TMJ
searchnav-menu
post-thumbnail

Outlook

‘ക്യാപിറ്റല്‍ വിത്തൗട്ട് ബോര്‍ഡേര്‍സ്’

07 Oct 2021   |   1 min Read
കെ പി സേതുനാഥ്

അതിരുകളില്ലാത്ത ചൂഷണത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍. നവലിബറല്‍ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ നിയമപരിരക്ഷകള്‍ മുതല്‍ കുറ്റകൃത്യങ്ങളുടെ ലക്ഷണശാസ്ത്രത്തില്‍ 'വൈറ്റ്‌ക്കോളര്‍ ക്രൈം' എന്ന ഗണത്തില്‍ വരുന്നവയുടെയും, അല്ലാത്തവയുടെയും സംഗമവേദിയാണ് ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍. മാധ്യമങ്ങളുടെ അതിഭാവുകത്വവും, നാടകീയതയും മാറ്റിനിര്‍ത്തിയാല്‍ നീതിയുക്തമായ സാമൂഹ്യക്രമത്തിന് വേണ്ടിയുള്ള സംവാദങ്ങളിലും, പോരാട്ടങ്ങളിലും ഒഴിവാക്കാനാവാത്ത വിഷയമായി ഓഫ്‌ഷോര്‍ നിക്ഷേപങ്ങള്‍ മാറിയിരിക്കുന്നു. പാന്‍ഡോറ പേപ്പേര്‍സിന്റെ വെളിപാടുകള്‍ ഒരിക്കല്‍കൂടി ഈയൊരു വസ്തുതയെ ഉറപ്പിക്കുന്നു. നവകൊളോണിയലിസം, ആശ്രിതത്വം, ദല്ലാള്‍ രാഷ്ട്രീയം തുടങ്ങിയവ അര്‍ത്ഥം തേഞ്ഞുപോയ വാക്കുകള്‍ മാത്രമല്ലെന്നും ഓഫ്‌ഷോര്‍ നിക്ഷേപങ്ങളുടെ പട്ടിക ഓര്‍മപ്പെടുത്തുന്നു. ഒരു വിലയിരുത്തല്‍.            

'ഞങ്ങളുടെ ഒരു കക്ഷിയെ (ക്ലയന്റ്) നേരില്‍ കാണുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിനൊപ്പം (സിഇഒ) യൂറോപ്പിന് പുറത്തുള്ള ഒരിടത്തേക്കു പോകണമായിരുന്നു. സൂറിക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തില്‍ എത്തുന്നുതിനുള്ള ആഡംബര വാഹനം കക്ഷി അയച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്നു തിരിച്ചറിഞ്ഞ ഞാന്‍ വീട്ടില്‍ പോയി പാസ്‌പോര്‍ട്ടുമായി തിരികെ വരാമെന്നു സിഇഒ-യോടു പറഞ്ഞു. 'അതിന്റെ ആവശ്യമില്ല', അദ്ദേഹം പറഞ്ഞു. 'യൂറോപ്പിന് പുറത്തു പോവുകയല്ലേ? പാസ്‌പോര്‍ട്ടില്ലാതെ എങ്ങനെ സാധിക്കും?', ഞാന്‍ ചോദിച്ചു. 'അതിന്റെ ആവശ്യമില്ല' അദ്ദേഹം വീണ്ടും പറഞ്ഞു. രണ്ടു തവണ ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് പിന്നെ അക്കാര്യം ഞാന്‍ മിണ്ടിയില്ല. വിമാനത്താവളത്തിനുള്ളില്‍ തടയുകയാണെങ്കില്‍ അങ്ങനെയാവട്ടെയെന്നും മനസ്സില്‍ കരുതി. വിമാനത്താവളത്തില്‍ ഞങ്ങളുടെ രേഖകള്‍ ആരും പരിശോധിച്ചില്ല. ഞങ്ങളുടെ കക്ഷിയുടെ സ്ഥലത്ത് എത്തിയപ്പോള്‍ ആഡംബര വാഹനം കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെയും ആരും ഞങ്ങളുടെ പാസ്സ്‌പോര്‍ട്ട് ചോദിച്ചില്ല. സ്വിറ്റ്‌സര്‍ലണ്ടില്‍ മടങ്ങി എത്തിയപ്പോഴും ആരും പാസ്സ്‌പോര്‍ട്ടുകള്‍ ചോദിച്ചില്ല. സിഇഒ-യുടെ വാക്കുകള്‍ തികച്ചും ശരിയായിരുന്നു. സമ്പന്നരായ കക്ഷികള്‍ നിയമത്തിന് അതീതരാണ്.' സോഷ്യോളജി പ്രൊഫസറായ ബ്രൂക്ക് ഹാരിംഗ്ടണ്‍ (Brooke Harrington) ദി അറ്റ്ാലാന്റിക്കില്‍ 2015-ല്‍ എഴുതിയ ലേഖനത്തിലേതാണ് ഈ വിവരണം. 'ക്യാപിറ്റല്‍ വിത്തൗട്ട് ബോര്‍ഡേര്‍സ്: വെല്‍ത്ത് മാനേജേര്‍സ് ആന്റ് ദി ഒണ്‍ പേര്‍സെന്റ്' എന്ന അവരുടെ കൃതിയിലും ഇതാവാര്‍ത്തിക്കുന്നു. രാജ്യാതിര്‍ത്തികളെ നിഷ്ഭ്രമമാക്കുന്ന മൂലധനത്തിന്റെ സഞ്ചാരപഥങ്ങളെ അനാവൃതമാക്കുന്ന വിവരണങ്ങള്‍ വര്‍ത്തമാനകാലത്തെ സാമൂഹ്യ-സാമ്പത്തിക വിശകലനങ്ങളുടെ സുപ്രധാന വിഷയങ്ങളിലൊന്നായി മാറിയതിന്റെ സാഹചര്യത്തിലാണ് പാന്‍ഡോറ പേപ്പറുകളുടെ (Pandora Papers) പ്രസക്തി.  
     
