സ്വകാര്യതയുടെ പരമാധികാരം മരീചികയാവുന്ന കാലത്തെ ഡാറ്റാ പ്രൊട്ടക്ഷൻ
PHOTO : WIKI COMMONS
വ്യക്തി സ്വാതന്ത്ര്യം, സ്വകാര്യത, വ്യക്തിഗത വിവരങ്ങളുടെ മേലുള്ള ഓരോരുത്തരുടെയും പരമാധികാരം തുടങ്ങിയ ആശയങ്ങളും സങ്കൽപ്പങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാവുന്ന മേഖലകളാണ്. ലോകത്തിലെ സകലമാന മനുഷ്യരുടെയും ഓരോ ചലനങ്ങളും തത്സമയം നിരീക്ഷിക്കുവാനും, രേഖപ്പെടുത്തുവാനും, വിനിമയം ചെയ്യുവാനും സാധ്യമായ സാങ്കേതികവിദ്യയുടെ വരവോടെ സ്വകാര്യതയുടെ പരമാധികാരം മരീചികയായി മാറി. വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പടർന്നു പന്തലിച്ച ഭീമാകാരങ്ങളായ സ്വകാര്യ സ്ഥാപനങ്ങളും അനുദിനം ശക്തിപ്പെടുന്ന നിരീക്ഷണ സംവിധാനങ്ങൾ കൈവശമുള്ള സർവ്വവ്യാപികളായ ഭരണകൂടങ്ങളും കൂടിച്ചേരുമ്പോൾ മനുഷ്യരുടെ (ആപേക്ഷികമായ നിലയിലെങ്കിലുമുള്ള) സ്വതന്ത്ര അസ്തിത്വത്തെക്കുറിച്ചുള്ള സാധ്യതകളും ആകാംക്ഷകളും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നായി മാറുന്നു.
ഡിജിറ്റല്‍ വിവരങ്ങളുടെ കൈകാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നാലാമതും പുറത്തുവിട്ട കരട് രേഖ സുപ്രധാനമാവുന്നതിന്റെ പശ്ചാത്തലമിതാണ്. നവംബര്‍ 18 നാണ് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ (Digital Personal Data Protection (DPDP) Bill, 2022) പ്രസിദ്ധീകരിച്ചത്. 2019 ലെ ബില്‍ പിന്‍വലിച്ച് മൂന്ന് മാസം കഴിയുമ്പോഴാണ് പുതിയ ബില്‍ വരുന്നത്. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 2019 ലെ ബില്‍ പിന്‍വലിച്ചത്.
2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യത്തെ ബില്‍ മുന്നോട്ട് വെക്കുന്നത്. സുപ്രീം കോടതിയുടെ 2017 ലെ കെ എസ് പുട്ടസ്വാമി വിധിക്ക് ശേഷം സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ കമ്മിറ്റിയാണ് ആദ്യ ബില്ലിന് രൂപം കൊടുത്തത്. ഈ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം സര്‍ക്കാര്‍ 2019 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ അവതരിപ്പിച്ച ദിവസം തന്നെ അത് വിശദമായി പഠിക്കുന്നതിനായി പാര്‍ലമെന്ററി സമിതിക്ക് മുന്നിലേക്ക് അയയ്ക്കാന്‍ ലോക സഭ തീരുമാനിച്ചു. കോവിഡ്-19 മൂലമുണ്ടായ കാല താമസത്തെ തുടര്‍ന്ന് 2021 ഡിസംബറില്‍ മാത്രമാണ് സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാനായത്. റിപ്പോര്‍ട്ടിനോടൊപ്പം തന്നെ മറ്റൊരു കരട് ബില്ലും സമിതി മുന്നോട്ട് വെക്കുകയുണ്ടായി. ഇതായിരുന്നു മൂന്നാമത്തെ ബില്‍. നിലവില്‍ ഡിജിറ്റല്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ ഒന്നും രാജ്യത്തില്ല.
2011 ലെ വിവര സാങ്കേതിക ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ വിവരങ്ങള്‍ കൈകാര്യം നടക്കുന്നത്. പക്ഷെ ഈ ചട്ടങ്ങള്‍ കാലഹരണപ്പെട്ടു എന്ന് തന്നെ പറയാം. 2017 വരെ സ്വകാര്യത രാജ്യത്തെ പൗരന്റെ മൗലിക അവകാശമായി കരുതപ്പെട്ടിരുന്നില്ല. ചരിത്രപരവും സുപ്രധാനവുമായ കെ എസ് പുട്ടസ്വാമി കേസിലെ വിധിയിലൂടെയാണ് സ്വകാര്യതയ്ക്കുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികമായ അവകാശമായി മാറിയത്. ഈ വിധി മുന്നോട്ട് വെക്കുന്ന വീക്ഷണവും കൂടി ഉള്‍ക്കൊണ്ടാണ് പുതിയ ബില്ല് വരുന്നത് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതിനുള്ള പഴുതുകള്‍ ഏറെയുണ്ട് അതില്‍.
