TMJ
searchnav-menu
post-thumbnail

Outlook

"അവതരണ കവിത എതിർപ്പിന്റെ സ്വരമല്ല ഉയർത്തുന്നത്"

28 Mar 2023   |   15 min Read
മിസ്‌രിയ ചന്ദ്രോത്ത്

മിസ്‌രിയ ചന്ദ്രോത്ത്: വിഷ്ണു കവിതയിൽ യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി, കവിത മാറുന്നതും ഭാഷ മാറുന്നതുമൊക്കെ എങ്ങനെയാണു നിരീക്ഷിച്ചിട്ടുള്ളത്?

വിഷ്‌ണു പ്രസാദ്‌:
ഞാൻ കവിതകൾ എഴുതി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. 1994 ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബാലപംക്തിയിലാണ് ആദ്യമായി കവിത അച്ചടിച്ചു വരുന്നത്. പിന്നീട് കലാകൗമുദി, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും കവിതയുടെ പ്രകാശന മാധ്യമങ്ങളായി. അക്കാലത്ത് എന്റെ എഴുത്തു പ്രക്രിയയെ സ്വാധീനിച്ച പ്രധാന കവികൾ അയ്യപ്പപണിക്കർ, ഡി വിനയചന്ദ്രൻ, മേതിൽ രാധാകൃഷ്ണൻ തുടങ്ങിയവരാണ്. നിലവിലുള്ള ഏതെങ്കിലും മാതൃകകളെ മാത്രം ആശ്രയിച്ചേ കവിതകൾ എഴുതാവൂ എന്നതിൽ നിന്ന് വ്യത്യസ്തമായി കവിതയെഴുത്തിനെ ഒരു സ്വാതന്ത്ര്യപ്രവർത്തനമായി കരുതാൻ അവരുടെ കവിതകൾ എന്നെ സഹായിച്ചു. മലയാളകവിതയിൽ തീർത്തും വ്യത്യസ്തമായ സംവേദന വിഛേദങ്ങൾക്ക് കാരണമായവരാണ് ഈ മൂന്നു പേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ സച്ചിദാനന്ദൻ, കെ ജി എസ് തുടങ്ങിയവരും എന്റെ എഴുത്തിന് കാവ്യസാക്ഷരത നൽകിയവരാണ്. എന്റെ രണ്ടാം സമാഹാരത്തിന് അവതാരിക എഴുതിയ സച്ചിദാനന്ദനുമായി അന്ന് കത്തിടപാടുകൾ നടത്തിയിരുന്നു. സച്ചിദാനന്ദന്റെ കത്തുകൾ കവിതയെഴുത്തിൽ എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. തുടർന്ന് രണ്ടായിരത്തിന്റെ തുടക്കത്തോടെ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് കവിതകൾ പ്രകാശിപ്പിക്കുന്ന ബ്ലോഗുകൾ വന്നെങ്കിലും എന്റെ സാന്നിധ്യം അവിടെ തീരെ കുറവായിരുന്നു. ബ്ലോഗിൽ സജീവമായിരുന്ന ലതീഷ് മോഹന്റെയും ക്രിസ്പിൻ ജോസഫിന്റെയു ടി പി വിനോദിന്റെയുമൊക്കെ കവിതകൾ വായിക്കുന്നതോടെ അതുവരെ അനുഭവിക്കാത്ത ഒരു സംവേദനത്തിന്റെ സാധ്യതയെ പറ്റി ഞാൻ ആലോചിക്കാൻ തുടങ്ങി.

രണ്ടായിരത്തി എട്ടിലാണ് എന്റെ ആദ്യ സമാഹാരം 'ഋതുക്കളും ശ്രീബുദ്ധനും' പുറത്തുവരുന്നത്. വൃത്തത്തിലും ചതുരത്തിലും തൃകോണത്തിലുമൊക്കെ എഴുതാനുള്ള ഒരു അതിമോഹം ആ സമാഹാരത്തിന്റെ പൊതുസ്വാഭാവമായിരുന്നു. ആ സമാഹാരത്തിനു ശേഷമാണ് ഞാൻ എന്നെ തന്നെ പകുക്കാൻ തുടങ്ങിയത്. എനിക്കകത്തും പുറത്തും കവിതയും ഭാഷയും മാറുന്നതിനെ നിരീക്ഷിക്കാൻ തുടങ്ങിയ വർഷങ്ങളായിരുന്നു അത്. അതിനു ശേഷം 2013 ലാണ് എന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ആണിറച്ചി പുറത്തു വരുന്നത്. ആദ്യ സമാഹാരത്തിൽ നിന്ന് വ്യത്യസ്തമായി ശരീരവിചാരത്തെ അവതരിപ്പിക്കുന്ന കവിതകളായിരുന്നു അതിലുണ്ടായിരുന്നത്. കവിതയ്ക്ക് പുറത്തുണ്ടായ കാലഗണനാപരമായ മാറ്റങ്ങളെ വിധേയ ഭാവത്തോടെ പിൻ തുടരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള വിഷയങ്ങളും ശൈലികളും ഭാഷയുമൊക്കെ സ്വതന്ത്രമായി ഉപയോഗിക്കുക എന്നതായിരുന്നു എന്റെ ശൈലി. നീണ്ട പത്തു വർഷങ്ങൾക്കു ശേഷം 'ആറ്റം പാട്ട്' പുറത്തിറങ്ങി. മുൻപുള്ള രണ്ടു സമാഹാരങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഈ സമാഹാരത്തിൽ സ്വീകരിച്ചിരിക്കുന്നത്.





ജീവിതത്തിലെന്ന പോലെ കവിതയിലും മാറ്റങ്ങളുടെ തുടർച്ചയ്ക്ക് കാരണമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഞങ്ങളുടെ തലമുറ എഴുത്തിൽ സജീവമാകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു മുൻപ് സമയം എന്നത് ഏറെക്കുറെ മനുഷ്യന് വെളിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സംവിധാനമാണ് എന്ന പ്രതീതി ഏവർക്കുമുണ്ടായിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്റെർനെറ്റിന്റെ വലക്കണ്ണികൾ അതുവരെയുണ്ടായിരുന്ന സ്ഥലകാല സങ്കൽപ്പങ്ങളെ വിഴുങ്ങാൻ തുടങ്ങി. അറിവന്വേഷിക്കാനുള്ള ജാലകങ്ങൾ തുറന്നു തന്ന വെബ്-1 പ്ലാറ്റ്‌ഫോമിൽ നിന്ന് വിനിമയത്തിന്റെയും വിവര നിർമ്മാണത്തിന്റെയും വെബ്-2 കാലമെത്തിയപ്പോൾ സമയം തിന്നുന്ന ഒരു അദൃശ്യജീവിയായി ഇന്റർനെറ്റ് മാറിക്കഴിഞ്ഞിരിക്കുന്നു. ഉപകരണ സമേതമായ ഈ അനിവാര്യതയിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കവിത സംഭവിക്കുന്നത്. രേഖീയമായി തുടർന്നിരുന്ന പൂർവ്വകാല മാതൃകകളെ അബോധപരമായെങ്കിലും പുനർവിന്യസിക്കാൻ ഇന്റർനെറ്റ് എന്ന അദൃശ്യ ഭൂപടത്തിനു കഴിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. ചരിത്രത്തിന്റെ മറുപുറത്ത് ജീവിച്ചവരുടെ കവിതകൾ ഇന്റർനെറ്റിന്റെ അരേഖീയ പ്രതലത്തിലൂടെയും തെളിഞ്ഞു വരാൻ തുടങ്ങി. ദളിത് കവിത, സ്ത്രീ കവിത, ഗോത്രകവിത എന്നിങ്ങനെ സ്വത്വകേന്ദ്രിത പ്രകാശനങ്ങൾ സാദ്ധ്യമായി. ജാതി, ലൈംഗിക പദവി, വിമതസ്വഭാവമുള്ള സൗന്ദര്യ സങ്കല്പങ്ങൾ തുടങ്ങി അതുവരെ ചർച്ച ചെയ്യപ്പെടാത്ത കാര്യങ്ങൾ രാഷ്ട്രീയമാനങ്ങളോടെ ചർച്ചയിൽ വന്നു. ഇത്തരത്തിൽ നാനാതരം സ്വത്വസഞ്ചയങ്ങളുടെ രാഷ്ട്രീയത്തെ പ്രകാശനം ചെയ്തതിലൂടെ മലയാള കവിതയുടെ കർതൃത്വകേന്ദ്രങ്ങൾക്ക് ഇളക്കം തട്ടുകയും അത് കവിതയെ കൂടുതൽ സ്വതന്ത്രമാക്കുകയും ചെയ്തു. ഇത്തരം കലക്കങ്ങളും പ്രത്യക്ഷതകളും കവിതയുടെ ബഹുതലവിനിമയങ്ങൾക്ക് ശക്തി പകരുന്നവയാണ്.

