
'അതിസമ്പന്നരുടെ' കോവിഡ് കാലം
മഹാമാരിയുടെ രണ്ടാം വരവില്‍ കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ രാജ്യമാകെ മരണമടഞ്ഞുവെങ്കിലും ഇന്ത്യയിലെ അതിസമ്പന്നര്‍ അവരുടെ സമ്പത്ത് ഇരട്ടിയാക്കുക മാത്രമല്ല അതിസമ്പന്നരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായതായി ഓക്‌സ്‌ഫോം റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 84 ശതമാനം വീടുകളും 2021 ല്‍ വരുമാനം കുറഞ്ഞതായി രേഖപ്പെടുത്തിയപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 102 ല്‍ നിന്നും 142 ആയി ഉയര്‍ന്നു. 'കൊല്ലുന്ന അസമത്വം' എന്ന പേരില്‍ തിങ്കളാഴ്ച്ച പ്രസിദ്ധീകൃതമായ റിപ്പോര്‍ട്ട് സമാനമായ പഠനങ്ങളിലെ കണ്ടെത്തലുകളെ ശരിവെയ്ക്കുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സംയുക്ത സമ്പത്ത് 57.3 ലക്ഷം കോടി രൂപയായി (775 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ഉയരുകയും ചെയ്തു. ഇന്ത്യയിലെ 98 അതിസമ്പന്ന കുടുംബങ്ങള്‍ക്ക് 1 ശതമാനം സമ്പത്ത് നികുതി (വെല്‍ത്ത് ടാക്‌സ്) ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അടുത്ത 7 വര്‍ഷത്തെ ഫണ്ടിന് മതിയാകുന്നതാണ്.
'കടുത്ത അസമത്വത്തിന്റെ ഫലമായി ഒരു ദിവസം 21,000 ഇന്ത്യാക്കാര്‍ മരണമടയുന്നതായി' റിപ്പോര്‍ട്ടിനെ പറ്റി പരാമര്‍ശിക്കവെ ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ അമിതാഭ് ബേഹാര്‍ വെളിപ്പെടുത്തി. അതായത് ഒരോ നാല് സെക്കന്‍ഡിലും ഒരു മരണം വീതം. 2020 മാര്‍ച്ച് മുതല്‍ നവംബര്‍ 30, 2021 വരെയുള്ള മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.14 ലക്ഷം കോടി രൂപയില്‍ നിന്നും (313 ബില്യണ്‍ ഡോളര്‍) 53.16 ലക്ഷം കോടി രൂപയായി (719 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നപ്പോള്‍ 4.6 കോടി ഇന്ത്യാക്കാര്‍ 2020 ല്‍ അതീവ ദാരിദ്ര്യത്തിലേക്ക് തള്ളി മാറ്റപ്പെട്ടു. ദരിദ്രര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കൂടുതല്‍ ദുരിതത്തിലാക്കുന്ന അതിസമ്പന്ന താല്‍പ്പര്യങ്ങള്‍ക്കായി തയ്യാറാക്കുന്ന സാമ്പത്തിക നയങ്ങളുടെ ഫലമാണ് ഇന്ത്യയുടെ കടുത്ത സാമ്പത്തിക അസമത്വത്തിന് കാരണമെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. അസമത്വം ഇല്ലാതാക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളായ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി കൂടുതല്‍ നിക്ഷേപം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷ പദ്ധതികളായ പ്രസാവാവധി, ശമ്പളത്തോടെയുള്ള അവധി, എല്ലാവര്‍ക്കും പെന്‍ഷന്‍ തുടങ്ങിയവയ്ക്കായി ഏറ്റവും സമ്പന്നരായ ഇന്ത്യാക്കാരുടെ മേല്‍ ഒരു ശതമാനം സര്‍ചാര്‍ജ് ചുമത്താന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

നികുതി ഭാരം പാവപ്പെട്ടവരുടെ മേല്‍