ലോകത്തെ ഒരു വിഭാഗം അതിസമ്പന്നരുടെ 'രഹസ്യ നിക്ഷേപങ്ങളില്‍' ചിലതിനെ പറ്റി അത്ഭുതവും, അവിശ്വസനീയതയും നിറഞ്ഞ ഭാഷയിലുള്ള വിവരണങ്ങള്‍ കഴിഞ്ഞ രണ്ടു-മൂന്നു ദിവസമായി ആഗോളതലത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പ്രൊഫസര്‍ ഹാരിംഗ്ടണിന്റെ വിവരണം മനസ്സില്‍ വരുന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റസ് (ICIJ) -ന്റെ ആഭിമുഖ്യത്തിലുള്ള മാധ്യമ കൂട്ടായ്മയാണ് വിവരങ്ങള്‍ ലഭ്യമാക്കിയവര്‍. ലോകത്തിലെ മുഖ്യധാരയിലെ മാധ്യമങ്ങള്‍ ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ICIJ. ഇന്ത്യയില്‍ നിന്നും ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് (ബോംബെ) ഗ്രൂപ്പ് ഈ കൂട്ടായ്മയുടെ ഭാഗമാണ്. ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ICIJ കൂട്ടായ്മയുടെ ശ്രമഫലമായി മാധ്യമ വാര്‍ത്തയാവുന്നതും പുതിയ കാര്യമല്ല. നികുതികള്‍ ഇല്ലാത്ത അല്ലെങ്കില്‍ വളരെ കുറഞ്ഞ നികുതി നിരക്കുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളാണ് ഓഫ്‌ഷോര്‍ അക്കൗണ്ടുകളുടെ കേന്ദ്രങ്ങള്‍. തുടക്കത്തില്‍ ചില ചെറിയ ദ്വീപുകളായിരുന്നു ഓഫ്‌ഷോര്‍ അക്കൗണ്ടുകളുടെ പ്രഭവകേന്ദ്രങ്ങളെങ്കില്‍ ഇപ്പോള്‍ മുന്‍നിര രാജ്യങ്ങള്‍ തന്നെ അതിനുള്ള വേദിയൊരുക്കുന്നു. സാമ്പത്തിക അസമത്വം, നികുതി നീതി പ്രസ്ഥാനം, ആഗോള ദാരിദ്ര്യം തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഓഫ്‌ഷോര്‍ അക്കൗണ്ടുകളെന്ന പ്രതിഭാസത്തിന്റെ നിരവധി മാനങ്ങള്‍ വ്യക്തമായി ലഭ്യമാണ്. ICIJ- പോലുള്ള മുഖ്യധാര മാധ്യമങ്ങളുടെ കൂട്ടായ്മകള്‍ ഇപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളും, വിവരങ്ങളും കൈകാര്യം ചെയ്യുവാന്‍ നിര്‍ബന്ധിതമായി എന്നു പറയുന്നതാവും കൂടുതല്‍ ശരി. ജൂലിയന്‍ അസാന്‍ജെ പോലുള്ളവര്‍ തുടങ്ങി വച്ച വീക്കിലീക്ക്‌സ് പോലുള്ള നവമാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ വളരെ വിശദമായും, ആഴത്തിലും കൈകാര്യം ചെയ്യുവാന്‍ തുടങ്ങിയതും മുഖ്യധാര മാധ്യമങ്ങള്‍ അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളും അവയുടെ വിശ്വാസ്യതയില്‍ കടുത്ത വിള്ളല്‍ ഏല്‍പ്പിച്ചിരുന്നു. 'കോര്‍പറേറ്റ് മാധ്യമങ്ങള്‍' എന്ന പരിഹാസകരമായ വിളിപ്പേര് മുഖ്യധാരയിലെ മാധ്യമങ്ങളെ കുറിച്ചുള്ള  വിമര്‍ശന പഠനങ്ങളില്‍ രൂഢമൂലമായതും ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍ പോലുളള വിഷയങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രേരകമായ ഘടകമാണെന്നു കരുതേണ്ടിയിരിക്കുന്നു.