സ്വയം വിഷയാവതാരകരായി മാറിയവരുടെ വെബ്-2 പ്രതലത്തിലാണ് ഇപ്പോൾ മലയാള കവിതയും അടയാളപ്പെടുന്നത്. പ്രവചനാതീതമായ സവിശേഷതകളുടെ നിരന്തരമായ പ്രത്യക്ഷതയും അപ്രത്യക്ഷതയുമാണ് അതിന്റെ പ്രത്യേകത. കലയുമായും ജീവിതവുമായും ബന്ധപ്പെട്ട് 'അതിസാധാരണം' എന്ന് വിശ്വസിച്ചു പോന്ന കഴിവുകളൊക്കെയും അതിവേഗത്തിൽ വൈറലാവുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ കവികൾ ഉണ്ടാകുന്നു എന്ന് അലമുറയിടുന്നവർ റീലുകളിലൂടെയും യുട്യൂബ് ഷോർട്ട്‌സുകളിലൂടെയും പുറത്തുവരുന്ന പാട്ടുകാരെക്കുറിച്ചും മറ്റു ക്രിയാത്മക ആവിഷ്‌ക്കർത്താക്കളെക്കുറിച്ചും എന്ത് പറയും? ഇത്തരത്തിൽ വിനിമയ മാധ്യമത്തിൽ സംഭവിക്കുന്ന അനിയന്ത്രിതമായ മാറ്റങ്ങളുടെ നൈരന്തര്യത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിത പ്രകാശിതമാകുന്നത്. മനുഷ്യന്റെ മനോവ്യാപാരങ്ങളെ നിമിഷം പ്രതി സ്വാധീനിക്കാൻ കെൽപ്പുള്ള സാങ്കേതികതയിൽ ജീവിച്ചുകൊണ്ട് കവിതയെഴുതുമ്പോൾ മാറ്റങ്ങളുടെ ഒഴുക്കിനെ രേഖപ്പെടുത്താനുള്ള സാവകാശം പോലും ആർക്കും കിട്ടുന്നില്ല എന്നതാണ് ഈ കാലത്തിന്റെ വേഗതയുടെ രഹസ്യം. ഇന്റർനെറ്റിന്റെയും നവ മാധ്യമങ്ങളുടെയും ആവസത്തിൽ വാക്ക് കൊണ്ടും ശബ്ദം കൊണ്ടും ചിത്രങ്ങൾ കൊണ്ടും ജീവിക്കുന്ന ഒരാളുടെ മനസിന്റെ ഗതിവേഗത്തെ നിരീക്ഷിച്ചാൽ അത് മുന്നോട്ട് മാത്രം ചലിക്കുന്ന പരമ്പരാഗതമായ ബോധമാതൃകയെ അബോധപരമായെങ്കിലും അതിലംഘിക്കുന്നത് കാണാൻ കഴിയും. നേർരേഖയിൽ മാത്രം ചിന്തിച്ചു കൊണ്ടിരുന്ന ഒരാളുടെ മനസിലാണ് 'പഴയ കവിത-പുതിയകവിത- ഭാവികവിത' എന്നിങ്ങനെ തരം തിരിക്കാനുള്ള വാസന രൂപപ്പെടുന്നത്. എന്നാൽ നാം ജീവിക്കുന്ന സമകാലം എല്ലാ കാലങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മഹാകവിതയാണ്. മുന്നിലേക്കും പിന്നിലേക്കും മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും പടരുന്ന അനുഭവങ്ങളുടെയും അറിവിന്റെയും അനന്തമായ വലക്കണ്ണികൾക്കുള്ളിലാണ് അത് സംഭവിക്കുന്നത്.

മാറ്റം എന്നത് മുന്നോട്ടുള്ള സഞ്ചാരം മാത്രമാണെന്ന ധാരണയിൽ നിന്ന് മോചിതനാവാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആശ്വാസം. 'ഇതാണ് പുതിയ കവിത' എന്ന് ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ 'ഇത് തന്നെയാണ് പുതുത്' എന്ന് വിചാരിക്കാനുള്ള വിധേയഭാവത്തെയും അകമേ സംഭവിക്കുന്ന നിശ്ചലതയെയും മറികടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാറി മാറി വരുന്ന  സാമൂഹ്യ-സാംസ്‌കാരിക-ദാർശനിക-സാമ്പത്തിക-സാങ്കേതിക സന്ദർഭങ്ങളുടെ അപൂർവ്വതകളെ വിധേയഭാവമില്ലാതെ അവതരിപ്പിക്കുന്നതിലൂടെയാണ് ഓരോ കാലത്തും സംവേദനങ്ങൾ രൂപപ്പെടുന്നത്. വിധേയപ്പെടുക എന്നത് ആർക്കും അബോധപരമായി സംഭവിക്കാവുന്ന ഒരു കുരുക്കാണ്. അതിൽ നിന്നുള്ള മോചനത്തിൽ നിന്നാണ് 'അവരവരുടെ കവിത' രൂപം കൊള്ളുന്നത്. സ്വന്തം കാലത്തിന്റെ സംവേദനസങ്കേതങ്ങളോടു പോലും അമിതമായി വിധേയപ്പെടാതെ താൻ ജീവിക്കുന്ന വർത്തമാനബിന്ദുവിൽ നിന്ന് കുതറാനും പ്രതിപക്ഷ ബോധ്യത്തോടെ പ്രതികരിക്കാനുമുള്ള ശ്രമത്തിൽ നിന്ന് മാറ്റത്തിന് വേണ്ടിയുള്ള ധൈര്യം കവിക്ക് ലഭിക്കുന്നു. നിരന്തരമായി ഒരു കാലത്തിലും ജീവിക്കാത്ത ഒരാളാണ് കവി എന്ന് പലപ്പോഴും തോന്നാറുണ്ട്. ഓരോ കാലത്തിന്റെയും രൂപാന്തരങ്ങളോട് കവി എന്ന നിലയിൽ എങ്ങനെയാണ് എന്റെ സംവേദനം സാധ്യമാകുന്നത് എന്നതാണ് എന്നെ സംബന്ധിച്ച് മാറ്റത്തിന്റെ ഉരകല്ല്. അതുകൊണ്ട് തന്നെ ഈ വർത്തമാന ബിന്ദുവിലിരുന്ന് എല്ലാ ദിശകളിലേക്കും മുളപൊട്ടുന്ന ഒരു വേരുഭൂപടമായി കവിത എന്ന പ്രക്രിയയെ മനസിലാക്കാനാണ് ഞാൻ താൽപ്പര്യപ്പെടുന്നത്.

കവിത ഒരു പെർഫോമിംഗ് ആർട്ടായി മാറുന്നുണ്ട്, ഈ സാഹചര്യത്തിൽ വായനക്കാർക്ക് അതിനെ കുറിച്ച് വിശദമായി അറിയാൻ താല്പര്യം ഉണ്ടാകും. എന്താണ് അവതരണ കവിത? പുതിയ അനുഭവ സാദ്ധ്യതകൾ ഏതെല്ലാം തരത്തിലാണ് അത് തുറന്നു വെക്കുന്നത്?

കവിത അവതരണപരമാകുന്നത് ഒരു സമകാലിക സംഭവമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഓരോ കാലത്തുമുള്ള സങ്കേതങ്ങളെ ഉപയോഗിച്ച് കൊണ്ട് അതാത് കാലത്തെ കവികൾ തങ്ങൾക്കിണങ്ങുന്ന അവതരണമാർഗങ്ങൾ അന്വേഷിക്കുകയാണ് ചെയ്യുന്നത്. ഓരോ കവിതയിലും ഉള്ളടങ്ങിയിട്ടുള്ള ആന്തരിക സ്വഭാവമായാണ് ഞാൻ അവതരണത്തെ മനസിലാക്കുന്നത്. മിസ്രിയ സൂചിപ്പിച്ചത് പോലെ അനുഭവങ്ങളുടെ സാധ്യതകൾ എങ്ങനെയാണ് ഇത്തരം അവതരണത്തിൽ പ്രവർത്തിക്കുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. വായനയിലൂടെ ലഭിക്കുന്ന അനുഭവത്തിന് സമാന്തരമായി ശബ്ദത്തിലൂടെയും ആംഗ്യത്തിലൂടെയും സാധ്യമാകുന്ന അനുഭവത്തെ കൂടി അന്വേഷിക്കാനാണ് അവതരണ കവിത ലക്ഷ്യം വെക്കുന്നത്.

