TMJ
searchnav-menu
post-thumbnail

Outlook

കാലാവസ്ഥ മാറി, നമ്മൾ മാറിയിട്ടില്ല

30 Aug 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: PEXELS

ഗസ്റ്റ് മാസം ആദ്യവാരത്തില്‍ കേരളത്തിലുണ്ടായ അതിതീവ്ര മഴ ഏറെ ദുരിതം വിതച്ചിരുന്നു. സംസ്ഥാനത്തുടനീളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങളോളം അടച്ചിടുകയും ചെയ്തു. അതിന് സമാനമായ മഴയാണ് കഴിഞ്ഞ രണ്ടുദിവസമായി മധ്യകേരളത്തിലുണ്ടാവുന്നതും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിലവില്‍ മഴ കേന്ദ്രീകരിച്ചിരിക്കുന്നത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒട്ടേറെ ഇടങ്ങളില്‍ മിന്നല്‍ പ്രളയങ്ങളുണ്ടാവുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തു. എറണാകുളം നഗരത്തില്‍ പലയിടത്തും മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള വെള്ളപ്പൊക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എം ജി റോഡ്, ഹൈക്കോടതി തുടങ്ങി നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം വെള്ളമുയര്‍ന്നു.

മധ്യകേരളത്തിന് മുകളിലായി രൂപപ്പെട്ടിരിക്കുന്ന മേഘക്കൂട്ടമാണ് മഴയ്ക്ക് കാരണമായതെന്നാണ് കൊച്ചി സര്‍വ്വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എസ് അഭിലാഷ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഒറ്റപ്പെട്ട സംഭവമെന്ന രീതിയില്‍ കാണുന്നതിനുമപ്പുറം കേരളത്തിലെ കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റമെന്ന നിലയിലും ഈ സ്ഥിതിവിശേഷത്തെ കാണേണ്ടതായുണ്ട്. ലോകത്തെങ്ങുമെന്നപോലെ കേരളവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മഴ നഗരത്തെ വെള്ളത്തിലാക്കുന്നതിലും അധികമായി, കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നുവരേണ്ടത്. ഡോ അഭിലാഷിന്റെ തന്നെ അഭിപ്രായത്തില്‍, കേരളത്തിലെ മഴക്കാലം എന്നേക്കുമായി മാറിക്കഴിഞ്ഞു, ഇനി നാമതിനെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുപോയേ പറ്റൂ.

കേരളത്തിന്റെ സവിശേഷതകള്‍

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും. ഈ കിഴക്ക്-പടിഞ്ഞാറ് അതിരുകള്‍ക്കിടയില്‍ അങ്ങേയറ്റം 120 കിലോമീറ്റര്‍ ദൂരം (ചിലയിടത്ത് ഇത് വെറും 35 കിലോമീറ്റർ). ഭൂമിശാസ്ത്രപരമായ ഇത്തരം സവിശേഷതകളും ഭൗമ-അന്തരീക്ഷ തലത്തില്‍ നടക്കുന്ന പലതരം പ്രക്രിയകളുമെല്ലാമാണ് കേരളത്തിന്റെ കാലാവസ്ഥയും ജീവിതരീതികളും വാര്‍ത്തെടുത്തത്. ആറു മാസത്തോളം പെയ്യുന്ന മഴയ്ക്ക് അതില്‍ പ്രത്യേക സ്ഥാനമുണ്ട്. അതിലേറ്റവും പ്രധാനമാവട്ടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന കാലവര്‍ഷവും. നൂറ്റാണ്ടുകളായി കേരളം കണ്ടുപോരുന്ന ഈ മഴക്കാലത്തിന്റെ രീതി പതിയെ മാറിക്കൊണ്ടിരിക്കുകയാണ്, എന്നെന്നേക്കുമായി. കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്തെ വലയ്ക്കുന്ന നിലയിലാണ് മഴക്കാലമെത്തുന്നത്. ജൂണിലും ജൂലൈയിലും തുടര്‍ച്ചയായി മഴ പെയ്യുകയും, ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നതായിരുന്നു കാലവര്‍ഷത്തിന്റെ രീതി. ഇപ്പോള്‍ ഇതില്‍ മാറ്റം വരുകയും, ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴപെയ്ത്ത് ശരാശരിയ്ക്ക് താഴെയായശേഷം ഓഗസ്റ്റ് മാസത്തിലെ ഏതാനും ദിവങ്ങളില്‍ ഈ കുറവ് നികത്താന്‍പോന്ന വിധം മഴ തകര്‍ത്തുപെയ്യുകയും ചെയ്യുന്നു.