സുപ്രീം കോടതിയുടെ 2017 ലെ കെ എസ് പുട്ടസ്വാമി വിധിയിലൂടെ രാജ്യം വലിയൊരു കുതിച്ചു ചാട്ടമാണ് നടത്തിയത്. നിയമത്തിന്റെ പ്രാന്തങ്ങളില്‍ മാത്രം ഒരുങ്ങി നിന്ന സ്വകാര്യത മുഖ്യധാരയിലെത്തി. ജീവിക്കാനുള്ള അവകാശവും, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയിലെ 21-ാം വകുപ്പിന്റെ ഭാഗം തന്നെയാണ് സ്വകാര്യതയ്ക്കുള്ള അവകാശവും എന്ന് കോടതി വിധിച്ചു. ഇതോടെ ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആശയ ലോകം കൂടുതല്‍ വിശാലമാവുകയും ചെയ്തു. ജീവിതത്തിന്റെ ഓരോ മേഖലയും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന ഈ നാളുകളില്‍ പുട്ടസ്വാമി കേസിലെ വിധി സര്‍ക്കാരിന് മേല്‍ വലിയ ഉത്തരവാദിത്തം വെക്കുന്നുണ്ട്. മൗലികാവകാശത്തിന്റെ സ്ഥാനമുള്ള സ്വകാര്യത ഓരോ പൗരനും ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദൗത്യമാണ്. അതുകൊണ്ട് തന്നെ 2022 ബില്ലിന് എതിരായി വരുന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കൂടുതലായി ശ്രദ്ധിക്കണം. എല്ലാ പഴുതുകളും അടച്ച് ബിസിനസ് ഭീമന്മാരുടെയുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തന്നെയും ചൂഷണത്തിന് പൗരന്മാര്‍ ഇരയാകാതിരിക്കാനുള്ള നിയമ സംവിധാനം ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ കൈവരിക്കേണ്ട പ്രധാന ലക്ഷ്യം.
പുതിയ ബില്ല് പുരോഗമനപരമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഇത് നിയമമാകുന്നതോടെ സ്വകാര്യത ലംഘനങ്ങള്‍ അവസാനിക്കുമെന്നും വകുപ്പ് സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെടുന്നു. എന്നാല്‍, സര്‍ക്കാരിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്ന രീതിയിലാണ് ബില്ല് രൂപീകരിച്ചിരിക്കുന്നത് എന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. കരട് ബില്ലിലെ പല വകുപ്പുകളിലും കാണാനാവുന്ന അവ്യക്തമായ വാക് പ്രയോഗങ്ങള്‍, സര്‍ക്കാരിന് ഏത് രീതിയിലുള്ള വ്യഖ്യാനവും നല്‍കി ദുരുപയോഗം ചെയ്യാനുള്ള അധികാരം നല്‍കുന്നവയാണ് എന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യക്തിപരമായ ഡിജിറ്റല്‍ വിവരങ്ങളില്‍ കൈകടത്താനുള്ള പഴുതുകള്‍ ബില്ലിലുണ്ട്. മാത്രമല്ല പൊതുതാല്പര്യമെന്ന കാരണം കാണിച്ച് ഏതുതരം വിവരത്തിലും കൈകടത്താനുള്ള അധികാരം നല്‍കുന്ന വകുപ്പുകളും ബില്ലില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മറന്നിട്ടില്ല.
