TMJ
searchnav-menu
post-thumbnail

Outlook

നോട്ട് നിരോധനം,വിജയകരമായ കോര്‍പ്പറേറ്റ് പദ്ധതി

12 Nov 2021   |   1 min Read
Dr K Gopakumar

നോട്ടുനിരോധനത്തെ, 'മണ്ടനായ ഭരണാധികാരിയുടെ ഭ്രാന്തമായ തീരുമാനം' എന്ന് ലളിതവൽക്കരിച്ചു പരിഹസിക്കാനാണ് അഞ്ചാം വാർഷികത്തിലും നമ്മൾ തയ്യാറാവുന്നത്. കടുത്ത അരാഷ്ട്രീയ മോദിവിരുദ്ധരെ മാത്രമല്ല, നോട്ടുനിരോധന ഗുണഭോക്താക്കളെയും സുഖിപ്പിക്കാൻ ഈ ലളിതവൽകൃത സമവാക്യത്തിന് കഴിയുന്നുണ്ട് എന്നതാണ് ഇതിലെ വിരോധാഭാസം. മന്ദബുദ്ധിയായ ഒരു ഭരണാധികാരിയുടെ ഭ്രമാത്മക സ്വപ്നങ്ങളിൽ പൊടുന്നനെ ഉരുത്തിരിഞ്ഞ ഒരാശയമാണ് നോട്ടു നിരോധനമെന്ന വ്യാഖ്യാനം അതിന്റെ യഥാർഥ ലക്ഷ്യങ്ങളെയും വ്യത്യസ്ഥ മാനങ്ങളെയും മൂടിവെക്കാനേ സഹായകരമാവുകയുള്ളൂ. നോട്ടുനിരോധനത്തെ മറ്റ് സാമ്പത്തിക രാഷ്ട്രീയ നടപടികളിൽനിന്ന് വേർപെടുത്തി ഒറ്റപ്പെട്ട പ്രതിഭാസമായി വിലയിരുത്തുന്നതിൽ പറ്റിയ പാളിച്ചയാണ് 'മണ്ടന്റെ അതിസാഹസിക' തിയറി. എന്നാൽ ഒരു ദശാബ്ദത്തിലധികമായി, ഇന്ത്യയിൽ നടപ്പിലാക്കിവന്ന തീവ്ര ഉദാരവൽക്കരണ നയങ്ങളുമായി ചേർത്തുവായിച്ചാൽ ഇതിന്റെ ഉള്ളുകള്ളികൾ കൃത്യമായും മനസ്സിലാക്കാനാവും. ഘടനാപരമായ സൂക്ഷ്മതയോടെ ഇന്ത്യയിലെ സവർണ്ണ കോർപ്പറേറ്റ് മുതലാളിത്തം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പിടിച്ചുപറിയുടെ, പ്രാകൃത മൂലധന സമാഹരണത്തിന്റെ, ആട്ടിപ്പായിക്കലിന്റെ പദ്ധതികളിലൊന്നായിരുന്നു നോട്ടുനിരോധനം.

