TMJ
searchnav-menu
post-thumbnail

Outlook

'ജാതി'യാണ് ഇവിടെ ഡയറക്ടർ

20 Jan 2023   |   1 min Read
മിസ്‌രിയ ചന്ദ്രോത്ത്

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികൾ ഡയറക്ടർ ശങ്കർ മോഹനെതിരെ കൊടുത്തിരുന്ന പരാതിയിലെ ആരോപണങ്ങൾ വാസ്തവമാണെങ്കിൽ അത് ഒരു ആധുനിക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ശങ്കർ മോഹന്റെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങൾ അനുഭവിച്ച അധിക്ഷേപങ്ങളും ധന്യ, സിന്ധു സിജു, മിനിമോൾ പി കെ,  മണിയമ്മ രാജു, സൈമി സന്തോഷ് എന്നി തൊഴിലാളികൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ച കമ്മീഷനുമുമ്പാകെ കൊടുത്ത പരാതിയിൽ വിവരിക്കുന്നുണ്ട്. ആരോപണങ്ങൾക്ക് പരിഹാരം കാണാതെ സർക്കാരിനോ കേരള സമൂഹത്തിനോ മുന്നോട്ട് പോകാനാവില്ല. വിദ്യാർത്ഥികൾ സമരത്തിലാണ്. വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ  പിന്നോട്ടില്ല എന്നാണ് അവരുടെ നിലപാട്

ധന്യ സോമൻ സമർപ്പിച്ച പരാതിയിൽ പറയുന്നത് :

ധന്യ എന്ന ഞാൻ, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് സയൻസ് എന്ന സ്ഥാപനത്തിൽ 2021 ജനുവരി 4 മുതൽ സ്വീപ്പർ ജോലി ചെയ്തു വരികയാണ്. ഇവിടെ ജോലി ചെയ്തുവരുന്ന ഞാൻ ഉൾപ്പെടുന്ന ക്ലീനിങ് തൊഴിലാളികൾ ഒരുപാട് കൈപ്പേറിയ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ കുറെ നാളുകളായി കടന്നുപോകുന്നത്. ഇവിടെ നിന്ന് ഉണ്ടായ ഈ ഭീകരമായ ജാതിയ വിവേചനവും വംശീയ അവഹേളനവും വളരെയേറെ മാനസിക ബുദ്ധിമുട്ടിനും കാരണമയിട്ടുണ്ട്. എനിക്ക് ജോലി ലഭിച്ചതിന്റെ രണ്ട് മാസങ്ങൾക്ക് ശേഷം ഇതേ സ്ഥാപനത്തിന്റെ കീഴിലുള്ള കെട്ടിടമാണ് എന്ന പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ താമസിക്കുന്ന വീട്ടിലെ ജോലിക്കായി എന്നെ അയക്കുന്നത്. പൈസ തരും എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വൗച്ചർ ഒപ്പിട്ടു വാങ്ങിപ്പിച്ചിട്ടാണ് അവിടേക്കു വിടുന്നത്. എനിക്കും എന്റെ ഒപ്പം ജോലി ചെയ്യുന്ന സൈമി എന്ന സ്ത്രീക്കും സ്കൂട്ടർ ഉള്ളതിനാൽ അവിടേയ്ക്ക് പോകണം എന്ന നിർബന്ധം അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്നുമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം എന്ന നിലയിലാണ് ഞങ്ങൾ അവിടേയ്ക്ക് പോയി തുടങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡ്യൂട്ടി രാവിലെ 8 മുതൽ 12 വരെ ആണ് അതിനുശേഷം എക്സ്ട്രാ ഡ്യൂട്ടി ആയാണ് ഡയറക്ടർ താമസിക്കുന്ന വീട്ടിലേയ്ക്ക് പോയിരുന്നത്.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികൾ | photo : instagram

