TMJ
searchnav-menu
post-thumbnail

Outlook

എന്‍ഡോസള്‍ഫാന്‍; ശാസ്ത്രീയതയുടെ പേരില്‍ അനിശ്ചിതത്വത്തിന്റെ പുകമറ

22 Sep 2022   |   1 min Read
കെ രാമചന്ദ്രന്‍

ILLUSTRATION: SAVINAY SIVADAS / TMJ

കീടനാശിനി വിഷബാധയെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ പാരിസ്ഥിതികനീതി നിഷേധിക്കപ്പെടുന്നതെങ്ങിനെ എന്ന് വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ ഒരു പഠനമാണ് ആർ.കെ സോണി, ഡാനിയൽ മൺസ്റ്റർ, സിദ്ധാർത്ഥ കൃഷ്ണൻ എന്നീ യുവഗവേഷകർ ചേർന്ന് 'എൻവിറോൺമെന്റൽ സോഷ്യോളജി'യിൽ പ്രസിദ്ധീകരിച്ച ‘എന്താണ് തെളിവായി പരിഗണിക്കപ്പെടേണ്ടത് ‘ എന്ന പ്രബന്ധം. കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ദുരിതാവസ്ഥ എൻഡോസൾഫാൻ മൂലമുണ്ടായതല്ല എന്ന പ്രചണ്ഡമായ പ്രചരണത്തിലൂടെ അവർക്ക് അർഹമായ പരിഗണനകൾ നിഷേധിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥമേധാവികളും ഒരു വശത്ത്; തങ്ങളുടേതല്ലാത്ത കുറ്റത്താൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് നീതിയും കാരുണ്യവും ലഭിക്കുന്നതിനായി നിരന്തരം സമരത്തിലേർപ്പെട്ട പരിസ്ഥിതി പ്രവർത്തകർ മറുവശത്ത്. ഇരുവശത്തുമായി അണിനിരന്ന ഈ സാമൂഹിക വിഭാഗങ്ങൾ തമ്മിൽ കൊടുമ്പിരിക്കൊള്ളുന്ന വിവാദം പ്രാതിനിധ്യസ്വഭാവമുള്ള ഒന്നാണ്. രാസമലിനീകരണം പോലുള്ള പ്രശ്നത്തിൽ അന്തർഭവിച്ചിരിക്കുന്ന സാമൂഹിക-ധാർമ്മിക വിവക്ഷകളെന്ത് എന്നും കോർപ്പറേറ്റ് സ്ഥാപിത താല്പര്യങ്ങൾ എങ്ങിനെ ഇരകൾ അർഹിക്കുന്ന സാമൂഹ്യനീതിയെ തുരങ്കം വെക്കുന്നു എന്നും കാസർക്കോട്ടുള്ള എൻഡോസൾഫാൻ പ്രശ്നത്തെ ഉദാഹരണമായെടുത്ത് കൊണ്ട് ഈ പഠനത്തിൽ വിശകലനം ചെയ്യുന്നു.

ഈ വിഷയത്തിൽ ഇത് വരെ നടന്ന ഒട്ടേറെ പഠനങ്ങളും പ്രബന്ധങ്ങളും ഒക്കെ പരാമർശിച്ചു കൊണ്ട് പ്രശ്നത്തെ വിശകലനം ചെയ്യുന്ന പ്രബന്ധം ഉപസംഹരിക്കുന്നത് ഇത്തരം പ്രശ്നങ്ങളോടുള്ള സാമ്പ്രദായിക "ശാസ്ത്രീയ" സമീപനത്തിൽ സമഗ്രമായ മാറ്റം വന്നില്ലെങ്കിൽ, ഒരു പൊളിച്ചെഴുത്തു തന്നെ നടന്നില്ലെങ്കിൽ, അതുണ്ടാക്കാവുന്ന കടുത്ത സാമൂഹിക നീതി നിഷേധത്തെക്കുറിച്ച് വായനക്കാർക്ക് സൂചന നൽകിക്കൊണ്ടാണ്. പരിസ്ഥിതി - മനുഷ്യാവകാശ സംരക്ഷണ യത്നങ്ങളിലേർപ്പെടുന്ന ആക്റ്റിവിസ്റ്റുകൾ നിർബന്ധമായും ഗൗരവമായി ചർച്ച ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യേണ്ട പ്രമേയങ്ങളാണ് പഠനത്തില്‍ അന്തർഭവിച്ചിട്ടുള്ളത്.

