TMJ
searchnav-menu
post-thumbnail

Environment

കാലാവസ്ഥാ മാറ്റവും ഗ്രീൻവാഷിംഗും

14 Oct 2022   |   1 min Read
അനിറ്റ് ജോസഫ്‌

കാലാവസ്ഥ മാറ്റവും തൽഫലമായുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും മറച്ചു വയ്ക്കാനാവാത്ത യാഥാർഥ്യങ്ങളായി ദിവസേന അനുഭവപ്പെടാൻ തുടങ്ങിയതോടെ ഹരിത മുതലാളിത്തത്തെ കുറിച്ചുള്ള വാഴ്ത്തുകളും സജീവമായി. പ്രളയവും, അതിശൈത്യവും, അത്യുഷ്ണവുമെല്ലാം മൂലധന നിക്ഷേപത്തിന്റെ പുതിയ മേഖലകളായി തിരിച്ചറിയുന്നതിനൊപ്പം ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ചുള്ള ജനങ്ങളുടെ വ്യാകുലതകൾ പരിസ്ഥിതി നാശത്തിൽ തങ്ങളുടെ പങ്കാളിത്തം മറച്ചു പിടിക്കുന്നതിനുള്ള ഉപാധികളായും വൻകിട കോർപറേറ്റുകൾ ഉപയോഗപ്പെടുത്തുന്നു. ഗ്രീൻവാഷിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം ആഗോളതലത്തിൽ വ്യാപകമാവുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇപ്പോൾ ലഭ്യമാണ്.

 

തങ്ങളുടെ ഉല്പനങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് 2025 ഓടെ പുനരുപയോഗിക്കുമെന്ന ആശയം മുൻനിർത്തി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് കൂട്ടായ സമീപനം ആവശ്യമാണെന്ന നെസ്ലെ കമ്പനിയുടെ ആശയം അതിന്റെ ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യ ഉല്പാദകരിൽപ്പെടുന്ന ഒന്നാണ് നെസ്ലെ എന്ന വസ്തുതയാണ് ഇതോടെ ഭംഗിയായി മറയ്ക്കപ്പെടുന്നത്. 2015ൽ ഇന്ത്യൻ മാർക്കറ്റിൽ ഇടം പിടിച്ച് സ്വീഡിഷ് കമ്പനിയായ H&M തുടക്കമിട്ട 'ഗാർമെന്റ് കളക്ഷൻ പ്രോഗ്രാം' ഇത്തരത്തിൽ വസ്ത്രവ്യാപാര മേഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ആശയത്തെ ലക്ഷ്യം വെച്ചതായിരുന്നെങ്കിലും മറുഭാഗത്ത് കമ്പനിയുടെ വസ്ത്രങ്ങൾ വിറ്റുപോകുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ മാത്രമായി ഒതുങ്ങി. ഇത്തരത്തിൽ പ്രകൃതി സ്നേഹികൾ എന്ന കച്ചകെട്ടി ഇറങ്ങി സ്വന്തം വളർച്ച സ്വപ്നം കാണുന്ന ബിസിനസ് തന്ത്രങ്ങൾ പുതുമയുള്ളതല്ല. കാലത്തിനനുസരിച്ച് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി അവ വിപണികളിലെത്തുന്നു. ഒരു കമ്പനിയുടെയോ ഗ്രൂപ്പിന്റെയോ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയാണെങ്കിൽപ്പോലും അവ മറച്ച വച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നല്കുന്നുവെന്ന് ബോധ്യം മറ്റുള്ളവർക്ക് നല്കുന്ന മാർക്കറ്റിംങ് രീതിയാണ് ഗ്രീൻവാഷിംഗ്.

 

