TMJ
searchnav-menu
post-thumbnail

Outlook

മേവാനിയും കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ എഞ്ചിനിയറിങ്ങും

28 Sep 2021   |   1 min Read
എന്‍ കെ ഭൂപേഷ്

ജിഗ്നേഷ് മേവാനി / PHOTO : PTI

കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നതെന്നോ, എന്താണ് ആ പാര്‍ട്ടിയെ നയിക്കുന്ന ഗാന്ധി കുടുംബത്തിന്റെ ആലോചനകളെന്നോ പ്രവചിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിഷമകരമായ ദൗത്യങ്ങളില്‍ ഒന്ന്. 2014 ന് ശേഷം ആശ്വാസത്തിന്റെതായ ഇടവേളകള്‍ ആ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ പരാജയങ്ങളുണ്ടായിട്ടും രാഷ്ട്രീയമായ ആത്മപരിശോധനയ്ക്ക് പോകണമെന്ന് പോലും തോന്നാത്തവിധം, മൃതാവസ്ഥയിലാണ് ആ പാര്‍ട്ടി എന്ന തോന്നാലാണ് പരമോന്നത നേതാക്കളുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കുന്നത്.

അതിനിടിയാണ് പ്രശാന്ത് കിഷോര്‍ എന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. നേരത്തെ മോദിയുടെയും, പിന്നീട് നിതീഷിന്റെയും ഒടുവില്‍ മമതയുടെയും കൂടെ ഒരു 'ടെക്‌നീഷ്യ'നായി ജോലി ചെയ്തയാളാണ് പ്രശാന്ത് കിഷോര്‍. നിതീഷിന്റെ പാര്‍ട്ടിയിലും അദ്ദേഹം ചേര്‍ന്നു. ഒടുവില്‍ ഭിന്നത മൂലം പിരിഞ്ഞു.  കിഷോര്‍  കോണ്‍ഗ്രസില്‍ എത്തുന്നിതിന്റെ ഭാഗമായുള്ള നീക്കമാണ് സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും അതുപോലെ ഗുജറാത്തിലെ എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും പാര്‍ട്ടിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കും സിപിഐ നേതാക്കളുടെ പ്രതീക്ഷകളും അസ്ഥാനത്താക്കി കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ എത്തുകയും ചെയ്തു.

ഇന്ത്യയില്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ  കോണ്‍ഗ്രസിനെക്കാള്‍ പരിതാപകരമാണ്. പാര്‍ലമെന്ററി രംഗത്തെ സ്വാധീനം കൊണ്ടുമാത്രം ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സ്വാധീന ശക്തിയെ അളക്കാന്‍ കഴിയില്ലെന്ന് പറയാമെങ്കിലും,  തെരഞ്ഞടുപ്പുകളെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ എന്ന നിലയില്‍ പാര്‍ലമെന്ററി രംഗത്തെ തിരിച്ചടികള്‍ നിര്‍ണായകം തന്നെയാണ്. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ അസ്ഥിത്വ പ്രതിസന്ധി നേരിടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് - സിപിഐയ്ക്ക്- കൈവന്ന ഒരു ബ്രേക്ക് ആയിരുന്നു കനയ്യ കുമാര്‍. ക്യാമ്പസുകളിലെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ  പ്രതീകമായി ഉമര്‍ ഖാലിദിനൊപ്പം കനയ്യ യും മാറി. അദ്ദേഹത്തിന്റെ പ്രസംഗ ശൈലി ദേശ വ്യാപകമായി ആരാധകരെ സൃഷ്ടിച്ചുകൊടുത്തു. സിപിഐയെ സംബന്ധിച്ചിടത്തോളം അതൊരു ആശ്വസമായിരുന്നു. അവര്‍ അദ്ദേഹത്തെ ദേശീയഎക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചു. ബിഹാറിലെ ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുന്ന ബെഗുസരായി മണ്ഡലത്തിലായിരുന്നു അദ്ദേഹം പോരിനിറങ്ങിയത്. എന്നാല്‍ ഇവിടുത്തെ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത് സവര്‍ണ ജാതി വിഭാഗമായ ബൂമിഹാര്‍ വിഭാഗമാണ്.  ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുമെങ്കിലും ബിഹാറില്‍ ജാതി വിരുദ്ധ നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ കാലത്തുപോലും ഒരു ചലനം ഉണ്ടാകാത്ത പ്രദേശം കൂടിയാണ് ബെഗുസരായി. സിപിഐയുടെ നേതൃത്വത്തിലും സവര്‍ണ ബൂമിഹാര്‍ വിഭാഗത്തിന് തന്നെയായിരുന്നു ആധിപത്യം എന്നാണ് പല നിരീക്ഷകരും നേരത്തെ വിലിയിരുത്തിയിട്ടുളളത്. ആ വിഭാഗത്തില്‍ പെട്ട ആളായിരുന്നിട്ടും കനയ്യ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റു.  എന്നാല്‍  അദ്ദേഹത്തിന് ഒരു  ആരാധാക വൃന്ദം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. അങ്ങനെയുള്ള കനയ്യ കുമാറാണ് ബിഹാറിലെ സിപിഐ നേതൃത്വവുമായുള്ള ഭിന്നതയാണ് കാരണമെന്ന് പറയുന്നു കോണ്‍ഗ്രസിലെക്ക് പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെ കൂടാതെ ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം സാധ്യമല്ലെന്നും കോണ്‍ഗ്രസ് എന്നത് ഒരു ആശയമാണെന്നും അതിനെ ശക്തിപെടുത്തുകയാണ് ല്ക്ഷ്യമെന്ന് വിശദീകരിക്കുകയും ചെയ്തു. ഫലത്തില്‍ സിപിഐയുടെ പ്രസക്തിയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