പ്രബന്ധത്തെ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം :
പാരിസ്ഥിതിക നീതിക്കായുള്ള പ്രസ്ഥാനങ്ങൾക്ക് മുഖ്യമാണ് ശാസ്ത്രീയമായ തെളിവും ജ്ഞാനവും. കീടനാശിനി വിഷബാധ പലപ്പോഴും തെളിവിന്റെ സ്വഭാവം, കാണപ്പെടുന്ന രോഗങ്ങളുമായി അവയ്ക്ക് ആകസ്മികമായുള്ള ബന്ധം ഇവയെക്കുറിച്ച് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. സമയം, സ്ഥലം, വിഷമേറ്റ കാലദൈർഘ്യം, വിഷം പ്രയോഗിച്ച രീതി എന്നിങ്ങിനെ വിവിധ സാമൂഹിക- പാരിസ്ഥിതിക വ്യവസ്ഥകളെ ആശ്രയിച്ചായിരിക്കും വിഷബാധയുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുക. അതുകൊണ്ട് തന്നെ രോഗകാരണത്തെയും രോഗത്തെയും തമ്മിൽ പരിമാണപരമായി അന്യോന്യം ബന്ധപ്പെടുത്തൽ ദുഷ്കരമായിരിക്കും. വിഷബാധയേറ്റ സംഭവങ്ങളെക്കുറിച്ചു നടന്ന സാമൂഹിക ശാസ്ത്രഗവേഷണങ്ങള്‍ അവ നിയന്ത്രിക്കാനുള്ള ശാസ്ത്രങ്ങളുടെ പരിമിതികൾ നമുക്ക് കാട്ടിത്തരുന്നുണ്ട്. വടക്കൻ കേരളത്തിൽ 1977 മുതൽ 2000 വരെ എൻഡോസൾഫാൻ എന്ന കീടനാശിനി തുടർച്ചയായി ഉപയോഗിച്ചതിന്റെ ഫലമായി കൃഷിത്തൊഴിലാളികൾക്കും സാമാന്യജനങ്ങൾക്കും ഉണ്ടായ കാര്യമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടന്ന സാമൂഹിക ഗവേഷണങ്ങളിലെ വിവരങ്ങൾ ഈ പ്രബന്ധം ആശ്രയിക്കുന്നുണ്ട്. “തെളിവിനെക്കുറിച്ചുള്ള വിവാദത്തിനും ഇരകൾക്ക് നീതി ലഭിക്കുന്നതിനെ ഫലത്തിൽ അപകടപ്പെടുത്തുന്ന വിധത്തിൽ ഏതാനും കാർഷിക ശാസ്ത്രജ്ഞന്മാർ കീടനാശിനി പ്രയോഗവും രോഗങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകൾക്ക് വേണ്ടി നിർബന്ധിച്ച് കൊണ്ട് രോഗങ്ങൾ യാദൃച്ഛികമാണെന്ന് വാദിച്ചു അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനുമുള്ള ദൃഷ്ടാന്തമായാണ് ഞങ്ങൾ എൻഡോസൾഫാൻ വിഷബാധയുടെ പ്രശ്നം ഇവിടെ അവതരിപ്പിക്കുന്നത്‌. സമ്പദ് വ്യവസ്ഥയെ ലാക്കാക്കിയുള്ള ഉല്പാദനം ലക്ഷ്യമിടുന്ന കൃഷിയിൽ കാർഷിക ശാസ്ത്രജ്ഞർ, സർക്കാരുകൾ കീടനാശിനി വ്യവസായികൾ തുടങ്ങിയ പ്രബല ശക്തികൾ സത്യത്തെ മറച്ച് വെക്കാനുള്ള ഒരു വിഭവമാക്കിക്കൊണ്ട് അനിശ്ചിതത്വം നിലനിർത്താനുള്ള ഒരുപകരണമാക്കി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയാണ്. ഇത് കെടുതിപരിഹാരത്തിനുള്ള അവകാശവാദങ്ങളെ പിന്തുണക്കുന്ന നയങ്ങളേയും പ്രവർത്തനങ്ങളേയും അസാദ്ധ്യമാക്കുന്നുണ്ട്.”

