TMJ
searchnav-menu
post-thumbnail

Outlook

മഹാസമരത്തിന്റെ മഹാവിജയം

19 Nov 2021   |   1 min Read
എന്‍ കെ ഭൂപേഷ്

Photo : PTI

'ര്‍ഷകര്‍ക്ക് ഞങ്ങള്‍ മികച്ച ഇനം വിത്ത് കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ചെറുകിട ജലസേചന പദ്ധതികള്‍ ഉറപ്പുനല്‍കി. 22 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി. കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിച്ചു. എന്നാല്‍ പുതിയ നിയമത്തിന്റെ ഗുണം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.'

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും മോദി എന്ന സര്‍വാധികാരി പരാജയപ്പെട്ടുവെന്ന വാക്ക് ഉപയോഗിക്കുന്നത്. സമരം ചെയ്തവരെ തീവ്രവാദികളെന്നും മറ്റും വിളിച്ച അതേ ആളുകളാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും അടുത്തുതന്നെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പാണ് മോദിയുടെ നീക്കത്തിന് പിന്നില്‍ എന്ന് പറയാമെങ്കിലും അതിലേക്ക് എത്തിച്ചത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് നടന്ന സമരമാണ്. ഇനിയുള്ള ചോദ്യം മോദിയെ കീഴടക്കിയ കര്‍ഷകരില്‍നിന്ന് ഇന്ത്യയിലെ പ്രതിപക്ഷം പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറുണ്ടോ എന്നതാണ്. അതിശക്തമായ സമരം നടത്തിയ കര്‍ഷകര്‍, ഇതുവരെ സ്വീകരിച്ച രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയി ഉത്തര്‍പ്രദേശില്‍ ബിജെപിയെ പിടിച്ചുകെട്ടുമോ എന്നതാണ്. ഈ രണ്ട് കാര്യത്തിലും എന്ത് സംഭവിക്കുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്. അതിശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പൗരത്വ നിയമഭേദഗതി ഇതുവരെ നടപ്പിലാക്കാന്‍ (ചട്ടങ്ങള്‍ കൊണ്ടുവരാന്‍) കഴിഞ്ഞിട്ടില്ലെന്ന കാര്യം കൂടി ഓര്‍ക്കുമ്പോഴാണ് വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടപ്പടി സമരങ്ങള്‍ക്കപ്പുറം, ജനമുന്നേറ്റമാണ് ഹിന്ദുത്വത്തെയും അസ്വസ്ഥരാക്കുന്നതെന്ന കാര്യം ബോധ്യപ്പെടുക.

കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് നരേന്ദ്രമോദി ഭരണകൂടം സമരക്കാര്‍ക്ക് മുന്നില്‍ പൂര്‍ണമായ കീഴടങ്ങല്‍ പ്രഖ്യാപിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം. ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ ഈ പ്രഖ്യാപനം നടത്തുന്നതോടെ, പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യത്തിന്റെ സാധ്യതകളും മോദിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിലുമപ്പുറം കര്‍ഷക സമരം ഉത്തര്‍പ്രദേശില്‍ സാധ്യമാക്കിയ സാമുദായിക സമവാക്യങ്ങളാണ് ബിജെപി ഭയന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുസ്ലീം വിരുദ്ധയുടെ കലാള്‍പടകളായി മാറിയിരുന്ന ജാട്ട് കര്‍ഷകരുടെ മനംമാറ്റം യോഗി ആദിത്യനാഥിന് അധികാരം നഷ്ടപെടുത്തിയേക്കാമെന്ന ഭീതിയാണ് മോദിയുടെ കീഴടങ്ങലിന് വേഗം കൂട്ടിയത്.

ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ബിജെപി സംഘം വെടി ഉതിര്‍ത്തത്. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുള്‍പ്പെടെയുള്ള സംഘമാണ് വെടിവെച്ചതെന്ന ആരോപണമുണ്ടായി. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ സുപ്രീംകോടതി, ഹരിയാന-പഞ്ചാബ് ഹൈക്കോടതി റിട്ടയേര്‍ഡ് മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജെയ്‌നിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ലക്‌നൗ നഗരത്തില്‍നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലക്കിംപൂര്‍. കര്‍ഷക സമരത്തില്‍ നേരിട്ട് പങ്കാളികളാവാതിരുന്ന ചെറുകിട കര്‍ഷകരെപോലും മോദി സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ അവിടുത്തെ വെടിവെയ്പ്പും യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാരണമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കുര്‍മി, മൗര്യ വിഭാഗത്തില്‍പ്പെട്ട, നേരത്തെ ബിജെപിയോടൊപ്പം നിന്ന കര്‍ഷകര്‍, പരസ്യമായി ബിജെപിയെ തള്ളി പറഞ്ഞ് രംഗത്ത് വന്നത് ഈ വെടിവെയ്‌പ്പോടെയാണ്. മാധ്യമങ്ങള്‍ പൂര്‍ണമായി അവഗണിച്ചപ്പോഴും കര്‍ഷകസമരം ഒരോ ദിവസം കഴിയുന്തോറും ബിജെപിയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

