TMJ
searchnav-menu
post-thumbnail

Outlook

കാലാവസ്ഥാ വ്യതിയാനം: നിരന്തരം ചർച്ച ചെയ്യുന്നത് കുട്ടികളാണ്, മുതിർന്നവരല്ല

22 Mar 2022   |   1 min Read
Mary DeMocker

Photo : Inhabitat

നിങ്ങൾ കുട്ടികളോടൊപ്പം ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് അറിയാമായിരിക്കും, അവരിൽ പലരും നിരാശയിലാണ്. കോവിഡ് മഹാമാരി, ഉറക്കമില്ലായ്മ, ഫോണിന്റെ അമിത ഉപയോഗം എന്നിങ്ങനെ പലതിനെയും പഴി ചാരാം. എങ്കിലും ഇന്നത്തെ കുട്ടികളും യുവാക്കളും അനുഭവിക്കുന്ന ഭയത്തിനും നിരാശക്കും ഇതിലെല്ലാമുപരി മറ്റെന്തോ കാരണമുണ്ടെന്ന് തീർച്ച. 1760 ൽ, വ്യാവസായിക വിപ്ലവത്തോടെ ആരംഭിച്ച്‌ പിന്നീട് വർധിച്ചു വന്ന ഒന്നാണത് - കാലാവസ്ഥാ വ്യതിയാനം (climate change).

16 മുതൽ 25 വയസ്സ് വരെയുള്ള യുവാക്കളിൽ ഏതാണ്ട് പകുതി പേരോളം അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്കണ്ഠ പേറുന്നവരാണെന്നാണ് റിപോർട്ടുകൾ കാണിക്കുന്നത്. 2021 ൽ ആഗോള തലത്തിൽ 10,000 യുവാക്കൾക്കിടയിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അവരിൽ കൂടുതൽ പേരും ഒരുപോലെ വിശ്വസിക്കുന്നത് ഗവണ്മെന്റുകളുടെ ഉദാസീനത മൂലം അവരും ഭാവി തലമുറകളും വഞ്ചിക്കപെടുന്നു എന്നാണ്. ഭാവിയെ പറ്റിയുള്ള ചോദ്യത്തിന് അവരിൽ 75 % പേരും അത് “ഭയപ്പെടുത്തുന്നു” എന്നുത്തരവും നൽകി.

ബെല്ല ക്ളോസ്റ്റർമാനും (Bella Klosterman) ഇത് തന്നെയാണ് തോന്നിയത്. 2000 ലെ ലോക ഭൗമ ദിനത്തിൽ ഒറിഗണിലെ പോർട്ട്ലാൻഡിൽ ജനിച്ച ക്ളോസ്റ്റർമാന് പാരിസ്ഥിതിക അവബോധമുള്ള മാതാപിതാക്കൾ ഉണ്ടായിരുന്നു. അവൾ കുളിയുടെ ദൈർഘ്യം കുറച്ചും, ഹീറ്ററിലെ ചൂട് കുറച്ചു വച്ചും, ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കിയും വളർന്നു. പാഴാക്കപ്പെടുന്ന ഊർജം കൊണ്ട് ധ്രുവക്കരടികൾക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത് സ്കൂൾ കാലഘട്ടത്തിൽ അവൾ നിറകണ്ണുകളോടെ നൈറ്റ് ലൈറ്റ് പൂർണമായും ഒഴിവാക്കി.

നാഷണൽ ഓണർ സൊസൈറ്റി (National Honor Society), വോളീബോൾ ടീം എന്നിവയുടെ ഭാഗമായി മറ്റനേകം മേഖലകളിൽ കഴിവ് തെളിയിച്ച ഈ പതിനാറു വയസ്സുകാരി സയൻസ് ക്ലാസ്സിലെ കാർബൺ സൈക്കിളിനെ പറ്റിയുള്ള പാഠങ്ങൾ അവളിൽ നിരാശ ജനിപ്പിച്ചു എന്ന് പറയുന്നു. പത്താം ക്ലാസിന്റെ ഒടുവിൽ ലിങ്കൺ ഹൈ സ്കൂളിലെ പാരിസ്ഥിതിക നീതിയെ പറ്റിയുള്ള ക്ലാസ്സിൽ ചേർന്നപ്പോഴേക്കും അവൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചൊല്ലി കടുത്ത പിരിമുറുക്കവും ഉത്കണ്ഠയും വന്നു കഴിഞ്ഞിരുന്നു.

