TMJ
searchnav-menu
post-thumbnail

Outlook

പൊള്ളയായ ആരോപണങ്ങള്‍, പൊളിയുന്ന കഥകള്‍

19 Jan 2023   |   1 min Read
Chander Uday Singh

livelaw.in ല്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ് നിയമങ്ങളുടെ മിഥ്യാലോകം' എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം.

ഉത്തര്‍പ്രദേശ്

ഉത്തര്പ്രദേശിന്റെ 'ലവ് ജിഹാദ്' നിയമം കോടതി വിധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതല്ലെങ്കിലും കൗതുകം ജനിപ്പിക്കുന്നതാണ്. 2013 ല്‍ മുസ്സഫര്‍നഗറില്‍ ഏറെ നാശം വിതച്ച കലാപം ഉണ്ടായത് തന്നെ 'ലവ് ജിഹാദ്' മുറവിളിയുടെ ഫലമായാണ്. ഈ കലാപത്തിന് ശേഷം കോബ്രാപോസ്റ്റും ഗുലൈലും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ട അന്വേഷണം നടത്തുകയുണ്ടായി. 2015 ഒക്റ്റോബര്‍ 4 ന് പത്രങ്ങളിലും ടിവിയിലുമായി അവരുടെ റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. 'ഓപ്പറേഷന്‍ ജൂലിയറ്റ്: ബസ്റ്റിങ് ദ മിത്ത് ഓഫ് ലവ് ജിഹാദ്' എന്നായിരുന്നു ആ രഹസ്യാന്വേഷണത്തിന്റെ പേര്. ആര്‍എസ്എസ്, വിശ്വ ഹിന്ദു പരിഷത്ത്. ബിജെപി, ബജ്റംഗ് ദള്‍ എന്നീ സംഘടനകളുടെ മുന്‍നിര നേതാക്കളുടെ ഒളിക്യാമറ സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍, കൈരാന എംപി ഹുകും സിങ്, സര്‍ദാന എംഎല്‍എ സംഗീത് സോം, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും മുസ്സഫര്‍നഗര്‍ തലവന്മാര്‍ എന്നിവരുടെയും ഒളിക്യാമറ ദൃശ്യങ്ങളും സംഭാഷണങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ബലാത്സംഘങ്ങളും തട്ടിക്കൊണ്ടുപോകലും നടന്നു എന്നു കാണിച്ച് അനേകം കള്ള പരാതികള്‍ തങ്ങള്‍ ഫയല്‍ ചെയ്തിരുന്നു എന്ന് അവരെല്ലാം ക്യാമറയ്ക്കു മുന്നില്‍ തുറന്നു പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കാണിക്കുന്നതിന് വ്യാജരേഖകള്‍ ചമച്ചതായും അവര്‍ കോബ്രാപോസ്റ്റ്-ഗുലൈല്‍ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. മാത്രമല്ല, പോലീസിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സാധാരണ വിവാഹങ്ങളെ ലവ് ജിഹാദാക്കി മാറ്റിയെന്നും അവര്‍ തുറന്നടിച്ചു.

'രക്ഷപെടുത്തി' എന്ന് പറയപ്പെടുന്ന പെണ്‍കുട്ടികള്‍ ആരുംതന്നെ തങ്ങളെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടിട്ടില്ലെന്നും തീവ്ര ഹിന്ദുത്വ ശക്തികളുടെ സഹായം അവര്‍ തേടിയിരുന്നില്ലെന്നും ഈ അന്വേഷണത്തിലൂടെ വ്യക്തമായി. കോബ്രാപോസ്റ്റും ഗുലൈലും ചേര്‍ന്ന് 'ലവ് ജിഹാദ്' എന്ന മിഥ്യയെ ഈ രീതിയില്‍ പൊളിച്ചിരുന്നു. എന്നാല്‍, ഉത്തര്‍ പ്രദേശ് ലോ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദിത്യ നാഥ് മിത്തല്‍, 2019 നവംബര്‍ 21ന് മതംമാറ്റ വിരുദ്ധ ബില്ലിന്റെ കരട് മുഖ്യമന്ത്രി ആദിത്യനാഥിന് കൈമാറി. ലോ കമ്മീഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 'ലവ് ജിഹാദ്' പ്രതിഭാസം അന്വേഷിക്കാന്‍ കാണ്‍പൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

