TMJ
searchnav-menu
post-thumbnail

Outlook

തെളിവുകൾ പറയുന്നു, ഇന്ത്യയും പെഗാസസ് വാങ്ങി

26 Oct 2022   |   1 min Read
തോമസ് കൊമരിക്കൽ

ലോകമെമ്പാടും വലിയ വിവാദങ്ങൾ തുറന്നു വിട്ടുകൊണ്ടാണ് പെഗാസസ് ചാര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വാർത്തകൾ 2021ൽ പുറത്തുവന്നത്. അന്ന് മുതൽ, പല രാജ്യങ്ങളിലെ സർക്കാരുകൾ രാഷ്ട്രീയ എതിരാളികൾക്കും മാധ്യമ പ്രവർത്തകർക്കും മേൽ ചാരപ്പണി നടത്തിയതിന്റെ ധാരാളം തെളിവുകൾ പുറത്തുവന്നു. ഇപ്പോൾ, പെഗാസസ് ചാര സോഫ്റ്റ് വെയർ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അന്താരാഷ്ട്ര സംഘടന. പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) വാങ്ങിയെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) ആണ് തെളിവുകൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടത്. പെഗാസസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടത്തിയതും ഇതേ സംഘടനയാണ്.

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ എസ് ഒ എന്ന കമ്പനിയാണ് പെഗാസസിന്റെ നിർമാതാക്കൾ. സർക്കാർ സംവിധാനങ്ങൾക്കോ അനുബന്ധ സംഘടനകൾക്കോ മാത്രം കമ്പനി ലഭ്യമാക്കുന്ന പെഗാസസ് എന്ന ചാര സോഫ്റ്റ് വെയർ പല രാജ്യങ്ങളിലെ സർക്കാരുകൾ ഉപയോഗിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ സർക്കാരും 2017ൽ സോഫ്റ്റ് വെയർ വാങ്ങിയിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2017ലെ ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കരാറിന്റെ ഭാഗമായാണ് പെഗാസസ് ഇന്ത്യ വാങ്ങിയതെന്നും റിപ്പോർട്ട് ആരോപണമുന്നയിച്ചു. ഈ റിപ്പോർട്ടിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. 2017ൽ ഇന്ത്യയും ഇസ്രായേലും ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായിരുന്നു പെഗാസസ് എന്നും കരുതപ്പെടുന്നു. 2017 എപ്രിൽ 6ന് ആണ് ഇരു രാജ്യങ്ങളും രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ പ്രഖ്യാപിച്ചത്. ഇസ്രായേലിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനത്തോടൊപ്പം പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങുന്ന കാര്യവും കരാറിന്റെ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ഏപ്രിൽ മാസത്തിൽ തന്നെയാണ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ഇസ്രായേൽ കമ്പനിയിൽ നിന്നുള്ള ചരക്ക് എത്തിയതും എന്നാണ് ഒസിസിആർപി തെളിവുകൾ സഹിതം വാദിക്കുന്നത്.

Representational image: pti

കയറ്റുമതി പ്രക്രിയയുടെ ഭാഗമായ ബിൽ ഓഫ് ലേഡിംഗ് (Bill of Lading) അടിസ്ഥാനമാക്കിയാണ് ഒസിസിആർപി ആരോപണങ്ങൾ ഉന്നയിക്കുന്നത്. കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വിശദ വിവരങ്ങളും മൂല്യവും ബില്ലിൽ ഉൾപ്പെടുത്താറുണ്ട്. എൻഎസ്ഒ കമ്പനിയിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോയിലേക്ക് വന്നതായ വസ്തുക്കൾ പെഗാസസ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുമായി സാമ്യമുള്ളവ ആണെന്ന് റിപ്പോർട്ട് പറയുന്നു. വിമാന മാർഗ്ഗത്തിൽ എത്തിയ ഇവ, സൈനിക-പ്രതിരോധ ആവശ്യത്തിനുള്ള വസ്തുക്കൾ ആണെന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉപകരണങ്ങളുടെ ആകെ വില 3,15,000 ഡോളർ എന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഉപകരണങ്ങൾ പെഗാസസ് പ്രയോഗിക്കുന്നതിന് ആവശ്യമായവയോട് സാമ്യമുണ്ടെങ്കിലും, അതിന് വേണ്ടി തന്നെയാണ് ഇന്റലിജൻസ് ബ്യൂറോ ഇവ വാങ്ങിയതെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

