TMJ
searchnav-menu
post-thumbnail

Outlook

കോൺഗ്രസ് ചിന്തിച്ചില്ല, ചിന്തിക്കേണ്ടി വരുമോ തരൂരിന്

19 Oct 2022   |   1 min Read
ടി ജെ ശ്രീലാൽ

PHOTO: WIKI COMMONS

കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞു. മല്ലികാർജ്ജുന ഖർഗെ വിജയിച്ചു. ഇരുപത്തി നാല് വർഷങ്ങൾക്ക് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് പ്രസിഡണ്ടായി. ഈ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ. നെഹ്റു കുടുംബത്തിന്റെയും, ഹൈക്കമാണ്ട് നേതാക്കളുടേയും പരിപൂർണ പിന്തുണയുള്ള മല്ലികാർജ്ജുന ഖർഗെയെ, ശശി തരൂർ പരാജയപ്പെടുത്തുമെന്ന് ഈ തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും ആരും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് വൻ ഭൂരിപക്ഷത്തോടെ തന്നെ ഖർഗെ വിജയിക്കുമെന്നത് പ്രതീക്ഷിച്ചത് തന്നെ. പക്ഷെ പ്രതീക്ഷിച്ചതിനപ്പുറത്ത് ഈ തിരഞ്ഞെടുപ്പിൽ ഒന്നുമുണ്ടായില്ല എന്നല്ല ഈ പറഞ്ഞതിന് അർത്ഥം. കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഔദ്ദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എതിർ സ്ഥാനാർത്ഥി നാലക്കം കടക്കുന്നത്. അതിലൊന്ന് സുഭാഷ് ചന്ദ്രബോസാണ്. രണ്ടാമൻ പുരുഷോത്തം ദാസ് ഠാണ്ടനും. ഈ രണ്ട് പേരും അന്ന് ഔദ്ദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ചു. പരാജയപ്പെട്ടെങ്കിലും ശശി തരൂരിന് ലഭിച്ചത് 1400 ളം വോട്ടുകളാണ്. അതിശയിക്കേണ്ട 1400 എന്ന് തെറ്റി പറഞ്ഞതല്ല. ശശിതരൂരിന് ലഭിച്ച സാധുവായ വോട്ട് 1072 തന്നെ. അസാധുവായ 416വോട്ടിൽ ഭൂരിപക്ഷവും തരൂരിന്റെ പേരിൽ ചെയ്തവയാണ്. തെരഞ്ഞെടുപ്പ് അതോറിറ്റി ആദ്യം നിർദ്ദേശിച്ചത് പോലെ ശശി തരൂരിന്റെ പേരിനെതിരെ “ഒന്ന്” എന്ന് എഴുതിയവയാണ് ഇതിൽ ഭൂരിപക്ഷവും. അതുകൊണ്ടാണ് തരൂരിന് 1400 ളം വോട്ടുകൾ ലഭിച്ചു എന്ന് പറഞ്ഞത്. ഈ വോട്ടുകൾ അദ്ദേഹത്തിന്റെ പ്രതിച്ഛായ കൊണ്ട് മാത്രം കിട്ടിയതല്ല. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.

