TMJ
searchnav-menu
post-thumbnail

Outlook

മേളകള്‍ - സിനിമയ്ക്കുമപ്പുറം

07 Dec 2022   |   1 min Read
G P Ramachandran

ലോകത്തിലാദ്യത്തെ ചലച്ചിത്ര മേള വെനീസിലേതാണ്. എന്നാല്‍, മേളകളുടെ ത്രസിപ്പിക്കുന്ന ചരിത്രം ആരംഭിക്കുന്നത് 1939 ല്‍ കാനില്‍ നിന്നാണ്. കാന്‍ മേള 1939 ല്‍ ആരംഭിച്ചു. ചരിത്രം നമുക്ക് 1938 ല്‍ നിന്ന് തന്നെ വായിച്ചു തുടങ്ങാം. അതിപ്രകാരമാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് മോസ്ത്രയിലെ അവാര്‍ഡ് നാസി പ്രചാരണത്തിനായി എടുത്ത ഒളിമ്പിയ എന്ന ഡോക്യുമെന്ററി(സംവിധാനം: ലെനി റീഫണ്‍സ്റ്റാള്‍)യ്ക്കായി മാറ്റി സമ്മാനിക്കപ്പെട്ടു. ല ഗ്രാന്‍ഡെ ഇല്ലൂഷന്‍ എന്ന യുദ്ധവിരുദ്ധ സിനിമയ്ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അവാര്‍ഡ്. ഈ ഇടപെടലില്‍ പ്രതിഷേധിച്ച്‌ ഫ്രഞ്ച് സിനിമകള്‍ വെനീസ് മേളയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. പല ജൂറി അംഗങ്ങളും ജൂറിയില്‍ നിന്ന് രാജിവെച്ചു.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചുരുക്കപ്പേരാണ് മോസ്ത്ര. മോസ്ത്ര ഇന്റര്‍നാഷണലെ ദെ ആര്‍ടെ സിനിമാട്ടോഗ്രാഫിക്ക ദെല്ല ബിനാലെ ദി വെനീസിയ എന്നാണ് ഇറ്റാലിയനില്‍ വെനീസ് മേളയുടെ മുഴുവന്‍ പേര്. 1932 ല്‍ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടിയാണ് വെനീസ് മേള ആരംഭിയ്ക്കുന്നത്. വെനീസ് ബിനാലെയുടെ ഭാഗമാണത്. വെനീസ് ബിനാലെ 1893 ലാരംഭിച്ചതാണ്. അവിടെ ചിത്ര-ശില്പകലകളും സംഗീതവും വാസ്തുവിദ്യയും നൃത്തവും നാടകവും സിനിമയുമെല്ലാമുണ്ട്. മുസ്സോളിനിയുടെ കാലത്തിനുശേഷം വെനീസ് ലോകത്തിലെ പ്രമുഖ മേളയായി മാറുകയും യൂറോപ്പിലെ മൂന്ന് സുപ്രധാന മേളകളിലൊന്നും (കാനും ബെര്‍ലിനുമാണ് മറ്റു രണ്ടെണ്ണം) ലോകത്തിലെ ആറ് മേളകളിലൊന്നുമായി ഗണിക്കപ്പെടുന്നു (കാനഡയിലെ ടൊറോന്റോയും അമേരിക്കയിലെ സണ്‍ഡെന്‍സും ആസ്‌ത്രേലിയയിലെ മെല്‍ബണുമാണ് മറ്റു മൂന്നെണ്ണം). വെനീസിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡിന് മുസ്സോളിനി കപ്പ് (കോപ്പ മുസ്സോളിനി) എന്നായിരുന്നു പേരിട്ടിരുന്നത്. 1943 ല്‍ മുസ്സോളിനിയുടെ അധികാരം അവസാനിച്ചതിനെ തുടര്‍ന്നാണ് ഈ പേരു മാറ്റിയത്.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേള, 1932 | photo : wiki commons

