ഗ്രൂപ്പിസത്തിനും കേഡറിസത്തിനും ഇടയിലെ ഇന്‍വെര്‍ട്ടഡ് പിരമിഡ്
കെ സുധാകരനും വി ഡി സതീശനും / PTI
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്‍വെര്‍ട്ടഡ് പിരമിഡിനെയാണ് ഓര്‍മ്മവരുന്നത്. തലകുത്തി നില്‍ക്കുന്ന പിരമിഡ്. പത്രപ്രവര്‍ത്തനത്തില്‍ വാര്‍ത്ത എഴുത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ഒരു പാഠം കൂടിയാണത്. മുകള്‍തലപ്പില്‍ കഴിയുന്നത്ര വിരിഞ്ഞുനില്‍ക്കുന്ന ഒരു ശൈലി. താഴെയ്ക്ക് വരുമ്പോള്‍ നേര്‍ത്ത് നേര്‍ത്ത്. എവിടെവച്ച് മുറിച്ച് കളഞ്ഞാലും കുഴപ്പമൊന്നുമുണ്ടാകരുത്. കാണേണ്ടതെല്ലാം മുകള്‍പരപ്പില്‍ തന്നെ അടുക്കിവെച്ചിരിക്കണം. അതുപോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. വിശേഷിച്ചും കേരളത്തിലെ കോണ്‍ഗ്രസിന്റേത്. മുകള്‍തലപ്പില്‍ പ്രദര്‍ശനപരതയോടെ അടുങ്ങിനില്‍ക്കുന്നവര്‍, താഴേയ്‌ക്കെത്തുമ്പോള്‍ അത് ദുര്‍ബലമായിക്കൊണ്ടിരിക്കും. മുന്‍നിരയില്‍ തിക്കിത്തിരക്കി നില്‍ക്കുന്ന നേതാക്കളെ കണ്ടാല്‍ തോന്നും പിന്നില്‍ പരശതം പേരുണ്ടാകുമെന്ന്. നേതാക്കളെ ഇടിച്ചിടിച്ച് പോകുന്ന മുന്‍നിര കടന്നുപോയിക്കഴിയുമ്പോള്‍ നേര്‍ത്തുനേര്‍ത്തുവരുന്ന നാടവിരപോലെ തെന്നി തെറിച്ചുപോകുന്നവര്‍. എത്ര ഇടിച്ചിട്ടും മുന്‍നിരയില്‍ ഇടം കിട്ടിയില്ലല്ലോ എന്ന ദുഖത്തോടെ നടന്നുപോകുന്നവര്‍. സമ്മേളന നഗരുകളില്‍ കേള്‍വിക്കാരേക്കാള്‍ കൂടുതല്‍ ആളുകളെ വേദിയില്‍ കാണാം. ആര് പിന്നിലുണ്ടെന്നതല്ല തങ്ങള്‍ക്ക് മുന്നില്‍ തന്നെ നില്‍ക്കണമെന്നതാണ് ഓരോരുത്തരുടേയും വാശി. ആ വാശി അവനവനോട് കൂടി ആകുമ്പോള്‍ പറയുകയും വേണ്ട.
ഗ്രൂപ്പിനപ്പുറവും ഇപ്പുറവും ആരുമില്ലെന്ന് കരുതുന്നവര്‍, സെമികേഡര്‍ പാര്‍ട്ടി ആകുന്നതോടെ ക്ഷീണമൊക്കെ തീരുമെന്ന് കരുതുന്നവര്‍, ജലത്തിലെ പ്രതിബിബം നോക്കിയിരിക്കവെ, അറിയാതെ മൂക്കൂത്തിയിലെ കല്ല് ഇളകിവീണ് നാഴികവട്ടയടഞ്ഞ് വിവാഹ സമയം മാറിപ്പോയി ജീവിതം ദുരിതമയമായ മിത്തിക്കല്‍ കഥാപാത്രത്തെപ്പോലെ പ്രതിച്ഛായ മോഹിതരായ ഒരുപാട് ഒറ്റനക്ഷത്രങ്ങള്‍....വിനയമൊരു നയമാക്കി മേല്‍മുണ്ടിനറ്റത്ത് കസവുചിരി തുന്നിനടക്കുന്ന ധര്‍മ്മപ്രചാരകന്മാരുടെ അവസാനിക്കാത്ത നിരയെ എത്രവേണമെങ്കിലും ഉപമകളാല്‍ കൊരുത്തുവെയ്ക്കാം. പതിറ്റാണ്ടുകളായി ചില നേതാക്കളെ ചുറ്റി നിര്‍മ്മിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ആള്‍ക്കൂട്ടം വലിയ ഒരു പ്രതിസന്ധിയെ സമീപിയ്‌ക്കേണ്ടിവന്നതിനെ കോവാഡാനന്തര ആഗോള രാഷ്ട്രീയത്തിന്റെ ചുറ്റുപാടില്‍ കൂടി വേണം മനസ്സിലാക്കാന്‍.
