കാലാവസ്ഥാമാറ്റം: അസമത്വങ്ങളും പ്രതിരോധങ്ങളും
PHOTO : Jennifer Nolan
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ IPCC (Intergovernmental Panel on Climate Change) പുറത്തുവിട്ട ആറാം അസ്സെസ്സ്മെന്റ് റിപ്പോർട്ടിന്റെ രണ്ടാം ഭാഗം (Climate Change 2022: Impacts, Adaptation and Vulnerability) കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളുടെയും പ്രതിരോധശേഷിയുടെയും കാര്യത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നില നിൽക്കുന്ന അസമത്വത്തെ കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ഊർജ്ജം പകർന്നിരിക്കുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാനയങ്ങൾ രൂപീകരിക്കുമ്പോൾ കാലാവസ്ഥാനീതി അതിന്റെ കേന്ദ്രപരിഗണനയായിരിക്കണം എന്ന് ആധികാരികമായി വ്യക്തമാക്കുന്ന ആദ്യത്തെ IPCC റിപ്പോർട്ട് ആണ് ഇത്. ഇതിനു പുറമെ, "ഇന്നത്തെ ലിംഗസമത്വം സുസ്ഥിരമായ നാളേക്ക്" എന്നതായിരുന്നു 2022ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം. കാലാവസ്ഥാമാറ്റത്തെയും പ്രകൃതിദുരന്തങ്ങളെയും പ്രതിരോധിക്കുന്നതിൽ ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഈ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാനീതി എന്തെന്നും എങ്ങനെ കൈവരിക്കാമെന്നും പരിശോധിക്കാം.
എന്താണ് കാലാവസ്ഥാനീതി?
ലോകം മുഴുവൻ കാലാവസ്ഥാമാറ്റത്തെ കുറിച്ച് ചർച്ച ചെയ്യുകയും അതിന്റെ പരിണിതഫലങ്ങളുടെ കയ്പ്പ് അറിഞ്ഞുതുടങ്ങുകയും ചെയ്യുന്ന സമയമാണല്ലോ ഇത്. എന്നാൽ കാലാവസ്ഥാമാറ്റം എല്ലാവരെയും ഒരുപോലെ അല്ല ബാധിക്കുന്നത് എന്ന തിരിച്ചറിവാണ് കാലാവസ്ഥാനീതി എന്ന ആശയത്തിന്റെ അടിസ്ഥാനം. കാലാവസ്ഥാമാറ്റത്തിന്റെ അനന്തരഫലങ്ങൾ – അത് ഉയരുന്ന സമുദ്രനിരപ്പാവട്ടെ വെള്ളപ്പൊക്കമോ വരൾച്ചയോ ആകട്ടെ ആരോഗ്യപ്രശ്നങ്ങളാവട്ടെ സാമൂഹിക-സാമ്പത്തികപ്രശ്നങ്ങളാകട്ടെ വിവിധ ജനസമൂഹങ്ങളെ വിവിധ രീതിയിലും തീവ്രതയിലുമാണ് ബാധിക്കുന്നത്. ഉദാഹരണത്തിന് സമ്പന്നരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദരിദ്രരാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ച് കാർഷികരാജ്യങ്ങളും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളും കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ അനന്തരഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാമാറ്റം സംബന്ധിച്ച ഈ അസമത്വത്തിനു കാരണമാകുന്ന പല ഘടകങ്ങളുമുണ്ട് - അത് സമ്പത്ത്, വംശം, ലിംഗഭേദം, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉള്ള അധികാരവിന്യാസം ആവാം, ഭൂമിശാസ്ത്രപരമായ സവിശേഷതകളിലെ വൈവിധ്യം ആവാം ജനങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും ആവാം.
