ജല ദൗര്‍ലഭ്യത്തിന്റെ ആഴങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ജല ദൗര്‍ലഭ്യത്തെ പറ്റി ആശങ്കപ്പെടുന്ന അവസ്ഥയാണ്. ജല ലഭ്യതയും, ആവശ്യകതയും തമ്മിലുളള അന്തരം 2030 ഓടെ ലോകമാകെ 40 ശതമാനമെത്തുമെന്നാണ് അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ലാഭകരമായ നിക്ഷേപാവസരങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും, കണ്ടെത്തലുകളും നടത്തി അതിനുള്ള പ്രായോഗികമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന പ്രവര്‍ത്തി ജന്മദൗത്യമായ മോര്‍ഗന്‍ സ്റ്റാന്‍ലിയെ പോലുള്ള ഒരു സ്ഥാപനം ജല ദൗര്‍ലഭ്യം അടിയന്തരമായി അഭിസംബോധന ചെയ്യേണ്ട വിഷയമാണെന്ന് പറയുമ്പോള്‍ അതിനെ ഒട്ടും അവഗണിക്കാനാവില്ല. 'കമിഴ്ന്നു വീണാല്‍ കാല്‍ പണം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സ്വന്തം പ്രവര്‍ത്തനമേഖലകള്‍ വിപുലമാക്കിയ മോര്‍ഗന്‍ സ്റ്റാന്‍ലിയെ പോലുളള സ്ഥാപനങ്ങള്‍ കാലാവസ്ഥ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും സുപ്രധാനമായ പഠന മേഖലയാക്കി മാറ്റിയിട്ടുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സുസ്ഥിര ഗവേഷണ ടീം 2022 ഫെബ്രുവരി 14 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ജല ദൗര്‍ലഭ്യം മുന്നോട്ടു വയ്ക്കുന്ന നിക്ഷേപാവസരങ്ങള്‍ വെളിപ്പെടുത്തുന്നത്.
ലോകത്തിലെ മൊത്തം ജനസംഖ്യയുടെ കാല്‍ ഭാഗത്തിലധികം പേര്‍ക്ക് ഇപ്പോള്‍ തന്നെ ശുദ്ധജലം കിട്ടാക്കനിയാണ്. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ശുചിത്വം പാലിക്കുന്നതിനുള്ള വെള്ളവും ലഭ്യമല്ല. ജലദൗര്‍ലഭ്യത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് ഭക്ഷ്യ ദൗര്‍ലഭ്യം. വെള്ളം കിട്ടാക്കനിയാവുമ്പോഴും ഇടക്കിടെ ആവര്‍ത്തിക്കുന്ന പ്രളയങ്ങളുടെയും, വരള്‍ച്ചയുടെയും എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. മാനവികമായ ദുരന്തത്തിനു പുറമെ ജലദൗര്‍ലഭ്യം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും വഴിതെളിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക ബാങ്കിന്റെ ഒരു കണക്കനുസരിച്ച് 2050 ഓടെ ജലദൗര്‍ലഭ്യം ചില പ്രദേശങ്ങളുടെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ 11.5 ശതമാനം വരെ ബാധിക്കുവാന്‍ ഇടയുണ്ടെന്നു കണക്കാക്കപ്പെടുന്നു.
ജലദൗര്‍ലഭ്യം സാധ്യമാക്കുന്ന നിക്ഷേപാവസരങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ജനങ്ങള്‍ ജലം ഉപയോഗിക്കുന്നതിന്റെ സാമൂഹ്യപരതയാകെ മാറ്റേണ്ടി വരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍. 'ലോകത്തിലെ ജലഭൂമിക ഘടനാപരമായി മാറേണ്ടിയിരിക്കുന്നു', എന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സുസ്ഥിര ഗവേഷണത്തിന്റെ ആഗോള മേധാവിയായ ജസീക്ക ആള്‍സ്‌ഫോര്‍ഡിന്റെ അഭിപ്രായം. ഓരോ തുള്ളി വെള്ളത്തിനും ഉചിതമായ വില ഈടാക്കുകയെന്നതാണ് ഘടനപരമായ മാറ്റത്തിന്റെ പ്രധാന ഉള്ളടക്കം. വെള്ളത്തെപ്പോലെ 'അമൂല്യമായ' ഒന്നിനെ പാഴാക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും ഇല്ലാതാക്കുന്നതിന്റെ അടിയന്തര പ്രാധാന്യത്തെപറ്റിയുള്ള വിവരണങ്ങള്‍ ഇജ്ജാതി റിപ്പോര്‍ട്ടുകളുടെ അവിഭാജ്യഘടകമായിരിക്കുന്നു. കാലാവസ്ഥ മാറ്റം, ഭക്ഷണത്തിന്റെ ഭാവി എന്നീ വിഷയങ്ങള്‍ സ്ഥിരതയോടെ വീക്ഷിക്കുന്ന വ്യക്തിയാണ് ജസീക്ക.