കവിത അവതരിപ്പിക്കുക എന്നാൽ നല്ല 'ശബ്ദഗാംഭീര്യ'മുള്ള ഒരാൾക്ക് മാത്രം സാധ്യമാകുന്ന എന്തോ ഒന്നാണെന്ന പൊതുധാരണ നിലവിലുണ്ട്. പാടാത്ത കവിതയും അവതരണ കവിതയാണ്. വിക്കുന്ന, നിലവിളിക്കുന്ന, ഒച്ചയടഞ്ഞ, ആക്രോശിക്കുന്ന, വിലപിക്കുന്ന, പിറുപിറുക്കുന്ന, സംസാര ശേഷിയില്ലാത്ത തുടങ്ങി എല്ലാതരം അവസ്ഥകളുടെയും ആവിഷ്‌ക്കാര സാധ്യതകളെ പരിശീലനത്തിലൂടെ പ്രയോഗിക്കാൻ കഴിഞ്ഞാൽ അവതരണ കവിത സാദ്ധ്യമാകും. വിക്കുള്ള ഒരു മനുഷ്യൻ നിരന്തരം തന്റെ വിക്കിനെ പരീക്ഷണാത്മകമായ മനസോടെ പരിശീലിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും. ' വൈകല്യം' എന്ന് വിളിക്കപ്പെടുന്ന എല്ലാത്തരം മനോശരീരാവസ്ഥയ്ക്കു പിന്നിലും അത്ഭുതങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. മനുഷ്യന്റെ ശരീരവും മനസും അതിന്റെ അപൂർവ്വത കൊണ്ട് ഓരോരുത്തരിലും വേറിട്ട് നിൽക്കുന്നതിനാൽ ഓരോ കവിയും അവതരണ കവിയാണെന്ന് ഞാൻ കരുതുന്നു. സ്വന്തം മനോശരീരത്തിന്റെ സ്വകീയമായ പ്രത്യേകതകളെ കണ്ടെത്തുകയും അതിന്റെ സാധ്യതകളെ കവിതാവതരണത്തിനായി പ്രയോഗിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ അവതരണ കവിത ഉണ്ടാകുന്നു. സൗന്ദര്യത്തെകുറിച്ചുള്ള സാമ്പ്രദായിക ധാരണകളിൽ നിന്ന് കവിയും ആസ്വാദകരും ഒരുപോലെ വിമോചിതരായാലേ മേൽ സൂചിപ്പിച്ച വിധമുള്ള ആവിഷ്‌ക്കാരങ്ങൾക്ക് അനുഭവസാധ്യതകൾ ഉണ്ടാകൂ. സംഗീതത്തെക്കുറിച്ചും ശബ്ദത്തെക്കുറിച്ചുമുള്ള ശുദ്ധിബോധങ്ങൾ വെടിഞ്ഞാൽ ഏത് വെള്ളിവീശലും ആവിഷ്‌കാരത്തിന്റെ സാധ്യതയായി പരിണമിക്കും. കവിത പ്രേക്ഷേപിക്കപ്പെടുന്ന മാധ്യമം, കവിതയുടെ അവതരണ ശൈലികൾ, ശബ്ദവിതാനം, അവതരണത്തിന്റെ ആശയസാഹചര്യം എന്നിങ്ങനെ പല ഘടകങ്ങളെയും കോർത്തിണക്കികൊണ്ടുള്ള ക്യുററ്റൊറിയൽ സ്വഭാവമുള്ള വിനിമയ സന്ദർഭത്തിലേക്ക് കവിതയെ പരിവർത്തിപ്പിക്കുന്ന സങ്കേതമാണ് അവതരണകവിത. അതിന് സമകാലിക ലോകകലയുടെ ദർശനപരവും ജ്ഞാനപരവും സൗന്ദര്യപരവുമായ സംവേദനലോകത്തോടാണ് കൂടുതൽ അടുപ്പം. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് കവിത ഒരു സമകാലിക കലാരൂപമാണ്. അവതരണം എന്നത് അതിന്റെ അനേകം പ്രകാശന സാധ്യതകളിൽ ഒന്ന് മാത്രമാണ്.





അവതരണ കവിതകൾ ആവശ്യമാണെന്ന് തോന്നാനും അതിലേക്ക് എത്തിച്ചേരാനും ഉണ്ടായ സാഹചര്യങ്ങളും കാരണങ്ങളും എന്തൊക്കെയാണ്? നിലനിൽക്കുന്ന കവിത ഘടനാപരമായി നിർജീവമാകുന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ?

എന്റെ അച്ഛൻ തന്നെയാണ് കാവ്യാവതരണലോകത്തിലേക്കുള്ള ആദ്യ വഴികാട്ടി. ഡോ.ബുധനൂർ രഘുനാഥ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കവിയും നാടക പ്രവർത്തകനുമായ അച്ഛൻ കാവ്യഞ്ജലി എന്ന പേരിൽ എന്റെ ചെറുപ്പകാലത്ത് കവിതകൾ അവതരിപ്പിച്ചിരുന്നു. കവിത ചെല്ലുമ്പോൾ അച്ഛനൊപ്പം ഇടയ്ക്കയോ ഉടുക്കോ വായിക്കുവാൻ ഒരാളുണ്ടാകും. കുട്ടിക്കാലത്ത് അൽപസ്വല്പം മൃദംഗം അഭ്യസിച്ചതിനാൽ ഞാനും അച്ഛനൊപ്പം കവിതചൊല്ലുന്നതിനു വാദ്യകാരനായി പോയിട്ടുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട താളബോധം അങ്ങനെയാണ് എനിക്ക് കിട്ടുന്നത്. തുടർന്ന് കാസറ്റ് കവിതകളുടെ ഒരുകാലവും എന്റെ ഓർമ്മയിൽ ഉണ്ട്. കടമ്മനിട്ടയുടെയും സുഗതകുമാരിയുടെയും ഓഎൻവിയുടെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും ശബ്ദവ്യത്യാസങ്ങൾ എന്നെ ആകർഷിച്ചിരുന്നു. കവികളുടെ ശബ്ദത്തെ നിരീക്ഷിക്കാൻ തുടങ്ങിയത് അന്നാണ്. തരംതിരിക്കാനാവാത്ത വിധം സൂക്ഷ്മവൈവിദ്ധ്യങ്ങൾ കൊണ്ടാണ് ഓരോ മനുഷ്യന്റെയും ഒച്ച രൂപപ്പെട്ടിരിക്കുന്നതെന്ന ബോധ്യത്തിൽ നിന്നാണ് ഞാനെന്റെ ശബ്ദത്തെ നിരീക്ഷിക്കാൻ തുടങ്ങിയത്. എന്റെ അനിയൻ വിമൽ ദേവ് ഒരു കർണാടക സംഗീതകാരൻ കൂടിയായതിനാൽ അവന്റെ പരിശീലന സമയങ്ങൾ എന്റെ ചെവികൾക്കു വെള്ളവും വളവും നൽകി. കവിത ചൊല്ലുന്നയാളുടെ ശബ്ദത്തിന് സംഗീതവുമായി മാത്രമല്ല മറിച്ച് ഭാഷയെ മറികടക്കുന്ന മറ്റൊരു ചിഹ്ന ലോകത്തിന്റെ ഒച്ചക്കുറിപ്പുകളുമായി കൂടി ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ട കാലമായിരുന്നു അത്. വളരെക്കഴിഞ്ഞ് അയ്യപ്പപണിക്കരുടെ കവിതചൊല്ലൽ ശ്രദ്ധിച്ചപ്പോഴാണ് ചൊൽവഴക്കത്തിലെ സാധ്യതകൾ വെളിപ്പെടുന്നത്. പരീക്ഷണാത്മകമായ ഒരു കവിതാവിനിമയത്തിന്റെ സാധ്യതകളും വഴികളും ആലോചിക്കാൻ എന്നെ പ്രേരിപ്പിച്ചത് അയ്യപ്പപണിക്കരുടെ കവിതയും അവതരണവുമാണ്. അതിനു ശേഷം ഡി വിനയചന്ദ്രന്റെ അവതരണരീതിയും എനിക്ക് വേറിട്ട അനുഭവമായി. ഡി വിനയചന്ദ്രന്റെ അവതരണരീതികൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് അയ്യപ്പപ്പണിക്കരുടെ ചൊൽവഴക്കത്തിന്റെ തുടർച്ചയാണെന്ന് മനസിലാക്കാൻ കഴിയും. മലയാളം കേന്ദ്രീകരിച്ചുള്ള എന്റെ അവതരണകവിതാശ്രമങ്ങൾക്ക് ഇവർ രണ്ടുപേരുമായിരുന്നു ആദ്യകാല സ്വാധീനങ്ങൾ.

ഓരോ കവികൾക്കും ഓരോ കവിതാവതരണ ശൈലി ഉണ്ടെന്നും നിരന്തരമായ പരിശീലനത്തിലൂടെ അത് സംവേദനതീവ്രമാക്കാമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് അവതരണത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിയുന്നത്. കവി ലതീഷ് മോഹനാണ് ഞങ്ങളുടെ തലമുറയിൽ ആദ്യമായി കവിതാവതരണത്തെ പറ്റി ഗൗരവമായി ചിന്തിക്കുന്നത്. അവനും സുഹൃത്തുക്കളും ചേർന്ന് മട്ടാഞ്ചേരിയിൽ ആരംഭിച്ച ബി സി ആർട്ട് ഗാലറിയിൽ 2012 കാലത്ത് ഒച്ച എന്ന പേരിൽ ക്ഷണിക്കപ്പെട്ട കവികളുടെ അവതരണങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ കവിത അവതരിപ്പിക്കാൻ ഞാനും പോയിട്ടുണ്ട്. അതിനു ശേഷം 2014-ൽ കവിയും ചിത്രകാരനുമായ സുധീഷ് കോട്ടെമ്പ്രവുമായി ചേർന്ന് ഒരു കവിതാവതരണം കോഴിക്കോട് വെച്ച് നടത്താൻ കഴിഞ്ഞു. അതിൽ ആർടിസ്റ്റ് മിത്ര കമലവും ഞങ്ങൾക്കൊപ്പം പങ്കെടുത്തിരുന്നു. സുധീഷിന്റെ നിർദേശപ്രകാരമാണ് പരിസ്ഥിതിശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദമുണ്ടായിരുന്ന ഞാൻ ദില്ലിയിലെ ജെഎൻയു സർവകലാശാലയിൽ അവതരണപഠനത്തിൽ ഗവേഷണം ചെയ്യാൻ പോകുന്നത്. സുധീഷിന്റെ ആ നിർദേശം എന്നെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവായിരുന്നു. സമകാലിക കലയുടെ ലോകത്തേക്ക് വാതിൽ തുറന്നു കിട്ടുന്നത് ദില്ലിയിൽ വെച്ചാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ക്രിയാത്മകമായ സമ്പർക്കമുഖങ്ങളിൽ കവിത എന്നത് ഒരു സമകാലിക കലയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. സുധീഷ് കോട്ടെമ്പ്രത്തിന്റെയും പ്രേംജിഷ് ആചാരിയുടെയും ജോൺ സേവ്യേഴ്‌സിന്റെയുമൊക്കെ സൗഹൃദവും ജെ എൻ യുവിലെ സ്‌കൂൾ ഓഫ് ആട്‌സ് ആൻഡ് ഏയ്തെറ്റിക്‌സിലെ അന്തരീക്ഷവും എന്നെ ഏറെ സഹായിച്ചു.

2017 ൽ ആർട്ട് ക്യുറേറ്റർ പ്രേംജീഷ് ആചാരിയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ കോളാബൊറേഷൻസ് എന്ന കൂട്ടായ്മയുടെ ഭാഗമായി ദില്ലിയിലെ ഇറ്റാലിയൻ കൾചറൽ സെന്ററിൽ എന്റെ കവിതകൾ കലാരൂപങ്ങളായി പ്രദർശിപ്പിക്കാനുള്ള അവസരം കിട്ടി. തുടർന്നുള്ള വർഷങ്ങളിൽ നിരന്തരമായി കവിതാവതരണത്തെ ഗൗരവമായ ഒരു അന്വേഷണമാതൃകയായി അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു. കേരളത്തിന് പുറത്താണ് ഞാൻ കൂടുതൽ അവതരണങ്ങളും നടത്തിയിട്ടുള്ളത്. മലയാളവും ഇംഗ്ലീഷും കൂടിക്കലർന്ന ഒരു പ്രതലത്തിലാണ് അങ്ങനെയുള്ള അവതരണങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. ദൃശ്യ-ശ്രാവ്യമായ ഒരു സാങ്കേതിക അന്തരീക്ഷത്തിൽ ഭാഷയും ശബ്ദവും കൂട്ടുപകരണങ്ങളും ഉപയോഗിച്ച് വികസിപ്പിച്ച Lecture poiesis എന്ന കാവ്യാനുസംവാദ-അവതരണം ദില്ലിയിലെ മാക്‌സ് മ്യുള്ളർ ഭവനിലും ഖോജ് ഇന്റർനാഷണൽ ആർടിസ്റ്റ് അസോസിയേഷൻ ഗാലറിയിലും അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തു പ്രതലങ്ങളിൽ അടിഞ്ഞുകിടക്കുന്ന കവിതയെ പ്രേക്ഷകർക്കു കൂടി പങ്കാളിത്തമുള്ള ഒരു മനോശരീരപ്രവർത്തനമാക്കുക എന്നതായിരുന്നു അത്തരം അവതരണങ്ങളുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ഒരു ഗാലറി സ്‌പേസിൽ അവതരണം നടത്താൻ എനിക്ക് അവസരം തന്നത് കവി ലതീഷ് മോഹനാണ്. തുടർന്ന് പട്ടാമ്പിയിലെ കവിതാ കാർണിവൽ, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് തുടങ്ങി പലയിടങ്ങളിലും അവതരണങ്ങൾ നടത്താൻ അവസരം കിട്ടി. 2022-ൽ കേരള ലളിതകലാ അക്കാദമിയുടെ അൻപതാമത് സംസ്ഥാന കലാപ്രദർശനത്തിന്റെ ഭാഗമായി 'ചോദ്യത്തിന്റെ ഉത്തരവാദി' എന്ന സോളോ കവിതാവതരണം തെരഞ്ഞെടുക്കുകയും അതിന്റെ ഭാഗമായി ലൈവായി കവിത അവതരിപ്പിക്കാനും കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ അനുഭവമായിരുന്നു. ധാരാളം പേരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കാൻ കഴിഞ്ഞ സന്ദർഭമായിരുന്നു അത്. 2023 കൊച്ചി മുസിരിസ് ബിയനലെയുടെ ഭാഗമായി ജിജി സ്‌കറിയ, രാധാ ഗോമതി, ജലജ തുടങ്ങിയവർ ക്യുറെറ്റ് ചെയ്യുന്ന 'ഇടം' എന്ന ഷോയിൽ എന്റെ കവിതയുടെ അവതരണ വീഡിയോ പ്രദർശിപ്പിക്കുന്നുണ്ടെന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ സന്തോഷം.

നിലനിൽക്കുന്ന കവിതയുടെ ഘടന നിർജീവമാകുന്നുണ്ടോ എന്ന ചോദ്യം വളരെ സങ്കീർണ്ണമായ ഒന്നാണ്. പത്തുവർഷം മുൻപാണ് എന്നോട് ഈ ചോദ്യം ചോദിച്ചിരുന്നെങ്കിൽ ജീവിതത്തിന്റെയും മരണത്തിന്റെയും വ്യത്യാസങ്ങൾ നിരത്തി ജീവനുള്ള കവിതയുടെ ലക്ഷണങ്ങൾ പത്തുവാക്കിൽ കവിയാതെ ഉപന്യസിക്കുമായിരുന്നു. നിർജീവാവസ്ഥ എന്നതും കവിതയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണെന്നാണ് ഞാനിന്ന് കരുതുന്നത്. ജൈവികവും നിർജീവവുമായ അവസ്ഥകളിലൂടെ കവിത എല്ലാക്കാലത്തും കടന്നു പോയിട്ടുണ്ട്. ജീവനില്ലാത്ത കവിതയ്ക്ക് അവതരണ കവിതയിലൂടെ ജീവൻ കിട്ടുന്നു എന്നും പറയാൻ കഴിയില്ല, കാരണം നിർജീവമായ അവതരണ കവിതയും ഉണ്ടാകാനിടയുണ്ട്. ജീവനും നിർജീവനും രണ്ടു തരം സാദ്ധ്യതകളാണ്. മിസ്രിയ സൂചിപ്പിച്ച ചോദ്യത്തെ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്‌നവിധേയമാക്കിയാൽ ഈ വിഷയത്തിൽ വിശേഷപ്പെട്ട ആലോചനകൾക്ക് ഇടമുണ്ടാകും. അല്ലെങ്കിൽ ഞാൻ പറയുന്നതൊക്കെ എന്റെ ഇഷ്ടങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള പേച്ചുകളായി പോകാനിടയുണ്ട്.

കവിതയെ ശരീരത്തിലേക്ക് കൊണ്ടുവരുന്നു, അല്ലെങ്കിൽ ശരീരം കൊണ്ട് കവിതയെ വിപുലപ്പെടുത്തുന്നു. പെർഫോമിംഗ് പോയട്രിയുടെ വിവിധ തലങ്ങളും രീതികളും എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?

ഇത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. നിങ്ങൾ എന്ത് കൊണ്ടാണ് കവിത എഴുതുന്നത് എന്ന ചോദ്യത്തിലേക്കാണ് മിസ്രിയയുടെ ഈ നിരീക്ഷണം എത്തിച്ചേരുന്നത്. ഹൃദയം കൊണ്ടെഴുതുന്നു, തലച്ചോറ് കൊണ്ടെഴുതുന്നു, മനസ് തുറന്നെഴുതുന്നു-എന്നിങ്ങനെ കവിത എഴുതുന്ന പ്രക്രിയയ്ക്ക് ഒരുപാട് വിശദീകരണങ്ങൾ നിലവിലുണ്ട്. അവതരണവുമായി ബന്ധപെട്ടാണ് പലപ്പോഴും ശരീരം കടന്നുവരുന്നത്. എനിക്ക് തോന്നുന്നത് കവിത എന്ന പ്രക്രിയ തന്നെ ശരീരവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്. മനുഷ്യനെ സംബന്ധിച്ച് യഥാർത്ഥ അബോധം മനസ് മാത്രമല്ല, ശരീരം കൂടിയാണ്. ഓരോ മനുഷ്യനും തന്റെ ശരീരവും താങ്ങിയാണ് നടക്കുന്നതെങ്കിലും അതേ പറ്റിയുള്ള അവബോധം എല്ലായ്‌പോഴും കടന്നു വരണമെന്നില്ല. രതി, രോഗം, വേദന, ആർത്തവം, ലജ്ജ, മറ്റുള്ളവരാൽ നിരീക്ഷിക്കപ്പെടുന്നവെന്ന തോന്നൽ ഇത്യാദി അനുഭവങ്ങൾക്ക് സാക്ഷിയാകുമ്പോഴാണ് മിക്കവരും ശരീരത്തെക്കുറിച്ച് ആലോചിക്കുന്നത്. ട്രാൻസ് വ്യക്തികളിൽ ശരീരത്തിന്റെ സാക്ഷിത്വം സമാനതകളില്ലാത്ത തീവ്രതകളോടെ പ്രവർത്തിക്കുന്നതിന്റെ  സാക്ഷ്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. 'എനിക്ക് നിന്നെ സ്‌നേഹിക്കാൻ ശരീരമില്ല' എന്ന് ആരും പറയാറില്ല. എന്നാൽ എത്ര ആത്മവിശ്വാസത്തോടെയാണ് 'എനിക്ക് മനസില്ല' എന്ന് മനുഷ്യർ പറയുന്നത്. മനസും ശരീരവും തമ്മിലുള്ള ഈ വൈരുദ്ധ്യത്തെ അടുത്തറിയാൻ കഴിഞ്ഞത് കവിതയെ അവതരണത്തിനായി തെരഞ്ഞെടുത്തപ്പോഴാണ്. തൊട്ടറിയാവുന്ന ലോകത്തിന്റെ പ്രകാശനത്തിലാണ് അവതരണത്തിന്റെ ആംഗ്യങ്ങൾ ഉള്ളത്. വരമൊഴിയിൽ ജീവിച്ചതിനേക്കാൾ കൂടുതൽ സമയം മനുഷ്യകുലം വാമൊഴിയിൽ ജീവിക്കുന്നുണ്ട്. വാമൊഴിയിൽ ജീവിക്കുവാൻ എഴുത്തോ വായനയോ അറിയണമെന്നില്ല. എഴുതാനും വായിക്കാനുമറിയാത്ത ഒരു മനുഷ്യനെ കൂടി ചേർത്തുപിടിക്കുന്ന ശരീരപ്രവർത്തനത്തിന്റെ പേരാണ് അവതരണകവിത.



അവതരണ കാവ്യത്തിന്റെ സാധ്യതകൾ എന്തൊക്കെയാണ്?

