കോണ്‍ഗ്രസ്സും കൊലപാതക രാഷ്ട്രീയവും
ഒരു രാഷ്ട്രീയ കൊലപാതകം കൂടി കേരളത്തില്‍ നടന്നിരിക്കുകയാണ്. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ 21 വയസ്സുകാരന്‍ ധീരജ് രാജേന്ദ്രന്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ നിയോജക മണ്ഡലം പ്രസിഡണ്ടായ നിഖില്‍ പൈലി കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ കൊലകള്‍ അത്യപൂര്‍വ്വമായ സ്ഥലമല്ല കേരളം, എന്നാല്‍ കേരളത്തിലെ ക്യാപസുകള്‍ കുറച്ചു കാലമായി ശാന്തമായിരുന്നു. വീണ്ടും ക്യാപസിനുള്ളില്‍ ചോരവീണുവെന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്. ഇതിനോടനുബന്ധിച്ച് രണ്ടു കാര്യങ്ങൾ തുറന്നു പറയേണ്ടതുണ്ട്. ഒന്ന്, ഈയടുത്ത കാലത്തായി കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ബാധിച്ചിരിക്കുന്നത് സിപിഐ(എം)ന്റെ പ്രവര്‍ത്തകരെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടോളം സിപിഐ(എം) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.ടിപി ചന്ദ്രശേഖരന്റെ വധവും അതിന് ശേഷം നടന്ന പെരിയ ഇരട്ടക്കൊലയും, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും സിപിഐ(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കുമേറ്റ ഏറ്റവും വലിയ തിരിച്ചടികള്‍ കൂടിയായിരുന്നു. ഏത് തലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതാണെങ്കിലും ഇന്നും അതിന്റെ പേരില്‍ കേരളത്തിലെ സിപിഐ(എം) വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇതിനു പിന്നാലെ സിപിഐ(എം) കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ബോധപൂര്‍വമായ ഒരു തീരുമാനം എടുത്തതായി നമ്മൾ മനസിലാക്കേണ്ടതുണ്ട്. പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന് ഒരിക്കല്‍ പറഞ്ഞിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് നടത്തിയിട്ടുള്ള പ്രസ്താവനകളെല്ലാം കായികമായി തിരിച്ചടിക്കരുത് എന്ന രീതിയിൽ തന്നെയാണ്. ഇന്നലെ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇത്തരം കൊലപാതകങ്ങളിലൂടെ കോണ്‍ഗ്രസ്സ് ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടും എന്നാണ്.
അടുത്ത കാലത്ത് കേരളത്തില്‍ നടന്ന മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍, ഒന്ന് തൃശൂരില്‍ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായ ചെറുപ്പക്കാരന്‍ പിന്നീട് പത്തനംതിട്ടയില്‍ സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയായ മറ്റൊരു ചെറുപ്പക്കാരൻ അവസാനമായി ഇടുക്കിയില്‍ ഇന്നലെ നടന്നത്. ഈ മൂന്ന് പേരും കൊല്ലപ്പെടുന്നത് പ്രത്യേകമായ എന്തെങ്കിലും സംഘര്‍ഷത്തിലല്ല. തൃശൂരിലും പത്തനംതിട്ടയിലും പ്രതികള്‍ ആര്‍എസ്‌എസ് കാരാണ് ഇടുക്കിയില്‍ കോൺഗ്രസ്സുകാരനും. ഈ മൂന്ന് കേസിലും പ്ലാന്‍ ചെയ്ത് കരുതികൂട്ടി കൊല ചെയ്യുക എന്നത് തന്നെയാണ് നമ്മള്‍ കാണുന്നത്. നിലവില്‍ കേരളത്തില്‍ ഭരണം കൈയാളുന്ന സിപിഐ(എം)ന്റെ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം കൊല ചെയ്യപ്പെടുന്നു എന്നത് അത്യന്തം ഖേദകരമാണ്, അതുപോലെ അപകടകരവുമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ കൊലപാതകങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലുണ്ടാകുന്ന രോഷപ്രകടനങ്ങള്‍ ശ്രദ്ധിച്ചാൽ മനസിലാവുന്ന ഒരു കാര്യം ഇതിനെല്ലാം തിരിച്ചടി നല്‍കണമെന്ന ചിന്ത സിപിഎം അണികളിലുണ്ടാവുന്നുണ്ട്. ഇത് നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു ജോലിയാണ്. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ അണികള്‍ക്ക് കടിഞ്ഞാണിടുന്നതിന് സിപിഐ(എം)നെ സംബന്ധിച്ച് ഒരു പരിമിതിയുണ്ട്. സാധാരണ ഗതിയില്‍ സിപിഐ(എം) അക്രമം നടത്തുമ്പോൾ കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നും സാമൂഹിക- സാംസ്കാരിക രംഗത്ത് നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട് ഇത് സിപിഐ(എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോൾ ഉണ്ടാകുന്നില്ല എന്നത് ഒട്ടും സുഖകരമായ കാര്യമല്ല. സിപിഐ(എം) പ്രവര്‍ത്തകര്‍ പ്രതികളാവുമ്പോള്‍ മാത്രം നടക്കുന്ന ഓഡിറ്റ് എന്നത് ജനാധിപത്യത്തിലെ തുല്യനീതിയെന്ന സങ്കല്‍പ്പത്തെ ഉയര്‍ത്തിപ്പിടിക്കുന്നതല്ല. ഇത് സിപിഐഎം പ്രവര്‍ത്തകരില്‍ കൂടുതല്‍ രോഷമുണ്ടാക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഏകപക്ഷീയമായ വിചാരണ ഇതിലേക്ക് എണ്ണ പകര്‍ന്നു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇടതുപക്ഷത്തിന് അധികാരത്തിലിരിക്കെ ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ട് മുന്നോട്ട് പോകാനാവില്ല. എന്നാല്‍ പ്രയോഗിക രാഷ്ട്രീയത്തില്‍ സാധാരണ പ്രവര്‍ത്തകരുടെ വൈകാരികതയെന്നത് കണക്കിലെടുക്കേണ്ട വിഷയം തന്നെയാണ്. കേരള സമൂഹം ഈയൊരു വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണം. കൊലപാതകം ഒരു രാഷ്ട്രീയ പ്രക്രിയയല്ല എന്ന് തീരുമാനിച്ച മട്ടില്‍ സിപിഐഎം പെരുമാറുമ്പോള്‍ തിരിച്ച് ആ മട്ടില്‍ തന്നെ തിരിച്ച് പെരുമാറേണ്ടതിന്റെ ഉത്തരവാദിത്തം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്, കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കുമുണ്ട്. അല്ലെങ്കില്‍ സിപിഐഎം തിരിച്ച് അക്രമിച്ച് കളയും എന്നല്ല, പകരം അതിലൊരു നീതിബോധത്തിന്റെ പ്രശ്നമുണ്ട് എന്നാണ് തിരിച്ചറിയേണ്ടത്.
രണ്ടാമത്തെ വിഷയം, ഒരു ചെറുപ്പക്കാരനെ അവന്റെ ക്യാംപസിലിട്ട് കുത്തിക്കൊന്ന ശേഷമുള്ള കോണ്‍ഗ്രസ്സിന്റെ പ്രതികരണമാണ്. ഇത്തരമൊരു ക്രിമിനല്‍ പ്രവൃത്തിയെ തള്ളിപ്പറയുന്നതിന് പകരം ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് അടക്കം ചെയ്യുന്നത്. അദ്ദേഹം പറയുന്നതു കേരളത്തിലെമ്പാടും കെഎസ്‌യു പ്രവര്‍ത്തകരുടെ ശവകുടീരങ്ങള്‍ ഉണ്ടെന്നാണ്. എന്നാല്‍ ഈ അവകാശവാദം വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. കേരളത്തിലെ ഒരു ക്യാംപസിലും ഒരു കെഎസ്‌യുക്കാരനും ഒരു എസ്എഫ്ഐക്കാരന്റെയും കുത്തേറ്റ് മരിച്ചിട്ടില്ല എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. കൊലപാതക രാഷ്ട്രീയത്തെ പരിപൂര്‍ണമായി തള്ളിക്കളയുക എന്നതാണു ഏറ്റവും ചുരുങ്ങിയതായി കേരളത്തിലെ കോണ്‍ഗ്രസ്സിന് നിലവില്‍ ചെയ്യാനാവുക. ഈ കൊലപാതക വാര്‍ത്തയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന കമന്റുകളില്‍ ‘ഇത് തിരിച്ചടിക്കാന്‍ ശേഷിയുള്ള കെ സുധാകരന്റെ കോണ്‍ഗ്രസ്സാണ്' എന്നൊക്കെയുള്ള വെല്ലുവിളികളാണ് കാണാനാവുന്നത്. ഇത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വളരെ അപകടകരമായ ഒരു അവകാശവാദമാണ്. കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റേത് അതിഭീകരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി വളര്‍ന്നു വന്ന ചരിത്രമല്ല. ഇതിന് വിരുദ്ധമായി കണ്ണൂരില്‍ കെ.