ഭൂകമ്പത്തെ പ്രതിരോധിക്കുന്ന ഹിമാലയൻ തനിമ
PHOTO: GARIMA RAGHUVANSHY
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായിരുന്ന ഭൂകമ്പങ്ങളിലൊന്നായിരുന്നു 1905 ഏപ്രിൽ നാലാം തീയതി ഹിമാചൽ പ്രദേശിലെ കൻഗ്ര താഴ്വരയിലുണ്ടായ ഭൂകമ്പം. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏകദേശം 20,000 പേർ കൊല്ലപ്പെട്ടു. അക്കാലത്തെ ആധുനിക മാതൃകയിൽ പണിത കെട്ടിടങ്ങൾ ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നു വീണപ്പോഴും പരമ്പരാഗത കാഠ് കുനി മാതൃകയിൽ നിർമ്മിച്ച വീടുകൾ തീവ്രതയേറിയ ഭൂകമ്പത്തെ അതിജീവിച്ചു. ഹിമാലയ സാനുക്കളിലെ തദ്ദേശീയ ജനത പിന്തുടർന്ന പരമ്പരാഗത കെട്ടിട നിർമാണത്തിന്റെ മിനിമലിസ്റ്റ് വാസ്തുശില്പ ശൈലി ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായ ദുർനയങ്ങളുടെ ഫലമായി അന്ത്യം വന്നുവെങ്കിലും അതിന്റെ ശേഷിപ്പുകൾ കണ്ടെത്തുന്നതിനും സ്വാംശീകരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ പല രീതിയിൽ ഉണ്ടായിട്ടുണ്ട്. കൊളോണിയൽ അധിനിവേശം കാഠ് കുനി മാതൃകയുടെ അന്തകനായെങ്കിലും ഹിമാചലിലെ കെട്ടിട നിർമ്മാണത്തിന്റെ വാസ്തുശില്പം പ്രചോദനമായതിനെപ്പറ്റി ആഗോള തലത്തിൽ ഖ്യാതി നേടിയ വാസ്തുശിൽപിയായ ലാറി ബേക്കർ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാഠ് കുനി മാതൃകയുടെ സവിഷേതകളെ പറ്റി അടുത്തിടെ ബി.ബി.സി. പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പ്.
എന്താണ് കാഠ് കുനി മാതൃക?
സംസ്‌കൃത പദങ്ങളായ കാഠ് കുനിയെന്ന വാക്കിന്റെ അർത്ഥം 'മരമൂല' എന്നാണ്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മരത്തടികളാണ് ഇതിന്റെ ഓരോ മൂലകൾക്കും ഉറപ്പേകുന്നത്. ഈ പാളികൾക്കിടയിലുള്ള വിടവുകൾ കല്ലും മണ്ണും വൈക്കോൽതുറു കൊണ്ടും നിറയ്ക്കും. ഇത്തരത്തിൽ സങ്കീർണ്ണമായ ഇന്റർ ലോക്കിംങ് സംവിധാനം കാഠ് കുനി ഘടനകളെ വഴക്കമുള്ളതാക്കി തീർക്കുന്നു. ഭൂകമ്പത്തിൽ വീടുകൾ ആടിയുലയുമെങ്കിലും മരത്തടികൾ തമ്മിൽ ചലിച്ചുകൊണ്ട് നിലംപതിക്കാതെ പിടിച്ചുനിർത്തുന്നുവെന്നതാണ് ഈ ഘടനയുടെ പ്രത്യേകത. കൂടാതെ മരത്തടിയുടെയും കല്ലിന്റെയും തുല്യ അളവിലുള്ള സംയോജനം ശൈത്യകാലത്ത് ചൂട് നിലനിർത്തുന്നതിനും വേനൽക്കാലത്ത് തണുപ്പ് നല്കുന്നതിനും സഹായിക്കുന്നു. ഒപ്പം ഈ പ്രദേശത്തെ കാർഷിക ശൈലിയുമായി പൊരുത്തപ്പെടുന്ന മാതൃകയായിരുന്നു. പല തട്ടുകളായുള്ള ഈ വീടിന്റെ താഴത്തെ ഭാഗം കന്നുകാലികളെ പാർപ്പിക്കുന്നതിനും മുകളിലത്തെ തട്ടുകളിൽ ആളുകൾക്ക് താമസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏറ്റവും പ്രധാനമായി തടിയുടെ ഉപയോഗം മലിനീകരണം തടയുന്നതിനും അനേകവർഷങ്ങൾ കേടു കൂടാതെ നിലനിൽക്കുന്നതിനും സാധിക്കുമെന്നതാണ്. കൂടാതെ പൊളിച്ചുനീക്കിയാലും മാലിന്യങ്ങളായി വരുന്ന തടിയും വൈക്കോലുമെല്ലാം പ്രകൃതിയിലേയ്ക്ക് തന്നെ ലയിച്ചു ചേരുന്നവയാണ്. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള നിർമ്മാണമായിരുന്നു കാഠ് കുനി മാതൃക.
