എൻഡോസൾഫാൻ തുടരുന്ന കൂട്ടക്കൊലകൾ
PHOTO: WIKI COMMONS
അങ്ങേയറ്റം സങ്കടം നിറഞ്ഞ മറ്റൊരു വാർത്ത കൂടി എൻഡോസൾഫാൻ ദുരിത ഭൂമിയിൽ നിന്നും നമ്മെ തേടി വരികയാണ്. പെറ്റ് പോറ്റി വളർത്തിയ ഇരുപത്തിയെട്ട് വയസ്സുളള ഒരു കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നു. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ ഓട്ടമലയിൽ താമസിക്കുന്ന വിമലകുമാരിയെന്ന അമ്പത്തെട്ടുകാരിയാണ് കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന രേഷ്മയെ മരണത്തിലേക്ക് ഒപ്പം കൂട്ടികൊണ്ടു പോയത്. ആ അമ്മയും കുഞ്ഞും എത്രമാത്രം സഹിച്ചിട്ടുണ്ടാവണം! എന്തൊരു നിസ്സഹായതയായിരിക്കണം അനുഭവിച്ചിട്ടുണ്ടാവുക! മകളെ കൊന്നു തീർക്കാൻ മുതിരുമ്പോഴും സ്വയം ജീവിതം അവസാനിപ്പിക്കാൻ നിശ്ചയിക്കുമ്പോഴും ആ അമ്മ അനുഭവിച്ച മാനസിക വ്യഥകൾ ആർക്കെങ്കിലും സങ്കല്പിക്കാനാവുമോ? അവരുടെ നിശ്ശബ്ദത നിലവിളിക്ക് ചെവിക്കോർക്കാൻ ആരെങ്കിലും തയാറാകുമോ?
തെക്ക് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം തിമർത്താടുമ്പോഴാണ് കേരളത്തിന്റെ വടക്കേ അറ്റത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞത്.
തിരഞ്ഞെടുക്കപ്പെട്ട മാറി മാറി വന്ന ഭരണകൂടങ്ങൾ കാൽനൂറ്റാണ്ടിലധികം കാലം എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി കാസർകോടിന് മേൽ തളിച്ച എൻഡോസൾഫാനെന്ന കൊടും വിഷം ഇതിനകം എത്ര മനുഷ്യരുടെ ജീവൻ അപഹരിച്ചു! ഇത് ആത്മഹത്യയല്ല യഥാർത്ഥത്തിൽ. ഇത് ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് മുണ്ടകണ്ടത്തെ കുടുംബം ആത്മഹത്യ ചെയ്തത് ഓർക്കുകയാണ്.
ഒമ്പത് വയസ്സായ കാർത്തിക്കിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ വെച്ച് കൊന്ന ശേഷം മാതാപിതാക്കളായ തമ്പാനും പത്മിനിയും അതെ മുറിയിൽ തൂങ്ങി മരിച്ചു! തമ്പാന്റെ മൂത്ത രണ്ടു കുട്ടികൾക്കും ഇതേ അസുഖമായിരുന്നു. വേദന സഹിക്കാനാകാതെയാണ് കുട്ടികൾ മരിച്ചത്. അതെ അസുഖം ഇളയ കുട്ടിക്കും വന്നപ്പോഴാണ് കുടുംബം ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത് . ബെള്ളൂരിലെ സരോളി മൂലയിലെ ജാനു നായിക്കിന്റെ ആത്മഹത്യയും നമ്മെ ഇതുപോലെ വേദനിപ്പിച്ചു. ഒരു ദശകത്തിന് മുൻപ് ഭരണകൂടം 'പുനരധിവാസഗ്രാമ' ത്തെക്കുറിച്ച് പറയാൻ തുടങ്ങിയതാണ്. ഒന്നുമായില്ല നാലഞ്ചു കൊല്ലം മുമ്പ് തറക്കല്ലിട്ടു അതും ഒന്നുമായില്ല. കുഞ്ഞുങ്ങളിങ്ങനെ മരിച്ചു തീരുന്നു.
