ഇനിയും തീർപ്പാക്കാനാവാത്ത കേസുകൾ
ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കേന്ദ്രഗവൺമെന്റ് കാണിക്കുന്ന അലംഭാവത്തിനെതിരെയുള്ള ഒരു പൊതുതാല്പര്യ ഹർജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എ.എസ് ഓഖ എന്നിവർ അടങ്ങുന്ന ബെഞ്ച് കേന്ദ്ര ഗവണ്മെന്റിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ ഭരണഘടന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിൽ വരുന്ന കാലതാമസമാണ് സുപ്രീം കോടതിയെ ചൊടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ മനപ്പൂർവം കൊളീജിയം നൽകിയ ശുപാർശകൾ വൈകിപ്പിക്കുന്നു എന്നതാണ് രണ്ടംഗ ബെഞ്ചിന്റെ വിമർശനത്തിന് കാരണം.
രാജ്യത്തെ സുപ്രീംകോടതികളിലെയും ഹൈക്കോടതികളിലേയും ന്യായാധിപന്മാരെ നിയമിക്കുന്നത് കൊളീജിയം എന്ന സംവിധാനത്തിൽ നിന്നാണ്. സുപ്രീം കോടതിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമാണ് രാജ്യത്തെ സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ രാഷ്‌ട്രപതി നിയമിക്കുന്നത്. ഈ കൂടിയാലോചന എന്നത് ധാരാളം നിയമചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുള്ളതാണ്. നിയമനങ്ങൾക്കായി സുപ്രീം കോടതി കേന്ദ്ര ഗവണ്മെന്റിനു സമർപ്പിക്കുന്ന ജഡ്ജിമാരുടെ പാനൽ അതുപോലെ തന്നെ രാഷ്ട്രപതിയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതില്ല എന്ന് 1981 ലെ ഫസ്റ്റ് ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ 1993 ലെ സെക്കന്റ് ജഡ്ജസ് കേസിൽ സുപ്രീംകോടതി വ്യത്യസ്തമായ വിധിയാണ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി നിർദ്ദേശിക്കുന്ന പേരുകൾ അതുപോലെ സ്വീകരിച്ചേ മതിയാകു അതിൽ ഗവണ്മെന്റിനു മാറ്റം കൊണ്ടുവരാൻ സാധിക്കുകയില്ല എന്നാണ് കോടതി അന്ന് പറഞ്ഞിരുന്നത്. കൂടാതെ ജഡ്ജ്മാരുടെ നിയമന കാര്യങ്ങളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന ഒരു കോളീജിയം രൂപീകരിക്കുകയും, കൊളീജിയം രൂപീകരിക്കുന്ന ജഡ്ജുമാരെ കേന്ദ്രഗവണ്മെന്റിന് നിരാകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. 1998 ലെ രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണൻ സുപ്രീം കോടതിയോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതാണ് തേർഡ് ജഡ്ജസ് കേസ്. ഇതിൽ കൊളീജിയം എന്നത് ചീഫ് ജസ്റ്റിസും നാല് സീനിയർ ജഡ്ജസും അടങ്ങുന്ന ഒരു സമിതി ആക്കുകയും, കൊളീജിയം സമർപ്പിക്കുന്ന ജഡ്ജസ്
പാനലിൽ കേന്ദ്ര ഗവണ്മെന്റിനു വിയോജിപ്പ് ഉണ്ടെങ്കിൽ കോളീജിയത്തിന് ആ പേരുകൾ പുനഃപരിശോധനക്കായി തിരിച്ചയക്കാമെന്നൊരു വ്യവസ്ഥയും ചേർക്കുകയായിരുന്നു. എന്നാൽ കൊളീജിയത്തിന് ആദ്യം നിർദ്ദേശിച്ച പേരുകൾ തന്നെ വീണ്ടും കേന്ദ്ര ഗവണ്മെന്റിനു സമർപ്പിക്കാവുന്നതാണ്. ഇതിനെ തുടര്‍ന്നാണ് 2014 ഇൽ 99 ആം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഈ ഭേദഗതി പ്രകാരം രാജ്യത്തെ കൊളീജിയം സിസ്റ്റത്തിന് പകരം നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ (NJAC) രൂപീകരിക്കുകയുമാണ് ഉണ്ടായത്. ആറ് അംഗങ്ങൾ അടങ്ങുന്ന ഒരു സമിതിയാണ് അന്നത്തെ ഗവണ്മെന്റ് NJAC ക്ക് വേണ്ടി പ്രപ്പോസ് ചെയ്തത്. അതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെ മുതിർന്ന രണ്ട് ജഡ്ജിമാർ, കേന്ദ്രത്തിലെ നിയമവകുപ്പ് മന്ത്രി എന്നിവരും, ബാക്കിവരുന്ന രണ്ട് അംഗങ്ങളെ നിയമിക്കുന്നതിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷനേതാവ് എന്നിവരെ ഉൾപ്പെടുത്തി സമാന്തരമായി ഒരു കമ്മിറ്റി കൂടി രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ സുപ്രീം കോടതി ഈ നിയമത്തെ ഭരണഘടന വിരുദ്ധമെന്നു ചൂണ്ടികാട്ടി റദ് ചെയ്യുകയും പഴയ കൊളീജിയം സിസ്റ്റം തന്നെ പുനഃസ്ഥാപിക്കുകയുമാണുണ്ടായത്.
