TMJ
searchnav-menu
post-thumbnail

Outlook

വര്‍ഗീയ മതപരതയും രാഷ്ട്രീയകൊലകളും

19 Apr 2022   |   1 min Read
കെ പി സേതുനാഥ്

ര്‍ഗീയമായ മതപരത കേരളത്തിലെ രാഷ്ട്രീയ കൊലകളിലെ വ്യക്തമായ ചേരുവയായി മാറിയെന്നാണ് പാലക്കാടും ആലപ്പുഴയിലും സമീപകാലത്തുണ്ടായ കൊലപാതകങ്ങള്‍ നല്‍കുന്ന സൂചന. പ്രകടമായ മതസ്വത്വത്തില്‍ തങ്ങളുടെ രാഷ്ട്രീയം ഉറപ്പിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന ഹിംസയെന്ന നിലയിലാണ് വര്‍ഗീയത രാഷ്ട്രീയ കൊലകളുടെ സ്വഭാവമായി മാറുന്നുവെന്ന ഉത്ക്കണ്ഠയുടെ അടിസ്ഥാനം. കേരളത്തില്‍ പരിചിതമായ ആര്‍എസ്സ്എസ്സ്-സിപിഎം സംഘര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു മണ്ഡലത്തിലാണ് മതവര്‍ഗീയ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന കക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷം അരങ്ങേറുന്നത്. ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യവും പോപ്പുലര്‍ ഫ്രണ്ട്-എസ്സ്ഡിപിഐ സഖ്യവുമാണ് ആലപ്പുഴയിലും, പാലക്കാടുമുണ്ടായ കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ എന്നാണ് പൊതുവേയുള്ള അനുമാനം. കൊലപാതകത്തിന്റെ ആസൂത്രണ മികവില്‍ ഇരുകൂട്ടരും ഒരുപോലെ ശേഷിയുള്ളവരായി വളര്‍ന്നിരിക്കുന്നു. എതിരാളികളെ അസ്തപ്രജ്ഞരാക്കുന്ന വേഗതയില്‍ പകരത്തിന് പകരമുള്ള കൊലകളില്‍ പ്രകടമാകുന്ന വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും വ്യക്തമായ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്നതില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍ കൈവരിച്ച ശേഷിയും കഴിവും തെളിയിക്കുന്നു. പകരത്തിന് പകരമെന്ന സമവാക്യത്തിനൊപ്പം പൊതുസമൂഹത്തെയാകെ ഭീതിയുടെ നിഴലില്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണമെന്ന നിലയിലും കൊലയുടെ ഗതിവേഗം പ്രവര്‍ത്തിക്കുന്നു. പൊലീസ് സംവിധാനത്തിലും, ഭരണ നിര്‍വഹണത്തിലും സംഭവിക്കുന്ന വീഴ്ചകളുടെ ഉദാഹരണമായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും കേരളത്തിലെ ഭരണസംവിധാനത്തെ കരിവാരി തേയ്ക്കുന്നതിനായി തല്‍പ്പരകക്ഷികള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തനങ്ങളായി സിപിഎം-ന്റെ നേതൃത്വത്തിലുള്ള ഭരണക്കാരും പതിവുപോലെ നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ മാത്രമായി ഈ വിഷയത്തെ കാണാനാവില്ല. വര്‍ഗീയമായ മതപരതയുടെ രാഷ്ട്രീയത്തില്‍ വിരാജിക്കുന്ന കൂട്ടര്‍ നടത്തുന്ന കൊലപാതകങ്ങളും, ഹിംസകളും മുന്‍കൂട്ടി കാണാനും അവ തടയുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന രഹസ്യന്വേഷണ സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന വീഴ്ച അമ്പരിപ്പിക്കുന്നതാണ്. ശരാശരി ഡിറ്റക്ടീവ് നോവലുകളിലെ സംഭ്രമജനകമായ വിവരണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ മാധ്യമ പ്രവര്‍ത്തകര്‍ വഴി പൊടിപ്പും തൊങ്ങലും വച്ച ചില വിവരങ്ങള്‍ പുറത്തുവിടുന്നതിന് പകരം നടപടിയെടുക്കാന്‍ പറ്റുന്ന (Actionable Intelligence) തരത്തിലുള്ള എന്തു വിവരങ്ങളാണ് ഈ ഏജന്‍സികള്‍ നല്‍കുന്നതെന്ന് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യവും പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സഖ്യവും തങ്ങളുടെ വര്‍ഗീയ-വിഭാഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ പരിപോഷിപ്പിക്കുന്ന വിശദീകരണങ്ങളുമായി കളം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ആ ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നു.