ഇത് മാറാൻ തുടങ്ങിയത് പതിനൊന്നാം ക്ലാസിന്റെ ആരംഭത്തിൽ അവൾ ടിം സ്വൈൻഹാർടിന്റെ (Tim Swinehart )ക്ലാസ്സിലേക്ക് നടന്നു കയറിയതോടെയാണ്. മിക്ക സ്കൂളുകളും പറയാൻ മടിക്കുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ. സ്വൈൻഹാർട് അദ്ദേഹത്തിന്റെ പാരിസ്ഥിതിക നീതിയെപ്പറ്റിയുള്ള ക്ലാസ്സിലൂടെ ഭാവിയെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്ന കുട്ടികൾക്ക് വേണ്ടത് കൊടുക്കാൻ ഒരു വഴി കണ്ടെത്തി.

സ്വൈൻഹാർട് 2008 ലാണ് പോർട്ട്ലാൻഡ് ലിങ്കൺ ഹൈ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങുന്നത്. ഒരു സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ അദ്ദേഹം കാലാവസ്ഥാ ശാസ്ത്രത്തെ പറ്റി പഠിപ്പിക്കുകയും, ദൂരെയുള്ള രാജ്യങ്ങളിൽ ഇത് മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി കഥകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്ത്വം വിദ്യാർത്ഥികളെ ഇത്തരമൊരു അപകടസന്ധിയെ പറ്റി ബോധവൽക്കരിക്കുക എന്നതായിരുന്നു.

“നമ്മൾ കുട്ടികളെ കാലാവസ്ഥാ പ്രതിസന്ധിയുടെ (climate crisis) വലുപ്പത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനോടൊപ്പം തന്നെ, അവരെ മാറ്റത്തിന്റെ ഏജന്റ്സ് ആയി കാണാനും കൂടി പ്രോത്സാഹിപ്പിക്കണം”

എന്നാൽ, ഇത് മാറിയത് തന്റെ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിനു ഏൽക്കുന്ന ആഘാതം തിരിച്ചറിഞ്ഞപ്പോഴായിരുന്നു എന്നദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വിദ്യാർഥികൾ എല്ലാവരും ആവർത്തിച്ചു പറഞ്ഞത് ഇതായിരുന്നു: രക്ഷിതാക്കൾക്ക് ഒരു ശ്രദ്ധയുമില്ല, കോർപ്പറേറ്റുകളുടെ പിടിയിലായ ഗവണ്മെന്റ് യാതൊരു നടപടിയും എടുക്കുന്നുമില്ല. “എനിക്ക് തോന്നുന്നത് നമ്മൾ ഈ അപകടം അംഗീകരിക്കാതിരുന്ന അവസ്ഥയിൽ നിന്നും കാര്യങ്ങൾ വളരെ അധികം വൈകിയിരിക്കുന്നു എന്ന അവസ്ഥയിലേക്കാണ് നേരെ പോയത്”, അദ്ദേഹം പറയുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം തന്നെ മാറിയിരിക്കുന്നു. പൊരുതി രക്ഷിക്കാൻ ഒരു ലോകം ഉണ്ടെന്ന തിരിച്ചറിവ് പകരാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹമിപ്പോൾ.