പ്രശാന്ത് കിഷോര്‍ / photo : PTI

ബിഹാറില്‍ കോണ്‍ഗ്രസിന് എന്ത് മാറ്റമാണ് കനയ്യയ്ക്ക് ഉണ്ടാക്കാന്‍ കഴിയുകയെന്നതാണ് ചോദ്യം. നിതീഷും, ലാലുവും പകുത്തെടുത്ത ബിഹാറിന്റെ സാമുദായിക രാഷ്ട്രീയത്തിന്റെ കളത്തിില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും ഇടമുണ്ടാക്കി കൊടുക്കാന്‍ കനയ്യയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനയ്യയുടെ വരവ് മൂലം ഉണ്ടായേക്കാവുന്ന പ്രതിച്ഛായ ഉണര്‍വിനും വാര്‍ത്ത പ്രധാന്യത്തിനുമപ്പുറം സാമൂദായിക സമവാക്യങ്ങളെ പുനര്‍ നിര്‍ണയിക്കാന്‍ കന്നയ്യയുടെ സാന്നിധ്യം കൊണ്ട് മാത്രം  കഴിയുമെന്ന് കരുതുക വയ്യ. കനയ്യയുണ്ടാക്കാവുന്ന സംഘടന ഉണര്‍വ് രാഷ്ട്രീയമുന്നേറ്റത്തിന് ഉപയുക്തമാക്കാനുള്ള ശേഷി കോണ്‍ഗ്രസിന് ഉണ്ടാവുമോ എന്നതാണ് പ്രശ്‌നം. കനയ്യയുടെ വരവ് ഒരു സോഷ്യല്‍ എഞ്ചിനിയിറിംങിന് പോലും പ്രത്യേകിച്ച് സാധ്യത കോണ്‍ഗ്രസിന് മുന്നിലില്ലെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. അതുമാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്ന് വ്യക്തികള്‍ പോയി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതുമൂലം അങ്ങനെയുള്ളവര്‍ ചേരുന്ന പാര്‍ട്ടിക്കോ, അവര്‍ വിട്ടുപോകുന്ന പാര്‍ട്ടിക്കോ കാര്യമായ ഗുണമോ ദോഷമോ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായോ, അഭിപ്രായ ഭിന്നത കാരണമോ ഒരു വിഭാഗം വിട്ടുപോകുന്നതും വ്യക്തികള്‍ വിട്ടുപോകുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാക്കുന്ന ചലനം വ്യത്യസ്തമാണ്. ആ പാര്‍ട്ടികളുടെ ഘടന അത് ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ട് കനയ്യ എന്ന ആന്റി ഫാസിസ്റ്റ് പോസ്റ്റര്‍ ബോയ് വരുന്നുവെന്നതിലപ്പുറം എന്ത് ചലനമാണ് ബിഹാര്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം

  എന്നാല്‍ ഗുജറാത്തില്‍ അതല്ല സ്ഥിതി.  ജിഗ്നേഷ് മേവാനിയുടെ വരവ് ഗുജറാത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ ചില കോണ്‍ഗ്രസുകാര്‍ക്കുണ്ട്. 2017 ലെ  നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് സമീപ കാലത്തെ ഏറ്റവും മെച്ചപ്പെട്ടതായിരുന്നു. അതിന്റെ തിളക്കം 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇല്ലാതായെങ്കിലും ഗുജറാത്തിലെ രാഷ്ട്രീയത്തില്‍ ചില ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നതിന്റെ സൂചന കൂടിയായിരുന്നു 2017.  ബിജെപിയുടെ ആകെ സീറ്റ് 100 താഴെ നിര്‍ത്താന്‍ പറ്റിയ കോണ്‍ഗ്രസിന് 77 സീറ്റായിരുന്നു അന്ന് 182 അംഗ സഭയില്‍ ലഭിച്ചത്.  പട്ടേല്‍ സംവരണ സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലായിരുന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭേദപ്പെട്ട മല്‍സരം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതെന്നത് മാറി വരുന്ന സാമുദായിക സമവാക്യത്തിന്റെ കൂടി പ്രതിഫലനമായിരുന്നു

കനയ്യ കുമാര്‍ / photo : wiki commons

കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വലിയ സഹായകരമായത് പട്ടേല്‍ സമുദായത്തിന്റെ പിന്തുണയായിരുന്നു. എന്നാല്‍ ഹര്‍ദിക്ക പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന സംവരണ സമരം പട്ടേല്‍മാരുടെ ബിജെപിയോടുള്ള ആ സമുദായത്തിന്റെ സമീപനത്തില്‍ മാറ്റം വരുത്തുന്നുവെന്നതിന്റെ സൂചനയായിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെങ്കിലും ബിജെപിയുടെ മുഖ്യ വോട്ടുബാങ്ക് സമുദായത്തിനുണ്ടാകുന്ന അകല്‍ച്ച പ്രകടമായിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഇതിന്റെ സൂചനകളുണ്ടായിരുന്നു. ഈ സമുദായത്തെ സ്വാധീനിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രമവും നടക്കുന്നു. അത്തരമൊരു ഘട്ടത്തിലാണ് ബിജെപി വിജയ് രൂപ് വാനിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഭൂപേന്ദ്ര പാട്ടേല്‍ എന്ന അത്രയൊന്നും അറിയാത്ത നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിയോഗിച്ചത്.

ഗുജറാത്തിലെ രാഷ്ട്രീയം സമുദായിക സമവാക്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതാണെന്ന് പറയാനാണ് ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തിയ 1960 മുതല്‍ 1995 വരെയുള്ള കാലത്ത് ഈ തന്ത്രമാണ് ഫലപ്രദമായി പ്രയോഗിക വല്‍ക്കരിക്കപ്പെട്ടത്. മാധവ്‌സിന് സോളങ്കിയായിരുന്നു വിവിധ സമുദായങ്ങളെ കൂട്ടിചേര്‍ത്തുള്ള സോഷ്യല്‍ എഞ്ചിനിയറിംങ് ഫലപ്രദമായി നടപ്പിലാക്കിയ നേതാവ്. ക്ഷത്രിയാസ്, ഹരിജന്‍സ്, ആദിവാസി, മുസ്ലിം എന്നിങ്ങനെയുള്ള സമുദായങ്ങളെ ചേര്‍ത്ത് നിര്‍ത്തിയായിരുന്നു അദ്ദേഹം 80 കളില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ ആധിപത്യം ഗുജറാത്തില്‍ സ്ഥാാപിച്ചെടുത്തത്. KHAM  എന്ന വിളിക്കപ്പെടുന്ന ഈ സോഷ്യല്‍ എഞ്ചിനിയറിംങ് ഗുജാറാത്തില്‍ കോണ്‍ഗ്രസിന് വലിയ തോതില്‍ സഹായകരമായി. സംവരണ വിരുദ്ധ സമരം അരങ്ങേറിയ 1985 സോളങ്കിയ്ക് രാജിവെയ്‌ക്കേണ്ടി വന്നെങ്കിലും ഒബിസി വിഭാഗത്തിന്റെ വലിയ പിന്തുണയോടെ ഗുജറാത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം അധികാരത്തിലെത്തി. 149 സീറ്റാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്.