അധികാരഘടന
സാമ്പത്തികനില, ലിംഗഭേദം, വംശീയ വേർതിരിവ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ സമൂഹത്തിൽ അധികാരഘടന രൂപപ്പെട്ടിട്ടുണ്ട്. ഈ ഘടനകളിലെ വിവിധ തട്ടുകളിൽ ഉള്ളവരെ വിവിധ തീവ്രതയിലാണ് കാലാവസ്ഥാമാറ്റം ബാധിക്കുന്നത്. ഉദാഹരണത്തിന്, ആഗോളതലത്തിൽ കൂടുതൽ വംശീയന്യൂനപക്ഷങ്ങൾ താഴ്ന്ന ഭൂപ്രദേശത്ത് ജീവിക്കുന്നതായും അതുകൊണ്ട് തന്നെ ഈ ജനവിഭാഗങ്ങൾ കൂടുതൽ പ്രളയബാധിതരാകുന്നതായും IPCC കണ്ടെത്തിയിരുന്നു. സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വികസനവും പ്രകൃതിവിഭവങ്ങളും ഉള്ള രാജ്യങ്ങൾ പ്രകൃതിക്ഷോഭങ്ങൾ പ്രവചിക്കാനും അതിജീവിക്കാനും കൂടുതൽ യത്നിക്കേണ്ടിവരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകൾ ആയതിനാലും നിലവിലെ പുരുഷകേന്ദ്രീകൃതവ്യവസ്ഥിതി മൂലവും കാലാവസ്ഥാമാറ്റം പുരുഷന്മാരേക്കാൾ സ്ത്രീകളെ കൂടുതൽ മോശമായി ബാധിക്കുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭൂപ്രകൃതി
പ്രദേശത്തിന്റെ ഭൂപ്രകൃതി കാലാവസ്ഥാമാറ്റത്തിന്റെ ആഘാതത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഉദാഹരണത്തിന് താഴ്ന്ന ഭൂപ്രദേശങ്ങൾ കൂടുതലുള്ള മംഗോളിയ പോലുള്ള രാജ്യങ്ങൾ ഉയർന്ന ഭൂപ്രദേശങ്ങളെക്കാൾ കൂടുതൽ പ്രളയങ്ങൾ നേരിടേണ്ടി വരുന്നു. വരണ്ട പ്രദേശങ്ങൾ തുടർച്ചയായ വരൾച്ചകൾക്കും നേപ്പാൾ പോലെയുള്ള പർവ്വത പ്രദേശങ്ങൾ കൂടുതൽ ഗ്ലോഫുകൾക്കും (GLOF- Glacial Lake Outburst Flood) സാക്ഷ്യം വഹിക്കേണ്ടി വരുന്നു.
ആരോഗ്യം
പ്രായം, അസുഖങ്ങൾ തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ആ വ്യക്തിയുടെ കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാനുള്ള കഴിവിനെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് നിലവിലെ അസുഖങ്ങൾ കൊണ്ട് അവശത അനുഭവിക്കുന്നവരും വൃദ്ധരും ഉയർന്ന അന്തരീക്ഷ താപനിലയും വായു മലിനീകരണവും കാരണം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാനിടയുണ്ട്. പാരിസ്ഥിതിക ആഘാതങ്ങൾ കാരണം പലായനം ചെയ്യേണ്ടി വരുമ്പോഴും പ്രകൃതിവിഭവങ്ങളുടെ ദൗർലഭ്യം ഉണ്ടാകുമ്പോഴും താരതമ്യേന ആരോഗ്യം കുറഞ്ഞവരാണ് കൂടുതൽ ക്ലേശിക്കുന്നത്.
കൂടുതൽ സങ്കീർണ്ണമായ ചിത്രം
മേല്പറഞ്ഞവയെല്ലാം കാലാവസ്ഥാമാറ്റം സംബന്ധിച്ച അസമത്വങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും ഇവയെ വെവ്വേറെ ഘടകങ്ങളായി സമീപിക്കാതെ പരസ്പരം ചേർത്തുവച്ച് വായിക്കുമ്പോളാണ് കാലാവസ്ഥാനീതി ആവശ്യപ്പെടുന്ന സാഹചര്യത്തിന്റെ പൂർണ്ണവും സങ്കീർണവുമായ ചിത്രം ലഭിക്കുക. ഉദാഹരണത്തിന് സമ്പത്ത് അടിസ്ഥാനപ്പെടുത്തി പരിശോധിക്കുകയാണെങ്കിൽ കൂടുതൽ ഉയർന്ന വരുമാനമുള്ള ജനവിഭാഗം കുറഞ്ഞ വരുമാനമുള്ള വിഭാഗത്തേക്കാൾ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നുണ്ട്. മറിച്ച്, സമ്പന്നരാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്രരാജ്യങ്ങളെ കാലാവസ്ഥാമാറ്റം കൂടുതൽ ബാധിക്കുന്നുണ്ട്. എന്നാൽ ഈ വർഗ്ഗീകരണത്തിനകത്ത് തന്നെ ലിംഗഭേദം, പ്രായം തുടങ്ങിയ ഘടകങ്ങൾ കൂടുതൽ വേർതിരിവുകൾക്ക് കാരണമാകുന്നു. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥാനയങ്ങൾ രൂപീകരിക്കുമ്പോൾ ഭൂഘടന, സാമ്പത്തികഘടന എന്നിവയെ നീതിയുക്തമായി സമീപിക്കുമ്പോഴും ലിംഗഭേദം അടിസ്ഥാനപ്പെടുത്തിയുള്ള അസമത്വങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടുകയോ സ്ത്രീകളും ലൈംഗികന്യൂനപക്ഷങ്ങളും വേണ്ടത്ര പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യാറില്ല. 2007ലെ COP13നോട് അനുബന്ധിച്ച് the Global Gender and Climate Alliance (GGCA) രൂപീകൃതമായ ശേഷമാണ് UNFCCC(United Nations Framework Convention on Climate Change)യുടെ കാലാവസ്ഥാനയങ്ങളിൽ ലിംഗഭേദം ഒരു പ്രധാനഘടകമായി വന്നത്. സമാന ഭൂപ്രകൃതി ഉള്ള വ്യത്യസ്ത പ്രദേശങ്ങളുടെ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള ശേഷി സാമ്പത്തികനിലവാരം, വികസനം തുടങ്ങിയവയെ അനുസരിച്ചിരിക്കുന്നു. ആരോഗ്യ പരിപാലനസംവിധാനം കുറഞ്ഞ ഒരു രാജ്യത്ത്, അല്ലെങ്കിൽ അത്തരം സംവിധാനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ഈ പ്രശ്നങ്ങൾ കൂടുതൽ തീവ്രമാകും. ഉദാഹരണത്തിന് താഴ്ന്ന ഭൂപ്രദേശങ്ങൾ ആയ ബംഗ്ലാദേശും നെതർലാൻഡ്സും സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങളെ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതികളിലാണ്. കൂടുതൽ സാങ്കേതികശേഷിയും സാമ്പത്തികശേഷിയും ഉള്ള നെതർലാൻഡ്സിനു ബംഗ്ലാദേശിനേക്കാൾ കാര്യപ്രാപ്തിയോടെ പാരിസ്ഥിതിക ആഘാതങ്ങളെ ചെറുക്കാൻ സാധിക്കും.
കാലാവസ്ഥാമാറ്റം സൃഷ്ടിച്ചത് ആര്?
1850 നു ശേഷം ഏകദേശം 2500 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് മനുഷ്യർ അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയിട്ടുള്ളത്. കാർബൺ ബഡ്ജറ്റ് അനുസരിച്ച് 2050 ഓടെയുള്ള ആഗോളതാപനിലയിലെ വർദ്ധനവ് വ്യവസായ വിപ്ലവത്തിന് മുൻപ് ഉള്ളതിൽ നിന്നും 1.50C യിൽ പിടിച്ചു നിർത്തണമെങ്കിൽ 500 ഗിഗാടൺ കാർബൺ മാത്രമാണ് ഇനി പുറന്തള്ളാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ പ്രവർത്തനഫലമായുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെയും അത് കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെയും കാലാവസ്ഥാമാറ്റത്തിന്റെയും ചരിത്രപരമായ ബാദ്ധ്യത ഏതേത് ജനസമൂഹങ്ങൾക്കാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഓക്സ്ഫാം ഇന്റർനാഷണലും സ്റ്റോക്ക്ഹോം എൻവയോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ടും (Oxfam International, Stockholm Environmental Institute) ചേർന്ന് 2020 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1990 മുതൽ 2015 വരെയുള്ള 25 വർഷങ്ങളിൽ ഏറ്റവും ദരിദ്രരായ 50% ജനങ്ങൾ, അതായത് സാമ്പത്തികനില അനുസരിച്ച് ലോകജനസംഖ്യയിലെ ഏറ്റവും താഴെ കിടക്കുന്ന പകുതി, പുറന്തള്ളിയ കാർബണിന്റെ പങ്ക് ആകെ പുറന്തള്ളലിന്റെ 7% ആണ്. അതിന്റെ രണ്ട് ഇരട്ടിയാണ് (15%) ഏറ്റവും സമ്പന്നരായ 1% ജനങ്ങൾ മാത്രം പുറന്തള്ളിയത്. ഒന്നാം IPCC റിപ്പോർട്ടിനും പാരീസ് ഉടമ്പടിക്കും ഇടയിലുള്ള ഈ 25 വർഷങ്ങളിൽ ആകെ പുറന്തള്ളിയ കാർബണിന്റെ 52% പുറന്തള്ളിയത് ഏറ്റവും സമ്പന്നരായ 10% ജനങ്ങൾ ആണ്. വാർഷിക കാർബൺ പുറന്തള്ളലിൽ 60% വർധനവാണ് ഈ കാലയളവിൽ സംഭവിച്ചത്. ഈ വർധനവിന്റെ 37% സംഭവിച്ചത് ഏറ്റവും സമ്പന്നരായ 5% ജനങ്ങളിൽ നിന്നാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിനു ശേഷം US, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വിവിധ സമ്പന്നരാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കുകയും ഒരു നൂറ്റാണ്ടിൽ ഏറെയായി ഹരിത ഗൃഹവാതകങ്ങൾ വലിയ തോതിൽ പുറന്തള്ളുകയും ചെയ്യുന്നു. ചരിത്രപരമായി കാലാവസ്ഥാ മാറ്റത്തിന്റെ ബാധ്യതയിൽ വലിയൊരു പങ്ക് വഹിക്കുന്നത്, ഇതിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം അനുഭവിച്ച ഈ രാജ്യങ്ങൾ തന്നെയാണ്. മറിച്ച് കാലാവസ്ഥാമാറ്റത്തിലേക്ക് ഏറ്റവും കുറച്ച് സംഭാവന ചെയ്ത രാജ്യങ്ങളാണ് ഏറ്റവും ബാധിക്കപ്പെടുന്നത് താനും. കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അതിതീവ്ര ദിനാന്തരീക്ഷാവസ്ഥ (extreme weather events) ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളെയാണ്. ആഗോളതാപനം 20C ലേക്ക് എത്തുന്നത് ആഫ്രിക്കയിലെ പകുതിയോളം ജനങ്ങളെ പോഷകാഹാരക്കുറവിലേക്ക് നയിക്കും എന്നാണു ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം എല്ലാ രാജ്യങ്ങൾക്കും തുല്യമായി വിതരണം ചെയ്യുന്നത് നീതിയുക്തമല്ലാത്തതിനാൽ ഉത്തരവാദിത്തത്തിനു ആനുപാതികമായി രാജ്യങ്ങൾ നടപടികൾ കൈക്കൊള്ളണമെന്ന് UNFCCC ശുപാർശ ചെയ്തിട്ടുണ്ട്.
അനീതി മൂന്നുമടങ്ങാകുമ്പോൾ
കാലാവസ്ഥാനീതിയോട് ബന്ധപ്പെടുത്തി ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണ് ട്രിപ്പിൾ ഇൻജസ്റ്റിസ് (triple injustice). ദുർബലരും പാർശ്വവല്കൃതരുമായ വിഭാഗങ്ങൾ കാലാവസ്ഥാമാറ്റം സംബന്ധിച്ച് നേരിടുന്ന അനീതി അടിസ്ഥാനപരമായി നിലനിൽക്കുന്ന അനീതിയുടെ മൂന്നിരട്ടി ആണെന്നാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം കാലാവസ്ഥാമാറ്റത്തിലേക്ക് നയിച്ച ഘടകങ്ങളിൽ ചരിത്രപരമായി ഏറ്റവും കുറഞ്ഞ പങ്കു വഹിച്ചത് ഈ വിഭാഗങ്ങൾ ആണ്. കാലാവസ്ഥാമാറ്റത്തിന്റെ അനന്തരഫലങ്ങളെ നേരിടാനും അതിജീവിക്കാനമുള്ള ഇവരുടെ ശേഷി മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പരിമിതമായത് കൊണ്ട് ഇവർ നേരിടുന്ന അനീതി രണ്ടു മടങ്ങാകുന്നു. ഇതിനു പുറമെ ആഗോളതലത്തിൽ കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ ഇവരും അതിന്റെ ഭാഗഭാക്കാവേണ്ടി വരികയും അതിന്റെ ഫലമായി സാമ്പത്തികബാധ്യതയും കൂടുതൽ സാമൂഹിക ധ്രുവീകരണവും അസമത്വവും നേരിടേണ്ടി വരികയും ചെയ്യുന്നു. ഇതോടെ ഈ വിഭാഗങ്ങൾ നേരിടേണ്ടി വരുന്ന അനീതി മൂന്നിരട്ടിയായി വർധിക്കുകയാണ്.