യോഗി ആദിത്യനാഥ്, ജസ്റ്റിസ് ആദിത്യ നാഥ് മിത്തല്‍

2020 നവംബര്‍ 24 ന്, പോലീസ് ഐജി മോഹിത് അഗര്‍വാള്‍, അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്ത്, 14 കേസ്സുകള്‍ മാത്രമേ കാണ്‍പൂര്‍ ജില്ലയിലാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു. മൂന്ന് കേസ്സുകളില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ ആയിരുന്നു. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലിം പങ്കാളികളെ വിവാഹം ചെയ്തത്. മറ്റു 11 കേസ്സുകളില്‍ പുരുഷ പങ്കാളികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്സെടുത്തിട്ടുണ്ട്. എന്നാല്‍, എട്ട് കേസ്സുകളില്‍ ആണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു.

എഫ്ഐആറുകളുടെയും പ്രത്യേക അന്വേഷണ സംഘത്തിന്റെ നീണ്ട അന്വേഷണങ്ങളുടെയും പശ്ചാത്തലത്തില്‍ പോലും പത്രസമ്മേളനത്തില്‍ ഐജി ഇങ്ങനെ പറയുകയുണ്ടായി. "ഗൂഢാലോചന നടന്നു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ആരോപണ വിധേയരായ ചെറുപ്പക്കാര്‍ക്ക് പിന്നില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അവര്‍ക്ക് വിദേശത്തുനിന്ന് പണവും ലഭിക്കുന്നുമില്ല." എന്നാല്‍, തെളിവുകളുടെ അഭാവം പോലുള്ള നിസ്സാര കാര്യങ്ങളൊന്നും യുപി സര്‍ക്കാരിനെ പിന്നോട്ടു വലിച്ചില്ല. ഐജിയുടെ പത്രസമ്മേളനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടു. 2018 ലെ ഉത്തരാഖണ്ഡ് നിയമത്തിന്റെ എല്ലാ ദുര്‍ഗ്ഗുണങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ആ നിയമം. അതിലൂടെ വിവാഹത്തിനായുള്ള മതം മാറ്റം നിരോധിക്കുകയും, തെളിവ് നിരത്തേണ്ട ബാധ്യത ആരോപണ വിധേയന്റെ മേലാക്കുകയും ചെയ്യുന്നതോടൊപ്പം കൂടുതല്‍ ദുരുദ്ദേശപരമായ കാര്യങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഈ ഓര്‍ഡിനന്‍സിന് പകരമായാണ് 2021ലെ ഉത്തര്‍ പ്രദേശ് പ്രൊഹിബിഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വേര്‍ഷന്‍ ഓഫ് റിലിജിയണ്‍ ആക്റ്റ് നിലവില്‍ വന്നത്. ആ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അര്‍ത്ഥശൂന്യമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. "പറ്റിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുന്ന അനേകം സംഭവങ്ങള്‍ ഈ അടുത്ത കാലത്തുണ്ടായി. ബലം പ്രയോഗിച്ചും, അന്യായമായ സ്വാധീനം ചെലുത്തിയും, നിര്‍ബന്ധിച്ചും, വഞ്ചനാപരമായുമാണ് അത്തരം മതം മാറ്റങ്ങള്‍ നടത്തിയത്," എന്നും അതില്‍ കാണാമായിരുന്നു.

അനീസ് ഹമീദ് Vs കേരള എന്ന കേസില്‍ വിധി പറയുന്ന വേളയില്‍ ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ ലവ് ജിഹാദ് ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു. "വിവാഹത്തിന് മുമ്പ് പങ്കാളികള്‍ തമ്മില്‍ ദിവ്യമായ പ്രണയം ഉണ്ടെങ്കില്‍ പോലും, ഓരോ മിശ്രവിവാഹത്തെയും 'ലവ് ജിഹാദ്', 'ഘര്‍ വാപ്സി' എന്നീ പേരുകള്‍ വിളിച്ച് വിവാദമാക്കുന്ന പ്രവണത കാണുമ്പോള്‍ വല്ലാത്ത അമ്പരപ്പ് തോന്നുന്നു," എന്ന് അവര്‍ വിധിയുടെ ഭാഗമായി എഴുതി.