ഹൈക്കമാണ്ട് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നതായിരുന്നു ശശി തരൂർ ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശം. അസാധുവായവരിൽ ശശി തരൂരിന് വോട്ട് ചെയ്തവരെ കൂടി കണക്കിലെടുത്താൽ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പതിനഞ്ച് ശതമാനം പേർ തരൂരിന്റെ ഈ നിർദ്ദേശത്തെ പിന്തുണച്ചു എന്നതാണ് വ്യക്തമാകുന്നത്. ഈ പത്തുശതമാനത്തിന്റെ നിലപാട് ബാക്കിയുള്ള തൊണ്ണൂറ് ശതമാനം കൊണ്ട് മൂടുമോ പുതിയ നേതൃത്വം. അതിനുള്ള മറുപടിക്ക് പുതിയ പ്രവർത്തക സമിതിയെ തീരുമാനിക്കുന്നത് വരെ കാത്തിരുന്നാൽ മതിയാകും. നടപടികൾ പൂർത്തിയാകണമെങ്കിൽ എഐസിസി സമ്മേളനം ചേർന്ന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത നടപടിക്ക് അംഗീകാരം നൽകണം. അതേ സമ്മേളനത്തിൽ തന്നെ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കുകയും വേണം. പ്രസിഡണ്ടും പാർലമെന്റിലെ ഇരുസഭകളിലേയും കോൺഗ്രസ് പാർട്ടി നേതാക്കളുമടക്കം ഇരുപത്തിയാറു പേരാണ് പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങൾ. ഇവരിൽ പതിനൊന്ന് പേരെ പ്രസിഡണ്ടിന് നോമിനേറ്റ് ചെയ്യാം. ബാക്കി പന്ത്രണ്ടു പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. അതുകൂടി നടന്നാലെ പൂർണമായും തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്തിയെന്ന് കോൺഗ്രസിന് അവകാശപ്പെടാനും കഴിയൂ.

ഔദ്ദ്യോഗികപക്ഷത്തിന്റെ ആശീർവാദമുള്ള സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാനിറങ്ങിയ തരൂരിന്റെ ഭാവി എന്താകും. മുൻപ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച നേതാക്കളുടെ അനുഭവം തന്നെയാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരവും.

പുതിയ പ്രസിഡണ്ടിനെ സ്വാഗതം ചെയ്യാൻ ചേരുന്ന ആദ്യ സമ്മേളനത്തിൽ തന്നെ പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കുമോ? അതോ കോൺഗ്രസ് പ്രസിഡണ്ടിനെ ചുമതലപ്പെടുത്തുന്ന കഴിഞ്ഞ കാലങ്ങളിലെ ഒറ്റവരി പ്രമേയ രീതി ആവർത്തിക്കുമോ? ഈ നടപടിയാണ് തരൂർ നിർദ്ദേശിച്ച അധികാര വികേന്ദ്രീകരണത്തിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം. കഴിവുള്ളവർ അധികാര കേന്ദ്രങ്ങളിൽ എത്തണം. പ്രസിഡണ്ടായി ചുമതലയേറ്റതിന് പിന്നാലെ രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനമാണിത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് ഇതിനുള്ള നടപടികളും രാഹുൽ ഗാന്ധി അന്ന് പ്രഖ്യാപിച്ചു. പക്ഷെ അന്നത്തെ ആ വേദിക്കപ്പുറത്തേക്ക് ഈ പ്രഖ്യാപനങ്ങൾക്ക് ആയുസ്സുണ്ടായില്ല. ഖർഗെയും ആ പാത തന്നെ പിന്തുടരുമോ. പ്രത്യേകിച്ച് ഔദ്ദ്യോഗികപക്ഷത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് പ്രസിഡണ്ടായി വിജയിച്ചത് എന്നത് കൂടി പരിഗണിക്കുമ്പോൾ. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിയാലോചിക്കാതെ ഖർഗെ തീരുമാനങ്ങൾ എടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുത്തത്ര എളുപ്പത്തിൽ പക്ഷെ പ്രവർത്തക സമിതിയിലേക്ക് ഒപ്പം കൂടിയവരെ ജയിപ്പിച്ച് കൊണ്ട് വരാൻ നിലവിലെ ഹൈക്കമാണ്ടിന് കഴിയില്ല. മത്സരിക്കുന്നവരിൽ ഏറ്റവും അധികം വോട്ട് നേടുന്ന പന്ത്രണ്ട് പേരാകും വിജയിക്കുക. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടന്ന സാഹചര്യത്തിൽ പ്രവർത്തക സമിതിയിലേക്ക് നേതാക്കൾ മത്സരിക്കാൻ ഇറങ്ങിയാൽ ആർക്കും അവരെ കണ്ണുരുട്ടി പേടിപ്പിക്കാനാകില്ല. തീപാറുന്ന മത്സരം നടക്കും. നാമനിർദ്ദേശത്തിലൂടെ എത്തുന്നവർ ഒപ്പം നിൽക്കുമെങ്കിലും മത്സരിച്ച് വിജയിച്ചെത്തുന്നവർ അങ്ങനെ ചെയ്യണമെന്നില്ല. അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ പുതിയ പ്രസിഡണ്ടും അദ്ദേഹത്തെ നിയന്ത്രിക്കുന്നവരും തയ്യാറാകുമോ.