Photo : PTI

അതിന് മുമ്പാണ് ബിജെപിയുടെ ശക്തികേന്ദ്രമായ മുസഫര്‍നഗറില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത് നടന്നത്. അന്ന് അവിടെ ചേര്‍ന്ന യോഗത്തിന് പല പ്രത്യേകതകളുണ്ടായിരുന്നു. മുസഫര്‍നഗറില്‍ ഹിന്ദുത്വ ശക്തികളുടെ മുസ്ലീം വിരുദ്ധ കലാപത്തിന് മുന്നണിയില്‍ നിന്നവരായിരുന്നു ജാട്ട് കര്‍ഷകര്‍. അവരായിരുന്നു അന്ന് നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും. കൂടെ മുസ്ലീം കര്‍ഷകരും കര്‍ഷക തൊഴിലാളികളും. അന്ന് മുസ്ലീം വിരുദ്ധ കലാപത്തില്‍ പങ്കെടുത്തതില്‍ തെറ്റ് ഏറ്റുപറഞ്ഞായിരുന്നു പലരും അവിടെ പ്രസംഗിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുസഫര്‍നഗറില്‍ കലാപത്തിന് മുമ്പ് ബിജെപിയുടെ കാര്‍മികത്വത്തില്‍ നടത്തിയ മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആളായിരുന്നു ഇപ്പോഴത്തെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. വിദ്വേഷത്തിന്റെ ആ കാലം തള്ളിപറഞ്ഞാണ് അദ്ദേഹം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കോര്‍പറേറ്റ് നയത്തിനെതിരെ അണിനിരത്തിയത്.

ജാട്ട്- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ കലാപത്തിന് ശേഷം നിലനിന്നിരുന്ന ശത്രുതയും അകല്‍ച്ചയും പരിഹരിക്കാന്‍ കര്‍ഷക സമരത്തിന് കഴിഞ്ഞുവെന്നതായിരുന്നു ഉത്തര്‍പ്രദേശില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രണ്ട് സമുദായങ്ങള്‍ അടുക്കുമ്പോള്‍, അവര്‍ അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നിക്കുമ്പോള്‍ സമരത്തിന് ഇറങ്ങുമ്പോള്‍, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിത്തറയില്‍ പണിത വെറുപ്പിന്റെ സംഘങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്ന് കാര്യം ഉറപ്പാണ്. കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്‍റെ സൂചനയാണ് നല്‍കിയത്.