വലിയ മുറ്റവും ഒരുപാട് മുറികളുമുളള വലിയൊരു വീടായിരുന്നു അത്. അവിടെ ഞങ്ങൾ അനുഭവിക്കേണ്ടി വന്ന ജാതീയ-മാനസിക പീഡനങ്ങൾ വളരെ കാഠിന്യം നിറഞ്ഞതായിരുന്നു. അവിടേയ്ക്ക് പ്രവേശനം ലഭിക്കാൻ ആദ്യം ഞങ്ങൾക്ക് മുന്നിലേയ്ക്ക് അവർ വച്ചത് ജാതി ഏതാണ് എന്ന ചോദ്യമായിരുന്നു. ഡയറക്ടറുടെ ഭാര്യ എന്നോട് ജാതി ചോദിക്കുകയും ഞാൻ എന്റെ ജാതി വീരശൈവർ എന്നാണെന്ന് പറയുകയും ചെയ്തു. എന്റെ കൂടെ ജോലി ചെയ്യുന്ന മറ്റ് ആളുകളുടെ ജാതിയെപ്പറ്റിയും ചോദിച്ചു. അന്ന് അവിടെ നിന്നും സോപ്പ് എടുത്തു തന്ന് കൈ കഴുകിപ്പിക്കുകയും പിന്നീട് അകത്തേക്ക് കയറ്റിക്കുകയും ജോലി ചെയ്യിക്കാനും തുടങ്ങുകയായിരുന്നു. കക്കൂസ് കഴുകുന്ന സമയത്തു ബ്രഷ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല,കൈ ഉപയോഗിച്ച് ഉരച്ചു കഴുകണം എന്ന് ഡയറക്ടറുടെ ഭാര്യ നിർബന്ധം പിടിക്കുകയും സോപ്പ് പൊടിയും സ്ക്രബറും ഉപയോഗിച്ച് ക്ലോസറ്റ് വൃത്തിയാക്കിപ്പിക്കുകയും ചെയ്തു. വലിയ മുറ്റമുള്ള ആ വീടിന് ചുറ്റും ക്ലീൻ ചെയ്യിക്കുകയും ഇടയ്ക്ക് ഒന്നിരിക്കാനോ വിശ്രമിക്കാനോ അവസരം തരാതെ കഠിനമായി ജോലി ചെയ്യിക്കുകയും ചെയ്തു. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചപ്പോൾ വീടിന് പുറത്തു വെച്ചിരിക്കുന്ന ഗ്ലാസിൽ ഡയറക്ടറിന്റെ ഭാര്യ വെള്ളം ഒഴിച്ചു തരികയും ചെയ്തു. ഗ്ലാസ്‌ തിരികെ കൊടുത്തപ്പോൾ ഡയറക്ടർ പറഞ്ഞത് അത് അവിടെ വെച്ചേക്കു വെള്ളം തളിച്ചിട്ട് അതെടുത്തു വെച്ചോളാം എന്നായിരുന്നു.