പ്രധാനമായും വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് പെഗാസസ് ഇരകളുടെ ഫോണിൽ പ്രവേശിക്കുക. വാട്സാപ്പ് സന്ദേശം തുറക്കുന്നതോടെ ഇത് ഫോണിനുള്ളിൽ കടക്കുകയും ശേഷം ഫോണിൽ നിന്ന് ഏതുതരം വിവരവും എടുക്കാവുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വാട്സാപ്പിന്റെ ഘടനയിലുണ്ടായിരുന്ന പഴുതാണ് പെഗാസസിന്റെ പ്രയോഗത്തിനായി എൻഎസ്ഒ ഉപയോഗപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട വാട്സാപ്പും, മാതൃകമ്പനിയായ ഫെയ്സ്ബുക്കും 2019ൽ എൻഎസ്ഒ ക്ക് എതിരായി യുഎസ്സിലെ കാലിഫോർണിയയിൽ നിയമ നടപടി സ്വീകരിക്കുകയുണ്ടായി. ഈ കേസിൽ, ഹർജിയോടൊപ്പം സമർപ്പിച്ച രേഖകളിൽ പെഗാസസ് എന്ന ഉൽപ്പന്നത്തിന്റെ വിവരങ്ങളടങ്ങിയ ബ്രോഷറും ഉൾപ്പെടുന്നു. പെഗാസസിന്റെ പ്രവർത്തനത്തിന് ആവശ്യമായി ഈ ബ്രോഷറിൽ പറയുന്നതിന് സമാനമായ ഉപകരണങ്ങളാണ് ഇന്റലിജൻസ് ബ്യൂറോയിലേക്കും എത്തിയത്. മെക്സിക്കോയിലെ അരിസ്റ്റെഗ്വി നോട്ടിസിയാസ് (Aristegui Noticias) എന്ന മാധ്യമവും പെഗാസസിന്റെ ബ്രോഷർ നേരത്തെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. കമ്പ്യൂട്ടറുകൾ, സെർവറുകൾ, നെറ്റ് വർക്ക് ഉപകരണങ്ങൾ, ബാറ്ററികൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഇന്റലിജൻസ് ബ്യൂറോ 2017ൽ പെഗാസസ് വാങ്ങിയിരുന്നു എന്ന കാര്യം, സംഘടനയുമായി ബന്ധമുള്ള രണ്ടുപേർ തുറന്ന് പറഞ്ഞതായും ഒസിസിആർപി അവകാശപ്പെടുന്നുണ്ട്. ഇതിലൊരാൾ ഐബി യിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ട് പറയുന്നു.

സർക്കാരുകളുടെ വിമർശകർക്കും മറ്റും എതിരായി വളരെ വലിയ രീതിയിൽ സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്തുവെന്നാണ് മാധ്യമങ്ങൾ 'പെഗാസസ് പ്രോജക്റ്റിന്റെ' ഭാഗമായി വെളിപ്പെടുത്തിയിരുന്നത്.

പെഗാസസ് സോഫ്റ്റ് വെയർ ഇന്ത്യയിൽ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ മുന്നിൽ എത്തിയപ്പോൾ പോലും ചാര സാങ്കേതിക വിദ്യയുടെ ഉപയോഗം തുറന്ന് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്ത വിധത്തിൽ സത്യവാങ്മൂലം നൽകുകയാണ് സർക്കാർ ചെയ്തത്. വിഷയം ദേശീയ സുരക്ഷയുമായി ബന്ധമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്.