ഇപ്പോള്‍ പിന്തുടരുന്ന നികുതി നയം പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യത്തിന് എതിരും, സമ്പന്നരെ സഹായിക്കുന്നതാണെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് അതിന്റെ ഉദാഹരണമായി ഉയര്‍ന്ന പരോക്ഷ നികുതി വരുമാനം ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി പരോക്ഷ നികുതികളാണ് ഇന്ത്യയുടെ നികുതി വരുമാനത്തില്‍ കൂടുതലെങ്കിലും 2020 ല്‍ അത് മൊത്തം നികുതി വരുമാനത്തിന്റെ 63.69 ശതമാനമായി ഉയര്‍ന്നു. മഹാമാരിയുടെ കാലഘട്ടത്തിലും തല്‍സ്ഥിതി തുടര്‍ന്നു. പരോക്ഷ നികുതിയില്‍ നിന്നുള്ള വരുമാനം കൂടുകയും പ്രത്യക്ഷ നികുതിയായ കോര്‍പറേറ്റ് നികുതിയില്‍ നിന്നുള്ള പങ്ക് കുറയുകയും ചെയ്യുന്നതാണ് കഴിഞ്ഞ 4 വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്ധനങ്ങള്‍ക്കുള്ള അധിക നികുതി 2020-21 ന്റെ ആദ്യ ആറുമാസക്കാലം തലേ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ശതമാനം ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള കാലവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ധന നികുതി വര്‍ദ്ധന 79 ശതമാനമാണ്.
അതേ സമയം അതിസമ്പന്നരുടെ മേല്‍ ചുമത്തിയിരുന്ന സമ്പത്ത് നികുതി 2016 ല്‍ എടുത്തു കളഞ്ഞു. അതുപോലെ തന്നെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറച്ചതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം 1.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് ദരിദ്രരും, മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരും നികുതി ഭാരം പേറിയപ്പോള്‍ സമ്പന്നരും, അതിസമ്പന്നരും അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയായിരുന്നു.
അതിസമ്പന്നരുടെ വരുമാനവും, സമ്പത്തും വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ നിന്നും പിന്‍വലിയുന്ന പ്രവണത പാവപ്പെട്ട ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സ്വകാര്യവത്ക്കരണം അസമത്വം കൂടുതല്‍ രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓക്‌സ്ഫാം നടത്തിയ സര്‍വേ പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്ന 52 ശതമാനം മാതാപിതാക്കളും 2021-22 വര്‍ഷത്തില്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വന്നതായി അഭിപ്രായപ്പെട്ടു. ഫീസടയ്ക്കാത്തതിനാല്‍ 35 ശതമാനം കുട്ടികള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടു. അഡ്മിഷന്‍ വേളയില്‍ 38 ശതമാനം മാതാപിതാക്കള്‍ക്കും തലവരിപ്പണം നല്‍കേണ്ടി വന്നുവെങ്കില്‍ 57 ശതമാനം പേര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വന്നു.
അസമത്വം അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും അതിനെ ശരിയായി രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ അതിസമ്പന്നരുടെ സമ്പത്ത് ഭൂരിപക്ഷത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കുന്ന തരത്തില്‍ പുനര്‍വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഏറ്റവും സമ്പന്നരായ 10 ശതമാനം ജനസംഖ്യയുടെ മേല്‍ താല്‍ക്കാലികമായ 1 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിലൂടെ 8.7 ലക്ഷം കോടി അധിക സമാഹരണം നടത്താനാവുമെന്നും ഈ തുക വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നിക്ഷേപിക്കാനാവുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത സാമ്പത്തിക പണ്ഡിതനായ തോമസ് പിക്കറ്റിയുടെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇൻ ഇക്വാലിറ്റി ലാബ് കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഇന്ത്യയിലെ അസമത്വം അസഹനീയമായ നിലയില്‍ എത്തുന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ലഭ്യമായിരുന്നു.