പിന്നീട് വന്ന ദിവസങ്ങളിൽ ഈ ജാതീയ വിവേചനം കൂടി വരികയായിരുന്നു. എന്റെ അച്ഛന്റെ തൊഴിൽ, റേഷൻ കാർഡിൽ ഉപയോഗിച്ചിരുന്ന ജാതി എന്നിവ എന്താണെന്നും അവർ കൂടെ കൂടെ ചോദിക്കും. എന്റെ സഹപ്രവർത്തകർ ഏതു ജാതിയാണെന്ന് അറിയാൻ അവർ വീണ്ടും ചോദിക്കാൻ തുടങ്ങി. സിന്ധു ചേച്ചിയെ ജോലിക്ക് വിളികാത്തതിനെ പറ്റി ‘അവർ പുലയർ ആണെങ്കിൽ വീട്ടിൽ ഞങ്ങൾ കയറ്റില്ലയെന്നും ഞങ്ങൾ കൊട്ടാരത്തിൽ ജീവിച്ചു വളർന്നവർ ആണെന്നും' ഡയറക്ടറിന്റെ ഭാര്യ എന്റെ മുഖത്ത് നോക്കി പറയുകയുണ്ടായി. പിന്നീട് വരുന്ന ദിവസങ്ങളിൽ എന്നോട് ഒരു ജോഡി ഡ്രസ്സ്‌ കൊണ്ടു വരണം എന്ന് പറഞ്ഞു. ജോലിക്ക് കയറുന്നതിനു മുമ്പ് കുളിച്ചിട്ടു കയറാൻ ആവിശ്യപ്പെടുകയും അവർ തരുന്ന സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സോപ്പ് തീരുമെന്നോർത്തു കുളിക്കണ്ട, നന്നായി തേച്ചു ഉരച്ചു കുളിക്കണമെന്നും. കുളി കഴിഞ്ഞ് വരുമ്പോൾ സോപ്പിന്റെ വാസന ഉണ്ടായിരിക്കണം എന്നും അവർ എന്നോട് പറഞ്ഞു. എന്നാൽ മറ്റുള്ളവരോട് ഇങ്ങനെ പറയാതെ എന്നോട് മാത്രം ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. ഇതിനെപ്പറ്റി എന്റെ സഹപ്രവർത്തക ഡയറക്ടറുടെ ഭാര്യയോട് ചോദിച്ചപ്പോൾ, അവളെ കണ്ടാൽ കുളിച്ചിട്ടു വരാത്ത വീട്ടിലെ പോലെ ആണെന്നും അവളുടെ കയ്യൊക്കെ കണ്ടാൽ തനിക്ക് ഏതാണ്ട് പോലെ ആകുമെന്നും അവർ പറയുകയുണ്ടായി ഈ വിഷയം എന്നെ ഒരുപാട് മാനസികമായി തകർത്തു. ഇതിനെപ്പറ്റിയുള്ള വിഷമം ഓഫീസിൽ അറിയിക്കുകയും ഓഫീസിലെ ജീവനക്കാരി അനു ഇതിനെ പറ്റി ഡയറക്ടറോട് സംസാരിക്കുകയും ചെയ്തു. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ എസ്റ്റേറ്റ് മാനേജർ വലിയ താക്കീതുമായാണ് മുന്നിലേക്ക് വന്നത് ഡയറക്ടറുടെ വീട്ടിൽ ജോലിക്ക് പോയില്ലെങ്കിൽ ഞങ്ങൾ അഞ്ചു പേരെയും പിരിച്ചു വിടും എന്ന് ഡയറക്ടറുടെ ഭീക്ഷണിയുണ്ടെന്നും പറഞ്ഞു.

ബാത്റൂം കൈ ഉപയോഗിച്ച് കഴുകിച്ചപ്പോൾ ഞാൻ അവരോട് പറയുകയുണ്ടായി എനിക്ക് ചെറിയ കുട്ടികൾ ഒക്കെ ഉള്ളതാണ്. ഞാൻ ജോലി കഴിഞ്ഞ് ചെല്ലുമ്പോൾ അവർ എന്റെ അരികിൽ ഓടി വരുമെന്നും ഇങ്ങനെ ജോലി ചെയ്തിട്ട് അവരെ തൊടുമ്പോൾ അത് അവർക്കു അപകടം ആണെന്നും പറഞ്ഞപ്പോൾ ഡയറക്ടർ ഭാര്യയായ അവർ തന്ന മറുപടി വല്ലാത്ത ഒന്നായിരുന്നു. ''ഞങ്ങളുടെ മലം അല്ലെ സൈമി അത് കൊണ്ടു കുഴപ്പമില്ല" ഒന്നും വരില്ല എന്ന് അവർ എന്നെ സമാധാനിപ്പിക്കുകയായിരുന്നു.

ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്ന് സ്ത്രീകൾ വിധവകളാണ്. ഈ തൊഴിലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനത്തിനെ ആശ്രയിച്ചാണ് അവരുടെ കുടുംബം കഴിയുന്നത്. അതൊക്കെ ഓർത്ത് മനഃപ്പൂർവം ഇതൊക്കെ സഹിച്ചു മുന്നോട്ടു പോവുകയായിരുന്നു. ഡയറക്ടറുടെ വീട്ടിൽ ഗസ്റ്റുകൾ എത്തുമ്പോൾ ജോലിയുടെ ഭാരം ഒരുപാട് കൂടും. ആ സമയം അടുക്കളപ്പണിയും മറ്റ് ഭാരിച്ച പണികൾ എന്നെകൊണ്ടു ചെയ്യിപ്പിച്ചിരുന്നു. ഒരിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച സമയം ഡയറക്ടറുടെ വീട്ടിൽ എത്തുകയും അന്ന് എനിക്ക് ഡയറക്ടറുടെ വീട്ടിൽ അടുക്കള പണി ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. എല്ലാവർക്കും ആഹാരം കൊടുത്തതിനു ശേഷം എനിക്ക് ഡയറക്ടറുടെ ഭാര്യ അടുക്കളയുടെ വെളിയിൽ നിർത്തി ആഹാരം തരികയും തുടർന്ന് അടുക്കളയുടെ വാതിൽ അടച്ചു കുറ്റിയിടുകയും ചെയ്തു. അന്ന് 8 മണി വരെ അവരുടെ വീട്ടിൽ എനിക്ക് ജോലി ചെയ്യേണ്ടി വന്നു.

