'എല്ലാവരുടെയും കാര്യം ആരുടെയും കാര്യമല്ലാതാവുമ്പോള്‍'
കേന്ദ്ര സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റിന് ഒരു തലക്കെട്ട് വേണമെന്നു പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ പറയുക 'എല്ലാവരുടെയും കാര്യം ആരുടെയും കാര്യമല്ലാതാവുമ്പോള്‍' എന്നാവും. ഡാനിയേല്‍ ഡെഫോയുടെ 1725 ലെ ഒരു ലഘുലേഖയുടെ തലക്കെട്ടായ Everybody's business is nobody's business എന്നതിന്റെ ഏകദേശ പരിഭാഷ.
വളരെ സിനിക്കല്‍ ആയ നിരീക്ഷണമായി ഇത് ചിലപ്പോള്‍ തോന്നിയേക്കാം. മേശയുടെ ഏതു ഭാഗത്താണ് നിങ്ങളുടെ സ്ഥാനം എന്നതിനെ ആശ്രയിച്ചിരിക്കാവും അതെന്നാണ് എന്റെ പക്ഷം. സമ്പത്തിനെ പിരമിഡായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ താഴെത്തട്ടിലുള്ള ശതകോടി മനുഷ്യരുടെ ദുരിതാവസ്ഥയെ മെച്ചപ്പെടുത്താനുതകുന്ന അതിശയിപ്പിക്കുന്ന എന്തെങ്കിലും തീരുമാനങ്ങളും, പ്രഖ്യാപനങ്ങളും ബഡ്ജറ്റില്‍ ഉണ്ടാവുമെന്ന് ആരെങ്കിലും കരുതുമെന്നു തോന്നുന്നില്ല. തെരുവിലെ മനുഷ്യരുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമായിരിക്കും. പഴയ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ അച്ചടി-ദൃശ്യ-സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന കോലാഹലങ്ങള്‍ വെറുതെ ബഹളമുണ്ടാക്കല്‍ മാത്രമാണ്.
സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ കണക്കിലെടുത്താല്‍ ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിന്റെ ഉള്ളടക്കം എന്താവും?. ധനക്കമ്മിയെന്നു കേട്ടാല്‍ ഹാലിളകുന്ന മൗലികവാദികളെ തൃപ്തിപ്പെടുത്തുകയും അതേസമയം സര്‍ക്കാരിന്റെ വാര്‍ഷിക കണക്കുകള്‍ ഒരുക്കുകയും ചെയ്യുകയെന്ന ഞാണിന്മേല്‍ കളിയാവും ധനമന്ത്രി നടത്തുക. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റിയ ചില വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും തൊഴിലവസരങ്ങളെ പറ്റിയും തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന, സാധാരണജനങ്ങളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ചലനവുമില്ലാത്ത, ചില കണക്കുകളും തുന്നിപ്പിടിക്കുന്നതാകും ബഡ്ജറ്റ്. ആഭ്യന്തരോല്‍പ്പാദന നിരക്ക് ഇത്രയായി എന്നെല്ലാമുള്ള കണക്കുകള്‍ക്ക് സാധാരണക്കാരുടെ ജീവിതത്തില്‍ ഒരര്‍ത്ഥവുമില്ലെന്ന് നമുക്ക് ഇതിനകം അറിയാവുന്നതാണ്.
മാധ്യമങ്ങളിലെ സുഹൃത്തുക്കളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിലനിര്‍ത്തുന്നതിന് പറ്റുന്ന എവിടെയും എപ്പോഴും പ്രയോഗിക്കാവുന്ന ഉദ്ധരണികളും ധനമന്ത്രിയുടെ പ്രസംഗത്തില്‍ വേണ്ടുവോളമുണ്ടാവും. രാജ്യവും സാമ്പത്തിക മേഖലയും വച്ചടി മുന്നേറുകയാണെന്നു തോന്നിപ്പിക്കുന്ന വര്‍ണ്ണശബളമായ ഗ്രാഫുകളും, ചാര്‍ട്ടുകള്‍ക്കും പഞ്ഞവുമുണ്ടാവില്ല. 5 ട്രില്യണ്‍ ഡോളറിന്റെ എക്കോണമിയെന്ന പ്രധാനമന്ത്രിയുടെ ഇഷ്ടസ്വപ്‌നം ഇതാ പൂവണിയുന്നുവെന്ന തോന്നിപ്പിക്കലുകളും വേണ്ടുവോളം കാണും.
കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ കെടുതിയില്‍ വീഴുന്നതിനെ എങ്ങനെ തടയാമെന്നുള്ള വിചാരങ്ങള്‍ ദുഖകരമെന്നു പറയട്ടെ ധനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടാവില്ല. ഇപ്പോഴത്തെ 'ഫാഷനബിള്‍' ആയ ഒരു വാക്കുപയോഗിക്കുകയാണെങ്കില്‍ ദേശീയതലത്തില്‍ സാമ്പത്തിക മേഖല തിരിച്ചുവരവിനുള്ള ശേഷി പ്രകടിപ്പിക്കുമ്പോഴും കോവിഡിനിടയിലും സമ്പത്തിന്റെ വിതരണാനുപാതത്തില്‍ സംഭവിക്കുന്ന ഭീമമായ അസന്തുലിതത്വം കാണാതിരിക്കാനാവില്ല. തൊഴിലുകള്‍ അപ്രത്യക്ഷമായതോടെ ഗണ്യമായ വരുമാന നഷ്ടം നേരിട്ട ബഹുജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനുള്ള വളരെയധികം കാര്യങ്ങള്‍ സര്‍ക്കാരിന് കൈക്കൊള്ളാമയിരുന്നു. പൊതുജനാരോഗ്യ മേഖല നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമുഖത്തായിട്ടും ഖജനാവിന്റെ കണക്കു പുസ്തകത്തിലെ രണ്ടറ്റങ്ങളും തമ്മില്‍ സമതുലിത പാലിക്കണമെന്ന അപഹാസ്യമായ ഇടുങ്ങിയ വീക്ഷണം പുലര്‍ത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വരുമാനം എത്തിക്കുന്നതിന് പിന്തുണ നല്‍കുന്ന ഒരു നടപടിയും സ്വീകരിച്ചില്ല.
ബഡ്ജറ്റ് അവതരണത്തിന് മണിക്കുറുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ധനമന്ത്രിക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യം കോടിക്കണക്കിന് ഇന്ത്യാക്കാര്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് - തൊഴില്‍, വരുമാനം, അന്തസ്സായ ജീവിതമെന്ന മൗലികാവകാശവും , സംരക്ഷിക്കുന്ന മൂര്‍ത്തമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയാണ്. പൊതുവായ സമൃദ്ധിയാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യം , കുറഞ്ഞപക്ഷം ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബഡ്ജറ്റ് അവതരിപ്പിക്കുകയാണ്. പൊതുസമൃദ്ധിയെന്ന ആശയം ചൈനയില്‍ നിന്നും പകര്‍ത്തിയതാണെന്ന് അതിദേശീയവാദികള്‍ പരാതി പറയുമെങ്കില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ് തങ്ങളുടെ തീരുമാനം എന്ന് പറഞ്ഞാലും മതി.
ബഡ്ജറ്റ് അവതരണത്തിനുള്ള അവസാന മണിക്കൂറുകളില്‍ ധനമന്ത്രി അതിനുള്ള വിവേകം പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ ചരിത്രത്തില്‍ ഇടം പിടിക്കും. അല്ലെങ്കില്‍ ഡഫോയുടെ തലക്കെട്ടിനെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തിയായി മാത്രം ബഡ്ജറ്റവതരണം ഓര്‍മ്മിക്കപ്പെടും. ഓവര്‍ ടു ധനമന്ത്രി.