ആത്മഹത്യ ചെയ്ത ഈ കുടുംബത്തിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്ത് ഒരു ബഡ്‌സ് സ്കൂൾ കെട്ടി വെച്ചിട്ട് മൂന്നു കൊല്ലമായി അതിനിയും തുറന്നിട്ടില്ല എന്നാണറിയുന്നത്. കാസർകോഡിന് ഭരണകൂടം നൽകുന്ന പരിഗണന കണ്ടാൽ കുഞ്ഞുങ്ങളെല്ലാം വേഗം മരിച്ചു തീരട്ടെ എന്നാഗ്രഹിക്കുന്ന പോലെ തോന്നും. കഴിഞ്ഞ ഭരണകൂടങ്ങളും വ്യത്യസ്തമായിരുന്നില്ല. മതിയായ ചികിത്സ കിട്ടാതെ മരിച്ചു പോയ നിരവധി കുഞ്ഞുങ്ങളെക്കുറിച്ച് പലപ്പോഴായി സങ്കടത്തോടെ എഴുതേണ്ടി വന്നിട്ടുണ്ട്.
2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളേജ് ഇപ്പോൾ പേരിന് മാത്രം തുറന്നു വെച്ചിരിക്കുന്നു. 2010ൽ മനുഷ്യാവകാശ കമ്മീഷൻ ദുരിത ബാധിതരുടെ പട്ടികയിലുള്ളവർക്ക് നൽകണം എന്നു പറഞ്ഞ അഞ്ച് ലക്ഷം രൂപ പകുതിയിലധികം പേർക്കും ഇനിയും നൽകിയിട്ടില്ല. ഏട്ടാഴ്ച്ചക്കുള്ളിൽ നൽകുമെന്നാണ് പറഞ്ഞത്. 2017ൽ ഡി വൈ എഫ് ഐ നേടിയ വിധിയിൽ സുപ്രീം കോടതി മൂന്നു മാസത്തിനകം നൽകണം എന്ന് അന്ത്യശാസനം നൽകിയിരുന്നു. പക്ഷെ എന്നിട്ടും സഹായം കിട്ടിയവരേക്കാൾ കിട്ടാത്തവരാണിപ്പോഴും ! കൊല്ലങ്ങൾ കുറേ കഴിഞ്ഞിട്ടും.
അഞ്ചു ലക്ഷം ആശ്വാസധനമായിരുന്നു നഷ്ടപരിഹാരം അല്ല. യഥാർത്ഥ നഷ്ടപരിഹാരം ആര് കൊടുക്കും? എപ്പോൾ കൊടുക്കും? ഇനി അഞ്ചു ലക്ഷം കൊടുത്താൽ പ്രശ്നങ്ങളൊക്കെ തീരുമോ? എന്തെല്ലാം പ്രശ്നങ്ങൾ ബാക്കി കിടക്കുന്നു. രേഷ്മയെപ്പോലെ നരകയാതന അനുഭവിച്ചു കിടക്കുന്ന പകുതി ജീവിതങ്ങൾക്ക് നല്ല ചികിത്സ കൊടുക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമില്ലേ? അതുകൊണ്ടാണ് എയിംസ് കാസർകോടിന് നൽകണമെന്നാവശ്യപ്പെട്ട് ജനങ്ങൾ സമരം ചെയ്യുന്നത്. സമരം നൂറ് ദിവസം കടന്നിട്ടും സെക്രട്ടറിയേറ്റ് മാർച്ചുകൾ നടന്നിട്ടും ഭരണകൂടം കണ്ട ഭാവം നടിക്കുന്നില്ല. എല്ലാ അർത്ഥത്തിലും കാസർകോടിനാണ് എയിംസ് അനുവദിക്കേണ്ടത്, കോഴിക്കോടിനല്ല. രാഷ്ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിശ്ശബ്ദത അക്ഷന്തവ്യമാണ്.
രേഷ്മയുടെയും അമ്മയുടേയും മരണം നിശ്ശബ്ദത പാലിക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കട്ടെ.