' രാജ്യത്ത് ജനാധിപത്യ സംസ്‌കാരം തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് '
PHOTO: WIKI COMMONS
രാഷ്ട്രീയ നേതൃത്വവും ജനങ്ങളും തമ്മിലുള്ള ഏറ്റവും മികച്ച ആശയ വിനിമയ ഉപാധികളിലൊന്നാണ് പദയാത്രകൾ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ, സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും പിൽകാലത്തും പദയാത്രകൾ വൻ ജന മുന്നേറ്റത്തിനും മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി മഹാത്മജി നടത്തിയ ദണ്ഡി മാർച്ച് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ ഭാവനയാണ്. പദയാത്രകൾ ഗാന്ധിജിയെ സംബന്ധിച്ച് ജനങ്ങളിലേക്കുള്ള തീർത്ഥ യാത്രയായിരുന്നു. ജനങ്ങളുമായി ഇടപഴകി ജനജീവിതത്തെ അടുത്തറിയാനും, അവരിലേക്ക് ആശയങ്ങൾ പകരാനും അവരെ പ്രക്ഷോഭങ്ങളിൽ അണിനിരത്താനും കഴിയുന്ന, അറിയാനും അറിയിക്കാനും ഉതകിയ സത്യാന്വേഷണയാത്രകൾ. ദണ്ഡി യാത്രക്ക് ശേഷം മഹാത്മജി നടത്തിയ എട്ടു മാസത്തോളം നീണ്ട ഹരിജനോദ്ധാരണ പര്യടനത്തിലും പദയാത്രകൾ മുഖ്യ ഉപാധി യായിരുന്നു.1934 മെയ് മാസത്തിലെ ഉരുകുന്ന ചൂടില്‍ ഒറീസയില്‍ പദയാത്ര നടത്തിക്കൊണ്ടിരിക്കെ ഗാന്ധിജി കസ്തൂര്‍ബക്കെഴുതി “കാറിലോ,ട്രെയിനിലോ,എന്തിനു കാളവണ്ടികളില്‍യാത്രചെയ്തോ നമുക്ക് ധര്‍മ്മം പ്രചരിപ്പിക്കാനാവില്ല,അതിനു പദ യാത്രയാണ് മാര്‍ഗ്ഗം”. ഗാന്ധിയൻ സമരപാരമ്പര്യത്തിന്റെ ഭാഗമായ പദയാത്രകളെ കോൺഗ്രസ് പാർട്ടി രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങൾക്കും, ജനാഭിപ്രായ രൂപീകരണങ്ങൾക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ നീളുന്ന, ആയിരക്കണക്കിന് കിലോമീറ്ററുകൾ പദയാത്രയായി താണ്ടുന്ന പ്രക്ഷോഭ യാത്രകൾ കോൺഗ്രസോ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സമീപകാലത്തു നടത്തിയിട്ടില്ല. എൺപതുകളുടെ തുടക്കത്തിൽ ശ്രീ ചന്ദ്രശേഖർ ഭാരത യാത്ര നടത്തിയെങ്കിലും പങ്കാളിത്തത്തിലും രാഷ്ട്രീയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അത് പൂർണ്ണ വിജയമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വർഷത്തിൽ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ദേശീയ പദയാത്ര നടത്തുകയാണ്. ‘ ഭാരത് ജോഡോ ‘ യാത്ര എന്നാണ് ഈ ദേശീയ പദയാത്രയുടെ പേര്.
ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാഷ്ട്രം എന്ന മുദ്രവാക്യമുയർത്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ജോഡോ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം യോജിപ്പിക്കുന്നത് എന്നാണ്. ജനങ്ങളിലേക്ക് സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാരംഭിച്ചു 156 ദിവസം, ദിനംപ്രതി 25ൽ പരം കിലോമീറ്ററുകൾ പദയാത്രയായി സഞ്ചരിച്ചു മൂവായിരത്തി എഴുന്നൂറിൽപരം കിലോമീറ്ററുകൾ താണ്ടി കാശ്മീരിൽ അവസാനിക്കുന്ന യാത്രയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ ശ്രീ രാഹുൽഗാന്ധി മുഴുവൻ സമയ പദയാത്രികനാകും, അദ്ദേഹത്തോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും, വിവിധ മേഖലകളിൽ പെട്ടവരുമായ മുന്നൂറ് സ്ഥിരം പദയാത്രികരുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും ബഹുസ്വരവും, വൈവിധ്യമാർന്നതുമായ നമ്മുടെ രാജ്യത്തെ യോജിപ്പിക്കുന്ന ഘടകകങ്ങളെ ദുർബ്ബലമാക്കുന്ന ഭരണകൂടത്തിനും പ്രത്യയശാസ്ത്രത്തിനുമെതിരെ കക്ഷിരാഷ്ട്രീയത്തിനും വൈജാത്യങ്ങൾക്കുമപ്പുറം ജനങ്ങളെ അണിനിരത്തി ഭാരതത്തിന്റെ യോജിപ്പിനെ,സാഹോദര്യത്തെ വീണ്ടെടുക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം.