നെസ്ലെ, H&M കമ്പനികളുടെ പരിസ്ഥിതി വാദങ്ങൾ പരിശോധിച്ചാൽ ഉള്ളതിലധികം മേൻമ കാണിക്കുന്നത് മനസിലാക്കാൻ സാധിക്കും. 'ഗ്രീൻപീസ്' 2019ൽ ഫിലീപ്പീൻസിലെ ഒരു കടൽത്തീരം വൃത്തിയാക്കിയ ക്യാമ്പയ്നിൽ നിന്ന് ഏകദേശം 17% മാലിന്യങ്ങളും നെസ്ലെ ഉല്പന്നങ്ങളിൽ നിന്നുള്ളവയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഉല്പാദകരുടെ കൈകളിൽ എത്തുന്ന പ്ലാസ്റ്റിക് എങ്ങനെ തിരികെ കമ്പനിയുടെ കൈവശം എത്തുമെന്നോ അതിനായുള്ള നടപടികൾ എപ്രകാരമായിരിക്കുമെന്നോ നല്കാതെ തീർത്തും നിരുത്തരവാദപരമായിട്ടുള്ള പ്രസ്താവന മാത്രമായിരുന്നു കമ്പനി നല്കിയത്. H&M ആകട്ടെ ഗാർമെന്റ് കളക്ഷൻ പ്രോഗ്രാമിലൂടെ പഴയ തുണിത്തരങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ നിന്ന് സ്വീകരിച്ച ശേഷം കമ്പനിയുടെ ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള വൗച്ചറുകൾ നല്കിവന്നു. എന്നാൽ അവ റീസൈക്കിളിംഗ് ചെയ്യുന്നത് എപ്രകാരമായിരിക്കുമെന്നോ അല്ലാത്തവ എങ്ങനെ പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തിൽ സംസ്‌കരിക്കുമെന്നോ ഉള്ളതിന്റെ ഒരു വിവരങ്ങളും പുറത്തുവിട്ടില്ല. അങ്ങനെ ഞങ്ങൾ പ്രകൃതി സംരക്ഷണത്തിൽ കടപ്പെട്ടിരിക്കുന്നുവെന്ന മിഥ്യാ ധാരണ മാത്രം നല്കി മുഖം മിനുക്കുന്നു.

 

Photo: greenpeace

 

ഗ്രീൻവാഷിംഗ് പ്രയോഗം

 

1983ൽ ഗ്രീൻവാഷിംഗ് എന്ന പദം ആദ്യമായി പ്രയോഗിച്ചത് അമേരിക്കൻ പരിസ്ഥിതിശാസ്ത്രജ്ഞനായ ജേ വെസ്റ്റർവെൽഡ് ആയിരുന്നു. സമോവായിലേക്കുള്ള തന്റെ ഗവേഷണ യാത്രയിലായിരുന്നു അദ്ദേഹം തന്റെ നിഗമനങ്ങൾ മുന്നോട്ടു വച്ചത്. ഫിജിയിൽ എത്തിയ അദ്ദേഹം അവിടുത്തെ 'ബീച്ച്കോംബർ' റിസോർട്ടിൽ ഉപഭോക്താക്കൾക്കായി നല്കിയിരുന്ന ഒരു കുറിപ്പ് കാണാനിടയായി. 'സമുദ്രങ്ങളും പാറക്കെട്ടുകളും ഭൂമിയിലെ പ്രധാന വിഭവങ്ങളാണെന്നും ടവലുകൾ വീണ്ടും ഉപയോഗിക്കുന്നത് പാരിസ്ഥിതിക നാശം കുറയ്ക്കുമെന്നായിരുന്നു' കുറിപ്പിലെ ഉള്ളടക്കം. 'നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ഞങ്ങളെ സഹായിക്കൂ' എന്നായിരുന്നു റിസോർട്ട് മാനേജ്മെന്റ് നല്കിയ സന്ദേശം. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല. അവർ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പരിഗണന പോലും നല്കാതെ തങ്ങളുടെ റിസോർട്ട് മന്ദിരങ്ങൾ കെട്ടിപ്പൊക്കുകയായിരുന്നു. ടവലുകൾ വീണ്ടും ഉപയോഗിക്കുക വഴി അവരുടെ ചിലവ് ലാഭിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ഇതിനുമുൻപും ഇത്തരത്തിൽ മൾട്ടി നാഷണൽ കമ്പനികളുടെ ഭാഗത്ത് നിന്നും നീക്കങ്ങൾ ആവിഷ്‌കരിച്ചിരുന്നുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്.