06/01/2023 ന് ജഡ്ജുമാരുടെ നിയമനങ്ങളിലെ പൊതുതാൽപര്യ ഹർജി പരിഗണിക്കവെ കോടതി കേന്ദ്ര ഗവണ്മെന്റിനോടായി കൊളീജിയത്തിൽ കെട്ടികിടക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ 104 ശുപാർശകളെ പറ്റിയും, സുപ്രീംകോടതി ജഡ്ജിമാരുടെ10 ശുപാർശകൾ പറ്റിയും, 3 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാർശകളെ പറ്റിയും, മറ്റ് സ്ഥലംമാറ്റ നിയമനത്തെ കുറിച്ചും എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ജുഡീഷ്യൽ നിയമനങ്ങൾ വേണ്ടത്ര രീതിയിൽ നടക്കാത്തതുകൊണ്ട് രാജ്യത്തെ തീർപ്പാക്കാനാവാത്ത കേസുകൾ പെരുകുകയാണ് രാജ്യത്ത് ആകമാനം അഞ്ചുകോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്, ഇതുകൂടാതെ സുപ്രീംകോടതിയിൽ എഴുപതിനായിരം കേസുകളും. ഡിജിറ്റൽ വിപ്ലവം രാജ്യത്തെ എല്ലാ മേഖലകളിലെയും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കികൊണ്ടിരിക്കുമ്പോൾ ജുഡീഷ്യൽ രംഗത്ത് അതിന്റെ സാധ്യതകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. ലോക്‌ഡൗൺ കാലത്ത് കോടതികളെല്ലാം തന്നെ വെർച്വൽ കോടതികളായി മാറിയപ്പോൾ ഇന്ത്യൻ ജുഡീഷ്യറിയുടെ പരിമിതികൾ നാം കണ്ടതാണ്. മാറ്റങ്ങളോട് ഏറ്റവും സാവധാനത്തിൽ പ്രതികരിക്കുന്ന ഒരു വിഭാഗമായാണ് ജുഡീഷ്യൽ രംഗം ഒരു പരിധിവരെയെങ്കിലും നിലകൊള്ളുന്നത്, ഈയൊരു ഘട്ടത്തിലാണ് ജുഡീഷ്യൽ അപ്പോയിന്മെന്റുകളുടെ സുതാര്യതയില്ലായ്മയും നിയമനകാര്യങ്ങളിലെ മെല്ലെപോക്കും, ജുഡീഷ്വറിക്കു മേലെയുള്ള ബാഹ്യഇടപെടലുകളും കൂടിച്ചേർന്ന് ജുഡീഷ്യൽ സിസ്റ്റത്തെ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്.
ജുഡീഷ്യൽ നിയമനങ്ങളിലെ ഈ മെല്ലെപോക്കും രാജ്യത്തെ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും തമ്മിൽ ബന്ധമുണ്ട്. 2018ലെ ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇരുന്നൂറ്റിമുപ്പതാമത് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കോടതിവ്യവഹാരങ്ങൾ നടത്തുന്നത് സർക്കാരാണ്, കോടതി സംവിധാനത്തിൽ കെട്ടികിടക്കുന്ന മൊത്തം കേസുകളിൽ 46 ശതമാനവും സർക്കാരുമായി ബന്ധപ്പെട്ടതാണെന്ന ആരോപണങ്ങൾക്ക് പുറത്ത് 2017 ജൂൺ 13 ന് ഇന്ത്യ ഗവണ്മെന്റിന്റെ നീതിന്യായ വകുപ്പ് സർക്കാർ വ്യവഹാരങ്ങൾ കുറക്കുന്നതിന് വേണ്ടിയുള്ള ആക്ഷൻ പ്ലാൻ പുറത്തിറക്കിയിരുന്നു. കോടതികളുടെ ഭാരം കുറക്കുന്നതിന് സർക്കാർ ഉൾപ്പെടുന്ന വ്യവഹാരങ്ങൾ നിയന്ത്രിക്കുന്നത് കൊണ്ട് സാധ്യമാകും എന്ന നിരീക്ഷണങ്ങൾ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. രാജ്യത്താകമാനം 2010 നും 2020 നും ഇടയിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണത്തിൽ 2.8% വാർഷിക വളർച്ചയുണ്ടായിട്ടുണ്ട്. അതിൽ എൺപത് ശതമാനത്തിനു മുകളിൽ കീഴ്കോടതികളിലാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ തീർപ്പാക്കാനാവാത്ത കേസുകൾ ഉള്ള രാജ്യമാണ് ഇന്ത്യ. 21.03 Judges/Million Population ആണ് രാജ്യത്തെ അവസ്ഥ. ഇത് 50 Judges/Million Population ആക്കണമെന്നാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും ജസ്റ്റിസ് മലിമത്ത് കമ്മിറ്റിയുടെയും നിർദേശം. നിലവിലെ ഡിസ്‌പോസൽ റേറ്റ് അനുസരിച്ച് പുതിയ കേസുകൾ ഒന്നും ഫയൽ ചെയ്യുന്നില്ലെങ്കിൽ തന്നെ ഹൈക്കോടതികളിലേയും കീഴ്കോടതികളിലെയും കേസുകൾ തീർപ്പാക്കാൻ 3 വർഷമെടുക്കും.