സാമൂഹ്യ ധ്രുവീകരണം, സാമ്പത്തിക അസമത്വം, അമിതാധികാര കേന്ദ്രീകരണം, ബിജെപി ഭരണത്തിന്റെ മുഖമുദ്രകള്‍
എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ വിജയത്തോടെ നമ്മുടെ രാഷ്ട്രം സ്വതന്ത്രമായി. അതുവരെ ഒരു വൈദേശിക ഭരണകൂടത്തിന്റെ പ്രജകളായിരുന്ന നമ്മൾ അവകാശങ്ങളുള്ള നാടിന്റെ പരമാധികാരികളും പൌരന്മാരുമായി. ജനങ്ങളുടെ പരമാധികാരത്തിൽ ഉറച്ചു നിന്നുകൊണ്ട് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നമ്മുടെ നാടിന്റെ സ്വപ്നവും, ഭരണഘടനയുടെ ദൗത്യവും. ഒരു ഭൂപ്രദേശത്തിനപ്പുറം ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തിയതും നിലനിർത്തിയതും ഈ രാഷ്ട്രഭാവനയാണ്. സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിലും, സ്വാതന്ത്ര്യാപ്രാപ്തിക്കു ശേഷവും ഇന്ത്യയെ ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാക്കണമെന്ന ദേശീയപ്രസ്ഥാനത്തിന്റെ നയത്തിനെതിരെ നിലപാടെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. 2014 മുതൽ എട്ടു വർഷക്കാലമായി നടന്നു കൊണ്ടിരിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളും സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളും ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ തകർച്ചയിലേക്കാണോ വഴി തെളിക്കുന്നത് എന്ന ആശങ്ക ശക്തമാവുകയാണ്.
ഒരു ആധുനിക സമൂഹത്തിനു ഒട്ടും അനുയോജ്യമല്ലാത്ത രാഷ്ട്ര സങ്കല്പമാണ് ഇവർ വെച്ചുപുലർത്തുന്നത്. ഭൂരിപക്ഷ മതത്തിനു ആധിപത്യം നൽകുന്നതും മതന്യൂനപക്ഷങ്ങൾക്കും സ്വതന്ത്ര ചിന്തക്കും മുഖ്യധാരയിൽ ഇടം നിഷേധിക്കുന്നതുമായ ഈ രാഷ്ട്ര സങ്കൽപം സാക്ഷാത്കരിക്കുവാനായി ഇവർ നടപ്പിലാക്കുന്ന ഗ്രാൻഡ് ഡിസൈൻ നാടിന്റെ നിലനിൽപ്പിനു ഭീഷണിയും അങ്ങേയറ്റം ജനദ്രോഹപരവുമാണ്. വിഷലിപ്തമായ ഈ പദ്ധതിയുടെ കേന്ദ്ര ബിന്ദു അധികാരമാണ്. 2014ൽ ലഭിച്ച രാജ്യത്തിന്റെ അധികാരം എന്നന്നേക്കുമായി നിലനിർത്തുവാനും അത് വഴി തങ്ങളുടെ ലക്‌ഷ്യം നടപ്പാക്കാനും സംഘപരിവാർ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ, ഇന്ത്യയിൽ കടുത്ത സാമൂഹ്യ ധ്രുവീകരണവും, സാമ്പത്തിക അസമത്വവും, അമിതാധികാര കേന്ദ്രീകരണവും സൃഷ്ടിച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതിനും, പരാജയപ്പെടുന്നയിടങ്ങളിൽ വിജയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുന്നണികളെയും അസ്ഥിരപ്പെടുത്താനും വിലയ്ക്കെടുക്കാനും ഭീമമായ പണമാണ് ബിജെപി ചിലവഴിക്കുന്നത്. ഇതിന് അവർക്ക് പണം നൽകുന്നത് ഭരണത്തിന്റെ ഗുണഭോക്താക്കളായ ചില വൻകിട കോർപ്പറേറ്റ് ഭീമന്മാരാണ്. ഇവര്‍ക്കനുകൂലമായ. സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുകയും, അവരുടെ സഹസ്ര കോടികളുടെ കിട്ടാക്കടം എഴുതി തള്ളുകയും, ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവുകൾ നൽകുകയും, രാജ്യത്തിന്റെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങൾ ചുളു വിലക്ക് ഇവർക്ക് വിൽക്കുകയും ചെയ്യുകയാണ് സർക്കാർ. ഇത്തരത്തിൽ ഇന്ത്യയിലെ അതിന്യൂനപക്ഷമായ ശത കോടീശ്വരന്മാരെ വളർത്താൻ സ്വീകരിക്കുന്ന നയങ്ങളും നടപടികളും ഭൂരിപക്ഷ ജനതയെ കൊടും ദുരിതത്തിലാഴ്ത്തി. രൂക്ഷമായ വിലക്കയറ്റം, ചെറുകിട വ്യവസായങ്ങളുടെയും, പരമ്പരാഗത വ്യവസായങ്ങളുടെയും, കാർഷിക മേഖലയുടെയും തകർച്ച, രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ, നാട് ദുരിതക്കയത്തിലാണ്. ഇവരുടെ ചെയ്തികൾ രാജ്യത്തു കടുത്ത സാമ്പത്തിക അസമത്വം സൃഷ്ടിച്ചിരിക്കുന്നു, പൗരന് ഭരണഘടന ഉറപ്പു നൽകുന്ന സാമ്പത്തിക നീതി നിഷേധിക്കപ്പെടുകയാണ്.
വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും ഉറപ്പു വരുത്തുന്ന ഏറ്റവും സുപ്രധാന ഘടകമാണ് സാഹോദര്യം. ജനങ്ങൾക്കിടയിൽ പരസ്പര സംശയവും വെറുപ്പും വളർത്താൻ ആസൂത്രിതമായി ശ്രമിക്കുന്ന സര്‍ക്കാരും സംഘപരിവാറും സഹോദര്യത്തിനും അതുവഴി രാജ്യത്തിന്‍റെ ഐക്യത്തിനും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത് രാജ്യത്ത് വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ അന്യരായി കണ്ട് അവകാശങ്ങള്‍ നിഷേധിച്ച് അപ്രസക്തരാക്കുന്ന പ്രത്യയ ശാസ്ത്രമാണ് ബിജെപിയുടെ പ്രവർത്തന മൂലധനം. അധികാരം നേടിയെടുക്കാൻ ജനതയെ വിഭജിക്കുക എന്ന ബ്രിട്ടീഷ് കുതന്ത്രമാണ് ഇവരും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഭരണ കൂടത്തിന്റെ നയങ്ങളും പ്രവർത്തനങ്ങളും സൃഷ്‌ടിക്കുന്ന ദുരിതങ്ങളിൽ നിന്ന് ജനതയുടെ ശ്രദ്ധ മാറ്റുക എന്ന ലക്ഷ്യവും ജനതയെ പിളര്‍ത്തുന്ന, വെറുപ്പും അവിശ്വാസവും പടർത്തുന്ന സമീപനങ്ങൾക്ക് പിന്നിലുണ്ട്.
ഇത്തരം മൗലികാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിരോധം തീർക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളേയും, മാധ്യമങ്ങളെയും, സിവിൽ സമൂഹത്തേയും നിയന്ത്രിക്കാനും, നിശബ്ദരാക്കാനും ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ നീതി നിഷേധിക്കുന്ന ഇരപിടിയന്മാരായി മാറിയിരിക്കുന്നു. നീതിയുടെ പോരാളികളായ നിരവധി മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും കരിനിയമങ്ങളിൽ കുരുങ്ങി മോചനം ലഭിക്കാതെ തടവിൽ കഴിയുന്നു. അനവധി സാംസ്കാരിക പ്രവർത്തകർ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെട്ടു. ഇന്ത്യയിലെ പ്രമുഖമായ മാധ്യമ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ഭരണത്തിന്റെ ഗുണഭോക്താക്കളായ കോർപ്പറേറ്റ് ഭീമന്മാരുടെ കൈകളിലാണ്. നവമാധ്യമങ്ങളിൽ ശത കോടികളുടെ പിൻബലത്തിൽ സൃഷ്ടിക്കപ്പെടുന്ന വ്യാജ അക്കൗണ്ടുകളിലൂടെ അസത്യം സത്യത്തെക്കാൾ അനേകകാതം മുന്നിൽ നുരച്ചു പടരുകയാണ്.