അനില്‍ അംബാനി

ലക്‌സ് ലീക്ക്‌സ്, ലുവാണ്ട ലീക്ക്‌സ്, പനാമ പേപ്പേര്‍സ് തുടങ്ങിയ പേരുകളില്‍ ഓഫ്‌ഷോര്‍ അക്കൗണ്ടുകളുടെ വാര്‍ത്തകള്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി മുഖ്യധാരയിലെ മാധ്യമങ്ങളുടെ തലക്കെട്ടാവുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഓഫ്‌ഷോര്‍ അക്കൗണ്ടുകളെ പറ്റിയും രാഷ്ട്രീയ-ഭരണ രംഗത്തെ തികച്ചും ക്രമവിരുദ്ധമായ നടപടികളെ പറ്റിയുമെല്ലാം മുഖ്യധാരയിലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നാടകീയമായ ആഖ്യാനങ്ങള്‍ വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ പറ്റിയും കാര്യകാരണസഹിതം വിശദീകരിയ്ക്കുന്നതിന് പകരം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് പലപ്പോഴും ഉപകരിയ്ക്കുകയെന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായും നിരാകരിക്കുവാന്‍ കഴിയുന്നതല്ല പാന്‍ഡോറ പേപ്പേര്‍സിലെ വെളിപ്പെടുത്തലുകളുടെ ആഖ്യാനങ്ങളും. 'പാപ്പരായ' അനില്‍ അംബാനി വെളിപ്പെടുത്താത്ത കാര്യം; 130 കോടി ഡോളറിന്റെ ഓഫ്‌ഷോര്‍ കമ്പനകളുടെ ശൃംഖല' - യെന്ന തലക്കെട്ടും വാര്‍ത്തയും ഉദാഹരണം. ഒറ്റ നോട്ടത്തില്‍ കേമമായ വാര്‍ത്തയാണെന്നു തോന്നും. എന്നാല്‍ ധീരുഭായി അംബാനിയുടെ കാലം മുതല്‍ റിലയന്‍സ് സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് സങ്കീര്‍ണ്ണമായ ഓഫ്‌ഷോര്‍ കമ്പനികളുടെ ശൃംഖലകള്‍. ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകനായ ഹാമിഷ് മക്‌ഡൊണാള്‍ഡ് 1998-ല്‍ എഴുതിയ ദി പോളിയെസ്റ്റര്‍ പ്രിന്‍സ്; ദി റൈസ് ഓഫ് ധീരുഭായി അംബാനി - എന്ന പുസ്തകം വായിച്ചിട്ടുള്ളവര്‍ അനില്‍ അംബാനിയുടെ ഓഫ്േഷാര്‍ അക്കൗണ്ടുകളെ പറ്റിയുള്ള വാര്‍ത്തയില്‍ അത്ഭുതം കൂറാനിടയില്ല. ഇന്ത്യയിലെ റിലയന്‍സിന്റെ മാത്രം കാര്യമല്ല ഈയൊരു മാറ്റം. 1980-കളില്‍ ആഗോളതലത്തില്‍ സ്ഥാപിതമായ നവലിബറല്‍ ക്രമത്തിന്റെ ഭാഗമായ മാറ്റങ്ങളില്‍ ഓഫ്‌ഷോര്‍ കമ്പനികള്‍ കൂടുതല്‍ നിര്‍ണ്ണായക സ്ഥാനം കൈവരിച്ചു. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക അസമത്വം അത്രമേല്‍ സ്വാഭാവികമായ ഒരു പ്രക്രിയയായി മാറിയതിന്റെ സ്വാഭാവികമായ ഉല്‍പ്പന്നമായി ഓഫ്‌ഷോര്‍ നിക്ഷേപങ്ങള്‍. വെള്ളക്കോളര്‍ കുറ്റകൃത്യം (വൈറ്റ്‌കോളര്‍ ക്രൈം) എന്ന ഗണത്തില്‍ വരുന്ന അതിന്റെ നിരവധിയായ ഉപോല്‍പ്പന്നങ്ങള്‍ ഓഫ്‌ഷോര്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൂലധനത്തിന്റെ സഞ്ചാരപഥങ്ങളില്‍ കാണാനാവും. നിലവിലുള്ള രാഷ്ട്രീയ-ഭരണ സംവിധാനത്തില്‍ നിന്നും പ്രത്യക്ഷമായും, പരോക്ഷമായും ലഭിക്കുന്ന അംഗീകാരവും, പിന്തുണയുമാണ് അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന്റെ ആധാരം. നിയമപരിപാലനം, സുതാര്യത, സംരഭകത്വം, ജനാധിപത്യം തുടങ്ങിയ നിരവധി വിഷയങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍  പ്രതീകാത്മകമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ലെന്ന വീക്ഷണം പുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍ രോഗലക്ഷണ മാത്രമാണ്. മാധ്യമങ്ങളിലെ നാടകീയമായ തലക്കെട്ടുകള്‍ വിശേഷിപ്പിക്കുന്നതുപോലെ അതീവരഹസ്യമായി ഏര്‍പ്പാടല്ല ആഗോളതലത്തിലെ രഹസ്യനിക്ഷേപങ്ങള്‍. വളരെ സുതാര്യമായി നിയമപരമായി നടക്കുന്ന ഇടപാടുകളാണ് അവ. അതിന് വേണ്ടുന്ന നിയമവ്യവസ്ഥയും, ചട്ടങ്ങളും രൂപപ്പെടുത്തുന്നതും, നടപ്പിലാക്കുന്നതും പ്രശസ്തരായ സ്ഥാപനങ്ങളും, വ്യക്തികളുമാണ്. ഓഫ്‌ഷോര്‍ അക്കൗണ്ടുകളുടെ പിന്നാമ്പുറങ്ങളില്‍ അരങ്ങേറുന്ന ഇത്തരം സംഘാടനങ്ങളുടെ വിവരങ്ങള്‍ വേണ്ട നിലയില്‍ അടക്കും ചിട്ടയോടും അവതരിപ്പിക്കുന്നതില്‍ മുഖ്യധാര മാധ്യമങ്ങള്‍ വേണ്ടത്ര ശുഷ്‌ക്കാന്തി പ്രകടിപ്പിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണാനാവില്ല. സംഘടിതവും, ആസൂത്രിതവുമായി അരങ്ങേറുന്ന ശതകോടീശ്വര നിര്‍മിതികളുടെ രാഷ്ട്രീയ-സമ്പദ്ഘടനയെ മനസ്സിലാക്കുവാന്‍ അവ ഏറെ ഉപകരിക്കും.  

