TMJ
searchnav-menu
post-thumbnail

Outlook

തൃക്കാക്കരയിലെ സഭാ ഓപ്പറേഷൻ

06 May 2022   |   1 min Read
ബിനീഷ് പണിക്കര്‍

ക്രൈസ്തവനാമധാരിയും സഭാസ്ഥാപനത്തിലെ ജീവനക്കാരനുമായ ഡോക്ടര്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരത്തിനിറങ്ങുമ്പോള്‍? കേരളത്തിലെ സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ചരിത്രം അറിയുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര ആശ്ചര്യകരമായ കാര്യമൊന്നുമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ 'ഭരണമികവിന്റേയും വികസനേച്ഛയുടേയും' മേനി കുറച്ചുകൂടി പറഞ്ഞുനടക്കാന്‍ ആവുമെന്നതിനപ്പുറം സിപിഐഎമ്മിന് ജീവന്മരണപ്പോരാട്ടമൊന്നുമാണെന്നു പറയാന്‍ ആവില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും കാര്യങ്ങള്‍ അങ്ങനെയല്ല. മണ്ഡലം പോയാല്‍ പാര്‍ട്ടിയിലും മുന്നണിയിലും അടി കനക്കും. നിയമസഭയിലെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാകും. ഉപതെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള നാടകീയത നിറഞ്ഞ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തനാളുകളിലൊന്നും ഇടതുപക്ഷത്ത് ഉണ്ടായിട്ടുണ്ടാകില്ല. ഡിവൈഎഫ്‌ഐ നേതാവായ കെ.എസ്. അരുണ്‍കുമാറിനായി ചുവരെഴുത്തുകള്‍ വരെ പ്രത്യക്ഷപ്പെട്ടതിനുശേഷം പഴിയെല്ലാം മാധ്യമങ്ങള്‍ക്കുമെലെ വച്ച് മറ്റൊരാളെ പ്രഖ്യാപിക്കേണ്ടിവരുന്നത് അത്ര സാധാരണമൊന്നുമല്ല. തെറ്റായ മാധ്യമവാര്‍ത്തകണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുതിയെന്നൊക്കെ വിശദീകരിക്കാന്‍ പരിണിത പ്രജ്ഞരായ നേതാക്കള്‍ ആവുന്നത്ര ശ്രമിച്ചുവെങ്കിലും കാര്യങ്ങള്‍ വ്യക്തം. അവിടെ ശക്തമായ ഭിന്നസ്വരങ്ങള്‍ ഉണ്ടായിരുന്നു. ഡോ. ജോ ജോസഫെന്ന പേരിലേക്ക് എത്തിച്ചവര്‍ക്കാകട്ടെ വളരെ വലിയ ഉത്തരവാദിത്തമാണ് ശിരസ്സില്‍ വന്നുപെട്ടിരിക്കുന്നതും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച സിറ്റിംഗ് എംഎല്‍എ പി.ടി തോമസിന്റെ സഹധര്‍മ്മിണിയെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷവും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഇടതുപക്ഷത്ത് നീളുകയായിരുന്നു. സ്ഥാനാര്‍ഥിയായി രംഗത്ത് അവതരിയ്ക്കപ്പെട്ടിട്ടുള്ള ഡോ. ജോ ജോസഫ് എന്ന ഹൃദ്രോഗ വിദഗ്ദ്ധന്‍ തന്നെ പത്രസമ്മേളനത്തില്‍ അറിയിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് ഇത്തരമൊരു വാഗ്ദാനം തന്റെ മുന്നിലെത്തിയതെന്നാണ്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടനും പറയുന്നത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഒരു മണിക്കാണ് തന്റെ മുന്നില്‍ അനുമതി തേടി ഡോക്ടര്‍ എത്തിയതെന്നാണ്. അപ്പോള്‍ അവസാന സമയം ഓടിപ്പിടിച്ച് കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയേണ്ടതില്ല. എന്തായാലും കത്തോലിക്ക സ്ഥാപനത്തിലെ ഡോക്ടറായ ക്രൈസ്തവന്‍ അതും പാലായുടെ പ്രാന്തങ്ങളില്‍ നിന്നുള്ളയാളെ, കണ്ടെത്തി, സ്ഥാപന ഡയറക്ടറായ പുരോഹിതനെ ഒപ്പമിരുത്തി, അതേ ആശുപത്രി സമുച്ചയത്തില്‍ പത്രസമ്മേളനം നടത്തി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ സിപിഐഎമ്മിനായി എന്നത് ചെറിയ കാര്യമല്ല. ഒട്ടേറെ കാര്യങ്ങള്‍ അത് പറയാതെ പറയുന്നുമുണ്ട്. അതിന്റെ കണക്കും നാള്‍വഴികളും വരും നാളുകളില്‍ വെളിവാക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ മത്സരിപ്പിച്ച എല്ലു രോഗ വിദഗ്ദധനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ഈ ഹൃദയരോഗ വിദഗ്ദ്ധനെന്നു പറയുന്നവരും കുറവല്ല. എല്ലല്ലോ, ഹൃദയം.