സോണി ആർ കെ | photo: wiki commons

പ്ലാന്റേഷന്‍ കോർപ്പറേഷൻ ആകാശത്ത് നിന്ന് എൻഡോസൾഫാൻ തളിക്കുന്നതിനെ 2001 ൽ കാസർക്കോട് ജില്ലാ കോടതി വിലക്കിയിരുന്നു. വിഷം ജനങ്ങൾക്കുണ്ടാക്കിയ ജനിതക വൈകല്യങ്ങളുൾപ്പെടെയുള്ള നാനാതരം രോഗങ്ങളിലേക്ക് ഈ വിധി ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു. പരിസ്ഥിതി, ആരോഗ്യ രംഗങ്ങളിൽ നീതിക്കായുള്ള അന്വേഷണത്തിനുള്ള ഒരു തുടക്കവുമായി അത്. ജനകീയ സമരങ്ങളുടെ സമ്മർദം കൊണ്ട് കൂടിയാണ് 2011 ൽ എൻഡോസൾഫാൻ രാജ്യത്ത് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. എൻഡോസൾഫാൻ മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന് 'ശാസ്ത്രീയ പഠനം' നടത്താൻ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടറും കൃഷി കമ്മീഷണറും നേതൃത്വം നൽകുന്ന കമ്മിറ്റിയെയും കോടതി നിയോഗിച്ചു. നിരോധനത്തിന് ശേഷവും എത്രയോ അസുഖബാധിതരെ ഇരകളായി പരിഗണിച്ചില്ല. ദുരന്തത്തിന്റെ ഉത്തരവാദിത്വം, കാരണം, നഷ്ടപരിഹാരം എന്നിവയെ ചൂഴ്ന്നുള്ള അനിശ്ചിതത്വം പരിപോഷിപ്പിക്കുകയാണ് സർക്കാർ കമ്മിറ്റികൾ മിക്കതും ചെയ്തത്. കാസർക്കോട് പരക്കെ വ്യാപകമായ ശാരീരിക വൈകല്യങ്ങൾ, മാനസിക വൈകല്യങ്ങൾ ശ്വാസകോശ - പ്രതിരോധ വ്യൂഹത്തകരാറുകൾ, നാഡീവ്യൂഹത്തകരാറുകൾ, ഗർഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങൾ ഇവയെല്ലാം ഉള്ളതായി കേരളശാസ്ത്രസാഹിത്യപരിഷത്ത് പറയുന്നുണ്ട്‌. എന്നാൽ ഇതിനൊന്നും "പഠനത്തിലൂടെ തെളിവുകിട്ടില്ല" എന്നും എങ്കിൽപ്പോലും ഇവയുടെ കാരണം എൻഡോസൾഫാനാണെന്ന് സംശയിക്കാൻ മതിയായ ന്യായങ്ങളുണ്ടെന്നും അവർ പറയുന്നുണ്ട്. ജനകീയ ശാസ്ത്രജ്ഞർക്ക് ബോധ്യമായ കാര്യങ്ങൾ വച്ചു കൊണ്ട് എന്തുകൊണ്ട് ഫലപ്രദമായ നടപടികളുണ്ടാവുന്നില്ല എന്നാലോചിക്കുമ്പോളാണ് ഒരു കാര്യം വ്യക്തമാവുക: ദുരന്ത പ്രതിരോധ - നിയന്ത്രണ ശാസ്ത്ര ശാഖകൾക്ക് വലിയ ഒരു പരിമിതിയുണ്ട്; ആരോഗ്യവും പാരിസ്ഥിതിക നീതിയും ഉറപ്പ് വരുത്താനുള്ള അർത്ഥപൂർണമായ പ്രവർത്തനങ്ങളെ സഹായിക്കാവുന്ന വിധത്തിൽ നിർണ്ണായകമായ അറിവ് ഉല്പാദിപ്പിക്കാൻ അവയ്ക്ക് കഴിയുന്നില്ല. രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ പ്രധാനമാവുന്നിടത്ത് ശക്തമായ വ്യവസായ - ഉദ്യോഗസ്ഥ- ഭരണ കൂട്ടുകെട്ട് തീരുമാനങ്ങളെടുക്കുന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

റേച്ചൽകാഴ്സൺ ചൂണ്ടിക്കാണിച്ച, ഡിഡിറ്റി സൃഷ്ടിച്ച നിശ്ശബ്ദവസന്തവും ഭോപ്പാൽ ദുരന്തവും, എൻഡോസൾഫാൻ ദുരന്തവും എല്ലാം കൊടിയ ദുരിതങ്ങൾ വിതച്ചത് നമുക്കറിയാം. എന്നാൽ ഈ ദുരന്തങ്ങൾക്ക് കാരണം കീടനാശിനിയാണെന്ന് സംശയരഹിതമായി സമർത്ഥിക്കാവുന്ന "ശാസ്ത്രീയ "തെളിവുകൾ നമ്മുടെ പക്കൽ ഇല്ല. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം ഫലപ്രദമായി തടയാൻ നമുക്ക് കഴിയാതെ പോവുന്നു. നിയന്ത്രിക്കാനുള്ള നിയമങ്ങൾക്ക് പല്ലിന് മൂർച്ചയില്ല. നിയന്ത്രണങ്ങൾ ഫലത്തിൽ മരവിപ്പിക്കപ്പെടുന്നു.

