TMJ
searchnav-menu
post-thumbnail

Outlook

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും ആശങ്കകളും

10 Oct 2022   |   1 min Read
ജുനൈദ് ടി പി തെന്നല

PHOTO: WIKI COMMONS

കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്ന ഖ്യാതിക്കപ്പുറം കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. കാരണം സ്വാതന്ത്ര്യ സമര കാലത്ത് രൂപം കൊണ്ട പാർട്ടി പിന്നീട് പിളർന്നിരുന്നെങ്കിലും അത് കേവലം ഒരു സംഘടന ശരീരം മാത്രമായിട്ടല്ല നിലനിന്നത് ജനങ്ങള്‍ക്കിടയിൽ ആഴത്തില്‍ വേരുറച്ചുപോയ ഒരു മൂവ്മെന്റ് തന്നെയായിരുന്നു. എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും കോൺഗ്രസ് എന്ന ആശയത്തിന് ഇന്ത്യയില്‍ എല്ലാ കാലത്തും സ്വാധീനമുണ്ടായിരുന്നു. വലിയ പ്രതിസന്ധി നേരിട്ട തൊണ്ണൂറുകളിൽ പോലും പലയിടത്തും അധികാരം നഷ്ട്ടപ്പെട്ടു എന്നതിനപ്പുറം രാഷ്ട്രീയമായി വലിയ ക്ഷീണം ഉണ്ടായിരുന്നില്ല. അധികാരം നഷ്ടപ്പെട്ടാൽ പോലും വോട്ട് ബാങ്കിലോ സഭാ സമാജികരുടെ എണ്ണത്തിലോ ഒന്നും വലിയ കുറവുണ്ടായില്ല. എന്നാല്‍ 2014 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി തുടങ്ങി ഒരോ തിരഞ്ഞെടുപ്പിലും കാര്യമായ വോട്ട് ചോർച്ചയും സഭാ സാമാജികരുടെ എണ്ണത്തിലും വരെ വലിയ കുറവുണ്ടായി തുടങ്ങി മാത്രമല്ല; കപിൽ സിബൽ, ഗുലാംനബി ആസാദ്, എസ് എം കൃഷ്ണ, അമരീന്ദർ സിംഗ്, വിജയ് ബഹുഗുണ, ജേതിരാദിത്യ സിന്ധ്യ ദിഗംബർ കമ്മത്ത്, തുടങ്ങിയ കോൺഗ്രസിന്റെ വലിയ നേതാക്കൾ പാർട്ടി വിട്ടു. മിക്കവരും അഭയം കണ്ടെത്തിയത്  ബിജെപിയിലുമായിരുന്നു. അതിൽ മുൻ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പിസിസി അദ്ധ്യക്ഷന്മാരും വരെയുണ്ടായിരുന്നു. പലയിടത്തും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ശേഷം കൂറുമാറ്റ നിരോധന നിയമത്തെ പോലും നോക്കുകുത്തിയാക്കി എം.എൽ.എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി.