ലാഭത്തിന്റെ സിംഹഭാഗവും നികുതി ഇല്ലാത്ത അല്ലെങ്കില്‍ നികുതി ഏറ്റവും കുറഞ്ഞ പ്രദേശത്തായി സമാഹരിക്കുന്ന സംഘടനാരൂപമാണ് ലോകത്തിലെ മുഖ്യധാര കോര്‍പറേഷനുകളുടെ ഇന്നത്തെ മുഖമുദ്ര. ലോകസമ്പത്തിന്റെ നല്ലൊരുഭാഗം കൈയടക്കി വച്ചിരിക്കുന്ന വ്യക്തികള്‍ പ്രകടമായ നിലയില്‍ നടത്തുന്ന നികുതി വെട്ടിപ്പിനു പുറമേയാണ് കോര്‍പറേറ്റുകളുടെ ഈയൊരു വാസ്തുഘടന. 1980-കള്‍ മുതല്‍ ആഗോളതലത്തില്‍ ശക്തമായ നിലയില്‍ തഴച്ചു വളരുന്ന വ്യവസായമായി ഓഫ്‌ഷോര്‍ നിക്ഷേപങ്ങളെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസറായ Gabriel Zucman-ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിലയിരുത്തുന്നു. ലോകസമ്പത്തിന്റെ 10 ശതമാനം ഏതാനം ചില വ്യക്തികള്‍ സ്വന്തം പേരില്‍ ഓഫ്‌ഷോറില്‍ നിക്ഷേപിച്ചിരുക്കുന്നതായി അവര്‍ കണക്കാക്കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ നികുതി ഒഴിവാക്കുന്നതിന്റെ രീതിശാസ്ത്രത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം. അങ്ങോട്ടുമിങ്ങോട്ടും കച്ചവടബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെന്ന നിലയില്‍ ഈ കമ്പനികള്‍ അവരവരുടെ ലാഭം വിവിധ സബ്‌സിഡിയറി സ്ഥാപനങ്ങളിലായി സമാഹരിക്കുമെന്നാണ് സാധാരണഗതിയില്‍ മനസ്സിലാവുക. തത്വത്തില്‍ അങ്ങനെയാണു താനും. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. നികുതിയില്ലാത്ത അല്ലെങ്കില്‍ നികുതി ഏറ്റവും കുറഞ്ഞ ദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരിലാവും ലാഭം മുഴുവനും കണക്കെവുത്തില്‍ രേഖപ്പെടുത്തുക. അതിന് വേണ്ടുന്ന തരത്തിലുള്ള അക്കൗണ്ടിംഗ് സമ്പ്രദായം ഒരു കലയായി ബഹുരാഷ്ട്ര കമ്പനികള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. അല്‍ഗോരിതങ്ങളും, ട്രേഡ് മാര്‍ക്കുകളും, ലോഗോകളുടെയും ആസ്ഥാനം നികുതിരഹിത-കമ്മിനികുതി ദേശങ്ങളില്‍ സ്ഥാപിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണെന്ന് Zucman പറയുന്നു.

ദി പോളിയെസ്റ്റര്‍ പ്രിന്‍സ്; ദി റൈസ് ഓഫ് ധീരുഭായി അംബാനി എന്ന പുസ്തകകത്തിന്‍റെ കവര്‍ 