2016 നവംബർ 8 അർദ്ധരാത്രി നിലവിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 86 ശതമാനത്തെ ഒരു ദേശീയ പ്രക്ഷേപണത്തിൽക്കൂടി പ്രധാനമന്ത്രി റദ്ദുചെയ്യുമ്പോൾ അതിന് പറഞ്ഞ എല്ലാ ന്യായങ്ങളും പച്ചക്കള്ളവും അടിസ്ഥാനരഹിതവുമായിരുന്നുവെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഒളിപ്പിച്ചുവെച്ച എല്ലാ കള്ളപ്പണവും പുറത്തുകൊണ്ടുവരിക എന്നതായിരുന്നു ഒന്നാമത്തെ ന്യായം. കള്ളപ്പണമെന്നാൽ വ്യവസ്ഥാപിതമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും നികുതി നൽകാത്തതുമായ പണം എന്നേ അർത്ഥമുള്ളു. അത് തലയിണക്കവറിൽ കുത്തിനിറച്ച് അതിനുമുകളിൽ തലവെച്ചുറങ്ങുകയല്ല കള്ളപ്പണക്കാർ ചെയ്യുന്നത്. വെള്ളപ്പണത്തോടൊപ്പം അത് സമ്പദ് വ്യവസ്ഥിതിയിൽ വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുകയാണ്. നിരോധിക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ഔദ്യോഗിക രേഖകൾ വെളിപ്പെടുത്തിയത്. നോട്ടു നിരോധിച്ചാൽ കള്ളപ്പണവും വെള്ളപ്പണവും വേർതിരിയില്ല എന്ന സാമാന്യ സാമ്പത്തിക യുക്തിയെയാണ് ഇത് തെളിയിച്ചത്. കള്ളപ്പണവേട്ട നനഞ്ഞ പടക്കമായിരുന്നെന്ന് നാട്ടുകാർക്ക് മനസ്സിലായപ്പോൾ കറൻസിരഹിത സമ്പദ് വ്യവസ്ഥ എന്ന പുതിയൊരു ന്യായം മോദി മുന്നോട്ടുവെക്കുകയുണ്ടായി. എന്നാൽ ബഹുഭൂരിപക്ഷവും ദരിദ്രരും പ്രാകൃതമായ സാങ്കേതിക വിദ്യ മാത്രം ലഭ്യവുമായ ഇന്ത്യൻ സാമൂഹ്യ, സമ്പദ് വ്യവസ്ഥയിൽ ഡിജിറ്റൽ വ്യവഹാരങ്ങളുടെ സാധ്യതകൾ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുമെന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതിയായിരുന്നു. നോട്ടുനിരോധനം കറൻസി ചംക്രമണത്തിൽ യാതൊരു കുറവും വരുത്തിയില്ലെന്ന് മാത്രമല്ല അത് വർദ്ധിക്കുകയാണുണ്ടായത്. 2016 നവംബറിൽ ഇന്ത്യയിൽ ചംക്രമണത്തിലുണ്ടായിരുന്ന കറൻസിയുടെ ആകെ മൂല്യം 17.97 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ നോട്ടുനിരോധനത്തിന്റെ അഞ്ചാം വാർഷികമാകുമ്പോൾ അത് അറുപത്തിയഞ്ച് ശതമാനം വർദ്ധിച്ച് 28.3 ലക്ഷം കോടി രൂപയായി. അതോടൊപ്പം നഗരവാസികളായ മദ്ധ്യ, ഉപരി വർഗ്ഗ ഉപഭോക്താക്കളുടെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2016ൽ ഇന്ത്യയിൽ നടന്ന മൊത്തം ഡിജിറ്റൽ പണമിടപാടുകൾ 70,466 ആയിരുന്നെങ്കിൽ അത് 2020 ആകുമ്പോഴേക്കും 3,40,000 ആയി വർദ്ധിക്കുകയുണ്ടായി. നോട്ടുനിരോധനത്തിൽക്കൂടി വ്യാപകമായി കള്ളനോട്ടുകൾ പിടിക്കാമെന്ന വാദവും പാളിപ്പോയി. നോട്ടുനിരോധനത്തിനു ശേഷം കള്ളനോട്ടുകളുടെ വ്യാപനത്തിൽ ഒരു കുറവും ഉണ്ടായില്ല. നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ റിപ്പോർട്ട് പ്രകാരം 2016ൽ 15.92 കോടി രൂപയുടെ കള്ളനോട്ടുകളാണ് ഇന്ത്യയിൽ പിടിച്ചതെങ്കിൽ നോട്ടുനിരോധനത്തിന്റെ നാലാം വർഷത്തിൽ 92.17 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിക്കപ്പെട്ടത്. ഇതിൽ ഏറിയ പങ്കും രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു! കള്ളപ്പണവും കള്ളനോട്ടും ഭീകരമായ തോതിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കാത്ത ഒരു സമയത്താണ് ഈ കാരണങ്ങൾ പറഞ്ഞ് നോട്ടുനിരോധനം ഏർപ്പെടുത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്.