സംഘടനാപരമായി ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോൺഗ്രസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ മുഖ്യകാരണം പലയിടത്തും ഗ്രൂപ്പായി പ്രവര്‍ത്തിച്ചിരുന്ന പാർട്ടി സംവിധാനവും അതിനെ നിയന്ത്രിക്കാൻ ശേഷിയില്ലാതിരുന്ന ഒരു കേന്ദ്ര നേതൃത്വവുമായിരുന്നു. ഹൈക്കമാന്റ് എന്ന സംവിധാനം തന്നെ സോണിയ ഗാന്ധി എന്ന ഒറ്റ വ്യക്തിയിൽ മാത്രമായി ചുരുങ്ങി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് 1998 ൽ സോണിയ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തുടർച്ചയായ 19 വർഷമാണ്  തിരഞ്ഞെടുപ്പ് പോലുമില്ലാതെ സോണിയ അതേ സ്ഥാനത്തിരുന്നത്. 2017 തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസ് വർക്കിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും അതുണ്ടായില്ല. സോണിയ സ്വയം മാറി നിന്ന് അദ്ധ്യക്ഷ സ്ഥാനം രാഹുലിന് കൈമാറിയപ്പോഴും പാർട്ടിയിൽ സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് പോലും നടത്തിയിരുന്നില്ല. 2019 ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ രാജിവെച്ചതിനെ തുടർന്ന് പാർട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് G23 നേതാക്കൾ ഉയർത്തിയ വിമത ശബ്ദങ്ങളോട് അനുഭാവ പൂർണ്ണമായി പ്രതികരിക്കാൻ പോലും കോൺഗ്രസ് ഹൈക്കമാന്റ് അന്ന് തയ്യാറായിരുന്നില്ല. സോണിയ തന്നെ തൽസ്ഥാനത്ത് തിരിച്ചെത്തി എന്നതല്ലാതെ യാതൊന്നും സംഭവിച്ചില്ല. എന്നാൽ കഴിഞ്ഞ മെയിൽ നടന്ന ചിന്തൻ ശിബിരിൽ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം വന്നതോടെ കോൺഗ്രസിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു പാർട്ടി പ്രവര്‍ത്തകരും അനുഭാവികളും. പക്ഷേ അപ്പോഴും ഗാന്ധി കുടുംബത്തിന് സ്വീകാര്യനായ ഒരാള്‍ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരിക്കണമെന്നതായിരുന്നു ഹൈക്കമാന്റ് നിലപാട്. മാത്രവുമല്ല വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനും പാർട്ടി തയ്യാറായില്ല.

സോണിയ ഗാന്ധി | photo: inc.in

ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായ അശോക് ഖെലോട്ടിനെ അദ്ധ്യക്ഷനാക്കാം എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. അതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ശശി തരൂർ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കടന്നു വന്നത്. ഇതോടെ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. വോട്ടർ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശശി തരൂറിനെ കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം തുടങ്ങിയ നേതാക്കൾ കൂടി എഐസിസിയുടെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി അധ്യക്ഷന്‍ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതി, നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കണമെങ്കിൽ പോലും 10 പിസിസി പ്രതിനിധികള്‍ ഒപ്പിടണം എന്ന വ്യവസ്ഥയുണ്ടായിരിക്കെ പിസിസി ഡെലിഗേറ്റ് ആണെന്ന് വിശ്വസിക്കുന്ന ആരെങ്കിലും നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടാൽ അയോഗ്യരാക്കപ്പെടുമെന്നും തരൂർ വാദിച്ചു. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യവുള്ളവർക്ക് ഒടുവില്‍ പട്ടിക നൽകാമെന്നായി. രാജസ്ഥാൻ കോൺഗ്രസിനെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന നിലക്ക് കൂടിയാണ് കോൺഗ്രസ് ഈ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. പാർട്ടി അനുഭവിക്കുന്ന ദയനീയതയുടെ ആഴം കൂടി വെളിവാക്കുന്നതാണിത്. അശോക് ഖെലോട്ടിനെ അദ്ധ്യക്ഷനാക്കുകയും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയും പ്രശ്നങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഫോർമുല. അതിനപ്പുറം വിശാലമായ ഒരു ജനാധിപത്യ മുഖം പോലും ഈ തിരഞ്ഞെടുപ്പിന് ഉണ്ടായില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രി സ്ഥാനം വിട്ട് കൊടുക്കാന്‍ വിസമ്മതിച്ച് അശോക് ഖെലോട്ട് തന്നെ പിന്തുണക്കുന്ന എം.എൽ.എമാരെ ഉപയോഗിച്ച് കലാപം ഉണ്ടാക്കുക കൂടി ചെയ്തതോടെ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. പിന്നീട് ദിഗ് വിജയ് സിങ് ഔദ്യോഗിക സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിടത്താണ് കാര്യങ്ങള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ കർണ്ണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയിലേക്ക് എത്തുന്നത്. ഖാർഗെ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ ഏറ്റവും മികച്ച ചോയ്സാണ്.

ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന ഒരാള്‍ ഇല്ലെന്ന് നേതൃത്വം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും എ കെ ആന്റണിയെ കൊണ്ട് കൂടി ഖാർഗെയുടെ നാമനിർദ്ദേശ പത്രിക ഒപ്പിടീപ്പിക്കുന്നതിലൂടെ സോണിയ നൽകിയ സൂചന ഖാർഗെക്ക് വോട്ട് ചെയ്യണം എന്ന് തന്നെയാണ്.

