നോട്ട് നിരോധനം: ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന വിയോജന വിധി
2016 ലെ നോട്ട് നിരോധനം നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബി വി നാഗരത്‌ന എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ജസ്റ്റിസ് ആര്‍ എസ് ഗവായിയുടെ ഭൂരിപക്ഷ വിധിയെ മറ്റ് മൂന്ന് പേര്‍ അനുകൂലിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും, നിയമപരമായ നടപടികള്‍ പാലിക്കാതെയാണ് നോട്ടുകള്‍ നിരോധിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയെഴുതി.
ഇതോടെ 4:1 അനുപാതത്തില്‍ 500, 1000 രൂപാ നോട്ടുകളുടെ നിരോധനം കോടതി ശരിവച്ചു. 2016 നവംബര്‍ 8 നാണ് 500, 1000 എന്നീ മൂല്യമുള്ള എല്ലാ സീരിസിലെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്. എന്നാല്‍ 2022 ല്‍ മാത്രമാണ് സര്‍ക്കാര്‍ നടപടിക്കെതിരായ കേസുകളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങുന്നത്. വാദം തുടങ്ങിയപ്പോള്‍ തന്നെ, ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ വാദം കേള്‍ക്കുന്നത് വെറും അക്കാദമിക പ്രവര്‍ത്തി മാത്രമല്ലേ എന്ന ചോദ്യം ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. എന്നാല്‍, നോട്ട് നിരോധനത്തിന്റെ മൂന്നാം ദിവസം തന്നെ അതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു എന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട കേസുകള്‍, 2022 ല്‍ ഭരണഘടന ബെഞ്ച് അന്തിമ വാദം കേള്‍ക്കുന്നതുവരെ പല തവണ മാറ്റി വെക്കുകയുണ്ടായി. മാത്രമല്ല, 2016 ഡിസംബര്‍ 16 ന് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘനാ സംബന്ധമായ വിഷയമായതിനാല്‍ ഹൈക്കോടതികള്‍ ഇക്കാര്യത്തില്‍ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് കേസ് 2022 ലേക്ക് നീളുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സുപ്രീം കോടതി തന്നെയാണ് എന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2022 നവംബറില്‍ കേസുകളില്‍ അന്തിമ വാദം ആരംഭിച്ചപ്പോള്‍, സീനിയര്‍ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഹര്‍ജിഭാഗം വാദം നടത്തിയത്. സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാനും പ്രശാന്ത് ഭൂഷണും ഉള്‍പ്പടെയുള്ളവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കേന്ദ്ര സര്‍ക്കാരിന് വേണ്ടിയും സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത റിസര്‍വ്വ് ബാങ്കിന് വേണ്ടിയും ഹാജരായി.
കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള ബന്ധം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടു. 1934 ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ് ആണ് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്നത്. ഈ നിയമത്തിന്റെ 26-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പാണ് നോട്ടുകള്‍ നിരോധിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന് എതെങ്കിലും സീരിസുകളിലുള്ള നോട്ടുകള്‍ നിരോധിക്കാം എന്നാണ് വകുപ്പ് പറയുന്നത്. എന്നാല്‍, നിയമം പറയുന്ന രീതിയിലുള്ള നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്ത ശേഷം ബാങ്കിനെ അറിയിക്കുകയായിരുന്നു എന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ നാള്‍വഴികളും ഈ നിയമലംഘനത്തെ എടുത്തു കാട്ടുന്നതായിരുന്നു. 2016 നവംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന് അയച്ച 'ഉപദേശ' രൂപത്തിലുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 8 ന് ബാങ്ക് നിരോധന നടപടികള്‍ ആരംഭിച്ചത്. ജസ്റ്റിസ് നാഗരത്‌നയുടെ വിയോജന വിധിയിലും ഇതേ അഭിപ്രായമാണ് കാണാന്‍ സാധിക്കുക. റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് സ്വതന്ത്രമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിക്കുന്നു. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടം നടപ്പാക്കുക മാത്രമാണ് ബാങ്ക് ചെയ്തതെന്ന നിരീക്ഷണവും രേഖകള്‍ അടിസ്ഥാനമാക്കി അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. നോട്ടുകള്‍ നിരോധിക്കുന്ന നടപടി ആരംഭിക്കേണ്ടത് റിസര്‍വ്വ് ബാങ്കിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടം ആര്‍ബിഐ നടപ്പാക്കുക എന്നതല്ല നിയമത്തിന്റെ വീക്ഷണം എന്നും വിയോജന വിധിയില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ വകുപ്പിന്റെ പദങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍, എല്ലാ സീരിസിലുള്ള നോട്ടുകളും ഒറ്റയടിക്ക് നിരോധിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് നാഗരത്‌ന വിധിയില്‍ പറയുന്നു.