പ്രകൃതി ദുരന്തത്തിന് ശേഷം പ്രദേശം പരിശോധിച്ച ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ അമ്പരപ്പെടുത്തിയതും പരമ്പരാഗതമായി പ്രദേശവാസികൾ നിർമ്മിച്ചുവന്നിരുന്ന കാഠ് കുനി മാതൃകയിലെ വീടുകളുടെ ഘടനകളായിരുന്നു. പ്രകൃതി വിഭവങ്ങളായ തടിയും മണ്ണും കല്ലും ഉപയോഗിച്ചതാണ് ഭൂകമ്പത്തിനെ ചെറുക്കാൻ ഈ വീടുകൾക്കായത്. ഹിമാചലിലെ കുളു, മണാലി, ഷിംല, ചമ്പ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കാഠ് കുനി മാതൃകയിൽ വീടുകൾ പണിയുന്നത്. അതിൽ നഗർ പട്ടണത്തിലെ 500 വർഷങ്ങൾ പഴക്കമുള്ള നഗർ കാസിലാണ് നിലനിൽക്കുന്നവയിൽ ഏറ്റവും പുരാതനമായ മാതൃക. ഇന്ന് നഗർ കാസിൽ നഗരത്തിലെ പ്രധാന ഹോട്ടലും ടൂറിസ്റ്റ് കേന്ദ്രവുമാണ്. അവിടം സന്ദർശിക്കുന്നവർക്ക് പാരമ്പര്യത്തിന്റെ പ്രൗഢിയും തനിമയും നഗർ കാസിലിൽ ഇന്നും കാണാൻ സാധിക്കും.
എന്നാൽ പിന്നീട് സ്വന്തം പ്രദേശത്ത് ലഭിച്ചിരുന്ന വിഭവങ്ങൾകൊണ്ട് നിർമ്മിച്ചിരുന്ന കാഠ് കുനി വീടുകൾക്കുള്ള വിഭവങ്ങൾ ലഭിക്കാതാകുകയും നിർമ്മിക്കാൻ ചെലവേറുകയും ചെയ്തു. അതോടെ ഇത്തരത്തിലുള്ള വീടുകൾ നിർമ്മിക്കുന്നതിൽ നിന്ന് ആളുകൾ പിൻവാങ്ങിത്തുടങ്ങി. അതിന്റെ കാരണങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
പർവ്വത പ്രദേശമായ ഹിമാചലിൽ സുലഭമായി കാണപ്പെടുന്നതാണ് ദേവദാരു മരങ്ങൾ. വീടുകളിലേയ്ക്ക് ആവശ്യമായുള്ള തടികളും മറ്റ് വനവിഭവങ്ങളും അടുത്തുള്ള കാടുകളിൽ നിന്ന് തന്നെയായിരുന്നു അവർ ശേഖരിച്ചിരുന്നത്. എന്നാൽ ബ്രിട്ടീഷ് ഭരണം രാജ്യത്ത് ശക്തമായതോടെ കാര്യങ്ങളിൽ മാറ്റങ്ങളുണ്ടായെന്നാണ് 'This Fissuerd Land: An Ecological History of India' എന്ന പുസ്തകത്തിൽ മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും പ്രതിപാദിക്കുന്നത്. വനസംരക്ഷണത്തിനായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചുകൊണ്ട് ബ്രിട്ടീഷ് അധികാരികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടിയെടുക്കാൻ ആരംഭിച്ചു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ അവർ പ്രദേശവാസികൾക്ക് പത്ത് വർഷത്തിൽ ഒരിക്കൽ വനത്തിൽ നിന്ന് ഒരു മരം ലഭിക്കുന്നതിനുള്ള അപേക്ഷ വയ്ക്കാമെന്ന വിചിത്രമായ ഒരു നിയമവും നടപ്പിലാക്കി. അപേക്ഷിക്കുന്നവർക്കാകട്ടെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മരം ലഭിക്കുന്നതിനുള്ള നടപടികൾ തള്ളിക്കളയുകയും ചെയ്തു. വനത്തിലെ മരങ്ങൾ ബ്രിട്ടീഷ് റോയൽ നേവിക്കായുള്ള കപ്പൽ നിർമ്മാണത്തിനും രാജ്യത്ത് നടപ്പിലാക്കിയിരുന്ന റെയിൽവേ പാതയ്ക്ക് കുറുകെ സ്ഥാപിക്കുന്നതിനുള്ള തടികഷ്ണങ്ങൾക്കായും അവർ ഉപയോഗിച്ചു. 'In Colonialism Development and the Environment' എന്ന പല്ലവി ദാസിന്റെ പുസ്തകത്തിൽ 1870 കാലഘട്ടത്തിൽ അന്നത്തെ പഞ്ചാബ് പ്രവിശ്യയിൽ പെട്ടിരുന്ന ഈ വനങ്ങളിൽ നിന്ന് വർഷത്തിൽ 29,000 മുതൽ 67,000 മരങ്ങൾ മുറിച്ചുമാറ്റിയതായി പറയുന്നു. കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം ഇതേ ആവശ്യങ്ങൾക്കായി വർഷത്തിൽ ഒരു ലക്ഷം തടിക്കഷ്ണങ്ങൾക്കായുള്ള ദേവദാരു മരങ്ങൾ മുറിച്ചെടുത്തതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് തടിയുടെ ആവശ്യങ്ങൾ വീണ്ടും കൂടുകയായിരുന്നു. വെട്ടിയെടുക്കുന്നതിന്റെ അളവുകൾ കൂടിയതും ദേവദാരു വീണ്ടും ഉണ്ടായിവരുന്നതിലുള്ള കാലതാമസവും ബ്രിട്ടീഷ് അധികാരികളെ അവിടെ പൈൻ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിച്ചു. വളരെപ്പെട്ടെന്ന് തന്നെ വളർന്ന് മരമാകുന്ന പൈൻ വളർത്താൻ ആരംഭിച്ചപ്പോൾ ഹിമാലയൻ വനങ്ങളിൽ അത്രയും നാൾ സുലഭമായിരുന്ന ദേവദാരു മരങ്ങളും ഓക്കുമരങ്ങളും പാടെ അപ്രത്യക്ഷമായി.
മരത്തടികൾ ലഭിക്കുന്നതിനുള്ള കാലതാമസം പ്രദേശവാസികളെ കോൺക്രീറ്റ് വീടുകൾ നിർമ്മിക്കുന്നതിന് നിർബന്ധിച്ചു. രാജ്യത്ത് സിമന്റ് ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ പുതിയ കോൺക്രീറ്റ് വീടുകൾ ഹിമാചലിലെ താഴ്വരകളിൽ ഉയർന്നുവന്നു.
