TMJ
searchnav-menu
post-thumbnail

Outlook

കോർപ്പറേറ്റ് വൽക്കരിക്കപ്പെടുന്ന നമ്മുടെ സർവ്വകലാശാലകൾ

28 May 2022   |   1 min Read
Thomas Klikauer-Meg Young

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗസ്റ്റ് ലക്ചര്‍മാരുടെ ശോചനീയാവസ്ഥയെ പറ്റി  സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിനോദ് നെടുമുടി ഡെക്കാണ്‍ ക്രോണിക്കിള്‍ പത്രത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്നത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഗസ്റ്റ് ലക്ചര്‍മാര്‍ എന്നൊരു വിഭാഗം കേരളത്തിലുണ്ടോയെന്ന വകുപ്പ് സെക്രട്ടറിയുടെ അത്ഭുതം കൂറലില്‍ നെടുമുടിക്കാരന്‍ അതിശയിച്ചു. 'കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന' ഇനത്തില്‍ പെട്ട പത്രപ്രവര്‍ത്തകനായതിനാല്‍ ഗസ്റ്റ് ലക്ചര്‍മാര്‍ എന്നൊരു വിഭാഗം കേരളത്തിലുണ്ടെന്ന് 'ക്ലാര്‍ക്കുമാരുടെ അലക്‌സാണ്ടര്‍മാര്‍' എന്നു വികെഎന്‍ പരിഹസിച്ച വര്‍ഗ്ഗത്തില്‍ പെട്ട സെക്രട്ടറിക്ക് ബോധ്യപ്പെടുന്ന റിപ്പോര്‍ട്ട് അദ്ദേഹം എഴുതി. തോസ് ക്ലിക്കോറും, മെഗ് യംഗും ചേര്‍ന്നെഴുതിയ
'Academentia and Managerialism' എന്ന ലേഖനം വായിച്ചപ്പോള്‍ കേരളത്തിലെ  ഗസ്റ്റ് ലക്ചര്‍മാരുടെ ദുര്‍വിധി ആഗോളതലത്തില്‍ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിന്റെ മറ്റൊരു പതിപ്പാണെന്നു വ്യക്തമായി. അക്കാദമിക മേഖലയിലെ പരിതാപകരമായ (Precarious) അവസ്ഥ മറ്റു തൊഴില്‍ മേഖലകളുടേതിനേക്കാള്‍ മോശമാവുന്നതിന്റെ പശ്ചാത്തലം ക്ലിക്കോറും, യംഗും വിശദീകരിക്കുന്നു. കറുത്ത ഫലിതവും സര്‍ക്കാസവും നിറഞ്ഞ അവരുടെ ഭാഷയുടെ അന്തസത്ത ചോരാതെ പരിഭാഷ നിര്‍വഹിച്ച അപര്‍ണ്ണ. ആര്‍ -നോട് നന്ദി രേഖപ്പെടുത്തുന്നു.: പത്രാധിപര്‍

