TMJ
searchnav-menu
post-thumbnail

Outlook

ബാബ്റി മസ്ജിദില്‍ നിന്നും ഗ്യാന്‍ വാപിയിലേക്കുള്ള ദൂരം

21 May 2022   |   1 min Read
കെ പി സേതുനാഥ്

ബാബ്റി മസ്ജിദില്‍ നിന്നും ഗ്യാന്‍ വാപിയിലേക്കുള്ള ദൂരം അയോധ്യയില്‍ നിന്നും കാശിയിലേക്കുള്ള അകലത്തിന്റെ കണക്കില്‍ മാത്രമായി തിട്ടപ്പെടുത്താനാവില്ല. ഭൂമിശ്ശാസ്ത്രപരമായ അകലങ്ങളെ കാലഹരണപ്പെടുത്തുന്ന രാഷ്ട്രീയ മതപരതയുടെ വൈറസുകള്‍ നിറഞ്ഞ ഇടങ്ങളെന്ന നിലയില്‍ കൂടിയാവും ഇനിയുള്ള കാലം അതിനെ തിട്ടപ്പെടുത്താനാവുക. 37 വര്‍ഷക്കാലം കോടതിയുടെ പരിഗണനയിലായിരുന്ന വിഷയം - ബാബ്റി മസ്ജിദ് കേസ്സ് - നിയമവ്യവഹാരങ്ങളുടെ പരിധിയിലൊതുങ്ങാത്ത വിശ്വാസസമസ്യയും ദേശരാഷ്ട്രത്തിന്റെ ആധികാരികമായ അഭിമാന ചിഹ്നമായും അവതരിപ്പിക്കപ്പെട്ടത് 1980 ന്റെ രണ്ടാം പകുതിയിലായിരുന്നു. പ്രാദേശികമായ ഒരു വസ്തു കൈയേറ്റവും, തര്‍ക്കവും എന്നതിനപ്പുറം ഇന്ത്യയിലെ പൊതുസമൂഹത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ കിടന്നിരുന്ന ഒരു കേസ്സിനെ ദേശാഭിമാനവും വിശ്വാസവും കൂടിക്കലര്‍ന്ന രാജ്യവ്യാപകമായ ബഹുജന രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ഹിന്ദുത്വ എന്നറിയപ്പെടുന്ന രാഷ്ട്രീയ ഹൈന്ദവികത കൈവരിച്ച വിജയത്തിന്റെ ആദ്യപടി അതായിരുന്നു. 1947 നു ശേഷമുള്ള ഇന്ത്യയുടെ ദേശരാഷ്ട്ര ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി അത് മാറി. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വളര്‍ച്ച 80 കള്‍ക്കു ശേഷം ശരവേഗത്തിലായിരുന്നുവെന്നു ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുമെങ്കിലും അതിനാവശ്യമായ ചേരുവകള്‍ ദേശരാഷ്ട്രത്തിന്റെ സ്വത്വനിര്‍മിതിയുടെ ടെംപ്ലേറ്റുകളില്‍ തുടക്കം മുതല്‍ വേണ്ടുവോളമുണ്ടായിരുന്നു എന്ന കാര്യം മറക്കാവതല്ല. അതിലേക്കു വരുന്നതിന് മുമ്പ് അയോധ്യയില്‍ നിന്നും തുടങ്ങിയ പടപ്പുറപ്പാടിന്റെ ഹ്ര്വസചരിത്രം പറയേണ്ടതുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗന്ധി വെടിയേറ്റു മരിച്ചതിന്റെ പിന്നാലെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 ലധികം സീറ്റുകളുമായി കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയപ്പോള്‍ കേവലം രണ്ടു സീറ്റുകള്‍ മാത്രം നേടിയ ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) രാഷ്ട്രീയത്തിന്റെ പുറമ്പോക്കുകളിലായിരുന്നു. അടിയന്തിരാവസ്ഥയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (1977) ജനതാ പാര്‍ട്ടിയില്‍ ലയിച്ച പഴയ ജനസംഘം 1980 ഏപ്രിലില്‍ ബിജെപി-യായി പുനരവതരിച്ചു. ബിജെപി-യുടെ സ്ഥാപക പ്രസിഡണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് 1986 ല്‍ സ്ഥാനമൊഴിയുകയും എല്‍കെ അദ്വാനി ചുമതലയേല്‍ക്കുകയും ചെയ്തു. വാജ്‌പേയിയുടെ കാലത്ത് ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ലിബറല്‍ ഹിന്ദു പാര്‍ട്ടിയെന്ന പ്രതിച്ഛായയില്‍ നിന്നുള്ള തിരിഞ്ഞു നടത്തം അദ്വാനിയുടെ വരവോടെ ഔദ്യോഗിക നയമായി. അദ്ധ്യക്ഷ പദവി ഏറ്റെടുത്തശേഷം ചേര്‍ന്ന പാര്‍ട്ടി പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത അദ്വാനിയുടെ വാക്കുകള്‍ അതിന്റെ വ്യക്തമായ സൂചനയായിരുന്നു. 'കലര്‍പ്പില്ലാത്ത ദേശീയത' ബിജെപി-യുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനമെന്നു പറഞ്ഞ അദ്വാനി ഗോവധം പല സംസ്ഥാനങ്ങളിലും നടക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. ജമ്മു-കാശ്മീരില്‍ 45 അമ്പലങ്ങള്‍ നശിപ്പിച്ചുവെന്ന് അതേ യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും വസ്തുതപരമായി അത് ശരിയായിരുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം എന്ന ആശയം വളരെ ശക്തമായി ഉന്നയിച്ചതായിരുന്നു മറ്റൊരു പ്രധാന കാര്യം. ദേശീയത, ഹിന്ദു പീഢനം, ന്യൂനപക്ഷ പ്രീണനം എന്നവയെ കോര്‍ത്തിണക്കുന്ന ബഹുജനരാഷ്ട്രീയം കരുപ്പിടിപ്പിക്കുന്നതിനുളള പ്രത്യയശാസ്ത്ര നിര്‍മിതിയുടെ രൂപരേഖയായിരുന്നു അദ്വാനിയുടെ അന്നത്തെ പ്രസംഗം.