വെനീസിലെ അവാര്‍ഡ് അട്ടിമറിയില്‍ ക്ഷുഭിതനായി, ഫ്രഞ്ച് ഡിപ്ലോമാറ്റും ചരിത്രകാരനുമായ ഫിലിപ്പെ എര്‍ലാംഗര്‍ ആണ് സ്വതന്ത്ര ഫെസ്റ്റിവല്‍ എന്ന ആശയം സാക്ഷാത്ക്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. വിലക്കുകളും സമ്മര്‍ദ്ദങ്ങളും തടസ്സങ്ങളും ഇല്ലാത്ത ഫെസ്റ്റിവല്‍. അതാണ് കാന്‍ ഫെസ്റ്റിവലിന്റെ അലിഖിത ഭരണഘടന. ഫ്രഞ്ച് സര്‍ക്കാര്‍ ഈ ആശയത്തോടൊപ്പം നിന്നു. അങ്ങനെ വെനീസ് മേള നടക്കുന്ന അതേ ദിവസങ്ങളില്‍ 1939 സെപ്തംബര്‍ ഒന്നിന് കാനിലെ ആദ്യ മേള ആരംഭിച്ചു.

എന്നാല്‍, 1939 ല്‍ ആരംഭിച്ച കാന്‍ മേള തുടങ്ങിയ ഉടനെ തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു. യുദ്ധം രൂക്ഷമായതായിരുന്നു കാരണം. വില്യം ഡയട്ടര്‍ലെ സംവിധാനം ചെയ്ത ക്വാസിമോഡോ എന്ന അമേരിക്കന്‍ സിനിമയുടെ ഒരു സ്വകാര്യപ്രദര്‍ശനം മാത്രമാണ് ആദ്യവര്‍ഷത്തില്‍ നടന്നത്. ഈ സിനിമയുടെയും മേളയുടെയും പ്രചരണാര്‍ത്ഥം കടല്‍ത്തീരത്ത് നോത്രദാം കത്തീഡ്രലിന്റെ ഒരു ചെറു പകര്‍പ്പ് ഉണ്ടാക്കിവെക്കപ്പെട്ടു. പിന്നീട് 1946 ലാണ് കാന്‍ പുനര്‍ജനിച്ചത്. സെക്കന്റ് ഫസ്റ്റ് ഫെസ്റ്റിവല്‍ എന്നാണ് 1946 ലെ ഫെസ്റ്റിവലിനെ വിളിച്ചത്. 1950 മുതല്‍ കാന്‍ മേളയില്ലാതെ യൂറോപ്പില്‍ വസന്തകാലങ്ങള്‍ കടന്നു പോയിട്ടില്ല. യുദ്ധാനന്തര ഇറ്റലി ലോകത്തിനു സമ്മാനിച്ച നിയോറിയലിസ്റ്റ് സിനിമ ലോകത്തിനു മുമ്പില്‍ ആദ്യം അവതരിപ്പിച്ചത് കാന്‍ മേളയിലായിരുന്നു. കാന്‍ അടക്കമുള്ള മേളകളില്ലായിരുന്നുവെങ്കില്‍ അജ്ഞാതവാസങ്ങളിലാകുമായിരുന്ന എത്രയോ സിനിമകളും മൂവ്‌മെന്റുകളും കലാസ്‌നേഹികള്‍ക്ക് മുമ്പില്‍ അവതീര്‍ണമായി.

ചലച്ചിത്ര പ്രതിഭകള്‍ക്കും കലാകാരന്മാര്‍ക്കും പുറമെ, ബൂദ്ധിജീവികളും ചിന്തകരും ഒത്തുകൂടുന്ന ഇടമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ആദ്യ വര്‍ഷത്തില്‍ തന്നെ ഴാക് റിവെയുടെ ല റിലിജിയോസും (ദ് നണ്‍) 1960 ല്‍ ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റയും ബുനുവലിന്റെ വിറിദിയാനയും പ്രദര്‍ശിപ്പിച്ചപ്പോള്‍ വിവാദങ്ങളുണ്ടായി.

ഗ്ലാമറിന്റെയും പാര്‍ട്ടികളുടെയും ആഡംബര ഹോട്ടലുകളുടെയും വില്ലകളുടെയും നൗകകളുടെയും കൊണ്ടാട്ടമാണ് കാന്‍. സിനിമയ്ക്കല്ല, ഇത്തരം ധനിക ധാരാളിത്തങ്ങള്‍ക്കാണ് അവിടെ പ്രാമുഖ്യം എന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, എല്ലാ കൊല്ലവും കാന്‍ മേളയില്‍ അവാര്‍ഡ് ലഭിച്ചതിന് എന്നല്ല അവിടെ കാണിച്ച സിനിമയ്ക്കായി പോലും ലോകമെങ്ങും സിനിമാപ്രേമികള്‍ കാത്തിരുന്നു.