ശരീരത്തിന്റെ ബുദ്ധിയെ മനസിലാക്കുന്ന ഒരു സമൂഹത്തിൽ അവതരണത്തിന്റെ അനുഭവ സാധ്യതകൾ കുറെ കൂടി സംവേദനാത്മകമായിരുക്കുമെന്ന് ഞാൻ കരുതുന്നു. ശരീരത്തിന്റെ ബുദ്ധി എന്നത് അതിന്റെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കണ്ണ് കാണാത്ത അവസ്ഥയെ കാഴ്ചയുള്ളവർ 'ഭിന്നശേഷി' എന്ന പദം കൊണ്ട് വിശേഷിപ്പിക്കുമ്പോൾ അതിൽ കാഴ്ച്ചയെ മാത്രം ഉപയോഗിക്കാൻ വിധിക്കപ്പെട്ട ഒരാളുടെ 'അഭിന്നശേഷി' കൂടി ഒളിച്ചിരിപ്പുണ്ട്. അതായത് കാഴ്ചയിൽ അഹങ്കരിക്കുന്ന ഒരാൾക്ക് മരണം വരെ കാഴ്ച മാത്രമേയുള്ളൂ എന്നതാണ് നാം ചർച്ച ചെയ്യേണ്ട സുപ്രധാന കാര്യം. കാഴ്ച നഷ്ടപ്പെട്ട ഒരാളുടെ ഭിന്നശേഷിയിൽ ശബ്ദങ്ങളും മണങ്ങളും പ്രതലങ്ങളും വസ്തുക്കളും രുചിസാമാനങ്ങളുമൊക്കെ വ്യത്യസ്ത സംവേദനങ്ങൾ ഒരുക്കുന്ന പോലെയാണ് വായിച്ചു മാത്രം ശീലിച്ച കവിത ഒരു കവിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഭിന്ന ശേഷികളുടെ ഉത്സവമാണ് അവതരണകവിത. കവിത വായിക്കാനും കേൾക്കാനും മണക്കാനും തൊടാനും രുചിക്കാനുമുള്ളതാണ്; അക്ഷരാർത്ഥത്തിലും നിരക്ഷരാർത്ഥത്തിലും.

കവിതാപാരായണത്തിൽ നടത്തുന്ന ഇത്തരം പരീക്ഷണങ്ങളോട് വായനക്കാരുടെ അല്ലെങ്കിൽ പ്രേക്ഷകരുടെ പ്രതികരണം എന്താണ്?

പ്രോത്സാഹനങ്ങളും വിമർശനങ്ങളും കിട്ടാറുണ്ട്. വാദ്യോപകരണങ്ങളുടെ അകമ്പടിയിലൂടെയോ ആലാപനത്തിലൂടെയോ നാടകത്തിന്റെ ചുവടു പിടിച്ചോ ആണ് പൊതുവേ അവതരണകവിത ആവിഷ്‌ക്കരിക്കപ്പെടുന്നത്. കവിതാവിനിമയത്തിനായി ഏതെല്ലാം സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുമോ, അതൊക്കെയും അവതരണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ രീതി. അതുകൊണ്ട് തന്നെ പ്രേക്ഷകർ കൂടി പങ്കെടുക്കുന്ന വിധത്തിലാണ് അവതരണങ്ങൾ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നത്. കവിതയിലൂടെ ഞാൻ അന്വേഷിക്കുന്ന ചോദ്യങ്ങൾ പ്രേക്ഷകരുടേത് കൂടിയാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കവിത ചൊല്ലുക എന്നതിനപ്പുറം എന്താണ് കവിത എന്നന്വേഷിക്കുന്ന വിധത്തിലാണ് 'ചോദ്യത്തിന്റെ ഉത്തരവാദി' എന്ന എന്റെ കവിതാവതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ അവതരണത്തിൽ പ്രേക്ഷകരും പങ്കാളികളാകുന്നുണ്ട്. ഈ അവതരണത്തിന്റെ ഭാഗമായി ദില്ലിയിലെ തെരുവുകളിലൂടെ വീഡിയോ കാമറയുമേന്തി വഴിപോക്കരോടും കൂലിപ്പണിക്കാരോടും ഗുമസ്ഥന്മാരോടും പോലീസുകാരോടുമൊക്കെ എന്താണ് കവിത എന്ന് ചോദിച്ചിരുന്നു. തെരുവുകളിൽ നിന്ന് കിട്ടുന്ന ഉത്തരങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. വിദ്യാലയങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും കിട്ടുന്ന ഉത്തരങ്ങളേക്കാൾ വൈവിധ്യം നിറഞ്ഞ കാഴ്ചപ്പാടുകൾ എനിക്ക് തെരുവിൽ നിന്ന് കിട്ടി. ഏതെങ്കിലും ഉത്തരം കൊണ്ട് ചോദ്യം അവസാനിപ്പിച്ചു എന്ന് കരുതരുത്. ഈ ചോദ്യം ഒരു നീണ്ട യാത്രയ്‌ക്കൊരുങ്ങിയിരിക്കുകയാണ്. ഈ യാത്രയിൽ കവിത എന്താണെന്ന് ഉത്തരം പറഞ്ഞ ഒരുപാട് പേരെ ഞാൻ നേരിൽ കണ്ടു. അവരുടെ സഹകരണമാണ് ഈ ആവിഷ്‌കാരത്തിന്റെ ഗതിയെ നിർണ്ണയിക്കുന്നത്. പ്രേക്ഷകരെയും വായനക്കാരെയും ഒരുപോലെ ചേർത്തുപിടിച്ചു കൊണ്ടുള്ള യാത്രയാണിത്.

പടയണിയിൽ കവിത എങ്ങനെയാണ് പ്രവർത്തിക്കുന്നത്

പടയണി എന്നത് അനേകം ജാതി സമൂഹങ്ങൾ അനുഷ്ടിച്ചു പോന്ന ശരീരകലകളുടെ ഒരു സങ്കര ആവിഷ്‌കാരമാണ്. അത് കൊണ്ട് തന്നെ പലതരം കാലങ്ങളിലൂടെ വികസിച്ചു വന്ന ശരീരത്തിന്റെയും കവിതയുടെയും അവതരണങ്ങൾ പടയണിയുടെ അടിസ്ഥാന സ്വഭാവമാണ്. ബ്രാഹ്‌മണപൗരോഹിത്യം കാവുകൾ കയ്യേറുകയും അതിനെ ക്ഷേത്രങ്ങളായി രൂപാന്തരം നടത്തുകയും ചെയ്ത കാലത്ത് രൂപപ്പെട്ട ഒന്നാണ് പടയണി എന്ന പേര്. കുറവൻ, പുലയൻ, പാണൻ, പറയൻ, കണിയാൻ, വേലൻ, നായർ തുടങ്ങിയ ജാതി സമൂഹങ്ങളുടെ തുള്ളൽരൂപങ്ങളും കോലം കെട്ടും അടങ്ങുന്ന ശാരീരിക മൂലധനത്തിന്റെ സങ്കരപ്രത്യക്ഷമാണ് ഇന്നത്തെ പടയണി. കാലികവും സ്ഥാനികവും വംശപരവുമായി അടയാളപ്പെട്ട ഭാഷയുടെ വൈവിധ്യങ്ങൾ പടയണിയിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. പടയണിയിലെ കവിത ഭാഷയുടെ നിയമങ്ങൾക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല; മറിച്ച് പാട്ടും, പറച്ചിലും, ചാറ്റും, വായ്ത്താരിയും, നീട്ടലും, കുറുക്കലുമടങ്ങുന്ന ഒരു അഭാഷയുടെ പ്രതലം കൂടി അതിന്റെ ഭാഗമാണ്. ശരീരചലനത്തിൽ തുന്നിച്ചേർത്ത കവിതയാണ് പടയണിയിലുള്ളത്. കല്ലും മണ്ണും പുല്ലും പുഴുവും ആധിയും വ്യാധിയും നൊടിയും ഇടവുമെല്ലാം പടയണിയുടെ വിഷയമാണ്. ശരീരം, പ്രകൃതി തുടങ്ങിയ രണ്ടു സങ്കൽപ്പനങ്ങളുടെ ആശയപരിസരം എങ്ങനെയാണ് പടയണിയിൽ പ്രവർത്തിക്കുന്നതെന്ന ചോദ്യമാണ് എന്റെ ഗവേഷണത്തിലൂടെ ഞാൻ അറിയാൻ ശ്രമിച്ചത്. പടയണി സങ്കരസ്വഭാവമുള്ള ഒരു അനുഷ്ടാന അവതരണമായതിനാൽ ഓരോ ജാതി സമൂഹങ്ങളുടെയും ശബ്ദലോകവും ചലനലോകവും നമുക്കതിൽ വേറിട്ട് കേൾക്കാൻ കഴിയും. ജാതികേന്ദ്രിത ഘടനയിൽ അടിമകളായി ജീവിക്കേണ്ടി വന്നവരും സാമൂഹ്യപ്രത്യക്ഷത വിലക്കപ്പെട്ടവരുമായ മനുഷ്യരുടെ ലിപിയില്ലാത്ത കവിതകൾ ഒച്ചകളായി പടയണിയിൽ മുഴങ്ങുന്നത് കേൾക്കാം. ഭൂമിക്കു വേണ്ടിയുള്ള നിലവിളികളാണ് നമ്മുടെ മിക്ക അനുഷ്ടാനങ്ങളുടെയും ഒച്ചകളിൽ പതിഞ്ഞു കിടക്കുന്നത്. നാമതിനെ പ്രകൃതി, കാവുകൾ എന്നൊക്കെ കാലാകാലങ്ങളായി തർജിമ ചെയ്തു കൊണ്ടിരിക്കുന്നു. ഭൂമിക്കു വേണ്ടിയുള്ള നിലവിളികളാണ് അനുഷ്ടാന നൃത്തങ്ങളായി ഇന്നും ആടിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾക്ക് ഒച്ചയുണ്ടെങ്കിൽ ചെവി കൂർപ്പിക്കുക. അതിൽ നഷ്ടപ്പെട്ട ഭൂമിക്കു വേണ്ടി നിലവിളിക്കുന്ന കവിതയുടെ ശബ്ദം കേൾക്കാൻ കഴിയും.