ധീരോദാത്തന്മാരായ ഭരണാധികാരികളേയും അതിപ്രതാപഗുണവാന്മാരായ നേതാക്കളുടേയും ഒക്കെ അന്തമില്ലാത്ത നിരയെ സൃഷ്ടിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും പാരമ്പര്യവും പഴമയും ഉള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുപക്ഷെ ഇന്ന് ദേശീയ തലത്തില്‍ തന്നെ വലിയ സ്വത്വപ്രതിസന്ധിയെ നേരിടുന്നു. മാറുന്ന കാലത്തേയും അത് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങളേയും ഉള്‍ക്കൊണ്ടും അവയെ ഏറ്റെടുത്തും സമീപനങ്ങള്‍ രൂപപ്പെടുത്തിയും ജനങ്ങളെ സംഘടിപ്പിച്ചും മുന്നോട്ട് പോകാന്‍ ആ പാര്‍ട്ടി ബുദ്ധിമുട്ടുകയാണ്. ഉള്ള അണികളെപ്പോലും നിലനിര്‍ത്താനാവാതെ പോകുന്ന ചിത്രമാണ് രാജ്യത്തെ പല ഇടങ്ങളിലും കാണുന്നത്. കേരളത്തിലും ഭിന്നമല്ല. അത്തരം പ്രതിസന്ധിയ്ക്കിടെയാണ് സംസ്ഥാനത്ത് പുതിയ നേതൃത്വത്തെ ചുമതലയേല്‍പ്പിച്ചുകൊണ്ട് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം നടത്തുന്നത്.
വിവിധ അടരുകളോടെ നിലനിന്നുവരുന്ന എ, ഐ എന്ന പരമ്പരാഗതമായ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. പലകാലത്തും ഇതിന്റെ അമരക്കാരും ഗ്രൂപ്പ് മാനേജര്‍മാരുമൊക്കെ മാറിയിട്ടുണ്ടാകാം. വിശാല ഐ എന്നൊക്കെ ആയിത്തീരുകയും ചെയ്തിരിക്കാം. അതില്‍ തന്നെ കെ.സി. വേണുഗോപാലിന്റെ പേരിനൊപ്പം ചേര്‍ത്ത് പറയുന്നതുപോലെ പുത്തന്‍ സംഘങ്ങളും കൂറുമുന്നണികളും ഉണ്ടാകാം. എന്നാലും അടിസ്ഥാനപരമായി എയിലും ഐയിലുമായി കോണ്‍ഗ്രസ് ഇരിക്കുന്നുവെന്നതാണ് പ്രമാണം. ചാലപ്പുറം ഗ്രൂപ്പ് മുതലുള്ള ചര്‍വ്വിത ചര്‍വ്വണം മലയാളികള്‍ ഒരുപാട് കേട്ടതാണ്, കേട്ടുകൊണ്ടിരിക്കുന്നതുമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് ഒരുപാട് പ്രതിസന്ധികളെ നേരിട്ടതാണ്. സാക്ഷാല്‍ കെ. കരുണാകരന്‍ പോലും പാര്‍ട്ടി വിട്ടുപോവുകയും പിന്നെ മടങ്ങിയെത്തുകയും ഒക്കെ ചെയ്തതും അത്ര ദൂരെയൊന്നുമല്ലാതെ സമകാലീക പാര്‍ട്ടി ചരിത്രത്തില്‍ തന്നെയുണ്ട്. നിയമസഭയില്‍ കൈവിരലില്‍ എണ്ണാവുന്ന ജനപ്രതിനിധികളില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ച മാജിക് ഒക്കെ സ്വന്തമാക്കിയ നേതാവായിരുന്നു കെ. കരുണാകരന്‍. ഇക്കാലത്തുമുണ്ട് വലിയ നേതാക്കള്‍ ഗ്രൂപ്പുകളിലൊക്കെയും, മനംമടുത്ത് അതിനുപുറത്തും. മതിയായ രാഷ്ട്രീയ വിഭവങ്ങളൊക്കെ ഉണ്ടായിട്ടും നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേയും മുന്നണിയേയും ജയിപ്പിച്ചെടുക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചില്ല. തെരഞ്ഞെടുപ്പിന്റെ പടിപ്പുറത്തും തെരുവില്‍ വിഴുപ്പലക്കുകയായിരുന്നു പല നേതാക്കളും. അവനവനു പുറത്ത് അവര്‍ക്ക് പാര്‍ട്ടിയുണ്ടായിരുന്നില്ല.