Photo: Facebook

ബിജെപി-യുടെ ഈ പ്രത്യയശാസ്ത്ര നിര്‍മിതിയും, ആഖ്യാനങ്ങളും ഒറ്റപ്പെട്ട അപഭ്രംശമായി കരുതാനാവില്ല. കോണ്‍ഗ്രസ്സിലും ഇതേ പ്രവണതകള്‍ മറയില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിദേശീയതയും, ഭൂരിപക്ഷ പ്രീണനവും പ്രകടമായ നിലയില്‍ ആവിഷ്‌ക്കരിക്കുന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ 1984 ലെ തെരഞ്ഞെടുപ്പ് പ്രചാരണം. 400 ലധികം സീറ്റുകളുമായി കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതിനെ ശ്രീമതി ഗാന്ധിയുടെ കൊലപാതകം സൃഷ്ടിച്ച സഹതാപ തരംഗത്തിന്റെ കണക്കില്‍ മാത്രമായി രേഖപ്പെടുത്താനാവില്ലെന്ന് രാഷ്ട്രീയ പ്രവണതകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവര്‍ വിലയിരുത്തുന്നു. അധികാരത്തിലെത്തിയ ശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ചില തീരുമാനങ്ങളും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഉപാസകരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. മലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഗംഗാ നദിയെ ശുദ്ധീകരിക്കുന്നതിനുള്ള ഗംഗ ആക്ഷന്‍ പ്ലാനിന്റെ ഉദ്ഘാടനം മുതല്‍ രാമായണ-മഹാഭാരത സീരിയലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതുവരെയുള്ള നടപടികള്‍ ഉദാഹരണം. സാംസ്‌ക്കാരിക ദേശീയതയുടെ പുതിയ ചിഹ്നവിജ്ഞാനീയങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമവുന്നതിനുള്ള ഭൗതിക പശ്ചാത്തലമൊരുക്കുന്നതില്‍ മറ്റു ചില ഘടകങ്ങളും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. 1947 നു ശേഷം രൂപമെടുത്ത ദേശരാഷ്ട്രത്തിന്റെ ചട്ടക്കൂടിനെ അടിസ്ഥാനതലത്തില്‍ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതാണ് അതില്‍ ഒരു ഘടകം. 1980 കളില്‍ നടന്ന ആസ്സാമിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദം എന്നിവ അതിന്റെ ഏറ്റവും രൂക്ഷമായ ആവിഷ്‌ക്കാരങ്ങളായിരുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും, കാശ്മീരിലും ദശകങ്ങളായി തുടരുന്ന കലാപങ്ങള്‍ക്ക് പുറമെയായിരുന്നു ആസ്സാം, പഞ്ചാബ് പ്രക്ഷോഭണങ്ങള്‍. പുതിയ സംസ്ഥാന രൂപീകരണങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍, ദളിത് ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍, കര്‍ഷക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയും ദേശരാഷ്ട്രത്തിന്റെ പ്രതിനിധാനമായ ഭരണകൂടത്തിന് നേരെ ഉയര്‍ന്ന മൗലികമായ ചോദ്യങ്ങളായിരുന്നു. കണ്‍ട്രോള്‍-പെര്‍മിറ്റ് രാജ് സംവിധാനത്തില്‍ വേണ്ടത്ര മൂലധനസമാഹരണം നടത്തിയ പരമ്പരാഗതവും അല്ലാത്തതും ചേര്‍ന്ന സമ്പന്നവര്‍ഗ്ഗവും അവരുടെ ചുറ്റിലും രൂപപ്പെട്ട മധ്യവര്‍ഗ്ഗവും തങ്ങളുടെ വളര്‍ച്ചയുടെ അടുത്ത പടവുകളെ കൂടുതല്‍ അനായാസമാക്കുന്നതിന് ഉപയുക്തമായ തരത്തില്‍ ഭരണകൂടവുമായിയുള്ള ബന്ധം പുനര്‍നിര്‍വചിക്കുന്നതിനുളള തയ്യാറെടുപ്പിലായിരുന്നു. നവാഗതരായ പുതിയ സമ്പന്ന മധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയുടെ കൗമാരമായിരുന്നു അടിയന്തരാവസ്ഥയെന്ന അരവിന്ദ് രാജഗോപാലിന്റെ വിലയിരുത്തല്‍ ഇന്ത്യയില്‍ വേരൂന്നുന്ന ഏകാധിപത്യ പ്രവണതകളുടെ ദിശ മനസ്സിലാക്കുവാന്‍ സഹായകമാണ്. പ്രത്യക്ഷത്തില്‍ പരസ്പരബന്ധമില്ലെന്നു തോന്നിപ്പിക്കുന്ന ഈ സംഭവവികാസങ്ങളെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. 1947 നു ശേഷം രൂപമെടുത്ത ദേശരാഷ്ട്രത്തിന്റെയും ഭരണകൂട സംവിധാനത്തിന്റെയും പൊതുജനങ്ങള്‍ക്കുള്ള വിശ്വാസത്യയില്‍ (ലെജിറ്റിമസിയില്‍) കടുത്ത മങ്ങലേറ്റുവെന്ന കാര്യം. ഭരണ നീതികരണത്തിനായി പുതിയ തേരുവകള്‍ വേണ്ടി വരുമെന്ന തോന്നല്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയിലും ഇതേ കാലയളവില്‍ ശക്തമായി. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമായും രണ്ടു സമീപനങ്ങള്‍ സ്വീകരിച്ചു.