സിന്ധു സിജു പരാതിയിൽ പറയുന്നത് :

2022 ജനുവരിയിലാണ് ഇൻസ്റ്റിട്യൂട്ടിൽ ഞാൻ ശുചീകരണ തൊഴിലാളിയായി ചേർന്നത്.  എസ്റ്റേറ്റ് മാനേജർ അജീഷ് സാർ ആദ്യം വന്നപ്പോൾ എന്നോട് ഡയറക്ടറുടെ വീട്ടിൽ കൂടി ജോലി ചെയ്യണം എന്ന് പറഞ്ഞു. എനിക്ക് വാഹന സൗകര്യം ഇല്ലെന്നും അതിനാൽ അവിടെ പോയി ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞപ്പോൾ പോയില്ലെങ്കില്‍ എന്നെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്ന് കൂടി എന്നെ പിരിച്ചു വിടുമെന്നും  അദ്ദേഹം അറിയിച്ചു. മറ്റുള്ള 4 പേരും ഡയറക്ടറുടെ വീട്ടിൽ ജോലിക്ക് പോയി തുടങ്ങി എങ്കിലും എനിക്ക് മാത്രം അവിടെ ജോലി ചെയ്യണ്ടി വന്നില്ല. സ്വീപ്പർ തസ്തികയിൽ തന്നെ ജോലി ചെയ്യുന്ന മിനി ചേച്ചിക്കും മണിയമ്മ ചേച്ചിക്കും വാഹനങ്ങൾ ഇല്ലായിരുന്നു, പക്ഷെ അവരും ഡയറക്ടറുടെ വീട്ടിൽ ജോലി ചെയ്യാൻ പോയിരുന്നു. അപ്പോഴാണ് ഷൈമ ചേച്ചിയോട് എന്റെ ജാതി എന്താണ് എന്ന് മാഡം ചോദിച്ചതായി അറിഞ്ഞത്. അത് പറഞ്ഞ അന്ന് തന്നെ അജീഷ് സാറ് ഷൈമ ചേച്ചിയെ വിളിക്കുകയും ഡയറക്ടർ സാർ അദ്ദേഹത്തോട് ദേഷ്യപ്പെട്ടെന്നും, ഷൈമ ചേച്ചിയും ധന്യയും മാറി മാറി ജോലിക്ക് പോകണം എന്നും സിന്ധു വരണ്ട എന്നും പറഞ്ഞതായും അറിഞ്ഞു. അവർ രണ്ട് പേർ പോയില്ലെങ്കിൽ അഞ്ച് പേരെയും ജോലിയിൽ നിന്നും പുറത്താക്കി ഡയറക്ടറുടെ വീട്ടിൽ ജോലിചെയ്യാൻ താല്പര്യമുള്ള 5 പേരെ ജോലിയിൽ എടുക്കും എന്നും അദ്ദേഹം ഭീക്ഷണിപെടുത്തിയതായി അറിഞ്ഞു. ഞാൻ ദളിത് വിഭാഗത്തിൽ പെട്ടതിനാൽ ആണ് അവരുടെ വീട്ടിൽ ഞാൻ കയറാൻ പാടില്ല എന്ന് അവർ തീരുമാനിച്ചത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

representational image : photo : instagram

സൈമി സന്തോഷ് പരാതിയിൽ പറയുന്നത് :