സാമ്പ്രദായിക രീതികളോട് നേരിട്ടല്ലാതെയുള്ള ഒരു എതിർപ്പ് അവതരണ കവിതയിലൂടെ ഉണ്ടാവുന്നുണ്ടോ?

അവതരണ കവിത എതിർപ്പിന്റെ സ്വരമല്ല ഉയർത്തുന്നത്. അത് സ്വീകരിക്കുന്നതിന്റെ കലയാണ്. എല്ലാ ജീവിത-അജീവിത സമ്പ്രദായങ്ങളിൽ നിന്നും കവിതയെ സ്വീകരിക്കാൻ അവതരണശരീരം ഒരുങ്ങിയിരിക്കുന്നു. അത് വാമൊഴി മനുഷ്യരിൽ നിന്നും, ആംഗിക മനുഷ്യരിൽ നിന്നും, നിലവിളിക്കുന്ന മനുഷ്യരിൽ നിന്നും, മനുഷ്യനിർവചനങ്ങൾക്ക് പുറത്തുള്ളവയിൽ നിന്നും കവിതയെ കടം കൊള്ളുന്നു. വിമർശഭാവത്തിലധിഷ്ടിതമായ പുനർസന്ദർശനങ്ങളിലൂടെ അത് എല്ലാ പാരമ്പര്യങ്ങളെയും സമീപിക്കുന്നു. സമരത്തിന്റെ ഭാവപ്രകടനം അവതരണത്തിന്റെ പൊതു സ്വഭാവമാണ്. അതുകൊണ്ട് തന്നെ അവതരണത്തിന്റെ തത്വചിന്ത നിരന്തരമായ ഒരു പ്രവാഹത്തെ ഓർമ്മിപ്പിക്കുന്നു.

വിഷ്ണു കവിതയിലാണോ കവിതയ്ക്ക് പുറത്താണോ അന്വേഷണം നടത്തുന്നത്?

എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുന്ന ഒരു ചോദ്യമല്ലിത്. അകം/പുറം എന്ന ദ്വന്ദത്തിന്റെ സമ്മർദ്ദങ്ങളിലൂടെ ഓരോ കവിയും കടന്നു പോകുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. കവിതയ്ക്കുള്ളിലും കവിതയ്ക്ക് പുറത്തും അന്വേഷണത്തിന്റെ വാഹനങ്ങൾ ഞാൻ ഒരുക്കി നിർത്തിയിട്ടുണ്ട്. സസ്യശാസ്ത്രം, കവിത, ഇക്കോളജി, ഹൈഡ്രോജിയോളജി, പെർഫോമൻസ് സ്റ്റഡീസ്, തത്വചിന്ത, കലാചരിത്രം തുടങ്ങിയ മേഖലകളിലൂടെ ഔപചാരികമായും അനൗപചാരികമായും സഞ്ചരിക്കാനുള്ള സമയം ഞാൻ കണ്ടെത്തിയിരുന്നു. ആദ്യകാലങ്ങളിൽ 'നിങ്ങൾ എന്തുചെയ്യുന്നു' എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഇടപെട്ടു പ്രവർത്തിക്കുന്ന മേഖലകളുമായി ബന്ധപ്പെട്ട് പ്രോജക്റ്റ് ഓഫീസർ, റിസേർച് ഫെലോ എന്നിങ്ങനെ ഉത്തരങ്ങൾ പറയുമായിരുന്നു. എന്നാൽ കവിതയ്ക്ക് പുറത്തുള്ള വിഷയങ്ങളിൽ ഉപരിപഠനം നടത്തുകയും ഗവേഷണം ചെയ്തപ്പോഴുമൊക്കെ ഒരു ആന്തരിക രീതിശാസ്ത്രമായി എനിക്കൊപ്പം കവിത ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഒരു കവിയാണ് എന്ന് പറയാനുള്ള ധൈര്യം കൈവരിച്ചിരിക്കുന്നു. കവിതയാണ് എന്നെ കൊണ്ട് അത് പറയിപ്പിക്കുന്നത്. കവിതയ്ക്ക് പുറത്തോ അകത്തോ എന്നതല്ല എന്റെ അന്വേഷണത്തിന്റെ രീതി. മറിച്ച് ഏതൊരു അന്വേഷണത്തിന്റെയും ഉപകരണമെന്ന നിലയിലാണ് എന്നിൽ കവിത പ്രവർത്തിക്കുന്നത്.

മലയാളത്തിലെ പുതിയ കവിതാ രീതികൾ ശ്രദ്ധിച്ചിട്ടുണ്ടോ, ഭാഷയിലും പ്രമേയങ്ങളിലും വരുന്ന പുത്തൻ ഉണർവുകളെ കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ എന്തൊക്കെയാണ്?

പുതുത് എന്നത് താൽക്കാലികമായ ഒരു നിലനിൽപ്പ് തന്ത്രമായാണ് പലരും ഉപയോഗിച്ച് കണ്ടിട്ടുള്ളത്. പുതുമ അല്ലെങ്കിൽ ന്യൂനെസ് എന്നത് ആപേക്ഷികമാണ്. ഒരേ ആശയം തന്നെ ഒരു നിമിഷത്തേക്കോ അല്ലെങ്കിൽ അരനൂറ്റാണ്ട് കാലമോ വരെ  പുതുതായി നിലകൊള്ളാനിടയുണ്ട്. അന്വേഷണബുദ്ധിയുള്ള ഏതൊരു മനുഷ്യനും അടുത്ത നിമിഷത്തിൽ പുതിയതാകാൻ ആഗ്രഹിച്ചുകൊണ്ടേയിരിക്കും. എന്നെ സംബന്ധിച്ച് പുതിയത് എന്നത് നിമിഷനേരം മാത്രം ആയുസ്സുള്ള ഒന്നാണ്. നമ്മൾ നിൽക്കുന്ന ഇടത്തിൽ നിന്ന് കാലഭേദമെന്യേ ഏതു ദിശയിലേക്ക് പരീക്ഷണാത്മകമായി ചലിച്ചാലും അത് പുതുതാകാനിടയുണ്ട്. അല്ലെങ്കിൽ ചലിക്കുന്ന ആളുടെ മനോശരീരഭാവവുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് തന്നെ ആയിരം കൊല്ലം മുൻപുള്ള ഒരു എഴുത്ത് ശൈലിയെ നിരന്തരപരിശീലനത്തിലൂടെ വ്യത്യസ്തമായ രസ-ഭാവങ്ങളോടെ നാം ജീവിക്കുന്ന സമകാലിക സന്ദർഭത്തിൽ അവതരിപ്പിക്കുന്നതിനേയും പുതിയത് എന്ന് വിളിക്കാൻ കഴിയും. ഇത് പഴയതിന്റെ ആവർത്തനമല്ല. മറിച്ച് നിരന്തരമായ ആവർത്തനത്തിലൂടെ സാദ്ധ്യമാകുന്ന വ്യതിരിക്തതയായാണ് അടയാളപ്പെടുന്നത്. ഉദാഹരണത്തിന്, എന്റെ ഒരു കവിതാവതരണത്തിൽ കലാമണ്ഡലം രതീഷ്ഭാസിന്റെ മിഴാവ് വാദനത്തെ ഉപയോഗിച്ചിട്ടുണ്ട്. കവിതയുടെ സമകാലിക അവതരണത്തിൽ മിഴാവ് പോലെയുള്ള വാദ്യങ്ങൾ ഉപയോഗിക്കുന്നത് പഴഞ്ചൻ ആശയമെന്ന് വിമർശിക്കുന്നവരുണ്ട്. എന്നാൽ കവിതയുടെ അവതരണപരിസരത്തിൽ മിഴാവായാലും ഗിറ്റാറായാലും നിങ്ങൾ എങ്ങനെയാണ് അത് ആശയപരമായും സൗന്ദര്യപരമായും ആവിഷ്‌ക്കരിക്കുന്നത് എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ 'പുത്തൻ ഉണർവ്' എന്നത് ഒരാളുടെ 'പരീക്ഷണത്തിന്റെ വിയർപ്പുതുള്ളി'യുമായി ബന്ധപ്പെട്ടു കിടക്കുന്നു.