ഔദ്യോഗിക തെരഞ്ഞെടുപ്പിനു പുറമെ, ഇന്റര്‍ നാഷണല്‍ ക്രിട്ടിക്‌സ് വീക്ക് പോലുള്ള വിഭാഗങ്ങളും കാനിലുണ്ട്. അധികാരികളും ചലച്ചിത്രകാരന്മാരും തമ്മിലുള്ള തര്‍ക്കങ്ങളും പലപ്പോഴും പൊട്ടിപ്പുറപ്പെടും. ഡയറക്ടേഴ്‌സ് ഫോര്‍ട്‌നൈറ്റ് പോലുള്ള വിഭാഗങ്ങളിതിലൂടെ ഉണ്ടായി. സെന്‍സര്‍ഷിപ്പിനും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും ഉപരിയായി ഏതു തരം സിനിമയും ഉള്‍പ്പെടുത്താവുന്ന വിഭാഗമായിട്ടാണ് ഡയറക്ടേഴ്‌സ് ഫോർട്നൈറ്റ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ചലച്ചിത്ര പ്രതിഭകള്‍ക്കും കലാകാരന്മാര്‍ക്കും പുറമെ, ബൂദ്ധിജീവികളും ചിന്തകരും ഒത്തുകൂടുന്ന ഇടമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ആദ്യ വര്‍ഷത്തില്‍ തന്നെ ഴാക് റിവെയുടെ ല റിലിജിയോസും (ദ് നണ്‍) 1960 ല്‍ ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റയും ബുനുവലിന്റെ വിറിദിയാനയും പ്രദര്‍ശിപ്പിച്ചപ്പോള്‍ വിവാദങ്ങളുണ്ടായി.

അറുപതുകളിലെ വിദ്യാര്‍ത്ഥികലാപത്തിന്റെ അനുരണനങ്ങള്‍ മേള സ്ഥലത്തെ പ്രകമ്പനം കൊള്ളിച്ചു. 1968 മെയ് 11 നാരംഭിച്ച മേള, സമരക്കാരുടെ ആവശ്യപ്രകാരം 19 ന് അവസാനിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ മേള ആരംഭിയ്ക്കുന്നതിനു വളരെ മുമ്പു തന്നെ മറ്റൊരു വിവാദം അതിനെ ചൂഴ്ന്നു നിന്നിരുന്നു. സിനിമാതേക്ക ഫ്രാങ്കെയ്‌സില്‍ നിന്ന് ഹെന്റി ലാംഗ്ലോയിസിനെ നീക്കിയ സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനം കലാ സ്‌നേഹികള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തി. ഫെബ്രുവരിയിലായിരുന്നു ആ തീരുമാനം. ലോകത്തെമ്പാടുമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഏപ്രിലില്‍ ലാംഗ്ലോയിസിനെ വീണ്ടും നിയമിച്ചെങ്കിലും പ്രശ്‌നങ്ങളവസാനിച്ചില്ല.

ഹെന്റി ലാംഗ്ലോയിസ് | photo: wiki commons

ത്രൂഫോയും ഗൊദാര്‍ദുമടക്കമുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ഒരു സിനിമയും ഇവിടെയില്ല. നമ്മള്‍ കാലത്തിനൊപ്പം നടക്കുന്നവരല്ല എന്നതാണ് പരിമിതി എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. ലൂയി മാളും മോണിക്ക വിറ്റിയും റൊമാന്‍ പൊളാന്‍സ്‌കിയും ടെറന്‍സ് യങ്ങും ജൂറിയില്‍ നിന്ന് രാജി വെച്ചു. മത്സര വിഭാഗത്തില്‍ നിന്ന് തങ്ങളുടെ സിനിമകള്‍ പിന്‍വലിക്കുന്നതായി കാര്‍ലോസ് സോറയും അലന്‍ റെനെയും ക്ലോദ് ലെലോച്ചും പ്രഖ്യാപിച്ചു. എന്നിട്ടും തന്റെ സിനിമ പെപ്പര്‍മിന്റ് ഫ്രാപ്പെ പ്രദര്‍ശിപ്പിക്കുന്നതറിഞ്ഞ് വേദിയിലെത്തി, കാര്‍ലോസ് സോറ കര്‍ട്ടനുകള്‍ പൊന്തുന്നത് തടഞ്ഞു. ഇതിനെല്ലാം അവസാനം മേള റദ്ദാക്കപ്പെട്ടു. ഇത് ചരിത്രത്തിലാദ്യത്തെയും അവസാനത്തെയും അനുഭവമായിരുന്നു. അവാര്‍ഡുകളും റദ്ദാക്കപ്പെട്ടു.

