TMJ
searchnav-menu
post-thumbnail

Outlook

ചൈനയുടെ റിയല്‍ എസ്റ്റേറ്റ് തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും

20 Sep 2021   |   1 min Read
കെ പി സേതുനാഥ്

Photo : wiki commons

'പാര്‍പ്പിടങ്ങള്‍ വസിക്കാനുള്ളതാണ്. ഊഹക്കച്ചവടത്തിനുളളതല്ല'  ചൈനയിലെ കെട്ടിടനിര്‍മാണ മേഖലയെ പറ്റി ഏതാനും ദിവസങ്ങളായി ലോകമാകെ പടരുന്ന മാധ്യമ വിശകലനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മൊഴിമുത്താണ് ഷി ജെന്‍പിംഗിന്റെ ഈ പരാമര്‍ശം. പ്രസിഡണ്ട്, കമ്യൂണിസ്റ്റ്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സുപ്രീം സൈനിക മേധാവി തുടങ്ങിയ ചൈനയിലെ എല്ലാ പദവികളും സ്വന്തംപേരില്‍ ചാര്‍ത്തിക്കിട്ടുന്നതിനും മുമ്പായിരുന്നു ഷി-യുടെ പ്രസ്തുത പരാമര്‍ശമെങ്കിലും ഇപ്പോഴാണ് അതിനൊരു താരപരിവേഷം ലഭിച്ചതെന്നു തോന്നുന്നു. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ കെട്ടിടനിര്‍മാണ സ്ഥാപനമായ എവര്‍ഗ്രാന്‍ഡെ (Evergrande) തകര്‍ച്ചയുടെ വക്കിലായതിന്റെ പശ്ചാത്തലത്തിലാണ് ഷി-യുടെ 2013-ലെ വാക്കുകള്‍ 9-ലക്ഷത്തിലധികം റഫറന്‍സുകളുമായി ഗൂഗിള്‍ തെരയലില്‍ നിറഞ്ഞുനില്‍ക്കുന്നതിനെ വിലയിരുത്താനാവുക. കെട്ടിടനിര്‍മാണ മേഖലയുടെ മാത്രമല്ല ചൈനയുടെ മൊത്തം സാമ്പത്തിക മേഖലയെ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച ബാധിക്കുമെന്ന ആശങ്കകള്‍ ആഗോള മാധ്യമങ്ങള്‍ പങ്ക് വയ്ക്കുന്നു. സമൂഹ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല

ചൈനയുടെ അതിവേഗ വളര്‍ച്ചയുടെ പ്രതീകങ്ങളിലൊന്നായ ഷെന്‍സന്‍ നഗരത്തില്‍ ആസ്ഥാനമുള്ള എവര്‍ഗ്രാന്‍ഡെ 300 ബില്യണ്‍ ഡോളറിന്റെ (1 ബില്യണ്‍ = 100 കോടി) ബാധ്യതകളുമായി പാപ്പരാവുന്നതിന്റെ വക്കിലാണ്. കൈവശമുള്ള പണത്തിന്റെ കാര്യത്തില്‍ 'കടുത്ത സമ്മര്‍ദ്ദത്തിലാണെന്നു' സമ്മതിക്കുന്ന കമ്പനി പുനസംഘാടനത്തിനായി ഉപദേശകരെ നിയോഗിച്ചിരിക്കുകയാണ്. കമ്പനിയുടെ ഓഹരി മൂല്യം 76-ശതമാനത്തിലധികം താഴെ പോയതോടെ എവര്‍ഗ്രാന്‍ഡെയുടെ ചെയര്‍മാന്‍ ഷു ജിയാന്‍ രാജി വെച്ചു. ചൈനയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് ഷു ജിയാന്‍. ആലിബാബയെന്ന ശതകോടീശ്വര സ്ഥാപനത്തിന്റെ സ്ഥാപകനായ ജാക്ക് മാക്കു ശേഷം ചൈനീസ് അധികൃതരുടെ റഡാര്‍ പരിധിയില്‍ വരുന്ന മറ്റൊരു ശതകോടീശ്വരനാണ് ഷു ജിയാന്‍. പണി തീരാത്ത 800 കെട്ടിട നിര്‍മാണ പദ്ധതികളാണ് എവര്‍ഗ്രാന്‍ഡെയുടെ ബാക്കിപത്രം. 'തലക്കു മീതേ ശൂന്യാകാശം താഴെ മരുഭൂമി'  എന്ന നിലയിലാണ് അവയില്‍ കുടിപാര്‍ക്കാന്‍ പണം മുടക്കിയ 12-ലക്ഷം പേരുടെ അവസ്ഥ. കെട്ടിട നിര്‍മാണത്തിന് പുറമെ എവര്‍ഗ്രാന്‍ഡെ നടത്തിയിരുന്ന വിവിധ 'വെല്‍ത്ത് മാനേജ്‌മെന്റ്' പദ്ധതികളും അവതാളത്തിലാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതുപോലെ എവര്‍ഗ്രാന്‍ഡെ ചൈനയുടെ സാമ്പത്തിക മേഖലയാകെ ഗ്രസിക്കുന്ന മഹാമാരിയായി വളരുമോ എന്ന ചോദ്യം അവഗണിക്കാനാവില്ലെന്നു സാരം. പ്രധാനമായും രണ്ടു വീക്ഷണങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. കടബാധ്യതയുടെ ആധിക്യം മൂലം ചൈന നേരിടാന്‍ പോകുന്ന തകര്‍ച്ചയുടെ സൂചനയായി എവര്‍ഗ്രാന്‍ഡെയെ വിലയിരുത്തുന്നതാണ് ഒന്നാമത്തെ വീക്ഷണം. പരിധിയില്ലാത്ത ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്ന സ്വകാര്യ മൂലധനത്തിന് ചൈനയിലെ സര്‍ക്കാര്‍ മൂക്കു കയറിടുന്നതിന്റെ ഭാഗമാണ് തകര്‍ച്ചയെന്ന വീക്ഷണം പുലര്‍ത്തുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ശതകോടീശ്വര നിക്ഷേപകനായ ജോര്‍ജ് സോറോസ് മുതല്‍ ലോക ബാങ്ക് വിദഗ്ധര്‍ വരെയുള്ള പാശ്ചാത്യ മുതലാളിത്തത്തിന്റെ പ്രമാണിമാരെല്ലാം ആദ്യം പറഞ്ഞ വീക്ഷണം പങ്കു വയ്ക്കുന്നു. മൈക്കല്‍ ഹഡ്‌സണ്‍, മൈക്കല്‍ റോബര്‍ട്ട്‌സ് തുടങ്ങിയ ചുരുക്കം ചില സാമ്പത്തിക വിദഗ്ധര്‍ സോറോസിനെ പോലുള്ളവരുടെ വീക്ഷണങ്ങള്‍ തള്ളിക്കളയുന്നു.