ഇനി എന്ത്?

തരൂർ നാമനിർദ്ദേശം നൽകിയത് മുതൽ ഉയരുന്ന ചോദ്യമാണിത്. ഔദ്ദ്യോഗികപക്ഷത്തിന്റെ ആശീർവാദമുള്ള സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാനിറങ്ങിയ തരൂരിന്റെ ഭാവി എന്താകും. മുൻപ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച നേതാക്കളുടെ അനുഭവം തന്നെയാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരവും. തരൂരിന് എന്തായാലും അത്തരമൊരു പ്രതിസന്ധിയുണ്ടാകില്ല. അതിന് കാരണങ്ങൾ പലതാണ്. തരൂർ മത്സരിക്കാനിറങ്ങുന്നതിന് മുമ്പ് തന്നെ അത് ഉറപ്പാക്കുകയും ചെയ്തിരുന്നു. സോണിയഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും അനുവാദത്തോടെയാണ് തരൂർ മത്സരത്തിനിറങ്ങിയത്. അങ്ങനെയൊരു തലത്തിലേക്ക് ഈ രണ്ട് ഹൈയസ്റ്റ് കമാണ്ട് നേതാക്കളേയും തരൂർ എത്തിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. രണ്ടാമത്തെ കാരണം നെഹ്റു കുടംബത്തിലെ ആർക്കും എതിരെയല്ല ശശി തരൂർ മത്സരിച്ചത്. അതുകൊണ്ട് തന്നെ തരൂരിന്റെ അതിരുകടന്ന നടപടിയുടെ കാഠിന്യം 2000 ത്തിൽ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദ ചെയ്തതോളം വരില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പിസിസികളിൽ തരൂരിനെ സ്വീകരിക്കാൻ പ്രസിഡണ്ടും ഭാരവാഹികളും എത്തിയില്ലെങ്കിലും പ്രതിഷേധങ്ങൾ നേരിടേണ്ടി വരാത്തത്ത് അതുകൊണ്ടാണ്. ജിതേന്ദ്ര പ്രസാദയ്ക്ക് എഐസിസിയിലേക്കും ഭൂരിപക്ഷം പിസിസികളിലേക്കും കടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അന്നത്തെ ആ പ്രതാപമൊന്നും കോൺഗ്രസ് പാർട്ടിക്ക് ഇന്നില്ല. ഇതിനെയൊക്കെക്കാൾ പ്രധാനപ്പെട്ട കാരണം പാർട്ടി അവകാശപ്പെടുന്നത് പോലെ ജനാധിപത്യ രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശശി തരൂരിനെ പോലെ രാജ്യാന്തരതലത്തിൽ പ്രശസ്തനായ നേതാവിനെ എങ്ങനെ തള്ളിപറയും എന്നതാണ്.