യുപി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് വെറും ഒന്നര മാസം കഴിയുമ്പോളാണ് ആനന്ദിബെന്‍ പട്ടേല്‍ മധ്യ പ്രദേശ് ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നത്. അവിടെയും അടിസ്ഥാന രഹിതമായ കാരണങ്ങള്‍ നിരത്തുന്ന സമാനമായ ഒരു ഓര്‍ഡിനന്‍സില്‍ അവര്‍ ഒപ്പിടുകയുണ്ടായി. മറ്റൊരു രസകരായ കാര്യം കൂടിയുണ്ട്. 2021 ല്‍ ന്യൂസ് ലോണ്ട്രി (News Laundry), അന്വേഷണ റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളുമായി ഒരു പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. യുപിയിലെ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്ത 11 കേസ്സുകളില്‍ ഏഴെണ്ണം വ്യാജമായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ആ പരമ്പര.

തുടരുന്ന യാത്ര

കോടതികള്‍ ജാഗ്രതയോടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇടങ്ങളില്‍ പോലും 'ലവ് ജിഹാദ്' മിത്തിന്റെ യാത്ര അഭംഗുരം തുടരുകയാണ്. ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ കേസിലെ വിധിയിലൂടെ 2006 ലെ ഹിമാചല്‍ പ്രദേശ് നിയമത്തിലെ ഏതാനും വകുപ്പുകള്‍ കോടതി റദ്ദ് ചെയ്തിരുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് ആറ് വര്‍ഷം പിന്നിട്ടിട്ടും ഒരേയൊരു കേസ് മാത്രമേ ഫയല്‍ ചെയ്തിട്ടുള്ളൂ എന്ന കാര്യവും ജസ്റ്റിസ് ദീപക് ഗുപ്ത ആ വേളയില്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ 2019 ഒക്ടോബറില്‍, 2006 ലെ നിയമം മാറ്റി പുതിയൊരു നിയമം കൊണ്ടുവരികയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല ഹൈക്കോടതി റദ്ദാക്കിയ വകുപ്പുകള്‍ വീണ്ടും തിരികെ കൊണ്ടുവരുന്ന തികഞ്ഞ മര്യാദകേടും അവര്‍ പ്രകടമാക്കുകയുണ്ടായി. അവിടെയും തെളിവുകളൊന്നുമില്ലാത്ത കാര്യങ്ങളാണ് ഉദ്ദേശ്യലക്ഷ്യങ്ങളുടെ കുട്ടത്തില്‍ എഴുതി ചേര്‍ത്തത്. "വഞ്ചനാപരമായ രീതിയില്‍ നടക്കുന്ന മതം മാറ്റങ്ങളുടെ എണ്ണം കൂടി വരുന്നതായി കാണുന്നു" എന്നും അക്കൂട്ടത്തില്‍ പറയുന്നുണ്ട്. മാത്രമല്ല 2006 ലെ നിയമം മാറ്റി പുതിയത് കൊണ്ടുവരുന്നതിന്റെ ആവശ്യമെന്തെന്നും എഴുതിവച്ചിട്ടുണ്ട്. "ആ നിയമം നിഷ്‌കര്‍ഷിച്ചിരുന്ന ശിക്ഷാ നടപടികള്‍ കുറ്റവാളികളെ പിന്തിരിപ്പിക്കാന്‍ പോന്നവയായിരുന്നില്ല. ഉത്തരാഖണ്ഡിലെ നിയമത്തില്‍ പറയുന്നതുപോലെയുള്ള ശിക്ഷാനടപടികളും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. മതംമാറ്റത്തിന് വേണ്ടി മാത്രം നടക്കുന്ന വിവാഹങ്ങള്‍ അന്വേഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തില്‍ ഉണ്ടായിരുന്നില്ല. മാത്രല്ല, മതംമാറ്റം നടത്തുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും ശിക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിലവില്‍ ഇല്ലായിരുന്നു." ലവ് ജിഹാദ് എന്ന ഭാവനയെ പെരുപ്പിക്കുന്ന കാര്യത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെ ബി ടീം ആണോ ജുഡീഷ്യറി എന്ന് തോന്നിപ്പിക്കുന്ന നടപടികള്‍ പലകുറി ഉണ്ടായിട്ടുണ്ട്. എന്നാല്‍, ചിലരുടെ ഭാഗത്ത് നിന്നെങ്കിലും ശക്തമായ ചെറുത്ത് നില്‍പ്പും ഉണ്ടായിട്ടുണ്ട്.