Representational image: wiki commons

മലയാളികള്‍ക്ക് മഴക്കാലത്തോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തിയ വര്‍ഷമായിരുന്നു 2018. പലരുടെയും ഓര്‍മകളില്‍ പോലുമില്ലാത്ത വിധം പ്രളയവും കെടുതികളും കേരളത്തിലാകെയുണ്ടായി. 2018 ഓഗസ്റ്റിലുണ്ടായ ദുരന്തം വലിയ പാഠങ്ങളും തിരിച്ചറിവുകളും സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. തുടര്‍ന്നുള്ള വര്‍ഷത്തെ മഴക്കാലത്തും പലയിടങ്ങളിലും സമാനമായ അനുഭവങ്ങളുണ്ടായതോടെ കാലാവസ്ഥാ വ്യതിയാനം തങ്ങളുടെ തീരത്തുമെത്തിക്കഴിഞ്ഞെന്ന് മലയാളികളിലധികവും മനസ്സിലാക്കുകയുണ്ടായി. തുടര്‍ച്ചയായി വലിയതോതില്‍ മഴ പെയ്യുന്ന മറ്റൊരു ഓഗസ്റ്റു മാസംകൂടി വരുമ്പോള്‍, 2018, 2019 വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് ഉദ്യോഗസ്ഥരും വകുപ്പുകളുമെല്ലാം മുന്നൊരുക്കങ്ങളും തയ്യാറെടുപ്പ് യോഗങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി ഓഗസ്റ്റ് ആദ്യവാരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശാസ്ത്രീയമായ തയ്യാറെടുപ്പുകളുമായി ഒരുങ്ങി നില്‍ക്കുന്നത് ശ്ലാഘനീയംതന്നെ. എന്നാല്‍, വര്‍ഷാവര്‍ഷം മഴക്കെടുതികള്‍ നിയന്ത്രണ വിധേയമാക്കി ആശ്വാസം കണ്ടെത്തുന്നതില്‍ മാത്രമായി ഒതുങ്ങിക്കൂടാ അധികാരികളും ജനസമൂഹവും.

ചതുരശ്ര കിലോമീറ്ററില്‍ 895 പേര്‍ ജീവിക്കുന്ന ജനസാന്ദ്രത എറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം, ഒപ്പം ഭൂവിസ്തൃതി കുറഞ്ഞതും (38,863 sq km). പ്രളയവും ഉരുള്‍പൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ വലിയ മുന്നൊരുക്കങ്ങളാവശ്യപ്പെടുന്ന സവിശേഷതകളാണിവ. ഭൂമിശാസ്ത്രപരമായ പ്രത്യേകത, ഭൂ ഉപയോഗ രീതി, നഗരവല്‍ക്കരണം എന്നിവയുടെയെല്ലാം ആകെത്തുകയായിട്ടാവും കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അനുഭവവേദ്യമാവുക.