 

അമേരിക്കൻ ഇലക്ട്രിക്കൽ ഭീമൻ വെസ്റ്റിംഗ്ഹൗസിന്റെ ആണവോർജ വിഭാഗം ഇത്തരത്തിൽ ഗ്രീൻവാഷിംഗിലൂടെ രൂപപ്പെട്ടതായിരുന്നു. 1960കളിൽ ആണവ വിരുദ്ധ പ്രസ്ഥാനം നിലയത്തിന്റെ സുരക്ഷയെയും പാരിസ്ഥിതിക ആഘാതത്തെയും കുറിച്ച് ചോദ്യമുയർത്തിയപ്പോൾ ആണവോർജത്തിന്റെ ശുചിത്വവും സുരക്ഷയും പ്രഖ്യാപിക്കുന്ന തരത്തിലുളള പരസ്യങ്ങളായിരുന്നു ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. ശുദ്ധമായ തടാകത്തിനകത്തുള്ള ആണവനിലയത്തിന്റെ ഫോട്ടോ ഫീച്ചർ ചെയ്തുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ വൈദ്യുതി നല്കുന്നതിന് ഞങ്ങൾ ആണവനിലയങ്ങൾ നിർമ്മിക്കുന്നുവെന്നും ഇത് കൂടുതൽ സുരക്ഷിതവും മണമില്ലാത്ത, വൃത്തിയുള്ളതാണെന്നും പ്രസ്താവനയിറക്കി. യഥാർത്ഥത്തിൽ ആണവമാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ള നീക്കമായിരുന്നു കമ്പനി നടത്തിയത്.

 

ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളെ നിർബന്ധിച്ചാൽ എല്ലാ പാരിസ്ഥിതിക നാശനഷ്ടങ്ങളും നികത്താൻ കഴിയുമെന്ന് അവകാശപ്പെടുന്നവർ ഏറെയുണ്ട്. എന്നാൽ വാസ്തവത്തിൽ ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. പഴയ രീതികൾ തന്നെ പിന്തുടർന്നുകൊണ്ട് ഉല്പന്നത്തിൽ ഇക്കോ ഫ്രണ്ട്ലി എന്ന് ലേബൽ ചെയ്യുക മാത്രമായിരിക്കും.

 

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തോടെ പരിസ്ഥിതിക്ക് അതിന്റെ പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണം എന്ന പേരിൽ ഇക്കോ ഫ്രണ്ട്ലി എയർ കണ്ടീഷ്ണറുകൾ മുതൽ ഹെർബൽ ഷാംപൂ വരെയും ഗ്രീൻ റിയാലിറ്റി എന്ന മറവിൽ പ്രകൃതിയിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളവും നാം എടുക്കുന്ന മികച്ച തീരുമാനങ്ങളായി തോന്നിയേക്കാം. ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളെ നിർബന്ധിച്ചാൽ എല്ലാ പാരിസ്ഥിതിക നാശനഷ്ടങ്ങളും നികത്താൻ കഴിയുമെന്ന് അവകാശപ്പെടുന്നവർ ഏറെയുണ്ട്. എന്നാൽ വാസ്തവത്തിൽ ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. പഴയ രീതികൾ തന്നെ പിന്തുടർന്നുകൊണ്ട് ഉല്പന്നത്തിൽ ഇക്കോ ഫ്രണ്ട്ലി എന്ന് ലേബൽ ചെയ്യുക മാത്രമായിരിക്കും.

 

കാർബൺ പുറന്തള്ളൽ മറയ്ക്കുന്ന ഗ്രീൻവാഷിംഗ്

 

അമിതമായ കാർബൺ പുറന്തള്ളൽ മൂലം കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ആഘാതങ്ങളും ഭീഷണിയാകുന്ന ഈ കാലഘട്ടത്തിലും ഗ്രീൻവാഷിംഗ് തന്ത്രം ഉപയോഗിച്ച് കമ്പനികൾ ഉല്പാദിപ്പിക്കുന്ന കാർബൺ ഫൂട്പ്രിന്റുകളുടെ ശ്രദ്ധ മാറ്റുന്നതിലാണ് ശ്രമങ്ങൾ ഏറെയും. അതിനായി വനവല്ക്കരണം, ഊർജ സംരക്ഷണം, പുനരുപയോഗ ഊർജ ഉല്പാദനം എന്നിവയൊക്കെയാണ് കമ്പനികൾ പ്രധാനമായും നടപ്പിലാക്കുന്ന പദ്ധതികൾ. കമ്പനികളുടെ പ്രവർത്തനങ്ങളിലൂടെ നടക്കുന്ന ഹരിതഗൃഹപ്രഭാവത്തിനെ ഈ മേഖലയിൽ മുതൽമുടക്ക് നടത്തി തിരികെ പിടിക്കാൻ ശ്രമിക്കുന്നതാണ് മറ്റൊരു തരത്തിൽ നടക്കുന്ന ഗ്രീൻവാഷിംഗ് തന്ത്രം.