സുധാകരന്‍ ഡിസിസി പ്രസിഡന്റായിരുന്ന കുറച്ച് കാലത്താണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ട് കണ്ണൂരിലെ കോണ്‍ഗ്രസ്സിന് ഒരു പടി പോലും മുന്നോട്ട് പോകാന്‍ പറ്റിയിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും ആറും സീറ്റുകള്‍ ജയിച്ചിരുന്നിടത്ത് നിന്ന് രണ്ട് സീറ്റിലേക്ക് പോവുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് എത്തി നില്‍ക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കളയാം എന്ന് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം തീരുമാനിച്ചു കളഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ അതിനെ വകവെക്കില്ല എന്നതിന്‍റെ തെളിവാണിത്. സിപിഐ(എം) ഇത് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്രയധികം സീറ്റുകള്‍ ലഭിക്കാനുള്ള ഒരു കാരണം ഈ കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ മാറി നിന്നു എന്നതാണു. അതേ സമയം കാസര്‍ഗോഡ് പോലെയൊരു ലോക് സഭാ മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി തോല്‍ക്കാനുള്ള കാരണങ്ങളിലൊന്ന് പെരിയയിലെ ഇരട്ട കൊലപാതകം മാത്രമാണെന്നാണ് എന്റെ അഭിപ്രായം. ടിപി ചന്ദ്രശേഖരനെ കൊന്നതിന് എത്രയൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞാലും മനുഷ്യരുടെ മനസ്സില്‍ അവ മുറിവായി അവശേഷിക്കും. അതുകൂടി കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്യുക.
കേരളത്തിലെ കോണ്‍ഗ്രസ്സ് ഇത്തരത്തില്‍ ഇല്ലാത്ത കാരണങ്ങളുടെ പേരില്‍ കൊന്നുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍, അത് കെ.സുധാകരന്‍ കൊണ്ട് വന്ന പുതിയ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്സുകാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി പട്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ മനസിലാക്കണം. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസ്സുമടക്കം കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ്സ് പിടിച്ച് നിന്നത് രാഷ്ട്രീയ കൊലപാതകങ്ങളിലൂടെയാണ് എന്നൊക്കെയുള്ള വാദം തീര്‍ത്തൂം തെറ്റായ ഒന്നാണ്. അക്രമം നടത്തി അധികാരത്തില്‍ തിരിച്ചുവരും എന്നുള്ള കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായ സിപിഐ(എം)നു പോലുമില്ലാത്ത ഒരു തോന്നല്‍ കോണ്‍ഗ്രസ്സിന് ഉണ്ടാകാന്‍ പാടില്ല. കേരളം പോലെ അത്ര വലിയൊരു രാഷ്ട്രീയ ഭൂരിപക്ഷ ജനതയുള്ള ഒരു നാട്ടില്‍ കോണ്‍ഗ്രസ്സ് അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ആത്മഹത്യപരമായിരിക്കും എന്നേ പറയാനുള്ളൂ. കൊലപാതകം നടത്തില്ല എന്ന് മാത്രമല്ല ഏതെങ്കിലും കാരണവശാല്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കില്ല എന്ന് കൂടി തീരുമാനിച്ചുറപ്പിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ പലരും നേതൃനിരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതായി കോണ്‍ഗ്രസ്സ് അണികള്‍ തന്നെ കരുതുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈകാരിക പ്രതികരണങ്ങള്‍ നടത്തുന്ന ചിലയാളുകളാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ അടിത്തട്ട് എന്ന സാഹചര്യമുണ്ടാകരുത്. കാരണം ഇവിടുത്തെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്ന് മനസ്സിലാക്കി കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്യുക. കേരള സമൂഹത്തെ സംബന്ധിച്ച് കോണ്‍ഗ്രസ്സ് അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നത് ഗുണകരമാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സുകാരുടെ കൈകൊണ്ട് കൊല്ലപ്പെടുന്നത് പോലെ തന്നെ കേരള സമൂഹത്തിനു ഗുണകരമല്ലാത്ത ഒന്നായിരിക്കും കോണ്‍ഗ്രസ്സുകാര്‍ ഈ കൊലപാതകങ്ങളെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുന്നതും. ഈ രണ്ട് കാര്യങ്ങളും സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.