വ്യാപകമായ ഉരുള്‍പൊട്ടലുകള്‍, സോയില്‍ പൈപ്പിംഗ് എന്നിവപോലുള്ള പ്രതിഭാസങ്ങളെ ഫലവത്തായി നേരിടുന്നതിന് വികസന കാഴ്ചപ്പാടില്‍ വലിയ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളോടൊപ്പം അല്ലെങ്കില്‍ അവയേക്കാളധികം പ്രാധാന്യത്തോടെ പരിസ്ഥിതിയെ കരുതണം. എന്നാല്‍, പ്രളയങ്ങള്‍ അനവധിയുണ്ടായിട്ടും വര്‍ഷാവര്‍ഷം മാറിവരുന്ന മഴക്കാലത്തെ പഠിക്കാനും ശരിയായ മനോഭാവത്തോടെ കാലാവസ്ഥാ വ്യതിയാനത്തെ ഉള്‍ക്കൊള്ളാനും നമുക്കായിട്ടുണ്ടോയെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. അടിസ്ഥാന സൗകര്യ വികസനവും മറ്റു വന്‍കിട വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തിനു മുന്നേയെന്നപോലെ സമഗ്രമായ ആഘാത പഠനങ്ങളില്ലാതെയും, ഭൗമ-പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുക്കാതെയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നുവെന്നത് ആശങ്കാകരമാണ്.

മലയാളിയുടെ ആഹാരശീലത്തിലും കടലിന്റെ സ്വാധീനമേറെയുണ്ട്. അതോടൊപ്പം കേരളതീരത്തെ വലിയ വിഭാഗം ജനതയുടെ ഉപജീവനമാര്‍ഗവുമാണ് അറബിക്കടല്‍. എന്നാല്‍, മുന്‍പ് ധാരാളമായി ലഭിച്ചിരുന്ന മത്സ്യയിനങ്ങള്‍ പലതും കടലില്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

മാറുന്ന അറബിക്കടല്‍

അറബിക്കടലിലുണ്ടാവുന്ന ഓരോ ചെറിയ മാറ്റവും കേരളത്തെ നേരിട്ട് ബാധിക്കും. ആഗോളതാപനത്തിന്റെ ഫലമായി കടല്‍നിരപ്പുയരുന്നത് കേരളതീരത്തെ പതിയെ വിഴുങ്ങുമെന്നത് പുതിയ അറിവല്ല. അതിനുമപ്പുറം, മാറുന്ന മഴക്കാലവും ഏറിവരുന്ന തീവ്ര-അതിതീവ്ര മഴയുടെ തോതുമെല്ലാം സമുദ്രത്തിലെ മാറ്റങ്ങളുടെ ഉല്‍പ്പന്നം കൂടെയാണ്. കടലിന്റെ അടിത്തട്ടിലെയും മേല്‍ത്തട്ടിലെയും താപനില, മേലെ ചലിക്കുന്ന കാറ്റിനെ സ്വാധീനിക്കും. അറബിക്കടലിന്റെ കാര്യത്തില്‍ ഈ താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. എസ് അഭിലാഷ് പറയുന്നു. കടലിന്റെ താപനില കുറവായിരുന്ന കാലത്ത് അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ വിരളമായിരുന്നു. എന്നാല്‍ താപനില ഉയര്‍ന്നശേഷം ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും നിരന്തരമുണ്ടാവുന്നു. 2001-2019 കാലയളവില്‍ അറബിക്കടലിലെ ചുഴലിക്കാറ്റുകള്‍ 52 ശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരീയോളജിയുടെ പഠനമുദ്ധരിച്ച് 'ഡൗണ്‍ റ്റു എര്‍ത്ത്' മാഗസിന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മലയാളിയുടെ ആഹാരശീലത്തിലും കടലിന്റെ സ്വാധീനമേറെയുണ്ട്. അതോടൊപ്പം കേരളതീരത്തെ വലിയ വിഭാഗം ജനതയുടെ ഉപജീവനമാര്‍ഗവുമാണ് അറബിക്കടല്‍. എന്നാല്‍, മുന്‍പ് ധാരാളമായി ലഭിച്ചിരുന്ന മത്സ്യയിനങ്ങള്‍ പലതും കടലില്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഉള്‍ക്കടലില്‍ പോകുന്ന ബോട്ടുകള്‍ പലതും മത്സ്യമില്ലാതെയും നഷ്ടമുണ്ടാക്കുന്ന നിലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. കടലിന്റെ ഭാവമാറ്റവും ഇന്ധനവിലയിലെ ഉയര്‍ച്ചയുമെല്ലാം മത്സ്യബന്ധനത്തെ വമ്പന്‍ മൂലധന ശക്തികള്‍ക്ക് മാത്രം ഉതകുന്നതാക്കിമാറ്റുന്നു.

