കര്‍ഷകര്‍ ഉഴുതുമറിക്കുന്ന ദേശീയരാഷ്ട്രീയം
മൂന്ന് ദിവസം മുമ്പാണ് ചില ദേശീയ മാധ്യമങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായ സര്‍വെ പ്രസിദ്ധീകരിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്താരഖണ്ഡ് ഗോവ മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വെയാണ് പുറത്തുവിട്ടത് എല്ലായിടത്തും കോണ്‍ഗ്രസ് തോല്‍ക്കുമെന്നും പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റവുമെന്നുമാണ് അഭിപ്രായ സര്‍വെ. പതിവുപോലെ അഭിപ്രായ സര്‍വെയുടെ ശാസ്ത്രീയത സംബന്ധിച്ച് വായനക്കാർക്കും പ്രേക്ഷകർക്കും ബോധ്യമാകുന്ന തരത്തിലുളള വിശദാംശങ്ങള്‍ ലഭ്യമാക്കിയിരുന്നുമില്ല. ഈ അഭിപ്രായ സര്‍വേ പുറത്തുവന്ന സമയം വളരെ പ്രധാനമാണ്. ദേശീയ മാധ്യമങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ തുടരുന്ന കര്‍ഷക സമരം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ബിജെപിയുടെ വിജയം ഉത്തര്‍പ്രദേശിലടക്കം പ്രവചിക്കപ്പെട്ടത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ യാഥാര്‍ഥ്യത്തോടെ എത്രത്തോളം പ്രതിഫലിക്കപ്പെടാറുണ്ടെന്ന വസ്തുത അവശേഷിക്കുമ്പോഴും, ബിജെപി വിരുദ്ധ നിലപാട് കര്‍ഷകര്‍ സ്വീകരിച്ചതോടെ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ മാറ്റത്തെ, പ്രചരണത്തിലൂടെ മറികടക്കാനുള്ള ഒരു നീക്കമാണോ അസമയത്ത് അവതരിപ്പിക്കപ്പെട്ട അഭിപ്രായ സര്‍വെകള്‍ എന്ന സംശയിക്കാവുന്നതാണ്.
ഇങ്ങനെ കരുതാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമരം ചെയ്യുന്ന കര്‍ഷകര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കുകയെന്ന രാഷട്രീയ തീരുമാനം അവര്‍ നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പിലാക്കുന്നതിന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രചാരണം നടത്തുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും അവര്‍ സമാനമായ തീരുമാനം എടുത്തിരുന്നു.
കര്‍ഷക സമരം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഹാപഞ്ചായത്തിനാണ് ഞായറാഴ്ച (5sep 2021) മുസഫര്‍നഗര്‍ സാക്ഷ്യം വഹിച്ചത്. ലക്ഷങ്ങള്‍ പങ്കെടുത്ത സമ്മേളനം. കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകര്‍ നടത്തുന്ന സമരം വിജയിക്കണമെങ്കില്‍ അത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തികൊണ്ട് മാത്രമെ സാധ്യമാകുവെന്ന രാഷ്ട്രീയ ബോധ്യത്തിലേക്ക് സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകള്‍ എത്തിയെന്നതാണ് കാര്‍ഷിക സമരത്തെ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറ്റുന്നത്. ഈ രാഷ്ട്രീയ ബോധ്യത്തിലേക്ക് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ എത്തുകയെന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിന്റെ സമീപകാല ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മുസഫര്‍നഗറില്‍ ഇത്തരമൊരു സമ്മേളനം നടന്നുവെന്നതാണ് കര്‍ഷക മഹാപഞ്ചായത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിന്റെയും ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ തന്നെയും രാഷ്ട്രീയ ഗതി മാറ്റിയ വര്‍ഗിയ കലാപം നടന്ന പശ്ചിമ ഉത്തര്‍പ്രദേശിലാണ് മുസഫര്‍ നഗര്‍. ഹിന്ദു-മുസ്ലീം കലാപത്തിലേക്ക് പാകപ്പെടുത്തുന്ന വിധത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയായിരുന്നുവെന്നത് ഇന്ന് വിവിധ പഠനങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ എന്ന വിഭാഗത്തെ മതപരമായി ഭിന്നിപ്പിച്ചുകൊണ്ടാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നിന് സംഘപരിവാരം മുസഫര്‍ നഗറിനെ പാകപ്പെടുത്തിയത്. കര്‍ഷകര്‍ എന്നതില്‍നിന്ന് മുസ്ലീംങ്ങളും ജാട്ടുകളും എന്ന സാമുദായിക അസ്ഥിത്വത്തിലേക്ക് അവിടുത്തെ ജനങ്ങളെ മാറ്റിയെടുക്കുന്നതില്‍ ബിജെപിയും മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും സാധിച്ചു. ഈ ഭിന്നതയാണ് മുസഫര്‍നഗറിനെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റേയും രാഷ്ട്രീയം മാറ്റിയത്.