ജിഗ്‌നേഷ് മേവാനിയുടെ വരവോടെ, നേരത്തെ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ദളിത് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ചോദ്യം. അവിടെ  സോളങ്കിയുടെ തന്ത്രം പയറ്റാന്‍ ശേഷിയുള്ള രാഷ്ട്രീയ നേതൃത്വമാണോ ഇപ്പോഴുള്ളതെന്ന ചോദ്യവും ഉയരുന്നത്. ഗുജറാത്തിലെ പട്ടണമായ ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ സവര്‍ണര്‍ അതി ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് ജിഗ്നേഷ് മേവാനി ഉയര്‍ന്നുവന്നത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ദളിത് നേതാക്കളില്‍നിന്ന് വ്യത്യസ്തമായ സമീപനങ്ങള്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നേതാവു കൂടിയാണ് ജിഗ്നേഷ് മേവാനി. ഐഡന്ററ്റി പൊളിറ്റിക്ക്‌സിന്റെ വിമോചന സാധ്യതയെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം വര്‍ഗ രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കാറുണ്ട്. ഇന്ത്യയില്‍ ദളിത് മോചനത്തിന് അംബേദ്ക്കറുടെ ആശയങ്ങള്‍ക്കൊപ്പം, മാര്‍ക്‌സിസ്റ്റ് സമീപനങ്ങളും ആവശ്യമാണെന്ന നിലപാടും അദ്ദേഹം പലപ്പോഴായി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ആക്രമോല്‍സുക ഹിന്ദുത്വത്തി്‌ന്റെ ഭാഗമായി പോയ വലിയൊരു വിഭാഗം ദളിതരെ രാഷ്ട്രീയമായി വീണ്ടെടുക്കാന്‍ മേവാനിക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. സാമുദായിക ബോധം രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുമ്പോള്‍, സോഷ്യല്‍ എഞ്ചിനിയറിംങ് വലിയ പ്രഹര ശേഷിയുള്ള രാഷ്ട്രീയ ആയുധമാണ്.
സോഷ്യല്‍ എഞ്ചിനിയറിംങ് എന്നത് കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ മാത്രം രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് ബിഎസ്പി പോലും ഒരുഘട്ടത്തില്‍ വിജയകരമായി പ്രയോഗിച്ചതാണ്. 2007 ബിഎസ്പിയുടെ വിജയം ബ്രാഹ്മണ വിഭാഗത്തെ അടക്കം ചേര്‍ത്തി നിര്‍ത്തി നേടിയതായിരുന്നു. ( ഇതുതന്നെയാണ് അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കാലാകാലം ചെയ്തതെന്നും സ്വന്തം സുഹൃത്തുക്കളെയും ശത്രുക്കളെയും നിര്‍ണയിക്കാന്‍ കഴിയാതെ എന്ത് ദളിത് രാഷ്ട്രീയമാണ് ബിഎസ്പി പറയുന്നതെന്നുമായിരുന്നു മായവതിയുടെ സോഷ്യല്‍ എഞ്ചിനിയറിംങിനെ കുറിച്ച് ആനന്ദ് തെല്‍തുംദെ പറഞ്ഞത്).