അദ്ദേഹത്തിന്റെ രീതികൾ ഒരു അടിസ്ഥാന കാലാവസ്ഥാ സാക്ഷരത എന്നതിന് അപ്പുറത്തേക്ക് നീളുന്നു. തന്റെ പാരിസ്ഥിതിക നീതിയെപ്പറ്റിയുള്ള (environmental justice) ക്ലാസ്സിൽ അദ്ദേഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ പങ്ക് വയ്ക്കുന്നു. തുടർന്ന് വിദ്യാർഥികളുടെ വികാരങ്ങൾക്കും, അവരുടെ പരിഹാര നിർദേശങ്ങൾക്കും കാതോർക്കുന്നു. “നമ്മൾ കുട്ടികളെ കാലാവസ്ഥാ പ്രതിസന്ധിയുടെ (climate crisis) വലുപ്പത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനോടൊപ്പം തന്നെ, അവരെ മാറ്റത്തിന്റെ ഏജന്റ്സ് ആയി കാണാനും കൂടി പ്രോത്സാഹിപ്പിക്കണം”, സ്വൈൻഹാർട്ടിന്റെ സഹ രചയിതാവ് ബിൽ ബിഗിലോ (Bill Bigelow), അവരുടെ A People’s Curriculum for the Earth: Teaching Climate Change and the Environmental Crisis എന്ന പുസ്തകത്തിൽ പറയുന്നു.

സാധാരണക്കാരായവർ കാലാവസ്ഥാ നീതിക്ക് (climate justice) വേണ്ടി പ്രവർത്തിക്കുന്ന കഥകളിൽ കുട്ടികൾ അവരെ തന്നെ കണ്ടെത്തുന്നു. തുടക്കത്തിൽ നാണിച്ചു മിണ്ടാതിരുന്ന ക്ളോസ്റ്റർമാൻ ക്ളാസ്സ് പുരോഗമിച്ചതോടെ ശുദ്ധവായുവിന് വേണ്ടിയുള്ള നിയമ നിർമാണത്തിന് വേണ്ടി പൊതുസഭയിൽ ശബ്ദമുയർത്തി തുടങ്ങി. മലിനീകരണം സംബന്ധിച്ച തന്റെ ഗവേഷണങ്ങൾ പ്രാദേശികതലത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അവളിൽ ഉന്മേഷം ഉളവാക്കി. ആക്ടിവിസത്തിലുള്ള അവളുടെ താല്പര്യം കണ്ട കൂട്ടുകാർ പാരിസ്ഥിതിക നീതിക്കു വേണ്ടിയുണ്ടായിരുന്ന സ്കൂൾ ക്ലബ് പുനരാരംഭിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചു.

അങ്ങനെ, സ്വൈൻഹാർട്ടിന്റെ ക്ലാസ് അവളുടെ ഒറ്റപ്പെടൽ കാര്യമായി കുറച്ചു. 2018 ഓടെ ക്ളോസ്റ്റർമാൻ അനേകം സമരങ്ങൾ നയിക്കുകയും കാലാവസ്ഥാ നീതിയെപ്പറ്റിയുള്ള സാക്ഷരതക്കായി ജില്ലാ തലത്തിലുള്ള ഫണ്ട് പ്രതിഷേധിച്ചു നേടി എടുക്കുകയും ചെയ്തു.

ശാസ്ത്രവശങ്ങൾ പഠിക്കുന്നത് അനിവാര്യം ആണെങ്കിലും, അതിനോടൊപ്പം തന്നെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും കൂടി കഴിഞ്ഞില്ലെങ്കിൽ കാലാവസ്ഥാ പഠനം കുട്ടികളുടെ ആശങ്ക കൂട്ടുകയേയുള്ളു.

സ്വൈൻഹാർട്ടിനെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ പഠനം (climate education) തുടങ്ങുന്നത് “സമൂലമായ ഒരു സങ്കൽപ്പന”ത്തിലൂടെയാണ് (radical imagination). എല്ലാ വർഷവും അദ്ദേഹം തന്റെ വിദ്യാർത്ഥികളോട് അവർക്കു ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടിയിരിക്കുന്ന ഒന്നിനേക്കാൾ, അവർക്കു 2040 ൽ താമസിക്കാൻ താല്പര്യമുള്ള ഒരു ഭൂമിയെ സങ്കൽപ്പിക്കാൻ ആവശ്യപ്പെടും. “അതെത്ര തന്നെ നിഷ്കളങ്കവും ആദർശപരവുമായാലും, അതവരുടെ സ്വന്തം വീക്ഷണമാണ്”, സ്വൈൻഹാർട് പറയുന്നു.