അടുത്ത കാലത്തായി പൊതു മണ്ഡലത്തിൽ വളരെയധികം പ്രചാരം ലഭിച്ചൊരു ആശയമാണ് “അക്കാദിമെൻഷ്യ”. അക്കാദമിയ എന്ന സർവകലാശാലകളുടെ പഠന ഗവേഷണ വിഭാഗങ്ങളെ സൂചിപ്പിക്കുന്ന പദവും ദിമെൻഷ്യ എന്ന ഓർമശക്തി, ചിന്താശേഷി, പെരുമാറ്റം എന്നിവയുടെ ക്ഷയം മൂലം പ്രവർത്തനശേഷി പ്രതികൂലമായി ബാധിക്കപെട്ട അവസ്ഥയെ സൂചിപ്പിക്കുന്ന പദവും ചേർത്ത് വച്ചതാണ് അക്കാദിമെൻഷ്യ. ചുരുക്കി പറഞ്ഞാൽ, സർവകലാശാലാ അധ്യാപകർക്ക് അദ്ധ്യാപനവും ഗവേഷണവും സാധ്യമാകാത്ത സംഘടിതമായ ബുദ്ധിഭ്രമം എന്നൊരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ് അക്കാദിമെൻഷ്യ. ഇത് കണ്ടു വരുന്നത് മാനേജീരിയലിസത്തിന്റെ മുഖമില്ലാത്ത ക്രിപ്റ്റോ- കോർപ്പറേറ്റ് അനുചരന്മാർ നടത്തുന്ന നിയോ ലിബറൽ സർവകലാശാലകളിലാണ്. മാനേജീരിയലിസം എന്ന പ്രത്യയശാസ്ത്രം പിൻപറ്റുന്ന മാനേജർമാരാണ് ഈ ക്രിപ്റ്റോ- കോർപ്പറേറ്റ് അനുചരന്മാർ. അവരുടെ അസ്തിത്വം തന്നെ നിലനില്കുന്നത് ഈ സർവകലാശാലയുടെ മാർക്കറ്റിംഗ് മുതലായ മാനേജീരിയൽ സാമഗ്രികളിലാണ്, അല്ലാതെ ഗവേഷണം, പഠനം, അധ്യാപനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിലല്ല. ഇത്തരം മാനേജർമാരുടെ അനുശാസനപ്രകാരം സർവകലാശാലാ ഗവേഷകർ മികച്ചതെന്ന് പറയപ്പെടുന്ന ജേർണലുകളിൽ അവരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച്, അവയുടെ എണ്ണം വച്ച് മാത്രം പരസ്പരം മത്സരിക്കാൻ നിർബന്ധിതരാകുന്നു. രണ്ടാമതായി, മുൻപ് ഗവേഷകരായിരുന്ന, എന്നാൽ ഇപ്പൊ കൂടുതലും കോർപ്പറേറ്റ് മാനേജർമാരായി പ്രവർത്തിക്കുന്ന അക്കാ- മാനേജീരിയലിസ്റ്റുകൾക്ക് വിധേയരാകേണ്ടി വരുന്നു ഇന്നത്തെ ഗവേഷകർക്ക്. ഇവരാണ് ജേർണൽ റാങ്കിങ്ങും മറ്റും നടപ്പിലാക്കുന്നത്. മൂന്നാമതായി, അക്കാ- മാനേജീരിയലിസ്റ്റുകൾ ജേർണൽ റാങ്കിങ്ങും പ്രസിദ്ധീകരണങ്ങളുടെ എണ്ണവും കൂട്ടിച്ചേർത്തു ഒരു ‘പെർഫോമൻസ് സ്കോർ’ ഉണ്ടാക്കുന്നു. ഇതിൽ പെടാത്തവരെല്ലാം പല രീതികളിൽ ഒഴിവാക്കപ്പെടുന്നു. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ സ്കോർ നേടി ഈ നിയോലിബറൽ മത്സരത്തിൽ പങ്കാളികളായവർക്ക് ഏറ്റവും മികച്ച സർവകലാശാലകളിൽ നിയമനം ലഭിക്കുന്നു. ഈ സർവ്വകലാശാലകളാകട്ടെ, ഒരു കൈപിടിയോളം മാത്രം “വിജയികളും” ബാക്കി ഒരായിരം “പരാജിതരു”മെന്നവണ്ണം മറ്റൊരു കൂട്ടം കോർപ്പറേറ്റ് അനുചരന്മാരാൽ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം പ്രത്യയശാസ്ത്രം, നിയോലിബറലിസം, മാനേജീരിയലിസം എന്നീ ചക്രങ്ങൾ അനന്തമായി ഉരുളുന്നു.

നിയോലിബറൽ മാതൃകക്കുള്ളിൽ തൊഴിൽ എന്നത് ഏറ്റവും മുന്തിയ ജേർണലുകളുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ടിരിക്കുന്നു. ഏതായാലും കഴിഞ്ഞ കുറേ വർഷങ്ങളായി മനസിലാക്കി വരുന്ന ഒരു കാര്യമുണ്ട്; ഒറ്റക്ക് രചിക്കുന്ന ജേർണൽ ലേഖനമാണ് -പുസ്തകം പോലുമല്ല എന്നോർക്കണം - ഗവേഷകരുടെ ഉദ്‌പാദനക്ഷമത നിശ്ചയിക്കുന്നത്.