Illustration : Savinay sivadas / TMJ

വേണ്ടത് തെളിവോ വെളിവോ?

രാസവിഷങ്ങൾ സാർവത്രികമായിക്കഴിഞ്ഞ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവയുടെ പ്രതിവർഷ ഉപഭോഗം അതിഭീമമാണ്. ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധോപദേശങ്ങളാണ് പാരിസ്ഥിതിക നിയന്ത്രണങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ പരിഗണിക്കപ്പെടുക. കീടനാശിനികളുടെ സാന്നിദ്ധ്യം എല്ലാ ശരീരത്തിലുമുണ്ടെങ്കിലും "അവയുടെ സങ്കീർണ സ്വഭാവം മൂലവും വിവിധ ശരീരങ്ങളിൽ വിവിധ ഘട്ടങ്ങളിൽ അവ ഉളവാക്കുന്ന വ്യത്യസ്ത പ്രഭാവം മൂലവും അവയുടെ ഫലങ്ങൾ കൃത്യമായി കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്." അതു കൊണ്ടു തന്നെ കീടനാശിനി ഉളവാക്കുന്ന രോഗങ്ങൾ "തർക്ക വിഷയ"മായിത്തീരുന്നു. ശാസ്ത്രരംഗത്ത് വിവാദങ്ങൾ കൊഴുക്കുന്നു. റേച്ചൽ കാഴ്സൺ ചൂണ്ടിക്കാണിച്ച, ഡിഡിറ്റി സൃഷ്ടിച്ച നിശ്ശബ്ദവസന്തവും ഭോപ്പാൽ ദുരന്തവും, എൻഡോസൾഫാൻ ദുരന്തവും എല്ലാം കൊടിയ ദുരിതങ്ങൾ വിതച്ചത് നമുക്കറിയാം. എന്നാൽ ഈ ദുരന്തങ്ങൾക്ക് കാരണം കീടനാശിനിയാണെന്ന് സംശയരഹിതമായി സമർത്ഥിക്കാവുന്ന "ശാസ്ത്രീയ "തെളിവുകൾ നമ്മുടെ പക്കൽ ഇല്ല. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം ഫലപ്രദമായി തടയാൻ നമുക്ക് കഴിയാതെ പോവുന്നു. നിയന്ത്രിക്കാനുള്ള നിയമങ്ങൾക്ക് പല്ലിന് മൂർച്ചയില്ല. നിയന്ത്രണങ്ങൾ ഫലത്തിൽ മരവിപ്പിക്കപ്പെടുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയോ, വല്ലാതെ കാലതാമസം നേരിടേണ്ടി വരികയോ ചെയ്യുന്നു. ദുരന്തത്തിന്റെ ഉത്തരവാദികൾക്ക് കൈ കഴുകി നല്ല പിള്ള ചമയാൻ അനിശ്ചിതത്വങ്ങൾ വഴിയൊരുക്കുന്നു . ആസ്ഥാനശാസ്ത്രജ്ഞന്മാർ സമൂഹത്തെയോ, രാഷ്ട്രീയത്തെയോ മാനുഷിക മൂല്യങ്ങളെയോ സദാചാര സങ്കല്പങ്ങളെയോ, മനുഷ്യാവകാശങ്ങളെയോ ഒന്നും പരിഗണിക്കാത്ത കേവല ശാസ്ത്രവാദയുക്തിയെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്നു. ദുരന്തങ്ങൾക്ക് ആരാണുത്തരവാദി? യൂനിയൻ കാർബൈഡ്‌ ? സ്റ്റെർലൈറ്റ്? അദാനി? കശുവണ്ടി കോർപ്പറേഷൻ? അതോ ഇവരാരുമല്ലേ? കേവലശാസ്ത്രവാദികൾ പറയില്ല. ഈ അവസരത്തിലാണ് ശാസ്ത്രീയ ഡേറ്റകളോടും വിശകലനങ്ങളോടും സാമൂഹിക രാഷ്ട്രീയ സന്ദർഭങ്ങളെക്കൂടി സംയോജിപ്പിച്ചു കൊണ്ട് വേണം ആരോഗ്യത്തിനും പരിസ്ഥിതി നീതിക്കും വേണ്ടിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്ന് ധാരാളം ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് പ്രസക്തമാവുന്നത്.