കര്‍ഷക സമരത്തിന്റെ ആദ്യഘട്ടത്തിലും, ചിലരെങ്കിലും ഇപ്പോഴും ഉയര്‍ത്തിയ ചോദ്യങ്ങളുണ്ടായിരുന്നു. വര്‍ഗപരവും, ജാതീയവുമായ വേര്‍തിരിവുകളെ അതിജീവിച്ച് എങ്ങനെ കര്‍ഷക സമരം ഒരു ജനമുന്നേറ്റമാകുമെന്നതായിരുന്നു അത്. പഞ്ചാബിനെയും ഹരിയാനയേയും ഉത്തര്‍പ്രദേശിനെയുമൊക്കെ ബന്ധപ്പെടുത്തി ഈ ചോദ്യങ്ങളുയര്‍ന്നു. വന്‍കിട കര്‍ഷകരും സവര്‍ണരുമായവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പിന്നാക്ക ജാതിക്കാരും, ദളിതരുമായ കര്‍ഷക തൊഴിലാളികളുടേതുമാകുമെന്നായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം. വര്‍ഗ ജാതി വിഭജനങ്ങളെ മറികടന്നുകൊണ്ടുള്ള ഒരു മുന്നേറ്റം സാധ്യമാണോ എന്നതായിരുന്നു ഉന്നയിക്കപ്പെട്ട സംശയം. കര്‍ഷക സമരത്തിന്റെ പശ്ചാത്തലമൊരുക്കലിനെകുറിച്ച് പുറത്തുവന്ന ചില പഠനങ്ങളില്‍ ഈ വിഷയം അഭിമുഖീകരിക്കുന്നുണ്ട്. സമരത്തിന് ആധാരമായ കാരണങ്ങള്‍ വിവിധ വിഭാഗം കര്‍ഷകരെ ബാധിക്കുന്നതാണെന്നാണ് ഇതുമായി ബന്ധപ്പെട്ടുളള വിശദീകരണം. പ്രത്യേകിച്ച് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മന്തി സമ്പ്രദായം (Mandi system). സമരക്കാരുടെ ഇടയില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന മുദ്രാവാക്യം മസ്ദുര്‍-കിസാന്‍ ഏക്ത സിന്ദാബാദ് എന്നതായിരുന്നു( long live labour farmer untiy). ഇത് വളരെ പ്രധാനമാണെന്ന് പറയുന്നു ഇന്ത്യയിലെ കാര്‍ഷിക രംഗത്തെ മാറ്റങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക മാനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷക ശ്രേയ സിന്‍ഹ. ഇത് ഈയടുത്ത് മാത്രം സംഭവിക്കുന്ന മാറ്റമല്ലെന്ന് അവര്‍ വിശദീകരിക്കുന്നു 'കര്‍ഷക തൊഴിലാളി സംഘടനകള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്നത് ചെറിയ കാര്യമല്ല, ചരിത്രപരമായി തന്നെ വന്‍കിടക്കാരായ ജാട്ട് സിഖ് കര്‍ഷകരും ഭൂരഹിതരായ ദളിത് കര്‍ഷക തൊഴിലാളികളും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. 1970 കളിലും 80 കളിലും പഞ്ചാബില്‍ രൂപപ്പെട്ട കര്‍ഷക സംഘടനകള്‍ വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എന്നാല്‍ ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങള്‍ ഇല്ലാതായതോടെ സ്ഥിതി മാറി.' കര്‍ഷക തൊഴിലാളി- കര്‍ഷക സഖ്യത്തിന് മുന്‍കൈയെടുത്തത് പഞ്ചാബിലെ ഏറ്റവും വലിയ കര്‍ഷക സംഘടനയായ ബികെയു (ഏക്ത് ഉഗ്രഹാന്‍) ആണെന്നും അവര്‍ പറയുന്നു. വളരെ ബോധപൂര്‍വമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനമാണ് ഇത്തരമൊരു സഖ്യം സാധ്യമാക്കിയതെന്ന് ബികെയു നേതാവ് തന്നോട് പറഞ്ഞതായും ശ്രേയ സിന്‍ഹ എഴുതുന്നുണ്ട്. ഇതിന്റെ ഭാഗമായി കര്‍ഷക തൊഴിലാളികളുടെ സമരത്തെ കര്‍ഷക സംഘടനകള്‍ പിന്തുണച്ച സാഹചര്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജാതിയമായ വിഭജനത്തെ മറികടക്കാന്‍ സമരത്തില്‍പങ്കെടുത്ത ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ ഭക്ഷണപാത്രങ്ങള്‍ കഴുകാന്‍ മുന്നിട്ടിറങ്ങിയ കഥയും അദ്ദേഹം വിശദീകരിച്ചതായി ശ്രേയ സിന്‍ഹ എഴുതുന്നുണ്ട്. (https://www.theindiaforum.in/article/agrarian-crisis-punjab-and-making-anti-farm-law-protests) അതായത് നേരത്തെ തന്നെ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കര്‍ഷക സമരത്തെ ഇത്രയും വലിയ വിജയത്തിലേക്ക് എത്തിച്ചതെന്ന് വേണം കണക്കാക്കാന്‍. ജാതീയവും വര്‍ഗപരവുമായ വിഭജനങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെങ്കിലും അത്തരത്തില്‍ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കര്‍ഷക സമരത്തിലൂടെ സാധിച്ചുവെന്നത് കൂടിയാണ് ഈ സമര വിജയത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കുന്നത്. മുസ്ഫര്‍ നഗറിലെ ജാട്ട് വിഭാഗം മുസ്ലീങ്ങളുമായുള്ള ശത്രുത അവസാനിപ്പിക്കുകയും വിവിധ സാമുദായിക വിഭാഗങ്ങള്‍ സമരത്തില്‍ കണ്ണിചേരുകയും ചെയ്യുന്നവെന്നതൊക്കെ ഇതിന്റെ തന്നെ ഭാഗമായിട്ട് കാണേണ്ടതാണ്. ആ അര്‍ത്ഥത്തിലാണ് ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ കീഴടങ്ങല്‍ കൂടുതല്‍ രാഷട്രീയ പ്രാധാന്യമുള്ളതാകുന്നത്.
എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളും ഭരണ സംവിധാനങ്ങള്‍ക്കുളളിലെ ഇടപെടലുകള്‍ കൊണ്ട് പരിഹാരമാകുമെന്ന രാഷ്ട്രീയനിലപാടിനെ കൂടി കര്‍ഷക സമരം ഫലപ്രദമായി കൈയൊഴിഞ്ഞിട്ടുണ്ട്. ഈ സമരവുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളോ, കോടതിയൊ പോലും നടത്തിയ ഇടപെടലുകളല്ല, മറിച്ച് ജനകീയ മുന്നേറ്റങ്ങളാണ് ഭരണകൂടത്തെ തിരുത്തുകയെന്നതാണ് ആ രാഷ്ട്രീയ പാഠം. അയോധ്യയും, ആധാറും, റാഫേലും എല്ലാം കഴിഞ്ഞിട്ടും കോടതികള്‍ എല്ലാ ജനകീയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി തരുമെന്ന സാമ്പ്രദായിക യുക്തിയില്‍ അഭിരമിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. അത്തരമൊരു സാധ്യത ഉപയോഗിക്കുമ്പോള്‍ ത്‌ന്നെ ജനകീയ സമരമല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് രാഷട്രീയ പാഠമാണ് കര്‍ഷകര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് പറയുന്നത്.
നിയമം നല്ലാതാണെന്ന് ഇപ്പോഴും പറയുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് സമരം നിര്‍ത്താന്‍ ഇപ്പോഴും തയ്യാറല്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. മൂന്ന് നിയമത്തെ പറ്റി മാത്രമല്ല, മറിച്ച് ഉത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കണം, ഇലക്ട്രസിറ്റി ഭേദഗതി പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും നടപ്പിലാക്കണമെന്നും മോര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി / Photo : PTI

