ കാരണങ്ങളും അവയുടെ പരിഹാരവും അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സംവിധാനത്തെ വിശകലനവിധേയമാക്കാതെ മുന്നോട്ടു പോവാനാവില്ല. പോളിക്രൈസിസ്‌ പോലുള്ള പുതിയ പേരുകള്‍ ഈ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുന്നതിനാകും പ്രയോജനപ്പെടുകയെന്ന വിമര്‍ശനം അതുകൊണ്ടു തന്നെ ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നു. മനുഷ്യശേഷി വികസനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ ഇപ്പോഴത്തെ ഭയാനകമായ സാഹചര്യത്തെ വെളിപ്പെടുത്തുന്നതാണെന്ന്‌ റോബര്‍ട്ടസ്‌ വ്യക്തമാക്കുന്നു. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും അശുഭാക്തിവിശ്വാസം നിറഞ്ഞതാണ്‌ നാം ജീവിക്കുന്ന കാലഘട്ടമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഒന്നും, രണ്ടും ലോകയുദ്ധങ്ങളുടെയും, ഗ്രേറ്റ്‌ ഡിപ്രഷന്റെയും കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന ശുഭാപ്‌തി വിശ്വാസം പോലും മനുഷ്യരില്‍ ഇപ്പോള്‍ കാണാനാവില്ലെന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന്‌ റോബര്‍ട്ടസ്‌ പറയുന്നു. അശുഭചിന്തകള്‍ ബഹുജന മനസ്സില്‍ വ്യാപകമാകുമ്പോഴാണ്‌ ഫാസിസ്റ്റുകള്‍ രക്ഷകരുടെ പരിവേഷത്തോടെ നായകപദവിയിലേക്ക്‌ ഉയരുന്നതെന്ന്‌ പഴയ ചരിത്രം മാത്രമല്ല സമീപകാല അനുഭവങ്ങളും തെളിയിക്കുന്നു.

Leave a comment