കാലാവസ്ഥാനീതി - മുന്നേറ്റങ്ങൾ
''കാലാവസ്ഥാനീതി' എന്ന പദം പ്രയോഗത്തിൽ വന്നിട്ട് അധികം കാലമായിട്ടില്ലെങ്കിലും കാലാവസ്ഥാമാറ്റം രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക പ്രശ്നമായി മാറിയ സമയം മുതൽ തന്നെ കാലാവസ്ഥാനീതിയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 1992 ൽ UNFCCC രൂപപ്പെട്ടപ്പോൾ തന്നെ കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തിന്റെയും ബാധ്യതയുടെയും അസമത്വത്തെക്കുറിച്ച് ബോധ്യമുണ്ട്. 2000 ത്തിൽ ഹേഗിൽ നടന്ന ഒന്നാം കാലാവസ്ഥാനീതി ഉച്ചകോടിയുടെ (Climate Justice Summit) പ്രധാനലക്ഷ്യം സുസ്ഥിരവികസനത്തിനു വേണ്ടി കാലാവസ്ഥാമാറ്റത്തെ മനുഷ്യാവകാശപ്രശ്നം എന്ന രീതിയിൽ സമീപിക്കുക എന്നതായിരുന്നു. 2002ഇൽ ജൊഹന്നസ്ബർഗിൽ വിവിധ പരിസ്ഥിതിസംഘടനകളുടെ നേതൃത്വത്തിൽ നടന്ന Earth Summitഇൽ The Bali Principles of Climate Justice എന്ന പേരിൽ അറിയപ്പെടുന്ന കാലാവസ്ഥാനീതിയുടെ 27 പ്രമാണങ്ങൾ രൂപീകൃതമായി. 2004 ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് Durban Group for Climate Justice, 2007 ൽ ബാലിയിൽ വച്ച് Climate Justice Now! എന്നിവ രൂപം കൊണ്ടു. 2008 ൽ ജനീവയിൽ വച്ച് നടന്ന Global Humanitarian Forum ന്റെ സമ്മേളനത്തിൽ കാലാവസ്ഥാനീതി ആയിരുന്നു മുഖ്യവിഷയം. 2015 ൽ സുപ്രധാനമായ പാരീസ് ഉടമ്പടി രൂപീകരിക്കുകയും ആഗോളതാപനിലയിലെ വർദ്ധനവ് 1.50C ൽ പിടിച്ചു നിർത്തുന്നതിനായുള്ള നിർദേശങ്ങൾ മുന്നോട്ട് വക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥാനീതിയെ കുറിച്ചുള്ള ചർച്ചകൾ ഉണരുകയും ചെയ്തു. ഇവക്ക് പുറമെ 295,000 ലധികം വ്യക്തികളുടെയും 403 സംഘടനകളുടെയും ഒപ്പുകളോട് കൂടിയ People's Demands for Climate Justice, The Mary Robinson Foundation - Climate Justice, Fridays for Future തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ, ഗ്രെറ്റ തുൻബെർഗിന്റെ പ്രവർത്തനങ്ങൾ എന്നിവ എടുത്തുപറയേണ്ടതാണ്.
2021 ൽ ഗ്ലാസ്ഗോയിൽ വച്ച് നടന്ന 26-ാമത് United Nations Climate Change Conference (COP26)ൽ വച്ച് രൂപം കൊണ്ട ഗ്ലാസ്സ്ഗോ കാലാവസ്ഥാ കരാറിൽ (Glasgow Climate Pact) ഇരുനൂറോളം രാജ്യങ്ങൾ ഒപ്പുവച്ചു. ആഗോളതാപനം 1.50Cൽ ഒതുക്കുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഗ്ലാസ്ഗോ കരാർ അറിയപ്പെടുന്നുവെങ്കിലും കാലാവസ്ഥാനീതിക്ക് യാതൊരു പ്രസക്തിയും നൽകാത്ത ഒന്നായിഇത് വിമർശിക്കപ്പെടുന്നു. കാലാവസ്ഥാനീതി എന്നത് ചെറിയ രീതിയിൽ പരാമർശിക്കപ്പെട്ട ഒരു വിഷയം മാത്രമായി ഒതുങ്ങുകയും ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിൽ വലിയ പങ്കു വഹിച്ച സമ്പന്നരാജ്യങ്ങളുടെ ഏറിയ ഉത്തരവാദിത്തം കരാറിൽ പ്രതിഫലിക്കപ്പെടാതെ പോവുകയും ചെയ്തു. കാലാവസ്ഥാനീതിക്ക് പ്രാധാന്യം നൽകാതെ, വികസിതരാജ്യങ്ങളുടെ താല്പര്യങ്ങളെ അനുകൂലിക്കുന്ന ഒന്നായി ഗ്ലാസ്ഗോ കരാറിനെ ഇന്ത്യയുൾപ്പെടെ യുള്ള രാജ്യങ്ങൾ വിമർശിച്ചു. അതേ സമയം കൽക്കരി ഉപയോഗം 'അവസാനിപ്പിക്കുക' എന്നതിന് പകരം 'കുറച്ചു കൊണ്ടു വരുക' എന്ന ഇന്ത്യയുടെ നിലപാടിനെ മിക്ക വികസിത രാജ്യങ്ങളും ശക്തമായി അപലപിച്ചു. 2018ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ (1.8 metric tonnes) ആഗോള ശരാശരിയേക്കാൾ (4.5 metric tonnes) വളരെ താഴെ ആയതിനാലും ഇന്ത്യയിലെ സാമൂഹികാവസ്ഥ അനുസരിച്ച് കൽക്കരി ഉപയോഗം അവസാനിപ്പിക്കുക എന്നത് വലിയ കടമ്പയായതിനാലും ഇന്ത്യയുടെ നിലപാട് വിമർശിക്കപ്പെടേണ്ടതില്ല എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു.