സാധാരണ കണ്ടു വരുന്ന പാഠ്യപദ്ധതികൾ - അങ്ങനെയൊന്നു ഉണ്ടെങ്കിൽ തന്നെ - പലപ്പോഴും ശ്രമിക്കുന്നത് കാലാവസ്ഥാ പ്രതിസന്ധിയെ ഒരു ശാസ്ത്രമെന്ന നിലക്ക് വിശദീകരിക്കാനാണ്. യൂഎസ്സിലെ ബഹുഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് കാലാവസ്ഥാ പഠനം ആവശ്യമാണെന്ന് കരുതുമ്പോൾ, 55% അധ്യാപകരോളം കാലാവസ്ഥാ വ്യതിയാനത്തെ പറ്റി പഠിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇത് ചെയ്യുന്ന ചിലരാകട്ടെ,സയൻസ് ക്ലാസ്സുകളിലെ ചില യൂണിറ്റുകളിലേക്ക് ഇവ ചുരുക്കുന്നു. എന്നാൽ, കൂടുതലും “വസ്തുതകൾ” വിവരിക്കുന്ന ഒരു സമീപനമാകില്ല വിദ്യാർത്ഥികൾക്ക് ആവശ്യം. ശാസ്ത്രവശങ്ങൾ പഠിക്കുന്നത് അനിവാര്യം ആണെങ്കിലും, അതിനോടൊപ്പം തന്നെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും കൂടി കഴിഞ്ഞില്ലെങ്കിൽ കാലാവസ്ഥാ പഠനം കുട്ടികളുടെ ആശങ്ക കൂട്ടുകയേയുള്ളു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടത്തിയ ഒരു ചെറുപഠനം സൂചിപ്പിക്കുന്നത് സ്കൂളിലെ കാലാവസ്ഥാ പഠനം കുട്ടികളിൽ “അധികാരം അപഹരിക്കപ്പെട്ടവർ”, “മുതിർന്നവരാൽ കൈയ്യൊഴിയപ്പെട്ടവർ, “ഭാവിയെ ഭയപ്പെടുന്നവർ” എന്നീ തോന്നലുകൾ ഉളവാക്കുന്നുയെന്നാണ്. 22 വയസുള്ള എന്റെ സ്വന്തം മകനും ഇത് തന്നെ പറയുന്നു. അവൻ പറഞ്ഞത് അവന്റെ ഹൈസ്കൂളിലെ കാലാവസ്ഥാ പഠനം അവനിൽ മരവിപ്പും, ഒറ്റപ്പെടലും, ദേഷ്യവും ജനിപ്പിച്ചു എന്നാണ്. “സംഭവിക്കുന്നതിനെതിരെ പോരാടാനുള്ള യാതൊരു സാധ്യതകളും അവർ ചർച്ച ചെയ്യുന്നില്ല. നാം അശക്തരാണെന്ന തരത്തിലായിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്” അവൻ പറഞ്ഞു. ഇപ്പോൾ മനഃശാസ്ത്രജ്ഞർ കുട്ടികൾക്ക് വൈകാരിക പിന്തുണ ഉറപ്പാക്കുന്ന സമഗ്രവും ഇന്റർ ഡിസിപ്ലിനറിയുമായ കാലാവസ്ഥാ പഠന പദ്ധതികൾക്കായി വാദിക്കുന്നു.

“എന്നാലും, മുതിർന്നവരെ പോലും ഉലയ്ക്കുന്ന ഇത്തരമൊരു പ്രതിസന്ധി കുട്ടികളെ സംഭ്രമിപ്പിക്കില്ലേ?” മാതാപിതാക്കളുടെ ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് അദ്ധ്യാപികയായ ക്യാരി ആൻ നൗമോഫും (Carrie Ann Naumoff) അവരുടെ സ്കൂളിൽ 2013 മുതൽ പഠിപ്പിച്ചു പോരുന്ന ഭരണഘടനാ വിദഗ്ദ്ധയായ സൂസൻ ഡുവോസ്കിനും (Susan Dwoskin) നൽകുന്നത് . കുട്ടികളുടെ വൈജ്ഞാനിക വികസനത്തെ (cognitive development) പറ്റിയുള്ള സ്വിസ് മനഃശാസ്ത്രജ്ഞൻ ജീൻ പിയാഴെയുടെ (Jean Piaget) സിദ്ധാന്തത്തോട് യോജിക്കുന്ന നൗമോഫ്‌, കുട്ടികൾ ഏതാണ്ട് 12 വയസ്സാകുന്നതോടെ ധാർമികവും, താത്വികവും, സാമൂഹികവും രാഷ്ട്രീയവുമായ ആശയങ്ങളെ പറ്റി ആഴത്തിൽ ചിന്തിക്കാൻ പ്രാപ്തരാകുന്നു എന്ന് വിശ്വസിക്കുന്നു.