ഷെന്‍സെന്‍ സിറ്റി / Photo : wiki commons

സാധാരണനിലയില്‍ ഒരു രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ വിലയിരുത്താന്‍ ഉപയോഗിക്കുന്ന അളവുകോലുകള്‍ അതേപോലെ ചൈനയുടെ കാര്യത്തില്‍ ഉപയോഗിക്കാനാവില്ല. ചൈനയില്‍ സ്വകാര്യ മൂലധനവും സര്‍ക്കാര്‍ മൂലധനവും തമ്മിലുള്ള കെട്ടുപാടുകളുടെ അതിരുകള്‍  നിര്‍ണ്ണയിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് അതിനുള്ള കാരണം. ചൈനയുടെ സമ്പദ്ഘടനയില്‍ മുതലാളിത്ത മേഖലയും സര്‍ക്കാര്‍ മേഖലയും തമ്മിലുള്ള സങ്കീര്‍ണ്ണമായ കെട്ടുപാടുകളും, ഭിന്നതകളും നിര്‍ണ്ണായകമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കല്‍ റോബര്‍ട്‌സ് അഭിപ്രായപ്പെടുന്നു. ചൈനയിലെ സമ്പദ്ഘടനയില്‍ മുതലാളിത്തം സജീവ സാന്നിദ്ധ്യമായ ഗണത്തില്‍ വരുന്ന മേഖലയാണ് ഭൂമി-കെട്ടിട-ഭവന നിര്‍മാണ രംഗം അഥവാ റിയല്‍ എസ്റ്റേറ്റ്.  ധനകാര്യ സ്ഥാപനങ്ങളും, ബാങ്കുകളും നല്‍കിയ ഉദാര വായ്പകളാണ് കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ പുത്തന്‍ നഗരങ്ങളും അവയില്‍ നിറഞ്ഞ ആകാശഗോപുരങ്ങളുമടങ്ങിയ റിയല്‍ എസ്റ്റേറ്റ് കച്ചവടം ചൈനയുടെ വികസനകുതിപ്പിന്റെ മുഖമുദ്രയായതിന്റെ പിന്നിലെ പ്രധാന ചാലകശക്തി. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായും (സിസിപി), കേന്ദ്ര-പ്രാദേശിക തലങ്ങളിലെ സര്‍ക്കാരുകളുമായും പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ട വ്യക്തികളും, സ്ഥാപനങ്ങളുമായിരുന്നു ഈ മാറ്റങ്ങളുടെ ചുക്കാന്‍ പിടിച്ചവര്‍. സിസിപി-യിലും ചൈനയിലെ സര്‍ക്കാരുകളിലും നിലനില്‍ക്കുന്ന വ്യത്യസ്ത അധികാര ബ്ലോക്കുകളുടെ പ്രതിനിധികളായും ഇക്കൂട്ടരെ വിലയിരുത്താവുന്നതാണ്. ഈയൊരു ധാരണയുടെ അടിസ്ഥാനത്തിലാവണം എവര്‍ഗ്രാന്‍ഡെ തകര്‍ച്ചയും അതിന്റെ പ്രത്യാഘാതങ്ങളും വിലയിരുത്താനാവുക.
.
എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച സാധാരണ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ എളുപ്പത്തില്‍ കഴിയും. നമുക്കെല്ലാം സുപരിചിതമായ രീതി തന്നെയാണ് അവരും പിന്തുടര്‍ന്നത്. ഒരു പദ്ധതിക്ക് മുന്‍കൂറായി ലഭിക്കുന്ന പണം ഉപയോഗിച്ച് അടുത്ത പദ്ധതി പ്രഖ്യാപിക്കുക എന്ന രീതി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലവര്‍ദ്ധന കണക്കിലെടുത്ത് കമ്പനിയില്‍ നിക്ഷേപം നടത്തുന്നവരില്‍ നിന്നും ലഭിക്കുന്ന വരുമാനവും മറ്റൊരു പ്രധാന ശ്രോതസ്സായിരുന്നു. റിയല്‍ എസ്റ്റേറ്റ് വിപണി ഉച്ചസ്ഥായിയില്‍ തുടരുന്നിടത്തോളം ഈ രീതി മുന്നോട്ടു പോവും. ഭൂമി-കെട്ടിട-ഭവന മേഖല ഏറ്റവും ആകര്‍ഷകമായ നിക്ഷേപ ആസ്തിയെന്ന നിലയില്‍ കൊണ്ടാടപ്പെട്ടിരുന്ന ചൈനയില്‍ അക്കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ വില നിരന്തരം ഉയരുമെന്ന പ്രതീക്ഷയില്‍ പണം മുടക്കുന്നവര്‍ക്ക് പഞ്ഞമില്ലാത്തിടത്തോളം ഊഹക്കച്ചവടം പൊടിപൊടിക്കും. എവര്‍ഗ്രാന്‍ഡെയുടെ ഒരു പദ്ധതി ഉദാഹരണമായി റോബര്‍ട്ട്‌സ് ചൂണ്ടിക്കാട്ടുന്നു. ഷാംഗ്ഹായില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന എവര്‍ഗ്രാന്‍ഡെ വീനസ് പദ്ധതിയില്‍ ഫ്‌ളാറ്റുകളുടെ വിലയില്‍ മൂന്നു മടങ്ങ് വര്‍ദ്ധന വില്‍പ്പന തുടങ്ങിയ 2012-നു ശേഷം രേഖപ്പെടുത്തി. അതില്‍ 80 ശതമാനവും വിറ്റു പോയെങ്കിലും മൂന്നിലൊന്നും ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. 1990-കളില്‍ ഭവന മേഖലയില്‍ സ്വകാര്യ മൂലധനത്തിന്റെ കടന്നുവരവ് അനുവദിച്ചതോടെ ചൈനയിലെ നഗരവല്‍ക്കരണം അത്യപൂര്‍വമായ വേഗതയില്‍ വളര്‍ന്നു. അതിന്റെ ഫലമായി തീരദേശത്തെ നഗരങ്ങളില്‍ -- ചൈനയിലെ മുതലാളിത്ത മേഖലയുടെ പ്രധാന കേന്ദ്രീകരണം -- വസ്തു-കെട്ടിട വില ആകാശത്തോളം ഉയര്‍ന്നു. ലോകത്തില്‍ തന്നെ ഏറ്റവും വിലയേറിയ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ ദേശമായ ഹോങ്കോങ്ങിനെ പിന്നിലാക്കുന്ന തരത്തിലാണ് ഷെന്‍സന്‍ പോലുളള നഗരത്തിലെ  ശരാശരി ഭവന വില. റിയല്‍ എസ്റ്റേറ്റു മേഖലയില്‍ ഊഹനിക്ഷേപത്തെ അടിസ്ഥാനമാക്കി വളര്‍ത്തിയെടുത്ത കുമിള (ബബിള്‍ എക്കോണമി) മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ ചൈനയിലും പൊട്ടുന്നതിന്റെ ഉദാഹരണമായി എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയെ കാണാം. മറ്റു പല രാജ്യങ്ങളിലും സംഭവിച്ചതു പോലെ തകര്‍ച്ചയുടെ തുടര്‍ചലനങ്ങള്‍ സ്വാഭാവികമായും ചൈനയുടെ മൊത്തം സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. എന്നാല്‍ ചൈനയുടെ സവിശേഷ സാഹചര്യങ്ങള്‍ കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കണം.                  