ഞങ്ങൾക്ക് വളരെയേറെ ജാതീയ വിവേചനം അനുഭവിക്കേണ്ടി വന്ന ഒരു സ്ഥലമാണിവിടം. എനിക്ക് ചെയ്യേണ്ടി വന്ന ജോലികൾ ഇന്നത്തെ കേരളത്തിൽ മനുഷ്യരായിട്ടുള്ള ആരും ഒരാളെ കൊണ്ടും ചെയ്യിക്കാൻ തയ്യാറാവത്ത കാര്യങ്ങൾ ആയിരുന്നു. ഞാൻ ഒരു ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ച ആളാണ്‌. എന്റെ ഭർത്താവ് ഒരു കൊല്ലം മുമ്പ് മരണപെട്ടു. ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട്. അവരെ വളർത്താൻ ഞാൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്ക് വന്നു. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബം ആണ് എന്റേത്. മറ്റ് നിവർത്തി ഇല്ലാതെ ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയ എനിക്ക് നേരിടേണ്ടി വന്ന അസഹ്യമായ ജാതീയ-മാനുഷിക പീഡനങ്ങൾ എന്നെ വളരെയേറെ പിടിച്ചുലച്ചു കളഞ്ഞു. വളരെ കഷ്ടപ്പാടിലൂടെ എനിക്ക് വിദ്യാഭ്യാസം തന്ന് വളർത്തിയ എന്റെ മാതാപിതാക്കന്മാരോട് ഞാൻ ചോദിച്ചത് എന്തിനാ എന്നെ ഈ ജാതിയിൽ ജനിപ്പിച്ചേ എന്നാണ്... വളരെ ചെറുതായിട്ടുള്ള ഒരു സ്ക്രബ്ബർ  ഉപയോഗിച്ചാണ് ഗ്ലൗസ്സ് പോലും ഇല്ലാതെ ഡയറക്ടറുടെ വീട്ടിലെ ക്ലോസറ്റ് മുഴുവൻ തേച്ചു കഴുകേണ്ടി വന്നിട്ടുണ്ട്. കക്കൂസ് കഴുകിയതിന് ശേഷം അന്ന് ഞാൻ ഒരുപാട് കരഞ്ഞു. അടുത്ത തവണ ഡയറക്ടറുടെ വീട്ടിൽ എത്തിയപ്പോ അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഉണ്ടായിരുന്നു. അവർ ആദ്യമായി എന്നോട് ചോദിച്ചത് ഞാൻ ഏതു ജാതിക്കാരി ആണെന്നായിരുന്നു. ഞാൻ എന്റെ ജാതി പറഞ്ഞപ്പോൾ ഈ സമൂഹത്തിൽ നിങ്ങളുടെ കൂട്ടരുടെ സ്ഥാനം എന്താണ് എന്ന അർത്ഥത്തിൽ അവർ ചോദിക്കുകയും. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിൽ ഏതാണെന്നും അവർ ചോദിച്ചു. ഇതൊക്കെ താൻ വെറുതെ ചോദിക്കുന്നതാണെന്നും അന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ വരും ദിവസങ്ങളിൽ അവരിൽ നിന്നും കൂടുതൽ ജാതീയപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നു. ബാത്റൂം കൈ ഉപയോഗിച്ച് കഴുകിച്ചപ്പോൾ ഞാൻ അവരോട് പറയുകയുണ്ടായി എനിക്ക് ചെറിയ കുട്ടികൾ ഒക്കെ ഉള്ളതാണ്. ഞാൻ ജോലി കഴിഞ്ഞ് ചെല്ലുമ്പോൾ അവർ എന്റെ അരികിൽ ഓടി വരുമെന്നും ഇങ്ങനെ ജോലി ചെയ്തിട്ട് അവരെ തൊടുമ്പോൾ അത് അവർക്കു അപകടം ആണെന്നും പറഞ്ഞപ്പോൾ ഡയറക്ടർ ഭാര്യയായ അവർ തന്ന മറുപടി വല്ലാത്ത ഒന്നായിരുന്നു. ''ഞങ്ങളുടെ മലം അല്ലെ സൈമി അത് കൊണ്ടു കുഴപ്പമില്ല’ ‘ഒന്നും വരില്ല എന്ന് അവർ എന്നെ സമാധാനിപ്പിക്കുകയായിരുന്നു. വളരെ കഷ്ടം പിടിച്ച ജോലി ആയിരുന്നു അവിടെ. ദാഹിച്ചാൽ പോലും അവർ നമുക്ക് വെള്ളം തരുന്നത് അയിത്തം നിറഞ്ഞ രീതിയിൽ പുറത്തു വെച്ചിരിക്കുന്ന പ്രത്യേക ഗ്ലാസിലാണ്. " സൈമി, ഗ്ലാസ്‌ അവിടെ വെച്ചേക്കു അത് വെള്ളം തളിച്ച് എടുത്തോളാം"എന്ന് ഞാൻ കേൾക്കെ പറഞ്ഞു.