യില്‍മാസ് ഗുനേയുടെ യോള്‍ (റോഡ്) എന്ന 1982 ലെ സിനിമയ്ക്ക് കാന്‍ മേളയില്‍ പാം ദ ഓര്‍ ലഭിച്ചത് മറ്റൊരു വിസ്മയകരമായ സംഭവമാണ്. കോസ്റ്റ ഗാവ്‌റസിന്റെ മിസ്സിംഗിനൊപ്പം പാം ദ ഓര്‍ പങ്കിടുകയായിരുന്നു യോള്‍. യോള്‍ എന്ന സിനിമയോടെയാണ് കുര്‍ദിഷ് സിനിമ ആരംഭിച്ചതെന്നാണ് ഒരു വ്യാഖ്യാനം. യില്‍മാസ് ഗുനെ കുര്‍ദിഷ് സിനിമയുടെ പിതാവ് എന്നും അറിയപ്പെടുന്നു. ചിത്രത്തിന്റെ തിരക്കഥ യില്‍മാസ് ഗുനെ തന്നെയാണ് തയ്യാറാക്കിയതെങ്കിലും, ചിത്രീകരണസമയത്ത് ജയിലിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സെരീഫ് ഗോരെന്‍ ആണ് ഷൂട്ടിംഗ് സംവിധാനം ചെയ്തത്. പിന്നീട് ഗുനെ ജയില്‍ ചാടുകയും സ്വിറ്റ്‌സര്‍ലൻഡ് വഴി പാരീസിലെത്തി അവിടെ നിന്ന് നെഗറ്റീവ് എഡിറ്റ് ചെയ്ത് സിനിമ പൂര്‍ത്തിയാക്കുകയുമായിരുന്നു. 1980 ലെ പട്ടാള ഭരണ അട്ടിമറിയെത്തുടര്‍ന്നുള്ള തുര്‍ക്കിയിലെ അതിദുരിതമയമായ മനുഷ്യാവസ്ഥയാണ് യോളിലുള്ളത്. ഒരാഴ്ചക്കാലം പരോള്‍(ഫര്‍ലോ) ലഭിച്ച അഞ്ചു തടവുകാരുടെ കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. 1999 വരെയ്ക്കും ഈ സിനിമ തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. തുര്‍ക്കിയ്ക്കകത്തെ തടവറയും തുര്‍ക്കിയെന്ന രാജ്യം തന്നെയും ചാടി ഒളിവിലായിരുന്ന യില്‍മാസ് ഗുനെ, ഭാര്യാസമേതം, പൂര്‍ത്തിയാക്കിയ സിനിമയുമായി കാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് അന്ന് ലോക സ്വാതന്ത്ര്യബോധത്തെ കോരിത്തരിപ്പിച്ചു. കാന്‍ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളമാണെന്ന നിഗമനം വീണ്ടും ഉറപ്പിക്കപ്പെട്ട മുഹൂര്‍ത്തമായിരുന്നു അത്.

കാന്‍ മേളയിലെ സ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധത്തിന്റെയും സ്മരണകള്‍ ഉയര്‍ത്തിയ സംഭവം പക്ഷെ, 2002 ഗോവ മേളയുടെ സമാപനച്ചടങ്ങില്‍ നടന്ന കാര്യമായിരുന്നു. മേളയുടെ പ്രിവ്യൂ കമ്മിറ്റി വ്യക്തമായും തദ്ദേശീയ രാഷ്ട്രീയകാരണങ്ങളാല്‍ ഉള്‍പ്പെടുത്തിയ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ, അപലപനീയമാം വിധം വിലകുറഞ്ഞ പ്രചരണ സിനിമയാണെന്ന് അന്താരാഷ്ട്ര ജൂറി അദ്ധ്യക്ഷന്‍ നദാവ് ലാപിഡ് തുറന്നടിച്ചു.