ഇതിൽ വിജയിക്കുന്നവർ ഇതിന്റെ അടുത്ത പടിയായ റിസേർച് ഗ്രാന്റുകൾ കരസ്ഥമാക്കാനുള്ള മത്സരത്തിലേക്ക് കടക്കുന്നു. കൂടുതൽ പണം (ഇൻഡസ്ടറി ഗ്രാന്റ് എന്നാണ് ഇതിന്റെ ഔദ്യോഗിക പദം എന്ന് വേണം കരുതാൻ) ആരാണോ കൊണ്ട് വരുന്നത് അയാളുടെ ജോലി സ്ഥിരപ്പെടുന്നു. നിയോലിബറൽ മാതൃകക്കുള്ളിൽ തൊഴിൽ എന്നത് ഏറ്റവും മുന്തിയ ജേർണലുകളുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ടിരിക്കുന്നു. ഏതായാലും കഴിഞ്ഞ കുറേ വർഷങ്ങളായി മനസിലാക്കി വരുന്ന ഒരു കാര്യമുണ്ട്; ഒറ്റക്ക് രചിക്കുന്ന ജേർണൽ ലേഖനമാണ് -പുസ്തകം പോലുമല്ല എന്നോർക്കണം - ഗവേഷകരുടെ ഉദ്‌പാദനക്ഷമത നിശ്ചയിക്കുന്നത്. ഈ പട്ടികകളെല്ലാം തന്നെ തികച്ചും വസ്തുനിഷ്ഠമായ അളവുകോലുകൾക്ക് അനുസൃതമായാണ് തയ്യാറാക്കുന്നത് എന്ന വ്യാജേനയാണ് ഇവ നടപ്പിലാക്കുന്നത്. സർവകലാശാല അധ്യാപകർക്ക് ഇടയിൽ തന്നെ താരതമ്യേന തൊഴിൽ സ്ഥിരത ഉള്ളവരിൽ കൂടുതലും വരേണ്യ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ, മധ്യ വർഗ - ഉപരി വർഗ വിഭാഗങ്ങളിൽ നിന്നുള്ള വെള്ളക്കാരായ able-bodied ആണുങ്ങൾ ആണെന്നത് നിരാശാജനകമാണ്. അതെ സമയം, ഈ മേഖലയിലെ തൊഴിൽ സുരക്ഷ ലഭിക്കാത്തവർ ഭൂരിപക്ഷവും സ്ത്രീകളും, പല വംശങ്ങളിൽ നിന്നുള്ളവരും, ശാരീരികമായി വ്യത്യസ്തതകൾ ഉള്ളവരും, തൊഴിലാളി വർഗ്ഗത്തിൽ പെടുന്നവരുമൊക്കെയാണ്. കുറഞ്ഞ ശമ്പളത്തിൽ ഓവർടൈം പണിയെടുക്കേണ്ടി വരുന്ന ഇക്കൂട്ടർക്ക് ആദ്യം പറഞ്ഞ കൂട്ടത്തിലേക്ക് ഉയരണമെങ്കിൽ ചെയ്യേണ്ടത് ഒരു ‘മികച്ച’ ജേർണലിൽ പ്രസിദ്ധീകരിക്കുകയാണ്. അല്ലാത്ത പക്ഷം അവർ ഭരണസംബന്ധമായ ചുമതലകൾ നിർവഹിച്ചു, പുതിയ പഠന സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു, നിലവിൽ അവർ വഹിക്കുന്ന അസ്ഥിരമായ തസ്തികകളിലേക്ക് തന്നെ വീണ്ടും വീണ്ടും അപേക്ഷിച്ച്‌ ഇതിന്റെയെല്ലാം ശാരീരികവും മാനസികവുമായ വിഷമതകളും പേറി ജീവിക്കേണ്ടി വരുന്നു.

