ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്: ഒരു ലിബറല്‍ ചീഫ് ജസ്റ്റിസിന്റെ കാലം
ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റിരിക്കുകയാണ്. രാജ്യം അനേകം വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് അദ്ദേഹം നീതി പീഠത്തിന്റെ തലപ്പത്ത് എത്തുന്നത്. 'ഭരണഘടനയിലൂടെ സാമൂഹ്യ മാറ്റം' എന്ന തത്വത്തില്‍ ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'പുരുഷാധിപത്യത്തിലും ജാതിയിലും അധിഷ്ഠിതമായ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിനാണ് ഭരണഘടന ശ്രമിക്കുന്നത്.' പ്രശസ്തമായ നവ്‌തേജ് സിംഗ് ജോഹര്‍ കേസിലെ വിധിയിലും അദ്ദേഹം ഭരണഘടനയുടെ മഹത്വത്തെ ഊന്നിപ്പറയുകയുണ്ടായി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇടയിലെ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കുന്നതായിരുന്നു മേല്‍പ്പറഞ്ഞ വിധി. ഇന്ത്യന്‍ ഭരണഘടന, 'അധികാര ശ്രേണി പിന്‍പറ്റുന്ന മദ്ധ്യകാല സമൂഹത്തെ ഒരു ആധുനിക സമത്വാധിഷ്ഠിത സമൂഹമാക്കി മാറ്റുക എന്ന വിപ്ലവരകമായ ലക്ഷ്യമുള്ള മഹത്തായ സാമൂഹ്യ രേഖയാണ്,' എന്നാണ് അദ്ദേഹം വിധിയില്‍ വിശേഷിപ്പിക്കുന്നത്. ജോസഫ് ഷൈന്‍ കേസിലെ വിധിയിലും ഭരണഘടനയെ കുറിച്ച് ശ്രദ്ധേയമായ വീക്ഷണം അദ്ദേഹം സ്വീകരിക്കുകയുണ്ടായി. ഭരണഘടന 'അധികാര ഘടനകളെ വെല്ലുവിളിക്കുന്ന രീതിയിലും, പൗരന്മാരുടെ അഭിമാനവും സമത്വവും സംരക്ഷിക്കുന്ന രീതിയിലും' വ്യാഖ്യാനിക്കണമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
സാമൂഹ്യമായ ധാര്‍മ്മികതയ്ക്കും മുകളില്‍ വ്യക്തിയുടെ അവകാശങ്ങളെ പ്രതിഷ്ഠിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 'വ്യക്തിയെ അടിസ്ഥാന ഘടകമായി കാണുന്നതാണ് ഭരണഘടനയുടെ ഹൃദയം. ഭരണഘടന നല്‍കുന്ന എല്ലാ ഉറപ്പുകളും അവകാശങ്ങളും പ്രവര്‍ത്തിക്കുന്നതും ലക്ഷ്യം വെക്കുന്നത് വ്യക്തിയുടെ സ്വയം സാക്ഷാത്ക്കാരത്തെയാണ്,' എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ശബരിമല കേസിലെ വിധിയില്‍ കുറിച്ചത്.
വ്യക്തി സ്വാതന്ത്ര്യത്തിനും അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു. 'സ്വാതന്ത്ര്യം ഒരു ദിവസത്തേക്കാണ് നിഷേധിക്കുന്നത് എങ്കിലും അത് വളരെ അധികം തന്നെ,' എന്നാണ് അര്‍ണബ് ഗോസ്വാമിയുടെ കേസ് പരിഗണിക്കവെ അദ്ദേഹം പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കുന്ന വേളയില്‍, സുബൈര്‍ ക്രിമിനല്‍ നടപടികളുടെ നിര്‍ദയമായ കുരുക്കില്‍ പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഭീമ കൊറെഗാവ് കേസില്‍ അന്വേഷണം മഹാരാഷ്ട്ര പോലീസില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിലേക്ക് മാറ്റണമെന്ന വിയോജന വിധി എഴുതവെ, 'വലിയ ജനപ്രീതിയില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കുന്നവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ കോടതി ശ്രദ്ധിക്കണം. പ്രതിപക്ഷത്തിന്റ ഭിന്നാഭിപ്രായങ്ങളെ മൂടിക്കെട്ടി വെക്കാനാവില്ല,' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം പുരോഗമനപരമായ സവിശേഷതകളുള്ള ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍, യാഥാസ്ഥികത്വവും പാരമ്പര്യവാദവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റ തണലില്‍ തഴയ്ക്കുന്ന പുതിയ ഇന്ത്യയില്‍, അദ്ദേഹം എങ്ങനെയാവും പ്രവര്‍ത്തിക്കുക? അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയരുന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ നിരവധി ട്രോളുകളും മറ്റും അദ്ദേഹത്തിനെതിരായി പ്രചരിക്കുകയുണ്ടായി. അദ്ദേഹം യുഎസ്സ് ഗ്രീന്‍ കാര്‍ഡുള്ള ആളാണെന്ന വ്യാജ വാര്‍ത്തയും പ്രചരിച്ചു. ഐപിസി യിലെ 497-ാം വകുപ്പ് റദ്ദാക്കിയ വിധിയിലെ ചില നിരീക്ഷണങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹം വിവാഹേതര ബന്ധത്തെ അനുകൂലിക്കുന്നു എന്നും ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ വന്നു. സ്ത്രീകളുടെ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി തീവ്ര വലതുപക്ഷക്കാരെയും, 'പുരുഷ അവകാശ സംരക്ഷകര്‍' എന്ന് സ്വയം വിളിക്കുന്നവരെയും അസ്വസ്ഥരാക്കിയിരുന്നു. ആ വിധിയില്‍, വിവാഹ ബന്ധത്തിനകത്തും ബലാത്സംഗം നടക്കുമെന്ന് അംഗീകരിക്കുകയുണ്ടായി. മാത്രമല്ല, ഭര്‍ത്താവില്‍ നിന്നുണ്ടാവുന്ന നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലൂടെയുള്ള ഗര്‍ഭധാരണം അലസിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും വിധിയില്‍ പറഞ്ഞിരുന്നു. വിവാഹിതരല്ലാത്ത ദമ്പതികള്‍ക്കും ക്വീയര്‍ ബന്ധങ്ങളിലുള്ളവര്‍ക്കും നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മറ്റൊരു നിരീക്ഷണവും ഇക്കൂട്ടരെ പ്രകോപിപ്പിച്ചിരുന്നു.
ഡയലോജിക്ക് ജുഡീഷ്യല്‍ റിവ്യൂ
ഡയലോജിക്ക് ജുഡീഷ്യല്‍ റിവ്യൂ അഥവാ ജൂഡിഷ്യറിയുടെ സംവാദാത്മകമായ മേല്‍നോട്ടം എന്ന ആശയത്തെയും ജസ്റ്റിസ് ചന്ദ്രചൂഡ് ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. ഭരണം നിര്‍വ്വഹിക്കുന്ന സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തി വിശദീകരണം തേടുകയും, നയരൂപീകരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്നതാണ് ഈ രീതി. കോവിഡ് മഹാമാരിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ സ്വയം കേസെടുത്തതും സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചതും ഇതിന് ഉദാഹരണമാണ്. കേസിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും വാക്‌സിന്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്ന പണത്തിന്റെ വിശദാംശങ്ങള്‍ പോലും ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി സര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. 'സര്‍ക്കാരിന്റെ നയങ്ങള്‍ പൗരന്മാരുടെ അവകാശത്തെ ഹനിക്കുമ്പോള്‍ കോടതികള്‍ മൗനമായിരിക്കണമെന്നല്ല ഭരണഘടന പറയുന്നത്... നയങ്ങളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്നതും കോടതിയുടെ മേല്‍നോട്ടവും കോടതിയുടെ സുപ്രധാന ഉത്തരവാദിത്തങ്ങളാണ്,' കോടതി പറഞ്ഞു.
സ്ത്രീകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കുന്നതിന് കരസേന മുന്നോട്ട് വെച്ച ഉപാധികള്‍ ലിംഗപരമായ മുന്‍ധാരണകളുടെ അടിസ്ഥാനത്തിലുള്ളതാണ് എന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് അവ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട കേസിലാകട്ടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കവറിലാക്കി നല്‍കിയ രേഖകള്‍ മുഖവിലയ്ക്കെടുക്കുന്നതിന് അദ്ദേഹം തയ്യാറായില്ല. ജി എസ് റ്റി കേസിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി ഫെഡറലിസത്തിന് വലിയ ഊര്‍ജം നല്‍കുന്നതായിരുന്നു. ജി എസ് റ്റി കൗണ്‍സിലിന്റെ തീരുമാനം സംസ്ഥാന നിയമസഭകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, നിസ്സഹകരണ ഫെഡറലിസം (uncooperative federalism) എന്ന പുതിയ ആശയവും വിധിയുടെ ഭാഗമായി അദ്ദേഹം അവതരിപ്പിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മത്സരിക്കുന്നത് ഒരളവുവരെ ജനാധിപത്യത്തിന് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമാകുന്ന വേളകളില്‍ കോടതിയുടെ മേല്‍നോട്ട അധികാരത്തെ ഉപയോഗിക്കുന്നതിന് മടിയില്ലാത്ത ആളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. അതുകൊണ്ട് തന്നെ രണ്ടു വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ സേവന കാലത്ത്, സര്‍ക്കാര്‍ കരുതലോടെ പ്രവര്‍ത്തിക്കാനാണ് സാധ്യത. അദ്ദേഹം പദവിയിലിരിക്കുന്ന കാലത്ത് തന്നെയാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്നത്.