മര്‍ദ്ദകയന്ത്രമെന്ന ഭരണകൂടത്തിന്റെ സ്വഭാവത്തെ പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു ഒരു സമീപനം. ദേശരക്ഷയും, ദേശദ്രോഹവും രാഷ്ട്രീയ വ്യവഹാരത്തിലെ മുഖ്യ വിഷയങ്ങളായി അവതരിപ്പിക്കുന്നതായിരുന്നു മറ്റൊരു സമീപനം. ഭരണഘടനാപരമായ പൗരസ്വാതന്ത്ര്യങ്ങളുടെ നിഷേധം, കേന്ദ്ര -സംസ്ഥാന ബന്ധങ്ങളിലെ വിള്ളലുകള്‍, ഫെഡറല്‍ തത്വങ്ങളുടെ ലംഘനങ്ങള്‍, ദളിതരുടെയും, ന്യൂനപക്ഷങ്ങളുടെയും നേരെയുള്ള സംഘടിതമായ അക്രമങ്ങള്‍, കൂട്ടക്കൊലകള്‍, സംഘടിത-അസംഘടിത തൊഴിലാളികളുടെ അവകാശ നിഷേധങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ത്യയിലെ 'ന്യൂ നോര്‍മലിന്റെ' പ്രത്യക്ഷത്തിലുള്ള തെളിവുകളായി. ഈയൊരു പൊതുപശ്ചാത്തലത്തിലാണ് ഷാബാനു കേസ്സിലെ സുപ്രീം കോടതി വിധിയും ബിജെപി-യുടെ അമരക്കാരനായി അദ്വാനിയുടെ വരവും സംഭവിക്കുന്നത്.