മുസഫര്‍നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയത്തെ ഏറെക്കാലം നിയന്ത്രിച്ചിരുന്നത് ചൗധരി ചരണ്‍ സിങ്ങായിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലത്ത് കുറച്ച് മാസം അദ്ദേഹം പ്രധാനമന്ത്രിയുമായി. രാഷ്ട്രീയമായി അദ്ദേഹം ശക്തി നേടിയതിന്റെ ഒരു കാരണമായി പറയുന്നത് ചരണ്‍ സിങ്ങിന് തന്റെ മേഖലയില്‍ ജാട്ടുവിഭാഗത്തില്‍പ്പെട്ടവരെയും മുസ്‌ലീങ്ങളെയും ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞുവെന്നതു കൊണ്ടു കൂടിയാണെന്നാണ്. അന്ന് ചരണ്‍സിങ്ങ് രൂപപ്പെടുത്തിയ സാമുഹ്യ സഖ്യം MAGAR എന്നായിരുന്നു അറിയപ്പെട്ടത്. മുസ്ലിം, അഹിര്‍(യാദവ്), ജാട്ട്, ഗുജ്ജാര്‍,രാജ്പുത്ത് വിഭാഗങ്ങളെ ചേര്‍ത്തായിരുന്നു ഈ വിളിപ്പേര്. പ്രധാനമായും മധ്യവര്‍ഗ കര്‍ഷകരായിരുന്നു ഇതിന്റെ അടിത്തറ. ഹരിതവിപ്ലവത്തിന് ശേഷമുള്ള സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള രാഷ്ട്രീയ അധികാരമായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂദായിക വൈജാത്യത്തെ കര്‍ഷക താല്‍പര്യം കൊണ്ട് ഇല്ലായ്മ ചെയ്യാന്‍ ചരണ്‍ സിങ്ങിന് അക്കാലത്ത് കഴിഞ്ഞിരുന്നു.
ചരണ്‍ സിങ്ങിന് ശേഷം ഈ മേഖലയിലെ കര്‍ഷകരെ നയിച്ചത് മഹേന്ദ്ര സിങ്ങ് ടിക്കായത്തായിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാരിനെ വിറപ്പിച്ച വലിയ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടാണ് ടിക്കായത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന കര്‍ഷക നേതാവായത്. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു. അതെസമയത്തുതന്നെയാണ് സംവരണത്തിനെതിരായ നീക്കങ്ങളില്‍ ജാട്ട് വിഭാഗത്തില്‍പ്പെട്ട ഒരുപറ്റം കര്‍ഷകര്‍ ഭാഗഭാക്കായതും. ഇതിന്റെ തുടര്‍ച്ചയായി ബാബ്‌റി മസ്ജിദ് തകര്‍ക്കാനുള്ള ഹിന്ദുത്വ ആക്രമ സമരങ്ങളിലും ജാട്ട് വിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ പങ്കാളികളായി. ഇവിടെവെച്ചാണ് ബിജെപി പതുക്കെ ജാട്ട് വിഭാഗത്തില്‍ പിടിമുറുക്കി തുടങ്ങുന്നത്. 2000 ത്തിന്‍റെ തുടക്കത്തില്‍ ചരണ്‍ സിങ്ങിന്റെ മകന്‍ അജിത്ത് സിങ്ങ് തന്‍റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദളിനെ ബിജെപി മുന്നണിയിലെത്തിച്ചതോടെ, ആ പാര്‍ട്ടിയില്‍നിന്ന് മുസ്ലീങ്ങളും അകന്നു. ഇങ്ങനെയൊക്കെ രൂപപ്പെട്ട ഭൂമികയിലാണ് ബിജെപി തങ്ങളുടെ അജണ്ട നടപ്പിലാക്കിയത്. അത് തീവ്രമായി പ്രയോഗിക്കപ്പെട്ടത് 2013 ലെ കലാപവേളയിലാണ്. 