TMJ
searchnav-menu
post-thumbnail

Outlook

വിഴിഞ്ഞം കലാപഭൂമിയാക്കാന്‍ സമരവിരുദ്ധരുടെ ഗൂഢാലോചന

28 Nov 2022   |   1 min Read
Dr. AJ Vijayan

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി തീരദേശജനത നടത്തുന്ന സമാധാനപരമായ സമരത്തെ കലാപമാക്കി മാറ്റി പരാജയപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിഴിഞ്ഞത്തു നടക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ സംഘടിതമായ അക്രമത്തിനുള്ള ശ്രമങ്ങള്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്നതായി വ്യക്തമാവും. വെള്ളിയാഴ്ച്ച മുതലുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വെള്ളിയാഴ്ച്ച വരുന്നതും സമരസമിതി പ്രവര്‍ത്തകര്‍ അവ ഉപരോധിക്കുന്നതുമാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. തുറമുഖ നിര്‍മ്മാണത്തിന്റെ വാഹനങ്ങള്‍ വരുന്നതിനെപ്പറ്റി സമരത്തിനെതിരായ സമരം നടത്തുന്നവര്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. സാമഗ്രികളുമായി വാഹനങ്ങള്‍ വരുന്നതിനും വളരെ മുമ്പുതന്നെ സമരത്തിന് എതിരായവര്‍ സംഘടിതമായി സമരസമിതിയുടെ വേദിയുടെ അടുത്ത് നിലയുറപ്പിച്ചതില്‍ നിന്നും അക്കാര്യം വ്യക്തമാണ്. ബിജെപിയാണ് സമരത്തിന് എതിരായ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നും വ്യക്തമാണ്. തുറമുഖ വിരുദ്ധ സമരസമിതിക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കുമെതിരെ അങ്ങേയറ്റം പ്രകോപനകരമായ അധിക്ഷേപങ്ങളും, ആക്ഷേപങ്ങളും ഉയര്‍ത്തി മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പുറപ്പാടിലായിരുന്നു അവര്‍. അതിനുള്ള തയ്യാറെടുപ്പുകളുമായാണ് അവര്‍ എത്തിയതെന്നു കരുതേണ്ടിയിരിക്കുന്നു. പൊലീസ് അവര്‍ക്കു വേണ്ട ഒത്താശ നല്‍കുകയായിരുന്നു. സാമഗ്രികളുമായി വാഹനങ്ങള്‍ വരുന്നതിനെപ്പറ്റി അവര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കിയ പൊലീസ് എന്നാല്‍ അക്കാര്യം സമരസമതിയെ അറിയിച്ചിരുന്നില്ല. വാഹനങ്ങള്‍ വരുന്ന പക്ഷം സമാധാനപരമായ ഉപരോധം നടത്തി അറസ്റ്റു വരിക്കുന്നതിനാണ് സമരസമിതിയുടെ തീരുമാനമെന്നായിരുന്നു ഞാന്‍ മനസ്സിലാക്കുന്നത്. അത്തരമൊരു സാധ്യതയെ ഇല്ലാതാക്കുകയും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തതില്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ പിഴവും സമരത്തിനെതിരെ ആസൂത്രിതമായ പ്രചാരണം നടത്തുന്ന രാഷ്ട്രീയ ശക്തികളുടെ ഗൂഢാലോചനയും നടന്നതായി കരുതേണ്ടിയിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് സമരത്തിന് എതിരായ സമരക്കാരുടെ പന്തല്‍ തകര്‍ത്ത സംഭവം.  