തൃക്കാക്കര പിടിച്ചാല്‍ പിണറായി സര്‍ക്കാരിന് സഭയിലെ പിന്തുണ നൂറിലെത്തിയ്ക്കാം. കെ. റെയില്‍ വികസന രാഷ്ട്രീയത്തിന് പിന്തുണ ഏറുന്നുവെന്ന് പ്രചരിപ്പിയ്ക്കുകയും ചെയ്യാം. കോണ്‍ഗ്രസിന്റെ ഹൃദയത്തില്‍ ഒരു ആണികൂടിയും അടിച്ചെന്നു ആശ്വസിയ്ക്കാനുമാകും.

തൃക്കാക്കര പിടിച്ചാല്‍ പിണറായി സര്‍ക്കാരിന് സഭയിലെ പിന്തുണ നൂറിലെത്തിയ്ക്കാം. കെ. റെയില്‍ വികസന രാഷ്ട്രീയത്തിന് പിന്തുണ ഏറുന്നുവെന്ന് പ്രചരിപ്പിയ്ക്കുകയും ചെയ്യാം. കോണ്‍ഗ്രസിന്റെ ഹൃദയത്തില്‍ ഒരു ആണികൂടിയും അടിച്ചെന്നു ആശ്വസിയ്ക്കാനുമാകും. പരാജയപ്പെട്ടാലും അത്രയ്ക്കങ്ങ് വിഷമിയ്‌ക്കേണ്ട കാര്യമൊന്നുമില്ല ഇടതുപക്ഷത്തിന്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ്, സഹതാപ തരംഗം …കാരണങ്ങള്‍ പലതുണ്ടാകുമല്ലോ അപ്പോള്‍. സീറോ മലബാര്‍ സഭയുടെ ആസ്ഥാനം ഇരിക്കുന്ന തൃക്കാക്കരയില്‍ തങ്ങളാഗ്രഹിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സഭയ്ക്കു താല്പര്യമുണ്ടാകുക സ്വാഭാവികം. ക്രൈസ്തവ നാമധാരിയും സഭാ സ്ഥാപനത്തിലെ ജീവനക്കാരനും ആണെങ്കിലും സിപിഐഎം സ്ഥാനാര്‍ത്ഥി തങ്ങളുടെ ആളാണെന്നു പറയാന്‍ സഭയുമായി അടുത്തുനില്‍ക്കുന്ന പലരും തയാറാകുന്നില്ല. ഇതെഴുതുന്ന സമയത്തു തന്നെ സഭയ്ക്കത്ത് സ്ഥാനാര്‍ത്ഥി വിവാദം കൊണ്ടുപിടിയ്ക്കുകയാണ്. മൗണ്ട് സെന്റ് തോമസിന്റെ ആശിസ്സുള്ള സ്ഥാനാര്‍ത്ഥിയോട് തങ്ങളുടെ നിലപാട് മറ്റൊന്നാണെന്ന് വിമത പക്ഷമായി നിലനില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപത സൂചന നല്‍കുന്നു. അത്തരം ചിന്ത പങ്കുവെയ്ക്കുന്നവരില്‍ അല്മായര്‍ മാത്രമല്ല പുരോഹിതരുമുണ്ട്. സീറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്ന് എല്ലാവരും അറിയുന്നതാണല്ലോ?