ഗൂഗിളിന്റെ ഉടമസ്ഥ സ്ഥാപനമായ ആല്‍ഫബെറ്റ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2004-ല്‍ ഓഹരി കമ്പോളത്തില്‍ ലിസ്റ്റു ചെയ്യുന്നതിനും ഒരു വര്‍ഷത്തിനും മുമ്പ് 2003-ല്‍ ഗൂഗിള്‍ അതിന്റെ സെര്‍ച്ച്, പരസ്യ ടെക്‌നോളജി വിഭാഗങ്ങള്‍ എന്നിവയെ അയര്‍ലണ്ടില്‍ ആസ്ഥാനമുള്ള 'google holdings' എന്ന സ്ഥാപനത്തിന്റെ പേരിലാക്കി. അയര്‍ലണ്ടിലെ നികുതി പരിധിയില്‍ വരുന്നതല്ല google holdings. നികുതി ഇല്ലാത്ത ബെര്‍മുഡയായിരുന്നു അതിന്റെ ആസ്ഥാനം. ചുരുക്കത്തില്‍ ഗൂഗിളിന്റെ സെര്‍ച്ച്, പരസ്യ വിഭാഗങ്ങള്‍ കൈവരിച്ച ലാഭം മുഴുവന്‍ ബെര്‍മുഡയിലെ ഈ സ്ഥാപനത്തിന്റെ പേരിലായിരുന്നു. 2015-ലെ കണക്കു പ്രകാരം ആല്‍ഫബെറ്റ് രേഖപ്പെടുത്തിയ 15.5 ബില്യണ്‍ (1 ബില്യണ്‍ = 100 കോടി) ഡോളര്‍ ലാഭം കോര്‍പറേറ്റ് നികുതി  നിരക്ക് വെറും പൂജ്യം മാത്രമുള്ള ബെര്‍മുഡയിലെ ഈ സ്ഥാപനത്തിന്റെ പേരിലായിരുന്നു. ബെര്‍മുഡ പോലുള്ള ഇത്തരം നികുതിരഹിത-കമ്മിനികുതി ദേശങ്ങളിലായി ബഹുരാഷ്ട്ര കമ്പനികള്‍ വര്‍ഷാവര്‍ഷം 600 ബില്യണ്‍ ഡോളര്‍ മാറ്റുന്നു. നികുതി ഒഴിവാക്കി കിട്ടുന്നതിനും, കുറയ്ക്കുന്നതിനും പേരുകേട്ട നെതര്‍ലാന്‍ഡ്‌സ്, അയര്‍ലണ്ട്, ലക്‌സംബര്‍ഗ്, മാള്‍ട്ട, സൈപ്രസ്, ബെല്‍ജിയം എന്നീ 6-യൂറോപ്യന്‍ രാജ്യങ്ങള്‍ വര്‍ഷത്തില്‍ 350 ബില്യണ്‍ യൂറോയുടെ ഇടപാടിന് സാക്ഷ്യം വഹിക്കുന്നു. നികുതിയുടെ കാര്യത്തില്‍ നല്‍കുന്ന ഇത്തരം ഇളവുകള്‍ മറ്റു ദേശങ്ങളുടെ സമ്പത്തിനെ മോഷ്ടിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തല്‍ ഇപ്പോള്‍ global tax justice movement പോലുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. നികുതി നിരക്കുകള്‍ ആപേക്ഷികമായി കൂടുതലുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ അവയുടെ ആസ്ഥാനം നികുതിരഹിത-കമ്മിനികുതി ദേശങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ സംഭവിക്കുന്ന സമ്പത്തിന്റെ ചോര്‍ച്ച സമ്പദ്ഘടനയുടെ യഥാര്‍ത്ഥ അവസ്ഥയെ വികലപ്പെടുത്തുന്നതിനും കാരണമാകുന്നു. അയര്‍ലണ്ടിനെ ഉദാഹരണമായി Zucman-നും സഹപ്രവര്‍ത്തകരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. 1980-കളില്‍ കോര്‍പറേറ്റ് നികുതി നിരക്കുകള്‍ 50 ശതമാനമായിരുന്നുവെങ്കിലും അയര്‍ലണ്ടിലെ ദേശീയ വരുമാനത്തിന്റെ കാര്യത്തില്‍ കമ്പനികളില്‍ നിന്നുള്ള നികുതി വരുമാനം അമേരിക്കക്കക്കും, യൂറോപ്യന്‍ യൂണിയനും ആയിനത്തില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കുറവായിരുന്നു. 1990-കളില്‍ കോര്‍പറേറ്റ് നികുതി 12.5 ശതമാനമായി കുറച്ചതോടെ കമ്പനികളില്‍ നിന്നുള്ള അയര്‍ലണ്ടിന്റെ നികുതി വരുമാനം കൂടി. നികുതി കുറഞ്ഞതോടെ കൂടുതല്‍ വ്യവസായവും, തൊഴിലവസരവും, വളര്‍ച്ചയും നേടിയതിന്റെ ഫലമായി സംഭവിച്ചതല്ല ഈ വരുമാന വര്‍ദ്ധന. മറിച്ച് ബഹരാഷ്ട്ര കമ്പനികള്‍ അവയുടെ പല സ്ഥാപനങ്ങളുടെയും ആസ്ഥാനം അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലായി മാറ്റി സ്ഥാപിച്ചതായിരുന്നു അതിന്റെ കാരണം. അതായത് ബഹുരാഷ്ട്ര കമ്പനികള്‍ മറ്റു ദേശങ്ങളിലെ തൊഴിലാളികളെ/ജനങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഒരു തോത് അയര്‍ലണ്ടിന്റെ നികുതി വരുമാനത്തില്‍ പ്രതിഫലിക്കുകയായിരുന്നു. സ്വതന്ത്ര വിനിമയത്തെ കുറിച്ചുള്ള യുക്തികളൊന്നും ഈ മോഷണത്തെ നീതീകരിക്കുവാന്‍ പര്യാപ്തമല്ലെന്നു Zucman-ഉം കൂട്ടരും വ്യക്തമാക്കുന്നു.
       