പെഗാസസ് പോലെയുള്ള ചാര സോഫ്റ്റ്‌വെയറുകൾ രാഷ്ട്രീയ നേതൃത്വത്തെയും, ജുഡീഷ്യറിയെയും, മാധ്യമങ്ങളെയും, എല്ലാ ടാർഗറ്റുകളെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നു. എല്ലാം നിയന്ത്രിക്കുന്ന, എല്ലാം നിരീക്ഷിക്കുന്ന, ഒരു ബിഗ്ബ്രദർ രാജ്യത്തെ കീഴടക്കാൻ ശ്രമിക്കുന്നു. ഭയമാണ് ഇന്ന് ഇന്ത്യയെ ഭരിക്കുന്ന വികാരം. സംഘപരിവാര്‍കാലത്ത് പൌരന്‍ വീണ്ടും അധികാരത്തിനു കീഴ്പെട്ട പ്രജയായി മാറി എന്നതാണ് ദുരന്ത യാഥാര്‍ത്ഥ്യം.
ഈ ദുരവസ്ഥയില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം ജനാധിപത്യ സംസ്കാരത്തിന്റെ പുനസ്ഥാപനമാണ്. അത് കേവലം അക്കങ്ങളുടെ ഭൂരിപക്ഷമല്ല. ജനങ്ങളുടെ തിരിച്ചറിവും ഭയത്തിന്റെ തിരസ്കരണവുമാണ്. ഇന്ത്യയിലെ ജനങ്ങളിലേക്ക്, ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളിലേക്കും രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തി കോണ്‍ഗ്രസ് ആ സംസ്കാരത്തെ പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനുള്ള പ്രതിബദ്ധതയോ, ശേഷിയോ, ജനപിന്തുണയോ ഇല്ല എന്നതാണ് വസ്തുത. വിവിധ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട വിജയങ്ങള്‍ നേടിയിട്ടുള്ള പ്രാദേശിക കക്ഷികള്‍ BJP ക്ക് ഒരു ഭീഷണിയെ അല്ല. അഴിമതി വിരുദ്ധതയോ, ജാതി രാഷ്ട്രീയമോ പറയുന്ന ഇത്തരം കക്ഷികള്‍ക്ക് സംസ്ഥാനങ്ങളില്‍ ചിലപ്പോള്‍ ഒറ്റപ്പെട്ട പരാജയങ്ങള്‍ BJP ക്ക് നല്‍കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ സംഘപരിവാറിന്റെ ആശയങ്ങള്‍ക്കോ ദീര്‍ഘകാല ലക്ഷ്യത്തിനോ വെല്ലുവിളി ഉയര്‍ത്താനുള്ള ആശയ അടിത്തറയോ ആത്മാര്‍ത്ഥതയോ ഇല്ലെന്നു ഇക്കൂട്ടര്‍ പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. ഇവരുടെയെല്ലാം ആത്യന്തിക ലക്‌ഷ്യം അധികാരം മാത്രമാണ്, കേരളത്തിനപ്പുറം അപ്രസക്തമായ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ ഇന്നൊരു കക്ഷിയേ അല്ല. പാര്‍ലമെന്റിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിനു പുറത്താണെങ്കിലും രാജ്യത്താകമാനം ഇന്നും വേരുകള്‍ ഉള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനും ലക്ഷ്യങ്ങള്‍ക്കും ഇന്നും ആശയപരമായും, ജനാധിപത്യപരമായും ചെറുത്തുനില്‍പ്പ് നടത്തുന്നതും നടത്താന്‍ കഴിയുന്നതുമായ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. ത്രിവര്‍ണ പതാകയുമായി കോണ്‍ഗ്രസ് സന്നദ്ധ ഭടന്മാര്‍ രാജ്യത്തിന്‍റെ ആഴങ്ങളിലേക്ക് സാഹോദര്യത്തിന്റെ സന്ദേശവുമായി ഇറങ്ങി ചെല്ലുമ്പോള്‍ അത് സംഘടനക്കു നല്‍കുന്ന ഉണര്‍വ്വ് നിസ്സരമാവില്ല. പദയാത്രയോടനുബന്ധിച്ചു നടക്കുന്ന സംഘടനാപരമായ മുന്നൊരുക്കങ്ങളും, വിവിധ ജനവിഭാഗങ്ങളുമായും, വ്യക്തികളുമായും നടക്കുന്ന ചര്‍ച്ചകളും, ഇടപെടലുകളും, കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസം പകരുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് സംഘടന സംവിധാനം അതീവ ദുര്‍ബ്ബലമായ സ്ഥലങ്ങളില്‍ പോലും ഭാരത് ജോഡോ യാത്ര ഗുണപരമായ മാറ്റമുണ്ടാക്കും എന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്. ഇന്ത്യന്‍ തെരുവുകളില്‍ രാഹുല്‍ ഗാന്ധിയുടെ പദയാത്രക്കൊപ്പം ചേരുന്ന ജനസഞ്ചയം ഇന്ത്യയെ ഒരുമിപ്പിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.