രാഷ്ട്രീയക്കാരും, പരിസ്ഥിതി മലിനീകരിക്കുന്നവരും അവരവരുടെ ലാഭത്തിനു വേണ്ടി പരിഹാര നടപടികൾക്ക് തടസ്സം നില്കുന്നുവെന്ന യാഥാർഥ്യവും ഇതിലുൾപ്പെടും. 'Miseducation: How Climate Change is Taught in America' എന്ന തന്റെ പുസ്തകത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ നിഷേധം (climate denialism) മില്യൺ കണക്കിന് സ്കൂൾ കുട്ടികളെ ബാധിച്ചിട്ടുണ്ടെന്ന് ക്യാറ്റീ വർത്ത് (Katie Worth) പറയുന്നു. പുറംലോകവുമായുള്ള ഏറ്റുമുട്ടലുകൾ കുട്ടികളെ പല പ്രായോഗിക പാഠങ്ങളും പഠിപ്പിക്കുന്നു. താഴെക്കിടയിൽ നിന്നുയർന്നു വന്നു വിജയിച്ച പോരാട്ടങ്ങളെല്ലാം തന്നെ ഒരുപാടു കാലതാമസം എടുക്കാറുണ്ട്; പലപ്പോഴും പതിറ്റാണ്ടുകളോളം തന്നെ നീണ്ടു പോകാറുണ്ടവ. വെറും 8 വർഷത്തിനുള്ളിൽ ആഗോള ഉദ്വമനം (global emissions) 45 % എങ്കിലും കുറയ്ക്കണം എന്ന് ശാസ്ത്രജ്ഞന്മാർ പറയുമ്പോളുള്ള ഒരു സമ്മർദം ഇതാണ്.

സമയമാണ് നമുക്ക് ഇല്ലാത്തത് , കുട്ടികൾക്കും അറിയാമത്. കുട്ടികൾക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ പലവിധ പരിമിതികൾ നിലനിൽക്കെ , നിയമഭേദഗതികളെ പറ്റിയുള്ള തികച്ചും അപ്രായോഗികമായ പ്രതീക്ഷകൾ അവരിൽ ഉത്കണ്ഠ, വിഷാദം, നിരാശ എന്നിവ സൃഷ്ടിക്കാൻ ഇടയുണ്ട്. പൊതുവെ പോരാട്ടത്തിനും ഉത്സാഹത്തിനുമൊപ്പം ചേർത്ത് വയ്ക്കുന്ന കാലാവസ്ഥാ ആക്ടിവിസം പാർശ്വവത്കരിക്കപ്പെട്ട യുവാക്കളെ സംബന്ധിച്ചിടത്തോളം മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥാ നീതി പഠനം (climate justice education) അനിവാര്യമായിരിക്കുന്നു. കുട്ടികൾ അവരുടേതായ രീതികളിൽ ഉത്തരങ്ങൾ തേടാൻ തുടങ്ങിയിരിക്കുന്നു. അധ്യാപകരും ഉണ്ട് പിന്തുണയ്ക്ക്. പോർട്ട്ലാൻഡ് സ്കൂൾ ബോർഡ് 2016 ൽ പാസ്സാക്കിയ കാലാവസ്ഥാ നീതിയ്ക്കായുള്ള പ്രസ്താവന പിന്തുണച്ചു യൂ എസ്സിലെ ഏറ്റവും വലിയ അധ്യാപക യൂണിയൻ രംഗത്ത് വന്നു. എന്നാൽ, ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അധ്യാപകരുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ശ്രമങ്ങൾ മാത്രം പോരാ. 2018 ൽ ജില്ലാ ഉദ്യോഗസ്ഥർ സ്വൈൻഹാർട്ടിനോട് പറഞ്ഞത് കാലാവസ്ഥാ നീതി പഠനം തികച്ചും ഉപരിപ്ലവമാണെന്നായിരുന്നു. “പാഠ്യപദ്ധതികൾ മാറ്റണമെങ്കിൽ, സ്കൂൾ ബോർഡുകൾ കാലാവസ്ഥാ പഠനം ആവശ്യമായി കരുതാൻ തുടങ്ങണം”, നൗമോഫ്‌ അഭിപ്രായപ്പെടുന്നു.