representational image

2017 ഒക്റ്റോബര്‍ 19 ന് കേരള ഹൈക്കോടതിയില്‍ നിന്ന് അത്തരമൊരു വിധിയുണ്ടായി. അനീസ് ഹമീദ് Vs കേരള എന്ന കേസില്‍ വിധി പറയുന്ന വേളയില്‍ ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ ലവ് ജിഹാദ് ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു. "വിവാഹത്തിന് മുമ്പ് പങ്കാളികള്‍ തമ്മില്‍ ദിവ്യമായ പ്രണയം ഉണ്ടെങ്കില്‍ പോലും, ഓരോ മിശ്രവിവാഹത്തെയും 'ലവ് ജിഹാദ്', 'ഘര്‍ വാപ്സി' എന്നീ പേരുകള്‍ വിളിച്ച് വിവാദമാക്കുന്ന പ്രവണത കാണുമ്പോള്‍ വല്ലാത്ത അമ്പരപ്പ് തോന്നുന്നു," എന്ന് അവര്‍ വിധിയുടെ ഭാഗമായി എഴുതി.

ഒരു യോഗ കേന്ദ്രത്തിന് എതിരെ പോലീസ് അന്വേഷണവും കോടതി പ്രഖ്യാപിക്കുകയുണ്ടായി. മറ്റു മതത്തില്‍പ്പെട്ടവരെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായിരുന്നു ആ കേന്ദ്രം. അനീസ് ഹമീദിന്റെ ഭാര്യ ശ്രുതി മേലേടത്തിനെ ഈ യോഗ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവരെ രണ്ടുപേരെയും ഹരിയാനയിലെ സോനിപത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ അതിനുശേഷം ശ്രുതിയെ മാതാപിതാക്കളുടെ പക്കലേക്കാണ് പോലീസ് പറഞ്ഞയച്ചത്. അവരാകട്ടെ പെണ്‍കുട്ടിയെ യോഗ കേന്ദ്രത്തിലാക്കി അന്യായമായി തടഞ്ഞു വെക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുകയും ചെയ്തു.

സ്വന്തം പങ്കാളിയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെ ഉറപ്പിക്കുന്ന തരത്തിലുള്ള നീക്കം സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തരം നിയമങ്ങളുടെ കാര്യത്തിലല്ല കോടതി അത് പറഞ്ഞത്. സ്വകാര്യതയും മൗലിക അവകാശം തന്നെയാണെന്ന് പ്രഖ്യാപിക്കുന്ന വിധിയായിരുന്നു പുട്ടസ്വാമി കേസിലേത് (2017). സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കുന്നതും, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും സ്വകാര്യതയുടെയും സമത്വത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ആ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുക എന്നത് പ്രായപൂര്‍ത്തിയായ വ്യക്തിയുടെ അവകാശമാണെന്നും, മാതാപിതാക്കള്‍, സമുദായം, ഖാപ്പ് പഞ്ചായത്ത് എന്നിവയ്ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഷഫിന്‍ ജഹാന്‍ (2018), ശക്തി വാഹിനി (2018) എന്നീ കേസുകളിലും കോടതി നിസ്സംശയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ഹര്‍ജി ഫയല്‍ ചെയ്യുന്നവര്‍ ഇത്തരം കേസ്സുകളുമായി ഇനിയും സുപ്രീം കോടതിക്ക് മുന്നിലെത്തിയേക്കാം. അപ്പോള്‍, പഴയ സംഭവങ്ങളില്‍ നിന്ന് നേടിയ ഉള്‍ക്കാഴ്ചയോടെ കോടതി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(അവസാനിച്ചു)

livelaw.in ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ: തോമസ് കൊമരിക്കല്‍

Leave a comment