ഇന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയുന്നുണ്ട്. അതുപക്ഷെ 700 ഓളം കര്‍ഷകര്‍ക്ക് സമരത്തില്‍ ജീവന്‍ നഷ്ടപെട്ടതിനല്ല, ലക്കി്ംപൂരില്‍ ഹിന്ദുത്വത്തിന്റെ ഗുണ്ടാ സംഘങ്ങള്‍ വെടിവെച്ച് കര്‍ഷകരെ കൊലപെടുത്തിയതിനോ, ഭീകരവാദികള്‍ എന്ന് സമരക്കാരെ അപഹസിച്ചതിനോ അല്ല, മറിച്ച് നിയമം നല്ലതിനാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതിനാണ്
അതായത് ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഹരിയാനയിലും സമരം രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമോ എന്ന ഭീതിയാണ് പിന്‍മാറ്റത്തിന് കാരണം

2014 ല്‍ മോദിയുടെ അധികാരത്തിലേക്കുളള വഴി ഉറപ്പാക്കുന്നതിന് വേണ്ടി അന്നാ ഹസാരെയും അരവിന്ദ് കേജ്‌റിവാളും ഉള്‍പ്പെട്ട സംഘം നടത്തിയ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സമരത്തോടും, കര്‍ഷക സമരത്തോടും ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം ശ്രദ്ധിക്കേണ്ടതാണ്. അന്നത്തെ സമരത്തെ നിലനിര്‍ത്താന്‍ മണിക്കൂറുകള്‍ നീക്കിവെച്ച ചാനലുകള്‍ കര്‍ഷക സമരത്തെ അപഹസിച്ചും അവഗണിച്ചും ഇല്ലാതാക്കാനായിരുന്നു പ്രയത്നിച്ചുകൊണ്ടിരുന്നത്. ആദ്യത്തെ ശ്രമത്തില്‍ അവര്‍ വിജയിച്ചപ്പോള്‍, ഇപ്പോള്‍ മോദിയൊടൊപ്പം അവരും തോറ്റു. ഹിന്ദുത്വ രാഷ്ടീയത്തിന്റെ കുടിലതകളെയും, കോവിഡിനെയും തണുപ്പിനെയും, മാധ്യമങ്ങളെയും എല്ലാം നേരിട്ടാണ് കര്‍ഷകര്‍ വിജയിച്ചത്. ഈ മുന്നേറ്റത്തെ ഹിന്ദുത്വത്തിനെതിരായ ജനകീയ വിജയമായി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ് പ്രധാനം. കര്‍ഷകര്‍ തെരുവുകളില്‍നിന്ന് നല്‍കിയ പാഠങ്ങള്‍ അവര്‍ ഉള്‍കൊള്ളുമോ എന്നതാണ് ജനാധിപത്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമാകുക.

Leave a comment