ഇടതു മുന്നണിയുടെ ഭരണത്തുടര്‍ച്ച നല്‍കിയ ആഘാതം കോണ്‍ഗ്രസ് പാര്‍ട്ടിയേയും മുന്നണിയേയും വലിയ ദശാസന്ധിയിലാണ് കൊണ്ടെത്തിച്ചത്. അതില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുവന്നു പഴയ പ്രാഭവത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ദേശീയ നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി.ഡി. സതീശനേയും കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ. സുധാകരനേയും നിയോഗിച്ചതോടെ സംസ്ഥാനത്തെ പരമ്പരാഗതമായ എ,ഐ ഗ്രൂപ്പുകള്‍ വാളെടുത്തു. പുതിയ നേതൃത്വം ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആളുകളെ നിയോഗിച്ച രീതിയ്‌ക്കെതിരെയൊക്കെ വലിയ കോളിളക്കങ്ങളാണ് പാര്‍ട്ടിയ്ക്കകത്ത് രൂപപ്പെട്ടത്. പരമ്പരാഗത ഗ്രൂപ്പുകളുടെ നേതൃസ്ഥാനത്ത് നിലകൊള്ളുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്കു പിന്നില്‍ നില്‍ക്കുന്നവരും പുതിയ നേതൃത്വവും അവരോട് ചേര്‍ന്നുനില്‍ക്കുന്നവരും ഒക്കെ ചേര്‍ന്ന് അരങ്ങ് വല്ലാതെ കൊഴിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് ചര്‍ച്ചചെയ്ത് എല്ലാം പരിഹരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്നതാണ് വാസ്തവം
സെമികേഡര്‍ സ്വപ്‌നങ്ങള്‍
കാലങ്ങളായി ആള്‍ക്കൂട്ട രാഷ്ട്രീയം പഥ്യമായ സംഘടനയെ സെമികേഡര്‍ ആക്കാനാണ് പുതിയ നേതൃത്വം ആഗ്രഹിക്കുന്നത്. ചിട്ടയും അച്ചടക്കവും ഒക്കെ നല്ലതു തന്നെ. പക്ഷെ കാലങ്ങളായി മറ്റൊരു രീതിയില്‍ രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തിയ സംഘടനാ ശരീരത്തിന് സെമി കേഡര്‍ കുപ്പായം എങ്ങനെ ചേരുമെന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒന്നുകില്‍ സംഘടനയ്ക്ക് അത്തരത്തിലുള്ള വഴക്കം ഉണ്ടാകണം. അല്ലെങ്കില്‍ അതിലേയ്ക്ക് വഴക്കിക്കൊണ്ടുവരാന്‍ പ്രാപ്തരായ നേതാക്കളോ നേതാവോ ഉണ്ടാകണം. അത്തരം കരിഷ്മയുള്ള നേതാക്കള്‍ കേരളത്തിലോ എന്തിന് ഇന്ത്യയില്‍ തന്നെയോ ് നിലവില്‍ ഇല്ല. പാര്‍ട്ടി അണികളിലേയ്ക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ആവുന്നില്ലെന്നതാണ് വാസ്തവം. പാര്‍ട്ടി തന്നെ ആ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടതു വഴിയിലും സംഘ വഴിയിലും ഐഡന്റിറ്റി പോളിറ്റിക്‌സിലും ഒക്കെയാണ് പുത്തന്‍തലമുറ കൂടുതലായി ആകൃഷ്ടരാകുന്നത്. അതിലേറെ രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെട്ട, നിരന്തരം അരാഷ്ട്രീയ വല്‍ക്കരിയ്ക്കുകയും സ്വപ്രയോജനത്തെ മുന്‍നിര്‍ത്തി നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നവരുടെ നിരയും നിരന്തരം വലുതായി കൊണ്ടിരിക്കുന്നു. നേര്‍ത്തുവരുന്ന അണികള്‍ പാര്‍ട്ടിയ്ക്ക് വലിയ വെല്ലുവിളിയാണ്.