നികുതി നിരക്കുകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ അവസാനിപ്പിക്കുന്നതിന് ഒരു ചെറിയ നീക്കമെങ്കിലും ബന്ധപ്പെട്ട രാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ അതിനെ അപ്പോള്‍ തന്നെ മറികടക്കുന്നതിനുള്ള പദ്ധതികള്‍ വന്‍കിട കോര്‍പറേറ്റുകള്‍ ആവിഷ്‌ക്കരിയ്ക്കുന്നു. 2017-ല്‍ പാരഡൈസ് പേപ്പേര്‍സ് (Paradise Papser) എന്ന പേരില്‍ ഓഫ്‌ഷോര്‍ അക്കൗണ്ടുകളെ പറ്റി റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ 2020-ഓടെ ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് പ്രഖ്യാപിച്ചു. അതോടെ അയര്‍ലണ്ടില്‍ ലഭിച്ചിരുന്ന നികുതി ഇളവുകള്‍ അതേപടി നിലനിര്‍ത്തുന്നതിനായി ആസ്ഥാനം Jersey-യെന്ന രാജ്യത്തായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നീക്കം Apple പ്രഖ്യാപിച്ചു. കോര്‍പറേറ്റു മേഖലയില്‍ മാത്രമല്ല മൊത്തം രാഷ്ട്രീയ-സമ്പദ്ഘടനയില്‍ വരുത്തേണ്ട പുനസംഘാടനത്തിന്റെ അനിവാര്യതയാണ് പാന്‍ഡോറ പേപ്പറുകള്‍ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പു ഫണ്ടില്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരം പോലും പുറത്തു പറയേണ്ടതില്ലെന്ന നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ഇപ്പോഴത്തെ നിലയില്‍ തുടരുന്ന പക്ഷം കൊല്ലംതോറും പ്രത്യക്ഷപ്പെടുന്ന ശതകോടീശ്വര പട്ടിക പോലെ ഓഫ്‌ഷോര്‍ നിക്ഷേപങ്ങളുടെ പട്ടികയും താമസിയാതെ വാര്‍ഷികാനുഷ്ഠാനം പോലെ ആഘോഷമായാല്‍ അത്ഭുതപ്പെടേണ്ടി വരില്ല. നവകൊളോണിയലിസം, ആശ്രിതത്വം, ദല്ലാള്‍ രാഷ്ട്രീയം തുടങ്ങിയവ അര്‍ത്ഥം തേഞ്ഞുപോയ വാക്കുകള്‍ മാത്രമല്ലെന്നും ഓഫ്‌ഷോര്‍ നിക്ഷേപങ്ങളുടെ പട്ടിക ഓര്‍മപ്പെടുത്തുന്നു.    

ബ്രൂക്ക് ഹാരിംഗ്ടണിന്റെ ക്യാപിറ്റല്‍ വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന പുസ്തകം, ഡേവിഡ് റുക്കിയോവിന്റെ where has all the surplus gone, ഗബ്രിയേല്‍ സുക്ക്മാന്റെ The desperate inequality behind global tax dodging തുടങ്ങിയ ലേഖനങ്ങള്‍ എന്നിവയോടുളള കടപ്പാട് ആദരവോടെ രേഖപ്പെടുത്തുന്നു.

Leave a comment