40 ശതമാനത്തോളം മുസ്ലീങ്ങള്‍ ഉള്ള ഈ മേഖലയില്‍ ലൗ ജിഹാദായിരുന്നു പ്രധാന വര്‍ഗീയ ധ്രുവീകരണ ആയുധം. മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു എന്നതായിരുന്നു ആരോപണം. ആദ്യ ഘട്ടത്തില്‍ മുസ്ലീങ്ങള്‍ നടത്തിയിരുന്ന മൊബൈല്‍ കടകള്‍ ബഹിഷ്‌ക്കരിക്കാനായിരുന്നു ആഹ്വാനം. നിരവധി ചെറു വര്‍ഗീയ ലഹളകള്‍ ഇക്കാലത്ത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ അരങ്ങേറി. മുസ്ലീങ്ങളുടെ 'ആക്രമണത്തെ' പ്രതിരോധിക്കുന്നതിന് അക്കാലത്ത് ചേര്‍ന്ന മഹാപഞ്ചായത്തുകളില്‍ ബിജെപിയുടെ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തവരില്‍ ഇപ്പോള്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്റെ രാകേഷ് ടിക്കായത്തും സഹോദരന്‍ നരേഷ് ടിക്കായത്തും ഉണ്ടായിരുന്നു. ഇവരോടൊപ്പം ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും വര്‍ഗീയ കലാപത്തിന്റെ സമയത്ത് ചേര്‍ന്ന മഹാപഞ്ചായത്തുകളില്‍ പങ്കെടുത്തു. അങ്ങനെ ചേര്‍ന്ന ഒരു മഹാപഞ്ചായത്തിന് ശേഷമാണ് മുസ്ലീങ്ങളും അവരുടെ വീടുകളും സ്വത്തുവകകളും വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഇതിന് ശേഷമാണ് ബിജെപി ഈ മേഖലയില്‍ പിടിമുറുക്കിയത്. അതുവരെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുണ്ടായിരുന്ന ആര്‍ എല്‍ ഡിയ്ക്ക് തിരിച്ചടി നേരിട്ടു. അക്കാലത്ത് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തിയ പഠനത്തില്‍ ബി എസ് പിക്കുണ്ടായ വോട്ട് ശോഷണത്തെക്കുറിച്ച് പറയുന്നുണ്ട്. വാല്‍മികി സമുദായത്തിലെ 71 ശതമാനം പേരും 2007 ല്‍ ബി എസ് പി ക്കായിരുന്നു വോട്ട് ചെയ്തിരുന്നുവെങ്കില്‍ 2012 ലെ തെരഞ്ഞെടുപ്പില്‍ അത് 42 ശതമാനമായി കുറഞ്ഞുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഈ വോട്ട് നഷ്ടം ബിജെപിയ്ക്ക് അനുകൂലമായിട്ടായിരുന്നു ധ്രുവീകരിക്കപ്പെട്ടത്. വര്‍ഗീയ കലാപത്തെ തുടര്‍ന്ന് നിരവധി മുസ്ലീ കുടംബങ്ങള്‍ക്കാണ് ഇവിടെനിന്ന് മാറി താമസിക്കേണ്ടി വന്നത്.
ഇതിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ കണ്ടതും 2017 ല്‍ വലിയ മുന്നേറ്റം ബിജെപിയുണ്ടാക്കിയതും യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതും. രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയ നീക്കങ്ങളില്‍ പങ്കാളികളായതിനെ തുടര്‍ന്ന് അവരുടെ സംഘടനയിലുണ്ടായിരുന്ന മുസ്ലീങ്ങള്‍ പിരിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്.
ഇത്രയും വലിയ സാമുദായിക ധ്രൂവീകരണം നടന്ന സ്ഥലത്താണ് മറ്റൊരു മഹാപഞ്ചായത്ത് നടന്നതും ബിജെപിയെ തോല്‍പ്പിക്കാനുള്ള രാഷ്ട്രീയ പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചതും എന്നതാണ് ശ്രദ്ധേയം. എന്നുമാത്രമല്ല, സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി, സാമൂദായിക ഭിന്നതയെ മറികടക്കുന്നതായാണ് മഹാപഞ്ചായത്തില്‍ കണ്ടത്. വിഭാഗീയമായ പ്രചാരണം മൂലം അകന്നു പോയ ജാട്ട് വിഭാഗത്തില്‍പ്പെട്ടവരും മുസ്ലീങ്ങളും യോജിച്ചുകൊണ്ടായിരുന്നു ഞായറാഴ്ചത്തെ സമ്മേളനത്തില്‍ അണിനിരന്നത്. ഇതിന് നേതൃത്വം നല്‍കിയതാവട്ടെ വര്‍ഗീയ കലാപത്തിന്റെ സമയത്ത് സംഘ്പരിവാര്‍ അജണ്ടയില്‍ വീണുപോയ രാകേഷ് ടിക്കായത്തും.