ആറാം IPCC അസ്സെസ്സ്മെന്റ് റിപ്പോർട്ടിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. 2021 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ആദ്യ ഭാഗത്തിൽ ( Climate Change 2021: The Physical Science Basis) കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും പുതിയ ശാസ്ത്രീയമായ പഠനങ്ങളും തെളിവുകളും ആണ് ചർച്ച ചെയ്തത്. 2022 ഫെബ്രുവരി 2നു പുറത്തു വിട്ട രണ്ടാം ഭാഗത്തിൽ (Climate Change 2022: Impacts, Adaptation and Vulnerability) കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങൾ വിവിധ ജനവിഭാഗങ്ങളെ വ്യത്യസ്തമായ രീതിയിൽ ബാധിക്കുന്നു എന്ന് ഊന്നിപ്പറയുന്നു. ആഗോളതലത്തിൽ കാലാവസ്ഥാ നയങ്ങൾ രൂപീകരിക്കുമ്പോൾ കാലാവസ്ഥാനീതി അതിന്റെ കേന്ദ്രപരിഗണനയായിരിക്കണം എന്ന് ആധികാരികമായി വ്യക്തമാക്കുന്ന ആദ്യത്തെ IPCC റിപ്പോർട്ട് ആണ് ഇത്. ഏകദേശം മുപ്പതിനാലായിരം ഗവേഷണഫലങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യയിൽ പകുതിയോളം പേർ കാലാവസ്ഥാമാറ്റം തീവ്രമായി ബാധിക്കുന്നവരാണ്. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ കാലാവസ്ഥാമാറ്റം കൂടിയ തോതിൽ ബാധിക്കുകയും നിലവിലുള്ള അസമത്വങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യും എന്ന് റിപ്പോർട്ട് പറയുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം കിഴക്ക്-പടിഞ്ഞാറ്-മധ്യ ആഫ്രിക്കൻ, തെക്കേ ഏഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോളദക്ഷിണമേഖല (Global South)യെയാണ് കാലാവസ്ഥാമാറ്റം ഏറ്റവും മോശമായി ബാധിക്കുന്നത്.
2010 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ സോമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രളയം, വരൾച്ച, കൊടുങ്കാറ്റ് എന്നീ കാലാവസ്ഥാദുരന്തങ്ങളിലെ ശരാശരി മരണനിരക്ക് UK, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാൾ 15 മടങ്ങ് കൂടുതൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വേണ്ടത്ര പ്രതിരോധമാർഗ്ഗങ്ങളിലൂടെ കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളെ ചെറുക്കാൻ സാധിച്ചില്ലെങ്കിൽ ഇത്തരം ദുർബലരാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഏറ്റവും വലിയ നാശനഷ്ടങ്ങൾ എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് തരുന്നുണ്ട്. കാലാവസ്ഥാമാറ്റം പരോക്ഷമായി ഭക്ഷണം, പാർപ്പിടം,ആരോഗ്യസംരക്ഷണം തുടങ്ങിയവയുടെ വിലവർദ്ധനവിനു കാരണമാകുമെന്നും അതുവഴി നിലവിലെ ദരിദ്രജനവിഭാഗങ്ങൾ കൂടുതൽ തീവ്രമായ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് 92 വികസ്വരരാജ്യങ്ങളിലെ ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 40% ജനങ്ങൾ ശരാശരി സമ്പത്തുള്ള ജനങ്ങളെക്കാൾ 70% കൂടുതൽ കാലാവസ്ഥാമാറ്റം കാരണമുള്ള നഷ്ടങ്ങൾക്ക് വിധേയരാവുന്നുണ്ട്. ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും നിലനിൽപ്പ് മനുഷ്യന്റെ നിലനില്പിനോളം തന്നെ പ്രാധാന്യത്തോടെ കാണണം എന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിനു മുമ്പുള്ള IPCC റിപ്പോർട്ടുകളെ അപേക്ഷിച്ച് കൂടുതൽ നീതിയുക്തമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രതീക്ഷ നൽകുന്ന റിപ്പോർട്ട് ആണ് ആറാമത്തേത് എന്ന് കാലാവസ്ഥാനീതി പ്രവർത്തകർ വിലയിരുത്തുന്നു.