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവവും അവരുടെ സ്വാധീന മേഖലകളുടെ വ്യാപനവും, ശക്തിപ്പെടലും ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ പുതിയ വിഷയമല്ല. 1980കള്‍ മുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണത്.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന ശക്തികളാണെന്നും അവരെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങള്‍ നേരെയാവുമെന്നുമുള്ള സാമ്പ്രദായിക പുരോഗമന-ലിബറല്‍ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കേരളത്തിലെ വര്‍ഗീയമായ രാഷ്ട്രീയ കൊലപാതകങ്ങളെ വിശദീകരിയ്ക്കാനാവുമെന്ന് തോന്നുന്നില്ല. സംഘികളും, സുഡാപ്പികളുമെന്ന ആക്ഷേപങ്ങളും, ഭരണഘടനയെന്ന നേര്‍ച്ചക്കുറ്റിയിലെ സ്ഥിരനിക്ഷേപങ്ങളും കഴിച്ചാല്‍ ലിബറല്‍-പുരോഗമന ആഖ്യാനങ്ങള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവവും അവരുടെ സ്വാധീന മേഖലകളുടെ വ്യാപനവും, ശക്തിപ്പെടലും ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ പുതിയ വിഷയമല്ല. 1980കള്‍ മുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണത്. മാധ്യമങ്ങളിലെ ഉള്ളടക്കമെന്ന നിലയിലുള്ള നിരന്തര സാന്നിദ്ധ്യം മുതല്‍ ഗഹനങ്ങളായ സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ വരെ അവയില്‍ ഉള്‍പ്പെടുന്നു. 1947ല്‍ ഉടലെടുത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൊളോണിയല്‍ തുടര്‍ച്ചകളും, ഇടര്‍ച്ചകളും, ഭരണകൂടാധികാരത്തിന്റെ നീതീകരണത്തിനായുള്ള പുതിയ രാഷ്ട്രീയഭാവനകള്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അനിവാര്യമായും സംഭവിക്കുന്ന അവസരവാദപരമായ ഒത്തുതീര്‍പ്പുകളും നീക്കുപോക്കുകളും, മത-ജാതി ബോധങ്ങളില്‍ സംഭവിച്ച/സംഭവിക്കുന്ന പുനര്‍ഭാവനകളും, പുനര്‍ നിര്‍ണ്ണയങ്ങളും, ദേശീയ-പ്രാദേശിക തലങ്ങളിലെ സമൂഹത്തിന്റെ വിവിധ അടരുകളില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍, അധികാരബന്ധങ്ങളിലെ അസമത്വങ്ങള്‍ തുടങ്ങിയ നിരവധി വൈവിദ്ധ്യങ്ങളായ വിഷയങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചരിത്രവും, വര്‍ത്തമാനവും നിര്‍ണ്ണയിക്കുന്നതില്‍ ഇപ്പോള്‍ സുപ്രധാനമായ ചേരുവകളാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയും, മുസ്ലീം ലീഗിനെയും, വിവിധ നിറങ്ങളിലുള്ള സംഘപരിവാരിനെയും, വിഭജനത്തെയും പറ്റിയുള്ള ബ്രഹദ് ആഖ്യാനങ്ങളില്‍ നിന്നും അവരവര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ തെരഞ്ഞെടുത്ത 'ഇന്‍ഫര്‍മേഷന്‍ ക്യാപ്‌സൂളുകളെ' അടിസ്ഥാനമാക്കിയുള്ള 'മതേതര-വര്‍ഗീയ' ആഖ്യാനങ്ങള്‍ വിവരണാത്മകമായ വിശദീകരണങ്ങള്‍ക്കപ്പുറം നാം നേരിടുന്ന വിപത്തിനെ മനസ്സിലാക്കുവാന്‍ ഫലപ്രദമല്ല. ലിബറല്‍-പുരോഗമന ആഖ്യാനങ്ങളുടെ പരിമിതികളെ പറ്റി അടുത്തിടെ അന്തരിച്ച ഐജാസ് അഹമ്മദ് മുന്നോട്ടുവച്ച വിമര്‍ശനങ്ങളുടെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ സാര്‍ത്ഥകമായ ഫലം തരിക.

ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടെ ചരിത്രത്തില്‍, പ്രത്യേകിച്ചും 1947നു ശേഷമുള്ളവയില്‍, രണ്ടു പ്രവണതകള്‍ വ്യക്തമായും കാണാവുന്നതാണ്. സംഘപരിവാരം മുന്നോട്ടു വയ്ക്കുന്ന ഭൂരിപക്ഷ ഭരണകൂട സ്ഥാപനമെന്ന (Majoritarian State) ലക്ഷ്യത്തിനായുള്ള ബ്രഹദ് ആഖ്യാനങ്ങളെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന എണ്ണമറ്റ വൈരുദ്ധ്യങ്ങളുമായി സങ്കലനം ചെയ്യുന്നതില്‍ അവര്‍ കൈവരിച്ച നേട്ടമാണ് അതില്‍ പ്രധാനം. പലപ്പോഴും ഭരണകൂട സംവിധാനത്തിന്റെ മൗനാനുവാദത്തോടെയാണ് ഈ പ്രക്രിയ അരങ്ങേറിയിട്ടുള്ളത്. ബാബ്‌റി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ പൊടുന്നനെ വിഗ്രഹം പ്രത്യക്ഷപ്പെടുന്ന ചരിത്രം മുതല്‍ നിരവധി സംഭവങ്ങള്‍ അതിനുള്ള ഉദാഹരണങ്ങളാണ്. കൃത്യമായ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യുന്ന ഹിംസകളാണ് മറ്റൊരു പ്രധാന ഉപകരണം. വര്‍ഗീയരാഷ്ട്രീയം കൃത്യമായ ലക്ഷ്യത്തോടെ ഹിംസ ഉപയോഗപ്പെടുത്തുന്നതിന്റെ മാതൃകകളാണ് ചില ഉത്തര-പശ്ചിമ-കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടക്കിടെ അരങ്ങേറുന്ന ലഹളകള്‍. 1960കളില്‍ മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ നിലയില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. 1961ല്‍ മധ്യപ്രദേശിലെ ജബല്‍പ്പൂരീലാണ് 1947ന് ശേഷം ഇന്ത്യയില്‍ വര്‍ഗീയ ലഹള ഉണ്ടാവുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു ഹിന്ദു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാണ് ലഹളക്ക് തുടക്കമിട്ടതെന്ന് ജബല്‍പ്പൂരിലെ അന്നത്തെ അസ്സിസ്റ്റന്റ് കളക്ടറായിരുന്ന പ്രദീപ് കെ ലാഹിരി ഡീകോഡിംഗ് ഇന്റോളറന്‍സ് എന്ന തന്റെ കൃതിയില്‍ വെളിപ്പെടുത്തുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്സ്എസ്സ്-ജനസംഘം നടത്തിയ വിഷലിപ്തമായ വര്‍ഗീയ പ്രചാരണവും അദ്ദേഹം വിവരിക്കുന്നു. 1970കളില്‍ പൊതുവെ വര്‍ഗീയ ലഹളകള്‍ കുറവായിരുന്നു. എന്നാല്‍ 1980കളോടെ അവ വീണ്ടും സംഹാരരൂപം പൂണ്ടു.