പലപ്പോഴും, ‘മികച്ച’ ജേർണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള സമ്മർദത്തിനടിമപ്പെട്ട് ഗവേഷകർക്ക് ഈ ജേർണലുകളുടെയും അവയുടെ എഡിറ്റർമാരുടെയും ആവശ്യങ്ങൾക്കനുസൃതമായി തങ്ങളുടെ ഗവേഷണത്തിന് മാറ്റം വരുത്തേണ്ടിവരുന്നു. ഇത് മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന, വേറിട്ട ചിന്താഗതികൾ പുലർത്തുന്ന വിമർശനാത്മകമായ ഗവേഷണത്തെ തടസ്സപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയുന്നു. മാർക്സ്, ഐൻസ്റ്റീൻ, അലൻ ട്യൂറിംഗ്, കെയ്ൻസ് എന്നിവർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ഈ മേഖലയിലെ ഇന്നത്തെ അധഃപതനം കണ്ട് അവർ തീർച്ചയായും ഞെട്ടിയേനെ. ഗവേഷണം ഇന്ന് സമൂഹത്തെ പരിണമിപ്പിക്കാനോ ലോകത്തെ മാറ്റാനോ ശ്രമിക്കുന്നു പോലുമില്ല. ഇന്ന് ഗവേഷണത്തിനേക്കാൾ മുൻപിൽ നിൽക്കുന്നത് മത്സരബുദ്ധിയാണ് - ഗവേഷകർ ശ്രമിക്കുന്നത് കൂടുതൽ സ്കോർ നേടി, അടുത്ത ലെവെലിലേക്ക് ഉയർന്നു, അവരുടെ സഹപ്രവർത്തകരെ പിന്തള്ളി മുന്നേറാനാണ്. നിയോലിബറലിസം എന്ന വിശാലമായ പ്രത്യയശാസ്ത്രവും കുറച്ചുകൂടി സങ്കുചിതവും കമ്പനി കേന്ദ്രീകൃതവുമായ അതിന്റെ ദുഷ്ടനായ ഇരട്ടസഹോദരൻ മാനേജീരിയലിസവും സർവകലാശാല ഗവേഷണമേഖലയെ ഒന്നാകെ കൈയ്യേറിയിരിക്കുന്നു. ഇവ രണ്ടും സ്വകാര്യവത്കരണവും ഡിറെഗുലേഷനുമായും ബന്ധപ്പെട്ടിരിക്കുന്നു. നിയോലിബറലിസം സർവ്വകലാശാലകളിലേക്കുള്ള സ്റ്റേറ്റ് ഫണ്ടിംഗ് ഗണ്യമായി കുറയാൻ വഴിയൊരുക്കിയിരിക്കുന്നു. അവയ്ക്കു പകരം പ്രൈവറ്റ് ഫീ എന്ന ആശയം പ്രചാരത്തിൽ വന്നിരിക്കുന്നു. ഇതാകട്ടെ, ലാഭമുണ്ടാക്കാൻ വേണ്ടിയുള്ള എം ബി എ പോലുള്ള ഒരു പറ്റം ഡിഗ്രികൾക്ക് വഴിയൊരുക്കുന്നു. മാസങ്ങളും വർഷങ്ങളും ഗവേഷണത്തിനു വേണ്ടി മാറ്റിവച്ചവർക്കു റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും മനഃക്ലേശം ഉണ്ടാക്കിയേക്കാം. ഇത് റിവ്യൂവേഴ്സ് എന്ന വിഭാഗത്തിന് ഈ മേഖലയിലുള്ള മേൽക്കൈ അടയാളപ്പെടുത്തുന്നു. അജ്ഞാതയായ/ അജ്ഞാതനായ റഫറി എന്ന സ്ഥാനത്തു എത്തുന്നതോടെ ഇത്തരം മാറ്റങ്ങൾ എന്ത് കൊണ്ടാണ് ഗവേഷകർക്ക് സംഭവിക്കുന്നത് എന്ന് യാതൊരു പിടിയുമില്ല. എങ്കിലും, നിയോലിബറൽ അക്കാദമിയയുടെ അനന്തരഫലമായുള്ള അരക്ഷിതാവസ്ഥക്കും ഉത്കണ്ഠയ്ക്കും ഇതിൽ പങ്കുണ്ടെന്നത് വ്യക്തമാണ്.

നിയോലിബറൽ സർവകലാശാലകളുടെ സമ്മർദം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ക്യാപിറ്റലിസത്തിനു തീർത്തും ഉപയോഗശൂന്യമായ വിഷയങ്ങളുടെ അധ്യാപനത്തിന്റെ കാര്യത്തിലാണ്. തത്വശാസ്ത്രം എന്ന വിഷയം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഈ ആശയം അവതരിപ്പിക്കുന്നതാകട്ടെ , മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ഡിഗ്രികളുടെ ആവശ്യകത എന്ന രീതിയിലാണ്. മേല്പറഞ്ഞ കോർപ്പറേറ്റ് അനുചരന്മാർ തത്വശാസ്ത്ര ഡിപ്പാർട്മെന്റുകൾ ചെറുതാക്കാനും ഒന്നടങ്കം പൂട്ടിക്കാനുമുള്ള തയാറെടുപ്പിലാണ്. അതെ സമയം, കൂടുതൽ ജനകീയവും ആദായകരവുമായ ബിരുദാനന്തര ബിരുദങ്ങളുടെ ഫലമായി അക്കാഡമിക് തൊഴിൽ മേഖലയിൽ കടുത്ത മത്സരം നിലനില്കുന്നുമുണ്ട്. പ്രതിവർഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒഴിവുകളിലേക്കു യോഗ്യതയുള്ള നൂറു കണക്കിന് അപേക്ഷകരാണ് മത്സരിക്കുന്നത്. എന്നാൽ ജോലികളാകട്ടെ അസ്ഥിരവും ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതും ആയിക്കൊണ്ടുമിരിക്കുന്നു.