കുറച്ചേറെ നാളുകളായി തങ്ങള്‍ പറയുന്നതൊന്നും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടവണ്ണം പരിഗണിയ്ക്കുന്നില്ലെന്ന ആക്ഷേപം സീറോ മലബാര്‍ സഭയ്ക്കുള്ളിലുണ്ട്. മറ്റു രാഷ്ട്രീയ കാരണങ്ങള്‍ക്കൊപ്പം ഈ വിമര്‍ശവും ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനെ ഇടതു പാളയത്തിലേക്ക് എത്തിയ്ക്കുന്നതിന് വഴിവെച്ചുവെന്നത് സമകാലീക രാഷ്ട്രീയ ചരിത്രം. തൃക്കാക്കരയില്‍ ബെന്നി ബഹനാനന്‍ മത്സരിച്ച കാലം മുതല്‍ അവിടെ സഭയ്ക്ക് താലപര്യമുള്ള ചില ആളുകളെ മത്സരിപ്പിക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും നടത്തിയെടുക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. അത്തരം നീക്കങ്ങള്‍ പരാജയപ്പെട്ടതു മാത്രമല്ല, പല പ്രധാന സ്ഥാനങ്ങളില്‍ ആളുകളെ അവരോധിയ്ക്കുമ്പോള്‍ പഴയതുപോലെ തങ്ങളുടെ നോമിനികള്‍ക്ക് ഇടം ലഭിക്കാതെ പോയതും സഭയെ ചൊടുപ്പിച്ചിരുന്നു. എന്നാല്‍ ഒന്ന് മറു കണ്ടം ചാടി പരീക്ഷിയ്ക്കാമെന്ന് കരുതിയത് അതുകൊണ്ടാണ്.

അങ്ങനെയാണ് യുഡിഎഫില്‍ മുടന്തി നിന്ന ജോസ് കെ മാണിയെ ഇപ്പുറത്ത് എത്തിച്ചത്. അതിനുള്ള തട്ടൊരുക്കം വളരെ മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. സിപിഐഎമ്മിലെ ഉന്നതരും സഭയിലെ പരമോന്നതും ഒക്കെ മാധ്യമങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ പലവട്ടം കൂടിക്കാഴ്ചകളും നടത്തിയിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് ആഘോഷമായി ഇടതുകൂടാരത്തില്‍ എത്തിയെങ്കിലും സഭ ഭൂമി വിവാദത്തില്‍പെട്ടതും പരമാധ്യക്ഷന്‍ തന്നെ ആരോപണ വിധേയനായതോടെ ഇടതുചേരിയിലും സഭയ്ക്ക് ആഗ്രഹിച്ച പരിഗണന കിട്ടാതെ പോയി. കേസും പുക്കാറുമായി നടക്കുന്നവര്‍ക്ക് ഒന്നും കൊടുത്തില്ലെങ്കിലും അധികാരമുള്ളവരെ വെറുപ്പിയ്ക്കുന്ന നടപടിക്ക് നില്‍ക്കില്ലെന്ന തിരിച്ചറിവും ഇക്കാര്യത്തില്‍ സിപിഐഎം കേന്ദ്രങ്ങള്‍ക്കുണ്ടായിട്ടുണ്ടാകണം. തന്നെയുമല്ല, ഒരേ സമയം കേന്ദ്രത്തിലെ ബിജെപിയുമായി ചാര്‍ച്ച കൂടാനുള്ള സഭയിലെ ചിലരുടെ നീക്കത്തോട് സിപിഐഎമ്മിന് വിപ്രതിപത്തിയുമുണ്ടായി. ഭൂമി വിവാദത്തില്‍ പെട്ടുഴലുന്ന പരമോന്നതനെ രക്ഷിച്ചെടുക്കാന്‍ എല്ലാ വാതിലും മുട്ടിനടക്കുന്ന സഭയ്ക്കാവട്ടെ ആരേയും പിണക്കാനും കഴിയുമായിരുന്നില്ല. അതിനിടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും പെരുമ്പാവൂരിലും ഒക്കെ കേരള കോണ്‍ഗ്രസിനെ പാലം വലിച്ച് സിപിഐഎം തോല്‍പ്പിയ്ക്കുകയായിരുന്നുവെന്ന വിമര്‍ശനം ക്രെെസ്തവ കേന്ദ്രങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നുതാനും. കുറഞ്ഞ വോട്ടുകള്‍ക്കായിരുന്നു അവിടത്തെ പരാജയം.

യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരോടൊപ്പം പത്ര സമ്മേളനത്തിൽ. photo: facebook

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് വിട്ടൊഴിയേണ്ടിവന്നപ്പോള്‍ പിന്നീടുണ്ടാകുന്ന ഒഴിവില്‍ തങ്ങളുടെ താല്പര്യം പരിഗണിയ്ക്കപ്പെടും എന്ന പ്രതീക്ഷ കേരള കോണ്‍ഗ്രസിനും ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ആദ്യം ഉപതെരഞ്ഞെടുപ്പിന് വഴിതുറന്ന തൃക്കാക്കരയെ ലക്ഷ്യമാക്കി ചില നീക്കങ്ങള്‍ നടക്കുകയും ചെയ്തു. തങ്ങള്‍ക്കു കൂടി സ്വീകാര്യരായവരാകും അവിടെ മത്സരിക്കുകയെന്ന ആത്മവിശ്വാസം അത്തരത്തിലാണ് ഉണ്ടായതും. അത് മുന്‍നിര്‍ത്തിയുള്ള ആശയവിനിമയങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് നേതൃത്വവും ഇടതുകേന്ദ്രങ്ങളുമായി ഉണ്ടായതായും പറയുന്നു. പ്രഫ. കൊച്ചുറാണി ജോസഫിന്റെ പേര് ഇടതു സ്ഥാനാര്‍ഥിയായി ഉയര്‍ന്നത് അങ്ങനെയായിരുന്നു. സീറോ മലബാര്‍ സഭയുടെ 12 വക്താക്കളില്‍ ഒരാളാണ് കൊച്ചുറാണി ജോസഫ്. എന്നാല്‍ അവസാനഘട്ടത്തില്‍ ആ പേര് തള്ളപ്പെടുകയും കെ.എസ്. അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പരക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനായി പ്രത്യക്ഷമായ ചുവരെഴുത്തുകള്‍ എഴുതപ്പെട്ട വേഗത്തില്‍ തന്നെ മായ്ക്കപ്പെട്ടു. ആ എഴുത്തും മായ്ക്കലും സിപിഐഎമ്മിന്റെ വരും കാല കണക്കെടുപ്പില്‍ വിഷയമാകുമെന്ന കാര്യത്തില്‍ രണ്ടു പക്ഷം ഉണ്ടാവേണ്ടതില്ല. മാധ്യമങ്ങള്‍ പറയുമ്പോള്‍ ചുവരെഴുതുന്നവരല്ല സിപിഐഎം അണികളെന്ന് ആര്‍ക്കാണ് അറിയാത്തത്?

പൊതു സ്വീകാര്യന്‍ എന്ന് സിപിഐഎം പറയുമ്പോള്‍ അതുവഴി അര്‍ത്ഥമാക്കുന്നതാരെ എന്നത് ഹൃദയപക്ഷക്കാരന്‍ ആദ്യം മാധ്യമങ്ങളെ കണ്ടപ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇരിയ്ക്കുന്നവരെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും. പാര്‍ട്ടി തള്ളുന്നുണ്ടെങ്കിലും ഇവിടെയാണ് വീണ്ടും സഭയുടെ റോള്‍.

ഒട്ടൊക്കെ രഹസ്യാത്മകമായും അത്യന്തം നാടകീയമായിട്ടുമാണ് ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. രാഷ്ട്രീയ മത്സരം കാഴ്ചവെയ്ക്കാന്‍ ശേഷിയുള്ള തനിപാര്‍ട്ടിക്കാരനെ തന്നെ രംഗത്തിറക്കണമെന്ന് ചിന്തിച്ചവരാണ് അരുണ്‍ കുമാറിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിയ്ക്കാന്‍ ശ്രമിച്ചത്. ഈ നീക്കം നടത്തിയവര്‍ക്ക് അവസാനഘട്ടത്തില്‍ പിന്നോക്കം പോകേണ്ടിവന്നു. അതേസമയം, പൊതു സ്വീകാര്യന്‍ വേണമെന്ന് ചിന്തിച്ച പ്രബലര്‍ തങ്ങളുടെ വാദം നേടിയെടുത്തു. പൊതു സ്വീകാര്യന്‍ എന്ന് സിപിഐഎം പറയുമ്പോള്‍ അതുവഴി അര്‍ത്ഥമാക്കുന്നതാരെ എന്നത് ഹൃദയപക്ഷക്കാരന്‍ ആദ്യം മാധ്യമങ്ങളെ കണ്ടപ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇരിയ്ക്കുന്നവരെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും. പാര്‍ട്ടി തള്ളുന്നുണ്ടെങ്കിലും ഇവിടെയാണ് വീണ്ടും സഭയുടെ റോള്‍.