 

photo : greenpeace

 

ലോകത്തിലെ പ്രമുഖ എണ്ണക്കമ്പനിയായ ഷെൽ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ തിരികെപ്പിടിക്കുന്നതിന് 300 മില്യൺ ഡോളർ പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഭാവിയിൽ കാർബൺ കുറയ്ക്കുന്നതിനുള്ള പ്രവർത്തനം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും വനനശീകരണം തടയുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും അവകാശപ്പെട്ടു. എന്നാൽ ഭാവിയിലേക്ക് ഷെല്ലിന്റെ പരിവർത്തനം എപ്രകാരമായിരിക്കുമെന്നുള്ളത് അവർ നല്കിയ റിപ്പോർട്ടുകളിൽ ഒന്നും വ്യക്തമല്ലായിരുന്നു. കൂടാതെ, മെക്സിക്കോ ഉൾക്കടലിലെ ആഴക്കടലിലും ബ്രസീൽ, മൗറിറ്റേനിയ തീരങ്ങളിലും പുതിയ ഫോസിൽ ഇന്ധനം പര്യവേഷണം ചെയ്യുന്നതിന് 2018ൽ കമ്പനി എണ്ണയിലും വാതകത്തിലും 25 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചകളായിരുന്നു. കെമിക്കൽ എനർജിയും ആഴക്കടൽ ഘനനത്തിലും ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനി അവയുടെ ഉത്പാദനത്തിൽ കുറവ് വരുത്തുമെന്നോ പൂർണമായും പുനരുപയോഗിക്കുന്ന ഊർജ്ജോൽപാദനം ലക്ഷ്യം വെക്കുമെന്നോ പറയുന്നില്ല. നിലവിലുളള പ്രവർത്തനങ്ങൾ കാലാവസ്ഥയിൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്നുള്ള സാഹചര്യത്തെപ്പോലും അവഗണിച്ചാണ് കമ്പനി ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

ഇന്ത്യയിലെ ഗ്രീൻവാഷിംഗ്

 

നിലവിൽ ഗ്രീൻവാഷിംഗ് നിയന്ത്രിക്കാനും കണ്ടെത്താനും രാജ്യത്ത് നിയമങ്ങളോ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പ്രകാരം പരസ്യങ്ങളിൽ വിശ്വാസ്യതയും മാന്യതയും പുലർത്തണം എന്ന് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. ഇത് സ്വയം നിയന്ത്രണത്തിനുള്ള ഒരു കോഡ് ഓഫ് എത്തിക്സ് എന്നതിലുപരി അതിനെ തടയിടുന്നതിന് പര്യാപ്തമല്ല. അതിനാൽത്തന്നെ, ഇന്ത്യയുടെ പുതിയ പാരിസ്ഥിതിക നിയമങ്ങളനുസരിച്ച് മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ നിയമങ്ങൾ പ്രകാരം, അടുത്ത സാമ്പത്തിക വർഷം മുതൽ കമ്പനികൾ വിശദമായ എമിഷൻ ഡാറ്റ സമർപ്പിക്കുവാൻ ആവശ്യപ്പെടുന്നതിലൂടെ ഗ്രീൻവാഷിംഗ് രാജ്യത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ധാരണ രൂപീകരിക്കുവാൻ ഒരുപരിധി വരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വർഷത്തെ 120 മേഖലകളിലെ വിവരങ്ങൾ കമ്പനികൾ നല്കേണ്ടിവരും. 2023 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുൻനിര 1,000 കമ്പനികളിൽ നിന്ന് വിവരങ്ങൾ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ മലീനീകരണത്തിന് കാരണമായ നമ്മുടെ രാജ്യത്തെ മലിനീകരണം കുറയ്ക്കാനും 2070 ഓടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനുമാണ് നിയമങ്ങൾ ഉദ്ദേശിക്കുന്നത്. കൂടാതെ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങളെ നേരിടുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടികളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഗ്രീൻവാഷിംഗ് നിയന്ത്രിക്കാൻ കഴിയുമെന്നും വിദഗ്ധർ പ്രത്യാശിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

Leave a comment