ചില സ്റ്റേറ്റുകൾ ഇക്കാര്യത്തിൽ മുന്നേറുന്നുണ്ട്. സ്റ്റേറ്റ് തലത്തിൽ കാലാവസ്ഥാ പഠനം എങ്ങനെ നയിക്കാം എന്നതിന് ന്യൂ ജേഴ്‌സി ഒരുത്തമ ഉദാഹരണമാണ്. മിന്നെസോട്ടയിലെ ഹൈ സ്കൂൾ വിദ്യാർഥികളാകട്ടെ 1 -12 വരെയുള്ള ക്ലാസ്സുകൾക്ക് സമഗ്രമായ, നീതിബോധത്തിൽ അധിഷ്ഠിതമായ കാലാവസ്ഥാ പഠനം ആവശ്യപ്പെട്ട് ഒരു ബില്ലു അവതരിപ്പിക്കുകയുണ്ടായി.

സ്കൂൾ ബോർഡുകളുടെയോ ഭരണ സമിതികളുടെയോ പിന്തുണ ഇല്ലാതെ തന്നെ കൂടുതൽ കൂടുതൽ അധ്യാപകർ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരുമ്പെടുകയാണ്. സിൻ എഡ്യൂക്കേഷൻ പ്രോജക്ടിന്റെ (Zinn Education Project) “ടീച്ച് ക്ലൈമറ്റ് ജസ്റ്റിസ്“ എന്ന ക്യാമ്പയിനിലൂടെ ലഭ്യമായ ക്ലാസ്സ്‌റൂം പാഠങ്ങൾ, അധ്യാപകർക്കായുള്ള വർക്ക് ഷോപ്പുകൾ, കാലാവസ്ഥാ നീതിക്കായുള്ള സ്കൂൾ ബോർഡിൻറെ പ്രസ്താവനയുടെ സാമ്പിൾ തുടങ്ങിയവ പങ്കു വച്ച് അവർ പരസ്പരം അനൗപചാരികമായി സഹായിക്കുന്നു.

എങ്കിലും, മാറ്റത്തിന്റെ ഏറ്റവും ശക്തമായ ഏജന്റ്സ് രക്ഷിതാക്കൾ തന്നെയാണെന്ന് നൗമോഫ്‌ പറയുന്നു. തങ്ങളുടെ കുട്ടികൾക്ക് കാലാവസ്ഥാ നീതി പഠനം വേണമെന്ന് തോന്നുന്ന മാതാപിതാക്കൾക്ക് ഒത്തു കൂടി നഗര തലത്തിലോ സ്റ്റേറ്റ് തലത്തിലോ കാര്യപരിപാടികൾ ആലോചിക്കാവുന്നതാണ്. സ്കൂൾ ബോര്ഡി ലേക്കുള്ള തിരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു ആരാണ് തങ്ങളുടെ കുട്ടികൾക്കായുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതെന്ന് ശ്രദ്ധിക്കാവുന്നതാണ്. “സ്കൂൾ ബോർഡിലെ ഒരു രക്ഷിതാവിന് 100 അധ്യാപകരേക്കാൾ സ്വാധീനം ഉണ്ട്”, നൗമോഫ്‌ പറയുന്നു.

പരിഭാഷ: അപര്‍ണ്ണ. ആര്‍.

Leave a comment