ഞായറാഴ്ച നടന്ന പ്രസംഗങ്ങളില്‍ കോര്‍പ്പറേറ്റ് അനൂകൂല കാര്‍ഷിക പരിഷ്‌ക്കാരങ്ങളെ വിമര്‍ശിക്കുന്നതോടൊപ്പം പല നേതാക്കളും ഊന്നിയതും സാമുദായിക ഐക്യത്തെക്കുറിച്ചായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കലാപത്തിലൂടെ അധികാരത്തിലെത്തിയവര്‍ എന്നാണ് മോദിയും ഷായും മഹാപഞ്ചായത്തില്‍ വിശേഷിക്കപ്പെട്ടത്. കാര്‍ഷിക നിയമങ്ങളോടൊപ്പം മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുമേഖല വിറ്റഴിക്കല്‍ വരെയുള്ള വിഷയങ്ങള്‍ക്കെതിരെയാണ് കര്‍ഷക നേതാക്കള്‍ സംസാരിച്ചത്. ഉത്തര്‍പ്രദേശിലെ വിവിധ മേഖലകളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ നടത്താനും മഹാപഞ്ചായത്തില്‍ തീരുമാനമായി. പഞ്ചാബില്‍നിന്ന് രാജ്യത്തെ കാര്‍ഷിക സംസ്ഥാനങ്ങളുടെയെല്ലാം പങ്കാളിത്തതോടെയാണ് കര്‍ഷക സമരം മുന്നേറുന്നത്.
കര്‍ഷകരും കര്‍ഷകതൊഴിലാളികളും തമ്മില്‍ നിലനില്‍ക്കുന്ന വിഭജനത്തെയും ജാട്ടുകളും മുസ്ലീങ്ങളും പിന്നാക്ക ജാതി വിഭാഗകാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സാമുദായിക വിഭജനത്തെയും മറികടന്നുകൊണ്ടാണ് കര്‍ഷക മുന്നേറ്റം സാധ്യമായതെന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയം. വന്‍കിട കര്‍ഷകരും കര്‍ഷക തൊഴിലാളികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പലതരത്തിലുളള ഭിന്നതകളെ പരിഹരിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയതായും അതിന്‍റെ കൂടെ ഫലമാണ് ഇപ്പോഴത്തെ യോജിച്ച മുന്നേറ്റമെന്നുമുള്ള റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിജെപിയെ കര്‍ഷക മുന്നേറ്റം രാഷ്ട്രീയമായി അങ്കലാപ്പിലാക്കുന്നുവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് പാര്‍ട്ടി നേതാവ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവാശ്യപ്പെട്ടുകൊണ്ടാണ് ലക്ഷങ്ങള്‍ പങ്കെടുത്ത മഹാപഞ്ചായത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ഷെയര്‍ ചെയ്തത്.
ഇന്ത്യയുടെ രാഷ്ട്രീയത്തെ നിര്‍ണയിച്ച നിരവധി കര്‍ഷക സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെലങ്കാനയും തേഭാഗയും നക്‌സല്‍ബാരിയുമെല്ലാം. വ്യവസ്ഥാപിത പ്രതിപക്ഷ പാര്‍ട്ടികള്‍ നിസ്‌തേജരാക്കപ്പെട്ട വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ തിരുത്തിന് ചാലക ശക്തിയാകാന്‍ കര്‍ഷക മുന്നേറ്റത്തിന് കഴിയുമെന്നതാണ് ഇതുവരെയുള്ള അവരുടെ പ്രതിരോധം സൂചിപ്പിക്കുന്നത്. അത് ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തിന് കാരണമാകാന്‍ ഇനിയും പലപല വെല്ലുവിളികള്‍ അതിജീവിക്കേണ്ടതുണ്ടെങ്കിലും..