അയഞ്ഞ വാക് പ്രയോഗങ്ങള്‍ നിയമത്തില്‍ കടന്നുവരുമ്പോള്‍ ധാരാളം പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഉണ്ടാകാറുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പ് 124A തന്നെ അതിന് ഉദാഹരണമാണ്. രാജ്യദ്രോഹ കുറ്റത്തെ നിര്‍വ്വചിക്കുമ്പോള്‍ കൃത്യതയില്ലാത്ത പ്രയോഗങ്ങളാണ് വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പ്രയോഗത്തില്‍ വരുമ്പോഴാകട്ടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിലടയ്ക്കാനുള്ള ഉപകരണമായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വകുപ്പിനെ ഉപയോഗിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റ നിയമത്തില്‍ അവ്യക്തത കടന്നു വരുകയും, സര്‍ക്കാരിന് ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം ഉയര്‍ന്നു വരികയും ചെയ്യുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അത് ഉണ്ടാക്കുക. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും മറ്റും അതീവ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങളിലേക്ക് കടന്ന് കയറുന്നതിനും അവരെ നിരന്തരം നിരീക്ഷണത്തില്‍ വെക്കുന്നതിനുമുള്ള അധികാരമാണ് സര്‍ക്കാരിന് വന്ന് ചേരുന്നത്. അതുകൊണ്ട്, വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു രീതിയിലും വ്യക്തിപരമായ ഡിജിറ്റല്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള ഘടനയാണ് ബില്ലിന് ആവശ്യം. എന്നാല്‍, പുതിയ ബില്‍ അക്കാര്യത്തില്‍ പരാജയപ്പെടുന്നതായാണ് കാണാനാവുക.
ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും എന്ന് ബില്ലിലെ വകുപ്പുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരോ സ്വകാര്യ സേവന ദാതാക്കളോ വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ അതുമായി ബന്ധപ്പെട്ട പരാതി കൈകാര്യം ചെയ്യുന്നത് ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ആയിരിക്കും. പക്ഷെ, ബോര്‍ഡ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. പരാതികള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉള്ളതെന്ന് സാരം. ഇത്തരമൊരു ബോര്‍ഡ് കടലാസ് പുലിയാകാനാണ് സാധ്യത എന്ന ആരോപണവും വ്യാപകമായി ഉയരുന്നുണ്ട്. നിയമ ലംഘനം പരിശോധിക്കുന്നതിന് ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിനെ സര്‍ക്കാരിന്റെ അധികാരത്തില്‍ നിന്ന് സ്വതന്ത്രമാക്കേണ്ടതുണ്ട് എന്ന് ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (IFF) പറയുന്നു. അതോടൊപ്പം സര്‍ക്കാരിന് അമിത അധികാരം നല്‍കുന്ന രീതിയിലാണ് പല വകുപ്പുകളും എഴുതി ചേര്‍ത്തിരിക്കുന്നത്. വിവരങ്ങള്‍ക്ക് മേലുള്ള വ്യക്തികളുടെ അവകാശത്തെ നിര്‍വീര്യമാക്കുന്ന ഭാഷാ പ്രയോഗങ്ങളും പല വകുപ്പുകളിലും കാണാനാവുമെന്നു IFF അഭിപ്രായപ്പെടുന്നു. ബില്ലുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പൊതുചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ട് ഫൗണ്ടേഷന്‍ വിവര സാങ്കേതിക മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ശേഖരിക്കപ്പെടുന്ന വിവരങ്ങളും, മറ്റ് രീതികളിലൂടെ ശേഖരിച്ച് ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്ന വിവരങ്ങളുമാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. സൂക്ഷിക്കപ്പെടുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കണം എന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല നിയമം പാലിക്കാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭാരിച്ച പിഴയും ബില്ല് മുന്നോട്ട് വെക്കുന്നു. സ്വകാര്യ വിവരങ്ങളുടെ കൈകാര്യത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് 10,000 രൂപയും കമ്പനികള്‍ക്ക് 250 മുതല്‍ 500 കോടി രൂപ വരെ പിഴയും നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് വലിയ പിഴ ചുമത്തുന്ന വകുപ്പുകള്‍ ഉണ്ടെങ്കിലും, ഇരയായവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗമില്ല. ബില്ലിലെ 16-ാം വകുപ്പ് പ്രകാരം, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റായ വ്യക്തി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കാം. ഇത്തരമൊരു നിയമം സര്‍ക്കാരിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനുള്ള അധികാരം നല്‍കുന്നതാണ്. ഇതും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെ.
എല്ലാ സ്വകാര്യ വിവരങ്ങളെയും ഒരേ തട്ടിലാണ് ബില്‍ കാണുന്നത്. എന്നാല്‍, വിരലടയാളം, ആരോഗ്യ വിവരങ്ങള്‍, ജനിതക വിവരങ്ങള്‍ തുടങ്ങി അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെ പ്രത്യേക ഗണമായി കണക്കാക്കി സുരക്ഷ ഏര്‍പ്പെടുത്താനുള്ള വകുപ്പുകള്‍ ബില്ലില്‍ ഇല്ല. പ്രതിദിനം സങ്കീര്‍ണ്ണമാകുന്ന ഡിജിറ്റല്‍ ലോകത്ത് ഇത്തരം വിവരങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആധാര്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി പൗരന്മാരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ശേഖരിക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ പലകുറി ഡാര്‍ക്ക് നെറ്റ് എന്ന് അറിയപ്പെടുന്ന നിയമവിരുദ്ധമായ ഇന്റര്‍നെറ്റ് ലോകത്ത് വില്‍പ്പനയ്ക്ക് വന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തി വിവരങ്ങള്‍ക്കായി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കേണ്ടത് അനിവാര്യമാണ്.