representational image | pti

വൈകാരിക മേഖല

കേരളത്തിലെ തീരമേഖലയില്‍ പൊതുവെയും തിരുവനന്തപുരം ജില്ലയില്‍ പ്രത്യേകിച്ചും വളരെ വൈകാരികമായി പ്രതികരിക്കുന്ന ജനങ്ങളാണ് പാര്‍ക്കുന്നത്. വളരെ സെന്‍സിറ്റീവായി വേണം അവിടെ ഇടപെടലുകള്‍ നടത്തേണ്ടത്. ക്രമസമാധാനപാലനം പോലുള്ള പൊലീസ് നടപടികള്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. എന്നാല്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും വിഴിഞ്ഞം മേഖലയില്‍ കാണാനാവുക. സമരത്തിന് എതിരെ സമരം നടത്താന്‍ അനുവദിക്കുന്ന നയം തന്നെ ഉദാഹരണമായി എടുക്കാം. കേരളത്തില്‍ പദ്ധതികള്‍ക്കെതിരെ സമരം നടക്കുന്നത് ആദ്യമായല്ല. പക്ഷെ സമരത്തില്‍ പങ്കെടുക്കുന്നവരെ വര്‍ഗ്ഗീയമായി തരംതിരിക്കുകയും തികച്ചും ആഭാസകരമായ നിലയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു കൂട്ടരെ തൊട്ടടുത്തു തന്നെ സമരം ചെയ്യാന്‍ അനുവദിക്കുന്നത് കേരളത്തില്‍ ഒരു പക്ഷെ ആദ്യമായിരിക്കും. സര്‍ക്കാര്‍ സംവിധാനം എങ്ങനെയാണ് അത്തരമൊരു നടപടി അംഗീകരിയ്ക്കുക. സമരവേദിയുടെ തൊട്ടടുത്തു തന്നെ എതിര്‍സമരത്തിന് അവസരമൊരുക്കുക സംഘര്‍ഷത്തെ വിളിച്ചു വരുത്തലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. അതാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടമാടുന്ന വിജിലാന്‍ഡെ (vigilante) ഗ്രൂപ്പുകളുടെ മറ്റൊരു പതിപ്പാണ് ഇതെന്നു പറയേണ്ടി വരും. കേരളത്തില്‍ കേട്ടുകേള്‍വിയുള്ളതല്ല അത്തരമൊരു രീതി. ആറന്മുള വിമാനത്താവളത്തിന് എതിരെ നടന്ന സമരം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവും. ഹിന്ദു ഐക്യവേദിയുടെ നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു അതിന്റെ ചുക്കാന്‍ പിടിച്ചത്. അതൊരു വര്‍ഗ്ഗീയ സമരമാണെന്നു ആരും ആക്ഷേപം ഉന്നയിച്ചില്ല. അവിടെ ഏതെങ്കിലും ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദി സംഘടന സമാന്തരമായി സമരം നടത്തിയിരുന്നുവെങ്കില്‍ എത്രമാത്രം അപഹാസ്യമാവുമായിരുന്നുവെന്നതു പോലെയാണ് ഇപ്പോള്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിനെതിരെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന പ്രചാരണം.

കടല്‍ എങ്ങനെ മത്സ്യത്തൊഴിലാളികളുടെ സ്വത്താവും എന്നെല്ലാം ചോദിക്കുന്നവര്‍ തീരദേശ സമൂഹത്തിന്റെ പരിണാമങ്ങളെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ കടല്‍ തങ്ങളുടെ പരമാധികാരത്തിന്റെ വിഷയമാണെന്നു പറഞ്ഞാല്‍ മത്സ്യത്തൊഴിലാളി എന്തു ചെയ്യും ? അവര്‍ എവിടെ പോവും ?