പ്രിയങ്ക ഗാന്ധിയും, രാഹുല്‍ ഗാന്ധിയും / photo : PTI

എന്തായാലും സാമുദായിക സ്വത്വത്തെ മറികടക്കാനുള്ള രാഷ്ട്രീയ പ്രയോഗങ്ങള്‍ സാധ്യമാകാത്ത പാര്‍ട്ടികള്‍ക്ക്  ഈ തന്ത്രം ഭരണത്തിലേക്കുളള ചവിട്ടുപടിയാണ്. സോഷ്യല്‍ എഞ്ചിനിയിറിങ് എന്ന് അധികാര രാഷ്ട്രീയ തന്ത്രത്തിന്  രാഷട്രീയമോ സാമുദായികമോ ആയ യുക്തിയും കാണില്ല. അത് ഗുജറാത്തിലായാലും, ഉത്തര്‍പ്രദേശിലായാലും. അധികാര രാഷ്ട്രീയത്തിന്റെ കൗശലമാര്‍ന്ന പ്രയോഗമാണത്. മൊത്തം വോട്ടര്‍മാരില്‍ ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ് ഗുജറാത്തില്‍ ദളിതര്‍. അങ്ങനെയാകുമ്പോഴും ദളിത് വോട്ടുകളെ സമാഹരിക്കാന്‍ പറ്റിയ സമയത്തായിരുന്നു കോണ്‍ഗ്രസിന് ഗുജറാത്തില്‍ ആധിപത്യം സ്ഥാാപിക്കാന്‍ കഴിഞ്ഞതെന്നതും വസ്തുതയാണ്. മേവാനിയുടെ വരവിലൂടെ അത് വീണ്ടെടുക്കാന്‍ കഴിയുമെന്ന സ്വപ്‌നത്തിലാണ് പാര്‍ട്ടി. ഹര്‍ദിക്ക് പാട്ടേല്‍ പാര്‍ട്ടി നേതൃത്തിലിരിക്കെ മറ്റൊരു സോഷ്യല്‍ എഞ്ചിനിയറിംങ് ആവാം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സില്‍.

പഞ്ചാബില്‍ കരുത്തനായ അമരീന്ദര്‍ സിങിനെ മാറ്റി ചരഞ്ജിത് സിങ് ഛന്നിയെന്ന ദളിത് മുഖ്യമന്ത്രിയാക്കിയും ചത്തീസ്ഗണ്ടിലെ വിമത പ്രവര്‍ത്തനത്തെ തളച്ചും ഇതെല്ലാം വഴി സാധ്യമാകുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അവിടെക്കാണ് മേവാനിയും കനയ്യയും എത്തുന്നത്. എന്നാല്‍ ചില നേതാക്കളെ മാറ്റിയും നിയമിച്ചും മാത്രം ഈ സോഷ്യല്‍ എഞ്ചിനിയറിംങ് എത്രത്തോളം വിജയിക്കുമെന്നതാണ് പ്രധാനം.
 അതുപോലെ തന്നെ പ്രധാനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ൂക്ഷ്മതലത്തില്‍ നടക്കുന്ന ചലനങ്ങള്‍. ഇതിന്റെ പ്രതിഫലനമാണ് നീണ്ടുനില്‍ക്കുന്ന കര്‍ഷക സമരം. കര്‍ഷകര്‍ക്കിടയിലെ സാമുദായികവും വര്‍ഗപരവുമായ വിഭജനങ്ങളെ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞുവെന്നതു തന്നെയാണ് ആ സമരം എല്ലാ അവഗണനയ്ക്കിടയിലും മുന്നോട്ടുപോകാനുള്ള കാരണങ്ങളിലൊന്ന്. അങ്ങനെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തെ കര്‍ഷകര്‍ ചെറുക്കുമ്പോഴാണ്, ഇപ്പോഴും സോഷ്യല്‍ എഞ്ചിനിയിറിങെന്ന് തോന്നിക്കുന്ന ചില മുഖം മിനുക്കല്‍ നടപടികളില്‍ തങ്ങളുടെ അതിജീവന സാധ്യത തേടുന്നതെന്നതാണ് മറ്റൊരു വിഷയം. 

Leave a comment