വിവരാവകാശ നിയമത്തിലും മാറ്റങ്ങള്‍ വരുത്താന്‍ ബില്ല് ഉദ്ദേശിക്കുന്നുണ്ട്. വിശാലമായ പൊതുതാല്പര്യം മുന്‍നിര്‍ത്തി വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് വിടാന്‍ വിവരാവകാശ നിയമത്തിന്റെ 8-ാം വകുപ്പ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമപരമായ അനുമതി പിന്‍വലിക്കുമെന്നാണ് ബില്ലിലെ വകുപ്പ് 30(2) വ്യക്തമാക്കുന്നത്. ഇതോടെ വ്യക്തിപരമായ വിവരങ്ങളൊന്നും തന്നെ വിവരാവകാശ നിയമപ്രകാരം ലഭ്യമാകാതെ വരും. ഇത് വിവരാവകാശത്തെ തികച്ചും ദുര്‍ബലമാക്കുമെന്നും നിയമവിദഗ്ധര്‍ അവകാശപ്പെടുന്നുണ്ട്. മന്ത്രിമാരുടെയും മറ്റും സ്വത്ത് വിവരങ്ങളും, അഴിമതി തെളിയിക്കുന്ന മറ്റ് വിവരങ്ങളും സ്വകാര്യ വിവരമായി കണക്കാക്കി വെളിപ്പെടുത്താത്ത സ്ഥിതിയിലേക്ക് ഇത് നയിക്കും.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സഹായകമായ ചില കാര്യങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ വേണമെന്ന് 2019 ലെ ബില്ല് പറഞ്ഞിരുന്നു. എന്നാല്‍ 2022 ലെ ബില്ല് ഇക്കാര്യത്തില്‍ അയവ് വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ മറ്റ് ഏത് രാജ്യങ്ങളില്‍ സൂക്ഷിക്കാമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം എന്ന് ബില്ല് പറയുന്നു. ഇന്ത്യയില്‍ നിന്ന് ശേഖരിക്കുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളിലുള്ള സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ അനുവദിക്കുന്നതാണ് ഈ വകുപ്പുകള്‍. ഏതൊക്കെ രാജ്യങ്ങളെ ഇതിനായി പരിഗണിക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്ന് വകുപ്പുകള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം തീരുമാനിക്കുന്നതിന് എന്തെല്ലാം അടിസ്ഥാന ഘടകങ്ങള്‍ പരിഗണിക്കണമെന്നോ അതിനുള്ള ഉപാധികള്‍ എന്തെല്ലാം ആണെന്നോ വകുപ്പുകള്‍ പറയുന്നില്ല. വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാത്തിടത്തോളം സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ വിവേചനാധികാരം വന്നുചേരും. ഇത് അഴിമതിയിലേക്ക് നയിക്കാനുള്ള സാധ്യതയും വളരെയേറെ.
സ്വകാര്യതാ അവകാശത്തിലേക്ക് ഇനിയും ദൂരമേറെ
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി സോഷ്യല്‍ മീഡിയ, ടെക്ക് കമ്പനികള്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍, യുഎസ്സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കമ്പനികള്‍ നടത്തുന്ന സ്വകാര്യതാ ലംഘനത്തിന് തടയിടാന്‍ രംഗത്ത് വന്നിരുന്നു. ഇത്തരം കമ്പനികളുടെ ലാഭത്തിന്റെ സിംഹഭാഗവും പരസ്യം നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ്. പരസ്യ പ്രസിദ്ധീകരണം കൂടുതല്‍ ഫലപ്രദമാക്കി അധികലാഭം കൊയ്യുന്നതിന് കമ്പനികളെ സഹായിക്കുന്നത് ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങളാണ്. ഈ വിവര സഞ്ചയം സമ്പന്നമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും കമ്പനികള്‍ വിവരം ശേഖരിക്കുന്നത്. എത്രയധികം വിവരം ലഭിക്കുന്നുവോ അത്രയധികം ലാഭം പരസ്യങ്ങളിലൂടെ ലഭിക്കും. എന്നാല്‍, ലാഭക്കൊതി അമിതമായതോടെ, മനുഷ്യാവകാശവും, സ്വകാര്യതയും മാനിക്കുന്നതില്‍ നിന്ന് കമ്പനികള്‍ പിന്നോട്ട് പോയി.