വിഴിഞ്ഞം അടഞ്ഞ അധ്യായമല്ല

വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു അടഞ്ഞ അധ്യായമെന്ന മട്ടിലാണ് കേരളത്തിലെ പൊതുസമൂഹം വീക്ഷിക്കുന്നതെന്നു തോന്നുന്നു. തുറമുഖ നിര്‍മ്മാണത്തിന്റെ കടലുമായി ബന്ധപ്പെട്ട ജോലികളുടെ 30 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. മുപ്പതു ശതമാനം പൂര്‍ത്തിയായപ്പോള്‍ തന്നെ തീരമേഖലയിലുണ്ടായ ഗുരുതരമായ ഭവിഷ്യത്തുകള്‍ കണക്കിലെടുത്ത് പദ്ധതിയെപ്പറ്റി ഒരു പുനര്‍വിചിന്തനം അനിവാര്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 400 ഓളം വീടുകളാണ് മേഖലയില്‍ ഇല്ലാതായിട്ടുള്ളത്. ഇപ്പോഴത്തെ നിലയില്‍ പദ്ധതിയുമായി മുന്നോട്ടു പോവുന്ന പക്ഷം ആയിരക്കണക്കിന് വീടുകള്‍ കൂടി ഇല്ലാതാവും. പദ്ധതിയുമായി ബന്ധപ്പെട്ട റെയില്‍ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തുരങ്കപാത വഴി റെയില്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്താമെന്ന നിര്‍ദ്ദേശത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. തുരങ്കപാതയുടെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്താതെ അതിനുള്ള അനുമതി ലഭിക്കില്ല. കുറഞ്ഞത് ഒരു കൊല്ലമെങ്കിലും അതിന് വേണ്ടി വരും. പദ്ധതിയെപ്പറ്റി വിവേകത്തോടെയുള്ള പുനരാലോചനകള്‍ക്ക് ഇപ്പോഴും സമയം വൈകിയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കാരണം ഈ പദ്ധതി മൂലം സംഭവിക്കാനിടയുള്ള വിനാശങ്ങളെ നേരിടുന്നതിന് ചെലവഴിക്കേണ്ടി വരുന്ന ഭീമമായ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെയുള്ള ചെലവുകള്‍ നാമമാത്രമായിരിക്കും. പദ്ധതിയെ പറ്റിയുള്ള വിശ്വസനീയവും സുതാര്യവുമായ കണക്കെടുപ്പും പുനഃപരിശോധനയും നടത്തുന്നതിന് പകരം മത്സ്യത്തൊഴിലാളികളെ ദേശവിരുദ്ധരും, രാജ്യദ്രോഹികളും വികസനവിരുദ്ധരുമായി മുദ്രകുത്തുന്ന സമീപനം കൊളോണിയല്‍ കാലഘട്ടത്തില്‍ ആദിവാസി-കാര്‍ഷിക സമൂഹങ്ങളെ ക്രിമിനല്‍ ഗോത്രങ്ങളായി മുദ്ര കുത്തിയ രീതിയെ ഓര്‍മ്മപ്പെടുത്തുന്നു.

വിഴിഞ്ഞം | photo: wiki commons

മത്സ്യത്തൊഴിലാളി സവിശേഷത

മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കടല്‍ അവരുടെ കൂട്ടായ ഉടമസ്ഥതയുടെ ഭാഗമാണ്. ഭൂമിയെ വളച്ചുകെട്ടി സ്വകാര്യ സ്വത്താക്കി മാറ്റിയതുപോലെ സ്വകാര്യമായി വളച്ചുകെട്ടാവുന്നതല്ല കടല്‍. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പാരിസ്ഥിതികമായും, സാമൂഹ്യമായും ഉരുത്തിരിഞ്ഞുവന്ന സവിശേഷമായ ബന്ധത്തിന്റെ ശേഷിപ്പുകളാണ് തീരജന സമൂഹങ്ങള്‍. കൂട്ടായ ഉടമസ്ഥത അവരുടെ മുഖമുദ്രയാണ്. കടല്‍ എങ്ങനെ മത്സ്യത്തൊഴിലാളികളുടെ സ്വത്താവും എന്നെല്ലാം ചോദിക്കുന്നവര്‍ തീരദേശ സമൂഹത്തിന്റെ പരിണാമങ്ങളെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ കടല്‍ തങ്ങളുടെ പരമാധികാരത്തിന്റെ വിഷയമാണെന്നു പറഞ്ഞാല്‍ മത്സ്യത്തൊഴിലാളി എന്തു ചെയ്യും? അവര്‍ എവിടെ പോവും? കേരളത്തിലെ പൊതുസമൂഹം തുറന്ന മനസ്സോടെ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ് അത്. വിഴിഞ്ഞം കേരളത്തിനോട് അത് ആവശ്യപ്പെടുന്നു.

Leave a comment