Photo : TMJ

2008ൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തികമാന്ദ്യം കാൽനൂറ്റാണ്ടോളം കൊട്ടിഘോഷിക്കപ്പെട്ട ആഗോളവത്കരണമെന്ന പ്രതിഭാസത്തിന്റെകൂടി തകർച്ചയ്‌ക്കാണ്‌ കാരണമായത്. ലോകവിപണിയിലുണ്ടായ സങ്കോചം ആഭ്യന്തര ഉത്പ്പാദന, സേവന മേഖലകളിൽ കൂടുതൽ മൂലധന നിക്ഷേപത്തിന് ഇന്ത്യൻ കോർപ്പറേറ്റുകളെ പ്രേരിപ്പിക്കുകയുണ്ടായി. എന്നാൽ അവരുടെ മൂലധന താൽപ്പര്യങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് നാല് പ്രധാന തടസ്സങ്ങളുണ്ടായിരുന്നു. ഭൂമി അടക്കമുള്ള പശ്ചാത്തല സൗകര്യ ക്ഷാമം, വത്യസ്തങ്ങളായ ചുങ്ക വ്യവസ്ഥ, തൊഴിലാളി കേന്ദ്രീകൃതമായ നിയമങ്ങൾ, ചെറുകിട, ഇടത്തരം ഉത്പാദന കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖല എന്നിവയായിരുന്നു അത്. ഇതോടൊപ്പം നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി രൂപംകൊണ്ട ഡിജിറ്റൽ മുതലാളിത്തത്തിന് വികസിക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും വേണമായിരുന്നു. ഈ തടസ്സങ്ങൾ ഇല്ലായ്മ ചെയ്യണമെന്ന ആവശ്യം ഉദാര മുതലാളിത്തത്തിന്റെ പ്രാരംഭം മുതലേ ഉണ്ടായിരുന്നുവെങ്കിലും തീവ്രനടപടികളിലേക്ക് ഇന്ത്യൻ ഭരണകൂടം പോവുകയുണ്ടായില്ല. എന്നാൽ 2009ലെ രണ്ടാം യുപിഎ സർക്കാരിന്റെ കാലം മുതൽ തീവ്രനടപടികളിലേക്ക് ഭരണകൂടം ചുവട് മാറുന്നതായിക്കാണാം.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പാസ്സാക്കിയതോടെ പശ്ചാത്തല സൗകര്യ വികസനം, വ്യവസായ ഇടനാഴികൾ, പ്രതിരോധം, മുതലായവയ്ക്ക് വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലാതായി. പാർലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അലയടിച്ചിട്ടും കേന്ദ്ര സർക്കാർ പിന്നോട്ടുപോയില്ല എന്നത് ശ്രദ്ധേയമാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ നടത്തേണ്ട സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ, പ്രതിഫലം നിശ്ചയിക്കൽ എന്നീ വകുപ്പുകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിൽക്കാലത്ത് വലിയതോതിൽ വെള്ളം ചേർത്തതോടെ വികസനത്തിന്റെ പേരിൽ കുറഞ്ഞ ചിലവിൽ ഭൂമി തട്ടിയെടുക്കാൻ ബുദ്ധിമുട്ടില്ലാതായി. 2017ൽ GST നടപ്പിലാക്കിയതോടെ ഒറ്റ വിപണി, ഒരു ചുങ്കവ്യവസ്ഥ എന്നിവ നേടിയെടുക്കുന്നതോടൊപ്പം സംസ്ഥാനസർക്കാരുകളുടെ നികുതി അധികാരത്തെ ഒറ്റയടിക്ക് അട്ടിമറിക്കാനും ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് സാധിക്കുകയുണ്ടായി. 29 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് 4 തൊഴിൽ കോഡുകൾ പകരം വെച്ചപ്പോൾ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെയും, കൂട്ടായ വിലപേശലിനേയും, പണിമുടക്കടക്കമുള്ള സമര മാർഗ്ഗങ്ങളെയും അപ്രസക്തമാക്കാനും മൂലധനത്തിന്റെ അധീശത്വത്തെ ഉയർത്തിപ്പിടിക്കാനും അവർക്ക് സാധിച്ചു.