പ്രതിഷേധിച്ചും കര്‍ട്ടന്‍ പിടിച്ചു വെച്ച് തടസ്സപ്പെടുത്തിയും പ്രതികരിക്കേണ്ടി വന്ന കാര്‍ലോസ് സോറയ്ക്കായിരുന്നു ഗോവയില്‍ (2022) സത്യജിത്‌റായ് ആജീവനാന്ത അംഗീകാരം (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്). പ്രായാധിക്യം കാരണമാണെന്നു തോന്നുന്നു, അദ്ദേഹം നേരിട്ടെത്തിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ പുത്രിയെത്തിയാണ് സത്യജിത്‌റായ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. കാനില്‍ അദ്ദേഹം തന്നെ തടസ്സപ്പെടുത്തിയ സ്വന്തം സിനിമ, പെപ്പര്‍മിന്റ് ഫ്രാപ്പെ ഗോവ ഫെസ്റ്റിവലില്‍ റെട്രോസ്പക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമ ദ് വാള്‍സ് കാന്‍ ടോക്ക് (2022/സ്പാനിഷ്) ആണ് ഞാനവിടെ നിന്ന് കണ്ടത്. അസാധാരണമായ ഒരു സിനിമയായിരുന്നു അത്. ഗുഹാ ചിത്രങ്ങള്‍ മുതല്‍ ഗ്രാഫിറ്റിയും ചുമരെഴുത്തും വരെയുള്ള കലയുടെ ദീര്‍ഘയാത്രയെ കുറഞ്ഞ സമയം കൊണ്ട് ഡോക്യുമെന്ററിയായി അവതരിപ്പിക്കുകയാണ് കാര്‍ലോസ് സോറ. അദ്ദേഹം തന്നെ ഗ്രാഫിറ്റി ആര്‍ടിസ്റ്റുകളുമായി അഭിമുഖം നടത്തിക്കൊണ്ട് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. കലയ്ക്ക് അതിജീവിക്കാനാവുമെന്നും, കല കൊണ്ടാണ് മാനവികത അതിജീവിക്കുകയെന്നുമുള്ള ചരിത്രപരമായ നിരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹം ഈ സിനിമയില്‍ ഊന്നല്‍ കൊടുക്കുന്നത്.

കാന്‍ മേളയിലെ സ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധത്തിന്റെയും സ്മരണകള്‍ ഉയര്‍ത്തിയ സംഭവം പക്ഷെ, 2002 ഗോവ മേളയുടെ സമാപനച്ചടങ്ങില്‍ നടന്ന കാര്യമായിരുന്നു. മേളയുടെ പ്രിവ്യൂ കമ്മിറ്റി വ്യക്തമായും തദ്ദേശീയ രാഷ്ട്രീയകാരണങ്ങളാല്‍ ഉള്‍പ്പെടുത്തിയ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ, അപലപനീയമാം വിധം വിലകുറഞ്ഞ പ്രചരണ സിനിമയാണെന്ന് അന്താരാഷ്ട്ര ജൂറി അദ്ധ്യക്ഷന്‍ നദാവ് ലാപിഡ് തുറന്നടിച്ചു.