സാധാരണയായി ജുഡീഷ്യറിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ശാന്തവും ബഹുമാന്യവുമായ രീതി പിന്തുടരുന്ന വ്യക്തിയാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. എന്നാല്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജുഡീഷ്യല്‍ ആക്റ്റിവിസത്തിനും കൊളീജിയം സംവിധാനത്തിനും എതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. 'ജുഡീഷ്യറിയെ അതിന്റെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തപ്പോള്‍ ജുഡീഷ്യല്‍ ആക്റ്റിവിസത്തിനെതിരായ ചോദ്യങ്ങള്‍ ഉയരും… ജനങ്ങളും സ്ഥാപനങ്ങളും അവരവരുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഞങ്ങളും എക്‌സിക്യൂട്ടിവ് ആക്റ്റിവിസം ചെയ്യുന്നതായി ആരോപണമുയരും,' മന്ത്രി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ വിമര്‍ശനങ്ങള്‍
വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സ്വീകരിച്ച നിലപാടുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജഡ്‌ജ് ബി എച്ച് ലോയയുടെ മരണത്തില്‍ തെറ്റായ് ഒന്നും നടന്നിട്ടില്ലെന്ന വിധി അദ്ദേഹമാണ് എഴുതിയത്. സൊഹ്രാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ വിചാരണ ചെയ്തിരുന്നത് ലോയ ആയിരുന്നു. കേസിലെ വിധി നിരവധി ചോദ്യങ്ങള്‍ ബാക്കിവച്ചിരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികളില്‍ വിചാരണയ്ക്ക് സമാനമായ സവിശേഷ നടപടിക്രമമാണ് സ്വീകരിച്ചത്. എന്നാല്‍ സാക്ഷികളെ വിസ്തരിച്ചുമില്ല.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നിരാശപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ ദുശ്യന്ത് ദാവെ അഭിപ്രായപ്പെടുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് അതി ബുദ്ധിശാലിയാണ് എങ്കിലും അയോധ്യ, ഗ്യാന്‍വാപി കേസുകളിലെ അദ്ദേഹത്തിന്റെ സമീപനം വിമര്‍ശനാര്‍ഹമാണെന്നും ദാവെ പറയുന്നു. ഗ്യാന്‍വാപി കേസ് കേള്‍ക്കുന്ന വേളയില്‍, ഒരു ആരാധന കേന്ദ്രത്തിന്റെ മതപരമായ സ്വത്വം പരിശോധിക്കുന്നത് 1991 ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് നിയമത്തിന് വിരുദ്ധമല്ല എന്ന് ജസറ്റിസ് ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞിരുന്നു. (രാജ്യത്തെ ആരാധനാ കേന്ദ്രങ്ങള്‍ 1947 ഓഗസറ്റ് 15 ന് നിലനില്‍ക്കുന്ന രൂപത്തില്‍ നിന്ന് മാറ്റം വരുത്തരുത് എന്ന നിഷ്‌കര്‍ഷിക്കുന്നതാണ് പ്രസ്തുത നിയമം). ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ നിരീക്ഷണം, പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിന് കാരണമായെന്നും ദുശ്യന്ത് ദാവെ കരണ്‍ താപ്പറുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
വെല്ലുവിളികള്‍
രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്ന വേളയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്നത്. മതേതരത്വവും ഫെഡറലിസവും പോലുള്ള ഭരണഘടനാ മൂല്യങ്ങളെ എതിര്‍ക്കുന്ന ആശയങ്ങള്‍ ശക്തി പ്രാപിച്ച് വരികയാണ്. വര്‍ധിച്ചുവരുന്ന അധികാര കേന്ദ്രീകരണ പ്രവണത സര്‍ക്കാര്‍ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നുവെന്നതായും ഭയമുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഭിന്ന അഭിപ്രായമുള്ളവര്‍ക്കും എതിരെ ക്രിമിനല്‍ നിയമം ആയുധമാക്കുന്നതും ആശങ്കാജനകമാണ്. മുമ്പെങ്ങും കാണാത്ത രീതിയില്‍ സമൂഹം ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ വെറുപ്പ് നിറഞ്ഞ് നില്‍ക്കുന്നുവെന്ന പരാതികള്‍ ഉയരുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അരിക്ഷതാവസ്ഥ പങ്കുവെക്കുകയും ചെയ്യുന്നു.
ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു വെബിനാറില്‍ പങ്കെടുക്കവെ എല്‍ ജി ബി റ്റി അവകാശങ്ങള്‍ പ്രമേയമാക്കിയ പരസ്യം പിന്‍വലിക്കേണ്ടിവന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്ന അഭിപ്രായങ്ങളെ ദേശ ദ്രോഹമായി കാണുന്ന പ്രവണതയെയും അദ്ദേഹം അപലപിച്ചു.
ജൂഡീഷ്യല്‍ നിയമനങ്ങള്‍
ജുഡീഷ്യറിയിലെ ഒഴിവുകളിലേക്ക് സമയബന്ധിതമായി യോഗ്യരായവരെ നിയമിക്കുന്നതും ചീഫ് ജസ്റ്റിസെന്ന നിലയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളിയാണ്. കൊളീജിയം നിര്‍ദ്ദേശിക്കുന്ന പേരുകള്‍ തരം തിരിക്കുകയും, ചില നിയമനങ്ങള്‍ വൈകിപ്പിക്കുകയും, ചിലത് തള്ളുകയും ചെയ്യുന്ന ബഹുമാനരഹിതമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്ത്, ജസ്റ്റിസ് ഡോ. എസ് മുരളീധര്‍ എന്നിവരുമായി ബന്ധപ്പെട്ട കൊളീജിയം നിര്‍ദ്ദേശങ്ങള്‍ നടപടിയെടുക്കാതെ പിടിച്ചുവെക്കുന്നതും അമ്പരപ്പിക്കുന്ന നടപടികളാണ്. കേന്ദ്ര നിയമ മന്ത്രി അടുത്തിടെ കൊളീജിയത്തിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍, ജുഡീഷ്യല്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാവാം. പുതിയ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് ശ്രദ്ധാപൂര്‍ണ്ണമായ സന്ധിസംഭാഷങ്ങള്‍ ജുഡീഷ്യല്‍ നിയമന കാര്യത്തില്‍ വേണ്ടിവരും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ് ജഡ്‌ജിമാരുടെ നിയമനം.
നവതേജ് ജോഹര്‍ വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ ഒരു ഖണ്ഡിക, ഭരണഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ച്ച വ്യക്തമാക്കുന്നതാണ്.
'പൊതുവികാരം, ഭൂരിപക്ഷവാദം എന്നിവയുടെ പ്രവണതയും കഴിവും തടയുക എന്നത് രാഷ്ട്രത്തിന്റെ മൂന്ന് അവയവങ്ങളുടെയും ഉത്തരവാദിത്തമാണ്. സജാതീയവും, എകീകൃതവും, മാറ്റമില്ലാത്തതും, ഏക ക്രമവുമുള്ള ചിന്തകള്‍ സമൂഹത്തില്‍ കുത്തിനിറയ്ക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയ്ക്ക് എതിരാണ്. എതെങ്കിലും ഒരു കാലത്ത് നിലനില്‍ക്കുന്ന പൊതു വികാരത്തെ ഭരണഘടനാപരമായ ധാര്‍മ്മികതയുമായി തുലനം ചെയ്യാനാവില്ല.'
പരമ്പരാഗത അധികാരക്രമത്തിന്റെ സൈനികര്‍ ആധുനികതയുടെ മുന്നോട്ട് പോക്കിനെ ചങ്ങലയ്ക്കിടാന്‍ ഒരുങ്ങുന്ന കാലത്ത്, ഭരണഘടനയെക്കുറിച്ചുള്ള തന്റെ വീക്ഷണം പ്രയോഗത്തില്‍ വരുത്തുക എന്നതാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
ലൈവ് ലോയുടെ മാനേജിംഗ് എഡിറ്ററാണ് ലേഖകന്‍.
livelaw.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ: തോമസ് കൊമരിക്കല്‍
https://www.livelaw.in/columns/a-liberal-chief-justice-during-a-majoritarian-rule-challenges-before-justice-dy-chandrachud-as-cji-212555