photo | twitter

സോണിയഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്കെതിരെയും ഔദ്ദ്യോഗിക നടപടിയൊന്നുമുണ്ടായില്ല. പക്ഷെ ഡൽഹിയിൽ നിന്ന് തന്നെ അദ്ദേഹത്തിന് ഒഴിഞ്ഞു പോകേണ്ടി വന്നു. അത്രയ്ക്ക് രൂക്ഷമായിരുന്നു നേതാക്കളുടേയും പ്രവർത്തകരുടേയും പ്രതികരണങ്ങൾ. തരൂരിന്റെ കാര്യത്തിൽ അതും എളുപ്പമല്ല. തുടക്കം മുതൽ തരൂർ ഏതാണ്ട് ഒറ്റയാനായിരുന്നു. സോണിയയും രാഹുലും ഒഴികെ ഹൈക്കമാണ്ടിലേയും പിസിസികളിലേയും നേതാക്കൾക്ക് അദ്ദേഹം എന്നും നൂലിൽ കെട്ടിയിറക്കിയ നേതാവായിരുന്നു. കേരളത്തിലെ നേതാക്കളുടെ സമീപനം പോലും മറിച്ചായിരുന്നില്ല. വിശുദ്ധ പശു, ഐപിഎൽ വിവാദങ്ങൾ വന്നപ്പോഴും തരൂരിന് വ്യക്തിപരമായ ചില പ്രതിസന്ധികൾ വന്നപ്പോഴും അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കാനായിരുന്നു കേരളത്തിൽ നിന്നുള്ള നേതാക്കൾ മത്സരിച്ചത്. ഐപിഎൽ വിവാദത്തിന്റെ പിന്നിലെന്തെന്ന് അറിയാൻ പോലും കാത്ത് നിൽക്കാതെ അദ്ദേഹം രാജി വയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളും ഉൾപ്പെടും.

ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്ക് നേരിട്ടാണ് തരൂർ കോൺഗ്രസ് പാർട്ടിയിൽ ഇക്കാലമത്രയും നിന്നത്. ഇനിയും അങ്ങനെ തുടരാൻ അദ്ദേഹത്തിന് കഴിയും. പക്ഷെ അതിന് തരൂർ തയ്യാറാകുമോ? പ്രത്യേകിച്ച് സോണിയുടേയും രാഹുലിന്റെയും അനുവാദത്തോടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയിട്ടും നേരിടേണ്ടി വന്ന അവഗണന കണക്കിലെടുക്കുമ്പോൾ. ഹൈക്കമാണ്ടിന് ഔദ്ദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ട് സംസ്ഥാനങ്ങളിൽ മല്ലികാർജ്ജുന ഖർഗയെ സ്വീകരിക്കാനും കൊണ്ടുനടക്കാനും പ്രസിഡണ്ടുമാരും മറ്റ് ഭാരവാഹികളും മത്സരിക്കുകയായിരുന്നു. എന്നാൽ തരൂർ ഇതേ സംസ്ഥാനങ്ങളിലെത്തിയപ്പോൾ ഇവർക്ക് മുൻനിശ്ചയിച്ച തിരക്കുകളുണ്ടായി. സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നടക്കം തരൂർ ഈ അവഗണന നേരിട്ടു. പോളിങ്ങിലെ ക്രമക്കേടുകൾ സംബന്ധിച്ച് രേഖാമൂലം തന്നെ പരാതി നൽകിയെങ്കിലും കണ്ടതായി പോലും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ ഭാവിച്ചില്ല. വോട്ടർ പട്ടികയുടെ കാര്യത്തിലും തിരഞ്ഞെടുപ്പിന്റെ മറ്റ് നടപടികളിലും ഇതേ അവഗണന തന്നെയാണ് തരൂർ നേരിട്ടത്. രമേശ് ചെന്നിത്തലയടക്കമുള്ള പല പ്രമുഖരും മല്ലികാർജ്ജുന ഖർഗേയ്ക്ക് വേണ്ടി പരസ്യമായി ഇറങ്ങിയപ്പോൾ കമൽനാഥ് ഒഴിച്ച് ഒരു പ്രമുഖനും തരൂരിനെ കാണാനോ സ്വീകരിക്കാനോ എത്തിയില്ല. രഹസ്യമായി പോലും ആരും അതിന് തുനിഞ്ഞില്ല.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ സംവിധാനങ്ങളും ഖർഗെയ്ക്കൊപ്പമായിരുന്നു. നേതൃത്വവും അവരുടെ ചൊൽപടിക്ക് നിൽക്കുന്ന അണികളും മാത്രമല്ല തെരഞ്ഞെടുപ്പ് നടത്തേണ്ടവർ പോലും.