ഷി ജെന്‍പിംഗ് /  Photo : wiki commons

മുതലാളിത്ത സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് വേണ്ടതിലധികം പടര്‍ന്നു പന്തലിക്കുന്നതിനുള്ള അവസരമൊരുക്കുമ്പോഴും രാഷ്ട്രീയ പരമാധികാരം പാര്‍ട്ടിയുടെ കുത്തകയാക്കി നിലനിര്‍ത്തുന്നതില്‍ ചൈന പ്രകടിപ്പിക്കുന്ന മെയ്‌വഴക്കം ചൈനയിലെ കടബാധ്യതയുടെ വിശകലനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ പരിധിയില്ലാത്ത വളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉദാഹരണം. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ചുള്ള ഒരു റിപോര്‍ട്ടില്‍ ആസ്‌ത്രേലിയന്‍ റിസര്‍വ് ബാങ്ക് (1) ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. 2003-മുതല്‍ 2017 വരെയുള്ള 14-വര്‍ഷ കാലയളവില്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ രണ്ടു ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണെന്നു വിലയിരുത്തുന്ന പ്രസ്തുത റിപ്പോര്‍ട്ട് എന്നാല്‍ 2016-മുതല്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുവെന്നും വ്യക്തമാക്കുന്നു. ഭവനമേഖല ഊഹക്കച്ചവടത്തിന് ഉള്ളതല്ലെന്ന ഷി-യുടെ 2013-ലെ പരാമര്‍ശം ഈ നിരീക്ഷണവുമായി കൂട്ടി വായിക്കണം. മുതലാളിത്ത നിക്ഷേപകര്‍ക്ക് തോന്നുന്ന പോലെ ലാഭം കൊയ്യാന്‍ ചൈന അവസരം നല്‍കുന്നില്ലെന്നതിനുള്ള ഉദാഹരണമായി മൈക്കല്‍ ഹഡ്‌സണ്‍ (2) സര്‍ക്കാരിന്റെ ഭാഗത്തു നിന്നമുളള ഇടപെടലുകളെ വിലയിരുത്തുന്നു. സോറോസിനെ പോലുള്ളവരെ ചൊടിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വാദിക്കുന്നു. സോവിയറ്റു യൂണിയന്‍ തകര്‍ന്നതോടെ അവിടെ വന്‍തോതില്‍ അരങ്ങേറിയ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും ഇഷ്ടംപോലെ ലാഭം നേടിയതുപോലെ ചൈനയില്‍ സാധിക്കുന്നില്ല എന്നതാണ് സോറോസിനെ അലോസരപ്പെടുത്തുന്നതെന്ന് ഹഡ്‌സണ്‍ വാദിക്കുന്നു. നവലിബറല്‍ യുക്തിയുടെ ഭാഗമായി സമ്പദ്ഘടനയുടെ മൊത്തം നിയന്ത്രണവും ഫൈനാന്‍സ്, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖല (FIRE) ഏറ്റെടുക്കുന്ന പ്രവണതക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പാശ്ചാത്യ മുതലാളിത്തത്തിന്റെ വക്താക്കളെ ചൊടിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.        

   
റോബര്‍ട്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ചൈനയിലെ ഇപ്പോഴത്തെ സമ്പദ്ഘടനയുടെ 13 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണ്. രാജ്യത്തെ മൊത്തം വായ്പയുടെ 28 ശതമാനവും ഈ മേഖലയിലാണ്. പ്രാദേശിക സര്‍ക്കാരുകളുടെ കട ബാധ്യതയാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു പ്രധാന വിഷയം. 10 ട്രില്യണ്‍ ഡോളറാണ് പ്രാദേശിക സര്‍ക്കാരുകളുടെ ഋണ ബാധ്യത. ഭൂമി വില്‍പ്പനയായിരുന്നു കടം തിരിച്ചടവിനുള്ള പ്രാദേശിക സര്‍ക്കാരുകളുടെ പ്രധാന മാര്‍ഗം. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തകര്‍ച്ചയോടെ കടം തിരിച്ചടവിന്റെ കാര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ വീഴ്ച വരുത്താനുള്ള സാധ്യത ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയില്‍ 2008-ലുണ്ടായ വന്‍മാന്ദ്യത്തിന് വഴിതെളിച്ച അതേ രീതിയാണ് ചൈനയിലും അരങ്ങേറുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനികളും, സ്വദേശ-വിദേശ ധനകാര്യ സ്ഥാപനങ്ങളും, ബാങ്കുകളും ചേര്‍ന്നുള്ള ധന-വായ്പ ഇടപാടുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ട ചൈനീസ് അധികൃതര്‍ കണ്ണടച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധി.