ഒസിസിആർപി യുടെ നേതൃത്വത്തിൽ, ഇന്ത്യയിലെ 'ദി വയർ' ഉൾപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ സംഘമാണ് ലോകമാകെ അമ്പതിനായിരത്തോളം പേർ പെഗാസസ് അക്രമണത്തിന് ഇരയായെന്ന വാർത്ത ലോകത്തെയറിയിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കുന്നുള്ളുവെന്ന കമ്പനിയുടെ വാദം സർക്കാർ സംവിധാനങ്ങളെ സംശയ നിഴലിലാക്കി. സർക്കാരുകളുടെ വിമർശകർക്കും മറ്റും എതിരായി വളരെ വലിയ രീതിയിൽ സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്തുവെന്നാണ് മാധ്യമങ്ങൾ 'പെഗാസസ് പ്രോജക്റ്റിന്റെ' ഭാഗമായി വെളിപ്പെടുത്തിയിരുന്നത്. ഇന്ത്യാ ഗവൺമെന്റും പെഗാസസിന്റെ ഗുണഭോക്താവായി എന്ന വാദവും ഉയർന്നതിന് പിന്നാലെയാണ് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വതിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽതന്നെ തണുപ്പൻ മട്ടിലുള്ള സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ദേശീയ സുരക്ഷയുമായി ബന്ധമുള്ള കാര്യമായതിനാൽ വിശദമായ സത്യവാങ്മൂലം നൽകുന്നതിന് തടസ്സമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ദേശീയ സുരക്ഷയെന്ന പദത്തിനുപിന്നിൽ എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും മറഞ്ഞിരിക്കാൻ സർക്കാരിനാവില്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്ന് പെഗാസസ് വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയെ 2021 ഒക്ടോബറിൽ നിയോഗിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണ | photo: facebook

ജസ്റ്റിസ് രവീന്ദ്രനോടൊപ്പം, ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി ഡീൻ നവീൻ കുമാർ ചൗധരി, അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ പി പ്രഭാഹരൻ, ബോംബെ ഐഐറ്റി അസോഷ്യേറ്റ് പ്രൊഫസർ അശ്വിൻ അനിൽ ഗുമസ്‌തെ എന്നിവരാണ് സമിതിയുടെ ഭാഗമായിരുന്നത്. പെഗാസസിന് ഇരയായവരും അക്രമിക്കപ്പെട്ടെന്ന് സംശയമുള്ളവരും സമിതിക്കുമുന്നിൽ മൊഴി നൽകുകയും അവരുടെ ഫോണുകളും മറ്റും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിശോർ, ദി വയർ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം കെ വേണു എന്നിവരുടെ ഫോണുകൾ അക്രമവിധേയമായതായി ആരോപിക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി കേന്ദ്ര മന്തിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേൽ വരെയുള്ളവർ ഇരയാക്കപ്പെട്ടെന്ന് സംശയിക്കപ്പെടുന്നുമുണ്ട്.

വിശദമായ പരിശോധനകൾക്ക് ശേഷം ഓഗസ്റ്റ് മാസത്തിൽ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. സുപ്രീം കോടതിയിൽ എന്ന പോലെതന്നെ കോടതി നിയോഗിച്ച സമിതിയോടും കേന്ദ്ര സർക്കാർ ഒരു തരത്തിലും സഹകരിച്ചില്ലെന്നും സമിതി കോടതിയെ ധരിപ്പിക്കുകയുണ്ടായി. പരിശോധന വിധേയമാക്കിയ ഫോണുകളിൽ അഞ്ചിൽ ദോഷകരമായ സോഫ്റ്റ് വെയറുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവ പെഗാസസ് തന്നെ ആണെന്നതിന് തെളിവില്ലെന്നും സമിതി കോടതിയെ അറിയിച്ചു. സമിതിയുടെ കണ്ടെത്തലുകളും മറ്റ് വിശദ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. പിന്നീട് പുറത്തു വിടുമെന്നാണ് ചീഫ് ജസ്റ്റിസ് രമണ വ്യക്തമാക്കിയിരുന്നത്. സർക്കാരിന്റെയും ചാര സംഘടനകളുടെയും പങ്ക് വെളിപ്പെടുത്തുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് രണ്ട് സൈബർ വിദഗ്ദ്ധർ സമിതിക്ക് മുന്നിൽ മൊഴി നൽകിയതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തെന്ന് അറിയണമെങ്കിൽ ഇനിയും കാത്തിരിക്കണം. നിലവിൽ, ചാര സംഘടനകളെ നിയന്ത്രിക്കുന്നതിനുള്ള കൃത്യമായ നിയമങ്ങളൊന്നും തന്നെ രാജ്യത്ത് പ്രാബല്യത്തിലില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, രാജ്യസുരക്ഷയ്ക്ക് എന്ന മട്ടിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയെ, സർക്കാരുകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി വെളിപ്പെടുകയാണ്.

Leave a comment