TMJ
searchnav-menu
post-thumbnail

Outlook

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; ജനങ്ങൾക്കുള്ള സൗജന്യമോ അതോ ക്ഷേമപദ്ധതിയോ?

26 Aug 2022   |   1 min Read
Padmakshi Sharma

തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനപ്പെരുമഴകളും സൗജന്യകിറ്റുകളും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. സൗജന്യമായി അവശ്യസാധനങ്ങൾ നൽകി പാർട്ടികളും നേതാക്കളും അവരുടെ താൽക്കാലിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നു. ഓണത്തിന്റെ ആഘോഷങ്ങൾക്കായ് കോടിക്കണക്കിന് രൂപ കേരള സർക്കാർ കടമെടുക്കുമ്പോൾ നികുതിയടയ്ക്കുന്ന സാധാരണക്കാർക്ക് പിന്നീടവ തിരിച്ചടിയാകുമോ എന്നുള്ള വിമർശനങ്ങൾ ബാക്കിനിൽക്കുകയാണ്.

ഈ വിഷയത്തിൽ വിപുലമായ പൊതു സംവാദത്തിന് തുടക്കമിടുകയാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്താണ് സൗജന്യം, എന്താണ് ക്ഷേമം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. 'ഉദാഹരണത്തിന്, ചില സംസ്ഥാനങ്ങൾ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും സൈക്കിളുകൾ നൽകുന്നു. സൈക്കിളുകൾ നൽകുന്നതിലൂടെ ജീവിതശൈലി മെച്ചപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ദാരിദ്ര്യത്തിൽ അകപ്പെട്ട ഒരാൾക്ക്, അവരുടെ ഉപജീവനമാർഗം ആ ചെറിയ സൈക്കിളിനെ ആശ്രയിച്ചിരിക്കാം,'' അതിനാൽ സൗജന്യമായി നൽകുന്നതെന്തും പൊതു ജനങ്ങളുടെ ക്ഷേമത്തിനു കൂടിയാകണം,'' സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയും മുൻ ബിജെപി ഡൽഹി വക്താവുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച്.

തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടിൽ നിന്ന് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ലാത്ത സ്വകാര്യ സാധനങ്ങൾ/സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 162 266(3), 282 എന്നിവയുടെ ലംഘനമാണ്. കൂടാതെ വോട്ടർമാരെ ആകർഷിക്കുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്പ് പൊതുഫണ്ടിൽ നിന്ന് യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുക/വിതരണം ചെയ്യുക എന്നത് ഐപിസി 171 (ബി), 171(സി) പ്രകാരം കൈക്കൂലിക്കും അനാവശ്യ സ്വാധീനത്തിനും സമാനമാണെന്നാണ് ഹർജിയിൽ പരാമർശിച്ചിരിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ | photo: pti

'ഞങ്ങൾ ഒരു സർക്കാർ നയത്തിനോ പദ്ധതിക്കോ എതിരല്ല. നാളെ, സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകരുത് എന്ന് ഇന്ത്യാ ഗവൺമെന്റ് നിയമം കൊണ്ട് വന്നാൽ ആ വിഷയത്തിൽ കോടതിക്ക് ഇടപെടാതിരിക്കാൻ കഴിയില്ല. ജനങ്ങളുടെ ക്ഷേമത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും താൽപര്യം കണക്കിലെടുത്ത് ഞങ്ങൾ ഈ വിഷയം പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു'. ഈ വിഷയത്തിൽ ഒരു സംവാദം നടത്തുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ ആർക്കും പ്രശ്നമില്ലെന്നും എന്നാൽ സാരി, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഒരു പാർട്ടി വിതരണം ചെയ്യുമ്പോൾ അവ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത പറഞ്ഞു.'സ്വയം ചിന്തിച്ച് തീരുമാനം എടുക്കാൻ വോട്ടർക്ക് അവകാശമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനങ്ങളുടെയോ സാമ്പത്തികം അനുവദിക്കാത്ത തെറ്റായ വാഗ്ദാനങ്ങൾ നൽകി സമ്പദ് വ്യവസ്ഥയെ തകർക്കുന്നത് അനുവദിക്കാനാകുമോ?… ഇത് വിനാശകരമായ സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വൻകിട വ്യവസായികൾക്കുമായി നൽകുന്ന നികുതിയിളവുകൾ, ഭൂമി, വായ്പകൾ എഴുതിത്തള്ളൽ തുടങ്ങിയവയാണ് ഫ്രീബിയെന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം.

ഇതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പ്രശ്നം വഴിതിരിച്ചുവിടുകയാണെന്നും നിയമപ്രശ്നം രാഷ്ട്രീയ പ്രശ്നമാക്കുകയാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഡ്വ. വികാസ് സിംഗ് വാദിച്ചു. സാമൂഹ്യക്ഷേമം എന്ന് പറഞ്ഞ് രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തെ ഒതുക്കിനിർത്താൻ ശ്രമിക്കുന്നു. എന്നാൽ വാസ്തവത്തിൽ ഇത് സാമ്പത്തിക ദുർവിനിയോഗത്തിന്റെ പ്രശ്‌നമാണെന്നും അത് കൈകാര്യം ചെയ്തില്ലെങ്കിൽ ഇന്ത്യയെ ശ്രീലങ്കയാക്കുമെന്നും അദ്ദേഹം വാദിച്ചു. സൗജന്യമായി വെള്ളം നൽകരുതെന്ന് ആരും പറയുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അധിക ആനുകൂല്യങ്ങൾ നൽകുമെന്ന് പറയുകയും ചെയ്യുന്നു. ഈ അധിക ആനുകൂല്യങ്ങൾക്ക് ധനസഹായം ആവശ്യമാണ്… അതിനായുള്ള പണം എവിടെ നിന്ന് ലഭിക്കും? വോട്ടർക്ക് അറിയാനുള്ള അവകാശമുണ്ട്, ഈ പണം എന്റെ പോക്കറ്റിൽ നിന്നാണ് പോകുന്നതെന്ന് നികുതിദായകർ അറിയണം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പണം എവിടെ നിന്നാണ് വരുന്നതെന്ന് വെളിപ്പെടുത്തണം. അദ്ദേഹം വ്യക്തമാക്കി.

തന്റെ വാദങ്ങളെ പിന്തുണച്ച്, സിംഗ് എസ്.സുബ്രഹ്‌മണ്യം ബാലാജി വേഴ്‌സസ് തമിഴ് നാട് ഗവൺമെന്റ് കേസിലെ ചില വിധി ന്യായങ്ങളിൽ ചിലത് ചൂണ്ടിക്കാട്ടുകയുണ്ടായി.

Representational image: wiki commons

'തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ആർപി ആക്ടിലെ സെക്ഷൻ 123 പ്രകാരം അഴിമതിയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് നിയമം വ്യക്തമാണെങ്കിലും, ഏതെങ്കിലും തരത്തിലുള്ള സൗജന്യ വിതരണം എല്ലാ ആളുകളെയും സ്വാധീനിക്കുന്നുവെന്ന യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളെ ഇവ ബാധിക്കും, എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളും തമ്മിൽ സമത്വം ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നിലനിർത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 കമ്മീഷനെ ചുമതലപ്പെടുത്തുന്നു.

എന്നാൽ, ആർട്ടിക്കിൾ (19)(1)(എ)യുടെ കടന്നുകയറ്റത്തിന് സമാനമായി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നതെന്ന് എഎപിക്ക് വേണ്ടി ഹാജരായ ഡോ എ എം സ്വംഗി പറഞ്ഞു. ഒരു നിയമപ്രകാരമാണ് ചെയ്തതെങ്കിൽ അതിനെ വെല്ലുവിളിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്ക് കോടതിക്ക് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വൻകിട വ്യവസായികൾക്കുമായി നൽകുന്ന നികുതിയിളവുകൾ, ഭൂമി, വായ്പകൾ എഴുതിത്തള്ളൽ തുടങ്ങിയവയാണ് ഫ്രീബിയെന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം. ഇവ മൂലം സർക്കാരിന്റെ സമ്പദ്ഘടന താറുമാറാകുമെന്നും അതിലൂടെ നികുതിയടയ്ക്കുന്ന പൊതുജനത്തിന് ജീവിതം ക്ലേശകരമാകുമെന്നുമെന്നാണ് പാർട്ടിയുടെ നിലപാട്.

'തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഏതെങ്കിലും സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് അല്ലെങ്കിൽ വിതരണം ചെയ്യുകയെന്നത് ബന്ധപ്പെട്ട പാർട്ടിയുടെ നയപരമായ തീരുമാനമാണ്. അത്തരം നയങ്ങൾ സാമ്പത്തികമായി ലാഭകരമാണോ അതോ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നത് പരിഗണിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ട ഒരു ചോദ്യമാണ്. സംസ്ഥാനത്തെ വോട്ടർമാരാൽ, വിജയിക്കുന്ന പാർട്ടി സർക്കാർ രൂപീകരിക്കുമ്പോൾ സ്വീകരിക്കുന്ന സംസ്ഥാന നയങ്ങളും തീരുമാനങ്ങളും നിയന്ത്രിക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയില്ല. നിയമത്തിലെ വ്യവസ്ഥകൾ പ്രാപ്തമാക്കാതെയുള്ള അത്തരം നടപടി അധികാരങ്ങളുടെ അതിരുകടന്നതായിരിക്കും' കോടതി പരാമർശിച്ചു.

ചുരുക്കത്തിൽ, ജനാധിപത്യ സംവിധാനത്തിൽ വോട്ട് ചെയ്യുക എന്നതിലുപരി രാഷ്ട്രീയ പാർട്ടികളുടെ അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യേണ്ടത് ഓരോ വോട്ടർമാരുടെയും കടമയാണ്. മാറി വരുന്ന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ ഭാവിയിൽ സ്വന്തം വയറ്റത്തടിക്കുന്നതാണോ എന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

കടപ്പാട്:

https://www.livelaw.in/top-stories/freebies-supreme-court-welfare-cant-sit-argue-here-if-a-free-cycle-or-a-boat-for-a-rural-poor-person-welfare-207271

പരിഭാഷ:
അനിറ്റ് ജോസഫ്

Leave a comment