കാര്‍ഷിക സമൂഹമായിരുന്ന കാലം മുതല്‍ക്ക് കൈമാറിപ്പോന്ന പരമ്പരാഗതമായ കാലാവസ്ഥാ അറിവുകളൊക്കെ തെറ്റിപ്പോകുന്ന സ്ഥിതിയുമുണ്ട്. 2016ല്‍ മഴക്കുറവുമൂലം കടുത്ത വരള്‍ച്ചയുണ്ടായപ്പോള്‍ ഹെക്റ്റര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പരന്നുകിടന്നിരുന്ന മഴക്കാലം, ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ ചെറുകാലയളവുകളില്‍ തീവ്ര-അതിതീവ്ര മഴ പെയ്യുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഇക്കാര്യങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍, കേരളത്തിന്റെയാകെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലുള്ള ആശങ്കയും ഉയരുന്നുണ്ട്. വര്‍ഷാവര്‍ഷം പോഷകാഹാരക്കുറവുമൂലം ദശലക്ഷക്കണക്കിന് മരണങ്ങളുണ്ടാവുന്ന രാജ്യമാണ് ഇന്ത്യ.

representational Image: PTI

ഇനി വേണ്ടത് കാലാവസ്ഥാ സാക്ഷരത

കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചുള്ള അറിവുകള്‍ പൊതുബോധത്തില്‍ നിറയേണ്ട കാലം അതിക്രമിച്ചു. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള അവബോധവും, സാക്ഷരതയും വലിയ മാറ്റങ്ങളിലേക്ക് വഴിവെച്ചതുപോലെ, കാലാവസ്ഥാ സാക്ഷരതയും ജനങ്ങളിലേക്കെത്തണം. അപ്പോള്‍ മാത്രമേ സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും മേല്‍ ഉചിതമായ സമ്മര്‍ദ്ദമുണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം, തങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും മുകളിലുള്ള ദുരന്ത ബോംബിനെ വിലകുറച്ചുകാണുന്ന ദുരവസ്ഥയുണ്ടാകും കേരള സമൂഹത്തിന്.

തീരദേശം, മലയോരമേഖല, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്കാലം ദുരിതപൂര്‍ണമാവുന്നത് തുടര്‍ക്കഥയാവുന്നു. ഓരോ മഴക്കാലവും ഇതുപോലെ ദുരിതം വിതയ്ക്കുന്നത് കേരളംപോലെ ഏറെ സവിശേഷതകളുള്ള ഭൂപ്രദേശത്തിന് താങ്ങാനാവുന്നതല്ല. സംസ്ഥാനത്ത്, വികസനത്തിന്റെ ഓരോ ഘട്ടത്തിലും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളേക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കാഴ്ചകളും ഉള്‍ക്കൊള്ളിക്കാതെ പോകുന്നത് വലിയ അബദ്ധമാവുമെന്നതില്‍ തെല്ലും സംശയം വേണ്ട. ഈ മഴക്കാലത്ത് എല്ലാവിധ ശ്രദ്ധയും മഴയിലും മണ്ണിലും കാലാവസ്ഥയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മഴയുടെ തീവ്രത അടങ്ങുന്നതോടെ ഇത് മറ്റു ചെറുകാര്യങ്ങളിലേക്ക് നീങ്ങും. ഈ സ്ഥിതി തികച്ചും ദൗര്‍ഭാഗ്യകരമാണ്. മഴക്കാലത്തെ കെടുതികള്‍ക്ക് കിട്ടുന്ന അതേ ശ്രദ്ധയും ചര്‍ച്ചകളും കാലാവസ്ഥാ വ്യതിയാനത്തിലേക്ക് കടക്കുന്നില്ലെങ്കില്‍ മൗലികമായ യാതൊന്നും നമ്മളുള്‍ക്കൊള്ളുന്നില്ലെന്നുവേണം അനുമാനിക്കാന്‍.

Leave a comment