Photo : wiki commons

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഡോളര്‍ കടപ്പത്രങ്ങള്‍ വാങ്ങിയ വിദേശധനസ്ഥാപനങ്ങള്‍ അങ്കലാപ്പിലാണെന്ന കാര്യത്തില്‍ സംശയമില്ല. കടപ്പത്രങ്ങളില്‍ നിക്ഷേപമിറക്കിയ വിദേശ ധനസ്ഥാപനങ്ങള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ ഇപ്പോഴത്തെ തകര്‍ച്ച ചൈനയെ മൊത്തം ബാധിക്കുന്ന പ്രതിസന്ധിയായി മാറുമെന്ന് റോബര്‍ട്ട്‌സ് കരുതുന്നില്ല. ചൈനയുടെ കടബാധ്യത 2020-ല്‍ ജിഡിപി-യുടെ 317 ശതമാനമാണെന്ന കാര്യം എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നു. എന്നാല്‍ ഈ കടബാധ്യതയുടെ നല്ലൊരു പങ്കും ആഭ്യന്തര മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലാണ്. പ്രാദേശിക സര്‍ക്കാരുകള്‍ സ്റ്റേറ്റ് ബാങ്കുകള്‍ക്കും, സ്റ്റേറ്റു ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനും എന്ന മട്ടിലാണ് കടബാധ്യതയുടെ ഭ്രമണപഥം. ഇവ പരസ്പരം കൂട്ടിക്കിഴിച്ചു കഴിഞ്ഞാല്‍ ബാക്കിയാവുക ജിഡിപി-യുടെ 54 ശതമാനം വരുന്ന ഗാര്‍ഹിക കടബാധ്യതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കട ബാധ്യത ആഗോള തലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ പരിമിതമാണ്. ഡോളറിലുള്ള വിദേശ കടബാധ്യത ജിഡിപി-യുടെ 15 ശതമാനം മാത്രമാണെന്നു മാത്രമല്ല വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യവും ചൈനയാണ്. ചൈനയുടെ ഡോളര്‍ കടത്തിനേക്കാള്‍ 50 ശതമാനത്തിലധികമാണ് അതിന്റെ ഡോളര്‍, യൂറോ ശേഖരം. ഇത്തരം ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ ദൃശ്യമായതു പോലുള്ള പ്രതിസന്ധിയും, തകര്‍ച്ചയും ചൈനയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയില്ലെന്നാണ് റോബര്‍ട്‌സിന്റെ വീക്ഷണം.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ തിരിച്ചടിയുടെ ഫലമായ സാമ്പത്തിക തകര്‍ച്ച ചൈന ഒഴിവാക്കുമെങ്കിലും സമ്പദ്ഘടനയിലെ മുതലാളിത്ത മേഖലയിലെ സ്വകാര്യ-വിദേശ നിക്ഷേപ നിരക്കുകളും, ജിഡിപി-വളര്‍ച്ചയും കുറയുമെന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നു. സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ക്കു പകരം നിക്ഷേപത്തിനുള്ള ശേഷിയും, സാധ്യതയും ചൈനയിലെ ഭരണകൂടത്തിന്റെ പക്കലുണ്ടെന്ന തിരിച്ചറിവാണ് ചൈനയുടെ ആസന്നമരണ ചിന്തകളെ പറ്റി ആശങ്കപ്പെടുന്നവര്‍ കാണാതെ പോകുന്നതെന്ന വസ്തുത റോബര്‍ട്‌സിന്റെ വിലയിരുത്തല്‍ വെളിപ്പെടുത്തുന്നു. (3)
.
1: Housing policy and Economic growth in China: Reserve Bank of Australia: Bulletin March-April 2019
2: Michael Hudson: The Vocabulary of Neoliberal Diplomacy in Today's New Cold War: September 13, 2021; CounterPUnch
3: Michael Roberts: Not So Evergrande:  Blog

Leave a comment