മിനിമോൾ പി കെ പരാതിയിൽ പറയുന്നത് :

2014 ഒക്ടോബർ മുതൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് അർട്സിലെ സ്വീപ്പർ ജീവനക്കാരിയാണ് ഞാൻ. മുമ്പുണ്ടായ എല്ലാ ഡയറക്ചർമാരും ഇൻസ്റ്റിറ്റ്യൂട്ടിന് വെളിയിലുള്ള കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നതെങ്കിലും ശങ്കർ മോഹൻ സാർ ഡയറക്ടറായി വന്നതിന് ശേഷം മാത്രമാണ് ഡയറക്ടറുടെ വീട്ടുജോലികൾ സ്വീപ്പർ തസ്തികയിലെ ജീവനക്കാർ ചെയ്യാൻ തുടങ്ങിയത്. നിങ്ങളിൽ ആരാണ് മിനി എന്ന് ഡയറക്ടർ സാർ ജോലിക്ക് പോയ ആദ്യദിവസം എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ ജാതി ഏതാണ് എന്ന് മുമ്പേ അറിഞ്ഞത് കൊണ്ടാണ് അദ്ദേഹം ആ ചോദ്യം എന്നോട് ചോദിച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതിന് ശേഷം മണിയമ്മ ചേച്ചിക്ക് വീടിന് പുറത്തും എനിക്ക് അകത്തുമാണ് ജോലികൾ നൽകിയത്. മുറ്റം വൃത്തിയാക്കലും വീട് തുടച്ചു വൃത്തിയാക്കലും ബാത്ത് റൂം കഴുകലുമാണ് എന്റെ അവിടത്തെ ജോലികൾ. ആദ്യം തൊട്ട് തന്നെ വെറും കയ്യിൽ സ്‌ക്രബ്ബർ മാത്രം തന്നാണ് കക്കൂസ് കഴുകിപ്പിച്ചിരുന്നത്. ബ്രഷ് ഉപയോഗിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരായ അനു, അശ്വതി, അനുരൂപ് സാർ, സജീവ് സാർ എന്നിവരോട് ഈ അടിമപ്പണിയെ പറ്റി മുമ്പേ പല തവണ സൂചിപ്പിച്ചിരുന്നു എങ്കിലും ആരും ഇടപെടുകയോ, ഒന്നും ചെയ്യുകയോ ചെയ്തില്ല. അടിമ മനോഭാവമാണ് ഡയറക്ടറു ടെ വീട്ടിൽ നിന്നും നേരിട്ടത്. ഇത്തരം വിവേചനം മറ്റ് എവിടെ നിന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഡയറക്ടറുടെ വീട്ടിൽ ചെയ്ത ജോലിയ്ക്ക് കൂലിയും നൽകിയില്ല. വർഷങ്ങളായി 8 മുതൽ 12 വരെ മാത്രം ഡ്യൂട്ടി സമയം ഉള്ള ഞങ്ങളെ കൊണ്ട് ഒരു മണിവരെ എടുപ്പിക്കുന്ന അധിക ജോലിക്കും കൂലി നൽകിയിട്ടില്ല.

ഞാനും മിനിയും ഉള്ള ഒരു ദിവസം മിനി ആരാണ് എന്ന് ഡയറക്ടർ ചോദിച്ചു. മിനി ജനറൽ കാറ്റഗറിയിൽ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. മിനി മാത്രം വീടിനകത്ത് കയറിയാൽ മതിയെന്നും മണി മുറ്റം മാത്രം വൃത്തിയാക്കിയാൽ മതിയെന്നും മാഡം പറഞ്ഞു. ഡയറക്ടറുടെ ഭാര്യ അദേഹത്തിന് മുന്നിൽ വച്ചാണ് "മിനി ഏത് ജാതിയാണ്?" എന്ന് ചോദിച്ചത്. വിശ്വകർമ്മയാണ് എന്ന് പറഞ്ഞപ്പോൾ, "അതെന്താ?" എന്ന് തിരിച്ച് ചോദിച്ചു.