റേച്ചൽ കാഴ്സൺ | Photo: wiki commons

ഇന്ന് ആധിപത്യം നേടിയ ജ്ഞാന വ്യവസ്ഥകൾ എങ്ങിനെ പരമ്പരാഗത വിജ്ഞാനസമ്പാദന മാർഗ്ഗങ്ങളെ അരികുവത്കരിക്കുകയും സാമൂഹികമായ ദീർഘകാല അനുഭവത്തിലൂടെ ചരിത്രപരമായി ഉരുത്തിരിഞ്ഞ അറിവുകളെ നിസ്സാരവത്കരിക്കുകയും ചെയ്യുന്നു എന്നതും കൂട്ടത്തിൽ വിശദീകരിക്കുന്നുണ്ട്. ബദൽ ജ്ഞാനനിർമ്മിതിക്കുള്ള അവസരങ്ങൾ അജ്ഞത ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതിനും ഉദാഹരണങ്ങൾ എടുത്തു പറയുന്നു.

ശാസ്ത്രീയവിവാദങ്ങളിൽ വ്യത്യസ്ത ഗ്രൂപ്പുകളിൽപ്പെട്ടവർ ഏർപ്പെടുമ്പോൾ ഏതാണ് അവഗണിക്കപ്പെടുക ഏതാണ് അവഗണിക്കപ്പെടാതിരിക്കുക എന്നത് നിശ്ചയിക്കുക അധികാരവും വിഭവോപയോഗ അവസരത്തിനുള്ള അസന്തുലിതത്വവും ആണ്. കൂടാതെ ജ്ഞാനോത്പാദനത്തിന്റെ ചരിത്രത്തിൽ തന്നെ അനിശ്ചിതത്വം വ്യവസ്ഥാപരമായി നിർമ്മിക്കപ്പെടുന്നുണ്ട്. വ്യവസായവുമായി അടുപ്പമുള്ള ശാസ്ത്രജ്ഞന്മാർ രാസവിഷങ്ങൾ കൊണ്ട് ആരോഗ്യത്തിനുള്ള അപകടസാദ്ധ്യത, അവയ്ക്കുള്ള തെളിവുകൾ, രോഗകാരണങ്ങൾ ഇവ മനഃപൂർവം മറച്ച് വെക്കുകയോ അല്ലെങ്കിൽ അവയെക്കുറിച്ച് മനുഷ്യരെ അന്ധാളിപ്പിക്കുന്ന അനിശ്ചിതത്വം സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്. പരിഹാരങ്ങൾക്ക് വേണ്ടിയുള്ള മുറവിളികളെ ദുർബലപ്പെടുത്താൻ അനിശ്ചിതത്വത്തെ അഭയം പ്രാപിക്കുന്ന പ്രവണത ഈ നിയോലിബറൽ കോർപ്പറേറ്റ് വ്യവസ്ഥയിൽ ശാസ്ത്രലോകത്ത് കൂടിക്കൂടി വരുന്നുണ്ട്.

സോണിയും കൂട്ടുകാരും ചേർന്നെഴുതിയ പ്രബന്ധം ഏറെ സമകാലിക പ്രസക്തിയുള്ള ഇത്തരം പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വസ്തുനിഷ്ഠമായും യുക്തിസഹമായും ഉദാഹരണങ്ങളോടെയുമാണ് വസ്തുതകൾ അവതരിപ്പിക്കുന്നത്. വാസ്തവത്തിൽ എന്താണ് തെളിവായി പരിഗണിക്കപ്പെടേണ്ടത് എന്നതാണ് മുഖ്യപ്രശ്നം. നിലവിലുള്ള പ്രയുക്തശാസ്ത്രസമീപനം ഇത് പരിഹരിക്കാന്‍ അപര്യാപ്തമാണ് എന്നും മനസ്സിലാക്കാം.

എൻഡോസൾഫാൻ വിവാദം എന്തുകൊണ്ടിങ്ങനെയാവുന്നു എന്നതിന് ഇതിൽ ഉത്തരമുണ്ട്. പക്ഷെ ശാസ്ത്രലോകത്തിന്റെ കോർപ്പറേറ്റ് പക്ഷപാതത്തെ എങ്ങിനെ മറികടക്കാം എന്നതിന് ഉത്തരമില്ല. ഇതാണ് നമ്മളെല്ലാവരെയും ഇന്ന് അലട്ടുന്ന പ്രശ്നം.

'എൻവിറോൺമെന്റൽ സോഷ്യോളജി'യിൽ പ്രസിദ്ധീകരിച്ച ‘എന്താണ് തെളിവായി പരിഗണിക്കപ്പെടേണ്ടത് ‘ എന്ന പ്രബന്ധത്തിന്റെ പൂർണ്ണരൂപം:

https://www.tandfonline.com/doi/abs/10.1080/23251042.2022.2124625?journalCode=rens20

Leave a comment