ഭരണാധികാരത്തില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസ് പോലുള്ള സംഘടനയ്ക്ക് വലിയ വെല്ലുവിളിയായി തീരുന്നു. പ്രചരണത്തിനും ധനദൗര്‍ലഭ്യം നേരിട്ട പാര്‍ട്ടിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടതാണ്. സംസ്ഥാനത്തെ അധികാരം രണ്ടാം വട്ടവും ഇല്ലാതെയായതോടെ സമാന പ്രതിസന്ധികളുടെ നിരതന്നെ വരും കാലത്തും കാത്തിരിയ്ക്കുന്നുണ്ടാകും. കോര്‍പ്പറേറ്റ് വാഴ്ചകളുടെ കാലത്ത് കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തില്‍ പിണറായി വിജയനും സവിശേഷമായ രാഷ്ട്രീയ ചേരുവകള്‍ രൂപപ്പെടുത്തി തങ്ങളുടെ അധികാരവും സ്വാധീനവും കൂടുതല്‍ ശക്തമാക്കി. അവര്‍ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആശയധാരകളെ അവയുമായി സമരസപ്പെടുത്തി എടുക്കുന്നതിനും ആ നേതാക്കള്‍ ഒട്ടൊക്കെ വിജയിച്ചുവെന്ന് പറയാം- അതിന്റെ ഫലം എന്തുതന്നെയാണെങ്കില്‍പ്പോലും. ഇത്തരം ഘട്ടത്തില്‍ സെമി കേഡര്‍ പാര്‍ട്ടിയെ കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എങ്ങനെയാണ് സമകാലിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മള്‍ കാണുന്നു.
പിന്നില്‍ ആളുകളുണ്ടാകുമ്പോഴാണ് മുന്നിലെ നേതാവിന് ആക്കവും തൂക്കവും കൂടുക. എല്ലാവരും മുന്നില്‍ നിന്നാല്‍ പിന്നില്‍ ആരും ഇല്ലാത്ത അവസ്ഥവരും.നേതാവിന് ആക്കവും തൂക്കവും ഇല്ലെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവരൊക്കെ ഓടിപ്പോയി അത്തരക്കാരുടെ പിന്നില്‍ അണിനിരക്കും. അണികള്‍ പിന്നില്‍ നില്‍ക്കുന്നത് വെറുതെയല്ല. അക്കാര്യം നന്നായി മനസ്സിലാക്കി അവര്‍ക്കുള്ള കാര്യങ്ങള്‍ എത്തിച്ചുകൊടുക്കുമ്പോഴാണ് നേതാക്കള്‍ ശരിയ്ക്കും നേതാക്കളാക്കുന്നത്. അത്തരം നേതാക്കളുടെ പിന്നില്‍ ആളും അര്‍ത്ഥവും എത്തും. കാനേഷുമാരി കണക്കിലെ സാധാരണക്കാരായ നിസ്വന്മാര്‍മാത്രമല്ല, കോര്‍പ്പറേറ്റുകളും വമ്പന്മാരും ഒക്കെ എത്തും. ഒരുകാലത്ത് ഇത്തരക്കാര്‍ വലുതായി തിക്കിതിരക്കിയിരുന്നു കോണ്‍ഗ്രസിന്റെ അടുക്കളയില്‍. പക്ഷെ, ഇപ്പോള്‍ ചിത്രമതല്ല. എല്ലാം പഴയ പ്രാഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. വാര്‍ദ്ധക്യം വന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. അതവരുടെ അനുമാനങ്ങളിലും തീരുമാനങ്ങളിലും പ്രകടമാകുന്നു. വാര്‍ദ്ധക്യം എന്നവാക്ക് വര്‍ദ്ധിക്കുക എന്ന ധാതുവില്‍ നിന്നുമാണ് രൂപപ്പെട്ടത്. അനുഭവങ്ങളും അറിവും ഒക്കെ വര്‍ദ്ധിച്ചവരെ വൃദ്ധര്‍ എന്നു വിളിക്കുന്നുവെങ്കില്‍ അതൊരു ഗുണാത്മകമായ കാര്യം തന്നെ. ഈ വൃദ്ധി പ്രയോജനപ്പെടുത്താന്‍ കഴിയാത്തവണ്ണം ദുര്‍ബലമായ മേധയും ശരീരവും അവര്‍ക്കുണ്ടായാലോ? അത്തരമൊരു അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
പിണറായി വിജയന് ഭരണത്തുടര്‍ച്ച ഉണ്ടായതുകൊണ്ടുമാത്രം കോണ്‍ഗ്രസിനു നേരിടേണ്ടിവന്നതല്ല ഈ പ്രതിസന്ധി. വി.എസ് അച്യുതാനന്ദന് 2011ല്‍ അത് സാധ്യമാകാതെ പോയത് സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍കൊണ്ടാണെന്ന് അറിയാത്തവര്‍ ഉണ്ടാകാനിടയില്ല. വല്ലാതെ ഞെക്കിയും ഞെരുങ്ങിയുമാണ് അന്ന് ഉമ്മന്‍ചാണ്ടി ഭൂരിപക്ഷമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് 2021ലെ ഈ അവസ്ഥയിലേക്ക് എത്തിയതിനു പിന്നില്‍ വലിയ ഒരു തുടര്‍ച്ചയുണ്ടെന്നത് അവധാനതയോടെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. അവസാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഫലം കണക്കിലെടുക്കാതെയല്ല ഇക്കാര്യം പറയുന്നത്. അതിന് മറ്റ് കാരണങ്ങളുണ്ടായിരുന്നു.