കാര്‍ലോസ് സോറ | photo : instagram

ഡോക്യുമെന്ററി സംവിധായകനായ സഞ്ജയ് കാക്ക് അല്‍ ജസീറയിലെഴുതിയ ലേഖനത്തില്‍ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഇപ്രകാരം പറയുന്നു (അദ്ദേഹം കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ടയാളാണ്‌):
മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ അധീന കാശ്മീരിനെ ഇളക്കിമറിക്കുന്ന ഇന്ത്യാ വിരുദ്ധ കലാപങ്ങള്‍ ആരംഭിച്ച 1990 ലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടത്തെ ഹിന്ദു ന്യൂനപക്ഷമായ കാശ്മീരി പണ്ഡിറ്റുകളും പ്രബലരായ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഈ ചിത്രം കടുത്ത ഇസ്ലാം ഭീതിയും അസത്യങ്ങളും പ്രകോപനങ്ങളും നിറഞ്ഞതാണെന്നും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ തീവ്രവികാരമുണര്‍ത്തുന്ന രംഗങ്ങള്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുമെന്നും മാധ്യമങ്ങള്‍ എഴുതിയ പശ്ചാത്തലത്തില്‍ പൊതുജന ശ്രദ്ധ നേടുകയും ചെയ്തു. ദ കാശ്മീര്‍ ഫയല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കൃത്യമല്ലാത്ത വസ്തുതകളും പ്രൊപ്പഗാന്‍ഡയും സ്‌ക്രീനില്‍ എത്തുന്ന ഓരോ മുസ്ലിം കഥാപാത്രത്തെയും ലക്ഷ്യമിട്ട് നിരന്തരം ഭയപ്പെടുത്തുന്നവരായി ചിത്രീകരിക്കുന്നുവെന്നും നിരവധി നിരൂപകര്‍ കണ്ടെത്തിയപ്പോഴും ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചിത്രത്തിന്റെ കുതിപ്പ് തുടര്‍ന്നു. തീവ്രവലതുപക്ഷ സംഘങ്ങളിലെ പുരുഷന്മാര്‍ തിയറ്ററുകളില്‍ ത്രിവര്‍ണ്ണ പതാക വീശി. മുദ്രാവാക്യം വിളികളും പ്രകോപനപരമായ സംഭാഷണങ്ങളും കാശ്മീരി മുസ്ലിംങ്ങള്‍ക്ക് നേരെ മാത്രമല്ല, എല്ലാ മുസ്ലിംങ്ങള്‍ക്കും എതിരായ ആക്രമണങ്ങളും മൂലം പ്രദര്‍ശനം തുടര്‍ച്ചയായി തടസ്സപ്പെട്ടു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയെന്ന് പരിഹസിക്കപ്പെടുന്ന വലതുപക്ഷത്തിന്റെ സോഷ്യല്‍ മീഡിയ സംവിധാനത്തിലൂടെ ഈ പ്രതികരണങ്ങള്‍ ആളിക്കത്തിച്ചു. ഇതിലൂടെയെല്ലാം മുന്‍കാലങ്ങളില്‍ മൂടിവയ്ക്കപ്പെട്ട സത്യങ്ങളാണ് ദ കാശ്മീര്‍ ഫയല്‍സിലൂടെ പുറത്തുവരുന്നതെന്ന് അവര്‍ അടിവരയിട്ടു പറഞ്ഞു. സിനിമയെ വിമര്‍ശിക്കുന്നവര്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നവരാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അടുത്തകാലത്ത് പറയുകയുണ്ടായി. അദ്ദേഹം അവരോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഞാനെന്തിന് തീവ്രവാദികളോട് എന്തെങ്കിലും പറയണമെന്നാണ് വിവേക് അഗ്നിഹോത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്. (പരിഭാഷ: അരുണ്‍ ടി വിജയന്‍/മുഴുവന്‍ ലേഖനം അടുത്തു തന്നെ ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ സിനിമകള്‍, സിനിമയിലെ ഇന്ത്യകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്).

മേളകള്‍ മേളകള്‍ മാത്രമല്ലെന്നും അവ സിനിമകള്‍ക്കായി മാത്രമുള്ളതല്ലെന്നും; ജീവനും ജീവിതവും സ്വാതന്ത്ര്യവും മാനവികതയും ഭാവിയും പ്രകൃതിയും സമാധാനവും സൗന്ദര്യവും എല്ലാം സംരക്ഷിയ്ക്കപ്പെടാനായി വേവലാതിപ്പെടുന്നവര്‍ക്ക് സമ്മേളിക്കാനും പൊരുത്തപ്പെടാനും കലഹിക്കാനും മറ്റുമുള്ള സ്ഥലമായി വികസിക്കുമ്പോഴാണ് പ്രസക്തമാകുന്നതെന്നുമാണ് ഇതിലൂടെ തെളിയുന്നത്.

Leave a comment