മറ്റൊരു പ്രധാന തടസ്സമായിരുന്നത് ഉത്പാദന, സേവന മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വ്യാപകമായ സാന്നിധ്യമായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മുപ്പത് ശതമാനവും കയറ്റുമതിയുടെ നാല്പത്തിയെട്ട് ശതമാനവും സംഭാവന ചെയ്തിരുന്നത് ഇവയായിരുന്നു. വൻകിട കോർപ്പറേറ്റുകൾ വലിയതോതിൽ മൂലധനം നിക്ഷേപിക്കാൻ തയ്യാറെടുത്ത ഭക്ഷ്യ സംസ്കരണം, ചില്ലറവ്യാപാരം തുടങ്ങിയ മേഖലകളെ നിയന്ത്രിച്ചിരുന്ന ഇത്തരം സംരംഭങ്ങളെ ഒഴിവാക്കിക്കൊണ്ടല്ലാതെ അവർക്ക് മുന്നേറാനാവില്ലായിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഈ സംരംഭങ്ങളെ ഒറ്റയടിക്ക് ഇല്ലായ്‌മ ചെയ്യാൻ ഭരണകൂടത്തിനാവില്ലായിരുന്നു. നയപരമായ നടപടികളിൽക്കൂടി ഇവയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ആ സമയം വൻകിട സ്ഥാപനങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന രീതിയാണ് ഇവിടെ സർക്കാർ അവലംബിച്ചത്. നോട്ടുനിരോധനവും ജിഎസ്‌ടിയും മൂലം ചെറുകിട ഇടത്തരം സംരംഭങ്ങൾ ഈ മേഖലകളിൽ നിന്ന് വലിയതോതിൽ ഒഴിവാക്കപ്പെടുകയുണ്ടായി. അതോടൊപ്പം ഈ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം നൂറുശതമാനമായി ഉയർത്തിക്കൊടുക്കുകയുമുണ്ടായി. 2014ൽ 2 വൻകിട ഫുഡ് പാർക്കുകൾ മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ 2021 ആയപ്പോൾ 41 ഭീമൻ ഫുഡ് പാർക്കുകൾക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഈ മേഖല പൂർണ്ണമായും കോർപ്പറേറ്റുവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 2025 ആകുമ്പോൾ ഈ മേഖലയിലെ നിക്ഷേപം 50000 കോടി അമേരിക്കൻ ഡോളറിന്റേതായിരിക്കും. ഇതിനു സമാനമായ കുതിച്ചുചാട്ടമുണ്ടായത് ചില്ലറ വ്യാപാര മേഖലയിലാണ്. 2014നും 2020 നുമിടയിൽ ഏകദേശം 10220 കോടി വൻകിട നിക്ഷേപമാണ് ഈ മേഖലയിൽ ഉണ്ടായത്. 2020ൽ മാത്രം 3040 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടായി. മൾട്ടി ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 51 ശതമാനവും സിംഗിൾ ബ്രാൻഡ് വ്യാപാരത്തിൽ 100 ശതമാനവും വിദേശ നിക്ഷേപം അനുവദിച്ചപ്പോൾ 2020-21 ൽ ഈ മേഖലയിലേക്ക് വന്നത് 347 കോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപമാണ്. അതോടൊപ്പം 620 കോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപം വെഞ്ച്വർ കാപിറ്റൽ ഫണ്ടായും സ്വകാര്യ ഈക്വിറ്റിയായും വരികയുണ്ടായി. 2016നു ശേഷം ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ ഏറ്റവും വലിയ നിക്ഷേപം വന്നത് വൻകിട മാളുകളുടെ രൂപത്തിലാണ്. ആദിത്യ ബിർള, റിലയൻസ്, തുടങ്ങിയ കുത്തക കോർപ്പറേറ്റുകൾ വലിയ തോതിലാണ് ഇവിടെ മൂലധനം ഇറക്കിയത്. ഇതുകൂടാതെ ഒട്ടനവധി മേഖലകളിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തിക്കാനാകാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ റിസർവ്വ് ബാങ്കിന്റെ പഠനം 'സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് രണ്ടു വലിയ ആഘാതങ്ങൾ ഏൽക്കുകയുണ്ടായി; ചരക്കു സേവന നികുതിയും നോട്ടുനിരോധനവും' എന്ന് പറയുകയുണ്ടായി. പണം കൈമാറ്റം ചെയ്തുകൊണ്ട് ബിസിനസ്സ് നടത്തുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം ഉത്പാദന മേഖലകളിൽ നോട്ടു നിരോധനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ പറ്റി ഒട്ടനവധി പഠനങ്ങൾ പിന്നീട് വരികയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ കാര്യം ചെറുകിട, ഇടത്തരം സംരംഭങ്ങൾ വ്യാപകമായി നിഷ്ക്കാസനം ചെയ്യപ്പെട്ട മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തിയത് റിലയൻസ് എന്ന പുത്തൻകൂറ്റ് കുത്തകയാണ്. ഈ കോർപ്പറേറ്റ് ഭീമന് ഇന്ത്യൻ ഭരണകൂടത്തിലുള്ള പിടിപാട് സുവ്യക്തവുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുകേഷ് അംബാനിയും / Wiki Commons