മണിയമ്മ രാജു പരാതിയിൽ പറയുന്നത് :

അടിമകളെ പോലെയാണ് ഡയറക്ടറുടെ വീട്ടിൽ ഞങ്ങളെ കണ്ടിരുന്നത്. പച്ചയായ വിവേചനം ഞങ്ങൾക്ക് അനുഭവപ്പെട്ടു. വീട്ടിൽ എത്തിയാൽ ഉടൻതന്നെ സോപ്പും സാനിറ്റെസറും ഇട്ട് നന്നായി കൈ കഴുകാൻ പറയും. ബാഗും ഫോണും പുറത്ത് വച്ചിട്ട് മാത്രം അകത്തേക്ക് കയറാൻ പറയും. ഡയറക്ടറുടെ വീട്ടിൽ കുടിവെള്ളം പോലും തരുമായിരുന്നില്ല. വലിയ മുറ്റവും വീടും വൃത്തിയാക്കിയ ശേഷം കക്കൂസ് വെറും സ്ക്രബ്ബർ മാത്രം ഉപയോഗിച്ചു കൈകൊണ്ട് കഴുകി വൃത്തിയാക്കാൻ പറയും. തീരെ താല്പര്യം ഇല്ലായിരുന്നിട്ടും ജോലി പോകും എന്ന പേടി കാരണമാണ് ഈ അടിമപ്പണികൾ തുടർന്ന് ചെയ്തത്. ഡയറക്ടറുടെ വീട്ടിൽ ജോലിക്ക് പോയില്ലെങ്കിൽ ഞങ്ങൾ 5 പേരെയും ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന് നിരന്തരം ഭീക്ഷണി ഉണ്ടായിരുന്നു. വീട്ടിൽ ഞങ്ങളെ കൊണ്ട് നടത്തിക്കുന്ന അടിമപ്പണിയെ പറ്റി ഡയറക്ടർക്ക് കൃത്യമായ അറിവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പല ദിവസങ്ങളിലും ജോലി ചെയ്തിട്ടുള്ളത്. അഡ്മിനിസ്ട്രേഷനിൽ വന്നിട്ട് അശ്വതി, അനു എന്നിവരോട് പലതവണ ഈ അടിമപ്പണിയെ പറ്റി പറഞ്ഞിട്ടുണ്ട്. അവരാരും അന്ന് പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

ഞാനും മിനിയും ഉള്ള ഒരു ദിവസം മിനി ആരാണ് എന്ന് ഡയറക്ടർ ചോദിച്ചു. മിനി ജനറൽ കാറ്റഗറിയിൽ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. മിനി മാത്രം വീടിനകത്ത് കയറിയാൽ മതിയെന്നും മണി മുറ്റം മാത്രം വൃത്തിയാക്കിയാൽ മതിയെന്നും മാഡം പറഞ്ഞു. ഡയറക്ടറുടെ ഭാര്യ അദേഹത്തിന് മുന്നിൽ വച്ചാണ് "മിനി ഏത് ജാതിയാണ്?" എന്ന് ചോദിച്ചത്. വിശ്വകർമ്മയാണ് എന്ന് പറഞ്ഞപ്പോൾ, "അതെന്താ?" എന്ന് തിരിച്ച് ചോദിച്ചു. ഞങ്ങൾ കല്ലാശ്ശാരിമാരാണെന്നും പുര പണിയുന്നവർ ആണെന്നും ഞാൻ മറുപടി പറഞ്ഞു. അതുകഴിഞ്ഞ് എന്നോട് വീട്ടിലേക്ക് ജോലിക്ക് വരേണ്ട എന്നു പറഞ്ഞു. ഒരു തവണ മാത്രം ഈ സംഭവത്തിന് ശേഷം ഡയറക്ടറുടെ വീട്ടിൽ ജോലിക്ക് വിളിപ്പിച്ചു.

Leave a comment