മല്ലികാർജ്ജുന ഖാർഗെ | PHOTO: PTI

മൂന്ന് വട്ടം മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്തെത്തുകയും പാർട്ടി തീരുമാനം അംഗീകരിച്ച് മാറി നിൽക്കുകയും ചെയ്ത പാരമ്പര്യമുണ്ട് ഖാർഗെക്ക്. 1999, 2004, 2013 വര്‍ഷങ്ങളില്‍ യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്. കോൺഗ്രസിന്റെ സംഘടനാ വളർച്ചക്ക് ഖാർഗെ മുതൽ കുട്ടാവുന്നതിനേക്കാൾ കൂടുതൽ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിക്ക് എതിരെ  രാഷ്ട്രീയമായി മുന്നില്‍ നിർത്താൻ കഴിയുന്ന മികച്ച മത്സരാർത്ഥിയാണ് ശശി തരൂർ. വിശ്വപൗരനായി അറിയപ്പെടുന്ന തരൂരിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനായാൽ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ കോൺഗ്രസിന്റെ ഗ്രാഫുയർത്താൻ സാധ്യതയുള്ള ഒന്നാണെന്ന കാര്യത്തില്‍ തർക്കമുണ്ടാവില്ല. കാരണം ഇപ്പോഴും രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്ക് ഒപ്പം നിൽക്കാൻ പോലും കാലിബറുള്ള  എതിരാളിയല്ല എന്നതാണ് വാസ്തവം. പക്ഷേ തരൂരിലൂടെ ഒരു മുന്നേറ്റം സംഭവിക്കാനുള്ള സാധ്യത വിരളമാണ്. കേരളത്തിൽ നിന്ന് പോലും മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് തരൂറിന് അനുകൂലമായ ഒരു പ്രസ്താവന പോലും ഉണ്ടായില്ല എന്ന് മാത്രമല്ല. ഖാർഗെയാണ് മികച്ച സ്ഥാനാര്‍ഥിയെന്ന തരത്തില്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ഭാഗത്തു നിന്ന് പ്രതികരങ്ങൾ ഉണ്ടാവുകയും ചെയ്തു. ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന ഒരാള്‍ ഇല്ലെന്ന് നേതൃത്വം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും എ കെ ആന്റണിയെ കൊണ്ട് കൂടി ഖാർഗെയുടെ നാമനിർദ്ദേശ പത്രിക ഒപ്പിടീപ്പിക്കുന്നതിലൂടെ സോണിയ നൽകിയ സൂചന ഖാർഗെക്ക് വോട്ട് ചെയ്യണം എന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ തീർത്തും ഏകപക്ഷീയമായി മാറുമായിരുന്ന ഒരു തിരഞ്ഞെടുപ്പിനെ ഇത്രകണ്ട് ജനാധിപത്യ വൽക്കരിച്ചത് ശശി തരൂറിന്റെ സാന്നിധ്യം മാത്രമാണ് എന്ന് പറയേണ്ടതുണ്ട്. തരൂരിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയിൽ അധികവും യുവാക്കളുടെയും സാധാരണ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നാണ്. എന്നാല്‍ അവരിൽ പലർക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുണ്ടായികൊള്ളണം എന്നില്ല. എന്നാല്‍ ഖാർഗെ നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്.  അത് കൊണ്ട് അത്രയും കാലത്തെ വ്യക്തി ബന്ധങ്ങളും ഖാർഗെക്ക് വോട്ടാക്കി മാറ്റാനാവും. എല്ലാ കണക്കിലും വിജയ സാധ്യതയിൽ മുന്നിലുള്ളത് ഖാർഗെ തന്നെയാണ്. 