കാലാവസ്ഥാനീതി എങ്ങനെ?
ദുർബലവിഭാഗങ്ങളുടെ അവകാശങ്ങളും നിലനില്പും സംരക്ഷിച്ചുകൊണ്ട് മനുഷ്യാവകാശത്തിൽ ഊന്നിക്കൊണ്ടുള്ള സമീപനം ആണ് കാലാവസ്ഥാനീതി എന്ന ആശയത്തിന്റെ കാതൽ. കാലാവസ്ഥാമാറ്റം സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തവും അതിന്റെ പരിണിതഫലങ്ങളുടെ തീവ്രതയും എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ അല്ലെന്ന് തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയാണ് കാലാവസ്ഥാനീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ഇത് ഏറെക്കുറെ നാം കൈവരിച്ചിട്ടുണ്ടെന്ന് പറയാം. അന്താരാഷ്ട്രതലത്തിൽ IPCC, UNFCCC തുടങ്ങിയവയുടെയും നിരവധി ഗ്രാസ്റൂട് പ്രസ്ഥാനങ്ങളുടെയും പ്രവർത്തനഫലമായി കാലാവസ്ഥാനീതി എന്നത് കാലാവസ്ഥാചർച്ചകളുടെ കേന്ദ്രവിഷയമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥാമാറ്റത്തെ ഒരു പാരിസ്ഥിതിക പ്രശ്നം എന്നതിലുപരി ധാർമികതയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നമായാണ് സമീപിച്ചു കാണുന്നത്.
കാലാവസ്ഥാചർച്ചകളിലും നയരൂപീകരണങ്ങളിലും ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്നതാണ് അടിയന്തിരമായി നടപ്പിലാക്കേണ്ട മറ്റൊരു നടപടി. കാലാവസ്ഥാമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗങ്ങൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഉള്ള ചർച്ചകളിൽ പോലും വേണ്ടത്ര പ്രതിനിധീകരിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഗവേഷണരംഗത്ത് പൊതുവിൽ നിലനിൽക്കുന്ന സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും കുറഞ്ഞ പങ്കാളിത്തം കാലാവസ്ഥാമാറ്റം സംബന്ധിച്ച ഗവേഷണങ്ങളിലും പ്രതിഫലിക്കപ്പെടുന്നുണ്ട്. ഇത്തരം വിടവുകൾ നികത്തിക്കൊണ്ട് തങ്ങളുടെ നാളേക്ക് വേണ്ടി സംസാരിക്കാൻ പാർശ്വവൽകൃതർക്ക് അവസരം ഒരുക്കുന്നതിലൂടെ കാലാവസ്ഥാനീതിയിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കും.
കാലാവസ്ഥാമാറ്റത്തെ കൈകാര്യം ചെയ്യാനുള്ള ലഘൂകരണം (mitigation-ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറച്ചുകൊണ്ട് കാലാവസ്ഥാമാറ്റത്തിന്റെ തീവ്രത കുറച്ചു കൊണ്ടുവരിക), അനുരൂപീകരണം (adaptation-നിലവിൽ ഉള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ കാലാവസ്ഥാമാറ്റത്തെ ഉൾക്കൊണ്ട് അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുക) എന്നീ നയങ്ങൾ പ്രവർത്തികമാക്കേണ്ടതിന്റെ ചുമതല വിവിധ വിഭാഗങ്ങളുടെ ചരിത്രപരവും നിലവിലുള്ളതുമായ ഉത്തരവാദിത്തത്തിനും ശേഷിക്കും അനുസൃതമായി വിതരണം ചെയ്യപ്പെടുക എന്നതാണ് മറ്റൊരു പ്രധാന നടപടി. ദരിദ്ര-പാർശ്വവത്കൃത വിഭാഗങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കാലാവസ്ഥാമാറ്റത്തെ ചെറുക്കേണ്ട ബാധ്യത അവരുടെ ശേഷിക്കും അപ്പുറത്താവുന്ന അവസ്ഥ കൂടുതൽ ദുരവസ്ഥയിലേക്കാണ് അവരെ എത്തിക്കുക. ഇങ്ങനെ മനുഷ്യാവകാശത്തിൽ ഊന്നിക്കൊണ്ടുള്ള നീതിയുക്തമായ പ്രതിരോധമാർഗ്ഗങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ കൂടുതൽ സാമൂഹിക-സാമ്പത്തിക ധ്രുവീകരണത്തിലേക്കാണ് ലോകം സഞ്ചരിക്കുക.