1985 ഏപ്രിലില്‍ ആയിരുന്നു ഷബാനു കേസ്സിലെ വിധി. തലാഖ് ചൊല്ലിയ സ്ത്രീയുടെ ജീവിതച്ചെലവിനുള്ള ധനസഹായം ഭര്‍ത്താവ് നല്‍കണമെന്ന വിധി മുസ്ലീം വ്യക്തി നിയമത്തിന്മേലുള്ള കടന്നുകയറ്റമെന്നായിരുന്നു വിധിക്കെതിരായ വിമര്‍ശനം. വിവിധ തലങ്ങളിലുള്ള മുസ്ലീം പൗരോഹിത്യവും, രാഷ്ട്രീയ സംഘടനകളും, സാമൂഹ്യ-മത സംഘടനകളും വിധിക്കെതിരെ രംഗത്തു വന്നതോടെ കോടതി വിധിയെ അസ്ഥിരപ്പെടുത്തുന്ന നിയമനിര്‍മ്മാണം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തി. കോടതി വിധിയും, സര്‍ക്കാരിന്റെ നിയമനിര്‍മ്മാണവും കത്തി നില്‍ക്കുന്ന സമയത്താണ് 37 വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നതിനായി തുറക്കാമെന്ന ഫൈസാബാദ് ജില്ല കോടതി 1986 ഫെബ്രുവരിയില്‍ ഉത്തരവിടുന്നത്. ഷാബാനു കേസ്സിലെ വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തിയതിനെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പ്രേരണയിലാണ് ജില്ലാ കോടതി ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരക്കെ കരുതപ്പെട്ടിരുന്നു.

രാഷ്ട്രീയ ആക്രമണം കടുത്തതോടെ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കി. ബാബ്റി മസ്ജിദ് സമുച്ചയത്തിനുള്ളിലെ തര്‍ക്കപ്രദേശം ഒഴിവാക്കി രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തിയ ശേഷമാണ് രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണാവസരങ്ങളായിരുന്നു രണ്ടു സംഭവങ്ങളും. ഷബാനു കേസ്സിനെ ബിജെപി ഉപയോഗപ്പെടുത്തിയ രീതി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കോടതി വിധി അസ്ഥിരപ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി മുസ്ലീം പ്രീണനത്തിന്റെ ലക്ഷണയുക്തമായ ഉദാഹരണമായി സ്വാഭാവികമായും അവര്‍ ഉയര്‍ത്തിക്കാട്ടി. അതേ സമയം തലാഖ് ചൊല്ലിക്കഴിഞ്ഞാല്‍ എല്ലാ ബന്ധവും അവസാനിച്ചുവെന്നും അതിനാല്‍ തലാഖ് ചൊല്ലപ്പെട്ട ഭാര്യയുടെ ജീവതച്ചെലവ് ഭര്‍ത്താവായിരുന്ന പുരുഷന്‍ വഹിക്കേണ്ടതില്ലെന്നത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന മുസ്ലീം പൗരോഹിത്യത്തിന്റെ നിലപാടിനെ ബാബ്റി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്കത്തിലേക്ക് പറിച്ചു നടുകയായിരുന്നു ബിജെപിയുടെ മറ്റൊരു പ്രധാന നീക്കം. തലാഖ് ചൊല്ലപ്പെട്ടവരുടെ ജീവിതച്ചെലവ് വഹിക്കേണ്ടതില്ലെന്ന മുസ്ലീം മതവിശ്വാസം പോലെയാണ് അയോധ്യയിലെ ബാബ്റി മസ്ജിദ് സമുച്ചയത്തിനുള്ളിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന ഹിന്ദുക്കളുടെ വിശ്വാസം എന്നായിരുന്നു ബിജെപിയുടെ വാദം. കോടതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവാത്ത ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണ മെന്നും അവര്‍ ശഠിച്ചു. 'ജന്മസ്ഥലം മോചിപ്പിക്കാനുള്ള' വിശ്വഹിന്ദു പരിഷത്തിന്റെ പ്രക്ഷോഭത്തിന് പരസ്യമായ പിന്തുണ ബിജെപി-യുടെ പ്രധാന പ്രവര്‍ത്തനമായി. 1987 ഏപ്രിലില്‍ ബോഫോഴ്‌സ് ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്നും താമസിയാതെ കോണ്‍ഗ്രസ്സില്‍ നിന്നും വിപി സിംഗ് രാജി വച്ചതും ഭരണകക്ഷിയിലെ/വര്‍ഗ്ഗങ്ങളുടെ വിവിധ അധികാര ബ്ലോക്കുകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ലക്ഷണമായിരുന്നു. രാജീവ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന സിംഗിന്റെ കാര്‍മികത്വത്തില്‍ അന്നത്തെ വ്യവസായ പ്രമുഖകര്‍ക്കെതിരെ നികുതി വെട്ടിപ്പടക്കമുളള സംശയകരമായ ധന ഇടപാടുകളുടെ പേരില്‍ നടത്തിയ റെയിഡുകളുണ്ടാക്കിയ വിവാദം കത്തി നില്‍ക്കുന്ന വേളയില്‍ അദ്ദേഹത്തെ ധനമന്ത്രിയുടെ ചുമതലയില്‍ നിന്നും 1987 ഫെബ്രുവരിയില്‍ ഒഴിവാക്കിയിരുന്നു. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സിംഗ് പ്രതിരോധ മന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതോടെ കോണ്‍ഗ്രസ്സും, രാജീവ് ഗാന്ധിയും രാഷ്ട്രീയമായി പ്രതിരോധത്തിലായി. ബോഫോഴ്‌സിന്റെ ചുവടുപിടിച്ച് ഇടക്കിടെ പുറത്തുവന്ന ഉന്നതങ്ങളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഭരണകൂടത്തിന്റെ അവശേഷിക്കുന്ന വിശ്വാസ്യതയെ കൂടി ഹനിക്കുന്നതായിരുന്നു.