ജനജീവിതവും, ദൈനംദിന വ്യാപാരങ്ങളും ഞൊടിയിടയില്‍ സ്തംഭിപ്പിക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം. കേന്ദ്ര സര്‍ക്കാരിന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ പൗരന്മാരുടെ ജീവിതം പൂര്‍ണ്ണമായും മരവിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നിരുന്നു. മാത്രമല്ല, മതിയായ പഠനങ്ങളോ ആലോചനയോ ഇല്ലാതെയുണ്ടായ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്തു എന്ന് പഠനങ്ങള്‍ വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തെയും വലിയ സാമ്പത്തിക മണ്ടത്തരം എന്നാണ് അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ നടപടിയെ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങളെയെല്ലാം ശരിവെക്കുന്നതാണ് ജസ്റ്റിസ് നാഗരത്‌നയുടെ വിധി. പാര്‍ലമെന്റ് രാജ്യത്തിന്റെ ചെറുപതിപ്പാണെന്ന് നിരീക്ഷിക്കുന്ന അവര്‍, ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ പാര്‍ലമെന്റിനെ അറിയിക്കേണ്ടതുണ്ട് എന്ന് വിധിയില്‍ പറയുന്നു. വെറുമൊരു ഗസറ്റ് വിജ്ഞാപനമല്ല, പാര്‍ലമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ നോട്ടുകളുടെ നിരോധനം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജസ്റ്റിസ് നാഗരത്‌ന വിധിയില്‍ എഴുതി.
1946, 1978 എന്നീ വര്‍ഷങ്ങളിലാണ് രാജ്യത്ത് മുമ്പ് നോട്ട് നിരോധനം നടന്നിട്ടുള്ളത്. 1946 ല്‍ ഓര്‍ഡിനസലൂടെയാണ് നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 1978 ല്‍ നോട്ട് നിരോധനം നടപ്പിലായത് പാര്‍ലമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെയായിരുന്നു. അന്നത്തെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍, ഹൈ ഡിനോമിനേഷന്‍ ബാങ്ക് നോട്ട്‌സ് (ഡീമൊണിട്ടൈസേഷന്‍) ആക്റ്റ് എന്ന നിയമം പാസ്സാക്കിയാണ് നടപടി പൂര്‍ത്തിയാക്കിയത്. രാജ്യത്തെ പൗരന്മാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ച് നടപ്പാക്കുക എന്ന ജനാധിപത്യ കീഴ്‌വഴക്കം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ജസ്റ്റിസ് നാഗരത്‌നയുടെ വിയോജന വിധി.
എന്നാല്‍ അതിന് തികച്ചും വിപരീതമായ ദിശയിലുള്ളതാണ് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും ശരിവക്കുന്നതിലൂടെ ഇത്തരം സാഹസങ്ങൾ രഹസ്യമായി നടപ്പാക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയെയാണ് കോടതിയും പിന്താങ്ങുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നാല്‍ തെറ്റ് പറയാനാകില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കോടതികള്‍ വലിയ നിയന്ത്രണം കാണിക്കണമെന്നും, ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടിവിന്റെ വിജ്ഞാനത്തെ പറിച്ചുനടുന്ന തരത്തില്‍ കോടതിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ജസ്റ്റിസ് ഗവായി ഭൂരിപക്ഷ വിധിയില്‍ പറയുന്നുണ്ട്. നോട്ടുകള്‍ മാറിയെടുക്കുന്നതിന് നല്‍കിയ 52 ദിവസ കാലാവധിയും നീതിക്ക് നിരക്കാത്തതല്ല എന്നും വിധിയില്‍ പറയുന്നു. എന്നാല്‍, പ്രഖ്യാപന വേളയില്‍ സര്‍ക്കാര്‍ നിരത്തിയ ലക്ഷ്യങ്ങളുംഉദ്ദേശ്യങ്ങളും ഉദ്ദേശ്യങ്ങളും കൈവരിച്ചോ എന്നതിന് നിയമസാധുത പരിശോധിക്കുന്ന വേളയില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വിധിയില്‍ കുറിച്ചു.
2016 ല്‍ നടന്ന നോട്ട് നിരോധനത്തെ ആറ് വര്‍ഷത്തിന് ശേഷം കോടതിക്ക് തിരുത്താനാവില്ല. ഇക്കാര്യം ജസ്റ്റിസ് നാഗരത്‌നയും വ്യക്തമാക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് മുന്നേയുള്ള സ്ഥിതിയിലേക്ക് പോവുക എന്നത് അസാധ്യമായത് കൊണ്ട് നിയമപരമായ പരിഹാസങ്ങളൊന്നും നിഷ്‌കര്‍ഷിക്കുന്നില്ല എന്നാണ് അവര്‍ വിധിയില്‍ പറയുന്നത്. എന്നാല്‍, ഈ വൈകിയ വേളയില്‍ ചെയ്യാന്‍ കഴുയുന്നത് പ്രാവര്‍ത്തികമാക്കുന്നതില്‍ ജസ്റ്റിസ് നാഗരത്‌ന വിജയിച്ചു. ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തിക്കൊണ്ട് സര്‍ക്കാരിലെ ഉന്നതര്‍ സ്വീകരിച്ച നടപടി തെറ്റാണെന്ന് പറയുന്നത് വഴി ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ നടപടിയെ പൂര്‍ണ്ണമായി പിന്തുണക്കുന്ന ഭൂരിപക്ഷം ജഡ്ജിമാരുടെ വിധിയാണ് രാജ്യത്തെ നിയമമായി മാറിയിരിക്കുന്നത്. എക്‌സിക്യൂട്ടിവ് അമിത അധികാരം കൈയ്യാളുകയും, ജുഡീഷ്യറി അത് ശരിവെക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്നുള്ളത് എന്ന് ഓരോ പൗരനെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വിധി.