നിലവിൽ UNFCCC യും IPCC യും കാലാവസ്ഥാനീതി പ്രധാനവിഷയമായി ചർച്ച ചെയ്യുകയും നിർദേശിക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ വ്യവസായിക രാജ്യങ്ങൾ മുൻനിരയിൽ നിൽക്കുകയും ദുർബലരാജ്യങ്ങളെ സാമ്പത്തികമായും സാങ്കേതികമായും സജ്ജമാക്കാൻ സഹായിക്കുകയും ചെയ്യണം എന്നാണു UNFCCC യും IPCC യും നിർദേശിക്കുന്നത്. വ്യാവസായിക/സമ്പന്ന രാജ്യങ്ങൾ കാലാവസ്ഥാമാറ്റത്തിലെ തങ്ങളുടെ ഉത്തരവാദിത്തത്തിന്റെ അനുപാതം അനുസരിച്ച് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. സമ്പന്നരാജ്യങ്ങൾ ഏറ്റവും ദുർബലമായ രാജ്യങ്ങൾക്ക് കാലാവസ്ഥാസൗഹൃദവികസനം സാധ്യമാക്കുന്നതിനായി ഹ്രസ്വ-കാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സഹായം ചെയ്യേണ്ടതുണ്ട് (കോപ്പൻഹേഗൻ ഉച്ചകോടി, 2009). കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്കും പ്രതിരോധനപ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സാങ്കേതികസഹായവും (CO2 ദുരീകരണത്തിനുള്ള മാർഗങ്ങൾ, ക്ലീൻ എനർജി സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്ന വിളകൾ തുടങ്ങിയവ) വികസിത രാജ്യങ്ങളിൽ നിന്ന് ദുർബല രാജ്യങ്ങളിലേക്ക് ഒഴുകേണ്ടതുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ചരിത്രപരമായി തന്നെ തങ്ങളുടെ ചുമതലയാണെന്നും ദുർബലരുടെ അവകാശമാണെന്നും വികസിതരാജ്യങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
സമ്പത്ത് അടിസ്ഥാനത്തിലുള്ള കാലാവസ്ഥാനീതി ഏറെക്കുറെ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ UNFCCയും IPCCയും മുന്നോട്ടു വക്കുന്നുണ്ടെങ്കിലും ലിംഗഭേദം, വംശഭേദം മുതലായവ മൂലമുള്ള അസമത്വങ്ങൾ ഇനിയും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ദുർബലവിഭാഗങ്ങൾ കൂടുതൽ പ്രതിനിധീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാനീതി അതിന്റെ എല്ലാ അർത്ഥത്തിലും സ്ഥാപിച്ചെടുക്കണമെങ്കിൽ സമഗ്രമായ വീക്ഷണവും വിഭാവനവും പ്രവർത്തനങ്ങളുമായി ഇനിയും നാം ഏറെ ദൂരം വളരെ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്.
References
- https://www.ipcc.ch/assessment-report/ar6/
- https://www.ipcc.ch/report/sixth-assessment-report-working-group-ii/
- https://www.oxfam.org/en/research/carbon-inequality-2030
- https://www.un.org/sustainabledevelopment/blog/2019/05/climate-justice/
- https://www.carbonbrief.org/analysis-which-countries-are-historically-responsible-for-climate-change
- https://www.mrfcj.org/Geography_of_Climate_Justice_Introductory_Resource.pdf
- https://oxfordre.com/view/10.1093/acrefore/9780190228620.001.0001/acrefore-9780190228620-e-412
- https://insideclimatenews.org/news/11032022/ipcc-report-climate-justice/
- https://www.newstatesman.com/culture/history/2018/11/it-s-delusion-everyone-equally-responsible-climate-change
- https://www.downtoearth.org.in/climate-change
- https://www.tandfonline.com/doi/full/10.1080/09644016.2013.835203
- http://content.usatoday.com/communities/greenhouse/post/2011/03/climate-change-impact-injustice/1#.Vb53mXjSZek
- https://www.boell.de/de/node/270716
- https://www.theguardian.com/environment/2020/sep/21/worlds-richest-1-cause-double-co2-emissions-of-poorest-50-says-oxfam