'പുതിയ കവിതാരീതി' എന്ന് മിസ്രിയ ചോദിക്കുമ്പോൾ ഏതെങ്കിലും ഒരു കവിയുടെയോ ഒരു കൂട്ടം കവികളുടെയോ രചനാസ്വഭാവത്തെ മാത്രം മുൻ നിർത്തി ഒരു സമൂഹത്തിന്റെ കവിതയെ നിർവചിക്കാനാവാത്ത ഒരു സംവേദനപ്രതലം രൂപപ്പെട്ടു വന്നിട്ടുണ്ട്. ഒറ്റയായി നിൽക്കുന്ന ഏതെങ്കിലും ഘടകത്തിന്റെ- ബിംബാത്മകത, ആഖ്യാനപരത, ഉരിയാടൽ, ചിത്രപരത, ദാർശനികത- പ്രത്യക്ഷതയെ കേന്ദ്രീകരിച്ച് പൊതുവായ ഒരു നിർവചനത്തിൽ എത്താൻ കഴിയുന്നില്ല എന്നതാണ് സമകാലിക നിരൂപണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നല്ല കവിത/ചീത്തക്കവിത, ആധുനീകം/ഉത്തരാധുനീകം; പഴയകവിത/പുതുകവിത എന്നിങ്ങനെ വിപരീത ദ്വന്ദങ്ങളിലൂന്നിയുള്ള നിരീക്ഷണങ്ങളാണ് കൂടുതൽ പേരും നടത്തുന്നത്. വിപരീത ദ്വന്ദങ്ങൾക്കുമപ്പുറം കവിതയെന്ന ആവാസവ്യവസ്ഥയുടെ വൈവിദ്ധ്യം നിറഞ്ഞ രൂപാന്തരങ്ങളെയും ദർശനങ്ങളെയും അന്വേഷിക്കുന്ന വിധത്തിലുള്ള രീതിശാസ്ത്രങ്ങളോ സങ്കേതങ്ങളോ വികസിച്ചുവന്നിട്ടുമില്ല. നിരന്തര സംവാദങ്ങളിലൂടെ തെളിഞ്ഞു വരുന്ന ആശയങ്ങളിലൂടെയാണ് ഓരോ കാലത്തെയും ഉണർവുകൾ രൂപപ്പെടുന്നത്. അതിന് സഹിഷ്ണുതയും പരസ്പരബഹുമാനവും വേണം. തികച്ചും ക്രിട്ടിക്കലായ ഒരു ഇന്റിമസി രൂപപ്പെടേണ്ടതുണ്ട്. കവിതകൾ എഴുതപ്പെടുന്നതോടൊപ്പം അതിനെ സംവാദാത്മകമായി സമീപിക്കുന്ന നിരൂപണങ്ങളും രീതിശാസ്ത്രങ്ങളും വികസിക്കേണ്ടതുണ്ട്. 'നാം ജീവിക്കുന്ന കാലത്തിന്റെ ആശയം എന്താണ്' എന്ന് കവിതയിൽ നിന്ന് തെളിവ് കിട്ടുമ്പോഴാണ് കാലികതയുടെ പ്രസക്തി അടയാളപ്പെടുന്നത്. കവിതയിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ മാറ്റങ്ങളും മൂല്യവിചാരങ്ങളും രുചിമാറ്റങ്ങളും കവിതയ്ക്ക് വെളിയിൽ സംഭവിക്കുന്നു. കവിത കാലത്തിന് മുന്നേ സഞ്ചരിക്കുന്നു എന്ന ആശയം പാടേ മാറുകയും നാമെഴുതുന്ന കവിതയെക്കാൾ വേഗതയിൽ കാലം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു പ്രതലത്തിലാണ് ഇപ്പോൾ നമ്മുടെ എഴുത്തു ജീവിതമുള്ളത്.

പാശ്ചാത്യ മാതൃകകളുടെ അനുകരണങ്ങൾ നമ്മുടെ കവിത സാഹിത്യത്തിൽ എങ്ങനെയാണു ഇന്നും നിലനിൽക്കുന്നത്? performance poetry യെ സംബന്ധിച്ച പാശ്ചാത്യ മാതൃകകൾ ഉണ്ടോ,  ഉണ്ടെങ്കിൽ അവ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അനുകരണം. നമ്മളെല്ലാം അനുകരണജീവികളാണ്. കവിതയെന്നല്ല, ജീവിതം തന്നെ പരസ്പരമുള്ള അനുകരണത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ എല്ലായിടത്തും അത് സംഭവിക്കുന്നു. 'അനുകരിക്കാത്ത ഒരാളാണ് ഞാൻ' എന്ന് പറഞ്ഞാൽ 'ഞാൻ ഒന്നും ചെയ്യുന്നില്ല' എന്നേ അർത്ഥമുള്ളൂ. ഒരാളുടെ സംവേദന ഗ്രന്ഥികൾ ലോകത്തിലേക്ക് തുറന്നു വെയ്ക്കുമ്പോൾ പലതരം സാംശീകരണങ്ങൾ സംഭവിക്കുന്നുണ്ട്. ഒരു പുതിയ മനുഷ്യനെ അയാളുടെ പ്രായ-പ്രദേശ-ജാതി-മത-ലിംഗ ഭേദമന്യേ സ്വീകരിക്കുന്നത് പോലെയാണ് ഞാൻ കവിതയെയും കവികളെയും അനുകരിക്കുന്നത്. അനുകരിച്ചതിനെ പരിഷ്‌ക്കരിക്കാനും പരീക്ഷണാത്മകമായി അവതരിപ്പിക്കാനും ശേഷിയുണ്ടെങ്കിൽ താൽക്കാലികമായി ഒരു മൗലികത രൂപപ്പെട്ടേക്കാം. അങ്ങനെ രൂപപ്പെടുന്ന മൗലികമായ ഒരു ശൈലി വീണ്ടും അനുകരിക്കപ്പെടുന്നു. അനുകരണവും മൗലികതയും ഏറിയും കുറഞ്ഞും എല്ലാവരിലും പ്രവർത്തിക്കുന്നുണ്ട്. അറിവും കലയും സാഹിത്യവുമൊക്കെ വിശുദ്ധനായ ഒരു മനുഷ്യൻ ആരെയും അനുകരിക്കാതെ പുറപ്പെടുവിക്കുന്നതല്ല. നിരന്തരമായ അനുകരണങ്ങളിലൂടെയും ആവർത്തനങ്ങളിലൂടെയും രൂപപ്പെടുകയും രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്ന സങ്കേതങ്ങളിൽ കൂടിയാണ് കവിതയും പ്രവർത്തിക്കുന്നത്. എന്നെ സംബന്ധിച്ച് പാശ്ചാത്യം/ പൗരസ്ത്യം എന്ന ഭേദമില്ലാതെയാണ് അറിവിനെയും കവിതയെയും സ്വീകരിക്കാൻ ഞാൻ തയ്യാറാകുന്നത്. പാശ്ചാത്യ മാതൃകകളുടെ അനുകരണങ്ങൾ നമ്മുടെ കവിതാസാഹിത്യത്തിൽ അന്നും ഇന്നും എന്നും നിലനിൽക്കും എന്നാണു ഞാൻ മനസിലാക്കുന്നത്. കാരണം നാം പ്രയോഗിക്കാൻ ശ്രമിക്കുന്ന മൗലിക വിദ്യാഭ്യാസ പദ്ധതികളൊക്കെയും ഗ്രീക്ക് പാരമ്പര്യത്തിലുള്ള ജ്ഞാനസ്വീകരണത്തിന്റെ തുടർച്ചയാണ്. കൂടാതെ അനവധി മത-ജാതി-വംശീയ കലർപ്പുകളിലൂടെയും ദേശാന്തരഗമനങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയും രൂപപ്പെട്ടതാണ് നമ്മുടെ ഭാഷയും കവിതയും. അപ്പോൾ തീർച്ചയായും പുറത്തുള്ളതിനെ അനുകരിക്കാനുള്ള ശേഷി നമ്മുടെ ഭാഷ നന്നായി വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നാണ് എന്റെ മനസിലാക്കൽ. നമ്മൾ ഒരേ സമയം അകത്തും പുറത്തുമാണ്. നമ്മുടെതായ ഒരു കവിതയില്ല. കവിത എല്ലാവരുടേതുമാണ്. നാമെല്ലാവരും പരസ്പരം അനുകരിച്ചു കൊണ്ട് തന്നെ ജീവിക്കുന്നു.

എന്റെ കവിതാവതരണങ്ങൾക്ക് പിന്നിൽ പൗരസ്ത്യവും പാശ്ചാത്യവുമായ മാതൃകകളുടെ സ്വാധീനമുണ്ട്. പെർഫോൻസ് ആർട്ട് എന്ന് വിളിക്കുന്ന സമകാലിക കലാസങ്കേതത്തിന് ഊർജ്ജം പകർന്നവരിൽ പ്രധാനികൾ കവികളാണ്. ഫിലിപ്പോ മാരിനെറ്റി, Guillaume Apollinaire, Hugo Ball തുടങ്ങിയവർ. ഇതിനു സമാന്തരമായി അനേകം പേർ നമ്മുടെ ഭാഷയിലും നിലനിൽക്കുന്നുണ്ട്. തുള്ളലായും വഞ്ചിപ്പാട്ടായും മാർഗംകളിയായും പരിചമുട്ടായും കഥകളിയായും വികസിച്ച അവതരണകവിതാ പാരമ്പര്യത്തിന്റെ കെട്ടുരൂപങ്ങൾ മലയാളത്തിന്റെ ഭൂമികയിൽ ആടിയും പാടിയും തുടർന്നുപോന്നു. അവതരണപഠനത്തിൽ ഗവേഷണം ചെയ്യും മുൻപുള്ള ഒരു വർഷക്കാലം കേരളത്തിലെ അവതരണങ്ങൾ കാണുവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി കോലം തുള്ളൽ, തെയ്യം, പടയണി, കൂടിയാട്ടം, കഥകളി തുടങ്ങിയ രൂപങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. കൂടാതെ കേരളത്തിലെ നാനാജാതി മതസ്ഥരുടെ അനുഷ്ടാനങ്ങളിൽ നിലനിൽക്കുന്ന പറച്ചിലുകൾ, വായ്ത്താരികൾ, ഉരിയാട്ടങ്ങൾ, ചാറ്റുകൾ, പാട്ടുകൾ ഒക്കെയും കവിതാവതരണത്തിന്റെ മൊഴിവഴക്കത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.  ആ സമയങ്ങളിൽ എന്റെ നാട്ടുകാരനും നാടൻ പാട്ടു കലാകാരനുമായ ബുധനൂർ രാജൻ, ബിനു എം പള്ളിപ്പാട്,  കലാമണ്ഡലം സംഗീത, കലാമണ്ഡലം രതീഷ് ഭാസ്, ഓ അരുൺകുമാർ തുടങ്ങിയവരുമായുള്ള സൗഹൃദം ഏറെ സഹായിച്ചിട്ടുണ്ട്. സമയത്തെക്കുറിച്ചും താളത്തെക്കുറിച്ചുമുള്ള ധാരണകളാണ് പ്രധാനമായും അവരിൽ നിന്ന് സാംശീകരിക്കാനായത്. എന്നാൽ അവതരണത്തിന്റെ രൂപത്തെ പറ്റിയുള്ള ആശയങ്ങൾ വികസിപ്പിക്കുവാൻ കൂടുതലായും പാശ്ചാത്യമാതൃകകളാണ് സഹായകമായത്. ഞാൻ ചെയ്യുന്ന കവിതാവതരണത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുള്ള വീഡിയോ സർവേ, ഡോക്യുമെന്ററി, ലെക്ചർ പെർഫോമൻസ്, ഡിജിറ്റൽ ഇന്റർഫേസ് തുടങ്ങിയ സങ്കേതങ്ങളൊക്കെയും സമകാലിക കലയുടെ സ്വാധീനത്തിൽ നിന്ന് രൂപപ്പെട്ടതാണ്. ഞാൻ അവതരിപ്പിക്കുന്ന കവിത ഒരു സമകാലിക കലയാണ്. അതിൽ വാക്കുകൾ മാത്രമല്ല നിങ്ങൾക്ക് അനുഭവിക്കാനാവുക. ശരീരങ്ങൾ, ചിത്രങ്ങൾ, വസ്തുക്കൾ, വീഡിയോകൾ, ശബ്ദങ്ങൾ അങ്ങനെ കവിതയുടെ പ്രകാശനത്തിന് നാനാതരം സങ്കേതങ്ങൾ ഞാൻ പ്രയോഗിക്കുന്നു.