വിപണി സംബന്ധമായവയ്ക്ക് അപ്പുറമുള്ള വിവരങ്ങളും കമ്പനികള്‍ ചികഞ്ഞെടുക്കുന്നുണ്ട് എന്ന ആരോപണവും ശക്തമായിരുന്നു. യുഎസ്സ്, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് പണമൊഴുക്കിയ പാര്‍ട്ടികള്‍ക്ക് അന്യായമായ പ്രാധാന്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴും ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുടെ സെര്‍ച്ച് എഞ്ചിനുകളില്‍ വലതുപക്ഷ അനുകൂല വാര്‍ത്താ മാധ്യമങ്ങള്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നത് കാണാം. ഇത് പണം വാങ്ങിയുള്ള സേവനമാണോ, അല്‍ഗോരിതം അടിസ്ഥാനപ്പെടുത്തിയുള്ള ഫലമാണോ എന്ന കാര്യം വ്യക്തമല്ല.
ബിഗ് ടെക്ക് എന്ന് അറിയപ്പെടുന്ന വിവര സാങ്കേതികവിദ്യാ ഭീമന്മാരുടെ സേവനങ്ങള്‍ ആഗോളതലത്തില്‍ മനുഷ്യ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുകയാണ്. ഓരോ മനുഷ്യന്റെയും ദൈനംദിന വ്യാപാരങ്ങളുടെ വിവരങ്ങള്‍ കമ്പനികള്‍ വിവര സൂക്ഷിപ്പ് കരാറുകളുടെ അടിസ്ഥാനത്തില്‍ കൈവശപ്പെടുത്തുന്നുണ്ട്. ഈ കരാറുകള്‍ വലുതും, അവയുടെ ഭാഷകള്‍ നിയമപരവും ആയതിനാല്‍ സാധാരണക്കാര്‍ അവ വായിക്കാതെ തന്നെ സമ്മതം നല്‍കുകയാണ് പതിവ്. ഇങ്ങനെ സൂക്ഷിക്കുന്ന വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സങ്കേതങ്ങള്‍ ഉപയോഗിച്ച് സംസ്‌കരിക്കാനും പല രീതിയില്‍ ഉപയോഗിക്കാനും സാധിക്കും. അത്കൊണ്ട് തന്നെ, ഏതൊക്കെ തരം വിവരങ്ങളാണ് തങ്ങളുടെ പക്കല്‍ നിന്ന് കമ്പനികള്‍ കൈക്കലാക്കുന്നതെന്ന് ഉപഭോക്താക്കള്‍ അറിയുകയും തീരുമാനിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ വിവരസംരക്ഷണം മുന്‍നിര്‍ത്തിയുള്ള നിയമം പ്രധാനപ്പെട്ടതാകുന്നത്.
ഡാറ്റ പ്രൊട്ടെക്ഷനുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള പുത്തന്‍ രീതികളും നടപടികളും കണക്കിലെടുത്താണ് പുതിയ ബില്ല് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സിംഗപ്പൂര്‍, ഓസ്‌റ്റ്രേലിയ, യൂറോപ്യന്‍ യൂണിയന്‍, യുഎസ്സ് എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇതിനായി പഠന വിധേയമാക്കി. ഇത്രയെല്ലാം അവകാശവാദങ്ങള്‍ സര്‍ക്കാര്‍ നിരത്തുമ്പോഴും അവ പൊള്ളയാണെന്നാണ് നിയമത്തിന്റെ വായനയില്‍ നിന്ന് മനസ്സിലാവുന്നത്. പുട്ടസാമി കേസിലെ വിധിയിലൂടെ പ്രകടമായി ഭരണഘടനയുടെ ഭാഗമായ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ തക്ക ശക്തിയുള്ളതല്ല പുതിയ ബില്ല്. മാത്രമല്ല സര്‍ക്കാരിന്റെ അധികാരം വര്‍ധിപ്പിക്കുകയും വ്യക്തികളെ കൂടുതലായി നിരീക്ഷിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ പക്ഷത്ത് നിന്ന് മാറി പൗരന്റെ വ്യക്തിപരമായ സ്വകാര്യത സംരക്ഷിക്കുന്ന പക്ഷത്ത് നിന്നുകൊണ്ട് വേണം ഇത്തരമൊരു നിയമം നിര്‍മ്മിക്കേണ്ടത് എന്ന കാര്യമാണ് നിയമ നിര്‍മ്മാതാക്കള്‍ മനസ്സില്‍ വെക്കേണ്ടത്.