ഹിമാലയൻ താഴ്വരകളിൽ ദേവദാരുക്കളുടെ അഭാവം അന്ന് പ്രചാരത്തിലിരുന്ന കാഠ് കുനി വീടുകളുടെ നിർമ്മാണത്തെ സാരമായിത്തന്നെ ബാധിച്ചു. മുറിച്ചുമാറ്റിയ ദേവദാരു മരങ്ങൾക്ക് പകരമായി പുതിയവ വച്ചു പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വർഷങ്ങളോളം സമയമെടുത്തെ ദേവദാരു, ഓക്ക് മരങ്ങൾ ഇടകലർന്നുള്ള സമാന്തര വനം രൂപപ്പെടുകയുള്ളുവെന്ന് മനസിലായി. എങ്കിലും അവശേഷിച്ചിരുന്ന മരങ്ങളെയും ബ്രിട്ടീഷ് അധികാരികൾ വെറുതെ വിട്ടില്ല എന്നതാണ് വാസ്തവം. മരത്തടികൾ ലഭിക്കുന്നതിനുള്ള കാലതാമസം പ്രദേശവാസികളെ കോൺക്രീറ്റ് വീടുകൾ നിർമ്മിക്കുന്നതിന് നിർബന്ധിച്ചു. രാജ്യത്ത് സിമന്റ് ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ പുതിയ കോൺക്രീറ്റ് വീടുകൾ ഹിമാചലിലെ താഴ്വരകളിൽ ഉയർന്നുവന്നു. കൂടാതെ മറ്റ് മരങ്ങളുടെ തടി ഉപയോഗിച്ച് കാഠ് കുനി വീടുകൾ നിർമ്മിക്കുന്നതിന്റെ സാങ്കേതിക വശങ്ങളും അന്ന് പ്രചാരത്തിലാകാതിരുന്നത് തുടർ നിർമ്മാണത്തെ ബാധിച്ചു. അങ്ങനെ നൂറ്റാണ്ടുകളായുണ്ടായിരുന്ന പാരമ്പര്യം സാവധാനം അന്യം നിന്നുപോയി. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനു ശേഷവും 1960 കാലഘട്ടങ്ങളിൽ ഇന്ത്യാ ഗവൺമെന്റും ഇതേ നിയമങ്ങൾ പിന്തുടർന്ന് വനത്തിൽ നിന്നുള്ള തടി ശേഖരത്തിൽ വിലക്കുകകൾ ഏർപ്പെടുത്തി. അതിലൂടെ ഭൂപ്രകൃതിക്കിണങ്ങിയിരുന്ന പരമ്പരാഗത നിർമ്മാണം ആളുകൾ ഉപേക്ഷിച്ചു എന്നു തന്നെ പറയാം.
ലോകത്തിലെതന്നെ ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നാണ് ഹിമാലയം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സീസ്മിക് സോണുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അപകടസാധ്യതയുള്ള രണ്ട് മേഖലകളായ IV, V സോണുകൾക്ക് കീഴിലാണ് ഹിമാചൽ പ്രദേശ് വരുന്നത്. ഒപ്പം, അപ്രതീക്ഷിതമായുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഇവിടെ സാധാരണമാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്ത് പിടിച്ചു നിൽക്കുന്നതിന് കാഠ് കുനി മാതൃകയിലുള്ള ഘടനകൾക്ക് ഒരു പരിധിവരെ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പ്രാപ്തമായവയല്ല. പകരം ചീട്ടുകൊട്ടാരങ്ങളെപ്പോലെ അവ തകർന്നടിയുകയാണ്. ഒപ്പം കെട്ടിടങ്ങൾ തകർന്ന് വീണുള്ള ആൾനാശവും കൂടുന്നു. ഇവകൂടാതെ പ്രദേശത്തെ കാലാവസ്ഥയെ ചെറുക്കുക എന്നത് മറ്റൊരു പ്രധാന വെല്ലുവിളിയാണ്. മൂന്നോ അതിലേറെ മാസങ്ങൾ വരെയോ നീണ്ടുനിൽക്കുന്നതാണ് ഹിമാലയൻ ശൈത്യകാലം. കോൺക്രീറ്റ് ഘടനകളിൽ നിന്ന് വ്യത്യസ്തമായി കാഠ് കുനി വീടുകളുടെ ഇരട്ട ചുവരുകളും മൺ പ്ലാസ്റ്ററും തണുപ്പിനെതിരെ പ്രതിരോധിച്ച് വീടിനകത്ത് ചൂട് നിലനിർത്താൻ സഹായിക്കുന്നു.