പലരും സംസാരിക്കുന്നത് കേട്ടാല്‍ തോന്നുക കോണ്‍ഗ്രസ് വളരെ പൊടുന്നവെ ഏതോ വലിയ ചുഴിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നാണ്. അത് ഒരിയ്ക്കലും ശരിയല്ല. മെല്ലെ മെല്ലെ ആ സംഘടനാ സ്വരൂപം ഒബ്‌സലേറ്റ് ആയിക്കൊണ്ടിരിക്കുകയായിരുന്നു. മാറുന്ന കാലത്തിനൊപ്പം മാറാനുള്ള വഴക്കം അവര്‍ക്ക് ഇല്ലാതെ പോയി. ഈ വഴക്കം കേരളത്തിലെങ്കിലും രൂപപ്പെടുത്തിയെടുക്കാന്‍ കെ.സുധാകരനും വി.ഡി സതീശനും ആകുമോ? സെമി കേഡര്‍ എന്നൊക്കെ പറയുന്ന, അവര്‍ ഇച്ഛിക്കുന്ന തരത്തില്‍ സംഘടന മാറുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നേരെയാകുമോ? അതോ പരമ്പരാഗത ഗ്രൂപ്പുകളുടെ കൂട്ടത്തല്‍ മറ്റൊരെണ്ണം കൂടി സൃഷ്ടിയ്ക്കപ്പെടല്‍ മാത്രമാകുമോ?
ജില്ലതോറും മൂന്നു പേരെ വീതം ചുമതലപ്പെടുത്തി കീഴെത്തലം മുതല്‍ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിയ്ക്കാനുള്ള ശ്രമമൊക്ക ഈ സെമി കേഡര്‍ വ്യവഹാരങ്ങളോട് ചേര്‍ത്തുവെച്ചു വേണം മനസ്സിലാക്കാന്‍. രാജീവ് ഗാന്ധി ഇനിസ്റ്റിറ്റിയൂട്ടില്‍ അതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ പലര്‍ക്കും ഇത്തരം പുനര്‍നിര്‍മിതിയില്‍ പ്രതീക്ഷയുള്ളതുപോലെ തോന്നി. നല്ലതു തന്നെ. അത്യന്തം സങ്കീര്‍ണ്ണമാണ് സമകാല രാഷ്ട്രീയം. അവിടെ കോണ്‍ഗ്രസിന് സ്വന്തം ഇടം വീണ്ടെടുക്കാന്‍ ഇത്തരം മുഖം മിനിക്കല്‍ ശസ്ത്രക്രീയ കൊണ്ട് ആകുമോയെന്നത് പ്രശ്‌നം തന്നെയാണ്. അതെങ്കിലും ഒന്ന് ചെയ്തു നോക്കാം എന്നാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത്. അല്ലാതെ എന്ത് എന്ന അന്യഥാവിചാരം അദ്ദേഹത്തെ ഭരിക്കുന്നതുപോലെ തോന്നി. ഈ അന്യഥാ വിചാരം കളഞ്ഞ് താഴെ തലം മുതല്‍ സജീവമാക്കി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിയ്ക്കാതെ തരമില്ല. ഒപ്പം മാറുന്ന കാലത്തെ ശരിയായി ഉള്‍ക്കൊള്ളുകയും വേണം. രാഷ്ട്രീയ വിഷയങ്ങളും വിഭവങ്ങളും ചുറ്റുവട്ടത്ത് ധാരാളമുണ്ട്. ജനങ്ങള്‍ വലിയ പ്രതിസന്ധികളിലും വിഷമതകളിലുമാണ്. ഉടുപ്പുലയാതേയും കൈനനയാതേയും മീന്‍പിടിയ്ക്കാന്‍ ആവുകയുമില്ല.