REpresentational image: wiki commons

യൂഎസിലും യൂകെയിലും 70 ശതമാനത്തോളം അധ്യാപകർ താത്കാലിക കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇത്തരം ജോലികൾ പലപ്പോഴും അവധികളോ അലവൻസുകളോ പെന്ഷനോ ഇല്ലാത്തതുമാണ്. ഇവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളരെയധികം പാടുപെടുന്ന ഒരു അവസ്ഥയാണ് നാം കാണുന്നത്. എന്നാൽ, ജോലിസ്ഥിരതയുള്ള അധ്യാപകരെയും ഗവേഷകരെയും നിയോലിബറലിസം ബാധിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത് പൊതുവെ ഹാർഡ് മാനേജീരിയലിസം ( hard managerialism ) എന്ന് അറിയപ്പെടുന്നു. തൊഴിൽപരമായ സ്വയം ഭരണാവകാശം വ്യവസ്ഥിതമായി തകർത്തു കൊണ്ടിരിക്കുന്നു. പെർഫോമൻസ് ടാർഗെറ്റുകൾ അടിച്ചേൽപ്പിക്കുന്നത് വഴിയാണ് ഇത് നടപ്പിലാക്കുന്നത്.പെർഫോമൻസിന്റെ മാനദണ്ഡങ്ങൾ യുക്തിപരമാണെന്നു വരുത്തിത്തീർക്കുകയും ചെയുന്നു.ഇതെല്ലാം അക്കാദിമെൻഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.ഇതിന്റെയെല്ലാം ഭാഗമായി മാനസിക പ്രശ്നങ്ങളും കൂടി വരുന്നു. ഉദാഹരണത്തിന്, യൂകെയിലെ ജോലിസ്ഥിരതയുള്ള അക്കാഡമിക്കുകൾക്ക് നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ആർ ഈ എഫ് അഥവാ റിസർച്ച് എക്സലന്സ് ഫ്രെയിംവർക് (Research Excellence Framework). ആർ ഈ എഫ് പ്രകാരം എല്ലാ അഞ്ചു വർഷവും ഓരോ അക്കാഡമിക്കിൽ നിന്നും ഒരു നിശ്ചിത എണ്ണം പ്രസിദ്ധീകരണങ്ങൾ ഉറപ്പു വരുത്തുന്നു. ആർ ഈ എഫ് പിന്നീട് ടീച്ചിങ് എക്സലൻസ് ഫ്രെയിംവർക് എന്ന ടീ ഈ എഫ് (Teaching Excellence Framework) മായി ചേർക്കുന്നത് വഴി ഒരു അക്കാദമിക്കിന്റെ അധ്യാപനത്തിലുള്ള കഴിവ് അവരുടെ ഗവേഷണ ഉത്പാദനമാവുമായി ചേർത്ത് കൊണ്ടുള്ള ആകെത്തുക ലഭിക്കുന്നു. അധ്യാപനത്തിലുള്ള കഴിവ് അളക്കുന്നത് വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നുമാണ്. ഗവേഷണത്തിലൂടെയുള്ള ഉത്പാദനത്തിന്റെ അളവുകോൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ്. ഇത്തരത്തിൽ അക്കാദമിക്കുകൾ സദാ “നിരീക്ഷിക്കപെടുന്നു”. മാനേജീരിയലിസ്റ് നയത്തിനുള്ളിലെ അധ്യാപന മൂല്യനിർണയങ്ങൾ മിക്കപ്പോഴും വിദ്യാർത്ഥികളുടെ പ്രതികരണങ്ങളെ അഥവാ സ്റ്റുഡന്റ് ഫീഡ്ബാക്ക് റിവ്യൂസിനെ (SFR) ആശ്രയിച്ചിരിക്കുന്നു.