1984 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തന്ത്രപരമായി ഉപയോഗപ്പെടുത്തിയ അതിദേശീയതയും, ഭൂരിപക്ഷ പ്രീണനവും കൂടുതല്‍ വ്യക്തതയോടെ ആവിഷ്‌ക്കരിക്കുന്നതിനുള്ള അവസരമായി രാഷ്ട്രീയ ഹിന്ദുത്വം ഈ സാഹചര്യം ഉപയോഗപ്പെടുത്തി. ഗാന്ധി കുടുബത്തിന്റെ ഔദാര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന കൊടിയ അഴിമതിക്കാരും, ദുര്‍ബലരുമായ നേതാക്കളുടെ കൂടാരം മാത്രമാണ് കോണ്‍ഗ്രസ്സെന്ന വീക്ഷണം വ്യാപകമായതോടെ രാഷ്ട്രീയ ഹിന്ദുത്വം കൂടുതല്‍ ആക്രമണോത്സുകമായ നിലയില്‍ തങ്ങളുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. രാഷ്ട്രീയ ആക്രമണം കടുത്തതോടെ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കി. ബാബ്റി മസ്ജിദ് സമുച്ചയത്തിനുള്ളിലെ തര്‍ക്കപ്രദേശം ഒഴിവാക്കി രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തിയ ശേഷമാണ് രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ശിലാസ്ഥാപനം നടത്തിയതോടെ ഭൂരിപക്ഷ പ്രീണനത്തില്‍ രാഷ്ട്രീയ ഹിന്ദുത്വത്തെ വെട്ടിച്ച് (ഔട്ട്ഫ്‌ളാങ്ക്) മുന്നേറാമെന്ന ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെ തന്ത്രജ്ഞരുടെയും മോഹം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെറും വ്യാമോഹം മാത്രമായി. 1984 ല്‍ രണ്ടു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി 84 സീറ്റില്‍ വിജയം നേടിയതോടെ രാഷ്ട്രീയ ഹിന്ദുത്വം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മുഖ്യഘടകമായി. ബിജെപി-യും, ഇടതു പാര്‍ട്ടികകളും വലത്തും ഇടത്തും ഭാഗങ്ങളില്‍ നിന്നും പിന്തുണ നല്‍കിയ വിപി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാര്‍ കഷ്ടി ഒരു കൊല്ലത്തിനുള്ളില്‍ നിലംപതിച്ചു. സംഘപരിവാരത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ടീയ ഹിന്ദുത്വത്തിന്റെ ആക്രമണോത്സുകമായ പദ്ധതികള്‍ക്ക് തടയിടുന്നതിനായി പിന്നോക്ക സമുദയാങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം നല്‍കണമെന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള സിംഗ് മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ ശക്തമാക്കി. 1990 ആഗസ്റ്റില്‍ ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷന്‍ അദ്വാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള രഥയാത്ര പ്രഖ്യാപിച്ചു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണ്ണ പ്രതിഷേധം ആളിക്കത്തുന്ന വേളയിലെ രഥയാത്രയുടെ പ്രഖ്യാപനം രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടി.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവസരവാദവും, വിഡ്ഡിത്തവും പ്രകടിപ്പിച്ചത് ഈയൊരു ഘട്ടത്തിലായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പം നില്‍ക്കുന്നതിന് പകരം രാഷ്ട്രീയ ഹിന്ദുത്വയുടെ വളര്‍ച്ചക്ക് വേഗം പകരുന്നതിന് സഹായകമായ നിലയില്‍ ദേശീയ മുന്നണി സര്‍ക്കാരിനെ മറിച്ചിടുന്നതില്‍ കോണ്‍ഗ്രസ്സ് മുഴുകി. 1979 ല്‍ മൊറാര്‍ജി ദേശായിയെ പുറത്താക്കുവാന്‍ ഇന്ദിരാ ഗാന്ധി ചരണ്‍സിംഗിന് ഒത്താശ ചെയ്തതു പോലെ വിപി സിംഗിനെ പുറത്താക്കാന്‍ ചന്ദ്രശേഖറിന് ഒത്താശ ചെയ്യുകയായിരുന്നു രാജീവ് ഗാന്ധി. ചരണ്‍സിംഗ് മന്ത്രിസഭക്കുളള പിന്തുണ കോണ്‍ഗ്രസ്സ് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ശ്രീമതി ഗാന്ധി വന്‍വിജയം കൈവരിച്ചതിന്റെ ആവര്‍ത്തനം ഒരു പക്ഷെ രാജീവ് ഗാന്ധി സ്വപ്‌നം കണ്ടിരിക്കാം. ശ്രീപെരുംപുത്തൂരിലെ സംഭവം രാജീവ് ഗാന്ധിയുടെ ജീവനെടുത്തതോടെ അതെല്ലാം അവസാനിച്ചു.