തരംഗമുയർത്തി തരൂർ

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ സംവിധാനങ്ങളും ഖർഗെയ്ക്കൊപ്പമായിരുന്നു. നേതൃത്വവും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അണികളും മാത്രമല്ല തെരഞ്ഞെടുപ്പ് നടത്തേണ്ടവർ പോലും. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ് വരേയും വോട്ടർ പട്ടിക മാറികൊണ്ടേയിരുന്നു. വോട്ടെടുപ്പിൽ ഉത്തർപ്രദേശിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ വലിയ ക്രമക്കേട് ഉണ്ടായതായി തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് രേഖമൂലം പരാതി നൽകി. അത് മാധ്യമങ്ങൾ ഏറ്റുപിടിച്ചു. കള്ളവോട്ട് നടന്ന ഉത്തർപ്രദേശിലെ വോട്ടെണ്ണൽ നടത്തരുതെന്ന് തരൂർ ആവശ്യപ്പെട്ടു. ഇതിനെ മുഖവിലയ്ക്കെടുക്കാൻ പോലും തെരഞ്ഞെടുപ്പ് നടത്തിപ്പുകാർ തയ്യാറായില്ല. പ്രചാരണം മുറുകിയ അവസാന നാളുകളിൽ മല്ലികാർജ്ജുന ഖർഗെയും രാഹുൽ ഗാന്ധിയുടെ കൈപിടിച്ച് ഒപ്പം നടന്നു. ഇതൊക്കെ നൽകിയ സന്ദേശം ചെറുതല്ല. എന്നിട്ടും തരൂർ തരംഗമുയർത്തി. 97ൽ ശരത് പവാറിനും, രാജേഷ് പൈലറ്റിനും കഴിയാതെ പോയത് തരൂർ ഒറ്റയ്ക്ക് നയിച്ച് തെളിയിച്ചു.

ഇങ്ങനെ കരുത്ത് തെളിയിച്ച തരൂരിനെയും ഒപ്പം കൂട്ടുമോ പുതിയ നേതൃത്വം. എല്ലാവരേയും ഒന്നിച്ചു കൊണ്ട്പോകുമെന്ന് വിജയിച്ചെത്തിയ ഖർഗെ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. 1997 ൽ കൊൽക്കത്ത സമ്മേളനത്തിലാണ് പ്രവർത്തക സമിതിയിലേക്ക് അവസാനം തെരഞ്ഞെടുപ്പ് നടന്നത്. പിന്നീടങ്ങോട്ട് പ്രസിഡണ്ട് താൽപര്യമുള്ളവരെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. സീതാറാം കേസരിയോട് മത്സരിച്ചു തോറ്റ ശരത് പവാറും 97ൽ കൊൽക്കത്ത സമ്മേളനത്തിൽ നടന്ന പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ പവാർ വിജയിച്ചു. പ്രണബ് മുഖർജിയും, അർജ്ജുൻ സിങും, മാധവറാവു സിന്ധ്യയും, ഗുലാം നബി ആസാദുമടക്കം പ്രധാനപ്പെട്ട നേതാക്കളെല്ലാം അന്ന് മത്സരിച്ച് വിജയിച്ചാണ് പ്രവർത്തക സമിതിയിൽ എത്തിയത്. ഇത്തവണ അങ്ങനെയൊരു മത്സരമുണ്ടാകുമോ. മത്സരമുണ്ടായാൽ ശശി തരൂർ രംഗത്തുണ്ടാകുമോ? കെ.സി.വേണുഗോപാലടക്കം ഇപ്പോഴത്തെ ഹൈക്കമാണ്ട് നേതാക്കൾ മത്സരിച്ച് കഴിവ് തെളിയിച്ച് തിരികെ എത്തുമോ? കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മാത്രമേ കഴിഞ്ഞുള്ളു. ഹൈക്കമാണ്ടിന് കരുത്ത് തെളിയിക്കേണ്ട വെല്ലുവിളികൾ ഇനിയുമുണ്ട്. ആ കടമ്പകൾ കൂടി കടന്നാലെ മല്ലികാർജ്ജുന ഖർഗെയെ രംഗത്തിറക്കിയതിന്റെ പിന്നിലെ ഉദ്ദേശം പൂർണ ഫലപ്രാപ്തിയിലെത്തൂ.

Leave a comment