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിനെ ജയിപ്പിച്ച് എടുക്കേണ്ടത് സിപിഐഎമ്മിനെപ്പോലെ സഭയിലെ പ്രബലവിഭാഗത്തിനും ആവശ്യമാണ്. ജോ ജോസഫിനെ പരാജയപ്പെടുത്തേണ്ടത് കോണ്‍ഗ്രസിനൊപ്പം സഭയ്ക്കകത്തെ മറ്റൊരു വിഭാഗത്തിനും അനിവാര്യമാണ്. സഭയ്ക്കകത്തെ ഭിന്നസ്വരങ്ങള്‍ വെള്ളിയാഴ്ചയായതോടെ കൂടുതല്‍ കൂടുതല്‍ പുറത്തുവരുന്നുണ്ട്. സഭാ സ്ഥാപനമായ ആശുപത്രിയില്‍ ഡയറക്ടറായ പുരോഹിതന്‍ സിപിഐഎം നേതാക്കള്‍ക്കൊപ്പം പത്രക്കാരെ കണ്ടത് സഭയ്ക്കത്ത് വലിയ വിവാദമായി പടരുന്നുണ്ട്.

സഭ ആഗ്രഹിച്ച കൊച്ചുറാണി ജോസഫിനെ മത്സരിപ്പിച്ചില്ലെങ്കിലും ജോ ജോസഫിനെ രംഗത്തിറക്കിയിട്ടുള്ളത് സഭയിലെ പ്രബലരുടെ കൂടി താല്പര്യം കണക്കിലെടുത്താകണം. ജോ ജോസഫിന്റെ വിജയം അതുകൊണ്ടു തന്നെ സിപിഐഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ മാത്രം ആവശ്യമല്ല. പക്ഷെ അതിനാവശ്യമായ വോട്ടര്‍മാര്‍ ഒന്നിച്ചുനിന്നാല്‍ തന്നെ സീറോ മലബാര്‍ സഭയ്ക്കു മണ്ഡലത്തിലുണ്ടെന്ന് അവര്‍ പോലും പറയില്ല. അപ്പോഴാണ് ഭിന്നിച്ച് നില്ക്കുന്ന സഭ. അതുകൊണ്ട് വിജയിക്കണമെങ്കില്‍ സിപിഐഎമ്മിന് മറ്റ് സമവാക്യങ്ങള്‍ കൂടി രൂപീകരിക്കേണ്ടിവരിക തന്നെ ചെയ്യും. മറ്റു പ്രബല സമുദായങ്ങളും ഘടകങ്ങളും മണ്ഡലത്തിലുണ്ട്. ഇതടക്കമുള്ള ഘടകങ്ങളെ തങ്ങളുടെ ചേരിയിലേക്ക് എത്തിയ്ക്കുന്നതിനുള്ള പ്രാചരണവും നിര്‍മിതികളും ശക്തമാക്കുന്നതിനാവും ഇനിയുള്ള ദിവസങ്ങളില്‍ സിപിഐഎം ശ്രമിക്കുക. അത്തരം നിര്‍മ്മിതികള്‍ നടത്താന്‍ സിപിഐഎമ്മും ഇടതുപക്ഷവും ഏറെ അനുഭവസമ്പന്നരുമാകുന്നു. സംസ്ഥാനത്തെ തുടര്‍ഭരണം അവര്‍ക്കു നല്‍കുന്ന കരുത്തും ചില്ലറയല്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃക്കാക്കരയുടെ പേരില്‍ സിപിഐഎമ്മിനേയും ഇടതുപക്ഷത്തേയും പിന്‍തുടരുന്ന വിവാദങ്ങളില്‍ നിന്നും അവര്‍ക്കു അടിയന്തരമായി പുറത്തു കടക്കേണ്ടതുണ്ട്. നേരത്തെ രംഗത്തെത്തിയ ഉമ തോമസിനും ഇപ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി നിലയുറപ്പിയ്ക്കുന്ന ഡോ. ജോ ജോസഫിനും ഒപ്പം എത്താനിരിയ്ക്കുന്ന ബിജെപി എന്‍ഡിഎ, ട്വന്റി ട്വന്റി ആ ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പ്രതീക്ഷിക്കപ്പെടുന്ന കോണ്‍ഗ്രസ് വിമതനും ഒക്കെ ചേര്‍ന്ന് കളം നിറയുമ്പോഴേ നമുക്ക് കണക്കുകളിലേക്കു കടന്നുകൊണ്ടുള്ള കൂടുതല്‍ പരിശോധനകള്‍ സാധ്യമാകൂ. അതുവരെ ഇത്തരം പിന്‍വര്‍ത്തമാനങ്ങളും അരമന നീക്കങ്ങളുമാകും കൂടുതല്‍ ചര്‍ച്ചയാകുക.

Leave a comment