1960കള്‍ മുതല്‍ ഇതുവരെയുള്ള വര്‍ഗീയ ലഹളകളുടെ ചരിത്രത്തില്‍ തെളിയുന്ന രണ്ടു പ്രവണതകള്‍ കൂടി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന്റെ പക്ഷപാതപരമായ ഇടപെടലാണ് ഒന്നാമത്തേത്. പ്രത്യേകിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍. ഹിന്ദു-മുസ്ലീം സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള ശണ്ഠ വളരെ താമസിയാതെ മുസ്ലീങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷമായി മാറുന്നതായി പ്രദീപ് ലാഹിരി അഭിപ്രായപ്പെടുന്നു. ഇരു സമുദായങ്ങളിലെയും സാധാരണക്കാരായ വ്യക്തികളല്ല ലഹളയുടെ കാരണക്കാര്‍ എന്നാണ് വിഷയം ആഴത്തില്‍ പഠിച്ചിട്ടുള്ള അസ്കർ അലി എഞ്ചിനീയറുടെ വിലയരുത്തല്‍. ഇരു സമുദായങ്ങളിലെയും പ്രമാണിമാര്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ആയിരിക്കും പലപ്പോഴും ലഹളയായി രൂപാന്തരപ്പെടുകയെന്ന് ടീസ്റ്റ സ്റ്റെതല്‍വാദുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറയുന്നു. രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭം മുതല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ എത്തുന്നതുവരെയും അതിനു ശേഷവുമുള്ള കാലഘട്ടത്തിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വേരുകള്‍ വളരെ ആഴത്തില്‍ പതിഞ്ഞതാണെന്ന ബോധത്തോടെ ഈ വിഷയത്തെ സമീപിക്കുന്നതിലൂടെ മാത്രമാണ് അതിനെതിരായ ചെറുത്തുനില്‍പ്പുകളും സാധ്യമാവുക.

ഇന്ത്യയുടെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളം ഇത്തരം ശക്തികളുടെ സ്വാധീനങ്ങളില്‍ നിന്നും മുക്തമാണെന്ന ധാരണ മിഥ്യയാണെന്ന സൂചനയാണ് ആലപ്പുഴയിലും, പാലക്കാടും നടന്ന കൊലപാതകങ്ങള്‍ നല്‍കുന്ന സന്ദേശം. മറ്റുള്ള സംസ്ഥാനങ്ങളിലെ പോലെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലഹളകള്‍ക്കു പകരം മിന്നലാക്രമണങ്ങള്‍ ആയിരിക്കും കേരളത്തിലെ വര്‍ഗീയ ഹിംസയുടെ പൊതുഭാവമെന്നും ഒരു പക്ഷെ വിലയിരുത്താനാവും. ചരിത്ര-ഭൂമിശ്ശാസ്ത്രപരമായ കാരണങ്ങളാല്‍ ചില മതവിഭാഗക്കാരുടെ കേന്ദ്രീകൃതമായ സാന്നിദ്ധ്യം ചില പ്രദേശങ്ങളില്‍ ഒഴിച്ചാല്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ പൊതുവെ ഇടകലര്‍ന്നു ജീവിക്കുന്ന കേരളത്തിലെ ആവാസ വ്യവസ്ഥയില്‍ ഭീതിയുടെ നിഴലുകള്‍ നിലനിര്‍ത്താന്‍ മിന്നലാക്രമണങ്ങള്‍ മതിയാവും.

ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യവും, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സഖ്യവും സ്വയം നീതീകരണത്തിനായി മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍ ഏവര്‍ക്കും സുപരിചിതമായതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരുകൂട്ടരും പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന നിഗമനങ്ങളിലെ ലഘൂകരണം പോലെയാണ് പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ സഖ്യത്തെ ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യവുമായി താരതമ്യം ചെയ്യാനാവില്ലെന്ന വിലയിരുത്തലുകളും. ഒന്നിനൊന്നു താരതമ്യം ഇരുകൂട്ടരും തമ്മില്‍ സാധ്യമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ഭൂരിപക്ഷ ഭരണകൂടമെന്ന (Majoritarian State) തങ്ങളുടെ ലക്ഷ്യം നേടാന്‍ ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യം നിലവിലുള്ള ഭരണ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം 2014 മുതല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിച്ചിരിക്കുന്നു. കേന്ദ്ര ഭരണസംവിധാനം മാത്രമല്ല ബിജെപി അധികാരം കൈയാളുന്ന സംസ്ഥാനങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ തങ്ങളുടെ വിഷലിപ്തമായ ആശയങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും നീതീകരണം നേടുന്ന ആര്‍എസ്സ്എസ്സ്-ബിജെപി സഖ്യത്തെ പ്രതിഹിംസയിലൂടെ നേരിടാനാവുമെന്ന പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ സഖ്യത്തിന്റെ വീക്ഷണം ആത്മഹത്യപരമായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. രാഷ്ട്രീയ ഇസ്ലാമിന്റെ നിലപാടുകള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗരേഖയാകുമ്പോള്‍ പറയാനുമില്ല.

Leave a comment