ശിൽപ്പത്തെ കുറിച്ചും ട്വിസ്റ്റിനെ കുറിച്ചും വൈരുദ്ധ്യങ്ങളെ കുറിച്ചും വ്യത്യസ്തമായ ധാരണകൾ കവിതകളിൽ പുലർത്തുന്ന പുതിയ എഴുത്തുകാരെയും കവിതകളെയും നിരീക്ഷിച്ചിട്ടുണ്ടോ? എന്താണ് അത്തരം കവിതകളെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം?

മിസ്രിയയുടെ ഈ ചോദ്യത്തെ കൗതുകതോടെയാണ് ഞാൻ സമീപിക്കുന്നത്. താങ്കൾ സൂചിപ്പിക്കുന്ന ശിൽപ്പപരത, ട്വിസ്റ്റ്, വൈരുധ്യം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി എന്റെ സഹകവികളെ കൃത്യതയോടെ നിരീക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരിടത്തും തങ്ങി നിൽക്കാത്ത ഒരു വേരുപടർച്ചയായിട്ടാണ് എന്നിൽ ഇപ്പോൾ ഇഷ്ടങ്ങൾ പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് നമുക്കെല്ലാം നെറ്റിസൻ പദവി ലഭിച്ചതോടെ ഒരു ലിങ്കിൽ നിന്ന് മറ്റൊരു ലിങ്കിലേക്ക് തെന്നി മാറുന്നപോലെ ഇഷ്ടങ്ങളുടെ താൽക്കാലികത എന്റെ മനോശരീരത്തെയും ബാധിച്ചിട്ടുണ്ട്. ഒരു കവിത ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മറ്റൊരു കവിത മുന്നിലേക്ക് വരുന്നു. ഒരു ദിവസം കുറഞ്ഞത് മൂന്ന് കവിതയെങ്കിലും വായിക്കാൻ നെറ്റിസൻ പദവി അവസരം നൽകുന്നതിനാൽ വൈവിധ്യങ്ങളുടെയും സവിശേഷതകളുടെയും ഒരു പ്രവാഹം മുന്നിൽ വന്നുപെടുന്നുണ്ട്. നമ്മൾ വായിച്ചതും ശീലിച്ചതുമായ ചില കാവ്യധാരണകൾ കൊണ്ട് അതിന്റെ മൂല്യ വിചാരം നടത്താമെന്ന് വെച്ചാൽ നാം ആർജിച്ചതിന്റെ ഇരട്ടി മൂല്യവ്യതിയാനങ്ങളും ഭാവുകത്വപരിണാമങ്ങളും അടിക്കടി കവിതയിൽ സംഭവിക്കുന്നുണ്ട്. എങ്കിലും നേർരേഖയിലുള്ള ചരിത്രത്തിന്റെ ഭാഗമാകാതെ നിലകൊണ്ടവരുടെ പ്രത്യക്ഷതകൾ സ്വകീയമായി സംഭവിക്കുന്നു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. സമകാലിക മലയാളത്തിലെ  ദളിത് കവിത, സ്ത്രീകവിത, ക്വീയർ കവിത, ഗോത്രഭാഷകളുടെ കവിതാവിനിമയങ്ങൾ ഒക്കെ തന്നെയും ഇതുവരെയില്ലാത്ത രാഷ്ട്രീയബോധ്യങ്ങളെയാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അവർ എഴുതുന്ന കവിതയുടെ സ്വഭാവത്തെ നിർണയിക്കാൻ ഇത്രകാലവും ഉപയോഗിച്ച മുഴക്കോലുകൾക്കാവില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 'ഏറ്റവും നല്ല കവിത' എന്ന മാനകമല്ല ഇവിടെ യോജിക്കുക. കവിതയിലൂടെ സാദ്ധ്യമാകുന്ന നാനാതരത്തിലുള്ള പ്രത്യക്ഷതകളും കർതൃത്വങ്ങളും അടങ്ങിയ ഒരു പ്രതലത്തിലാണ് നാം ജീവിക്കുന്നത്.

എന്തായാലും ഒരാൾ കവിത എഴുതാൻ തീരുമാനിക്കുന്നുവെന്നത് തന്നെയാണ് എന്നെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം. രണ്ടാമതാണ് കവിതയുടെ ഗൗരവതരമായ നിർദ്ധാരണം ആരംഭിക്കുന്നത്. നിർഭാഗ്യവശാൽ പുതിയ കവിതയുടെ ആവാസവ്യൂഹത്തെ തത്വചിന്താപരമായും സൈദ്ധാന്തികമായും  പഠിക്കാനുള്ള ശ്രമങ്ങൾ വളരെ കുറവാണ്. ഒരാൾ ഒരു കവിതയിലൂടെ തന്റെ ലോകത്തെ വിവരിക്കുമ്പോൾ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിർദ്ധരിക്കുകയും ചെയ്യുന്നതിലൂടെയാണ് മനുഷ്യനും ഭാഷയും വളരുന്നത്. കവിത ഒരാൾക്ക് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമുള്ള കവിതയുടെ മാനദണ്ഡമെന്താണ് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയർന്നു വരും. അല്ലെങ്കിൽ കവിത ഉൾവഹിക്കുന്ന മൂല്യത്തിന്റെ അടയാളം ഏതുതരം സംവേദനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും പ്രധാനമാണ്. ഫേസ്ബുക്കിൽ ഒരാളുടെ കവിതയ്ക്ക് ലൈക്ക് അടിക്കുമ്പോൾ ആ ഇഷ്ടപ്പെടലിന് പിന്നിൽ വൃത്തശാസ്ത്രമോ, വ്യാകരണനിയമങ്ങളോ മറ്റ് സാഹിത്യ സിദ്ധാന്തങ്ങളോ അളവുകോലാകുന്നില്ല. കവിത എഴുതുന്നു എന്ന പ്രവൃത്തിയെ ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് അതിന്റെ അർഥം. അല്ലെങ്കിൽ പരിചയമുള്ള ഒരാളോടുള്ള അഭിവാദനമായി ഞാൻ അതിനെ കാണുന്നു. ലൈക്കിനു ശേഷമുള്ള കമന്റിനുമപ്പുറം ഒരാളുടെ വായനാവഴി നീളുകയാണെങ്കിൽ വായിക്കുന്നവരിൽ കവിത പോലെ കവിയും പ്രവർത്തിച്ചു തുടങ്ങാനിടയുണ്ട്.

കവിതയിലും കാവ്യാവതരണത്തിലും ഇനി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുത്തൻ ആശയങ്ങൾ എന്തൊക്കെയാണ്?

ശരീര കേന്ദ്രിതമായ കലകളുടെ ചരിത്രം കൂടുതൽ പഠിക്കണമെന്നുണ്ട്. കൂടാതെ അറിവന്വേഷനത്തിന്റെ മാർഗങ്ങളെ ഉൾചേർത്തുകൊണ്ടുള്ള അവതരണങ്ങൾ ചിട്ടപ്പെടുത്തണമെന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ക്രിയാത്മക പ്രവർത്തകരുമായി സഹകരിച്ച് പുതിയ അവതരണങ്ങളും കാവ്യചിന്താ പദ്ധതികളും ആവിഷ്‌ക്കരിക്കാൻ ആഗ്രഹമുണ്ട്. അതിനുള്ള ചർച്ചകൾ നടന്നു വരുന്നു. കവിതയെ ഒരു ജ്ഞാന പദ്ധതിയായി കൂടി കരുതുന്ന സമീപനത്തെ വികസിപ്പിക്കുക എന്നതാണ് എന്റെ ആഗ്രഹം.


#poetry
Leave a comment