ഇത്തരത്തിൽ ഓരോ പ്രദേശത്തിനോടിണങ്ങി സുസ്ഥിരമായ വീടുകളുടെ നിർമ്മാണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നവയാണ്. ആസാമിലെ മുളവടികൾ കൊണ്ടുള്ള വീടുകളും കേരളത്തിലെ ഓല മേഞ്ഞ വീടുകളും അതത് പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ സവിശേഷതകൾ മനസിലാക്കാൻ സഹായിക്കുന്നതാണ്. ഇത്തരത്തിൽ മണ്ണിനോടിണങ്ങിയ വീടുകൾ നിർമ്മിക്കുന്നതിലും അവയുടെ ഘടന മനസിലാക്കുന്നതിലും വൈദഗ്ധ്യം തെളിയിച്ച വ്യക്തികളിലൊരാളായിരുന്നു ബ്രിട്ടീഷ് ആർക്കിടെക്റ്റായ ലാറി ബേക്കർ. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ ഇന്ത്യയിൽ വരികയും പിന്നീട് ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കറുടെ നിർമ്മിതികളിൽ മഹാത്മാ ഗാന്ധി ആകൃഷ്ടനായിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ പിത്തോഗറിലെ വാസകാലത്താണ് അവിടുത്തെ കെട്ടിട നിർമാണത്തിന്റെ മിനിമലിസ്റ്റ് വാസ്തുശില്പ മാതൃകയെ പറ്റി ബേക്കർ മനസ്സിലാക്കുന്നത്. ഹിമാലയൻ തനിമയെ ബ്രിട്ടീഷ് അധികാരികൾ തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ അവരിലൊരാൾ തന്നെയായ ലാറി ബേക്കർ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ മികച്ച ആർക്കിടെക്റ്റായി മാറി.
കാഠ് കുനി മാതൃക നിലച്ചതോടെ അതിലുള്ള അറിവും പ്രാഗല്ഭ്യവുമുള്ള ആളുകളും കുറഞ്ഞുവരുകയാണ്. എന്നിരുന്നാലും പഴമയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമല്ലാത്തതിനാൽ നിലനിൽക്കുന്നവയെ സംരക്ഷിക്കുക എന്നതാണ് നിലവിലുള്ള മാർഗം. മാത്രമല്ല ആളുകൾ ദേവദാരു മരങ്ങളും കല്ലും ഉപയോഗിച്ച് വീടുകൾ പണിയുന്നതിന് മുന്നോട്ട് വന്നാൽതന്നെ അവിടുത്തെ കാടും കുന്നുകളും വീണ്ടും അപ്രത്യക്ഷമാകും. അതിനാൽ മറ്റ് മരത്തടികൾ ഉപയോഗിച്ചും ഈ മാതൃക നിലനിർത്തുന്നതിനുള്ള ശ്രമങ്ങളിലാണ് പ്രദേശത്തെ യുവതലമുറ. ദേവദാരു തടിക്ക് പകരമായി മുളയുടെ കൊമ്പും ചണം കൊണ്ടു നിർമ്മിച്ച കട്ടകളും ഉപയോഗിച്ച് പുനർ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ദേവദാരു തടികൾ പോലെ ബലമില്ലാത്തതും വെള്ളം വീഴുന്നതിനനുസരിച്ച് നശിച്ച് പോകുന്നതുമായ മുളം തണ്ടുകളുടെ ഉപയോഗത്തെ മറ്റ് മാർഗങ്ങളിലൂടെ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവ ആർക്കിടെക്റ്റുകൾ. ഇങ്ങനെ ഭൂപ്രകൃതിയ്ക്കിണങ്ങുന്ന, കാലാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഹിമാലയൻ താഴ്വരകൾ തങ്ങളുടെ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.