ആരോഗ്യ പ്രശ്നങ്ങളുടെ മേൽ 75 വയസ്സുള്ള സോണിയയെ മാറ്റി പകരം 80 വയസ്സായ ഖാർഗെയെ കൊണ്ടു വരുന്നതിലെ യുക്തി എന്താണ് ? ഗാന്ധി കുടുംബത്തിന് നിയന്ത്രിക്കാൻ പാകത്തിൽ ഒരു റബ്ബർ സ്റ്റാമ്പ് അദ്ധ്യക്ഷനാണോ കോൺഗ്രസിന് ഇപ്പോള്‍ ആവശ്യം എന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. പുതിയ കാലത്ത് പാർട്ടിയെ നയിക്കാനും പുതിയ ഊർജ്ജം കൊണ്ടുവരാനും യുവാക്കളെ ആകർഷിക്കാനുമൊക്കെ കഴിവുള്ള നേതാവാണ് താരതമ്യേന ചെറുപ്പക്കാരനായ തരൂർ. ബിജെപിയുമായി നേരിട്ട് മത്സരിച്ച് ജയിച്ചാണ് പാർലമെന്റിലെത്തിയത്. അതേ സമയം ഖാർഗെ ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ തോറ്റ ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. നവീകരണം ആവശ്യപ്പെടുന്ന കോൺഗ്രസിന് ഇപ്പോള്‍ തരൂരിനെപ്പോലെ ഒരു അദ്ധ്യക്ഷനെയാണ് ആവശ്യം. തരൂർ ഇത്തവണ തോറ്റാൽ ഗുലാംനബി ആസാദും കപിൽ സിബലും പാർട്ടി വിടുമ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അതേ പോലെ അന്തരീക്ഷത്തിലുണ്ടാവും. അടിമുടി നവീകരണം എന്ന ആശയത്തെ പിറകോട്ട് കൊണ്ടുപോവുകയും ചെയ്യും.

നയപരമായ പല കാര്യങ്ങളിൽ പോലും കെ.സി രാഹുലിനെപ്പോലും ഹൈജാക്ക് ചെയ്യുന്നതിൽ പാർട്ടിയുടെ പല മുതിർന്ന നേതാക്കൾക്കും അമർഷമുണ്ട്. കേരളത്തിലെ വിഷയങ്ങളില്‍ പോലും കെ.സി വേണുഗോപാൽ സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പാർട്ടി സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമാണ്.

ഇപ്പോഴത്തെ കോൺഗ്രസിന്റെ സംഘടനാ സ്വഭാവം വെച്ച് തരൂരിന് ജയിക്കണമെങ്കിൽ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും. അത് കൊണ്ട് തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വലുതായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ തരൂർ ഉണ്ടാക്കിയ കീഴ്വഴക്കം പാർട്ടിയുടെ ജനാധിപത്യ സ്വഭാവത്തെ ചെറുതല്ലാത്ത രീതിയിൽ തന്നെ പരിപോഷിപ്പിച്ചിട്ടുണ്ട് എന്ന് പറയാം. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ സോണിയക്ക് ഇനി കോൺഗ്രസിനായി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയണം എന്നില്ല. എറെക്കാലമായി ഹൈക്കമാന്റിനെ നയിക്കുന്നത് തന്നെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ്. രാഹുൽ ഗാന്ധിക്ക് മേലിലും കെസിക്ക് ശക്തമായ സ്വാധീനമുണ്ട്. നയപരമായ പല കാര്യങ്ങളിൽ പോലും കെ.സി രാഹുലിനെപ്പോലും ഹൈജാക്ക് ചെയ്യുന്നതിൽ പാർട്ടിയുടെ പല മുതിർന്ന നേതാക്കൾക്കും അമർഷമുണ്ട്. കേരളത്തിലെ വിഷയങ്ങളില്‍ പോലും കെ.സി വേണുഗോപാൽ സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പാർട്ടി സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമാണ്. കെ.സി ഉപദേശിച്ചു വഷളാക്കിയത് കൊണ്ടാണ് പഞ്ചാബിൽ അധികാരം നഷ്ടപ്പെടുത്തിയതെന്ന്  വരെ പാർട്ടിയിൽ ആരോപണങ്ങളുണ്ട്. ഏറെക്കാലമായി കെസിയിലേക്ക് മാത്രമായി ചുരുങ്ങി പോയ പാർട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ കൂടിയുള്ള ശ്രമം എന്ന തരത്തില്‍ കൂടി സംഘടനാപരമായ ദ്വയാർത്ഥങ്ങളും ഈ തിരഞ്ഞെടുപ്പിനുണ്ട്. തിരഞ്ഞെടുപ്പിന്റെ അന്തിമ വിധി എന്തായാലും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ പാർട്ടിയിലെ രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് എന്ന തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന ഓളം ചെറുതായിരിക്കില്ല.

Leave a comment