1992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനെ പരോക്ഷമായ നിലയിലെങ്കിലും സഹായിക്കുന്ന സമീപനം നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതോടെ രാഷ്ട്രീയ ഹിന്ദുത്വം തെരഞ്ഞെടുപ്പുകളില്‍ പ്രബല ശക്തിയായി മാറി. മസ്ജിദ് തകര്‍ത്തതിന്റെ ഒരു ദശകം പൂര്‍ത്തിയാവുന്ന 2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വിരുദ്ധ കലാപം രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി. ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആള്‍ക്കൂട്ട ഹിംസയും, ഏകപക്ഷീയവും, പക്ഷപാതപരവുമായ നടപടികളും ഭരണ നിര്‍വഹണത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നതിന്റെ രേഖാചിത്രമായി ഗുജറാത്തിലെ സര്‍ക്കാര്‍. ഭരണഘടനാപരവും, ധാര്‍മ്മികവുമായ അതിന്റെ വീഴ്ച്ചകളില്‍ ഖേദിക്കുന്നതിനും, പരിഹാരങ്ങള്‍ തേടുന്നതിനും പകരം അതാണ് അനുകരണീയമായ മാതൃകയെന്നു സ്ഥാപിക്കുന്നതിന്റെ കേളികൊട്ടുകളാണ് 2002 നു ശേഷമുള്ള ഒരു ദശകത്തിലെ പ്രധാന സംഭവവികാസം. തെരഞ്ഞെടുക്കപ്പെട്ട ആള്‍ക്കൂട്ട ഹിംസയുടെ പിന്‍ബലത്തില്‍ രാഷ്ട്രീയ ഹിന്ദുത്വയെ ബഹുജനപ്രസ്ഥാനമായി വളര്‍ത്തുന്നതില്‍ സംഘപരിവാരം കൈവരിച്ച നേട്ടം ഉച്ചസ്ഥായിലെത്തിയതിന്റെ ഫലമായിരുന്നു നരേന്ദ്ര മോഡിയുടെ ആവിര്‍ഭാവം. മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ നിയന്ത്രണം 2014 മുതല്‍ കൈപ്പിടിയില്‍ ഒതുങ്ങിയതോടെ രാഷ്ട്രീയ ഹിന്ദുത്വം ഭരണകൂടത്തിന്റെ ഔദ്യോഗിക മുദ്രയാക്കുന്നതിനുള്ള ബോധപൂര്‍വമായ നയങ്ങളും, പദ്ധതികളും നിരന്തരം ആവിഷ്‌ക്കരിക്കപ്പെടുന്നു. ഭരണകൂട നിഷ്പക്ഷത പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി പുനര്‍നിര്‍വചിക്കപ്പെടുന്ന അവസ്ഥയാണ്.