സുസ്ഥിരതയുമായി ബന്ധപ്പെട്ട ഏറ്റവും സങ്കീര്‍ണ്ണവും ചെലവേറിയതുമായ വിഷയമായി ജലം മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സുസ്ഥിരത ഗവേഷണ വിഭാഗത്തിന്റെ അനുമാനം. പശ്ചാത്തല സൗകര്യങ്ങളുടെയും, സാങ്കേതിക വിദ്യകളുടെയും മേഖലകളില്‍ വലിയ നിക്ഷേപം ജലം ആവശ്യപ്പെടുന്നതായി വിലയിരുത്തുകയും അവയെ അഭിമൂഖീകരിക്കുന്നതിനുള്ള 5 പരിഹാര നിര്‍ദ്ദേശങ്ങള്‍ അവര്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു. വെളളത്തിന്റെ യഥാര്‍ത്ഥ മൂല്യവും അതിന്റെ വിലയുമായി ഒരു ബന്ധവുമില്ലെന്നതാണ് ഗവേഷണ സംഘത്തിന്റെ ആദ്യ നിഗമനം. 'സപ്ലൈ-ഡിമാന്‍ഡ് ചലനാത്മകതയനുസരിച്ച് വെള്ളത്തിന് ഉചിതമായ വില കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു സ്വതന്ത്ര വിപണിയുടെ അഭാവമാണ്' അതിനുളള പ്രധാന കാരണമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ വേണ്ട നിലയില്‍ നിക്ഷേപം വരുന്നില്ല. ഡിമാന്‍ഡ്-സപ്ലൈ അനുപാതങ്ങളെക്കുറിച്ചുള്ള കമനീയമായ ചാര്‍ട്ടുകളും, ഗ്രാഫുകളും മാറ്റി നിര്‍ത്തിയാല്‍ വെളിപ്പെടുന്ന കാര്യം വളരെ ലളിതമാണ്. മൂലധനത്തിന് വേണ്ടത്ര ലാഭകരമായ തരത്തില്‍ വിപണി കേന്ദ്രീകൃത സംവിധാനമായി കുടിവെള്ള വിതരണ ശൃംഖലകളെ പരിവര്‍ത്തനപ്പെടുത്തുക. ജല ലഭ്യതക്കും, ജല സ്രോതസ്സുകള്‍ നിലനിര്‍ത്തുന്നതിനുമായി 850 ബില്യണ്‍ ഡോളറാണ് (1 ബില്യണ്‍ = 100 കോടി) വര്‍ഷത്തില്‍ ലോകമാകെ ചിലവിഴിക്കുന്നത്. അതില്‍ 300 ബില്യണ്‍ മാത്രമാണ് മൂലധനച്ചെലവ്. ആഗോള വെദ്യുതി, ഫോസ്സില്‍ ഇന്ധന മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നു കണക്കാക്കപ്പെടുന്നു. വെള്ളവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യ മേഖലയില്‍ അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 1.5 ട്രില്യണ്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ ഉരുത്തിരിയുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടിന്റെ അനുമാനം.
കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ലോകത്തിലെ ജല ഉപഭോഗത്തിന്റെ 70 ശതമാനവും. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയെ കൂടുതല്‍ കാര്യക്ഷമമായി ചെറുത്തു നില്‍ക്കുന്ന വിത്തുകള്‍, വെള്ളത്തിന്റെ ആവശ്യകത കുറവായ വിത്തിനങ്ങള്‍, ഉപയോഗത്തിന്റെ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്ന ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ജലത്തില്‍ കൂടുതല്‍ വിളവ് എന്ന തത്വം കാര്‍ഷിക വൃത്തിയുടെ മുഖ്യഘടകമായി മാറണമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ നിലവിലുള്ള ജലവിതരണ സംവിധാനത്തില്‍ 30 ശതമാനം ഇപ്പോഴും മീറ്ററില്‍ രേഖപ്പെടുത്തുന്നില്ല. ജലവിതരണ സംവിധാനം വഴി ഉപയോഗിക്കുന്ന വെള്ളം ശരിയായി മീറ്ററില്‍ രേഖപ്പെടുത്തുന്ന സംവിധാനം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വെള്ളം പാഴാക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിന് മീറ്ററിംഗ് അനിവാര്യമാണെന്നാണ് ഗവേഷക നിഗമനം.
കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനെ മറ്റൊരു പ്രധാന സാധ്യതയായി ഗവേഷകര്‍ വിലയിരുത്തുന്നു. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മേഖലയിലെ സാങ്കേതിക വിദ്യയില്‍ നൂതനമായ കണ്ടെത്തലുകള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. 2020ല്‍ ഡീസലൈനേഷന്‍ വഴി കടല്‍വെള്ളം ശുദ്ധീകരിച്ചെടുത്തത് ലോകത്തിലെ ശുദ്ധജലത്തിന്റെ ഒരു ശതമാനമായിരുന്നുവെങ്കില്‍ 2025ഓടെ അത് 9 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 150 ഓളം ഡീസലൈനേഷന്‍ പ്ലാന്റുകള്‍ ലോകമാകെ പ്രവര്‍ത്തന സജ്ജമാവുന്നതിന്റെ വിവിധ തലങ്ങളിലാണ്. നാനോ മെബ്രൈന്‍ സാങ്കേതിക വിദ്യ പോലുള്ളവയുടെ വരവ് ഡീസലൈനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും കരുതപ്പെടുന്നു.
ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ കാര്‍ഷിക മേഖലയാണെങ്കിലും വെള്ളം നിര്‍ണ്ണായകമായ എല്ലാ വ്യവസായങ്ങളും ജാഗ്രത പുലര്‍ത്തേണ്ട സമയമെത്തിയെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഫാര്‍മസ്യൂട്ടിക്കല്‍സ്, ബവറേജസ്, സെമി-കണ്ടക്ടറുകള്‍, ഡാറ്റ സെന്ററുകള്‍ തുടങ്ങിയ വൈവിധ്യങ്ങളായ വ്യവസായ മേഖലകള്‍ ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരം വ്യവസായങ്ങളിലെ നിക്ഷേപകരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടി വരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളത്തിന്റെ വില വര്‍ദ്ധിക്കുന്നത് ലാഭത്തില്‍ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ്.