എന്നാൽ, പലപ്പോഴും എസ് എഫ് ആർ, ആർ ഈ എഫ് എന്നിവ മാത്രമായി തീരുന്നുണ്ട് മൂല്യനിർണയത്തിനുള്ള അളവുകോലുകൾ. ഈ വിധം മോശം സ്‌കോറുകൾ ലഭിക്കുന്ന അക്കാദമിക്കുകളെ ‘പെർഫോമൻസ് ഇമ്പ്രൂവ്മെന്റ് പ്ലാൻ’ (PIP) ലേക്ക് ചേർക്കുന്നു. പിരിച്ചു വിടുന്നതിനായുള്ള ആദ്യ പടിയായാണ് ഇതിനെ പൊതുവെ കണക്കാക്കുന്നത്. യൂകെയിൽ 25 ശതമാനം ഗവണ്മെന്റ് ഫണ്ടിങ്ങും “ഇമ്പാക്ട്” എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. കോർപ്പറേറ്റ് അനുചരന്മാർ പറയുന്നത് അനുസരിച്ച്‌ സർവകലാശാലകൾക്ക് സമ്പദ്ഘടന, സമൂഹം, സംസ്കാരം, നയരൂപീകരണം, ആരോഗ്യം, പരിസ്ഥിതി, തുടങ്ങിയവയില്ലെല്ലാം സ്വാധീനം ചെലുത്തേണ്ടതുണ്ട്. അക്കാദമിയക്ക് പുറത്തു ഇമ്പാക്ട് അഥവാ സ്വാധീനം ചെലുത്തുന്നത് നല്ല കാര്യം തന്നെ. തത്വചിന്തകർ ഇത് വരെ ലോകത്തെ പല വിധത്തിൽ നിർവചിച്ചിട്ടേ ഉള്ളു, എന്നാൽ ലോകത്തെ മാറ്റുക എന്നതായിരിക്കണം ലക്‌ഷ്യം എന്ന് മാർക്സ് പണ്ട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, നിയോലിബറൽ സർവകലാശാലകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ‘ഇമ്പാക്ട്’ എന്നതിന്റെ അർത്ഥം അമൂർത്തമാണ്. അത് മിക്കപ്പോഴും ‘സാമ്പത്തിക’ മേഖലയിലുള്ള സ്വാധീനം മാത്രമായി ചുരുങ്ങുന്നു. അക്കാദമിക മൂല്യം ഇന്ന് നിയോലിബറൽ സമ്പദ്ഘടന നിശ്ചയിക്കുന്ന ഒന്നായി മാറുകയാണ്. മാനേജീരിയലിസം പ്രത്യയശാസ്ത്രം, അധികാരം എന്നിവയായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, മൃഗങ്ങളെ വച്ചുള്ള പരീക്ഷണങ്ങൾ, പരിസ്ഥിതിയുടെ നാശം, കോവിഡ് പോലുള്ള മഹാമാരികളുടെ പിടിയിലാവുമ്പോൾ ആരൊക്കെ ജീവിക്കണം, മരിക്കണം, എന്നീ സമകാലിക പ്രശ്നങ്ങളിലെല്ലാം തന്നെ തത്വശാസ്ത്രപരമായ ഒരു ചിന്താഗതി പ്രധാനമാണ്. പക്ഷെ നിയോലിബറൽ അനുചരന്മാർക്ക് തത്വശാസ്ത്രം തികച്ചും അനാവശ്യമാണ്. മാനേജീരിയലിസം പറയുന്നത് പ്രകാരം ബിസിനസ്, വ്യവസായം, ക്യാപിറ്റലിസം എന്നിവയുമായാണ് സർവ്വകലാശാലകൾ ഇടപെടേണ്ടത്. അവരുടെ മൂല്യം തെളിയിക്കാനായി അക്കാദമിക്കുകൾക്ക് നെട്ടോട്ടം ഓടേണ്ടി വരുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. മാനേജീരിയലിസത്തിന്റെ ഈ പ്രത്യയശാസ്ത്രമാണ് അക്കാദിമെൻഷ്യയിലേക്ക് നയിക്കുന്നത്.

പരിഭാഷ: അപർണ്ണ ആർ

Leave a comment