Photo: PTI

1990 കളില്‍ ഉയര്‍ന്ന 'കാശി-മഥുര ബാക്കി ഹെ' എന്ന പ്രയോഗം മാറിയ സാഹചര്യത്തില്‍ പുതിയ പടയൊരുക്കങ്ങളുടെ കാഹളമായി മാറുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ബനാറസിലെ ഗ്യാന്‍ വാപി പള്ളിയുടെ അകത്തളങ്ങളും പരിസരങ്ങളും സര്‍വേ ചെയ്യുന്ന നടപടി അതിന്റെ തുടക്കമാണ്. ബാബ്രി മസ്ജിദ് കെട്ടിടത്തിന്റെ ഉള്ളിലാണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന വിശ്വാസം നിയമ വ്യവഹാരങ്ങളുടെ പരിധിയിലൊതുങ്ങുന്നതല്ലെന്ന ആഖ്യാനങ്ങളാണ് അയോദ്ധ്യയില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചതെങ്കില്‍ അതിന്റെ വിപരീത ദിശയിലാണ് 'ജ്ഞാനത്തിന്റെ കിണറിലേക്കുള്ള' (ഗ്യാന്‍ വാപി) കടന്നുകയറ്റം. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ നടന്ന സര്‍വേയില്‍ പള്ളി സമുച്ചയത്തില്‍ നിന്നും ശിവലിംഗം കണ്ടുകിട്ടിയെന്ന വാദത്തെ ഏതു നിലയിലാണ് ഖണ്ഡിക്കാനാവുകയെന്ന് പറയാനാവില്ല. ചരിത്ര പഠനം, പുരാവസ്തു ഗവേഷണം, വാസ്തു ശില്‍പ്പ പാരമ്പര്യം, ശൈലികള്‍ എന്നിവയുടെ പഠനം, നിശ്ചിത ചരിത്രകാലഘട്ടത്തിലെ വാമൊഴികളും, വരമൊഴികളും വെളിപ്പെടുത്തുന്ന വസ്തുതകളെ കുറിച്ചുള്ള പഠനം എന്നിവയെല്ലാം സവിശേഷമായ വിജ്ഞാന ശാഖകളാണ്. സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അവയുടെ രീതിശാസ്ത്രം പരിപോഷിപ്പിക്കുന്നു. വിജ്ഞാനത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ മേല്‍പ്പറഞ്ഞ വിഷയങ്ങളിലും നിരന്തരമായ പുതിയ പഠനങ്ങളും, കണ്ടെത്തലുകളും നടക്കുന്നു. പുതിയ പഠനങ്ങളുടെയും, കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ അറിവുകളും, ധാരണകളും നവീകരിക്കപ്പെടുന്നു. അവയൊന്നും അംഗീകരിക്കാതെ മുന്‍വിധികളും, ഏകപക്ഷീയതകളും വിജ്ഞാനത്തിന്റെ ഉത്തമ മാതൃകളായി കൊണ്ടാടപ്പെടുന്നത് സംഘപരിവാരത്തിന്റെ മാത്രമല്ല ലോകമാകെയുള്ള വലതുപക്ഷ ഫാസിസ്റ്റുകളുടെ സവിശേഷതയാണ്. അമര്‍ ചിത്രകഥയും, രാമായണ-മഹാഭാരത സീരിയലുകളും ചരിത്രവും ഒന്നാണെന്ന ബോധത്തെ ഊട്ടിയുറപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളുടെ കാലഘട്ടത്തില്‍ സംഘപരിവാരത്തിന്റെ ചരിത്ര നിര്‍മിതികള്‍ ഇതുവരെയില്ലാത്ത തരത്തില്‍ വ്യാപിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. ലോകമാകെ വലതുപക്ഷ ഫാസിസ്റ്റു ശക്തികളുടെ സുപ്രധാന ആയുധങ്ങളിലൊന്നായി ഫേക്ക് വാര്‍ത്തകള്‍ ഇടംപിടിച്ചത് യാദൃച്ഛികമല്ലെന്നു വ്യക്തം.

ബനാറസിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പഠനങ്ങളിലൊന്നായ മാധുരി ദേശായിയുടെ "Banaras Reconstructed: Architecture and Sacred Space in a Hindu Holy City" ഒരാവര്‍ത്തി വായിച്ചാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും, ഗ്യാന്‍ വാപിയുടെയും പേരില്‍ നടക്കുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാകും. രണ്ടായിരം വര്‍ഷങ്ങളുടെ തുടര്‍ച്ച അവകാശപ്പെടുന്ന നഗരമെന്ന ഖ്യാതി ഉണ്ടെങ്കിലും ബനാറസില്‍ (കാശി, വാരണാസി എന്നും അറിയപ്പെടുന്നു) ഗംഗയുടെ നദീമുഖത്ത് കാണാനാവുന്ന പ്രമുഖ കെട്ടിടങ്ങളെല്ലാം 1600 മാണ്ടിനു ശേഷം നിര്‍മ്മിക്കപ്പെട്ടവയാണെന്ന് ശ്രീമതി ദേശായി വെളിപ്പെടുത്തുന്നു. അതായത് 17ാം നൂറ്റണ്ടിന് ശേഷമുള്ള നിര്‍മ്മിതികളാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന കെട്ടിടങ്ങളും, മറ്റുള്ള എടുപ്പുകളും. 'കാശി പുരാതന സ്ഥലമായിരിക്കാം, പക്ഷെ, ബനാറസ് പുനര്‍നിര്‍മ്മിക്കപ്പെട്ട ഒരു നഗരമാണ്', അവര്‍ എഴുതുന്നു. പുനര്‍നിര്‍മ്മിക്കപ്പെട്ടത് നഗരത്തിലെ കെട്ടിടങ്ങളും, തീര്‍ത്ഥാടന വഴികളും മാത്രമല്ല. വിശ്വാസങ്ങളും, ആരാധനകളും, തീര്‍ത്ഥാടനങ്ങളും, ഇതിഹാസങ്ങളുമെല്ലാം നൂറ്റാണ്ടുകളായി പുനര്‍നിര്‍മ്മിതികള്‍ക്കും, പുനര്‍വിചിന്തനങ്ങള്‍ക്കും, കൂട്ടിച്ചേര്‍ക്കലുകള്‍ക്കുമെല്ലാം വിധേയമായ, സജീവമായ ജീവിതത്തിന്റെ ബാക്കിയാണ് നമ്മള്‍ കാണുന്ന ബനാറസ്. ഗംഗയില്‍ അടിഞ്ഞു കൂടിയ മാലിന്യം പോലെ രോഗഗ്രസ്തമായ സാമൂഹ്യ-രാഷ്ട്രീയ സംവിധാനം പുറത്തേക്കു വിടുന്ന മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്ന മറ്റൊരു നഗരമായി ബനാറസ് മാറുന്നതിന്റെ തെളിവാണ് ഗ്യാന്‍ വാപി പള്ളിക്കു നേരെയുള്ള കടന്നുകയറ്റങ്ങള്‍. 1991 ലെ ആരാധനാലയ നിയമം ശരിയായ അര്‍ത്ഥത്തില്‍ പിന്തുടരുന്ന പക്ഷം ഗ്യാന്‍ വാപിയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള കേസ്സിന്റെ പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. അതു പോലും വേണ്ട നിലയില്‍ ഉന്നയിക്കപ്പെടുന്നില്ല. അയോദ്ധ്യ വിവാദങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ പാസ്സാക്കിയ പ്രസ്തുത നിയമത്തിന്റെ ഏക ലക്ഷ്യം മറ്റ് അയോദ്ധ്യകള്‍ ഉണ്ടാവുന്നതിനെ തടയുകയായിരുന്നു. 1947 ആഗസ്റ്റ് 15 ന് ഒരു ആരാധനാലയം എന്തായിരുന്നോ അതില്‍ മാറ്റങ്ങളൊന്നുമില്ലാതെ അതുപോലെ അതിനെ നിലനിര്‍ത്തുകയായിരുന്നു അതിനായി കണ്ടെത്തിയ വഴി. അതായത് 1947 ആഗസ്റ്റ് 15 ന് നിലനിന്ന ഒരു അമ്പലത്തെ പള്ളിയാക്കി മാറ്റുന്നതും അല്ലെങ്കില്‍ പള്ളിയെ അമ്പലമാക്കി മാറ്റുന്നതും നിയമവിരുദ്ധമാക്കി. 1991 ലെ ഈ നിയമത്തെ അയോദ്ധ്യ കേസ്സിന്റെ കാര്യത്തിലൊഴികെ സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഇത്രയൊക്കെയായിട്ടും ഗ്യാന്‍ വാപി കേസ്സ് വാരണാസി ജില്ലാ കോടതിയിലെ പരിചയസമ്പന്നനും, പക്വമതിയുമായ ജഡ്ജി പരിഗണിക്കണമെന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി വെള്ളിയാഴ്ച്ച കൈക്കൊണ്ട തീരുമാനം. 'പഴയ നല്ല കാര്യങ്ങളില്‍ നിന്നല്ല പുതിയ ചീത്ത കാര്യങ്ങളില്‍ നിന്നാണ് സംസാരിച്ചു തുടങ്ങേണ്ടതെന്ന' കവി വചനത്തെ ഓര്‍മ്മിപ്പിക്കുന്നു കോടതിയുടെ തീരുമാനം.

Leave a comment