നിലവിലുള്ള കൈത്തൊഴിലുകാരടക്കമുള്ള ചെറുകിട, ഇടത്തരം ഉത്പാദകരെ പാപ്പരാക്കിയും, അവരുടെ സമ്പത്ത് കവർന്നും അവരെ ആട്ടിയോടിച്ചുമാണ് മുതലാളിത്തം ഓരോ ഘട്ടത്തിലും വളർന്നു വികസിച്ചത്. അതിനാവശ്യമായ ഒത്താശകൾ ഭരണകൂടം പ്രത്യക്ഷമായും പരോക്ഷമായും ചെയ്തുകൊടുക്കാറുമുണ്ട്. ഇന്ത്യയിൽ നടപ്പാക്കിയ നോട്ടുനിരോധനം അത്തരമൊരു പാപ്പരീകരണത്തിന്റെയും ആട്ടിപ്പായിക്കലിന്റെയും ഉത്തമ ഉദാഹരണമാണ്. തിരഞ്ഞെടുക്കപ്പെട്ട ചില കോർപ്പറേറ്റ് ഭീമന്മാരാണ് അതിന്റെ യഥാർഥ ഗുണഭോക്താക്കൾ എന്നതും ശ്രദ്ധേയമാണ്. ആഗോള ധനമൂലധനവുമായി ഗാഢ സൗഹാർദ്ദം പുലർത്തുന്ന, ഉദാര മുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ ഇന്ത്യൻ ഭരണകൂടവും അതിന്റെ വിശേഷാൽ പണിയായുധമായ നീതി ആയോഗും അറിയാതെ, ഉണ്ടിരുന്ന മോദിക്കുണ്ടായ ഉൾവിളിയാണ് നോട്ടുനിരോധനമെന്നു വിശ്വസിക്കണമെങ്കിൽ അസാധാരണമായ ധൈര്യം ആവശ്യമാണ്!

Leave a comment